“ഒരു ശാസ്ത്രജ്ഞന് ഇഷ്ടപ്പെട്ട ഒരു സിദ്ധാന്തത്തില്‍ ആകര്‍ഷണീയനാവുകയും അത്ര ഇഷ്ടമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കുമെന്നതിന് ഇതിലും ഭീകരമായ ഒരു മുന്നറിയിപ്പില്ല.”
കാനഡക്കാരനായ റോണ്‍ റെയ്മര്‍-ജാനറ്റ് ദമ്പതികള്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്ന ദിവസമായിരുന്നു 1965 ആഗസ്റ്റ് 22. ഇരട്ട സന്തോഷം പകര്‍ന്നുകൊണ്ട് ഇരട്ടക്കുഞ്ഞുങ്ങള്‍ അവര്‍ക്ക് ജനിച്ചതന്നാണ്. ആരോഗ്യവാന്മാരായ ഇരട്ട ആണ്‍കുട്ടികള്‍- ബ്രൂസും ബ്രിയനും. മാതാപിതാക്കളുടേയും ബന്ധുക്കളുടേയും കണ്ണിലുണ്ണികളായി അവര്‍ വളര്‍ന്നു.
ഏഴ് മാസം പ്രായമുള്ളപ്പോള്‍ ചില ആരോഗ്യപ്രശ്നങ്ങളുണ്ടായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ബ്രൂസിനെയും ബ്രിയനെയും പരിച്ഛേദന ചെയ്യാന്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ കൊണ്ടുപോയി. അതോടെയാണ് ദുരന്തം ആ കുടുംബത്തിലേക്ക് ഇരമ്പിയാര്‍ത്തെത്തിയത്. വൈദ്യുതിസഹായത്താല് പ്രവര്‍ത്തിക്കുന്ന ഉപകരണംകൊണ്ട് പരിച്ഛേദന നടത്താന്‍ ശ്രമിച്ച ഡോക്ടറുടെ പരിചയക്കുറവുകൊണ്ടോ അതോ ഉപകരണത്തിന്റെ തകരാറുകൊണ്ടോ ഒരിക്കലും സംഭവിക്കാത്തത് സംഭവിച്ചു- ബ്രൂസിന്റെ ലിംഗത്തിന്റെ നല്ല പങ്ക് ഓപ്പറേഷനിടയില്‍ മുറിഞ്ഞുപോയി! ബ്രിയനെ ഓപ്പറേഷന് ചെയ്യുന്നതിനുമുമ്പ് ഇത് സംഭവിച്ചതുകൊണ്ട് അവന് രക്ഷപെട്ടു. റെയ്മര്‍ കുടുംബം സങ്കടക്കടലിലേക്ക് വലിച്ചെറിയപ്പെട്ടു. പ്ലാസ്റ്റിക്ക് സര്‍ജറിപോലുള്ള സംവിധാനങ്ങളൊന്നും ഇന്നത്തേതുപോലെ വികസിച്ചിട്ടില്ലാത്ത ആ കാലത്ത് ബ്രൂസിന്റെ അവയവ നഷ്ടം പരിഹരിക്കാന്‍ പോംവഴിയൊന്നും നിര്‍ദ്ദേശിക്കാതെ ആശുപത്രിക്കാര് കയ്യൊഴിഞ്ഞു.
എന്തുചെയ്യണമെന്നറിയാതെ ഉഴറിയകാലത്താണ് ഒരു ടി വി ഷോയില്‍ ഡോ. ജോണ്‍ മണിയെ ജാനറ്റ് ആദ്യമായി കാണുന്നത്. അറിയപ്പെടുന്ന ലൈംഗികശാസ്ത്രവിദഗ്ദ്ധനായ ഡോ. ജോണ്‍ ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് സംസാരിക്കുന്നതാണ് ജാനറ്റ് കേട്ടത്. തന്റെ വാദമുഖങ്ങള്‍ ഉറപ്പിക്കാനായി ആണായി ജനിച്ച എന്നാല്‍ പിന്നീട് സ്ത്രീയെന്ന് തോന്നിക്കുന്ന ഒരു ഭിന്നലിംഗക്കാരനെ ഒപ്പം കൂട്ടുകയും അവന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് ആ അമ്മ കേട്ടു. ഡോക്ടര്‍ക്ക് മകന്റെ ജീവിതത്തിലുണ്ടായ ദുരന്തത്തിന് ഒരു പരിഹാരം നിര്ദ്ദേശിക്കാനാകുമെന്ന് റോണും ജാനറ്റും കരുതി. അവര്‍ ഡോ.ജോണിന് എഴുത്തെഴുതി മകന്റെ സങ്കടവാര്‍ത്ത അറിയിച്ചു. ഡോക്ടര്‍ ആ കുടുംബത്തെ അദ്ദേഹത്തിന്റെ വാസസ്ഥലമായ അമേരിക്കയിലേക്ക് ക്ഷണിച്ചു.
ഡോ. ജോണ്‍ മണി അക്കാലത്ത് പ്രശസ്തിയിലേക്ക് ഉയരുന്ന കാലമാണ്. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിപ്രഭാവവും സ്വന്തം ചിന്തകളും ആശയങ്ങളും മനോഹരമായി അവതരിപ്പിച്ച് മറ്റുള്ളവരെ സ്വാധീനിക്കാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. റെയ്മര്‍ കുടുംബത്തോട് ഡോ. മണി നിര്‍ദ്ദേശിച്ച പോംവഴി ബ്രൂസിനെ ഇനിയൊരു പെണ്‍കുട്ടിയായി വളര്‍ത്താമെന്നതാണ്. അതിനായി മരുന്നും ശസ്ത്രക്രിയയുമെല്ലാം ഉള്‍പ്പെട്ട ഒരു ചികിത്സാവിധിയും തീരുമാനിച്ചു. റെയ്മര്കുടുംബം ചികിത്സക്കായി ബാള്‍ട്ടിമേറില്‍ താമസം ആരംഭിച്ചു.
ചികിത്സയുടെ ആദ്യപടി വൃക്ഷണഛേദം നടത്തി ഷണ്ഡനാക്കുക എന്നതായിരുന്നു. ഡോ. ജോണ്‍ ജോലി ചെയ്തിരുന്ന ജോണ്‍ ഹോപ്ഹിന്സ് ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ആ ജോലി നിര്‍വ്വഹിച്ചു. അതിനുശേഷം പ്രാഥമികരൂപത്തിലുള്ള സ്ത്രീ ലൈംഗികാവയവം ബ്രൂസില്‍ വച്ചുപിടിപ്പിച്ചു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പെണ്ണായി കാണണം എന്ന ഡോ. ജോണിന്റെ നിര്‍ദ്ദേശാനുസരണം റോണും ജാനറ്റും ബ്രൂസിന്റെ പേരുമാറ്റി ‘ബ്രെന്‍ഡ’ എന്ന പുതിയ പേരില്‍ ഒരു പെണ്‍കുട്ടിയുടെ വേഷഭാവാദികളോടെ ആ കുഞ്ഞിനെ വളര്‍ത്താനാരംഭിച്ചു.
“ബ്രെന്‍ഡ”യുടെ മാതാപിതാക്കള്‍ക്ക് മുമ്പില്‍ ഒരു രക്ഷകന്റെ രൂപമായിരുന്നു ഡോ. ജോണ്‍ മണിക്ക്. ഡോക്ടറാകട്ടെ ആ കുടുംബത്തെ പ്രശസ്തിയിലേക്കുള്ള ചവിട്ടു പടിയും സ്വന്തം ആശയങ്ങളുടെയും ഭാവനയുടെയും പരീക്ഷണശാലയുമായി കണ്ടു. ഹെര്മൊഫ്രോഡൈറ്റ് അഥവാ മിശ്രലിംഗക്കാരെക്കുറിച്ച് (ആണ്-പെണ് ലിംഗങ്ങള്‍ ഒരു വ്യക്തിയില്‍ തന്നെ കാണപ്പെടുന്ന അപൂര്‍വ്വ ജനിതകവൈകല്യം) പഠനം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന് നല്ലൊരു ‘രോഗി’ യെയാണ് ഒത്തുവന്നു കിട്ടിയത്. മിശ്രലിംഗത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളെ ശസ്ത്രക്രിയ നടത്തി സ്ത്രീലിംഗമെന്ന നിലയില്‍ പരിഗണിക്കുകയാണ് പതിവ്. പ്രവര്‍ത്തനക്ഷമമായ ഒരു പുരുഷലിംഗം ശസ്ത്രക്രിയയിലൂടെ നിര്‍മ്മിച്ചു നല്‍കുക അസാദ്ധ്യമായതാണ് കാരണം.
മിശ്രലിംഗ കുഞ്ഞുങ്ങളെ ഇഷ്ടമുള്ള ലിംഗത്തില്‍ വളര്‍ത്താന്‍ കഴിയുമെന്ന് ഡോ. മണി അവകാശപ്പെട്ടു. മിശ്രലിംഗ സ്വഭാവമുള്ളവരെ മാത്രമല്ല ഏത് കുഞ്ഞുങ്ങളെയും ഇഷ്ടപ്പെട്ട ലിംഗത്തില്‍ വളര്‍ത്താം. ഇത്തരത്തില്‍ ലിംഗ പരിവര്‍ത്തനത്തിന് ഒരു’ജന്‍ഡര്‍ ഗേറ്റ്’ ഉണ്ട്. രണ്ടു വയസ്സു വരെയുള്ള കാലഘട്ടമാണ് ജെന്‍ഡര്‍ ഗേറ്റ്. പ്രകൃത്യാലുള്ള ലിംഗത്തെ പരിഗണിക്കണ്ടാ. ശ്രദ്ധയോടെയുള്ള പരിപാലനത്തിലൂടെ താല്‍പ്പര്യമുള്ള ലിംഗത്തിലേക്കുള്ള പരിവര്‍ത്തനം സാദ്ധ്യമാണ്. നിര്‍ദ്ദേശാനുസരണം പരിപാലനവും മരുന്നും നല്‍കിയും ശസ്ത്രക്രിയകള്‍ കൃത്യ ഇടവേളകളില്‍ നടത്തിയും പെരുമാറ്റവും ഇടപെടലും ക്രമീകരിച്ചും ലിംഗപരിവര്‍ത്തനം നടത്താം. ഇതാണ് ജോണ്‍ മണിയുടെ നിഗമനങ്ങള്‍. ഈ ആശയങ്ങള്‍ക്ക് തെളിവ് നല്കാന് റെയ്മര്‍ കുടുംബത്തിന്റെ വരവോടെ ഒരു അവസരം തെളിഞ്ഞു വന്നു. ഇതിനുമുമ്പ് ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തിയത് മിശ്രലിംഗക്കാരില് മാത്രമായിരുന്നു. ഇപ്പോള്‍ ജീവശാസ്ത്രപരമായി ആണ്‍കുട്ടികളായ രണ്ട് പേര്, അതും ഒരുപോലെയുള്ള ഇരട്ടകള്‍. അതില്‍ ഒരാളെ ജന്മലിംഗത്തില് നിന്നും പരിവര്‍ത്തനം ചെയ്ത് പെണ്കുട്ടിയാക്കാനുള്ള അവസരം ഡോക്ടര്‍ മണിക്ക് വീണുകിട്ടി.
ഡോ. ജോണിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള ചികിത്സ റെയ്മര്കുടുംബം തുടര്‍ന്നു. ഇടക്കിടെ അതിനായി ബാള്‍ട്ടിമോറിലേക്ക് അവര്‍ യാത്രചെയ്തു.’ബ്രെന്‍ഡ’ക്ക് അഞ്ചുവയസ്സായതോടെ’അവളു’ടെ കഥ ഡോ. ജോണ്‍ പ്രസിദ്ധീകരിക്കാനാരംഭിച്ചു. കുടുംബത്തിന്റെ സ്വകാര്യത നഷ്ടമാകാതിരിക്കാന്‍ പേര് മാറ്റി ‘ജോണ്‍-ജോവാന് കഥ’ എന്ന പേരിലാണ് അദ്ദേഹം ശാസ്ത്രലേഖനങ്ങള്‍ എഴുതിയത്. ആ പഠനവും ലേഖനങ്ങളും ലോകത്താകമാനം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ഇത്തരമൊരു വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്ന സ്ത്രീവിമോചനപ്രസ്ഥാനക്കാര്‍ ആവേശത്തോടെ അക്കാര്യം ഏറ്റെടുത്തു. സ്ത്രീയും പുരുഷനും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസമില്ലെന്നും രണ്ടുലിംഗവും തുല്യമാണെന്നും വളര്‍ത്തുന്നതിലെ വ്യത്യാസമൊഴികെ മറ്റൊരു വ്യത്യാസവുമില്ലെന്നും ഉള്ള വാദങ്ങള്‍ക്ക് ശക്തിപകരാനും സ്ത്രീയേക്കാള്‍ പുരുഷന് കേമനാണെന്നവകാശപ്പെടുന്നതിന് തടയിടാനും ഈ പഠനങ്ങള്‍ ഉപകരിക്കുമെന്ന് അവര്‍ കരുതി.
പ്രകൃതമല്ല പരിപാലനമാണ് (Nurture; not Nature) ലിംഗമേതെന്ന് സ്ഥിരീകരിക്കുന്നത് എന്ന നിലപാട് സാധൂകരിക്കാന്‍ പലരും ശ്രമിച്ചു. ഒരു ശിശുവിന്റെ വളര്‍ച്ചയിലും ലൈംഗികതയുടെ രൂപീകരണത്തിലും അവന്റെ/അവളുടെ ജന്മലിംഗത്തിനോ, അവന്റെ/അവളുടെ ശരീരത്തിലും അവയവങ്ങളിലും അതിശക്തമായി അമ്മയുടെ ഗര്‍ഭപാത്രം മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന ലൈംഗികഹോര്‍മോണുകളുടെ പ്രഭാവത്തിനോ ഉള്ള പങ്കിനെ തീര്‍ത്തും അവഗണിച്ചുകൊണ്ടാണ് ഈ നിലപാട് അവര്‍ കൈക്കൊണ്ടത്.
ബൗദ്ധിക വ്യായാമങ്ങളും സംവാദങ്ങളും പഠനങ്ങളുമെല്ലാം ഒരു വശത്ത് മുറപോലെ നടന്നുകൊണ്ടിരിക്കെ മറുവശത്ത് ബ്രെന്‍ഡയും കുടുംബവും ഈ പരീക്ഷണങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷികളായി മാറുകയായിരുന്നു. ബഹുമുഖ ചികിത്സകളിലൂടെയും മാതാപിതാക്കളുടെ ആസൂത്രിതമായ പെരുമാറ്റത്തിലൂടെയും ബ്രെന്‍ഡയെ പെണ്‍കുട്ടിയാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ അത് തരിമ്പും അംഗീകരിക്കാതെ ഒരാണ്കുട്ടിയുടെ സ്വഭാവവിശേഷങ്ങളോടെ അവള് വളര്‍ന്നു. ബാല്യത്തില്‍ ഒരാണ്‍കുട്ടി ഏതെല്ലാം നിലയില്‍ വ്യത്യസ്തനാണോ അങ്ങനെയെല്ലാനിലയിലും താനൊരു ആണ്‍കുട്ടിയാണെന്ന് അവള് തെളിയിച്ചുകൊണ്ടിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വേഷം പെണ്‍കുട്ടിയുടേത്; ഹോര്‍മോണ്‍ ചികിത്സയുടെ ഫലമായി മുടി നീണ്ടുതുടങ്ങി എന്നതൊഴിച്ചുനിര്‍ത്തിയാല്‍ ശരിക്കുമൊരു മുട്ടാളന്‍ ചെറുക്കന് തന്നെ. വീട്ടിലെ ആണ്‍കുട്ടി താനാണെന്നും ഇരട്ടയായ കൂടെപ്പിറപ്പ് ഒരു പെണ്‍കുട്ടിയാണെന്നും മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ച ബ്രിയന്‍ ബ്രെന്‍ഡയുമായി നിരന്തരം വഴക്കടിച്ചു.
ബ്രെന്‍ഡയെ ചികിത്സിച്ചും ബോധവത്കരിച്ചും മാതാപിതാക്കളെയും ആങ്ങളയെയും പരിശീലിപ്പിച്ചും പ്രകൃതത്തിനപ്പുറത്തുള്ള പരിപാലനത്തിന്റെ ആശയം ഉറപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി ഡോക്ടര്‍ മണി. ബ്രിയക്കും ബ്രെന്ഡക്കും ആണ്-പെണ് വ്യത്യാസങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ഡോക്ടര്‍ സ്വീകരിച്ച വഴികള്‍ കുറേക്കാലം കഴിഞ്ഞാണ് ലോകമറിഞ്ഞത്. ലൈംഗിക അവയവങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചും അശ്ലീല വീഡിയോകള്‍ കാണിച്ചും പ്രസവചിത്രങ്ങള് കാണിച്ചും ആ കുഞ്ഞുങ്ങളെ അദ്ദേഹം മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയമാക്കി. അനിഷ്ടം പ്രകടമാക്കിയപ്പോള്‍ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും വശപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചു. മാതാപിതാക്കളുടേയും സഹപ്രവര്‍ത്തകരുടേയും ഒക്കെ മുമ്പില്‍ തികഞ്ഞ മാന്യനും പണ്ഡിതനുമായി കാണപ്പെട്ട അയാളുടെ സ്വഭാവത്തിന്റെ ഇരുണ്ടവശം വര്‍ഷങ്ങള്‍ക്കുശേഷം ഇരകള്‍തന്നെ വെളിപ്പെടുത്തിയപ്പോഴാണ് ലോകമറിഞ്ഞത്.
എത്രയും വേഗം വീണ്ടുമൊരു ഓപ്പറേഷന് തയ്യാറാകാന്‍ ഡോക്ടര്‍ ആ കുടുംബത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒപ്പം ഹോര്‍മോണ്‍ ചികിത്സ തുടര്‍ന്ന് സ്ത്രൈണസ്വഭാവം വര്‍ദ്ധിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ഇതിനെയെല്ലാം ബ്രെന്‍ഡ ശക്തിയുക്തം എതിര്‍ത്തു. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ബ്രെന്‍ഡയെ ‘ശരിപ്പെടുത്താന്‍’ ശ്രമിച്ച മാതാപിതാക്കളുടെ മുമ്പില്‍ അവന് പൊട്ടിത്തെറിച്ചു; ചിലപ്പോഴൊക്കെ ഭ്രാന്തനെപ്പോലെ അലറി. ഇനിയൊരിക്കലും ചികിത്സക്കായി ഡോ. ജോണിന്റെ അടുത്തേക്ക് പോകില്ലായെന്ന് ബ്രെന്‍ഡ തീര്‍ത്തു പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ വല്ലാത്ത ധര്‍മ്മ സങ്കടത്തിലായി.
കൗമാരത്തിലെത്തിയതോടെ ബ്രെന്‍ഡയും ബ്രിയനും മാതാപിതാക്കളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ദ്ധന്യത്തിലെത്തി. പെണ്ണായി വളര്‍ത്താന്‍ നിര്‍ബന്ധിക്കുകയും ഡോ. മണിയുടെ ചികിത്സ തുടരുകയും ചെയ്താല്‍ ആത്മഹത്യചെയ്യുമെന്ന് ബ്രെന്‍ഡ ഭീഷണി മുഴക്കിയതോടെ ഗത്യന്തരമില്ലാതെ മാതാപിതാക്കള്‍ സത്യം അവളോട് തുറന്നു പറഞ്ഞു. മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ നടന്ന പരിച്ഛേദന ഓപ്പറേഷനും അതിനുശേഷം നടന്ന സംഭവങ്ങളും അറിഞ്ഞതോടെ ബ്രെന്‍ഡക്ക് വലിയ ആശ്വാസമാണുണ്ടായത്. താന്‍ ജനിച്ചത് ഒരു ആണ്‍കുട്ടിയായിത്തന്നെയാണ് എന്നത് അറിഞ്ഞതോടെ ഇത്രയും കാലം പറയാന്‍ ശ്രമിച്ചത് സത്യമായിരുന്നു എന്ന് അവന് ഉറപ്പിച്ചു. ‘അവള’ല്ല ‘അവനാ’ണ് എന്ന് വിളിച്ചു പറഞ്ഞ ബ്രെന്‍ഡ പെണ്പേര് വലിച്ചെറിഞ്ഞ് ഡേവിഡ് എന്ന പേര് സ്വയം സ്വീകരിച്ചു.
അതുവരെ സംഭവിച്ച പിഴവുകള്‍ തിരുത്തുവാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. പരിച്ഛേദന നടത്തിയതില്‍ സംഭവിച്ച പിഴവിന് നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ട് ഡേവിഡ് തിരിച്ചുള്ള ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. അതായത് പണ്ട് ഡോ. മണിയുടെ നേതൃത്വത്തില്‍ സ്ത്രൈണലിംഗം വച്ചുപിടിപ്പിച്ചത് മാറ്റി പുരുഷലിംഗം വച്ചുപിടിപ്പിക്കുന്ന ഓപ്പറേഷന് നടത്തി. ഇരുപതാം വയസ്സില്‍ വിവാഹിതനായി. മൂന്നുമക്കളുടെ അമ്മയും വിവാഹമോചിതയുമായ ജെയ്ന്‍ ഫൊന്റേണ് ഡേവിഡിന്റെ ജീവിത പങ്കാളിയായി.
ഇതിനിടയില്‍ ഡേവിഡും സഹോദരനും തമ്മിലുള്ള ബന്ധം വല്ലാതെ വഷളായിരുന്നു. ആണായും പെണ്ണായും വീണ്ടും ആണായും മാറിയ കൂടെപ്പിറപ്പിനെ അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ ബ്രിയനായില്ല. അവന് മാനസിക അസ്വാസ്ഥങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ചുരുങ്ങിയ കാലയളവിനുള്ളില്‍ രണ്ടു വിവാഹബന്ധങ്ങള്‍ തകരുകകൂടി ചെയ്തതോടെ ബ്രിയന്‍ മയക്കുമരുന്നില്‍ ആശ്രയം തേടി. സഹോദരനൊപ്പം ഡോ. മണിയുടെ ലൈംഗിക വൈകൃത പരീക്ഷണങ്ങള്‍ക്ക് ശൈശവത്തിലേ വിധേയനായ ബ്രിയന്‍ ആരോഗ്യകരമായ ഒരു മാനസികനില ഒരുകാലത്തും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവസാനം മയക്കുമരുന്ന് അമിത അളവില്‍ കഴിച്ച് അയാള്‍ മരിച്ചു. അത് ഒരു ആത്മഹത്യതന്നെയായിരിക്കുമെന്നാണ് കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
സത്യം തിരിച്ചറിഞ്ഞതും പുതിയ ബന്ധങ്ങള്‍ ഉണ്ടായതും ഡേവിഡിന് ഏറെ ആശ്വാസം പകര്‍ന്നുവെങ്കിലും മനസ്സിലെ ആഘാതം പരിഹരിക്കാന്‍ അത് മാത്രം പോരായിരുന്നു. വിദ്യാഭ്യാസകാലത്ത് ഡോ. മണിയുടെ പരീക്ഷണങ്ങള്‍ക്ക് വേണ്ടി നിന്നു കൊടുക്കേണ്ടി വന്നതുകൊണ്ട് പഠനത്തില്‍ മോശമായതിനാല്‍ നല്ല ജോലികളൊന്നും അയാള്‍ക്ക് തരമായില്ല. ചെറിയ ജോലികള്‍ മാറിമാറി ചെയ്ത് ജീവിതം പച്ചപിടിപ്പിക്കാന്‍ ഡേവിഡ് ശ്രമിച്ചുവെങ്കിലും പരാജയങ്ങള്‍ അവിടെയും വേട്ടയാടി. ഇതോടെ ഡോ. ജോണ്‍ മണിയുടെ അധാര്‍മ്മിക പരീക്ഷണങ്ങളേയും അനുഭവിച്ച പീഢനങ്ങളെക്കുറിച്ചും ചില വേദികളില്‍ തുറന്നു പറയാന്‍ ഡേവിഡ് ധൈര്യം കണ്ടെത്തി. അവന്റെ ജീവിതകഥ സിനിമയാക്കാന്‍ തയ്യാറായി ഒരു നിര്‍മ്മാതാവ് വന്നു. ഒരു വരുമാനം ലഭിക്കുമെന്നു കരുതി ഡേവിഡ് സമ്മതം മൂളിയെങ്കിലും നിര്‍മ്മാതാവിന്റെ വഞ്ചനയുടെ ഇരയായി ഉള്ള പണം കൂടെ നഷ്ടമായി. ഇരട്ട സഹോദരന് ബ്രിയന്റെ മരണവും അയാള്‍ക്ക് താങ്ങാനാവാത്ത ആഘാതമായി. ജീവിതത്തില്‍ ഏക ആശ്വാസമായി കണ്ടിരുന്ന ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതോടെ ഡേവിഡിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. സമ്മര്‍ദ്ദം സഹിക്കവയ്യാതെ 38-ാം വയസ്സില്‍ തലക്ക് വെടിവച്ച് ഡേവിഡ് ആത്മഹത്യചെയ്തു.
ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോള്‍ ബ്രൂസ്-ബ്രിയന്‍ ഇരട്ടകളുടെ ജീവിതത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ വന്‍ വിജയമായി പ്രചരിപ്പിക്കുന്ന തന്ത്രം ഡോ. മണി തുടര്‍ന്നുകൊണ്ടിരുന്നു. ഡേവിഡിന്റെ മരണവാര്‍ത്ത ഇതിനകം പുറത്തു വന്നെങ്കിലും അതില്‍ തനിക്ക് പങ്കൊന്നുമില്ല എന്ന നിലപാട് എടുത്ത് അയാള്‍ കൈകഴുകി.
ഒരു കുടുംബത്തിലെ മുഴുവന്‍പേരെയും കശക്കി തകര്‍ത്തെറിഞ്ഞിട്ടും അവരോടൊപ്പം നിന്നവരെയെല്ലാം വന്‍ വേദനയിലേക്ക് തള്ളിവിട്ടിട്ടും സ്വന്തം പരീക്ഷണങ്ങളുടെ പരാജയം അംഗീകരിക്കാനുള്ള സത്യസന്ധത ആ ഡോക്ടര്‍ കാണിച്ചില്ല. ഈ വാര്‍ത്തകള്‍ അറിഞ്ഞിട്ടും ഡോക്ടര്‍ മണിയുടെ അബദ്ധോപദേശങ്ങള്‍ തള്ളിക്കളയാന്‍ ലോകവും തയ്യാറായില്ല.
ലിംഗാസ്തിത്വം ദ്രാവകംപോലെ രൂപമാറ്റം വരുത്താവുന്നതാണെന്നും ലിംഗവ്യതിയാനങ്ങള് സമൂഹസൃഷ്ടിയാണെന്നും ഇന്നത്തെ സാമൂഹ്യശാസ്ത്രജ്ഞന്മാര് പുതുതലമുറയെ പഠിപ്പിക്കുമ്പോള്‍ ആ വികല സിദ്ധാന്തങ്ങള്‍ കെട്ടിപ്പൊക്കിയത് ജോണ്‍ മണിയുടെ അബദ്ധങ്ങളുടെ അടിത്തറയിലും ബ്രൂസിന്റെയും ബ്രിയന്റെയും ശവകുടീരങ്ങളുടെ മുകളിലുമാണെന്ന് ഇനിയെങ്കിലും ലോകം തിരിച്ചറിഞ്ഞെങ്കില്‍. ഡോ. ജോണ്‍ മണിയെ ആധുനിക ലിംഗവിപ്ലവചിന്തകളുടെ ഉപജ്ഞാതാവും ദീപശിഖാവാഹകനുമായി അവതരിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ അസത്യ പരീക്ഷണങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് മനപ്പൂര്‍വ്വം തന്നെയാണ്.
ഈ സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ ഉപസംഹാരത്തില്‍ ബിബിസി ഇപ്രകാരം പറഞ്ഞു: “ഒരു ശാസ്ത്രജ്ഞന് ഇഷ്ടപ്പെട്ട ഒരുസിദ്ധാന്തത്തില് ആകര്‍ഷണീയനാവുകയും അത്ര ഇഷ്ടമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കുമെന്നതിന് ഇതിലും ഭീകരമായ ഒരു മുന്നറിയിപ്പില്ല.”