എക്സ്പ്രെസ്സ് വേയിൽ കുഴഞ്ഞു വീണ ‘അഗതി’ തൊഴിലാളികൾ

സന്തോഷ് എച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കൊച്ചു കഥയുണ്ട്. മലബാറിൽ തൊഴിലിനെത്തിയ  വടക്കേയിന്ത്യക്കാരനായ ഗോപാൽ യാദവ് എന്ന തൊഴിലാളിയുടെ ഉള്ള് പൊള്ളിക്കുന്ന ജീവിതാനുഭവമാണത്. സ്വന്തം ഗ്രാമത്തിൻറെ ദുരിതം വിവരിച്ച് 100 രൂപ കൂലി അധികം ചോദിക്കുന്ന അയാളെ വഴക്കു പറയുന്ന മലയാളി മുതലാളിയെക്കുറിച്ച് ഗോപാൽ യാദവിൻറെ  ആത്മഗതം ഇങ്ങനെയാണ്: ‘’നമ്മൾ ഒരാളോട് നമ്മുടെ വേവലാതികൾ പറയുമ്പോൾ കേൾക്കുന്ന ആൾ അതേ തോതിലല്ലെങ്കിലും  അങ്ങനെ ചില വേദനകളിലൂടെ ചെറുതായിട്ടൊന്ന് കടന്നുപോയിരിക്കുകയെങ്കിലും വേണം; അല്ലാത്തവരോട് പറയരുത്, പറഞ്ഞാൽ നമ്മൾ സ്വയം ഒരു കുറ്റവാളിയോ  കോമാളിയോ ആയിത്തീരും.’’

ലോക്ഡൗണിനുശേഷം ഭാരതം കണ്ട സങ്കട പൂർണമായ കൂട്ട പലായനത്തിൻറെ കഥകൾ പറയുമ്പോൾ ഗോപാൽ യാദവിന്റെ  വാക്കുകൾ മനസ്സിലേക്ക് തികട്ടി വരുന്നു. യമുനാ എക്സ്പ്രസ്സ് വേയിലും നോയിഡ എക്സ്പ്രസ്സ് വേയിലും കണ്ടു മുട്ടുന്ന ഗോപാൽ യാദവുമാരുടെ ആത്മഗതവും മറ്റൊന്നാവില്ല. പരമ ദരിദ്രരും അരക്ഷിതരും ആലംബഹീനരുമായ ഒരു കൂട്ടം മനുഷ്യർക്ക് നേരെ രാജ്യം പുലർത്തിയ നിസ്സംഗത കുറ്റകരം അല്ലെങ്കിൽ പിന്നെ എന്താണ്?  

2020 മാർച്ച് 23ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നു. ‘’നിങ്ങൾ എവിടെയാണോ അവിടെ തുടരുക.’’. അദ്ദേഹം പ്രഖ്യാപിച്ചു. ഏതാനും മണിക്കൂറിനുള്ളിൽ പൊതുഗതാഗത സംവിധാനം രാജ്യമൊട്ടാകെ നിശ്ചലമായി. ആയിരിക്കുന്ന സ്ഥലത്ത് തന്നെ തുടരാൻ എല്ലാവർക്കും കഴിയും എന്ന് ഉറപ്പു വരുത്താതെ അല്ലെങ്കിൽ അങ്ങനെ തുടരാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാതെ നടത്തിയ പ്രഖ്യാപനത്തിന്റെ അലയൊലികൾ ഇന്നും തുടരുകയാണ്. പ്രഖ്യാപനത്തിന്റെ 24 മണിക്കൂർ തികയുന്നതിനു മുമ്പ് തന്നെ കൂട്ട പലായനത്തിന്റെ കരളലിയിക്കുന്ന വാർത്തകൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് വരാൻ തുടങ്ങി.  ആദ്യ ദിവസം തന്നെ അറുപതിനായിരത്തിൽ പരം ആളുകൾ വടക്കേ ഇന്ത്യയിലെ വൻ  നഗരങ്ങൾ വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാൻ ശ്രമമാരംഭിച്ചു.തലസ്ഥാന നഗരിയിലെ ഹൈവേയിലൂടെ തലയിൽ ചാക്ക് കെട്ടുമായി നടന്നു നീങ്ങുന്ന ഒരു വയോധികനെ  സമീപിച്ച പത്രലേഖകൻ വിവരം തിരക്കുന്നു . വേച്ചു വേച്ചു നീങ്ങുന്ന അയാളുടെ ലക്ഷ്യം 1200 കിലോമീറ്റർ അകലെയുള്ള ബീഹാറിലെ സ്വന്തം ഗ്രാമം!  ‘’ഇത്രയും ദൂരം നടക്കാൻ ആകുമോ’’ ഞെട്ടലോടെ പത്രലേഖകൻ മൈക്രോഫോൺ താഴ്ത്തി ചോദിക്കുന്നു. “ ഇപ്പോൾ നടന്നില്ലെങ്കിൽ താമസിയാതെ പട്ടിണികൊണ്ട് മരിച്ചു വീഴും.  വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ് നടക്കുന്നത്.’’ ദൈന്യതയാർന്ന  ആ മുഖത്തുനിന്ന് വിറയാർന്ന ഉത്തരം പുറത്തുവന്നു. 

നവ പലായനം 

1947 ലെ  ഇന്ത്യ പാക്ക് വിഭജനകാലം  ലോകചരിത്രത്തിൽ ഏറ്റവും ദുരിത പൂർണമായ പലായനം ആയി വിശേഷിപ്പിക്കപ്പെടുന്നു. ഇരു രാജ്യങ്ങൾക്കിടയിൽ അന്ന് സഞ്ചരിച്ചത് ഒന്നര കോടി ജനങ്ങൾ. കാളവണ്ടികളിലും  സൈക്കിൾ റിക്ഷകളിലും  അതിർത്തി കടന്നത്  ലക്ഷങ്ങൾ . ഇത്തരം വാഹനങ്ങളുടെ ആഡംബരം താങ്ങാനാകാത്തവർ  ഇരുരാജ്യങ്ങൾക്കുമിടയിലെ നീണ്ട ദൂരം സ്വന്തം കാലുകൾ കൊണ്ട് നടന്നു തീർത്തു. നിരവധി ജീവനുകൾ ആ പലായനത്തിൽ കൊഴിഞ്ഞുവീണു . 

എന്നാൽ 70 വർഷത്തിനിപ്പുറം ‘അച്ഛാദിൻ’ സ്വപ്നം കാണുന്ന നവഭാരത പൗരൻ അതിനേക്കാൾ വലിയ വലിയ ഒരു പലായനത്തിന് നടുവിലാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ദുരിത യാത്ര നടത്തുന്നത് നാലു കോടിയിലേറെ ജനങ്ങൾ.

മലയാള മാധ്യമങ്ങൾ അവരെ ‘അതിഥി തൊഴിലാളികൾ’ എന്ന്  പേരിലെങ്കിലും മധുരം പുരട്ടി വിളിച്ചു. ‘അതിഥികളെ കൊണ്ട് ആരെങ്കിലും പണിയെടുപ്പിക്കുമോ , അതിഥി ദേവോ ഭവ: എന്നല്ലേ ഉപനിഷത്ത് സങ്കല്പം’ എന്ന് ചില ദോഷൈകദൃക്കുകൾ സംശയമുന്നയിച്ചുവെങ്കിലും നാമത് കേട്ടില്ലെന്ന് നടിച്ചു. അവർ അതിഥികൾ അല്ല ,തൊഴിലാളികളും അല്ല,  വെറും അഗതികൾ ആണെന്ന് നാം പിന്നീട് തെളിയിച്ചു. കാൽക്കാശിനു വിലയില്ലാത്ത  മനുഷ്യനെന്ന എന്ന പരിഗണന പോലും അർഹിക്കാത്ത പാഴ്ജന്മങ്ങൾ.

ഒട്ടിയ വയറും പൊട്ടിപ്പൊളിഞ്ഞ ചെരുപ്പുകളും നടന്നു വ്രണമായി ചോരയൊലിക്കുന്ന പാദങ്ങളുമായി കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരും ചെറുപ്പക്കാരും ഒക്കെ ദൂരെ ദൂരെ നടന്നു പോയി. പലർക്കും താണ്ടാൻ ഉണ്ടായിരുന്നത് നൂറുകണക്കിന് കിലോമീറ്ററുകൾ.എന്ന്  എത്തുമെന്നോ, എങ്ങനെ എത്തുമെന്നോ  എത്തും പിടിയും ഇല്ലാത്ത നടത്തം. എവിടെയെങ്കിലും തങ്ങളെ കാത്തു ഒരു വാഹനം ഒരുക്കി ഭരണകർത്താക്കൾ കാത്തിരിക്കുമെന്ന്  അവർ വെറുതെ മോഹിച്ചിട്ടുണ്ടാകും . വാഹനം ഇല്ലെങ്കിൽ നടപ്പിന്  ത്രാണി നൽകാൻ എന്തെങ്കിലും ഒരു ഭക്ഷണവും അവർ കൊതിച്ചിട്ടുണ്ടാകും.  അതുമല്ലെങ്കിൽ കുടിക്കാൻ കുറച്ചു വെള്ളമെങ്കിലും…..  ഇല്ല അവർക്ക് ഒന്നിനും അർഹതയില്ല; അവർ വെറും  അഗതികൾ അല്ലേ. 

അവരുടെ അധ്വാനത്തിൻറെ വിയർപ്പുതുള്ളികൾ വീണു ഉറപ്പു വെച്ച  എക്സ്പ്രസ് വേയുടെ  ഓരത്തു കൂടി അവർ നടന്നു.  അവരുടെ മേയ്ക്കരുത്തി നാൽ ആകാശത്തിലേക്ക് ഉയർന്നുപൊങ്ങിയ കോൺക്രീറ്റ് സൗധങ്ങൾക്കു അരികുപറ്റി അവർ നീങ്ങി .  അല്ലെങ്കിലും ഇങ്ങനെ അരികു ചേർന്ന് പോകാൻ ആളില്ലെങ്കിൽ ‘പാർശ്വവൽക്കരിക്കപ്പെട്ടവർ’ എന്ന ആധുനിക പദം അർത്ഥമില്ലാത്ത ഒന്നാകില്ലേ ! പണിയാൻ അല്ലാതെ ഇവിടെ അഭയം തേടാൻ അവർക്ക് അവകാശമില്ലല്ലോ. ഇടയ്ക്കിടെ ചീറിപ്പാഞ്ഞ  കാറുകളിലേക്ക് അവർ  ഒന്ന് നോക്കുക പോലും ചെയ്തില്ല.

‘’തരുവിലും കൊമ്പിലും കൂടു പണിയുന്നു പറവകൾ
ഞങ്ങൾക്കിന്നില്ലൊരേടം

മടയിലും മേട്ടിലും വാഴുന്നു ജന്തുക്കൾ പലതുമേ
ഞങ്ങൾക്കിന്നില്ലൊരേടം

ഉടമസ്ഥൻ ഉടമസ്ഥൻ ഒരുതരി മണ്ണിനുമുടമസ്ഥൻ ഉണ്ടീ പരന്ന പാരിൽ
കഴൽ വെപ്പ്  താങ്ങേണ്ട ഒരു പിടി മൺപോലും
കടമായിട്ടല്ലയോ   കൈവരുന്നു.’’

ഇടശ്ശേരിയുടെ ‘കുടിയിറിക്ക’ [കവിത] പ്പെട്ടവരുടെ വേദന ഇവിടെ എത്ര അന്വർത്ഥം.

ഡൽഹിയിലെ ഒരു ചേരിയിൽ പറക്കമുറ്റാത്ത മക്കളുമൊത്ത് ഉത്തർപ്രദേശ് കാരിയായ ഒരു ഗർഭിണി യുവതി പണിക്കുപോയ ഭർത്താവിനെ കാത്തിരിന്നു. ഒരു കോൺട്രാക്ടർ മറ്റൊരു സ്ഥലത്ത് ജോലിക്ക് കൊണ്ട് പോയതാണ് നേരിയ ബുദ്ധിമാന്ദ്യമുള്ള അയാളെ .  എന്നാൽ  ലോക്‌ഡൗൺ അയാളുടെ തിരിച്ചുവരവ് മുടക്കി. എപ്പോൾ തിരിച്ചുവരും എന്നറിയാത്ത ഭർത്താവിനെ കാത്തിരിക്കു കയാണ് ആ പൂർണ ഗർഭിണി. വിളിക്കാൻ മൊബൈൽ ഫോൺ ഇല്ല. സഹായിക്കാൻ ആരുമില്ല. അതിനിടയിൽ അവൾക്ക് പ്രസവവേദന തുടങ്ങി. നല്ലവരായ ചില അയൽവാസികൾ സഹായത്തിനെത്തി. ഒരു ആശുപത്രിയിൽ ചെന്ന് അവർ കേണപേക്ഷിച്ചത്‌ കൊണ്ട് അവളെ പ്രസവത്തിന് അവിടെ അഡ്മിറ്റാക്കി.പ്രസവ ശേഷം  നവജാതശിശുവിനെ അയൽക്കാരി സ്ത്രീയുടെ കൈകളിൽ ഏൽപ്പിച്ചു അവരുടെ തോളിൽ പാതി ചാരി ആ സ്ത്രീ തിരിച്ചു നടന്നു. യാതൊരു ഭൗതിക സാഹചര്യങ്ങളും ഇല്ലാത്ത, അടുത്ത നേരത്തേക്കുള്ള ഭക്ഷണം പോലും ഇല്ലാത്ത കൂരയിലേക്ക്. അവിടെ അവളെ  കാത്തിരിക്കുന്നത് വിശന്നു വലഞ്ഞ മൂന്ന്  കുഞ്ഞുങ്ങൾ മാത്രം.

മെയ് 16ന് മഹാരാഷ്ട്രയിലെ സ്റ്റീൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഒരു കൂട്ടം തൊഴിലാളികൾ മധ്യപ്രദേശിലെ  സ്വന്തം ഗ്രാമത്തിലേക്ക് നടന്നുപോയി. മറ്റ് യാത്രാ സൗകര്യങ്ങൾ ഒന്നും അവർക്ക് ലഭ്യമായിരുന്നില്ല. യാത്രക്കിടെ വിശ്രമിക്കാൻ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ അവരിൽ 16 പേരെ  ചതച്ചരച്ചു  അപ്രതീക്ഷിതമായി ഒരു  ഗുഡ്സ് ട്രെയിൻ കടന്നു പോയി.  അവരുടെ തുണിസഞ്ചികൾ  പാളത്തിൽ  ചിതറിക്കിടന്നു. യാത്രയിൽ കഴിക്കാൻ സൂക്ഷിച്ച  മാർദ്ദവം ഇല്ലാത്ത ചപ്പാത്തികൾ  മനുഷ്യ രക്തം പുരണ്ട്  കുതിർന്നു. 

പലായനത്തിന് പിന്നിൽ

ഇത്ര സുദീർഘവും യാതനാപൂർണവുമായ യാത്രകൾക്ക് ഇറങ്ങി പുറപ്പെടാൻ ഈ തൊഴിലാളികളെ പ്രേരിപ്പിച്ചത് എന്തായിരിക്കും?

നിരവധി കാരണങ്ങൾ പിന്നിലുണ്ടെന്ന് അന്വേഷിച്ചാൽ കണ്ടെത്താം. രാജ്യത്തെ പിടിമുറുക്കിയ രോഗബാധ അവരുടെ ജോലി ഇല്ലാതാക്കി. അധികപങ്കും നിർമാണ മേഖലയിൽ ആണ് തൊഴിൽ എടുത്തിരുന്നത്. തൊഴിൽ നഷ്ടപ്പെട്ടതോടെ വരുമാനം നിലച്ചു. ഒരു നീക്കിയിരിപ്പും ഇല്ലാത്ത അന്നന്നത്തെ കൂലി കൊണ്ട് അന്നം കഴിക്കുന്ന തൊഴിലാളിക്ക് പിടിച്ചുനിൽക്കാൻ ഗതി ഒന്നുമില്ലായിരുന്നു. എന്ന് ജോലിയിൽ തിരികെ കയറാൻ സാധിക്കും എന്നോ ,  എന്ന് കൂലി കിട്ടു മെന്നോ  യാതൊരു നിശ്ചയവുമില്ലാത്ത  അവസ്ഥയിൽ കഴിഞ്ഞ തൊഴിലാളിക്ക്  മുൻപിൽ കോവിഡ്  രോഗബാധയുടെ വൻ ഭീഷണിയും നിറഞ്ഞു. സ്വന്തം ഗ്രാമങ്ങളിലെ അവസ്ഥ ഒട്ടും മെച്ചമല്ല എങ്കിലും വേണ്ടപ്പെട്ടവരുമൊത്തു  കഴിയാമല്ലോ എന്ന ചിന്തയും നാട് നൽകുന്ന സുരക്ഷിതത്വ ബോധവും ജോലിസ്ഥലം വിട്ടു പലായനം ചെയ്യാൻ അവരെ പ്രേരിപ്പിച്ചു .നഗരങ്ങളിലെ തൊഴിലിടങ്ങൾ തൊഴിലാളികൾക്ക് ഒരിക്കലും ആശ്വാസകരമായ സങ്കേതങ്ങൾ ആയിരുന്നില്ല. കുറഞ്ഞ കൂലിയും പരിമിതമായ താമസസൗകര്യവും കുടിയേറ്റ തൊഴിലാളികളോടുള്ള നിഷേധാത്മകമായ നിലപാടും ഒപ്പം പ്രദേശ വാസികളുടെ സമീപനവും പലായനത്തിന് അവരെ പ്രേരിപ്പിച്ച ഘടകങ്ങൾ ആണ്. ദാരിദ്ര്യവും പട്ടിണിയും ഉണ്ടെങ്കിലും സ്വന്തം നാട്ടിൽ അന്യതാബോധം കൂടാതെ കഴിയാമല്ലോ എന്ന ചിന്ത അവരെ ഭരിച്ചിട്ടുണ്ടാകും. ഉത്തർപ്രദേശ് മധ്യപ്രദേശ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം തൊഴിലാളികൾ ഭാരതത്തിലെ മെട്രോ നഗരങ്ങളിലേക്കും  ഡൽഹി ,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കുടിയേറിയിട്ടുള്ളത്. ഈ കുടിയേറ്റ തൊഴിലാളികൾ രണ്ട് ലോകങ്ങൾക്കിടയിലാണ് ആണ് ജീവിക്കുന്നത്. സൗഹൃദവും സുരക്ഷിതത്വബോധവും അതോടൊപ്പം ദാരിദ്ര്യവും പട്ടിണിയും നിറയുന്ന സ്വദേശ ഗ്രാമങ്ങൾ ഒരുവശത്തും, മറുവശത്ത് ഒട്ടും സൗഹൃദം സമ്മാനിക്കാത്ത, അന്യതാബോധം വളർത്തുന്ന അതേ സമയം തൊഴിലും വരുമാനവും സമ്മാനിക്കുന്ന നഗരങ്ങളും.  കോവിഡ്  വൻ ഭീഷണി ഉയർത്തി അവർക്ക് മുമ്പിലെത്തിയപ്പോൾ, ജോലിയും വരുമാനവും നഷ്ടപ്പെട്ടപ്പോൾ സ്വന്തം നാട്ടിലേക്ക് അല്ലാതെ അവർക്ക് പോകാൻ മറ്റൊരിടം എവിടെ?

കൊറോണ രോഗവ്യാപനം ലോകരാജ്യങ്ങളിലെ ആരോഗ്യരംഗത്തിന്റെ  പരിമിതികളാണ് വെളിപ്പെടുത്തിയതെങ്കിൽ ഇന്ത്യയിൽ ദേശാന്തര തൊഴിലാളികളുടെ ദുരവസ്ഥയും അവരെ സഹായിക്കുന്നതിൽ  ഭരണകൂടം കാണിച്ച  കുറ്റകരമായ അനാസ്ഥയുമാണ്  ലോകം ശ്രദ്ധിച്ചത്. 

കേന്ദ്ര ധനമന്ത്രി പറഞ്ഞത് അനുസരിച് 8 കോടി അതിഥി തൊഴിലാളികൾ ഉണ്ടത്രേ.    യഥാർത്ഥ കണക്ക് തീർച്ചയായും അതിലുമേറെ കൂടുതലായിരിക്കും.   എട്ടുകോടി തൊഴിലാളികളുടെ കാര്യമെടുത്താൽ അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും ചേർത്താൽ ഏകദേശം 40 കോടിയോളം ആളുകൾ ഉണ്ടാകും. അതായത് ജനസംഖ്യയുടെ മൂന്നിലൊന്ന്.   എന്നാൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച  20 ലക്ഷം കോടിയുടെ ഗംഭീര പുനരുദ്ധാരണ പാക്കേജിൽ ഈ  തൊഴിലാളികളുടെ സഹായത്തിനായി മാറ്റിവെച്ചിരിക്കുന്നത് 3109 കോടി രൂപ മാത്രമാണ് ആണ് അതായത് അത് പാക്കേജിന്റെ  0 .15 ശതമാനം മാത്രം.

അവരുടെ മാതൃ സംസ്ഥാനങ്ങളിൽ സർക്കാരിൻറെ ഗുണഭോക്‌തൃ  പട്ടികയിലോ  സർക്കാർ സഹായ പദ്ധതികളിലോ അംഗമല്ലാത്തവരാണ് ഈ തൊഴിലാളികൾ ഭൂരിപക്ഷവും. കാരണം ദേശാന്തരഗാമികൾ ആയവരെ ഗുണഭോക്‌തൃ പട്ടികയിൽ ഉൾപ്പെടുത്താൻ തദ്ദേശീയ ഉദ്യോഗസ്ഥർ വിമുഖരാണ്.

തൊഴിലിടങ്ങളിൽ അസംഘടിതർ ആയതു കൊണ്ട് തൊഴിൽ ആനുകൂല്യങ്ങൾ മിക്കവാറും നിഷേധിക്കപ്പെടുന്നു. ജോലിസമയത്തിന്  ആനുപാതികമായ കൂലിയോ ആഴ്ചയിൽ അനുവദനീയമായ വിശ്രമവേളകളോ  നിഷേധിക്കപ്പെടുന്നു.   പ്രോവിഡണ്ട് ഫണ്ട് , ക്ഷേമനിധി, പെൻഷൻ എന്നുഉള്ള വാക്കുകൾ പോലും ഈ മനുഷ്യർ കേട്ടിട്ടില്ല.   ഡിജിറ്റൽ ഇന്ത്യയിലെ പൗരന്മാരോ  അതോ ആധുനിക അടിമകളോ ഇവർ?

ഇവർ ഒറ്റക്കും കൂട്ടമായും നടന്നു തീർത്തത്  500ഉം  1000വും  ഒക്കെ കിലോമീറ്ററുകൾ ആണ് . സൂര്യൻ ഉദിച്ചു വെയിൽ കനക്കുന്നതിന് മുമ്പ് ആരംഭിക്കുന്ന യാത്ര. പരമാവധി ദൂരം താണ്ടാൻ ഉള്ള വ്യഗ്രതയിൽ ആ മനുഷ്യർ നടന്നുകൊണ്ടിരിക്കുന്നു; ഉച്ചയാവുമ്പോഴേക്കും ചൂട് 40 ഡിഗ്രിയിലും അധികമാകും. അതോടെ തളർന്നു അവശരായ അവർ മരച്ചുവട്ടിലോ  കെട്ടിടങ്ങളുടെ ഓരത്തോ അഭയംതേടും. അതിനിടയിൽ എന്തെങ്കിലും ഭക്ഷണം കയ്യിലുണ്ടെങ്കിൽ അത് കഴിക്കും. വെയിൽ മാറുന്നതോടെ യാത്ര വീണ്ടും തുടരുകയാണ്  അതിനിടയിൽ അവരുടെ ചെരുപ്പുകൾതേഞ്ഞ് പൊട്ടിപ്പോകുന്നു. വസ്ത്രങ്ങൾ പിഞ്ഞിപ്പോകുന്നു. നഗ്നപാദരുടെ  കാലുകൾ വിണ്ടുകീറുന്നു. യാത്രയിൽ അവശരായ കുഞ്ഞുങ്ങൾ കരയാൻ പോലും ആകാതെ  നിശബ്ദരാകുന്നു.  അവരുടെ മുഖങ്ങൾ ഫോട്ടോയിൽ പകർത്താൻ ശ്രമിച്ചു ഒരു പത്രപ്രവർത്തകൻ പറഞ്ഞതിങ്ങനെയാണ്. ഞാൻഒരു സ്ത്രീയുടെ ഫോട്ടോ ഫോക്കസ് ചെയ്യുമ്പോൾ എനിക്ക് തോന്നി ഇവരുടെ ചിത്രം ഞാൻ കുറച്ചു മുമ്പ് എടുത്തതാണല്ലോ എന്ന്. വീണ്ടും അതേ സ്ഥലത്ത് കൂടി കടന്നുപോകുന്ന മറ്റൊരു കൂട്ടത്തിലെ ചിത്രം പകർത്തിയപ്പോൾ എനിക്ക് അതേ ചിന്ത തന്നെ തോന്നി. .അപ്പോഴാണ് എനിക്ക് ഒരു കാര്യം വ്യക്തമായത് എല്ലാവർക്കും ഒരേ മുഖം, ഒരേ ഭാവം, അത് കൊണ്ടാണ് ഒരേ വ്യക്തികൾ തന്നെയാണ് എന്ന് എനിക്ക് തോന്നിയത്.. അതേ  അവരുടെ മുഖത്ത് സ്ഥായീഭവിച്ചതു  ഒരേ നിസ്സംഗത.

കോവിഡ്  ചരിത്രം പിൽക്കാലത്ത് എഴുതുമ്പോൾ ഒരു രാജ്യം അതിൻറെ സ്വന്ത പൗരൻമാരെ എങ്ങനെ അവഗണിക്കുന്നു എന്നതിന് ദൃഷ്ടാന്തമായി ഈ പലായനം രേഖപ്പെടുത്തുമായിരിക്കും . നാം തോൽപ്പിച്ചത് നമ്മുടെ ജനങ്ങളെ തന്നെയാണ്. നാം അവഗണിച്ചത് നമ്മുടെ സഹോദരങ്ങളെ തന്നെയാണ്.  നമ്മുടെ അവഗണനയാണ് അവരിൽ നിസ്സംഗത ജനിപ്പിച്ചത്. ആ മുഖങ്ങളിൽ തെളിഞ്ഞ അരക്ഷിതാവസ്ഥ നാം അവരോട് കാണിച്ച് അവജ്ഞയുടെ ഫലം തന്നെയാണ്.

കോടതികളും കാണാത്തത്

ഭരണകൂടവും രാഷ്ട്രീയക്കാരും മാത്രമല്ല ഈ അഗതികളെ കൈവിട്ടത് മൗലിക സ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏത് നീക്കത്തെയും തടയാനിടപെടുന്ന കോടതി തന്നെയും കുടിയേറ്റ തൊഴിലാളി ദുരിതത്തിൽ ആദ്യം പറഞ്ഞത് കഠിനമായിപ്പോയി. മെയ് 15 ന് തൊഴിലാളിപ്രശ്നത്തിൽ ഇടപെടൽ ആവശ്യപ്പെട്ട ഹര്ജിക്കാരന്റെ വാദങ്ങൾ അവഗണിക്കപ്പെട്ടു:” റോഡിലൂടെ ആരൊക്കെയാണ് നടക്കുന്നതെന്ന് നോക്കാൻ ഞങ്ങൾക്കാവില്ല‘’. “ഒരാൾപോലും സ്വന്തം ഗ്രാമത്തിലേക്ക് കാൽനടയായി റോഡിലൂടെ സഞ്ചരിക്കുന്നില്ല” എന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത് വെള്ളംതൊടാതെ വിഴുങ്ങപ്പെട്ടത് ഏറെ നിരാശാജനകമായിരുന്നു.

പിന്നീട് മെയ് 25ന്  ഇന്ദിരാ ജയ്സിംഗ് ,പ്രശാന്ത് ഭൂഷൺ, പി ചിദംബരം , കബിൽ സിബിൽ തുടങ്ങിയ നിരവധി പേർ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ ദുരിത പൂർണമായ അവസ്ഥയിൽ സുപ്രീംകോടതി തങ്ങളുടെ ഭരണഘടനാകർത്തവ്യം  നിർവഹിക്കണമെന്ന് ഹൃദയസ്പർശിയായ ഭാഷയിൽ ആവശ്യപ്പെട്ടു. രാജ്യത്തെ തലമുതിർന്ന അഭിഭാഷകർ  എഴുതിയ ഈ  തുറന്ന  കത്തിന്റെ  അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ്  സ്വമേധയാ കേസെടുക്കുകയും കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്താൻ മറ്റൊരു ബെഞ്ച്  കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഇനിയെങ്കിലും സഹാനുഭൂതിയോടെ ഈ പ്രശ്നത്തെ ഭരണകൂടം സമീപിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം 

അസംഘടിതരായ തൊഴിലാളിയും അനാഥനും വിധവയും അവഗണിക്കപ്പെ ടുമ്പോൾ എങ്ങനെയാണ് ഇന്ത്യയ്ക്ക് തിളങ്ങാൻ ആവുക ? അവർക്കുകൂടി അവകാശപ്പെട്ടതല്ല ഈ മഹാഭാരതം?  വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്ക് നല്ല പരിഗണന കിട്ടണം എന്ന് ആവശ്യപ്പെടുമ്പോൾ തന്നെ നമ്മുടെ രാജ്യത്തെ പാവങ്ങളോട് നാം കാണിക്കുന്ന ഈ അവഗണന എങ്ങനെ വിശദീകരിക്കും? ദേശാന്തരഗമനം നടത്തുന്ന ഈ പാവങ്ങളോട് നമുക്ക്  സമഭാവന പുലർത്താം.ഹിറ്റ്ലർ പോലും ജൂതരെ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടുപോയത് ട്രെയിനിലായിരുന്നു!  

‘’പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം. പരദേശിയെ ഉപദ്രവിക്കരുതു: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.”
ബൈബിൾ 

കുടിയിറക്കപ്പെടും കൂട്ടരേ പറയുവിന്‍
പറയുവിന്‍ ഏത് ദേശക്കാര്‍ നിങ്ങള്‍
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കന്‍ വന്‍കരയായ്
അതിലെന്തുണ്ടാര്‍ക്കാനു, മുടമയില്ലാത്തഭൂ
പടമേലും പാഴ്‌വരയ്ക്കര്‍ഥമുണ്ടോ?
എവിടെവിടങ്ങളില്‍ ചട്ടിപുറത്തെടു-
്തെറിയപ്പെടുന്നുണ്ടീ പാരിടത്തില്‍
അവിടവിടങ്ങളെച്ചേര്‍ത്ത് വരക്കു-
കൊന്നിവരുടെ രാഷ്ട്രത്തിന്നതിര്‍ വരകള്‍!
(-കുടിയിറക്കം, ഇടശ്ശേരി)

തെരുവിലേക്ക് വലിച്ചെറിയപ്പെട്ട , നിർബന്ധിത പലായനത്തിന് വിധിക്കപ്പെട്ട ഈ മനുഷ്യരുടേതു  കൂടിയാണ് ഇന്ത്യ. അല്ലെങ്കിൽ ഇന്ത്യയുടെ ഭൂപടം വെറുമൊരു പാഴ്വരയാകും. അവരെയും ചേർത്തുപിടിക്കാം എന്നിട്ട് ചേർത്തു  വരയ്ക്കാം- പുതിയ ഇന്ത്യയുടെ ഭൂപടം.

P C Benny
P C Benny
സമകാലിക സംഭവങ്ങളുടെ സമഗ്ര നിരൂപകൻ. കോഴിക്കോട് സ്വദേശി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular