An elephant in a spotlight, a wilting flower in shadow

വിഷപ്പാമ്പും പിന്നെ ഒരു പിടിയാനയും

ഒരു പ്രത്യേക തരം മനുഷ്യരാണ് മലയാളികൾ. ചിലപ്പോൾ വളരെ ബഹുമാനം തോന്നുന്ന രീതിയിൽ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യും. അധികം താമസിയാതെ തന്നെ മലക്കംമറിഞ്ഞ് വെറുപ്പിക്കുവാനും മലയാളിക്ക് ജാള്യതയില്ല. ചിലപ്പോൾ പ്രബുദ്ധതയുടെ കൊടുമുടി കയറും; അതേ വേഗതയിൽ വിവരക്കേടിന്റെ കുണ്ടിലേക്ക് എടുത്തു ചാടുവാനുളള മെയ് വഴക്കവും നമ്മൾ മലയാളികൾക്ക് സ്വന്തം. മലയാളികളിൽ മാത്രം കണ്ടുവരുന്ന മറ്റൊരു പ്രതിഭാസമാണ് ആഘോഷത്വര. മനുഷ്യനെ കഷ്ടത്തിലാക്കുന്ന പ്രളയമോ മഹാമാരിയോ ആയാലും വേണ്ടില്ല, ലജ്ജാകരമായ പീഡന കഥകൾ ആയാലും വേണ്ടില്ല; എന്തിനേറെ പറയുന്നു, മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരമായ കൊലപാതങ്ങൾ ആയാലും പിന്നെ ആഘോഷമാണ്. ട്രോളുകളുടെ പെരുമഴയായി. എവിടെ എത്തി നിൽക്കുന്നു മലയാളിയുടെ സെൻസും സെൻസിറ്റിവിറ്റിയുമെല്ലാം?

ഈയിടെ കേരളത്തിൽ നടന്ന രണ്ട് സംഭവങ്ങളും അവയോട് മലയാളി സമൂഹം പ്രതികരിച്ച രീതിയുമാണ് ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുന്നത്.

ഇതിൽ ആദ്യത്തെ സംഭവം അഞ്ചലിൽ ഉത്ര എന്ന യുവതിയെ സ്വന്തം ഭർത്താവ് വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം. അല്പം എങ്കിലും മനുഷ്യത്വം അകത്തളത്തിൽ അവശേഷിച്ചിട്ടുള്ളവക്ക്, ഒന്നുകിൽ വേദനയോടെയോ അതല്ലെങ്കിൽ ആത്മരോഷത്തോടെയോ മാത്രം പ്രതികരിക്കുവാൻ കഴിയുന്ന പൈശാചിക കൃത്യം. കണ്ണുനീരിലായ കുറെ മനുഷ്യർ ഉറക്കമില്ലാതെ ദിന രാത്രങ്ങൾ തള്ളിനീക്കുകയായിരുന്നു തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ. അതുപോലെ തന്നെ ഈ ക്രൂരകൃത്യത്തിന്റെ പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുവാനും വിയർപ്പൊഴുക്കുന്ന ഒരു പറ്റം ഉദ്യോഗസ്ഥന്മാർ. എന്നാൽ വേറെ ഒരു കൂട്ടരുണ്ട് കേരളത്തിൽ; ഇക്കൂട്ടരുടെ ഇടം ഗ്യാലറിയിലാണ്. അവർക്ക് ഇതൊക്കെ വെറും മാനസീക ഉല്ലാസത്തിനുളള അവസരങ്ങൾ മാത്രം! കൊല്ലപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും കരയുന്നവരും എല്ലാം ട്രോളുകൾ ഉണ്ടാക്കുവാനുള്ള ഇരകൾ മാത്രമാണ് ഇവർക്ക് എന്ന് തോന്നിപ്പോകും. ടോളുകൾ ഉണ്ടാക്കുന്നവരുടെ മാത്രമല്ല, ഇതൊക്കെ ഏറ്റെടുത്തും പൊട്ടിച്ചിരിച്ചും ഷെയർ ചെയ്തും ആഘോഷത്തിൽ പങ്കു ചേരുന്ന പതിനായിരം മല്ലു ജന്മങ്ങൾ വേറെയും. ഇതിനെ മാനസീക രോഗം എന്നു വിളിക്കാമായിരിക്കും. ഒരു തരം സാഡിസം! എന്തൊരു തോൽവിയാണ് നമ്മൾ മലയാളികൾ?

രണ്ടാമത്തേത്, മണ്ണാർക്കാട് പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കടിച്ച് ഗർഭിണിയായിരുന്ന ആനയ്ക്ക് ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. ദിനപത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പടക്കം കടിച്ച “ഗർഭിണിയായ കാട്ടാന അനുഭവിച്ച വേദന” (മനോരമ – 04.06.2020) യെക്കുറിച്ചും ആനയുടെ വയറ്റിൽ വച്ച് മരിക്കേണ്ടി വന്ന കുഞ്ഞിനെക്കുറിച്ചും രോദനങ്ങളും രോഷവും ഉയരുന്നു… രാഷ്ട്രീയ നേതാക്കൾ, ചലചിത്ര താരങ്ങൾ മുതലായവരുടെ നീണ്ട നിര” മുഖം കുനിച്ചു വേദന പങ്കിട്ടു.” കാരണം കൂടുതെ മൃഗങ്ങളെ ഉപദവിക്കുന്നത് തെറ്റു തന്നെയാണ്. അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ വേദന തോന്നുന്നതും നല്ലതു തന്നെ. ടോളുകൾ ഇല്ല… ആഘോഷമില്ല… അതും നല്ലതു തന്നെ. എന്നാൽ മനുഷ്യൻ കൊല്ലപ്പെടുമ്പോൾ ഇല്ലാത്ത പ്രതിഷേധവും രോഷപ്രകടനങ്ങളും കരുതിക്കൂട്ടിയല്ലാത്ത ആനയുടെ മരണത്തിൽ ഉണ്ടാകുന്നതിലെ കപട ധാർമ്മികതയാണ് വിലയിരുത്തപ്പെടേണ്ടത്… ചോദ്യം ചെയ്യപ്പെടേണ്ടത്. ആനയുടെ ഉദരത്തിൽ മരിച്ച കുഞ്ഞിനെ ഓർത്ത് കണ്ണീരൊഴുക്കുന്നവർക്ക്, ഓരോ വർഷവും ഇന്ത്യയിൽ മനപ്പൂർവ്വമായ ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്ന നൂറ്റി അൻപത്താറു ലക്ഷം (ഔദ്യോഗിക കണക്കിൽപ്പെടുനതു മാത്രം) മനുഷ്യ കുഞ്ഞുങ്ങൾക്ക് വേണ്ടി കരയുവാൻ ഒരു തുള്ളി കണ്ണീരില്ല. അണപ്പൊട്ടി ഒഴുകുവാൻ ഒരിറ്റു രോഷവുമില്ല. വിചിത്രം! അല്ല, കുറ്റകരമായ നിശ്ചബ്ദത !

മലയാളി സമൂഹം എവിടെ എത്തി നിൽക്കുന്നു ? നാം വാസ്തവത്തിൽ പുരോഗമിക്കുകയാണോ ജീർണ്ണിക്കുകയാണോ? മനുഷ്യൻ എല്ലാക്കാലവും നിലനിന്നിട്ടുള്ളത് മനുഷ്യസഹജമായ ചില സൽഗുണങ്ങളുടെ പകരലിലൂടെയാണ്. ദയയും കരുണയും സഹാനുഭൂതിയും സ്നേഹവുമെല്ലാം കൈമോശം വന്ന മനുഷ്യക്കോലങ്ങളായി നാം മാറുമ്പോൾ മനുഷ്യന്റെ തനിമ നഷ്ടമായി എന്നു മനസ്സിലാക്കാം. മനുഷ്യൻ കേവലം ഒരു ജൈവ-രാസ പിണ്ഢമല്ല, “There is something soulish about man.” എന്ന നിരീക്ഷണം നടത്തിയത് പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ രവി സക്കറിയാസ് ആണ്. ഇതൊക്കെ കാണുമ്പോൾ തോന്നിപ്പോക്കുന്നു, മലയാളിക്ക്… മനുഷ്യന് അവന്റെ ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു.

മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ. (സങ്കീർത്തനങ്ങൾ 49:20) എന്ന ബൈബിൾ വാക്യം എത്ര അന്വർത്ഥം!

