അറുപതിന്റെ ചെറുപ്പം

മാരത്തോൺ എന്ന പദം നമുക്കെല്ലാം പരിചിതമാണ്. 490 ബിസിയിൽ നടന്ന മാരത്തോൺ യുദ്ധത്തിൽ പേർഷ്യക്കാരെ  തോൽപ്പിച്ച സന്തോഷവർത്തമാനം ഏതൻസിൽ അറിയിക്കാൻ ഓടിയ ഗ്രീക്ക് പട്ടാളക്കാരൻ ഫൈഡിപ്പിഡസിന്റെ  ഓർമ്മയിൽ ആണത്രേ മാരത്തോൺ ഓട്ടമത്സരം സ്ഥാപിച്ചത്. മാരത്തോണിൽ നിന്ന് ഏതൻസ് വരെ നിർത്താതെ ഓടിയ അദ്ദേഹം ‘’നമ്മൾ വിജയിച്ചു’’ എന്ന് വിളിച്ചു പറഞ്ഞു നിലത്തുവീണു മരിച്ചുപോയെന്ന് ചരിത്രം പറയുന്നു.

അൾട്രാ മാരത്തോൺ എന്ന പദം നമുക്കത്ര  സുപരിചിതം അല്ല. മാരത്തോൺ ദൂരത്തേക്കാൾ കൂടുതൽ ദൈർഘ്യമുള്ള മത്സരമാണ് അൾട്രാ മാരത്തോൺ. 42.195 കിലോമീറ്റർ ഓട്ടം തന്നെ കായികതാരങ്ങൾക്ക് വലിയ വെല്ലുവിളി ആയിരിക്കെ അതിലും കൂടുതൽ ദൂരം ഉള്ള അൾട്രാ മാരത്തോൺ എത്ര ബുദ്ധിമുട്ടേറിയ ഒന്നാകും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ .

അക്കൂട്ടത്തിൽ പെട്ട ഏറ്റവും ദൈർഘ്യമേറിയ ഒരു മത്സരമായിരുന്നു 1983 മുതൽ 1991 വരെ നടത്തിയ സിഡ്നി-മെൽബോൺ അൾട്രാ മാരത്തോൺ. Westfield അൾട്രാ മാരത്തോൺ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ദൂരം 960  കിലോമീറ്റർ! ലോകത്തിലെ ഏറ്റവും കഠിനമായ കായികമത്സരങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. മനുഷ്യന്റെ കായികക്ഷമതയും തരണം ചെയ്യൽ ശേഷിയും ഏറ്റവും ആഴത്തിൽ പരീക്ഷിക്കപ്പെടുന്ന ഇടം. ആ മത്സരത്തിലെ ഉദ്ഘാടന വർഷം 1983ലെ വിജയം തികച്ചും അപ്രതീക്ഷിതവും ലോകത്തെ ഞെട്ടിച്ചതുമായിരുന്നു.

അൾട്രാ മാരത്തോൺ ഉദ്ഘാടന മത്സരത്തിൽ വന്നെത്തിയ ഒരു മത്സരാർത്ഥിയെ കണ്ടു കാണികളും പത്രക്കാരും ഒരുപോലെ ഞെട്ടി. 61 വയസ്സ് പ്രായമുള്ള ഒരു വയസ്സൻ അപ്പൂപ്പൻ! വായിൽ പല്ല് ഒന്നുപോലുമില്ല!  ഓടി വന്നപ്പോൾ വായിൽ നിന്നും തെറിച്ചു പോയതാണ്ത്രേ! ധരിച്ചിരിക്കുന്നതാകട്ടെ വലിയ ഗം ബൂട്ടുകളും അയഞ്ഞ ഒറ്റ കുപ്പായവും.  ഈ വയസ്സാൻ കാലത്ത് ഇയാൾ ഇതെന്തിനുള്ള പുറപ്പാടാണ് എന്ന് കണ്ടവർ അത്ഭുതം കൂറി.  “ഓടാനോ? ഈ കിളവൻ ഓടിയാൽ ഏതാനും മണിക്കൂർ കഴിയുമ്പോൾ ശവം വണ്ടിയിൽ കയറ്റി കൊണ്ടു വരുന്നത് കാണാം’’ പലരും അടക്കം പറഞ്ഞു. എന്നാൽ ആളുകളുടെ അഭിപ്രായ പ്രകടനങ്ങൾ ഒന്നും എന്നെ ബാധിക്കില്ല എന്ന മട്ടിൽ ആ വയസ്സൻ നിന്നു. “മത്സരം കഴിഞ്ഞാൽ എന്താണ് പരിപാടി ‘’ ഒരു പത്രലേഖകൻ അദ്ദേഹത്തോടു ചോദിച്ചു. “കഴിഞ്ഞാലുടനെ എനിക്കൊന്ന് ശുചിമുറിയിൽ പോകണം” അയാൾ മറുപടി പറഞ്ഞു

മത്സരം ആരംഭിച്ചു. മറ്റുള്ള പരിചയസമ്പന്നരായ മത്സരാർത്ഥികൾ ശാസ്ത്രീയമായ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഓട്ടം തുടങ്ങിയപ്പോൾ ആ വയസ്സൻ ആകട്ടെ ഒരുമാതിരി അലസഗമനം നടത്തി.  ഒട്ടും ആവേശം ഇല്ലാതെ ഉഴപ്പി ഓടുന്നത് പോലെ കാഴ്ചക്കാർക്ക് തോന്നി. അതുകൊണ്ടുതന്നെ ആദ്യ ദിവസത്തിന്റെ ഒടുവിൽ അയാൾ ഏറെ പിന്നിലായി. ദീർഘദൂര മത്സരത്തിലെ സ്ഥിരം കായികതാരങ്ങൾ  ബഹുദൂരം മുന്നിലായി. 18 മണിക്കൂർ ഓട്ടവും ആറുമണിക്കൂർ ഉറക്കവും ആണ് അൾട്രാ മാരത്തോൺ മത്സരാർത്ഥികൾ സാധാരണ പിന്തുടരുന്ന ക്രമം. എന്നാൽ ആ വയസ്സൻ അതൊന്നും കാര്യമാക്കിയില്ല.  ആദ്യരാത്രിയിൽ അദ്ദേഹം ഉറങ്ങിയത് വെറും രണ്ടു മണിക്കൂർ മാത്രം. ദിവസങ്ങൾ രണ്ടുമൂന്ന് കഴിഞ്ഞതോടെ വൃദ്ധൻ ലീഡ്  തിരിച്ചു പിടിക്കാൻ തുടങ്ങി. അധികം ഊർജ്ജം ചെലവഴിക്കാതെ അലസഗമനം നടത്തിയ അയാളുടെ ഓട്ടത്തിന്റെ രീതി കാരണം അദ്ദേഹം മറ്റുള്ളവരെപോലെ ക്ഷീണിതനായില്ല. അവസാനം ഫിനിഷിങ് പോയിന്റിൽ  എത്തിയപ്പോൾ എല്ലാവരെയും അത്ഭുത സ്തബ്ധരാക്കി .അയാൾ ഒന്നാമത് എത്തി.  ഏറ്റവും അടുത്ത എതിരാളിയേക്കാൾ 10 മണിക്കൂർ മുൻപിൽ അദ്ദേഹം വിജയരേഖ സ്പർശിച്ചു. എടുത്ത സമയം അഞ്ചു ദിവസം 15 മണിക്കൂർ 4 മിനിറ്റ്. അതായത് ഒരു മണിക്കൂറിൽ ശരാശരി 6.5 കിലോമീറ്റർ വേഗത!

അദ്ദേഹത്തിന്റെ പേര് ആൽബർട്ട് ഏർണസ്റ്റ് ക്ലിഫ്ഫോർഡ് യങ്.  ഓസ്ട്രേലിയക്കാരൻ കർഷകൻ!  ഉരുളക്കിഴങ്ങ് കൃഷിയും ആടുമേക്കലും  ജോലികൾ.  തുടക്കത്തിൽ പറഞ്ഞതുപോലെ തന്നെ ജയിച്ച ഉടനെ അദ്ദേഹം  ശുചിമുറിയിലേക്ക് പോയി. തിരിച്ചു വന്നപ്പോൾ ആശ്ചര്യത്തോടെ പത്രലേഖകർ അദ്ദേഹത്തെ പൊതിഞ്ഞു.

രണ്ടായിരം ഏക്കർ വിസ്തൃതിയുള്ള ഒരു വലിയ കൃഷിത്തോട്ടത്തിൽ ആയിരക്കണക്കിന് ആടുകളെ അദ്ദേഹം വളർത്തിയിരുന്നു കാലാവസ്ഥ വിഭാഗം കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ നൽകുമ്പോൾ ആടുകളെ സുരക്ഷിതരായി  ഷെഡ്ഡിൽ എത്തിക്കുവാൻ അവയുടെ പിന്നാലെ ഓടുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു.

രണ്ടും മൂന്നും ദിവസം തുടർച്ചയായി ഓടിയാലേ വിസ്തൃതമായ ആ ഫാമിൽ ആടുകളെ സുരക്ഷിതരായി എത്തിക്കാനാകൂ. ആ  പരിചയമാണ് അദ്ദേഹത്തെ തുണച്ചത്. ‘എന്റെ പിന്നാലെ ഒരു കൊടുങ്കാറ്റ് വരുന്നുണ്ടെന്നും അത് എത്തുന്നതിനുമുമ്പ് ഫിനിഷിംഗ് ലൈനിൽ എത്തി ആടുകളെ സുരക്ഷിതർ ആക്ക ണം എന്നും ഞാൻ ഭാവനയിൽ ചിന്തിച്ച് ഓടുകയായിരുന്നു’ എന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞു.

എല്ലാവരെയും ഞെട്ടിച്ചു  ഒന്നാമത് എത്തിയെങ്കിലും സമ്മാനത്തുകയായ ലഭിച്ച 10,000 ഡോളർ സ്വന്തമായി എടുക്കാൻ യങ് ശ്രമിച്ചില്ല. കൂടെ മത്സരിച്ച എല്ലാവര്ക്കും തുല്യമായി വീതിച്ച് നൽകി ഒരു പുതിയ മാതൃക കാണിക്കാനും അദ്ദേഹം തയ്യാറായി.

മുൻ ധാരണകൾക്ക് വ്യത്യസ്തമായി കാര്യങ്ങൾ നടക്കാം എന്നും, തികഞ്ഞ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും കയ്യിലുണ്ടെങ്കിൽ അപ്രാപ്യം എന്ന് തോന്നുന്ന ലക്ഷ്യങ്ങൾ പോലും ഭേദിക്കാൻ കഴിയും എന്നും ക്ലിഫോർഡ്  യങിന്റെ  ജീവിത കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular