കോവിഡും സ്ക്രൂടേപ്പും

തിന്മയുടെ പ്രവര്‍ത്തനതന്ത്രങ്ങളെ അറിഞ്ഞിരിക്കുന്നതാണ് തിന്മയെ ജയിക്കുന്നതിനുള്ള സുപ്രധാന ഘടകം.

സ്ക്രൂടേപ്പ് – സി എസ് ലൂയിസിന്‍റെ സാങ്കല്‍പ്പിക കഥാപാത്രം; 1942 ല്‍ പ്രസിദ്ധീകരിച്ച ‘സ്ക്രുടേപ്പ് ലെറ്റേര്‍സ് ‘ എന്ന പ്രസിദ്ധ നോവലിലെ നായകനായ മുതിര്‍ന്ന ഭൂതം അയാളുടെ മരുമകനായ ഇളയ ഭൂതം വേംവുഡി(കാഞ്ഞിരം)ന് എഴുതുന്ന 31 എഴുത്തുകളാണ് ആ നോവലിലുള്ളത്. ആക്ഷേപഹാസ്യസ്വഭാവത്തിലുള്ള ആ നോവലിന്‍റെ ആശയം വിപരീതാര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. സ്ക്രൂടേപ്പ് (Screwtape) മരുമകനായ കാഞ്ഞിരത്തിന് നല്‍കുന്ന ഉപദേശങ്ങളെല്ലാം ഒരാളുടെ നാശം ഉറപ്പിക്കാനാണ്. നശിപ്പിക്കേണ്ട വ്യക്തിയെ ‘രോഗി ‘ എന്നാണ് വിളിച്ചിരുന്നത്.

ദൈവത്തിന്‍റെ പദ്ധതികളും അതിനെ തോല്‍പ്പിക്കാനുള്ള സാത്താന്‍റെ പരിപാടികളും നര്‍മ്മരസം ചാലിച്ച് ആക്ഷേപഹാസ്യരീതിയില്‍ എഴുതിയ ആ കൃതി എക്കാലത്തും പുതുമയുള്ള വായനക്ക് ഇടമുള്ള പുസ്തകമാണ്. മനുഷ്യജീവിതത്തിന്‍റെ സൂക്ഷ്മതലങ്ങളെ ഇത്രമേല്‍ മിഴിവോടെ നിരീക്ഷിച്ച ലൂയിസിനെ പോലെ മറ്റൊരു വ്യക്തിയുണ്ടാകില്ല. എക്കാലത്തും മനുഷ്യനു തെറ്റിപ്പോകുന്ന വഴികളും പരാജയപ്പെടുന്ന രീതികളും ഒരുപോലെയാണെന്ന് ലൂയിസ് സ്ക്രൂടേപ്പിന്‍റെ ഉപദേശങ്ങളിലൂടെ വരച്ചുകാണിക്കുന്നു.

ഈ കോവിഡ് കാലത്ത് ‘സ്ക്രൂടേപ്പ് ലെറ്ററുകള്‍’ രസകരവും സ്വയ വിമര്‍ശനപരവുമായ ഒരു പുന:ര്‍വായനക്ക് വിധേയമാക്കിയിരിക്കുകയാണ് ക്രിസ്ത്യാനിറ്റിറ്റുഡേ മാര്‍ച്ച് ലക്കത്തില്‍ പ്രഫ. ഗാരി എസ് സെല്‍ബി.

കോവിഡ് കാലത്ത് പ്രായോഗിക ഉപദേശങ്ങള്‍ തേടുന്നവരുടെ എണ്ണം ധാരാളമുണ്ട്. അവര്‍ക്ക് സ്ക്രൂടേപ്പ് എഴുത്തുകള്‍ നല്‍കുന്നത് വളരെ പ്രായോഗികവും പ്രസക്തവുമായ ഉപദേശങ്ങളാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ലണ്ടനില്‍ ജീവിച്ച ഒരു ബ്രിട്ടീഷ്കാരനാണ് ‘കാഞ്ഞിര’ത്തിന്‍റെ നിരന്തര കുത്തിത്തിരുപ്പിന്‍റെ ഫലമായി നശിക്കേണ്ട ‘രോഗി.’. കൊറോണയെക്കുറിച്ച് പ്രത്യേകിച്ചൊന്നും ആ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും അന്നത്തെ ‘ഉപദേശങ്ങള്‍ ‘ ഇന്നും പ്രസക്തമാണ്.

ഉദാഹരണം നോക്കിയാല്‍ രാത്രിയില്‍ കിടക്കയില്‍ ഉറക്കംവരാതെ കിടക്കുമ്പോള്‍ ‘രോഗിക്ക്’ നല്‍കേണ്ട ചിന്തകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. അയാളുടെ മനസ്സ് എപ്പോഴും ഓടിക്കൊണ്ടിരിക്കണം. അനിശ്ചിതത്വം എപ്പോഴും നിറയണം. ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ അവന്‍റെ മനസ്സില്‍ പരസ്പരവിരുദ്ധമായ ചിന്തകള്‍ നിറയണം. ഒരു ഭാഗത്ത് പ്രതീക്ഷയും മറുഭാഗത്ത് ഭയവും അയാളുടെ മനസ്സില്‍ മാറിമാറിവരണം. മനുഷ്യനെപ്പോഴും ധീരത ഇഷ്ടമുള്ള സ്വഭാവവിശേഷമാണ്. ഭാവനയുടെ ലോകത്ത് പലതും ചെയ്തുകൂട്ടി നിയന്ത്രണങ്ങള്‍ നേടിയെടുക്കുന്നതായി അവന്‍ സ്വപ്നം കാണട്ടെ. ഭാവനയുടെ ലോകത്ത് ആത്മധീരത കാണിച്ച്  അയാള്‍ കോള്‍മയില്‍ കൊള്ളട്ടെ. 

കോവിഡ് രോഗത്തെക്കുറിച്ചുള്ള വാര്‍ത്തകളും വിവരണങ്ങളും കൊണ്ട് നിറയുകയാണ് എഴുത്തു, ഇലക്ട്രോണിക് മാധ്യമങ്ങള്‍. വാര്‍ത്താ ചാനലുകളുടെ പ്രേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. സമൂഹമാധ്യമങ്ങള്‍ കുറേ നേരും അതിലേറെ നുണയും ഒപ്പം ഭീതിയും പരിഭ്രാന്തിയും രാപ്പകല്‍ഭേദമന്യെ പടര്‍ത്തിക്കൊണ്ടിരിക്കുന്നു. ഈ വാര്‍ത്തകളുടെ പിന്നാലെ നിരന്തരം പോകുന്നവര്‍ക്ക് സ്ക്രൂടേപ്പിന്‍റെ ഉപദേശം ഏറ്റവും പ്രസക്തമാണ്. നമ്മുടെ മനസ്സിനെ ആകുലമാക്കി, അരക്ഷിതാവസ്ഥയില്‍ നിര്‍ത്തുക എന്നത് ആരുടെ തന്ത്രമെന്ന് നാം തിരിച്ചറിയണം.

വ്യക്തികള്‍ക്കിടയില്‍ ശത്രുത

സ്ക്രൂടേപ്പിന്‍റെ അടുത്ത ഉപദേശം വ്യക്തികള്‍ തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ളതാണ്. ഉത്കണ്ഠയും ഭയവും വര്‍ദ്ധിക്കുന്ന സമയത്ത് പരസ്പര സ്പര്‍ദ്ധയും സംശയവും പടര്‍ത്താന്‍ എളുപ്പമാണ്. പ്രതിസന്ധിയുടെ കാലത്ത് മറ്റുള്ളവരെ ഒരു ഭീഷണിയായി കുറഞ്ഞപക്ഷം ഒരു ശല്യമായെങ്കിലും കാണുന്നത് സ്വാഭാവികമാണ്. അവശ്യസാധനങ്ങള്‍ക്കായി കടയില്‍ ക്യൂ നില്‍ക്കുമ്പോഴും സഹായവിതരണം തൊട്ടുമുമ്പിലെ വീട്ടില്‍ അവസാനിക്കുമ്പോഴും മറ്റുള്ളവരോടുള്ള ഈ ചൊറിച്ചില്‍ വര്‍ദ്ധിക്കും. ചുറ്റുമുള്ള ആളുകളെയെല്ലാം കുറ്റം വിധിച്ച് അവരാണ് ഈ പ്രശ്നത്തിന്‍റെ കാരണക്കാര്‍ എന്ന് ധരിച്ചുവശായി പ്രതികരിക്കുന്ന നിലവരുന്നു. ആ ചിന്ത പരമാവധി പ്രോത്സാഹിപ്പിക്കാന്‍ സ്ക്രൂടേപ്പ് നിര്‍ദ്ദേശിക്കുന്നു.  ‘മറ്റുള്ളവര്‍ എത്ര ശല്യക്കാരാണെന്ന് അയാള്‍ക്ക് പതുക്കെ വ്യക്തമാക്കികൊടുക്കണം’ . സ്ക്രൂടേപ്പ് മരുമകന് നിര്‍ദ്ദേശം നല്‍കുന്നു. മറ്റുള്ളവരോടുള്ള വിദ്വേഷം മുഖത്ത് തെളിയിക്കണം. ഉള്ളില്‍ ദേഷ്യം നിറച്ചുവെച്ച് കുറച്ച്കാലം ജീവിച്ചാല്‍ മുഖഭാവത്തില്‍ വെറുപ്പ് തെളിയും. 

