ലോകം എന്ത് വിലകൊടുത്തും അതിജീവിക്കാന്‍ ശ്രമിക്കുന്ന മഹാമാരിയെ അയോഗ്യരെ തഴഞ്ഞ് ശ്രേഷ്ഠരെ നിലനിര്‍ത്തുന്ന പ്രകൃതിയുടെ പുരോഗമന മന്ത്രമായി കണക്കാക്കുന്ന പരിണാമവാദി മനുഷ്യത്വത്തിന്റെ തനിമകളായ കരുണയും കരുതലുകളുമെല്ലാം എങ്ങനെ വിശദീകരിക്കും?
കൊറൊണക്കാലത്തെ കൂട്ടമരണങ്ങള്‍ ഞെട്ടലും ഭീതിയും ആശങ്കയും ഉളവാക്കിക്കൊണ്ട് ലോകമെങ്ങും വര്‍ധിക്കുമ്പോള്‍ പലനിലകളിലുള്ള പ്രതികരണങ്ങളും ഉയരുന്നു. ആരാധനാലയങ്ങള്‍ താഴിട്ടുപൂട്ടി. ദൈവങ്ങള്‍ പോലും സംസര്ഗ്ഗവിലക്കില് പ്രവേശിച്ചു. ഒരിക്കലും മുടങ്ങാന്‍ പാടില്ലെന്നു ശഠിച്ച പല ആചാരങ്ങളും നിര്‍ത്തിവെച്ചിട്ട് ആഴ്ചകളായി. ജനത്തിരക്ക് കൊണ്ട് വീര്‍പ്പുമുട്ടിയ വ്യാപാരകേന്ദ്രങ്ങള്‍ മൂകമായി. വാഹനത്തിരക്കില്‍ നിശ്ചലമാകുന്ന നഗരവീഥികള്‍ ശൂന്യമായി. വീട്ടിലിരിക്കാന്‍ നേരം കിട്ടാത്ത ആധുനിക മനുഷ്യന് പുറത്തിറങ്ങാനാകാതെ വീടിന്റെ മതില്‍ക്കെട്ടിനകത്തേക്ക് ഒതുങ്ങി.
ആരാധനസ്ഥലങ്ങളുടെ അവസ്ഥയും ആള്‍ദൈവങ്ങളുടെ ഗതികേടും ആത്മീക ആചാര്യന്മാരുടെ ഗീര്‍വാണവും കണ്ടും കേട്ടും മടുത്തിരിക്കുമ്പോഴാണ് അല്പം ചിന്തിക്കാനും ആലോചിക്കാനും വകതരുന്ന പ്രതികരണങ്ങളുമായി ചിലര്‍ മുന്നോട്ട് വരുന്നത്. അക്കൂട്ടത്തില്‍പെട്ട ഒന്നാണ് ശ്രീ. സുഭാഷ് ചന്ദ്രന്റെ പേരില്‍ വന്ന പോസ്റ്റ്. കോവിഡ് കാല മരണങ്ങളെ ഏതാണ്ടൊരു നിസ്സംഗതയോടെ സമീപിക്കുന്ന അദ്ദേഹത്തിന്റെ വാദഗതി കേട്ടാല്‍ പുതുമതോന്നുമെങ്കിലും ആശയത്തിന് ഒന്നര നൂറ്റാണ്ടോളം പഴക്കമുണ്ട് എന്നതാണ് വാസ്തവം.
കൊറോണ മരണങ്ങളെക്കുറിച്ചുള്ള പ്രതികരണം ഒരു വിശാലമായ ഫ്രെയിമിലേക്ക് കൊണ്ടുവന്ന് പ്രകൃതിയുടെ നിയന്ത്രണ പ്രക്രിയയുടെ ഭാഗമാക്കി ചിത്രീകരിക്കുകയാണ് ആ പോസ്റ്റില്‍ അദ്ദേഹം ചെയ്തിരിക്കുന്നത്. ഭൂമിയിലെ ജീവിവര്‍ഗ്ഗങ്ങളുടെ എണ്ണവും ഗുണവും ക്രമീകരിക്കാന്‍ പ്രകൃതി തന്നെ ചെയ്യുന്ന സ്വയനിയന്ത്രണപ്രക്രിയ അത്ഭുതാവഹമാണെന്നും അതിന് തുരങ്കം വെക്കുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥ ഇടപെടല്‍ മാത്രമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഒരു പ്രത്യേക വ്യക്തിയുടെ നിലനില്പ് പ്രസക്തമല്ല: ഒരു ജീവിവര്‍ഗ്ഗത്തിന്റെ (സ്പീഷിസ്) അതിജീവനമാണ് പ്രധാനം. ഉദാഹരണമായി മാനുകളുടെ എണ്ണം ക്രമീകരിക്കുന്ന കാര്യം അദ്ദേഹം എടുത്തുകാണിക്കുന്നു. ഞാന്‍ എന്ന വ്യക്തി ജീവിച്ചിരിക്കണമെന്നത് എന്റെ മാത്രം അല്ലെങ്കില്‍ എന്നോട് അടുപ്പമുള്ളവരുടെ ആഗ്രഹമാണ്. പ്രകൃതിയുടെ വിശാല പദ്ധതിയുടെ മുമ്പില്‍ ആ ആഗ്രഹം അപ്രസക്തമാണ്. കാരണം പ്രകൃതി വ്യക്തികളെയല്ല വര്‍ഗ്ഗത്തെയാണ് സംരക്ഷിക്കുന്നത്. അങ്ങനെ പ്രകൃതി ചിലരെ സംരക്ഷിക്കുകയും ചിലരെ നിരാകരിക്കുകയും ചെയ്യുന്ന വന്‍ പദ്ധതിയുടെ പേരാണ് പ്രകൃതി നിര്‍ധാരണം (natural selection)) പ്രകൃതിയുടെ നിര്‍ധാരണ (തെരഞ്ഞെടുപ്പ്) ത്തില്‍ ജയിക്കാനുള്ള യോഗ്യത ‘ഫിറ്റ്’ (അര്‍ഹത) ആകുക എന്നതാണ്.
Survival of the fittest (യോഗ്യരായവരുടെ അതിജീവനം) എന്ന പ്രയോഗം ആദ്യം ഉപയോഗിച്ചത് ഹെര്‍ബര്‍ട് സ്പെന്‍സര്‍ എന്ന തത്വശാസ്ത്രിയായ ജീവശാസ്ത്രജ്ഞനാണ്. ചാള്‍സ് ഡാര്‍വിന്റെ ജീവി വര്‍ഗ്ഗങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള പുസ്തകം വായിച്ചിട്ടാണ് ഈ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചത്. പരിണാമ വാദത്തെ ജീവശാസ്ത്രത്തില്‍നിന്നും തത്വശാസ്ത്രത്തിന്റെ വിവിധ മേഖലകളിലേക്ക് പടര്‍ത്താന്‍ ശ്രമിച്ച ആദ്യവ്യക്തികളിലൊന്ന് സ്പെന്‍സര്‍ ആയിരുന്നു.
“പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവിവര്‍ഗ്ഗങ്ങളുടെ ആവിര്‍ഭാവം അഥവാ ജീവനപോരാട്ടത്തില് ശ്രേഷ്ഠവര്ഗ്ഗങ്ങളുടെ തെരഞ്ഞെടുപ്പ് ” (on the origin of species by means of natural selection or the preservation of favoured races in the struggle of life) ഇതാണ് ഡാര്‍വിന്റെ ചരിത്രം കുറിച്ച പുസ്തകത്തിന്റെ പേര്. അതില്‍തന്നെയുണ്ട് പ്രകൃതിനിര്‍ധാരണം എന്ന ആശയത്തിന്റെ വിശദീകരണം. സങ്കീര്‍ണ്ണവും വ്യതിയാനപ്പെടുന്നതുമായ ജീവിത സാഹചര്യങ്ങളില്‍ ചെറുതെങ്കിലും ഗുണകരമാകുന്ന നിലയില്‍ മാറാന്‍ ഒരു ജീവിക്ക് സാധിക്കുമെങ്കില്‍ ആ ജീവിക്ക് അതിജീവന സാധ്യതയുണ്ടെന്നും, അത് സ്വാഭാവികമായും തെരഞ്ഞെടുക്കപ്പെടുമെന്നും പറയുന്നതാണ് ആ ആശയം.
സസ്യലോകത്തുംജന്തുലോകത്തും പലപരീക്ഷണനിരീക്ഷണങ്ങളിലൂടെ ഈ കാര്യം കുറെയൊക്കെ ശരിയെന്ന് കണ്ടെത്തിയിട്ടുള്ളതുമാണ്.
എന്നാല്‍ ദൈവനിരാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രപഞ്ചോല്പത്തിയേക്കുറിച്ച് പറഞ്ഞുകൊണ്ട് അതിലേക്ക് പ്രകൃതി നിര്ധാരണസങ്കല്പ്പം സന്നിവേശിപ്പിക്കുകയും അറിവും ഇച്ഛയും ധാര്‍മ്മികതയുമുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ ജീവിതായോധനത്തിന്റെ ആധാരമായി അതിനെ അവതരിപ്പിക്കാനും ശ്രമിക്കുമ്പോള്‍ നിഷ്ഠൂരമായൊരു വരട്ടുതത്വവാദമായി അത് മാറുന്നു. ഒന്നുകൂടി വിശദമാക്കിയാല്‍ ലളിതമായ ഏകകോശജീവികളില്നിന്നും കോടാനുകോടി വര്‍ഷങ്ങള്‍ നീണ്ട പരിണാമപ്രക്രിയയിലൂടെ മനുഷ്യര്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണഘടനയുള്ള ജീവിവര്‍ഗ്ഗങ്ങള്‍ ഉല്ഭവിച്ചുവെന്നും ആ ജീവിവര്‍ഗ്ഗങ്ങളുടെ നിലനില്‍പ്പിനാധാരം അവയുടെ അര്‍ഹതയാണെന്നും പറയുന്ന ഈ ചിന്ത കരുണയില്ലാത്ത ഒന്നാണ്. നിലനില്‍പ്പ് ഉറപ്പാക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ട് കാര്യങ്ങളെങ്കിലും നടക്കണം. ഒന്ന്, കാലത്തിനനുസരിച്ച് അനുകൂലമായ ജനിതകവ്യതിയാനങ്ങള്‍ (mutations) നടക്കണം. ആ വ്യതിയാനങ്ങള്‍ സംരക്ഷിക്കപ്പെടണം. രണ്ട്, മാറുന്ന പരിസ്ഥിതിക്കനുസരിച്ച് അനുരൂപപ്പെടാന്‍ (adaptation) ജീവിക്ക് ആവണം. ഇങ്ങനെ മാറാന്‍ കഴിയാത്ത വര്‍ഗ്ഗങ്ങള്‍ ( യോഗ്യതയില്ലാത്തവര്‍) നശിച്ചുപോകണം. (ഇത്തരം മാറ്റങ്ങള്‍ ഒരുവര്ഗ്ഗത്തില് (species) പ്പെട്ട ജീവികൾക്ക് പരിസ്ഥിതിക്കനുരൂപമാകാന് ശേഷി നല്‍കുന്നുണ്ടെന്ന് നിരീക്ഷണങ്ങള്‍ വഴി കണ്ടെത്തിയണ്ടെങ്കിലും ഒരു സ്പീഷിസിനെ മറ്റൊരു സ്പീഷിസിലേക്ക് പരിണമിപ്പിക്കാന്‍ പര്യാപ്തമല്ലെന്നത് വേറെ കാര്യം) .
ശാസ്ത്രീയമെന്ന പരിവേഷം ഉണ്ടെങ്കിലും ഈ ചിന്തയുടെ യുക്തി എത്ര ഭീകരമെന്ന് ആലോചിക്കാതെയാണ് പലരും ഇതിന്റെ പ്രണേതാക്കളാകുന്നത്. ഇനി ഇതിന്റെ ഭീകരത അറിഞ്ഞവരാകട്ടെ തങ്ങള്‍ അര്‍ഹരാണ് എന്ന് വ്യഥാഭിമാനത്തിന്റെ ആധാരത്തിലാകണം പറയുന്നത്. അല്ലാതെ സ്വയം തോല്‍പ്പിക്കുന്ന ഒരു നിലപാട് എങ്ങനെയാണ് കൈക്കൊള്ളുക.
പരിണാമവാദത്തിന്റെ ആധുനികവക്താവും വാനശാസത്രജ്ഞനും എഴുത്തുക്കാരനും ഒക്കെ ആയിരുന്ന കാല് സാഗന്റെ വാക്കുകള്‍ ഒന്നു ശ്രദ്ധിക്കാം. “പരിണാമത്തിന്റെ രഹസ്യങ്ങള്‍ സമയവും മരണവുമാണ്. അനുകൂലമായി ജനിതകവ്യതിയാനങ്ങള്‍ വന്നുചേരാന്‍ ധാരാളം സമയം, പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ധാരാളം മരണവും ” . സാഗന്റെ വാക്കുകളില്‍ തെളിയുന്നുത് പരിണാമസംഹിതയുടെ വരികള്ക്കിടയില്നിന്നുയരുന്ന മരണത്തിന്റെ മനംപുരട്ടുന്ന മണമാണ്. ജീവിവര്‍ഗ്ഗത്തിന്റെ പരിണാമവും അതിന്റെ ആധാരമായ പ്രകൃതിനിര്‍ധാരണവും ദൈവത്തെ ഒഴിവാക്കി പ്രപഞ്ചത്തെ വിശദീകരിക്കാന്‍ പറ്റിയ ആശയഗതികളാണെന്ന് കണ്ട് പിന്തുണയ്ക്കുന്നവര്‍ അതില്‍ നിറയുന്ന മരണഗന്ധവും അനിവാര്യമായ ശുദ്ധീകരണവും എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ടെന്ന് അറിയില്ല. സ്വയം നശിപ്പിക്കുന്ന, സ്വന്തം വായടപ്പിക്കുന്ന ഒരു സിദ്ധാന്തമാണിതെന്ന് അറിയാതെയാണ് പലരും അത് ഉയര്‍ത്തിപ്പിടിച്ച് ചിന്തകരും ബുദ്ധിജീവികളും ചമയുന്നത്.
ആ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ പരിണാമവാദപ്രകാരം അച്ചട്ടും ശരിയാണ്. ജീവിവര്‍ഗ്ഗങ്ങളുടെ പുരോഗതിക്ക് മരണം അനിവാര്യമാണ്. ഒന്നും രണ്ടും മൂന്നുമല്ല ലക്ഷകണക്കിന് മരണങ്ങള്. ചിലപ്പോള്‍ ഒരു സ്പീഷിസിന്റെ ഉന്മൂലനാശം തന്നെ വേണ്ടിവരും പുരോഗതിക്ക്. ആര്‍ക്കാണ് അര്‍ഹത? കൊറോണയുടെ കാര്യമെടുത്താല്‍ പ്രതിരോധശേഷി കുറഞ്ഞവരും, ബലഹീനരും, ജീവിതശൈലിരോഗമുള്ളവരും വൃദ്ധരും ഒക്കെയാണ് ഇരകള്‍. അവരൊക്കെ മരിക്കേണ്ടവരാണ്. അതുകൊണ്ടാണ് കൊറോണയുടെ രൂപത്തില്‍ പ്രകൃതി അവരെ തഴഞ്ഞ് ‘ശക്തരെ’ നിര്‍ധാരണം ചെയ്യുന്നത്. എന്റെ നിലനില്‍പ്പ് അനിവാര്യമാക്കി തീര്‍ക്കുന്ന മറ്റെന്തെങ്കിലും കാരണങ്ങള്‍ തെരഞ്ഞാല്‍ അത് വ്വക്തിപരമായ ഒന്നാകും. അണ്ഡകടാഹത്തിന്റെ അഭിവൃദ്ധിക്ക് അഖണ്ഡയജ്ഞം നടക്കുമ്പോള്‍ വ്യക്തിതാത്പര്യങ്ങള്‍ക്ക് എന്ത് പ്രസക്തി!
അനര്‍ഹരെ തുടച്ചുനീക്കി ജനസംഖ്യ നിയന്ത്രിച്ച് തേര്‍വാഴ്ച നടത്തുകയാണ് പ്രകൃതിനിര്‍ധാരണമെന്ന യജമാനന്. ജീവിക്കുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും പരിണാമസിദ്ധാന്തത്തിന് നല്‍കാനുള്ള മന്ത്രം ഇതുമാത്രമാണ്. സമയവും മരണവും! ശരിയായ ദിശയിലേക്കുള്ള യാത്രക്കുള്ള തടസ്സങ്ങള്‍ നീക്കുന്ന മരണം പരിണാമസിദ്ധാന്തപ്രകാരം ഒരു ഉത്തരമാണ്, ഒരു നന്മയുമാണ്. പരിണാമസിദ്ധാന്തത്തെ ജീവിത തത്വമായി അംഗീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് ശരിതെറ്റുകളില്ലാത്ത (amoral) ധര്മ്മാധര്മ്മങ്ങളില്ലാത്ത (Neutral) ഒരു ലോകവീക്ഷണമാണ്. അതിന്‍പ്രകാരം ദുരന്തങ്ങളെ തിന്മയുടെ കൂട്ടത്തില്പെടുത്താനാകില്ല. മറിച്ച് പുരോഗതിയുടെ നാഴികകല്ലുകളായി കണ്ട് സന്തോഷിക്കുകയാണ് വേണ്ടത്. പ്രകൃതി അനര്‍ഹരെ ഉന്മൂലനംചെയ്ത് യോഗ്യരെ തെരഞ്ഞെടുക്കുമ്പോള്‍ അതിനെതിരായി നിലകൊള്ളുന്നത് മനുഷ്യപുരോഗിതിക്ക് തടസ്സം നില്‍ക്കലാണ്! ആൽബർ കമ്യുവിന്റെ ‘പ്ലേഗി’ൽ ദൈവവിശ്വാസത്തിനെതിരെ ഉയർത്തുന്ന അതേ പ്രതിവാദം പരിണാമവാദിക്കെതിരെയും തിരിയുന്നതു നാമിവിടെ കാണുന്നു. കോവിഡ് 19 നെ നമ്മുടെ `ജനലക്ഷങ്ങളെ കൊന്നുമുടിക്കുന്ന, ലോകസാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുന്ന മാരക ശത്രുവായി കണ്ടു ഏതുവിധേനയും പ്രതിരോധിക്കുകയല്ല പിന്നെയോ പരിണാമപ്രക്രിയയുടെ അഭൂതപൂർവ്വകമായ കുതിച്ചുചാട്ടമായിക്കണ്ട് കഴിവുപോലെ പ്രോത്സാഹിക്കുകയല്ലേ വേണ്ടത്?
എന്നാല്‍ ഇത്തരം സാമൂഹ്യവിരുദ്ധവും ദയാരഹിതവുമായ നിലപാട് മേല്‍പ്പറഞ്ഞ പോസ്റ്റ് ഇട്ട ആളോ പരിണാമവാദത്തിന്റെ വ്യക്താക്കളോ കൈക്കൊള്ളും എന്ന് കരുതുന്നില്ല. മറിച്ച് ഈ മഹാമാരിയെ തുടച്ചുനീക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് അവര്‍ ശക്തി പകരും എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ യുക്തിപരമായി ചിന്തിക്കുന്നവര്‍ എന്ന് അഭിമാനിക്കുകയും കാര്യകാരണരീതിയില് അപഗ്രഥിക്കുന്നവരെന്ന് അവകാശപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവരുടെ യുക്തിയിലെ അപകടം ബോധ്യമാക്കികൊടുക്കാനാണ് ഇത്രയും പറഞ്ഞത്.
മറ്റുള്ളവരുടെ പ്രശ്നങ്ങളൈക്കുറിച്ച് പ്രതികരിക്കുമ്പോള്‍ താത്വികമായും സൈദ്ധാന്തികമായും സംസാരിക്കാന്‍ എളുപ്പമാണെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ അത് അനുഭവം മാത്രവും അസ്ഥിത്വപരവുമായി മാറും. ആരുടെയും മരണത്തിന് പ്രസക്തിയില്ലെന്ന് പറയുമ്പോഴും ചിലരുടെ മരണം അവരെ വേദനിപ്പിക്കുന്നു. ചിലരോട് അവര്‍ അനുകമ്പയും ദയയും പ്രകടിപ്പിക്കുന്നു. അതിന് കാരണമായി പറയുന്നത് ദയയും കരുണയും എല്ലാം സമൂഹധാര്മ്മികതയുടെ ഭാഗമാണ് എന്നതാണ്. അതായതു മനുഷ്യന് സമൂഹജീവി ആയതിനാല്‍ സമൂഹത്തിന്റെ പൊതുനയങ്ങളും ചിന്തകളും അവരും സ്വീകരിക്കുന്നു എന്നുമാത്രം . പക്ഷേ ആത്യന്തികമായി അര്‍ത്ഥമോ ലക്ഷ്യമോ ഇല്ലാത്ത ഒരു ജീവിതത്തില്‍ ഇടയ്ക്ക് കുറച്ചുനേരം തോന്നുന്ന സല്ഗുണങ്ങള്ക്ക് എന്താണ് പ്രസക്തി എന്ന ചോദ്യം അവശേഷിക്കുന്നു.
ഡാര്‍വിന്റെ പരിണാമം
ദൈവനിരാസചിന്തയുടെ ശക്തനായ വക്താവായ റിച്ചാര്‍ഡ് ഡോക്കിന്‍സ് ഡാര്‍വിനെ പുകഴ്ത്തുന്നത് ഇങ്ങനെയാണ്; ബൗദ്ധിക സാഫല്യമുള്ള ഒരു നിരീശ്വരനായി ജീവിക്കാന്‍ ഡാര്വിന് മാര്‍ഗം തുറന്നു”. ഒരു നൂറു ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ വട്ടം കറങ്ങിയിരുന്ന നിരീശ്വരന് നിന്നുപിടിക്കാൻ ഒരു കച്ചിത്തുരുമ്പാണ് ഡാർവിൻ ഇട്ടുകൊടുത്തത്. എന്നാൽ മനുഷ്യനെ മനുഷ്യനാക്കുന്ന മാനവമൂല്യങ്ങൾക്കു മതിയായ വിശദീകരണം നല്കാൻ ഡോക്കിൻസടക്കമുള്ളവർ പെടുന്ന പെടാപാട് ചില്ലറയല്ല. ദുരന്തങ്ങള്‍ വരുമ്പോള്‍ ദൈവം എവിടെയെന്ന് ചോദിക്കുന്നവരോട് ദുരന്തങ്ങള്‍ വരുമ്പോള്‍ നിരീശ്വരമതം എവിടെയെന്ന് തിരിച്ചുചോദിക്കേണ്ടിവരുന്നു. ദൈവത്തെ നിരസിച്ച തത്വശാസ്ത്രത്തില്‍ സത്യം ,സ്നേഹം , നീതി, വിശ്വസ്തത മുതലായ സല്ഗുണങ്ങള്ക്ക് അർഥപൂർണമായ ഒരടിസ്ഥാനവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഡാര്‍വിന്റെ സിദ്ധാന്തത്തെ പുല്കുന്നവര് അധികപങ്കും അതിന്റെ അനുരണനങ്ങളെക്കുറിച്ച് മാത്രമല്ല ഡാര്വിന് എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും അജ്ഞരാണ്; അല്ലെങ്കിൽ അജ്ഞത നടിക്കുകയാണ് . ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ നിരന്തരയാത്രകള്‍ നടത്തിയ അദ്ദേഹം വിവിധ ഗോത്രവര്‍ഗ്ഗക്കാരെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ‘ HMS ബീഗിള്‍’ കപ്പലില്‍ തെക്കെഅമേരിക്കയില്‍ എത്തിയ അദ്ദേഹം അവിടെയുണ്ടായിരുന്ന ഫെയ്ജാന് (fuegians) വംശജരെക്കുറിച്ച് ഗവേഷണ ജേര്‍ണലില്‍ ഇങ്ങനെ രേഖപ്പെടുത്തി : “അരിഷ്ടരായ ഒരു കൂട്ടം പ്രാകൃതര്‍, വളര്‍ച്ച മുരടിച്ച, മുടി ജടപിടിച്ച, അസ്പഷ്ടമായ ശബ്ദംകേള്പ്പിക്കുന്ന ഒരു കൂട്ടം.ഞാന്‍ കണ്ടതില്‍വെച്ചേറ്റവും നികൃഷ്ടരായ ജീവികള്‍. അവര്‍ ഈ ഭൂമിയിലെ ജീവികള്‍ തന്നെയാണോ എന്നു ഞാന്‍ സംശയിച്ചുപോയി”. അത്തരം ‘ജീവി’ കളെ പരിണാമ പരമ്പരയുടെ ‘ജീവവൃക്ഷ ‘ ത്തില്‍ കുരങ്ങിനും ആധുനിക മനുഷ്യനും (വെള്ളക്കാരന്) ഇടയില്‍ അദ്ദേഹം പ്രതിഷ്ഠിച്ചു. അനതിവിദൂരഭാവിയില്‍ പരിഷ്കൃത മനുഷ്യര്‍ ഈ കിരാതന്മാരെ നശിപ്പിക്കുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു.
എന്നാല്‍ ചില നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ ‘കിരാതജീവി’കളോടുള്ള സമീപനം അദ്ദേഹം മൃദുപ്പെടുത്തി. ഫെയ്ജാന് വംശജരുടെ ഇടയില്‍ പ്രവര്‍ത്തിച്ച ക്രൈസ്തവമിഷണറിമാര്‍ കൊണ്ടുവന്ന അഭൂതപൂര്‍വ്വമായ പരിവര്‍ത്തനം നേരില്കണ്ടതുകൊണ്ടാണ് അദ്ദേഹം നിലപാട് മയപ്പെടുത്തിയത്. അലന് ഗാര്‍ഡിനര്‍, തോമസ് ബ്രിഡ്ജസ് തുടങ്ങിയ മിഷണറിമാര്‍ തെക്കനമേരിക്കയിലെ പ്രാകൃതരെ സംസ്കാരസമ്പന്നരാക്കി – മനുഷ്യരാക്കി – മാറ്റുന്ന കാഴ്ച നേരില്‍കണ്ട ഡാര്വിന് വാസ്തവത്തില്‍ അമ്പരന്നുപോയി. ആദ്യമാദ്യം മിഷണറിമാരുടെ ത്യാഗം പാഴ്വേലയാണെന്ന് പറഞ്ഞ് അദ്ദേഹം കളിയാക്കിയിരുന്നു. സൗത്ത് അമേരിക്കന്‍ മിഷന് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് സര് ജെയിംസ് സള്ളിവന് ഡാര്‍വിന്റെ സുഹൃത്തായിരുന്നു, വര്‍ഷങ്ങളോളം. അവരൊന്നിച്ച് ധാരാളം യാത്രചെയ്തിരുന്നു. ആ പ്രാകൃത’ ജീവി’ കളെ സഹായിക്കാന്‍ മിഷണറിമാരെ നിയോഗിക്കുന്നത് ശുദ്ധവിവരക്കേടാണെന്ന് ഡാര്വിന് പറഞ്ഞപ്പോള്‍ സള്ളിവന് പറഞ്ഞ മറുപടി ഇതായിരുന്നു: “ഭൂമിയിലെ ഒരു മനുഷ്യനും യേശുക്രിസ്തുവിന്റെ സുവിശേഷമെന്ന ലളിതസന്ദേശം ഗ്രഹിക്കാനാകാത്തതിലും അധമനല്ല” . പിന്നീട് 1870ല്‍ ഡാര്വിന് സര് ജെയിംസ് സള്ളിവനെഴുതി: “ഫെയ്ജാന് മിഷന്റെ വിജയം എന്നെ അത്ഭുതപ്പെടുത്തുകയും ഒപ്പം ലജ്ജിപ്പിക്കുകയും ചെയ്യുന്നു. കാരണം അത് പരാജയപ്പെടുമെന്നല്ലേ ഞാന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്”.
തെക്കനമേരിക്കയില്‍ മാത്രമല്ല സൗത്ത് പസഫിക് ദ്വീപുകളിലും ആഫ്രിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ പരിവര്‍ത്തനങ്ങള്‍ നടന്നതിനെക്കുറിച്ച് ഡാര്വിന് അഭിനന്ദനസ്വരത്തില് പ്രതികരിച്ചു. താഹിതി ദ്വീപസമൂഹത്തിലെ ക്രൂരന്മാരായ തദ്ദേശിയരെ രൂപാന്തരപ്പെടുത്തിയ ക്രൈസ്തവ മിഷന് സ്വാധീനത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുകയും ഈ പുരോഗതിയെ അവഗണിക്കുന്നത് നന്ദികേടാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
ഒരു പുതിയ പരിപ്രേക്ഷ്യം
കൊറോണ മരണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ലോകത്തെ വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിച്ചുനോക്കൂ; അത് സമഗ്രവും സത്യസന്ധവും അതേസമയം സന്ദര്‍ഭോചിതവുമായ പ്രതികരണത്തിന് സജ്ജമാക്കുന്ന വീക്ഷണമാണ്.
ഈ പ്രപഞ്ചം ആകസ്മികമായുണ്ടായ ഒരു ഇടമല്ല. ഇത് സനാഥമാണ്. സമയവും വസ്തുവും സാധ്യതയും തമ്മിലുള്ള പാരസ്പര്യവ്യവഹാരഫലമായ യാദൃഛികതയല്ല ബുദ്ധിയും വ്യക്തിത്വവുമുള്ളൊരു നിയന്താവാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇവിടെ അരങ്ങേറുന്ന ദുരന്തങ്ങള്‍ ഈ പ്രപഞ്ചത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നവയല്ല. മരണവും വേദനയും ഇവിടുത്തെ അവകാശികളല്ല; നുഴഞ്ഞുകയറ്റക്കാരാണ് അതു കൊണ്ട്തന്നെ ശത്രുക്കളുമാണ്. പ്രപഞ്ച നാഥന് മനുഷ്യനെ കാര്യസ്ഥനായി നിയമിച്ചു. വ്യക്തിത്വത്തിന്റെ അവിഭാജ്യഘടകമായ സ്വതന്ത്ര്യ ഇച്ഛയുപയോഗിച്ച് അവന് ദൈവപദ്ധതിയെ അപനിര്‍മിച്ചു. അതിന്റെ പരിണതിയായി മരണവും വേദനയും മനുഷ്യജീവിതത്തിന്റെ ഭാഗമായിമാറി. പക്ഷേ ഈ നില നിത്യമല്ല. യേശുക്രിസ്തുവിന്റെ സുവിശേഷം മോചനത്തിന്റെ ശംഖനാദമാണ്. മനുഷ്യ ലംഘനം നിമിത്തം അതിക്രമിച്ചെത്തിയ പാപത്തെയും മരണത്തെയും വേദനയേയും എന്നേക്കുമായി ഇല്ലാതാക്കുന്ന പദ്ധതിവരുന്നു.
അതുകൊണ്ട്തന്നെ ഇവിടെയുള്ള ദുരന്തങ്ങളെ വേദനയോടെ സമീപിക്കാനും ഉചിതമായി പ്രതികരിക്കാനും സാധിക്കുന്നു. സ്നേഹിതന്റെ മരണത്തില്‍ മനംനൊന്തുകരഞ്ഞ ഒരു രക്ഷകനുള്ളതുകൊണ്ട് നമുക്കും കരയാം. ഇവിടെ വീഴുന്ന കണ്ണുനീര് തുള്ളികള്‍ ഗ്രന്ഥികള്‍ ഉദ്പാദിപ്പിക്കുന്ന ഉപ്പു കലര്‍ന്ന സ്രവങ്ങളല്ല, നോവുമാത്മാവിന്‍ ജലധികളില്‍ ഘനീഭവിച്ച ദു:ഖത്തിന്റെ ബഹിര്‍സ്പുരണമായ അശ്രുബിന്ദുക്കളാണ് – അതിന് കണക്കുണ്ട്, വിലയുമുണ്ട്. സ്നേഹിതനുവേണ്ടി ജീവത്യാഗം ചെയ്യുന്നത് ഒരു പാഴ്വേലയല്ല; കാരണം ഇവിടെ പരമോന്നതധര്മ്മം സ്നേഹമാണ്. ചെറു കുരുവി ചിറകൊടിഞ്ഞ് വീഴുന്നതുപോലും ശ്രദ്ധിക്കുന്ന ഒരു പിതാവുള്ളതുകൊണ്ട് ഇവിടെ ഒരു മനുഷ്യജീവിതവും പാഴ്ജന്മമല്ല. തലയിലെ മുടികള്ക്കുപോലും കണക്കുള്ള നാഥനുള്ളപ്പോള്‍ ഇവിടെ അനര്‍ഹരായ മനുഷ്യരില്ല. താഴ്വരയിലെ പുഷ്പങ്ങളെ സപ്തവര്‍ണ്ണം ചാലിച്ച് ചമയിക്കുന്നവനുള്ളപ്പോള് ഇവിടെ ഓരോ ജീവിതവും അമൂല്യമാണ്. കരയുന്ന കാക്കക്കുഞ്ഞിന്റെ വിശപ്പറിഞ്ഞ് ഭക്ഷണം നല്കുന്ന ഒരു ദൈവമുള്ളപ്പോള് ഇവിടെ പട്ടിണിമാറ്റുന്ന പാഥേയം പുണ്യമാണ്. ശ്രേഷ്ഠാധികാരിയായ ദൈവമുള്ളതിനാല്‍ ഇവിടെ നിയമവിധേയത ഉത്തമമാണ്. സഹജീവിസ്നേഹം ഉദാത്തമാണ്. സമര്‍പ്പണം ശ്ലാഘനീയമാണ്. ത്യാഗം മാതൃകാപരമാണ്.
ഇവിടെ ഏത് ദുരന്തമുഖത്തും സങ്കടപ്പെടാം – ആത്മാര്‍ത്ഥമായിതന്നെ, സത്യസന്ധമായിത്തന്നെ. കാരണം നശ്വരതയുടെ അടിമത്തത്തില്‍നിന്നുള്ള മോചനം കൊതിച്ച് ഈറ്റുനോവുകൊണ്ടെന്നപോലെ ഞരങ്ങുന്ന പ്രപഞ്ചവും തേങ്ങുന്ന ഹൃദയവും പാപത്തിന്റെ അധിനിവേശം ഉയര്‍ത്തിവിട്ട വ്യഥകളാണ്. നശ്വരതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും മോചനം തേടി സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായസിലേക്ക് പറന്നുയരാന്‍ നമുക്ക് ചിറകുകള് കിട്ടുന്ന ദിനം അധികം വിദൂരമല്ല.
പ്രിയ ദൈവനിരാസകരേ, നശ്വരതയുടെ ഉപാസകരായിരുന്നത് മതി. വരിക, ‘ഹാ, വിജിഗീഷൂ, മൃത്യുവിന്നാമോ ജീവിതത്തില്‍ കൊടിപ്പടം താഴ്ത്താന്‍’!
Ref:
- Carl Sagan, Cosmos
- Charles Darwin, A naturalist’s voyage round the world ( Voyage of HMS Beagle – 1845)
- Descent of Man 1887
- Correspondence with Sir James Sullivan