എല്ലാം നന്മക്കായ്

പുതിയ സ്ഥലത്ത് ജോലിക്ക് കയറിയ  ആദ്യ ദിവസം തന്നെ ഇത്രേം ലേറ്റ് ആകും എന്ന് കരുതിയില്ല. എന്ത് ചെയ്യും ദൈവമേ, ഈ സ്ഥലം എനിക്ക് അത്രയ്‌ക്കൊട്ടു പരിചയോം ഇല്ല. ഇനിയും വൈകിയാൽ പള്ളിക്കവലയിൽ നിന്നുള്ള രണ്ടാമത്തെ ബസ്സും പോകും. പിന്നെ അര മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടാ അടുത്ത ബസ്സ് എന്നാ കേട്ടത്. അതിനു പോകേണ്ടി വന്നാൽ വീട്ടിൽ എത്തുമ്പോഴേക്കും ഒരുപാട് വൈകും. കാത്തു വീട്ടിൽ ഒറ്റക്കാണ്. എന്നെ കാണാതെ ആ പാവം ചിലപ്പോ പേടിക്കും, ഞാൻ നടത്തം വേഗത്തിൽ ആക്കി. 

മുമ്പ് ജോലി ചെയ്തിരുന്നത് വീടിന് അടുത്ത് തന്നെയായിരുന്നു. എന്നാൽ അവിടുന്ന് കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ട് ഒന്നും ആകുന്നില്ല. അതുകൊണ്ടാണ് കുറച്ചു ദൂരെ ആണെങ്കിലും ഈ ഓഫീസിൽ കയറിയത്. ഇവിടുത്തെ സാറ് വലിയ ദേഷ്യക്കാരൻ ആണെങ്കിലും 9000 രൂപ മാസം തരാന്ന് പറഞ്ഞു. പല സാധനങ്ങളുടെയും export and import ആണ് അവിടെ ചെയ്യുന്നത്. ഞാൻ അതിന്റെ കണക്ക് ക്ലിയർ ചെയ്ത കൊടുത്താൽ മതി. സാറിനു അറുപതിനോട്‌ അടുത്ത് പ്രായം കാണും.  ഗൗരവവും മുൻശുണ്ഠിയും മുഖത്തുനിന്നു തന്നെ വായിച്ചെടുക്കാം. മുപ്പത് ബില്ലുകൾ തന്നിട്ട് അത് സിസ്റ്റത്തിൽ എന്റർ ചെയ്തിട്ട് പോയാൽ മതി എന്ന് പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ ചെയ്തിട്ടും ഇറങ്ങാൻ താമസിച്ചു. രണ്ടാമത്തെ ബസ്സ് കിട്ടിയില്ലെങ്കിൽ… എന്റെ കാത്തു ഒറ്റക്ക്.

10 വയസ്സ് ഉള്ളപ്പോഴേ അച്ഛനെയും അമ്മയെയും ഒരു അപകടത്തിലൂടെ നഷ്ട്ടമായി. സ്വന്തം എന്ന് പറയാൻ പിന്നെ ഉള്ളത് മുത്തശ്ശി മാത്രം. കാത്തു എന്ന  കാർത്തിയായിനി. ഒരുപാട് കഷ്ടപ്പെട്ടാണ് മുത്തശ്ശി  വളർത്തിയത്.ഒത്തിരി വീടുകളിൽ അടുക്കളപ്പണി ചെയ്ത് കിട്ടുന്നതു കൊണ്ട് പഠിപ്പിച്ചു. സ്വന്തം എന്ന് പറയാൻ ഒരു ചെറിയ വീടുണ്ട്. മൺകട്ടകൾ കൊണ്ട് മുത്തശ്ശൻ പണിത വീട്. ഏതെങ്കിലും ഒരു പെരുമഴയിൽ നിലംപൊത്തി വീഴാൻ തയാറായി നിൽപ്പാണ്. മഴക്കാലത്ത് ജീവൻ പണയം വെച്ചാണ് ആ വീട്ടിൽ അന്തിയുറങ്ങുന്നത്. 

ഒരു നല്ല വീട് പണിയണം. മുത്തശ്ശിയെ ഒരു കുറവും വരാതെ നോക്കണം. അങ്ങനെ കുറച്ച് ആഗ്രഹങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ട്. അതിന് ഒരു ജോലി അത്യാവശ്യം ആണ്. സാർ എത്ര ദേഷ്യപ്പെട്ടാലും സഹിച്ചു നിന്നേ പറ്റു. ഇത്രയും വൈകും എന്ന് കരുതിയില്ല. കാത്തുവിനെ വിളിച്ചു കാര്യം പറയാനും പറ്റില്ല. കാശ് അടക്കാത്തതുകൊണ്ട് ലാൻഡ് ഫോൺ കണക്ഷൻ കട്ട്‌ ആയിട്ട് ഒരാഴ്ച ആയി. 

മഴ തകർത്ത് പെയ്യാൻ തുടങ്ങി. പള്ളിക്കവലയിലേക്ക് ഇനിയും നടക്കാൻ ഉണ്ട്. അങ്ങോട്ടേക്ക് രണ്ട് വഴികൾ ഉണ്ട്. അതിൽ എളുപ്പ വഴിയിൽ കൂടെ പോയാൽ രണ്ടാമത്തെ ബസ്സ് കിട്ടും. ആ വഴി തന്നെ പോകാം. ഞാൻ കുടയും ചൂടി വേഗം നടന്നു. 

ആ ഇടവഴിയിലേക്ക് കേറാൻ തുടങ്ങിയപ്പോഴാണ് രണ്ട് നായകൾ ആ വഴിക്ക് കിടന്നു കടിപിടി കൂടുന്നു. അടുത്തേക്ക് ചെന്നാൽ അവ എന്റെ നേർക്ക് തിരിയും. ഞാൻ എന്താ ചെയ്യാ. എല്ലാം എനിക്ക് പ്രതികൂലം ആണല്ലോ ദൈവമേ. എന്താ എന്നോട് ഇങ്ങനെ ചെയ്യുന്നേ. അങ്ങോട്ട്‌ കേറാൻ പോലും ഇവർ സമ്മതിക്കില്ല. മറ്റേ വഴി തന്നെ പോകാം. ഇനി ലാസ്റ്റ് ബസ്സിനേ പോക്ക് നടക്കൂ. 

ദിവാകരേട്ടനെ ഒന്ന് വിളിച്ചു പറഞ്ഞാലോ. ഓട്ടം കഴിഞ്ഞ് വീട്ടിൽ പോകുന്ന വഴി എങ്കിലും കാത്തുനോട്‌ വിവരം പറയാല്ലോ. ഞാൻ ഫോൺ എടുത്തു. ഫോൺ ചാർജ് ഇല്ലാതെ ഓഫ്‌ ആയി പോയി എന്ന് അപ്പോഴാണ് കണ്ടത്. എല്ലാം കൊണ്ടും ഒരു തീരുമാനം ആയി. ഉച്ചക്ക് തിരക്ക് കാരണം ആഹാരം ശരിക്കും കഴിക്കാൻ പോലും കഴിഞ്ഞില്ല. ശരീരം ആകെ തളരുന്നതു പോലെ തോന്നി. 

ചുറ്റും ഇരുട്ട് നന്നായി കട്ടപിടിച്ചു തുടങ്ങിയിരുന്നു. അതെന്നെ പേടിപ്പിക്കാതിരുന്നില്ല. കാത്തുവിനെ ഓർത്തപ്പോൾ എങ്ങനെയും പെട്ടന്ന് വീട്ടിൽ എത്തണം എന്ന ചിന്ത, അതെനിക്ക് വല്ലാത്തൊരു ധൈര്യം പകർന്നു. എന്റെ കാലുകൾക്ക് വേഗത കൂടി. സത്യത്തിൽ ഞാൻ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു. 

എങ്ങനെയൊക്കെയോ പള്ളിക്കവലയിൽ എത്തിപ്പെട്ടു. ബസ്സ് വരാൻ ഇനിയും 15 മിനിറ്റ് സമയം എടുക്കും. എങ്ങനെ ഞാൻ ഈ സമയത്ത് ഇവിടെ ഒറ്റക്ക് നിൽക്കും.  ഞാൻ വേഗം ബസ്സ് സ്റ്റോപ്പിലേക്ക് ചെന്നു. അവിടെ നിൽക്കുന്ന ആളെ കണ്ടപ്പോൾ ചെറിയൊരു ആശ്വാസം. ശാരദേച്ചി.. വീടിന് അടുത്തുള്ള ചേച്ചിയാണ്. 

“അനുക്കുട്ടി നീ ഈ സമയത്ത് എന്താ ഇവിടെ.”

“എനിക്ക് ഇപ്പൊ ഇവിടാ ചേച്ചി ജോലി. ഇന്ന് ജോയിൻ ചെയ്തതേ ഉള്ളൂ. അവിടെ നിന്നും ഇറങ്ങിയപ്പോ താമസിച്ചു പോയി. “

“അതു ശരി… ഞാൻ എന്റെ വീട്ടിൽ പോയതായിരുന്നു. അമ്മയ്ക്ക് തീരെ വയ്യ മോളെ. ഹോസ്പിറ്റലിൽ കൊണ്ടുപോയി, പിന്നെ ഏട്ടന്റെ വീട്ടിൽ വിട്ടിട്ടു വന്നപ്പോഴേക്കും സമയം വൈകി.”

ദൈവം എനിക്കായി ശാരദേച്ചിയെ ഈ സമയത്ത് കൊണ്ടെത്തിച്ചപോലെ ഞങ്ങൾ സംസാരിച്ചു നിന്നപ്പോൾ ബസ്സ് വന്നു. അര മണിക്കൂർ ദൂരം ഉണ്ട് വീട്ടിലേക്ക്. മഴയും ശക്തമായ കാറ്റും ഇതുവരെ തോർന്നിട്ടില്ല. തകർത്തു പെയ്യുകയാണ്. ഇത്രെയും നാളും അടക്കി വെച്ചിരുന്ന മനസ്സിലെ ഭാരം മുഴുവൻ പെയ്തിറക്കും പോലെ.

ബസ്സിറങ്ങി ഞാനും ശാരദേച്ചിയും വേഗം നടന്നു. എന്റെ വീടിന് അടുത്തൊരു ആൾക്കൂട്ടം. 

“എന്റെ കാത്തു”

ഞാൻ വീട്ടിലേക്ക് ഓടി. മുമ്പിൽ കണ്ട കാഴ്ച്ച…. വീട് നിലം പതിച്ചിരിക്കുന്നു. അമ്മയിൽ നിന്നും അകറ്റിയ കുഞ്ഞ് വീണ്ടും അമ്മയുടെ നെഞ്ചോടു ചേരാൻ വെമ്പുന്നതുപോലെ മഴയിൽ കുതിർന്ന മൺകട്ടകൾ മണ്ണിനോട്‌ അലിഞ്ഞു ചേരാൻ തിടുക്കം കൂട്ടുന്നു.

“കാത്തു…… “അതൊരു അലർച്ചയായിരുന്നു. ഞാൻ തളർന്നിരുന്നുപോയി. ഇനി ആരുണ്ട് ഈ ലോകത്തിൽ എനിക്കായി കാത്തിരിക്കാനും എന്നെ സ്നേഹിക്കാനും. 

പെട്ടന്നൊരു കൈ എന്റെ തോളിൽ പതിഞ്ഞു. എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ തൊടുന്നതു പോലൊരു സ്പർശം. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഞാൻ മിഴികൾ ഉയർത്തി നോക്കി. 

“കാത്തു…”

“മോളേ, അനു…..”

ഞാൻ കാത്തുവിനെ കെട്ടിപിടിച്ചു. നഷ്ട്ടപ്പെട്ടു എന്ന് കരുതിയ ജീവൻ തിരിച്ചു കിട്ടിയ പോലെ. കാത്തുവിന്റെ ചുക്കി ചുളിഞ്ഞ കവിളിൽ ഞാൻ നിർത്താതെ മുത്തം കൊടുത്തു. 

“ഞാൻ ഓട്ടം കഴിഞ്ഞു പോന്നപ്പോ മുത്തശ്ശി എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. അനുവിനെ കാണാൻ ഇല്ല എന്ന് പറഞ്ഞ്. ഞാനും കുറേ പ്രാവശ്യം മോളുടെ ഫോണിലേക്ക് വിളിച്ചു. കിട്ടിയില്ല. അതു കൊണ്ട് ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പോയതാ. പരാതി കൊടുക്കാൻ” ദിവാകരേട്ടൻ പറഞ്ഞു. 

“അതേതായാലും നന്നായി. അതുകൊണ്ട് മുത്തശ്ശി രക്ഷപെട്ടു. മുത്തശ്ശി എങ്ങാനും വീട്ടിൽ ഉണ്ടായിരുന്നെങ്കിലോ. ചിന്തിക്കാൻ പോലും വയ്യ. ” ശാരദേച്ചി ആശ്വാസത്തോടെ പറഞ്ഞു. 

അതെ എനിക്ക് നേരത്തെ ഇറങ്ങാൻ കഴിയാത്തതും ബസ്സ് കിട്ടാത്തതും ഫോൺ ഓഫ്‌ ആയതും ഒക്കെ എത്ര നന്നായി. ഇല്ലെങ്കിൽ എന്റെ കാത്തുവിനെ എനിക്ക് നഷ്ടമായേനേ.

ആ സമയത്ത് ദൈവം എന്തു കൊണ്ടാണ് ‘എന്നെ കാണാതിരുന്നത് , മനസ്സിലാക്കാതിരുന്നത് എന്നൊക്കെ ചിന്തിച്ചിരുന്നു. പക്ഷെ ആ നടന്നത് എല്ലാം എന്റെ നല്ലതിന് വേണ്ടി ആയിരുന്നു. അത് മനസ്സിലാക്കാൻ എനിക്ക് അപ്പോൾ കഴിയാതെ പോയി.

Athira Das
Athira Das
എറണാകുളം ജില്ലയിലെ പിറവത്തുനിന്നും ഉള്ള ഒരു കഥാകാരി. Scribe Tribe എഴുത്തുകൂട്ടത്തിലെ ഒരു അംഗം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular