ശിലായുഗത്തിൻറെ ബാക്കിപത്രം പോലെ പ്രാചീന ഭാവനായ കൃശഗാത്രനായ ഒരു മനുഷ്യൻ. കഴുത്തിൽ പന്നിത്തേറ്റ കെട്ടിയ കല്ലുമാല, കാതിൽ കൈതോലപ്പൂ വണ്ടിച്ചക്രം പോലെ ചുറ്റി വച്ച കമ്മൽ. തലയിൽ പല നിറമുള്ള തൂവൽ കൊണ്ട് അലങ്കരിച്ച് കിരീടം. അസ്പഷ്ടമായ പതിഞ്ഞ ഭാഷയിലുള്ള സംസാരം. മുഖത്ത് തെളിയുന്നത് വിശാലമായ പുഞ്ചിരിയും ശാന്തമായ ഭാവവും. ലോകത്തെമ്പാടും നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ആംസ്റ്റർഡാം 2000 കോൺഫറൻസിൽ പങ്കെടുത്തു സംസാരിച്ച ഈ മനുഷ്യന്റെ വാക്കുകൾക്ക് പ്രതിനിധികൾ ശ്രദ്ധയോടെ ചെവിയോർത്തു. മനുഷ്യ വർഗ്ഗത്തിലെ ദീർഘമായ ചരിത്രത്തിൽ എപ്പോഴോ എവിടെയോ മറ്റു മനുഷ്യരുമായുള്ള സമ്പർക്കം നഷ്ടപ്പെട്ട് ഉൾവനങ്ങളുടെ അകത്തളങ്ങളിൽ ഒറ്റപ്പെട്ടുപോയ ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയാണ് അയാൾ. പുറംലോകവുമായുള്ള ബന്ധങ്ങൾ നഷ്ടപ്പെട്ടതോടെ വന്യമായ സംസ്കാരത്തിന്റെ ജീവിതക്രമത്തിൽ അതിന്റെ ഭാഗമായി മാറുകയായിരുന്നു ആ ജനത . ചുറ്റും ജനപദങ്ങൾ വികസനത്തേരിലേറി അഭിവൃദ്ധിയുടെ ഉയരങ്ങൾ കീഴടക്കിയപ്പോൾ അതുവരെ സ്വായത്തമായതെല്ലാം നഷ്ടമാക്കി മൃഗപ്രായരായി സ്വയം അരികുവൽക്കരിക്ക്കുകയായിരുന്നു ആ ഗോത്രസമൂഹം.
അയാളുടെ പേരാണ് മിൻകായി. തനത് ഗോത്ര ഭാഷയിൽ ‘’കടന്നൽ’’ എന്നാണ് ആ വാക്കിനർത്ഥം. ശരിക്കും ഒരു കടന്നൽ പോലെ തന്നെയാണ് അയാളുടെ ജീവിതവും. ഇഷ്ടപ്പെടാത്ത എന്തിനേയും കടന്നാക്രമിച്ച് കുത്തിക്കൊല്ലും . മിൻകായി ഉൾപ്പെട്ട വറൂണി ഗോത്രത്തിലെ പൊതു രീതിയായിരുന്നു അത്. വർഷങ്ങൾക്ക് മുമ്പ് നടന്ന അത്തരമൊരു നീചമായ ആക്രമണത്തിൽ പിതാവിനെ നഷ്ടപ്പെട്ട ഒരു പുത്രനാണ് പിതൃഘാതകനെയും കൊണ്ട് ഈ കോൺഫറൻസിൽ വന്നത് എന്നുള്ളതാണ് ചരിത്രത്തിന്റെ വിപര്യയം.
അതെ, ക്രൈസ്തവ ചരിത്രത്തിലെ താളുകളിൽ ഒരിക്കലും മറക്കാത്ത വിധം അടയാളപ്പെടുത്തിയ നിഷ്ഠൂരമായ ഒരു കൊലപാതകത്തിന് സൂത്രധാരൻമാരിൽ ഒരാളായിരുന്നു മിൻകായി. 1956ൽ ഇക്വഡോറിലെ ആമസോൺ വനാന്തരങ്ങളിൽ അഞ്ച് യുവ മിഷണറിമാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ വറൂണി എന്ന കിരാത ഗോത്രസംഘത്തിലെ അംഗമായിരുന്നു മിൻകായി.
തെക്കൻ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ നിരവധി ആദിവാസി ഗോത്രങ്ങൾ താമസിച്ചിരുന്നു. അവരിൽ ഏറ്റവും കിരാതമായ ഗോത്രമായി അറിയപ്പെട്ട ഒന്നാണ് വറൂണി. മറ്റു ഗോത്രക്കാർ അവരെ വിളിച്ച് പേരാണ് ഔക്കകൾ. ‘’നഗ്നരായ കൊലപാതകികൾ’’ എന്നാണ് ആ വാക്കിനർത്ഥം. കാരണം കൊല്ലുക എന്നുള്ളത് അവരുടെ ഇടയിലെ ഏറ്റവും സാധാരണ കാര്യമായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഉൾവനങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന ഗോത്രവർഗ്ഗ ഗ്രാമങ്ങൾ തമ്മിൽ നിരന്തരമായി നടന്നിരുന്ന ആക്രമണങ്ങൾ, കുടിപ്പകകൾ, ദിനംപ്രതിയെന്നോണം നടക്കുന്ന കൊലപാതകങ്ങൾ. ആരെ ഇഷ്ടമല്ലെങ്കിലും അടുത്തപടി കൊല്ലുക- ഇതായിരുന്നു അവരുടെ രീതി. വറൂണികൾ അല്ലാത്ത മറ്റ് ആദിവാസി ഗോത്രങ്ങൾ ഇവരെ വലിയ ഭയത്തോടെ കണ്ടു. യന്ത്രത്തോക്കുകൾ കൈവശമുണ്ടായിരുന്ന സ്പാനിഷ് അധിനിവേശക്കാർ പോലുംഔക്കകളെ ഭയന്നിരുന്നു. വന്യമൃഗങ്ങളെ പോലും അതിശയിപ്പിക്കും വിധം കാടിനോട് ഇണങ്ങി ജീവിച്ച അവർ ഒരു ഇല പോലും അനങ്ങാതെ പതിയിരുന്ന് ഞൊടിയിടയിൽ ആക്രമിച്ച് കൊല്ലുവാൻ മിടുക്കരായിരുന്നു. ദൂരെ നിന്നും കുന്ത മെറിഞ്ഞു വീഴ്ത്തി കൊല്ലാൻ പ്രതേക പരിശീലനം അവർക്കുണ്ടായിരുന്നു.. പ്രത്യേക കമ്പു കൊണ്ട് നിർമ്മിച്ച കൂർപ്പിച്ച കുന്തങ്ങൾ കയ്യിൽ ഏന്തിയാണ് ഔക്കകൾ ആക്രമിക്കാൻ വരുന്നത്. ഒരാളുടെ കൈവശം നാലോ അഞ്ചോ കുന്തങ്ങൾ ഉണ്ടാകും. ദൂരെ നിന്നും ശത്രുവിൻറെ നെഞ്ചു നോക്കി അല്ലെങ്കിൽ തല നോക്കി കുന്തം എറിഞ്ഞ് വീഴ്ത്തുവാൻ അവർക്ക് നല്ല മിടുക്കുണ്ടായിരുന്നു.
1956 ജനുവരി എട്ടാം തീയതി ആണ് ലോകത്തെ നടുക്കിയ അഞ്ച് യുവാക്കളുടെ കൊലപാതകം അരങ്ങേറിയത്. ഔക്കകൾക്കിടയിൽ സുവിശേഷം അറിയിക്കുക എന്ന ഉദാത്ത ദൗത്യവുമായി അവരെ സന്ധിക്കാൻ ചെറുവിമാനത്തിൽ കയറി ഉൾക്കാടുകളിൽ പോയ ആ യുവ മിഷനറിമാരെ പതിയിരുന്ന് ആക്രമിച്ച ഔക്കകൾ അവരെ കുന്തമെറിഞ്ഞു കൊന്നു വീഴ്ത്തി. ജിം എലിയറ്റ് ,റോജർ യുഡറിൻ, എഡ് മക്കുള്ളി ,പീറ്റ് ഫ്ലെമിംഗ്, നേറ്റ് സെയ്ന്റ് ഇതാണ് ആ അഞ്ചുപേർ.
അതിൽ ചെറു വിമാനത്തിന്റെ പൈലറ്റ് ആയിരുന്ന നേറ്റ് സെയ്ന്റിന്റെ പുത്രൻ സ്റ്റീവ് സെയ്ന്റ് ആണ് മിൻകായിയെ ആംസ്റ്റർഡാമിൽ കൊണ്ടുവന്നത്. ഗോത്രവർഗ്ഗഭാഷയുടെ അസ്പഷ്ടതയോടെ പതിഞ്ഞ ശബ്ദത്തിൽ മിൻകായി പറഞ്ഞു തുടങ്ങി. ’’ ഞങ്ങൾ വളരെ അക്രമകാരികൾ ആയിരുന്നു. ഒരു കാരണവും കൂടാതെ ഞങ്ങൾ കൊലപാതകങ്ങൾ നടത്തി, ഞങ്ങളുടെ കാട്ടു പാതകളിലൂടെ ഞങ്ങൾ ലക്ഷ്യമില്ലാതെ ഓടിക്കൊണ്ടിരുന്നു. അവസാനം ദൈവം തൻറെ കൈയെഴുത്തു സന്ദേശം ഞങ്ങളെ അറിയിച്ചു തന്നു. അതിലൂടെ ദൈവത്തിന്റെ പാതയിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു. ദൈവത്തിന്റെ പുത്രൻ സ്വന്തം രക്തം വീഴ്ത്തി കാട്ടു പാതയിൽ നിന്നും ദൈവ പാതയിലേക്കുള്ള വഴി കാണിച്ചുതരുന്നു.’’ ആംസ്റ്റർഡാമിൽ ഏറ്റവുമധികം ശ്രദ്ധ നേടിയതും കൈയ്യടികൾ ഉയർന്നതുമായ സന്ദേശമായിരുന്നു മിൻകായുടേത്.
സ്റ്റീവും മിൻകായിയും തമ്മിലുള്ള സൗഹൃദം വളരെ സുന്ദരമായിരുന്നു. നേറ്റ് സെയ്ന്റിനെ കൊന്നതിനാൽ അദ്ദേഹത്തിന്റെ മകനോട് തനിക്ക് ഒരു പ്രത്യേക ഉത്തരവാദിത്വം ഉണ്ട് എന്ന് മിൻകായി ഉറപ്പിച്ചു. അങ്ങനെ അദ്ദേഹം സ്റ്റീവിനെ തന്റെ മകനായി അംഗീകരിച്ചു. സ്റ്റീവ് അദ്ദേഹത്തെ പിതാവായും സ്വീകരിച്ചു. സ്റ്റീവിന്റെ മക്കൾ അയാളെ വല്യപ്പൻ ആയി സ്വീകരിച്ചു.. സ്റ്റീവും കുടുംബവും നിരവധി വർഷങ്ങൾ ഇവരോടു കൂടെ വനത്തിൽ താമസിച്ചു. സ്റ്റീവിനൊപ്പം അമേരിക്കയിൽ സന്ദർശനം നടത്തിയ മിൻകായി അവിടെ നിരവധി സഭകളിലും പൊതുവേദികളിലും ആദിവാസി ഗോത്ര രീതികളെക്കുറിച്ചും സുവിശേഷം അവരിൽ എത്തിച്ച മാറ്റത്തെക്കുറിച്ചും പ്രസംഗിച്ചു. സുവിശേഷ ത്തിന്റെ പരിവർത്തന ശേഷി ലോകം നേരിട്ട് കണ്ടറിഞ്ഞ് അനുഭവങ്ങളായിരുന്നു അത്. പരിഷ്കൃത ലോകത്തിന്റെ പ്രതിനിധിയായി ആധുനിക സൗകര്യങ്ങളുടെ നിറവിൽ നിൽക്കുന്ന ഒരു അമേരിക്കക്കാരൻ ആമസോൺ മഴക്കാടുകൾക്കുള്ളിൽ പരിഷ്കരണത്തിന്റെ വെളിച്ചം അല്പംപോലും കടന്നുചെല്ലാത്ത ഇരുണ്ട കാട്ടിൽ താമസിക്കുന്ന ഒരു പ്രാകൃത ആദിവാസിയെ, അതും ചില വർഷങ്ങൾക്ക് മുമ്പ് സ്വന്തം പിതാവിനെയും കൂട്ടുകാരെയും അതിക്രൂരമായി കൊലപ്പെടുത്തിയ ഒരു വ്യക്തിയെ, തന്റെ പിതാവായി അംഗീകരിക്കുന്നു. ജീവിത രൂപാന്തരം, മാനസാന്തരം, ക്ഷമ, സ്വീകാര്യത, കറകളഞ്ഞ സൗഹൃദം എന്നിവയുടെയെല്ലാം ഉദാത്ത മാതൃകയായി ആ സംഭവം നിലകൊണ്ടു. സ്റ്റീവിന്റെ കുടുംബവും മിൻകായോട് സ്നേഹാദരവുകൾ പ്രകടിപ്പിച്ചു സ്വന്തം പിതാവിനെ പോലെ കൊണ്ടുനടന്നു.
അമേരിക്കയിൽ സന്ദർശനം നടത്തിയ മിൻകായി തിരിച്ചു ചെന്ന് അവിടുത്തെ അത്ഭുതക്കാഴ്ചകൾ സ്വന്തം ഗോത്രത്തിലെ കൂട്ടുകാരോട് പറഞ്ഞു കേൾപ്പിച്ചു. ഭക്ഷണം തയ്യാറാക്കി വെച്ചിരിക്കുന്ന റസ്റ്റോറന്റ്കൾ അയാൾക്ക് വലിയ അത്ഭുതമായിരുന്നു. ആ കടകളുടെ മുന്നിൽ ചെന്ന് എന്തെങ്കിലും രണ്ടു വാക്ക് പറയുമ്പോഴേക്കും അവർ ഭക്ഷണം പൊതിഞ്ഞ് നൽകുന്നത് എങ്ങനെയാണെന്ന് മിൻകായിക്കു എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. വന പാതകളുടെ ചടുലമായ നീ നീക്കങ്ങൾ മാത്രം നടത്തി പരിചയമുള്ള അയാൾക്ക് ഹൈവേകളും എസ്കലേറ്ററുകളും ഒക്കെ അത്ഭുതക്കാഴ്ചകൾ തന്നെയായിരുന്നു.
നരവംശശാസ്ത്ര പഠിതാക്കൾക്ക് ഏറെ അതിശയം പകരുന്ന കാഴ്ചകളിൽ ഒന്നാണ് ഔക്ക ഇന്ത്യക്കാരിൽ വന്ന ഈ പരിവർത്തനത്തിന്റെ കഥ. വന്യമായ കരുത്തോടെ ഇരുളിന്റെ മറപറ്റി പരസ്പരം കൊന്നു തീർത്തു കൊണ്ടിരുന്ന ഒരു കൂട്ടം മനുഷ്യരെ അതിശയകരമായ മാറ്റത്തിന്റെ പാതയിലേക്ക് നയിച്ച സംഭവപരമ്പരകളും പിന്നാമ്പുറക്കഥകളും അതിലേറെ ത്രസിപ്പിക്കുന്ന മറ്റൊരു ചരിത്രമാണ്.
അഞ്ചു ചെറുപ്പക്കാരുടെ മരണം അനാവശ്യം എന്നും അസംബന്ധം എന്നും മഹാ നഷ്ടം എന്നും ലോകവും മാധ്യമങ്ങളും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അത്തരം ചിന്തകളിൽ തല വെച്ച് കൊടുത്തു പതം പറഞ്ഞു പരിതപിക്കാൻ സമയം മെനക്കെടുത്താതെ അഞ്ച് യുവ വിധവകൾ തുടർന്നും കാണിച്ച അതിസാഹസമേ റിയ ജീവിത സമർപ്പണത്തിനന്റെ അനന്തരഫലമാണ് ഈ പരിവർത്തനം എന്ന് പറയാം. സുവിശേഷത്തിന്റെ പരിവർത്തന ശേഷിയെക്കുറിച്ച് ആ സാധു യുവതികൾക്ക് ഉണ്ടായിരുന്ന തികഞ്ഞ ബോധ്യം ആണ് അവരെ അതിലേക്ക് നയിച്ചത് എന്നു പറയാം. തങ്ങളുടെ ഭർത്താക്കന്മാർ തുടങ്ങിയ നിയോഗം ഉപേക്ഷിച്ച് അമേരിക്കയുടെ സൗകര്യങ്ങളിലേക്ക് തിരികെ പോയി സമാധാനപൂർണമായ ജീവിതം നയിക്കാൻ അവർ ശ്രമിച്ചില്ല. ‘’ഓപ്പറേഷൻ ഔക്ക’’ യിൽ പങ്കെടുത്ത പൈലറ്റ് നേറ്റ് സെയിന്റ് കൊല്ലപ്പെട്ടു എങ്കിലും മിഷനറി ഏവിയേഷൻ ഫെലോഷിപ്പ് പൈലറ്റുമാർ ഔക്കകൾക്ക് സമ്മാനപ്പൊതി ഇട്ടുകൊടുക്കുന്ന അവരുടെ ദൗത്യം തുടർന്നുകൊണ്ടേയിരുന്നു.
നേറ്റ് സെയിന്റിന്റെ സഹോദരി റെയ്ച്ചൽ ഔക്കകളുടെ അതിർത്തിവിട്ട് ആദ്യം പുറത്തെത്തിയ ഡൈയൂമ എന്ന സ്ത്രീയുമായി ചേർന്ന് അവരുടെ ഭാഷ പഠിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഈ ശ്രമങ്ങൾക്കൊപ്പം അനേകായിരം പേരുടെ പ്രാർത്ഥനകളും ഒത്തുചേർന്നപ്പോൾ ലോകത്തിലെ ഏറ്റവും രോമാഞ്ചജനകമായ മറ്റൊരു അനുഭവത്തിലേക്കുള്ള വാതിലുകൾ തുറക്കുകയായിരുന്നു.
1957 നവംബറിൽ കുറാറെ നദിക്കരയിൽ നിന്ന് ചില കീച്ചുവാ ഇന്ത്യക്കാർ ജിം എലിയട്ടിന്റെ വിധവ എലിസബത്തിനെ തേടിവന്നു. ഔക്ക പ്രദേശത്തുനിന്നും രണ്ട് സ്ത്രീകൾ അവരുടെ ഗ്രാമത്തിൽ എത്തിയിരിക്കുന്നു എന്ന വാർത്ത അറിയിച്ചു. എലിസബത്ത് അവരെ കാണാൻ ചെന്നു മങ്കമൂ, മീൻടാകാ എന്നീ സ്ത്രീകളാണ് അവിടെ വന്നത്. മിഷനറിമാർ കൊല്ലപ്പെട്ട ‘പാം ബീച്ചിൽ’ അവരെ സന്ദർശിക്കാനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന പ്രായമുള്ള സ്ത്രീയായിരുന്നു മീൻടാകാ. എലിസബത്തിനും റെയ്ച്ചലിനും ഡൈയൂമയ്ക്കുമൊപ്പം ചില മാസങ്ങൾ ചിലവഴിച്ചു ദൈവ സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കിയ ശേഷം അവർ രണ്ടുപേരും ഒപ്പം ഡൈയൂമ യും അവരുടെ സ്വന്തം നാട്ടിലേക്ക് തിരികെ പോയി. വിദേശികളായ വെള്ളക്കാർ സ്നേഹം ഉള്ളവരാണ് എന്ന വാർത്ത അവർ ഔക്കകളെ അറിയിച്ചു. ചില നാളുകൾ കഴിഞ്ഞ് ആ സ്ത്രീകൾ വീണ്ടും വന്നു. അപ്പോൾ അവരോടൊപ്പം വേറെ ഏഴ് സ്ത്രീകളും ഉണ്ടായിരുന്നു. എലിസബത്തിനെയും റെയ്ച്ചലിനെയും അവരുടെ പ്രദേശത്തേക്ക് ക്ഷണിക്കാൻ ആണ് അവർ വന്നത്.
അങ്ങനെ 1958 ഒക്ടോബറിൽ എലിസബത്തും റെയ്ച്ചലും ഔക്കാ പ്രദേശത്തേക്ക് ചെന്നു. എലിസബത്തിൻറെ ഭർത്താവിനെ അടക്കം അഞ്ച് യുവ മിഷനറിമാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ അതേ ആളുകൾ ഈ രണ്ടു സ്ത്രീകളെ സ്നേഹത്തോടെ സ്വീകരിച്ചു. പുരുഷന്മാർക്ക് സാധിക്കാത്തത് സ്ത്രീകൾക്ക് സാധിച്ചു എന്നു വേണമെങ്കിൽ പറയാം. വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.
പതിയിരുന്നു ആക്രമിച്ചു കൊന്നും ചത്തും മാത്രം ശീലമുള്ള ആളുകൾ സ്നേഹത്തിനും കരുതലിനും വിധേയപ്പെട്ട് വെളിച്ചം നിറഞ്ഞ ലോകത്തിലേക്ക് സാവധാനം പരിവർത്തനം ചെയ്യപ്പെട്ടു. മിഷ്ണറിമാർ അവരെ ആക്രമിക്കുമെന്നും, അവർ നരഭോജികൾ ആണെന്നും ഉള്ള ഭയം കൊണ്ടാണ് അവരെ കൊല്ലാൻ ഇടയായത് എന്ന്ഔക്കകൾ ഈ സ്ത്രീകളോട് പറഞ്ഞു.
ഔക്കകളുടെ കുടിപ്പക നീറിക്കത്തിയ കാലത്തു പത്തിൽ ആറ് ഔക്കകൾ കൊല്ലപ്പെടുകയായിരുന്നു. പ്രായമുള്ള ഒരാളുപോലും ഗോത്രങ്ങളിൽ എവിടെയും ഉണ്ടായിരുന്നില്ല. ആക്രമണത്തിൽ ഉറ്റവർ നഷ്ടപ്പെടാത്ത ഒരു വീട് പോലും ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല. കൊലപാതകങ്ങളുടെ നീണ്ട ചരിത്രം ഔക്കകളുടെ വംശം തന്നെ തുടച്ചു നീക്കുന്ന സ്ഥിതിയായിരുന്നു. ഒരുകാലത്തു അവരുടെ എണ്ണം കേവലം 600 ലേക്ക് ചുരുങ്ങിയിരുന്നു. ഇപ്പോഴത് രണ്ടായിരത്തിലധികം ആയി ഉയർന്നിരിക്കുന്നു.
സ്റ്റീവ് ഔക്കകളുടെ ഒപ്പം താമസിച്ച് അവരെ സ്വയം പര്യാപ്തതയിലേക്ക് ഉയർത്താൻ വേണ്ട പരിശീലനം നൽകി.അതിനായി ITEC എന്നൊരു സ്ഥാപനവും അവിടെ ആരംഭിച്ചു .
സ്റ്റീവ് സെയിന്റ് എഴുതിയ ചരമ കുറിപ്പ്
‘’ഇക്വഡോറിലെ മഴക്കാടുകളുടെ ഉള്ളിൽ ജീവിച്ച ശിലായുഗ മനുഷ്യൻ മിൻകായി അന്തരിച്ചു. 2020 ഏപ്രിൽ 28 ന് അന്തരിച്ച അദ്ദേഹത്തിന് 88 മുതൽ 90 വരെ വയസ്സുണ്ട് എന്ന് കരുതപ്പെടുന്നു. മിൻകായിക്ക് ഭാര്യ ഓംപീഡയും -നീർനായ എന്നർത്ഥം- 13 മക്കളും അമ്പതിലധികം കൊച്ചുമക്കളും ഉണ്ട്. ദൈവത്തിന്റെ രക്ഷാകര പ്രവൃത്തിയുടെയും രൂപാന്തര ശക്തിയുടെയും ചിഹ്നമായി അദ്ദേഹത്തിന്റെ ജീവിതത്തെ പേരമക്കളും അതുപോലെ നിരവധി ആളുകളും കാണുന്നു. 1856 ൽ എന്റെ പിതാവ് അടക്കമുള്ള അഞ്ചു പേരെ ഔക്കകൾ കുത്തി യപ്പോൾ ആ സംഭവം ലോക ശ്രദ്ധ ആകർഷിക്കും എന്ന് അധികം ആരും ചിന്തിച്ചില്ല. എന്നാൽ ഈ ദുരന്ത വാർത്ത അറിഞ്ഞ സമയം മുതൽ പുറം ലോകത്തെ നിരവധി ആളുകൾ എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാൻ തുടങ്ങി. അവസാനം അഞ്ചുപേരുടെയും ജീർണ്ണിച്ചു തുടങ്ങിയ ശവശരീരങ്ങൾ കൂറാറ നദിയിൽനിന്ന് കണ്ടെടുത്തപ്പോൾ എല്ലാവരുടെയും മുമ്പിൽ ഉയർന്ന ചോദ്യം ഒന്നായിരുന്നു ‘’ദൈവമേ ഇത് എന്തുകൊണ്ട്’’?
ദുരന്തം അഥവാ ട്രാജഡി എന്ന വാക്ക് എല്ലാ വാർത്തയുടെയും ഒപ്പം അകമ്പടി സേവിച്ചു. എന്നാൽ 64 വർഷങ്ങൾക്കിപ്പുറം നിൽക്കുമ്പോൾ ഉല്പത്തി 50: 20 ഇക്കാര്യത്തിലും എത്ര വാസ്തവം ആണ് എന്ന് എനിക്ക് ബോധ്യമാകുന്നു ‘’അവർ എനിക്കു ദോഷം വിചാരിച്ചു, എന്നാൽ ദൈവം അത് ഗുണമാക്കിത്തീർത്തു’’.
മീൻകായിയുടെ ഏറ്റവുമധികം ആവർത്തിക്കുന്ന വാക്കുകൾ ഇങ്ങനെയാണ് ‘’അവർ ദൈവത്തിന്റെ വചനം ഞങ്ങളെ കാണിക്കും വരെ ഞങ്ങൾ കൊല്ലുന്നവരായിരുന്നു- ഒരു കാരണവുമില്ലാതെ.’’ മീൻകായി, അതെ അദ്ദേഹം എന്റെ പിതാവിനെ കൊന്ന ആളാണ്. പക്ഷേ എന്നെയും എന്റെ കുടുംബത്തെയും അളവറ്റ് സ്നേഹിച്ചു,. എന്റെ കൊച്ചു മക്കളിൽ ഒരാളുടെ പേര് പോലും മീൻകായി എന്നാണ്.
മീൻകായി വല്യപ്പാ, താങ്കളെ ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നു; പക്ഷേ നമ്മൾ അധികം താമസിയാതെ നേരിൽ വീണ്ടും കാണും.’’
കഥ തുടരും
ജിം എലിയട്ടിന്റെ ഭാര്യ എലിസബത്ത് രചിച്ച Shadow of The Almighty , Through the gates of Splendor എന്നീ പുസ്തകങ്ങൾ ക്രൈസ്തവ സാഹിത്യത്തിലെ മികച്ച കൃതികളാണ്. പുസ്തകത്താളുകളിൽ വിവരിക്കുന്ന ജീവിത സമർപ്പണത്തി ന്റെ അന്യാദൃശമായ കഥകൾ കണ്ണിൽ നനവ് പടരാതെ വായിക്കാനാവില്ല. സ്റ്റീവ് എഴുതിയ ‘എൻഡ് ഓഫ് സ്പിയർ’ എന്ന പുസ്തകവും സമാന അനുഭവം പകരുന്നു.
അഞ്ച് യുവാക്കളുടെ ജീവത്യാഗത്തിന്റെ നൊമ്പര കഥയും കടന്നു കാലചക്രം പിന്നെയും ഏറെ ഉരുണ്ടു. കുറാറെ നദിയിലൂടെ ആമസോണിലേക്ക് വെള്ളം ഏറെ ഒഴുകി. അഞ്ച് യുവാക്കൾ ഒരു പ്രതിരോധവും പ്രത്യാക്രമണവും നടത്താതെ കാടിന്റെ മറപറ്റി പതിയിരുന്ന് ആക്രമിച്ച് ശിലായുഗ മനുഷ്യർക്കു മുമ്പിൽ പിടഞ്ഞുവീണു മരിച്ചപ്പോൾ, അവരുടെ ചുടുരക്തം കുറാറെയെ ചുവപ്പിച്ചപ്പോൾ, ഒരു അതിരുവിട്ട സാഹസകഥയുടെ ദുരന്തപൂർണ്ണമായ അവസാന അധ്യായമാണ തെന്ന് പലരും കരുതി. എന്നാൽ കഥ പകുതി പോലും ആയിരുന്നില്ല.
ആൻഡിസ് പർവ്വത നിരകളിൽ മഴപെയ്തു തിമിർക്കുന്നതിനിടയിൽ കുറാറെക്ക് കുറുകെ ഒരു വലിയ പാലം ഉയർന്നുവന്നു. കിരാതരും നഗ്നരും സഹജീവികളെ നിഷ്കരുണം കൊന്നൊടുക്കുന്നവരുമായ ഒരു കൂട്ടം ജനത അന്തസ്സേറിയ ജീവിത പദത്തിലേക്ക് ആ പാലത്തിലൂടെ യാത്ര ചെയ്തു.യുവാക്കളുടെ ചോര വീണ് കുതിർന്ന പാംബീച്ച് തീരങ്ങളിൽ പുതിയൊരു കഥയുടെ രംഗപടം ഉയർന്നു. അതിശയകരമായ പരിവർത്തനത്തിനു വിധേയമായ ആ ശിലായുഗ മനുഷ്യർ തങ്ങൾ കൊന്ന വെള്ളക്കാരുടെ മക്കളെ അതേ നദിയിൽ സ്നാനപ്പെടുത്തി! കർത്താവായ യേശുവിന്റെ സുവിശേഷത്തിന് മാത്രം കൊണ്ടുവരാൻ കഴിയുന്ന അനിതരസാധാരണമായ ഒരു ജീവിത രൂപാന്തര കഥയാണ് അവിടെ നടന്നത്. മിഴി നനയാതെ ആർക്കും വായിക്കാനാകാത്ത ഒരു ‘ദുരന്ത’ത്തെ ശുഭപര്യവസായിയാ ക്കാൻ യേശു ക്രിസ്തുവിനല്ലാതെ മറ്റാർക്ക് കഴിയും?
സ്റ്റീവ് സെയിന്റിന്റെ ഭാഷ കടമെടുത്തു പറഞ്ഞാൽ ‘നമ്മുടെ ജീവിത കഥ എഴുതാൻ ദൈവത്തെ അനുവദിക്കൂ, എങ്കിൽ അത് ശുഭകരമായി അവസാനിക്കും എന്നതിനു സംശയമില്ല’!