നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!
അതെ ഞാന്‍ മാറുകയാണ്…
ഇതുവരെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും, മക്കളേയും ഒക്കെ സ്നേഹിച്ച ശേഷം ഞാന്‍ എന്നെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്.
ഈ ലോകത്തിന്റെ മുഴുവന്‍ ഭാരവും എന്റെ ചുമലിലല്ല എന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
അതെ ഞാന്‍ മാറുകയാണ്…
പച്ചക്കറിക്കാരനോടും പഴക്കടക്കാരനോടും നടത്താറുള്ള വിലപേശല്‍ ഞാന്‍ നിര്‍ത്തി. ഏതാനും രൂപ കൂടുതല്‍ നല്കിയാല് എന്റെ പോക്കറ്റില്‍ ഓട്ട വീഴില്ലെന്നും, അത് ആ പാവം മനുഷ്യന് അയാളുടെ മകളുടെ സ്കൂള്‍ ഫീസ് നല്കാന് സഹായമാകുമെന്നും ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു.
അതെ ഞാന്‍ മാറുകയാണ്…
ഓട്ടോറിക്ഷക്കാരനോട് ചില്ലറക്കുവേണ്ടി ഞാനിപ്പോള്‍ അടികൂടാറില്ല. ആ ചില്ലറകള്‍ ഓട്ടോക്കാരന്റെ മുഖത്ത് പുഞ്ചിരിപടര്ത്തുന്നു. ജീവിക്കാന്‍ എന്നെക്കാള്‍ ഏറെ ബുദ്ധിമുട്ടുന്നത് അയാളാണെന്ന് ഞാനറിയുന്നു.
അതെ ഞാന്‍ മാറുകയാണ്…
പഴയകഥകള്‍ വീണ്ടും ആവര്‍ത്തിക്കുന്ന വയസ്സുള്ളവരെ ഞാന്‍ ഇപ്പോള്‍ നിരുത്സാഹപ്പെടുത്താറില്ല. കാരണം ആ ഓര്‍മ്മകള്‍ അവരെ പഴയ നല്ല കാലത്തിലേക്ക് കൊണ്ടുപോകുമെന്നും പഴമയുടെ ദീപ്തമായ ഓര്‍മ്മകളില്‍ അവര്‍ അഭിരമിക്കുമെന്നും ഞാന്‍ തിരിച്ചറിയുന്നു.
അതെ ഞാന്‍ മാറുകയാണ്…
ആളുകള്‍ക്ക് തെറ്റുപറ്റുന്ന എല്ലാക്കാര്യത്തിലും ഇടപെട്ട് ശരിപഠിപ്പിക്കുന്ന രീതി ഞാന്‍ നിര്‍ത്തി. കാരണം എല്ലാവരെയും ശരിയാക്കാനുള്ള പണി എന്റേതല്ലല്ലോ. സമ്പൂര്ണ്ണതയേക്കാള് വില സമാധാനത്തിനാണെന്ന് ഞാന്‍ മനസ്സിലാക്കി.
അതെ ഞാന്‍ മാറുകയാണ്…
അഭിനന്ദനങ്ങളും അനുമോദനങ്ങളും പിശുക്കുകൂടാതെ നല്കാന് ഞാനിപ്പോള്‍ ശ്രദ്ധിക്കുന്നു. കാരണം അത് ലഭിക്കുന്നവരുടെ ഉത്സാഹം ഏറെ വര്‍ദ്ധിക്കുകയും ഒപ്പം എനിക്കുതന്നെ വളരെ ഊര്ജ്ജവുമേകുകയുംചെയുന്നു.
അതെ ഞാന്‍ മാറുകയാണ്…
ഷര്‍ട്ടിന്റെ ഒരു ചുളിവിനെക്കുറിച്ച് ഞാനിപ്പോള്‍ വേവലാതിപ്പെടുന്നില്ല. എന്തായാലും വ്യക്തിത്വമാണല്ലോ കാഴ്ചയേക്കാള്‍ നന്നായി സംസാരിക്കുന്നത്.
അതെ ഞാന്‍ മാറുകയാണ്…
എന്നെക്കൂട്ടാക്കാത്ത ആളുകളുടെ ഇടയില്‍ നിന്നും മാറിനില്ക്കാന് ഞാന്‍ പഠിച്ചു. എന്തായാലും അവര്‍ക്കെന്റെ വിലയറിയില്ലെങ്കിലും എനിക്കതറിയാമല്ലോ.
അതെ ഞാന്‍ മാറുകയാണ്…
കുതിരക്കച്ചവടത്തില്‍ ഞാന്‍ പിന്നിലായിപ്പോകുമോ എന്ന ഭയം എനിക്കിപ്പോഴില്ല. കാരണം ജീവിതമൊരു കച്ചവടമല്ല; ഞാനൊരു കുതിരയുമല്ല.
അതെ ഞാന്‍ മാറുകയാണ്…
എന്റെ വികാരപ്രകടനങ്ങളെയോര്ത്ത് ഞാനിപ്പോള്‍ ചമ്മാറില്ല. എന്തായാലും വികാരങ്ങളല്ല മനുഷ്യനെ മനുഷ്യനാക്കുന്നത്.
അതെ ഞാന്‍ മാറുകയാണ്…
എന്റെ അഹന്തമാറ്റിവയ്ക്കാനും ബന്ധങ്ങള്‍ തകരാതെ സൂക്ഷിക്കാനും ഞാന്‍ പഠിച്ചു. എന്തായാലും എന്റെ അഹന്ത എന്നെ ഒറ്റപ്പെടുത്തും. എന്നാല്‍ ബന്ധങ്ങള്‍ എനിക്ക് കൂട്ടു തരും.
അതെ ഞാന്‍ മാറുകയാണ്…
അവസാനദിവസമെന്നപോലെ കരുതി ഓരോദിവസവും ജീവിക്കാന്‍ ഞാന്‍ പഠിച്ചു, കാരണം ഇന്നിന്റെ അവസാനദിവസമാകാന് സാദ്ധ്യതയുണ്ട്.