ആദ്യം അപരിചിതരോട് ഇത് പ്രകടിപ്പിക്കാന്‍ പഠിച്ചാല്‍ അറിയുന്ന, അടുത്തിടപഴകുന്ന ആളുകളോടും ഇത് പ്രകടിപ്പിക്കാനാകും.  ഇത് ഒരു ശീലമാക്കണം, പരസ്പരം മുഷിച്ചില്‍ ജീവിതത്തിന്‍റെ ഭാഗമാക്കിമാറ്റണം – അമ്മാവന്‍ ഭൂതം മരുമകനെ ചട്ടം കെട്ടുന്നു.

ഒരു കാരണവശാലും അനുകമ്പയുടെ ചിന്തകള്‍ മനസ്സില്‍ ഉയരാന്‍ അനുവദിക്കരുത്. മറുവശത്തുള്ള വ്യക്തിയുടെ ഭയങ്ങളെക്കുറിച്ചോ; അരക്ഷിതിചിന്തകളെക്കുറിച്ചോ, അയാളെ ഈ അവസ്ഥയില്‍ എത്തിച്ച സാഹചര്യങ്ങളെക്കുറിച്ചോ ഒന്നും ആലോചിക്കരുത്. അങ്ങനെ ചെയ്താല്‍ അവജ്ഞ കാണിക്കാനുള്ള സുവര്‍ണ്ണാവസരം നഷ്ടമായിപ്പോകും. 

തിരക്കോട് തിരക്ക്

‘രോഗി’ ഒരു രോഗിയായിത്തന്നെ തുടരണമെങ്കില്‍ ചുറ്റുമുള്ള ലളിതകാര്യങ്ങളെ അവഗണിച്ച് എപ്പോഴും തിരക്കില്‍ ജീവിക്കണം എന്ന് സ്ക്രൂടേപ്പ് ഉപദേശം നല്‍കുന്നു. വീടിന് പുറത്തിറങ്ങി ചുറ്റും കാണുന്ന ചെറുതും സാധാരണവുമായ കാര്യങ്ങളെ ശ്രദ്ധിക്കുക, അത്തരം കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക എന്നിവ ഒരിക്കലും സംഭവിച്ചുകൂടാ! “എത്ര ഭംഗിയുള്ള പക്ഷി”;  “എത്ര സുന്ദരമായ കാറ്റ്” എന്നിങ്ങനെ ചുറ്റുമുള്ള ലോകത്തെ നിരീക്ഷിച്ച് ആസ്വദിക്കാന്‍ അനുവദിക്കരുത്. വ്യാകുലങ്ങള്‍ നിറഞ്ഞ അവന്‍റെ ചിന്താമണ്ഡലത്തില്‍ നിന്നും ശ്രദ്ധമാറിപ്പോകാന്‍ അത്തരം കാര്യങ്ങള്‍ ഇടയാക്കുമെന്നതിനാല്‍ നല്ല ശ്രദ്ധ വേണമെന്ന് അമ്മാവന്‍ ഓര്‍മ്മിപ്പിക്കുന്നു. അത്തരം ചെറിയ കാര്യങ്ങളുടെ ആസ്വാദനത്തിലൂടെയും ഭക്ഷണത്തിന്‍റെ രുചിയിലൂടെയും ‘രോഗി’ ആരാധനയുടെ അനുഭവ തലങ്ങളിലേക്ക് ഉയരും. അത് ഒട്ടും ആശാസ്യമല്ല. 

ഈ അസംബന്ധങ്ങള്‍ സംഭവിക്കാതിരിക്കണമെങ്കില്‍ ഒരുവഴിയേ ഉള്ളൂ എന്ന് സ്ക്രൂടേപ്പ് പറയുന്നു: തിരക്ക് കൂട്ടുക. ഈ ക്വാറന്‍റൈന്‍ കാലത്ത് അതെങ്ങനെ സാധിക്കും? ജോലിയുടെ തിരക്കും യാത്രയുടെ സമയവും ഒന്നും വേണ്ടല്ലോ. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയല്ലേ.എന്നാല്‍ ഇപ്പോള്‍ തിരക്കുകൂട്ടാന്‍ വേറെ ഒരുപാട് വഴികളുണ്ട്. സമൂഹമാധ്യമങ്ങളും യുട്യൂബ് പോലുള്ള വിഡിയോ ഷെയറിങ് വേദികളും ഇന്നത്തെ മനുഷ്യനെ തിരക്കില്‍ നിര്‍ത്താനുള്ള മികച്ച വഴികളാണ്. വാട്സ് ആപ്പ് വഴി ഈ ദിവസങ്ങളില്‍ പങ്കുവെക്കുന്നത് ലക്ഷകണക്കിന് വിഡിയോകളും സന്ദേശങ്ങളുമാണ്. ഇതെല്ലാം കാണുകയും കേള്‍ക്കുകയും കൂട്ടുകാര്‍ക്ക് പങ്കുവെക്കുകയും ചെയ്യുമ്പോള്‍ പിന്നെ വേറെന്തിന് സമയം!

സ്ക്രൂടേപ്പ് നിഷ്കര്‍ഷിക്കുന്ന വേറൊരു കാര്യം നമ്മുടെ യാഥാര്‍ത്ഥ അവസ്ഥയെ അവഗണിക്കാനും അകപ്പെട്ട സന്നിഗ്ദ്ധാവസ്ഥയെ കണ്ടില്ലെന്ന് നടിക്കാനും വേണ്ടത് ചെയ്യണം എന്നതാണ്. മനുഷ്യന്‍റെ നിസ്സാരത, നേട്ടങ്ങളുടെ പൊള്ളത്തരം, പണത്തിന്‍റെ ഉപയോഗശൂന്യത തുടങ്ങി ഈ ഘട്ടത്തില്‍ നമ്മുടെ ചിന്തക്ക് വിഷയീഭവിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ അവയെല്ലാം അവഗണിക്കണം! 

ഈ സമയത്തെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ശ്രദ്ധമാറ്റി ഭാവിയിലെ നേട്ടങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുകയാണ് ഒരു വഴി. ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം വളരെ മെച്ചപ്പെട്ട് രോഗങ്ങളും ദുരിതങ്ങളുമില്ലാത്ത ഒരു സ്വപ്നലോകത്തേക്ക് നമ്മെ കൊണ്ടുപോകുമെന്ന് ചിലര്‍ ഇപ്പോഴെ പറയുന്നുണ്ടല്ലോ. ഈ ലോകത്തെ കാര്യങ്ങള്‍ ശരിയാക്കാന്‍ പറ്റാത്തവരാണ് ഭാവിലോകത്തെ നന്നാക്കാന്‍ പോകുന്നത്! വരാന്‍പോകുന്ന ആണവയുദ്ധത്തില്‍ മനുഷ്യവംശം ഉന്മൂലനാശത്തിലേക്ക് പോകുമ്പോള്‍ ചില മിടുക്കന്‍മാര്‍ ഗോളാന്തരയാത്രകള്‍ നടത്തി അന്യഗ്രഹങ്ങളില്‍ ചേക്കേറുമെന്ന് സ്റ്റീഫന്‍ ഹോകിങ് പറഞ്ഞപ്പോള്‍ ‘ഹോ എന്തൊരു ദാര്‍ശനീകന്‍’ എന്നു പറഞ്ഞ് അത്ഭുതം കൂറിനിന്നവരല്ലേ നാം!  

അപകടസാഹചര്യങ്ങളെ വെറുതെ അവഗണിക്കുക എന്നതാണ് സ്ക്രൂടേപ്പ് ഓതുന്ന തന്ത്രം. ആഗോളഅതിര്‍ത്തികള്‍ ഭേദിച്ച് കോവിഡ് വൈറസ് ജൈത്രയാത്ര തുടരുമ്പോള്‍ ഈ വാക്കുകള്‍ തികച്ചും പ്രസക്തമാണ്. മരണത്തിന്‍റെ  സാധ്യതയെക്കുറിച്ചും മൃത്യുവിന്‍റെ സാമീപ്യത്തെക്കുറിച്ചും ഒരിക്കലും ഓര്‍മ്മിപ്പിക്കരുത്. കാരണം ആ ഓര്‍മ്മപ്പെടുത്തലുകള്‍ ‘രോഗി’യില്‍ മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്തും. ‘സ്വര്‍ഗ്ഗ’ത്തെക്കുറിച്ചുള്ള ദാഹം ഒരുവനിലുണര്‍ന്നാന്‍ പിന്നെ അവനെ നിയന്ത്രിക്കുക അസാധ്യമാണ്. അതുകൊണ്ട് യാഥാര്‍ത്ഥ്യം അവനില്‍ നിന്നും ആകാവുന്നിടത്തോളം മറച്ചുവെക്കുക. ഒരാള്‍ മരിക്കാന്‍ പോകുമ്പോള്‍ അതിനുള്ള ഏറ്റവും അനുയോജ്യമായ സ്ഥലം ഒരു കൂട്ടം ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും ഇടയിലാണ്. ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തുകയും ‘നീ മരിക്കില്ല ഞങ്ങള്‍ എല്ലാം ശരിയാക്കും’ എന്ന് പറയുകയും ചെയ്തുകൊള്ളും. ഒരിക്കലും പ്രാര്‍ത്ഥിക്കാനോ, ദൈവവചനം വായിച്ചുകേള്‍പ്പിക്കാനോ ഒരു ശുശ്രൂഷകനെ വിളിക്കുന്ന സ്ഥിതി ഉണ്ടാവരുത്. അത് അയാളുടെ നിജസ്ഥിതി പുറത്തുവരാന്‍ സംഗതിയാക്കും. 

ഔദാര്യവും വിദ്വേഷവും

‘നീ എന്തൊക്കെ ചെയ്താലും നിന്‍റെ ‘രോഗി’യുടെ ഉള്ളില്‍ കുറച്ച് ഔദാര്യവും കുറച്ച് വിദ്വേഷവും ബാക്കിയുണ്ടാകും’ സ്ക്രൂടേപ്പ് ഉപദേശം തുടരുന്നു. പക്ഷേ നിനക്ക് ചെയ്യാനാകുന്ന ഒന്നുണ്ട്: ഈ വിദ്വേഷത്തെ അയാള്‍ എന്നും കാണുന്ന അയല്‍വാസികളിലേക്കും ചുറ്റുമുള്ളവരിലേക്കും തിരിക്കുകയും ഉദാരമനസ്കത വിദൂരങ്ങളിലുള്ളവര്‍ക്കായി മാറ്റുകയും ചെയ്യുക. അതിന്‍റെ ഫലമോ, വിദ്വേഷം മുഴുവനായും യാഥാര്‍ത്ഥ്യമുള്ളതും ഔദാര്യം മുഴുവനായും ഭാവനാപരവുമായി മാറും. 