Sunny Varghese

മാധ്യമദ്വാരാ ക്രൈസ്തവ സന്ദേശം അറിയിക്കുന്ന സണ്ണി സമകാലിക സംഭവങ്ങൾ വിശകലനം ചെയ്തു എഴുതുന്നു.

എല്ലാ ലേഖനങ്ങളും

അഭിപ്രായങ്ങൾ (11)

  1. അപ്പുക്കുട്ടൻ · 4 Jun 2020

    ഇപ്പോഴെത്തെ സാഹചര്യത്തിൽ വളരെ ശരിയായ പ്രതികരണം..

  2. ഒരുവൻ · 4 Jun 2020

    ആനയുടെ എന്നല്ല ഏത് ജീവിയുടെ ആയാലും ക്രൂരമായി കൊല്ലുന്നതിനെ എതിർക്കേണ്ടത് നമ്മൾ മനുഷ്യർ തന്നെ അല്ലേ? എന്തിനാണ് നിങ്ങള് അതിൽ മനുഷ്യ കുഞ്ഞുങ്ങളുടെ കണക്ക് പറയുന്നത്?

    വേറൊരു കാര്യത്തിൽ പ്രതികരിക്കാത്തത് പറഞ്ഞിട്ടാണോ ഇതിനെ ന്യായീകരിക്കേണ്ടത്? നമ്മുടെ ചുറ്റും എത്ര മരണങ്ങൾ നടക്കുന്നു. അതിനൊന്നും കൊടുക്കാത്ത പരിഗണന എന്താണ് ചിലപ്പോൾ നമ്മൾ റേപ് ചെയ്ത് കൊന്ന മനുഷ്യരുടെ കാര്യത്തിൽ കാണിക്കുന്നത്? അത് അങ്ങനെ ആണ് സുഹൃത്തേ. ചില കാര്യങ്ങളിൽ മനുഷ്യന്റെ ഹൃദയം കൂടുതൽ വിഷമിക്കും. അതിനർത്ഥം മറ്റൊന്നിന് വിലയില്ല എന്നല്ല.

    1. വിധേയൻ · 4 Jun 2020

      നമ്മൾ ഏത് ലോകത്താണ് ജീവിക്കുന്നത് .സമൂഹത്തിലെ എത്ര ഉന്നതപദവി വഹിക്കുന്നവരാണെലും എത്ര വിദ്യസമ്പന്നരാണേലും തിരിച്ചറിവുകളുടെ ലോകത്തേക്ക് വരണം .

      എത്ര കർഷകർ ആത്മഹൂതി ചെയ്യുന്നു ,അതൊന്നും കാർഷിക രാജ്യമായ ഇന്ത്യയിൽ റേറ്റിങ്ങുള്ള വാർത്തയല്ല അല്ലേ !

      ദിവസം പ്രതി നടക്കുന്ന കാര്യങ്ങൾക്ക് എന്ത് പുതുമ !!

      രാഷ്ടിയ പ്രമുഖരും ,പരിസ്ഥിതി പ്രവർത്തകരും ,സിനിമമേഖലയിലുള്ളവരും വ്യവസായികളും ,കയിക താരങ്ങളും ഒക്കെ ഒരുമിച്ച് കൂടി ദു:ഖം പങ്കുവച്ചത്രേ !

      എത്ര ലജ്ജാവഹം !

      നിങ്ങൾ വരു ഞാൻ കാണിച്ചു തരാം ആയിരങ്ങളെ ,

      കാട്ടുമൃഗങ്ങളുടെ ക്രൂരതയിൽ കൃഷി നശിച്ച്, ജീവിതം നശിച്ച കുറെ മനുഷ്യ പേക്കോലക്കളെ !

      ഈ ദു:ഖാചരണം ഇന്ന് കൊടിയിറക്കുന്നത്

      ഡിന്നറിന്

      ചിക്കൻ ടിക്കയും

      ബിഫ് വിന്താലുവും

      മട്ടൻ ചാപ്സും കഴിച്ചായിരിക്കും

      എന്താ ഈ ആടും കോഴിയും ആനയെപ്പോലെയുള്ള ജീവികളല്ലേ !!

      വലിച്ചെറിയു പൊയ്മുഖങ്ങളെ

      തിരിച്ചറിയു യാഥാർത്യങ്ങളെ

  3. Anonymous · 4 Jun 2020

    വിവേകമുള്ള മനുഷ്യനും സഹജാവബോധം മാത്രമുള്ള മൃഗവും.എന്നിട്ടും ഇന്നലെ കണ്ടത് നേരെ മറിച്ചാണ് കേട്ടോ. മരണവെപ്രാളത്തിലും അസഹ്യമായ വേദനയ്ക്കിടയിലും തന്റെ ജീവന് പകരം മറ്റൊരു ജീവനും കണക്കു ചോദിക്കാതെ മരണം വരിച്ച ആ മിണ്ടാപ്രാണിയുടെ “വിവേകവും ” തങ്ങളുടെ ഉന്നമനത്തിനും ലാഭേച്ഛയ്ക്കും വികസനത്തിനുമായി അനധികൃതമായി വനഭൂമികൾ കയ്യേറുകയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയും ചെയ്തതു കാരണം ഭക്ഷണം തേടി നാട്ടിലോട്ടിറങ്ങുന്ന മൃഗങ്ങളെ തുരത്താൻ അനധികൃത മാർഗങ്ങൾ സ്വീകരിച്ച മനുഷ്യന്റെ “സഹജാവബോധവും “. ഇവിടെ കുറ്റം ആരോപിക്കുന്നത് ഒരു മൃഗത്തിന്റെ മരണത്തിൽ ഉടനടി വ്യാപകമായി പ്രതികരിക്കുകയും സഹതപിക്കുകയും ചെയ്തു എന്നതിന്റെ പേരിലോണോ? എന്നാൽ ഒരു പച്ചയായ മനുഷ്യൻ, മനുഷ്യജീവൻ മാത്രമല്ല എല്ലാ ജീവനെയും ബഹുമാനിക്കുന്നവനായതുകൊണ്ട് ആ കണ്ട ദ്യശ്യങ്ങളുടെ പുറത്ത് സഹതാപം കാണിച്ചു പോകും കേട്ടോ. മനുഷ്യരാശിയുടെ വികസനമോഹത്തിന്റെ പുറത്ത് അബദ്ധവശാൽ ഒരു മിണ്ടാപ്രാണിയുടെ ജീവൻ പോയതിൽ ഉള്ള ദു:ഖം വെറും പ്രകടനമോ കപട ധാർമ്മികതയോ അല്ല. മറിച്ച് നമ്മോടു തന്നെയുള്ള അമർഷവും പുച്ഛവും സ്വയം കുറ്റമേറ്റു കൊണ്ടുമുള്ള ദുഃഖമാണ് . കാരണം രവി സക്കറിയാസ് പറഞ്ഞതുപോലെ ” There is something soulish about man.” അല്ലെങ്കിൽ മനുഷ്യൻ മൃഗത്തേക്കാൾ അധമനാണ് എന്ന് പറയേണ്ടി വരും. മനുഷ്യന്റെ “സഹജാവബോധം ” തന്നെയാണ് സ്വന്തം കാര്യസാധ്യവും അതിനുവേണ്ടി ഏതു മാർഗവും സ്വീകരിക്കുക എന്നതും. അതിനു തടസം നിൽക്കുന്നത് എന്തുമാകട്ടെ, അതിപ്പോൾ ഒരു ജീവൻ തന്നെ ആകട്ടെ, മനുഷ്യൻ വഴി കണ്ടിരിക്കും. ഈ മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങൾക്കും ആധാരം ഇതുതന്നെയാണ്. എന്നാൽ ദൈവീകമായ ഒന്നാണ് സഹജീവികളോടുള്ള കരുണയുo സഹതാപവും ദയയും എന്നുള്ളത്. അതിനെയാണ് മനുഷ്യത്വം എന്ന് പറയുന്നത്. എന്നാൽ ചില ന്യൂനപക്ഷങ്ങൾ, മനുഷ്യരുടെ നേരെ നടക്കുന്ന നീചകൃത്യങ്ങളെ മനുഷ്യത്വരഹിതമായി ആഘോഷമാക്കുന്നു അല്ലെങ്കിൽ പ്രതികരിക്കുന്നില്ല എന്ന സത്യത്തെ ആനയോടു സഹതാപം കാണിച്ചു എന്നതുമായി താരതമ്യപ്പെടുത്തി താങ്കൾ എന്താണ് സ്ഥാപിക്കാൻ ശ്രമിച്ചത്? സുഹൃത്തേ, ഗർഭച്ഛിദ്രം ചെയ്യുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ “cold blooded murderes” എന്ന് തന്നെ വിശേഷിപ്പിച്ചേ മതിയാകൂ. ഗർഭച്ഛിദ്രം മാത്രമല്ല അതിനേക്കാൾ ക്രൂരമായ എന്ത് ചെയ്തി ഉണ്ടായാലും,അത് മനുഷ്യൻ എന്നല്ല ഏതു ജീവനായാലും, മനുഷ്യത്വം മരവിച്ചിട്ടല്ലാത്ത ഏതു മനുഷ്യനും ദു:ഖിക്കും, സഹതപിക്കും, പ്രതികരിക്കും.കാരണം നമ്മൾ ജീവിക്കുന്നത് നാം തന്നെ നശിപ്പിച്ച ഒരു നല്ല ലോകത്തിലാണ്.

    1. നിഷേധി · 9 Jun 2020

      സുഹൃത്തേ, selective reaction or selective response എന്നു പറയുന്നത് ഒരു തെറ്റായ കാര്യമാണ്. ഇന്ന് ഒരു ആന വളരെ ദയനീയമായി കൊല്ലപ്പെട്ടതിനെ കുറിച്ച ഓർത്തു കരയുന്നതും സഹതപിക്കുന്നതും ഒന്നും ഒരു തെറ്റല്ല. മറിച്ച് അത് മനുഷ്യർ എന്ന നിലയിൽ എല്ലാവരും ചെയ്യേണ്ടതായ ഒരു കാര്യമാണ്. എന്നാൽ ഇത് തെറ്റ് ആവുന്ന ഒരു സാഹചര്യം ഉണ്ട്. ഇതിനേക്കാൾ ക്രൂരവും മനുഷ്യത്വ രഹിതവുമായ പലകാര്യങ്ങളും നടക്കുമ്പോൾ അതിനെ കുറിച്ച് സഹതപിക്കുകയോ സങ്കടപെടാതെയോ ഇരിക്കുകയും ഇങ്ങനെ ഒരു ദൗർഭാഗ്യകരമായ സംഭവം നടന്നപ്പോഴേക്കും അതിനെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുമ്പോ അത് തെറ്റാണ്. ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ച ഭൂരിഭാഗം പേരുടെയും അവസ്ഥ അതാണ്. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും sports താരങ്ങളും തുടങ്ങി WhatsApp status ഇടുന്ന സാധാരണക്കാരൻ വരെ ആ കൂട്ടത്തിൽ പെടും.

      ഒരു സമൂഹം മുഴുവൻ ഇങ്ങനെ selective reaction ചെയ്യുമ്പോൾ സംഭവിക്കുന്ന 2 പ്രധാന പ്രശ്നങ്ങൾ ഉണ്ട്.

      ഒന്നാമതായി ഇതിനേക്കാൾ ശ്രദ്ധയും പ്രതികരണവും അർഹിക്കുന്ന മറ്റു പല വിഷയങ്ങൾക്കും ശ്രദ്ധ കിട്ടാതെ പോവും. രണ്ടാമത് ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോവുന്ന കാര്യങ്ങൾ ഒക്കെ ശെരിയാണ് അഥവാ അതിൽ തെറ്റൊന്നും ഇല്ല എന്നൊരു ചിന്ത ജനങ്ങൾക് ലഭിക്കും. ഇത് രണ്ടും വളരെ dangerous ആയ കാര്യങ്ങൾ ആണ്.

      ഇതൊക്കെ ആണ് പെട്ടെന്നുണ്ടായ ഈ ആനപ്രേമത്തിന്റെയും മൃഗസ്നേഹത്തിന്റെയും കർഷകന്റെ നെഞ്ചത്തു കേറലിന്റെയും ഒക്കെ ചില പ്രധാന പ്രശ്നങ്ങൾ. ഇതുകൂടാതെ കർഷകന്റെ കണ്ണീരും വേദനയും പട്ടിണിയും വേറെ.

  4. Caroline · 6 Jun 2020

    🥰👏

ഇതും വായിക്കാം

ചുറ്റുവട്ടം — എല്ലാം