ഹാഗിയ സോഫിയ… നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം… അനവധി അവിസ്മരണീയ സംഭവങ്ങൾ, എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങൾ, എത്രയെത്ര ഭൂകമ്പങ്ങൾ, പലതവണ നടന്ന കവർച്ചകൾ, എത്രയെത്ര സൈന്യങ്ങൾ അതിനു മുന്നിലൂടെ മാർച്ച് ചെയ്തു. ലോക നേതാക്കൾ ആ നിർമ്മാണ ചാതുര്യം കണ്ട് അമ്പരന്നു നിന്നു . അതിശയിപ്പിക്കുന്ന ഭംഗിയുള്ള ആ താഴികക്കുടക്കീഴിൽ ചക്രവർത്തിമാർ സ്ഥാനാരോഹണം ചെയ്തു. സുൽത്താൻമാർ നിസ്ക്കരിച്ചു.. അതിനെല്ലാം മൂകസാക്ഷിയായി നിന്ന ആ ചരിത്ര നിർമ്മിതി ഇന്ന് മറ്റൊരു മാറ്റത്തിന് വിധേയമാവുകയാണ്. ലോകം കണ്ട ഏറ്റവും വലുതും ദീർഘകാലം ഭരിച്ചതുമായ രണ്ട് സാമ്രാജ്യങ്ങൾ- ബൈസന്റൈൻ സാമ്രാജ്യവും ഓട്ടോമാൻ തുർക്കി സാമ്രാജ്യവും- അതിനു മുൻപിലൂടെ കടന്നു പോയി . പിന്നീട് കുരിശുയുദ്ധങ്ങളുടെ കഴമ്പില്ലാത്ത രക്തച്ചൊരിച്ചലിൻറെ കാലം. അവസാനം ഒരു മതത്തിനും അവകാശം വേണ്ട എന്ന് തീരുമാനിച്ചു സാംസ്കാരിക നിലയമായി പരിവർത്തനം. ഹാഗിയ സോഫിയയ്ക്ക് പറയാൻ കഥകൾ ഏറെയുണ്ട് . ആ ചരിത്ര നിർമ്മിതി ഇന്ന് മറ്റൊരു മാറ്റത്തിന് വിധേയമാവുകയാണ്. നിരവധി നൂറ്റാണ്ടുകൾ പള്ളിമണികൾ മുഴങ്ങിയ ആ മന്ദിരത്തിൽ നിന്ന് ഇനി മുതൽ വാങ്ക് വിളികൾ ഉയരും.
1453 മെയ് 29: 55 ദിവസത്തെ ഉപരോധത്തിനു ഒടുവിൽ കോൺസ്റ്റാൻറിനോപ്പിൾ വീണു . ഭേദിക്കാൻ ആവില്ലെന്ന്കരുതിയ ദുർഗ്ഗങ്ങൾ തകർത്തു; സുൽത്താൻ മുഹമ്മദ് രണ്ടാമന്റെ നേതൃത്വത്തിൽ ഓട്ടോമൻ തുർക്കികൾ ആ പട്ടണം പിടിച്ചടക്കി. ഒൻപത് നൂറ്റാണ്ട് പിന്നിട്ട ബൈസന്റൈൻ ഭരണം അതോടെ അവസാനിച്ചു. ഇസ്ലാമിന്റെ യൂറോപ്പിലേക്കുള്ള കടന്നുകയറ്റത്തിന് വിലങ്ങുതടിയായി നിന്നത് രണ്ട് വൻകരകളുടെ സംഗമസ്ഥാനത്ത് നിലകൊണ്ട കോൺസ്റ്റാന്റിനോപ്പിൾ നഗരമായിരുന്നു. റോമൻ ഭരണത്തിൽ ഏഷ്യാമൈനറിൽ നിന്നും യൂറോപ്പിലേക്കുള്ള പ്രവേശനകവാടം ആയിരുന്നു കോൺസ്റ്റാൻറിനോപ്പിൾ. യൂറോപ്പിലെ ഏറ്റവും ദുർഘടമായ മതിലുകൾ ആ പട്ടണത്തിനു സംരക്ഷണമേകി . ആറര കിലോമീറ്റർ നീളം, 12 മീറ്റർ ഉയരം, അഞ്ച് മീറ്റർ വീതി. നിരന്തരം ആക്രമിക്കപ്പെട്ടുവെങ്കിലും ഒരിക്കൽപോലും ശത്രുക്കൾക്ക് മുൻപിൽ ആ മതിലുകൾ തകർന്നിരുന്നില്ല . എന്നാൽ 55 ദിവസം നീണ്ട ഉപരോധവും നിരന്തരമായ പീരങ്കി ആക്രമണവും കോട്ടയിൽ വിള്ളൽ തീർത്തു. ഇരമ്പിയാർത്ത് എത്തിയ ഓട്ടോമാൻ സൈന്യം പട്ടണത്തിൽ ഇസ്ലാമിന്റെ കൊടി ഉയർത്തി. പിന്നീട് പടിപടിയായി യൂറോപ്പിലെ വിവിധ രാജ്യങ്ങളെ കീഴടക്കി ഇസ്ലാം അടിത്തറ വിപുലപ്പെടുത്തി
എഡി 538 ൽ ബൈസന്റൈൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ ആണ് ഹാഗിയ സോഫിയ എന്ന കത്തീഡ്രൽ നിർമ്മിച്ചത് ‘ ചർച്ച് ഓഫ് ദ് ഹോളി വിസ്ഡം’ എന്ന് ഇതറിയപ്പെട്ടു.പിന്നീട് ഒരു ആയിരം വർഷത്തോളം ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ ദേവാലയം ആയി അത് നിലനിന്നു. റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ എഡി 330ൽ തലസ്ഥാനം റോമിൽ നിന്ന് ബൈസെന്റയിനിലേക്ക് മാറ്റുകയും സ്വന്തം പേര് പട്ടണത്തിനു ഇടുകയും ചെയ്തു. കോൺസ്റ്റാൻറിനോപ്പിളിൽ AD 360 ൽ മരംകൊണ്ടുള്ള ഉള്ള ദേവാലയമാണ് അദ്ദേഹം ആദ്യം പണിതത്. എഡി 404 ഉണ്ടായ ലഹളയിൽ അതു നശിച്ചു. എഡി 405 തിയഡോഷ്യസ് മറ്റൊരു ദേവാലയം പണിതു; അതും നശിപ്പിക്കപ്പെട്ടു. ജസ്റ്റീനിയൻ അധികാരമേറ്റെടുത്തപ്പോൾ ലഹളകൾ അടിച്ചമർത്തുകയും മുൻഗാമി പണിത ദേവാലയത്തിലെ സ്ഥാനത്ത് അതിമനോഹരമായ ഒരു കത്തീഡ്രൽ നിർമ്മിക്കുകയും ചെയ്തു
ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗണിതശാസ്ത്രത്തിന്റെയും ജ്യാമിതിയുടെയും നിയമങ്ങൾ അനുസരിച്ച് പണിതുയർത്തിയ ഈ കെട്ടിട സമുച്ചയം മനുഷ്യന്റെ എക്കാലത്തെയും മികച്ച നിർമാണങ്ങളിൽ ഒന്നാണ്. ഗ്രീസിൽ നിന്നും ഈജിപ്റ്റിൽ നിന്നും സിറിയയിൽ നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. ആയിരത്തോളം തൊഴിലാളികൾ ഒരേ സമയത്ത് അധ്വാനിച്ചാണ് ആണ് നിർമ്മാണം പൂർത്തീകരിച്ചത്. 537 ഡിസംബർ 27ന് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.
എഡി 558ൽ ഉണ്ടായ ഭൂകമ്പം ദേവാലയത്തിന്റെ പ്രധാന താഴികക്കുടം തകർത്തു. അത് പിന്നീട് പുനർ നിർമ്മിക്കുകയും ഉയരം 55.6 മീറ്റർ ആക്കുകയും ചെയ്തു. പിന്നീട് പല ഭൂകമ്പങ്ങളും കെട്ടിടത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെങ്കിലും അതാത് സമയത്ത് ഇത് പുനർനിർമ്മിച്ചു. പിന്നീട് കുരിശുയുദ്ധങ്ങളുടെ കാലമായി. 1204 മുതൽ 1261 വരെ റോമൻ കത്തോലിക്കാ മതത്തിന്റെ പള്ളിയായി അത് മാറി. നിരന്തരമായ യുദ്ധങ്ങൾ ബൈസന്റൈൻ സാമ്രാജ്യത്തെ ദുർബലമാക്കുകയും അവസാനം ഓട്ടോമൻ അധിനിവേശത്തിനു മുൻപിൽ കീഴടങ്ങുകയും ചെയ്തു.
ഇസ്ലാം മതം ലോകത്തെ കീഴടക്കാൻ തുടങ്ങിയപ്പോൾ തന്നെ അതിന്റെ നേതാക്കളുടെ ശ്രദ്ധ ഹാഗിയ സോഫിയയിൽ പതിഞ്ഞിരുന്നു. ഇസ്ലാം സ്ഥാപകനായ മുഹമ്മദ് തന്നെ ആ കെട്ടിടത്തിനകത്ത് വെച്ച് പ്രാർത്ഥിക്കുന്ന ആദ്യത്തെ മുസ്ലിം നേരിട്ട് സ്വർഗ്ഗത്തിൽ പോകും എന്ന് പ്രവചിച്ചിരുന്നുവത്രേ! 1453ൽ തുർക്കികൾ പട്ടണം കയ്യേറിയപ്പോൾ ഹാഗിയ സോഫിയയിൽ വലിയ കവർച്ചകൾ നടന്നു. മൂന്നു ദിവസങ്ങൾക്കുശേഷം സുൽത്താൻ മുഹമ്മദ് II നേരിട്ട് ദേവാലയം സന്ദർശിക്കുകയും അതിന്റെ നിർമ്മാണഗാംഭീര്യം തിരിച്ചറിഞ്ഞു സംരക്ഷിക്കാനും ഒരു മുസ്ലിം പള്ളി ആക്കി മറ്റാനും ഉത്തരവിട്ടു. ക്രൈസ്തവ ആരാധന കേന്ദ്രമായിരുന്നതിനാൽ അവിടെയുണ്ടായിരുന്ന എല്ലാ ക്രൈസ്തവ മതചിഹ്നങ്ങളും ചിത്രങ്ങളും പ്ലാസ്റ്റർ ചെയ്തു മറച്ചു. നാല് മിനാരങ്ങൾ പുതുതായി നിർമിച്ചു. മക്കയ്ക്കു നേരെ തിരിഞ്ഞിരിക്കുന്ന ഒരു മിഹ്രാബും (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. കൂടാതെ മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങൾ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു. ഈസ്റ്റേൺ ഓർതൊഡൊക്സ് സഭയുടെ പാത്രിയർക്കീസിന്റെ ആസ്ഥാനമായും, കത്തൊലിക്ക കത്തീഡ്രലായും,1453 മുതൽ രാജകീയ മസ്ജിദായും നിലകൊണ്ട ഈ ബൈസാന്റിയൻ നിർമ്മിതി 1935-ൽ ആധുനിക തുർക്കിയുടെ സ്രഷ്ടാവ് ,തുർക്കിയുടെ ആദ്യ പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധനായ മതേതര നേതാവ് മുസ്തഫാ കമാൽ അത്താതുർക്കിന്റെ ഭരണകാലത്ത് ഒരു മ്യൂസിയമാക്കി മാറ്റപ്പെട്ടു. അഞ്ചു വർഷങ്ങളുടെ ശ്രമഫലമായാണ് പഴയകാല ചിത്രങ്ങളും രൂപങ്ങളും മറയ്ക്കാൻ ഉപയോഗിച്ച പ്ലാസ്റ്റർ നീക്കം ചെയ്യാൻ കഴിഞ്ഞത്. അക്കാലം മുതൽ ലോകത്തിലെ ഏറ്റവും മികച്ച സ്മാരകങ്ങളിൽ ഒന്നായി ഹാഗിയ സോഫിയ മാറി.1985ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി.അന്നുമുതൽ ഇസ്തംബൂൾ നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയായിയുരുന്നുഹാഗിയ സോഫിയ.
വീണ്ടും മുസ്ലീം പള്ളിയായി
ക്രൈസ്തവ സാമ്രാജ്യത്തിന്റെ കൈയിൽനിന്ന് ആക്രമണത്തിലൂടെ പിടിച്ചുവാങ്ങിയതാണെങ്കിലും ഓട്ടോമാൻ കാലത്ത് ഇസ്ലാമിക ഭരണത്തിന്റെ അഭിമാനമായി അവതരിപ്പിക്കപ്പെട്ട ഹാഗിയ സോഫിയ ഇപ്പോൾ വീണ്ടും ഒന്നു കൂടി മോസ്ക് ആക്കി മാറ്റുമ്പോൾ ഇസ്ലാമിക വർഗ്ഗീയ വാദികൾ ആണ് അതിൽ ഏറ്റവും സന്തോഷിക്കുന്നത്. മ്യൂസിയം പദവി കോടതി റദ്ദാക്കിയതിനെത്തുടർന്ന് 2020 ജൂലൈയിൽ തുർക്കിയുടെഇപ്പോഴത്തെ ഭരണാധികാരി പ്രസിഡന്റ് തയ്യിപ് എർദോഗൻ ഹാഗിയ സോഫിയയെ മുസ്ലിം ആരാധനാലയമായി പ്രഖ്യാപിച്ചു.
മുൻ ഭരണാധികാരിയുടെ മതേതര നിലപാടിനെ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുന്ന എർദോഗൻ ഇസ്ലാമിക മതപ്രീണത്തിന്റെ ഭാഗമായാണ് ഹാഗിയ സോഫിയയുടെ സ്ഥിതി മാറ്റാൻ നിർദേശം നൽകിയത് . സ്വന്തം നാട്ടിലെ തീവ്ര ഇസ്ലാമിക പക്ഷക്കാരെ ഒപ്പം കൂട്ടാൻ അദ്ദേഹത്തിന് ഇതിലൂടെ കഴിയും. മാത്രമല്ല ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമിക മത സാമുദായിക സംഘടനകൾ പിന്തുണയുമായി എത്തിയിട്ടുണ്ട്. പ്രാദേശികമായും ഇസ്താംബൂൾ നഗരത്തിലെ ആളുകൾക്കും മുസ്ലിം പള്ളിയായി മാറ്റുന്നതിന് യോജിപ്പാണുള്ളത്.
അതേസമയം ഹാഗിയ സോഫിയയുടെ ഇത്രവിപുലമായ ചരിത്രപ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടു നൂറ്റാണ്ടുകളായി മതനിരപേക്ഷതയുടെയും സാംസ്കാരിക സമന്വയത്തിന്റെയും പ്രതീകമായി നിലനിന്നുപോന്ന ആ സ്ഥാപനത്തെ ഒരു മതത്തിൻറെ മാത്രം ആരാധനാലയം ആക്കി മാറ്റുന്നതിന് എതിരെ വലിയ പ്രതിഷേധമാണ് ലോകത്തിലെ വിവിധ കോണുകളിൽ ഉയരുന്നത്. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ ഒരു കണ്ണിയായി നിലകൊള്ളുന്ന തുർക്കി കഴിഞ്ഞ ചില പതിറ്റാണ്ടുകളായി കൈവരിച്ച വികസനവും തുറന്ന ചിന്തയും മതനിരപേക്ഷ നിലപാടുകളും പാടെ അവഗണിച്ച് ഇസ്ലാമിക മതരാഷ്ട്രം ആയി മാറുന്നത്തിന്റെ ഭാഗമാണ് ഇതെന്ന് പലരും ചിന്തിക്കുന്നു. തുർക്കിയിൽ മാത്രമല്ല ലോകത്ത് എല്ലാടവും നടക്കുന്ന തീവ്ര മതധ്രുവീകരണത്തിന്റെ ഭാഗമായാണ് സോഫിയയുടെ മാറ്റവും എന്ന് പലരും വീക്ഷിക്കുന്നു . അയൽരാജ്യമായ ഗ്രീസ് ഇപ്പോൾതന്നെ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. സൗത്ത് ഓസ്ട്രേലിയൻ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡണ്ട് ഇമാം മുഹമ്മദ് തൗഹീദ് തുർക്കിയുടെ നീക്കത്തെ ശക്തമായി അപലപിച്ചു കഴിഞ്ഞു. ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഷാക്കി അല്ലാം ഇസ്തംബൂളിന്റെ തീരുമാനത്തെ തുറന്ന് എതിർക്കുകയും മറ്റു മതങ്ങളുടെ സ് സ്ഥാപനങ്ങൾ കയ്യേറുന്നത് ഇസ്ലാമികമല്ല എന്ന് പറയുകയും ചെയ്തു .ലോക നേതാക്കളും സാംസ്കാരിക പ്രവർത്തകരും വലിയ എതിർപ്പുമായി രംഗത്തുണ്ട് .
ഹാഗിയ സോഫിയ നൽകുന്ന സന്ദേശം
സമാധാനത്തിന്റെ മതം എന്ന് സ്വയം വിശേഷിപ്പിച്ചു കൊണ്ട് ലോകത്തിനു മുൻപിൽ വലിയ അവകാശവാദങ്ങൾ ഉയർത്തുന്ന ഇസ്ലാം മത തീവ്രതയുടെ തനിനിറം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്ന സംഭവമായി ഇതിനെ ഇന്ന് പലരും വിലയിരുത്തുന്നു. ആശയത്തിനന്റെ ശ്രേഷ്ഠതയും വിശ്വാസപ്രമാണത്തിന്റെ മഹത്വവും ഊന്നിപ്പറഞ്ഞും ബോധ്യപ്പെടുത്തിയും ആവണം ഏത് പ്രസ്ഥാനവും അണികളെ ചേർത്തു വലുതാവാൻ. എന്നാൽ ബലപ്രയോഗം കൊണ്ടും ഏകാധിപത്യപരമായ തീരുമാനങ്ങൾ കൊണ്ടും അനുയായികളെ കൂട്ടുന്നവർ ചിന്തിക്കാൻ ശേഷിയില്ലാത്ത മതത്തോട് മാത്രം കൂറുള്ള ഒരു കൂട്ടം അണികളെ ആണ് നിർമ്മിക്കുന്നത്.
ബാബരി മസ്ജിദ് ഒരുകൂട്ടം മതഭ്രാന്തന്മാർ തച്ച് തകർത്തപ്പോൾ അത് മതനിരപേക്ഷതയ്ക്ക് ഏറ്റ വൻ മുറിവാണെന്ന് പറഞ്ഞവർ തന്നെ മറുവശത്ത് ഇത് പോലുള്ള ചരിത്ര സ്മാരകങ്ങൾ തങ്ങളുടെ സ്വന്തം വക ആക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. മതനിരപേക്ഷതയുടെ നിർവചനങ്ങൾ രാജ്യാതിർത്തി കടക്കുമ്പോൾ മാറിമറിയുന്നതിൽ അത്ഭുതപ്പെടരുത്, ചിലരുടെ കാര്യത്തിലെങ്കിലും! ഇവിടുത്തെ അന്യായങ്ങൾ അവിടെ ന്യായങ്ങൾ !
അതെ ചരിത്രത്തിന്റെ തനിയാവർത്തനം തന്നെയാണ് ഇസ്താംബൂളിൽ ഇന്ന് നടക്കുന്നത്. ജെറുസലേമിലും അയോധ്യയിലും മക്കയിൽത്തന്നെയും നടന്നതിന്റെ തനിയാവർത്തനങ്ങൾ. ഒരു വിശ്വാസ സമൂഹത്തിന്റെ ആരാധനാലയം തകർത്തു പിടിച്ചടക്കി മറ്റൊരു കൂട്ടർ അവരുടെ ആരാധനാ സ്ഥലമാക്കുന്നു. എല്ലാം ദൈവത്തിന്റെ പേരിലാണെന്നത് അതിലേറെ വിചിത്രം.
എഡി ഒന്നാം നൂറ്റാണ്ടിൽ ഒരു കൂട്ടം മതഭ്രാന്തന്മാർ ക്രൂരമായി ആക്രമിക്കാൻ തയ്യാറെടുക്കുമ്പോൾ അവരുടെ അഭിമാന സ്തംഭമായി വിരാജിച്ചിരുന്ന ജെറുസലേം ദേവാലയത്തെ പരാമർശിച്ചുകൊണ്ട് സ്റ്റീഫൻ എന്ന ചെറുപ്പക്കാരൻ ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘’അത്യുന്നതനായവൻ മനുഷ്യനിർമ്മിതമായ ദേവാലയങ്ങളിൽ കുടികൊള്ളുന്നില്ല ‘’. അഖിലാണ്ഡത്തെ ഉണ്ടാക്കിയവൻ, സകലത്തിനും കാരണഭൂതനായവൻ മനുഷ്യരുടെ നിർമ്മിതികളിൽ വസിക്കുന്നേയില്ല. ഹാഗിയ സോഫിയയുടെ പകിട്ടേറിയ താഴിക കുടത്തിനടിയിൽ സത്യദൈവത്തെ ഒതുക്കാൻ ആർക്കുമാകില്ല. എത്ര കലാമേന്മ അവകാശപ്പെട്ടാലും ഇന്നല്ലെങ്കിൽ നാളെ നിലം പൊത്തുന്ന കല്ലു കൂടാരങ്ങൾ മാത്രമാണവ. അവയെ മുൻനിർത്തി നടത്തുന്ന രാഷ്ട്രീയ ചരടുവലികൾ ഒരു യഥാർത്ഥ ക്രിസ്തു ശിഷ്യന്റെ ദൈവാരാധനക്ക് ഒരു വെല്ലുവിളിയും ഉയർത്തുന്നില്ല.
എന്നാൽ അലോസരപ്പെടുത്തുന്ന വസ്തുത മറ്റൊന്നാണ്. ചരിത്രസ്മാരകത്തിന്റെ വാതിലുകൾ ജുമാ നമസ്കാരത്തിനു തുറന്നു കൊടുക്കുമ്പോൾ മനുഷ്യ ഹൃദയങ്ങളുടെ വാതിലുകൾ മാനവ സഹവർത്തിത്വത്തിനു നേരേ കൊട്ടിയടക്കപ്പെടുകയാണ്; ദൈവം വസിക്കുവാൻ ഇടം തേടുന്നഹൃദയത്തിൻറെ വാതിലുകൾ. മനുഷ്യ ഹൃദയങ്ങളങ്ങളിൽ ദൈവം വസിക്കട്ടെ, സത്യവും നീതിയും സ്നേഹവുമായ ദൈവം. ഇല്ലെങ്കിൽ ചരിത്രം ഇനിയും ആവർത്തിക്കും. കെട്ടിടങ്ങൾക്ക് വേണ്ടി മനുഷ്യൻ ഇനിയും ചോരചിന്തും. മനോരജ്ജ്കങ്ങളായ താഴികക്കുടങ്ങൾ ഇനിയുമിനിയും ഇടിച്ചുനിരത്തി മതാധിനിവേശത്തിന്റെ പകക്കൊടികൾ പാറിക്കും. എന്നാൽ ഒന്നു നമുക്കോർക്കാം , ദൈവത്തിനു വേണ്ട, മനുഷ്യരുടെ നിർമ്മിതികൾ.