നിന്‍റെ ‘രോഗി’യെ ഒരു കൂട്ടം വലയങ്ങളുടെ ഉള്ളില്‍ കഴിയുന്നയാളായി സങ്കല്‍പ്പിക്കുക. ഉള്ളിലെ വലയത്തില്‍ അയാളുടെ ഇച്ഛ, തൊട്ടുപുറത്തുള്ളതില്‍ അയാളുടെ ബുദ്ധി, ഏറ്റവും പുറത്ത് അയാളുടെ ഭാവന എന്ന ക്രമത്തില്‍. ‘ശത്രു'(ദൈവം)വിനെക്കുറിച്ചുള്ള എല്ലാ ചിന്തകളും നമുക്കൊരിക്കലും പുറത്താക്കാനാകില്ല. പകരം മറ്റൊന്ന് ചെയ്യാം. എല്ലാ സല്‍ഗുണങ്ങളേയും അകത്തെ വലയങ്ങളില്‍നിന്നും വാരി പുറത്തേക്ക് മാറ്റുക. അവയെല്ലാം ഏറ്റവും പുറത്തുള്ള ഭാവനയുടെ ലോകത്ത് കിടന്നോട്ടെ. പിന്നെ നമുക്ക് ആവശ്യമായ എല്ലാ ഗുണഗണങ്ങളും അകത്തെ വലയത്തിലേക്ക് കൊണ്ടുവരിക. അവന്‍റെ ബുദ്ധിയിലും ഭാവനയിലും കിടക്കുന്ന കാര്യങ്ങള്‍ കൊണ്ട് നമുക്ക് ഒരു ഉപദ്രവവും വരില്ല. സല്‍ഗുണങ്ങളൊന്നും പക്ഷെ അകത്തെ ഇച്ഛയുടെ വലയത്തിലേക്ക് എത്താതിരിക്കാന്‍ ശ്രമിക്കണം. അങ്ങനെ സംഭവിച്ചാല്‍ അവന്‍ ‘പാതാളത്തിലെ നമ്മുടെ പിതാവിന്‍റെ അടുക്കല്‍ എത്താതെ പോയേക്കാം. അവന്‍റെ ഭാവനയുടെ ലോകത്തും ബുദ്ധിയുടെ വലയത്തിലും ഇഷ്ടത്തിന്‍റെ മേഖലയിലും ഒക്കെ വരച്ചുവച്ച സല്‍ഗുണങ്ങള്‍ നമുക്കൊരു ദോഷവും ചെയ്യില്ല. മറിച്ച് അവയൊന്നും അവന്‍റെ ഇച്ഛയുടെ വലയത്തിനകത്തേക്ക് പോകാതെ നന്നായി ശ്രദ്ധിക്കണം.

ആഗോളഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വാക്കുകള്‍ ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. നമ്മുടെ ഔദാര്യം അങ്ങുവിദൂരത്തിലിരിക്കുന്ന ആളോട് ഭാവനയില്‍ നല്‍കുന്ന ഒന്നായി മാറുമ്പോള്‍ നേരില്‍ കാണുന്നവര്‍ക്ക് നാം സമ്മാനിക്കുന്നത് വിദ്വേഷമല്ലേ? ഒന്നു നന്നായിക്കളയാം എന്ന് പലവട്ടം ചിന്തിച്ചിട്ട് നല്ലതെല്ലാം വെറും ഭാവനയായി മാറുന്നതിന്‍റെ കാരണവും ഇവിടെകാണാം. 

‘കാഞ്ഞിര’ത്തിന്‍റെ കെണിയില്‍ പെടാതിരിക്കാം

‘കാഞ്ഞിരം’ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ഉത്സാഹത്തോടെ ഈ കോവിഡ് കാലത്തും ചെയ്തുകൊണ്ടിരിക്കുകയാണ്. അവന്‍റെ കെണിയില്‍ പെടാതിരിക്കാന്‍ നമുക്കും വേണം ബന്ധശ്രദ്ധ.

വിനയപ്പെടാന്‍ നമുക്ക് പഠിക്കാം. ഇത് അതിനുള്ള സമയമാണ്. വിനയം എന്നതിന്‍റെ ഹിബ്രു വാക്കിനര്‍ത്ഥം ‘മുട്ടുമടക്കുക’ എന്നാണ്. ഇതുവരെ നാം മുട്ടുമടക്കാതെ തലയുയര്‍ത്തി നില്‍ക്കാന്‍ ശ്രമിച്ചവരാണ്. എന്നാല്‍ മനുഷ്യന്‍റെ സ്വപ്നഭൂമി അടിമുടി തകര്‍ന്നിരിക്കുന്നു: ഏറ്റവും സമൃദ്ധവും ശക്തവുമായ രാജ്യം വൈറസിനുമുമ്പില്‍ ആയുധംവെച്ച് കീഴടങ്ങിയിരിക്കുന്നു. അജയ്യരെന്ന് കരുതിയിരുന്നവര്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ യാചിക്കുന്നു. 

സി എസ് ലൂയിസ് മറ്റൊരു പുസ്തകത്തില്‍ നേരെചൊവ്വെ പറഞ്ഞത് ഓര്‍മ്മിക്കാം. “വിനയം  വേണമെന്നുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനുള്ള ആദ്യപടി അഹങ്കാരിയാണെന്ന് സ്വയം അംഗീകരിക്കുക എന്നതാണ്. അത് അംഗീകരിക്കാതെ ഒന്നും ചെയ്യാനാകില്ല. നിങ്ങള്‍ അഹങ്കാരിയല്ല എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ഒന്നുറപ്പിച്ചോളൂ നിങ്ങള്‍ ഒരു വലിയ അഹങ്കാരിയാണ്”.

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular