ഹാത്രസിൽ പുക ഉയരുമ്പോൾ

ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ  ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം അന്ധതമസ്സിന്റെ ദൃംഷ്ടകൾ കാട്ടി ഭയപ്പെടുത്തിയപ്പോൾ മുനിഞ്ഞുകത്തിയ നക്ഷത്രങ്ങൾ പോലും മിഴിപൂട്ടി. കാവല്ക്കാരാകേണ്ട പോലീസുകാർ കാവൽ ഭൂതങ്ങളേപ്പോൾ  രാക്ഷസ രൂപം പൂണ്ട് മർദ്ദക സംഘമായി മാറി. ബന്ധു സ്ത്രീകൾ അടച്ചിട്ട മതിൽക്കെട്ടിനകത്തു സാലഭഞ്ജികകളെപ്പോലെ മിഴിനീരൊഴുക്കി. സാക്ഷിനിൽക്കാനും കണ്ണീരൊഴുക്കാനും മാതാപിതാക്കളോ ആദരാഞ്ജലികൾ അർപ്പിക്കാൻ ബന്ധുക്കളോ ഇല്ലാതെ ഒരു ഇരയുടെ ബാക്കി വന്ന അവസാന തെളിവും കത്തിയമർന്നു.

പേരറിയാത്ത, അല്ല പേര് പറയാൻ അനുമതിയില്ലാത്ത, ഹാത്രസിലെ പെൺകുട്ടി… നിൻറെ മുഖം അവസാനം ഒരു നോക്കുകാണാൻ, നിന്നെയോർത്ത് വിലപിക്കാൻ നിന്റെ ഉറ്റവരെ പോലും ഞങ്ങൾ അനുവദിച്ചില്ല. ഞങ്ങൾക്ക് നീ വെറും ഒരു ഇര മാത്രമാണ്. വേട്ടക്കാരന് പൂർണ്ണ അവകാശമുള്ള ഇര!

ജീവിച്ചിരുന്നപ്പോൾ നിന്നെ സംരക്ഷിക്കാൻ കഴിയാതെപോയ ഞങ്ങൾ മരണശേഷം നിന്റെ വീടിനു ചുറ്റും കോട്ട കെട്ടി. നിന്റെ നിലവിളി കേൾക്കാൻ കാതില്ലാതെ പോയ ഞങ്ങൾ മരണശേഷം നിന്റെ മാതാപിതാക്കളുടെ ഗദ്ഗദങ്ങ്ങൾ ആരും കേൾക്കാതിരിക്കാൻ അവരെ ഭയപ്പെടുത്തി നിശബ്ദരാക്കി. പുറംലോകത്തു നിന്നും ഒരീച്ചപോലും കയറാതെ മാധ്യമങ്ങളെ അടക്കം ഊര്  വിലക്കിയത് അവരെ ഭയന്നിട്ട് ഒന്നുമല്ല, നിന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കാൻ മാത്രമാണ്. പിന്നെ കോവിഡ മഹാമാരിയുടെ കാലമല്ലേ നിന്റെ കുടുംബാംഗങ്ങൾക്ക് അത് പകരാതിരിക്കാൻ ഞങ്ങൾ തന്നെ ശ്രദ്ധിക്കണമല്ലോ!

എൻഡിടിവിയുടെ, അരുൺ സിംഗ് എന്ന, യുവ റിപ്പോർട്ടർ അന്നേദിവസം രാത്രി നടന്ന സംഭവങ്ങൾ നേരിൽകണ്ട വ്യക്തിയാണ്.  അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്. “രാത്രി 8 മണിക്കാണ് ഞങ്ങൾ ഡൽഹിയിൽ നിന്നും യാത്ര പുറപ്പെട്ടത്. പതിനൊന്നരയ്ക്ക് ഹാത്രസിലെത്തി.  പെൺകുട്ടിയുടെ മൃതശരീരം എവിടെയാണ് എന്നതിനെക്കുറിച്ച് അതുവരെ ആർക്കും അറിയില്ലായിരുന്നു.  ഗ്രാമത്തിലെ ചെറിയ പോലീസ് സ്റ്റേഷനു മുൻപിൽ കാറുകളുടെ നീണ്ടനിര കണ്ടു. അക്കൂട്ടത്തിൽ കമ്മീഷണറുടെ കാറുമുണ്ടായിരുന്നു. വിറകുമായി ചിലർ പോകുന്നത് കണ്ടു എന്ന് പ്രദേശവാസികൾ പറഞ്ഞപ്പോൾ യുപി പോലീസ് ആണെങ്കിൽ പോലും ഈ രാത്രിയിൽ ശവദാഹം നടത്താൻ തുനിയില്ല എന്നാണ് ഞാൻ കരുതിയത്.  ഗ്രാമത്തിലേക്ക് ഉള്ള വഴിയിൽ  ചെന്നപ്പോൾ പോലീസ് ഞങ്ങളെ തടഞ്ഞു. ഇനി കാൽനടയായി മാത്രമേ പോകാൻ പറ്റൂ എന്ന് അറിയിച്ചു.  ഒന്നര കിലോമീറ്റർ നടന്ന് ഞങ്ങൾ പെൺകുട്ടിയുടെ വീടിന് അടുത്തെത്തി.. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ ചുവന്ന ലൈറ്റ് ഇട്ടുകൊണ്ട് ആംബുലൻസ് ഞങ്ങളുടെ മുന്നിലൂടെ പാഞ്ഞുപോയി.  അത് പെൺകുട്ടിയുടെ വീടിനുമുമ്പിൽ നിർത്തിയില്ല എന്ന് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. പെൺകുട്ടിയുടെ ബന്ധുക്കൾ ഇതോടെ ആംബുലൻസിന് പുറകെ ഓടാൻ തുടങ്ങി. അപ്പോൾ  വണ്ടി നിർത്തി. ഇതിനപ്പുറത്തേക്ക് ബോഡി കൊണ്ടു പോകരുത് എന്ന് അവർ ഉറക്കെ വിളിച്ചു പറഞ്ഞു. സ്ത്രീകൾ അടക്കമുള്ള ബന്ധുക്കൾ വണ്ടിക്ക് മുമ്പിൽ കയറി തടസ്സം നിന്നു കരഞ്ഞു പറയുന്നുണ്ടായിരുന്നു. അപ്പോൾ  ഒരാൾ വിളിച്ചുപറഞ്ഞു. “ഡി എം (ജില്ലാ മജിസ്ട്രേറ്റ്- അഥവാ ജില്ലാകലക്ടർ) സാബ്  വരുന്നു”   

“ശവദാഹത്തിന്റെ ഉത്തരവാദിത്വം ഞങ്ങൾ എടുത്തോളാം; രാവിലെ യാതൊരു പ്രശ്നവും കൂടാതെ ഞങ്ങൾ ശവദാഹം നടത്താം”  പെൺകുട്ടിയുടെ അച്ഛൻ വിതുമ്പുന്ന ശബ്ദത്തോടെ ഡി എമ്മിനോട് പറഞ്ഞു.  “ഇപ്പോൾ ആയാലും രാവിലെ ആയാലും ശവദാഹം നടത്തണമല്ലോ എന്നാൽ ഇപ്പോൾ തന്നെ ആകട്ടെ” ഡി എം സ്വരം കടിപ്പിച്ചു.  ഡി എമ്മും മറ്റ് അധികാരികളും പെൺകുട്ടികളുടെ ബന്ധുക്കളെയും പിതാവിനെയും അനുനയിപ്പിക്കാൻ ശ്രമം നടത്തി. “പത്രക്കാരൊക്കെ  ഇന്നും നാളെയുമായി ഇവിടെ നിന്ന് പോകും; പിന്നെയും ഞങ്ങളൊക്കെ തന്നെയേ  ഇവിടെ  ഉണ്ടാവുകയുള്ളു” . അതിനിടയിൽ പെൺകുട്ടിയുടെ മാതാവ് ആംബുലൻസിന്  അടുത്തുപോയി, നിലത്തുവീണു നെഞ്ച് തല്ലി കരയുന്ന കരളലിയിക്കുന്ന കാഴ്ചയും ഞാൻ കണ്ടു. താമസിയാതെ പത്രക്കാരെയും അവിടെ നിന്ന് പുറത്താക്കി, ബന്ധുക്കളെ അകത്താക്കി വീട് പുറത്തുനിന്ന് പൂട്ടുന്ന കാഴ്ച കണ്ടു. അടുത്ത നിമിഷം ആംബുലൻസ് ഇരുട്ടിലേക്ക് പാഞ്ഞുപോയി. പിന്നാലെ പോയ ഞങ്ങളെ പോലീസ് തടഞ്ഞു. കുറച്ചപ്പുറത്ത് ഫ്ളാഷ് ലൈറ്റുകൾ കത്തി നിൽക്കുന്നതും ചിതയിൽ നിന്ന് പുക ഉയരുന്നതും   ഞങ്ങൾ കണ്ടു. എരിയുന്ന ആ ചിതയുടെ ചിത്രം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.  ദരിദ്രന്  അന്തസ്സോടെ മരിക്കാൻ പോലും അനുമതി ഇല്ലാത്ത രാജ്യമായി എന്റെ നാട് മാറിയല്ലോ.”

യാതനാപർവ്വം

ഹാത്രസിലെ പെൺകുട്ടി പശുവിനു പുല്ലരിയാൻ പറമ്പിലേക്ക് പോയതാണു . പിന്നെ അവളെ കണ്ടെത്തിയത് പിച്ചിച്ചീന്തപ്പെട്ട നിലയിലാണ്. വാസ്തവത്തിൽ അവൾ അനുഭവിച്ച യാതനകൾക്ക് അതൊരു തുടക്കം മാത്രമായിരുന്നു. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് മാറി മാറി ഉള്ള യാത്രകൾ… ഗുരുതരമായ അക്രമത്തിന് വിധേയമായ ആ യുവ ശരീരം അവസാനം മരണത്തിനു മുമ്പിൽ കീഴടങ്ങി. മരിക്കുന്നതിന് മുമ്പ് ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം പത്രലേഖകർ വഴി പുറംലോകം അറിയിച്ചിട്ടും ഉന്നത പോലീസ് അധികാരികൾ അത് നിർലജ്ജം നിഷേധിച്ചു. FSL റിപ്പോർട്ട് ഉയർത്തിക്കാട്ടി പ്രതിഷേധിക്കുന്ന വർക്ക് എതിരെ നടപടി എടുക്കും എന്നുപോലും പറയാൻ ധൈര്യം.  മരണത്തിനുശേഷം നാട്ടിലെത്തിച്ച മൃതദേഹം അന്ത്യ കർമ്മങ്ങൾക്ക് പോലും ഇട കൊടുക്കാതെ മാതാപിതാക്കളുടെ സമ്മതം പോലും വാങ്ങിക്കാതെ രാത്രിയുടെ മറവിൽ ദഹിപ്പിക്കുന്നു. യുവതിയുടെ വീട്  ഉൾപ്പെട്ട  സ്ഥലങ്ങൾ മുഴുവൻ പോലീസ് രാജിന്  കീഴിലാക്കി, എല്ലാ വഴിയും അടയ്ക്കുന്നു.

അതിക്രമത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് വൈകാതെ നല്ല ചികിത്സ ഉറപ്പാക്കിയിരുന്നു എങ്കിൽ ഒരുപക്ഷേ അവളുടെ ജീവൻ തിരിച്ചുപിടിക്കാമായിരുന്നു. സഹോദരൻ അവളെ ബൈക്കിലിരുത്തിയാണ് ആദ്യം പോലീസ് സ്റ്റേഷനിലും പിന്നീട് ആശുപത്രിയിലും  എത്തിച്ചത്. ആദ്യ ആശുപത്രിയിൽ വേണ്ട ചികിത്സ ലഭിക്കാത്തതിനാൽ. അവിടെനിന്നും ജെ എൻ മെഡിക്കൽ കോളേജിലേക്ക്. സ്ഥിതി ഗുരുതരം ആയതോടെ ഡൽഹി എയിംസിലേക്ക് റഫർ  ചെയ്യപ്പെടുന്നു. എന്തോ കാരണത്താൽ എയിംസിൽ എത്തുന്നതിന് പകരം സഫ്ദർജംഗ് ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നു. അവിടെയെത്തി എങ്കിലും  മരണം സംഭവിക്കുന്നു. അതിനു ശേഷം നടന്ന ലജ്ജാകരമായ സംഭവങ്ങൾ ആണ്‌ ആദ്യം വിവരിച്ചത് .

National crime record bureau (NCRB) 2019ലെ കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യയിലെ സ്ത്രീകൾ എത്ര അരക്ഷിതർ ആണെന്നും എത്ര അധികം കുറ്റകൃത്യങ്ങളാണ് അവർക്കെതിരെ അരങ്ങേറുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.എല്ലാ 16 മിനിട്ടിലും ഒരു പെൺകുട്ടി മാനഭംഗത്തിനു  വിധേയമാവുന്നു. ഓരോ മണിക്കൂറിലും ഒരു സ്ത്രീധന മരണം വച്ച് നടക്കുന്നു. ഓരോ 30 മണിക്കൂറിലും ഒരു സ്ത്രീ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നു . ഓരോ ആറ് മിനിറ്റിലും സ്ത്രീകളുടെ മാന്യത ചോദ്യം ചെയ്യുന്ന ഒരു സംഭവം എങ്കിലും രാജ്യത്ത് ഉണ്ടാകുന്നു.  2017ൽ സ്ത്രീകൾക്കെതിരായി   59445 അതിക്രമങ്ങളാണ്   യുപി യിൽ  നടന്നത്. അതായത് ഇന്ത്യാരാജ്യത്തിൽ ഏറ്റവും കൂടുതൽ ഇത്തരം അക്രമം നടക്കുന്നത് അവിടെയാണ്. ഇന്ത്യയിൽ നടക്കുന്ന സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ 15 ശതമാനത്തോളം വരും യുപിയിലെ മാത്രം കേസുകൾ.

പേരിൽ മാത്രമല്ല പ്രവർത്തനത്തിലും ഒരു ജനാധിപത്യ രാജ്യമാണ് (functional democracy)  ഇന്ത്യ എന്നാണ് ഇതുവരെ കരുതിയിരുന്നത്.  എന്നാൽ ഒരു ഭരണകൂടം അതിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് ആയിരക്കണക്കിന് സേനയെ വിന്യസിച്ച് മാധ്യമങ്ങളെയും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും അകറ്റി നിർത്തി ഇരുട്ടിന്റെ മറവിൽ സത്യം  കുഴിച്ചുമൂടാൻ ശ്രമിച്ചപ്പോൾ തകർന്നുവീണത് ജനാധിപത്യത്തിലുള്ള വിശ്വാസം തന്നെയാണ്. ഈ സംഭവം അരങ്ങേറിയത് ദരിദ്ര നാരായണന്മാരുടെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിൽ തന്നെയാണ് എന്നുള്ളത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസം.

ഉത്തർപ്രദേശിലെ ഭരണകൂടം ആരെയാണ് ഭയക്കുന്നത്? എന്തിനാണ് അവർ എല്ലാം മൂടിവയ്ക്കാൻ ശ്രമിക്കുന്നത്?  ദുരന്ത പുത്രിയുടെ ഗ്രാമത്തിലേക്ക് പുറമേ നിന്ന് ആരും പ്രവേശിക്കാതിരിക്കാൻ എല്ലാവഴികളിലും ബാരിക്കേഡുകൾ നിരത്തി ആയിരക്കണക്കിന് പോലീസിനെ വിന്യസിച്ചു. ഡൽഹി – നോയിഡ അതിർത്തിയിൽ പ്രതിപക്ഷ എംപി മാരെ തടയാൻ വൻ പൊലീസ് സന്നാഹത്തെ നിരത്തി നിർത്തി. പെൺകുട്ടിയുടെ വീട്ടുകാരെ സന്ദർശിക്കാൻ ആരെയും അനുവദിക്കില്ല എന്ന ദൃഢപ്രതിജ്ഞ ഭരണകൂടം കൈകൊണ്ടപ്പോൾ , ലോകം തിരിച്ചറിഞ്ഞു ആർക്ക് ആരെയാണ് ഭയമെന്ന്! ഒരു മാധ്യമ പ്രവർത്തകൻ തമാശ രൂപേണ    പറഞ്ഞതുപോലെ ‘ഈ സേനയെ ചൈനീസ് അതിർത്തിയിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ അവർപണ്ടേ  പിന്മാറി പോയേനെ! ‘

ഞെട്ടിയ കോടതി

രാത്രിയുടെ മറവിൽ അസാധാരണ തിടുക്കത്തോടെ നടത്തിയ ശവദാഹത്തിൻറെ വാർത്തകൾ വായിച്ച് ഉത്തർപ്രദേശ് ഹൈക്കോടതിയുടെ അലഹബാദ് ബഞ്ച് സ്വമേധയാ കേസെടുത്തു. “പെൺകുട്ടിയുടെ ശരീരം സംസ്കരിച്ച രീതി ഞങ്ങളെ ഞെട്ടിപ്പിച്ചു” കോടതി പറഞ്ഞു.  ഇരയ്ക്ക് മാത്രമല്ല ഇരയുടെ കുടുംബത്തിനും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന കാര്യങ്ങളാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് കോടതി ഇരയുടെ നേരെ കാണിച്ച് കാട്ടാളത്തം കുടുംബത്തിന് നേരെയും തുടർന്നു എന്നും അവരുടെ ചോരവാർന്ന മുറിവുകളിൽ ഉപ്പ് തേക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നതെന്നും പറഞ്ഞു. ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ച കോടതി പന്ത്രണ്ടാം തീയതി കേസ് അവധിക്ക് വെച്ചിരിക്കുന്നു.

കണ്ണ് ചിമ്മാതെ മാധ്യമങ്ങൾ

മാധ്യമങ്ങളുടെ നിതാന്ത ജാഗ്രത ഉണ്ടായിരുന്നതുകൊണ്ടാണ് ഈ നീചമായ സംഭവം ദേശീയ ശ്രദ്ധ നേടിയത്. മാധ്യമങ്ങളെ അയൽപക്കത്തെക്ക് പോലും അടുപ്പിക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന പോലീസിനെ സുധീരം നേരിട്ട് ചോദ്യശരങ്ങൾ കൊണ്ട് വിറപ്പിച്ച  എബിപി ന്യൂസ് ചാനലിന്റെ വനിതാ  റിപ്പോർട്ടർ  പ്രതിമ മിശ്രയും,  രാത്രിയുടെ മറവിൽ നടന്ന സംസ്കാരത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ച എൻഡിടിവിയുടെ അരുൺ സിങും  പ്രത്യേക പരാമർശം അർഹിക്കുന്നു. പൊലീസ് ഭീഷണി വകവയ്ക്കാതെ പെൺകുട്ടിയുടെ കുടുംബത്തോട് നിരന്തര സമ്പർക്കം പുലർത്തിയ ഇന്ത്യ ടുഡേ ടിവിയുടെ റിപ്പോർട്ടർമാരും മികച്ച ജോലി ചെയ്തു. ഇന്ത്യ ടുഡേ റിപ്പോർട്ടറുടെ ഫോൺ ചോർത്തി അതിലെ സംഭാഷണങ്ങൾ പ്രസിദ്ധപ്പെടുത്താൻ ശ്രമിച്ച പോലീസ് നടപടിയെ പരസ്യമായി ചോദ്യം ചെയ്തു  പത്രക്കുറിപ്പ് ഇറക്കാനും അവർ ആർജവം കാണിച്ചു.

ദളിത് വിലാപം

ഇന്ത്യയുടെ സവിശേഷ സാമൂഹിക സാഹചര്യം പരിഗണിക്കുമ്പോൾ ജാതി സമവാക്യങ്ങളുടെ അവഗണിക്കാനാവാത്ത ആഴത്തിലുള്ള  സ്വാധീനം സുവ്യക്തമാണ്. ജാതി പരാമർശിക്കാതെ ഒരു കാര്യം പോലും ചെയ്യാനോ പറയാനോ ആകാത്ത നിലയിൽ അത്ര രൂഢമൂലമാണ് ജാതി വ്യവസ്ഥ ഇന്ത്യയിൽ. ജാതിവ്യവസ്ഥയുടെ ലിംഗനീതി പരിശോധിച്ചാൽ അതിൽ വീണ്ടും വലിയ വിവേചനം കണ്ടെത്താനാകും. ദളിതൻ അഥവാ പട്ടികജാതി വിഭാഗങ്ങൾ സാമൂഹ്യവ്യവസ്ഥയുടെ ഏറ്റവും താഴെ തട്ടിൽ ആണ്. അതിൽ സ്ത്രീകളും പെൺകുട്ടികളും വീണ്ടും ശ്രേണിയിൽ താഴെയാണ്. പലപ്പോഴും സവർണ്ണ ജാതികളുടെ വിവേചനത്തിന് ഇരയായി തീരുന്നത്  അവർണ്ണരിലെ സ്ത്രീകളാണ്. അവർണ സമുദായങ്ങളോടുള്ള  പക തീർക്കാനും  പ്രതികാരം ചെയ്യുവാനും അവരിലെ സ്ത്രീകളെയാണ് ഉന്നതകുലസ്ഥർ ലക്ഷ്യമിടുന്നത്. എളുപ്പത്തിലും എതിർപ്പ് കൂടാതെയും പ്രതികാരം ചെയ്യാൻ സ്ത്രീകൾ ഇരകളായി മാറുന്നു.

ഹ്യൂമൻ റൈറ്റ്സ് വാച്ച് ഇന്ത്യൻ സാഹചര്യത്തെ അപഗ്രഥിച്ച് പറയുമ്പോൾ മനുഷ്യാവകാശങ്ങൾ ഏറ്റവുമധികം ഹനിക്കുന്നത് ദളിത് സ്ത്രീകളുടെ കാര്യത്തിലാണ് എന്ന് അടിവരയിട്ടു പറയുന്നു. ദളിതരുടെ ഒരു  കുടുംബത്തോട്  പ്രതികാരം ചെയ്യാൻ സവർണ്ണസമുദായം തീരുമാനിക്കുമ്പോൾ അവർ  നോട്ടമിടുന്നത് അവരിലെ സ്ത്രീകളെയാണ്. മാനഭംഗം ഒരു ശിക്ഷാ മാർഗമായി മാറുന്നു. യുപിയും ഹരിയാനയും മാത്രമല്ല തെക്കേ ഇന്ത്യയിലെ തമിഴ്നാട് ഉൾപ്പെടെ  സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.പണവും സ്വാധീനശക്തിയും ഇല്ലാത്ത ദളിതൻ അവന്റെ സ്ത്രീകൾക്കേറ്റ അപമാനത്തെ പ്രതിരോധിക്കാനോ  നിയമപരമായി നേരിടാനോ ത്രാണിയില്ലാതെ ഉന്നതർക്ക്  വിധേയപ്പെട്ട് ജീവിക്കേണ്ട സ്ഥിതി വരുന്നു.

ഹാത്രസ്  സംഭവത്തെ ഒരു മാനഭംഗക്കേസ് മാത്രമായി കാണാൻ ശ്രമിക്കുന്നവർക്ക് വടക്കേ ഇന്ത്യയുടെ ഗ്രാമീണ ജീവിത വ്യവസ്ഥയെ അറിയില്ല എന്നുള്ളതാണ് വാസ്തവം. അവിടെ എല്ലാം ജാതി മയം ആണ് എല്ലാം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവും പ്രതിസ്ഥാനത്തുള്ള ഉന്നതജാതിക്കാരായ ഠാക്കൂർ കുടുംബവും തമ്മിൽ 20 വർഷത്തോളമായി നിലനിൽക്കുന്ന തർക്കങ്ങൾ ഉണ്ട് എന്നതും ഈ സമയത്ത് സ്മരിക്കേണ്ടതാണ്. ദളിത് കുടുംബത്തിന്റെ സ്ഥലത്ത് അവരുടെ കൃഷിയിടങ്ങളിൽ ഠാക്കൂർ കുടുംബം കന്നുകാലികളെ അഴിച്ചുവിട്ടു തീറ്റിക്കുമായിരുന്നത്രേ. ഇതിനെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ മുത്തച്ഛൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഒരു ദളിത് കുടുംബം ഉന്നതജാതിയിൽപ്പെട്ട കുടുംബത്തിനെതിരെ പരാതി നൽകിയാൽ അവരെ ശിക്ഷിക്കാനുള്ള ഏറ്റവും എളുപ്പവഴി ദളിതന്റെ സ്ത്രീകളുടെ മാനം കവരുക എന്നതാണ്. ഓരോ മാനഭംഗവും ദളിത് സമൂഹത്തോട് ചോദിക്കുന്ന ഒരു ചോദ്യമാണ് – നിങ്ങൾക്കെന്ത് വിലയാണുള്ളത്?

മാനഭംഗത്തിന് വിധേയമാകുന്ന കുടുംബങ്ങളിൽ മിക്കതും പരാതിപ്പെടാനും നിയമ പരിഹാരം തേടാനും  ശ്രമിക്കുകയില്ല എന്നതും ഇത്തരം അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. മാധ്യമശ്രദ്ധ ഉണ്ടായിരുന്നില്ലെങ്കിൽ ഈ കുടുംബത്തിന്റെ രോദനവും ആരുടെയും ചെവിയിൽ എത്താതെ പോയേനെ.

ലക്നോ കേന്ദ്രമായി പ്രവർത്തിക്കുന്ന ദളിത് അവകാശ പ്രവർത്തകൻ രാംകുമാർ പറയുന്നത് കേൾക്കുക. “മേൽജാതി പുരുഷന്മാരുടെ ചിന്ത അവർക്ക് ദളിത് സ്ത്രീകളുടെ ശരീരത്തിന്മേൽ  അവകാശമുണ്ട് എന്നാണ്. കീഴാള സമൂഹത്തിലെ പിതാക്കന്മാർ അതുകൊണ്ട് പെൺമക്കൾക്ക് നൽകുന്ന ഉപദേശം സവർണ്ണ യുവാക്കളുടെ കൺവെട്ടത്ത് പോകരുത് എന്നതാണ്”. ഹാത്രസ്സിലെ പെൺകുട്ടിയും വിദ്യാഭ്യാസ രംഗത്ത് അധികം മുന്നോട്ടു പോകാത്തത് ഇതേ കാരണം കൊണ്ട് തന്നെയാണ്. “എന്തുകൊണ്ടാണ് നിങ്ങൾ ദളിത് യുവതികളുടെ ലൈംഗിക പീഡനങ്ങളെ കുറിച്ച് മാത്രം സംസാരിക്കുന്നത്” എന്ന  ചോദ്യത്തിന് രാംകുമാർ പറഞ്ഞ ഉത്തരം ഇതാണ്. “ഒരു ദളിത് യുവാവ് സവർണ്ണ ജാതിയിൽ പെട്ട സ്ത്രീയെ മാനഭംഗപ്പെടുത്തിയ ഒരു കേസ് എങ്കിലും കാണിച്ചുതരൂ”’. മാനഭംഗ ങ്ങളുടെ തലസ്ഥാനമായി മാറി എങ്കിലും ഇത്തരമൊരു കേസ് പോലും യുപിയിൽ  ഇല്ല എന്നുള്ളതാണ് വാസ്തവം!

ദളിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിലൂടെ അവരെ സംരക്ഷിക്കാൻ അവരുടെ  പുരുഷന്മാർക്ക് സാധിക്കില്ലെന്നും, ദളിത് സ്ത്രീകൾ തങ്ങളുടെ അവകാശത്തിന്റെ ഭാഗമാണെന്നും, ജാതീയ ബലപരീക്ഷണത്തിൽ തങ്ങൾ എത്രയോ മുന്നിലാണെന്നും ഒക്കെ തെളിയിക്കാൻ സവർണ്ണ ജാതിയിലെ പുരുഷന്മാർക്ക് കഴിയും.

ഉദ്യോഗസ്ഥതലത്തിലും പൊലീസ് തലത്തിലും ക്രമസമാധാനപാലനത്തിലും എല്ലാം ജാതി പരിഗണന  വളരെ ശക്തമായതിനാൽ നിയമപോരാട്ടം നടത്തി അതിൽ വിജയിക്കാൻ ദളിത് സമൂഹത്തിന് മിക്കവാറും സാധിക്കുന്നില്ല. അധികപങ്കും ദളിത് കുടുംബങ്ങൾ ഇത്തരത്തിലൊരു പരാതി ഉന്നയിക്കാൻ പോലും കെൽപ്പില്ലാത്ത വിധം അശരണരാണ്.

കേരളവും ഒരു കാലത്ത് സമാനമായ സ്ഥിതിവിശേഷത്തിലൂടെ കടന്നു പോയിരുന്നു എന്ന് നമുക്കറിയാം. മാറ് മറയ്ക്കാനും ഒപ്പം മാനം സംരക്ഷിക്കാനും ദളിത് സമൂഹത്തെ പ്രാപ്തമാക്കിയത് മലയാളക്കരയിൽ അതിശക്തമായി വേരൂന്നിയ നവോത്ഥാന മുന്നേറ്റങ്ങളും ക്രൈസ്തവമിഷൻ സ്വാധീനവുമാണ് എന്നത് പ്രത്യേകം സ്മരണീയമാണ് .

ഹാത്രസിലെ പാവം എം എൽ എ

മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഗ്രാമത്തിന്റെ പേര് ബോൾ ഗാർഹി എന്നാണ്. ഹാത്രസ് ജില്ലയിലെ ഇഗ്ലസ് നിയമസഭ മണ്ഡലത്തിൽ ആണ് ആ ഗ്രാമം ഉൾപ്പെട്ടിരിക്കുന്നത്. പട്ടികജാതി സംവരണ മണ്ഡലമായ അവിടത്തെ എംഎൽഎ പെൺകുട്ടി ഉൾപ്പെടുന്ന വാത്മീകി സമുദായത്തിൽ പെട്ട ആളാണ്. ബിജെപിയുടെ രാജ്വീർ  ഡീലർ. സമൂഹത്തിൽ എംഎൽഎയുടെ സ്ഥാനം മനസ്സിലാക്കുമ്പോഴാണ് ആണ് പെൺകുട്ടിയുയുടെ ഗ്രാമത്തിൻറെ പൊതു ചിത്രം  വ്യക്തമാവുക. അദ്ദേഹം മേൽജാതിക്കാരുടെ പ്രത്യേകിച്ച് ഠാക്കൂർന്മാരുടെ വീടുകളിലേക്ക് പോകുമ്പോഴൊക്കെ കയ്യിൽ ഒരു ഗ്ലാസ് കരുതും.  എംഎൽഎ അല്ലേ എന്ന് കരുതി ആരെങ്കിലും ചായ കൊടുത്താൽ ഈ ഗ്ലാസ്സിലേക്ക് വാങ്ങി കുടിക്കും. സവർണ്ണരുടെ വീട്ടിലെ ഗ്ലാസ് അവർണ്ണൻ തൊട്ടാൽ അത് അശുദ്ധമാകും. അതൊഴിവാക്കാനാണ്  ഇങ്ങനെ ചെയ്യുന്നത്. പ്രായംകൊണ്ട് ചെറുപ്പമായ ഉയർന്ന ജാതിയിൽപ്പെട്ട ഗ്രാമത്തലവനെ കണ്ടാൽ  അദ്ദേഹം നിലത്തേക്ക് വീണു നമസ്കരിച്ചു സ്വീകരിക്കും. ഏതെങ്കിലും ഠാക്കൂർ ഭവനത്തിൽ ചെന്ന് അവർ കസേര നീട്ടി ഇരിക്കാൻ ആവശ്യപ്പെട്ടാൽ നിരസിച്ച് അദ്ദേഹം നിലത്ത് അവരുടെ മുമ്പിൽ ഇരിക്കും. “ഇതൊക്കെ പരമ്പരാഗത രീതികൾ ആണ്, അതൊന്നും കൈവിടാൻ എനിക്കാവില്ല” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്. 

എന്തായാലും ഉന്നതകുലജാതരുടെ ചെരുപ്പുനക്കിയായിത്തീർന്ന ബിജെപിയുടെ ദളിത് എംഎൽഎ യെക്കുറിച്ച് ഹാത്രസിലെ  ദളിതർക്ക് തികഞ്ഞ അവജ്ഞയാണ്. “ജില്ലാ ഭരണകൂടവും പോലീസും എന്നോട് ഒരു കാര്യവും പറഞ്ഞില്ല; ഞാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ എന്നെ അകത്ത് കയറാൻ പോലും അനുവദിച്ചില്ല” ഡീലർ പരിതപിക്കുന്നു.

സ്ഥലം എംഎൽഎ ആയിട്ടുപോലും രാജ്വീർ ഡീലറിന്റെ സ്ഥിതി ഇങ്ങനെയാണെങ്കിൽ സാധുക്കളായ ദളിതരുടെ സ്ഥിതി എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇതാണ് ഹത്രാസിന്റെ ശാപം. അവിടെ  മാത്രമല്ല യുപിയുടെയും  മറ്റ് പല വടക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. വർഷങ്ങളായി പിന്തുടർന്നു വരുന്ന പരമ്പരാഗത രീതികൾ വിട്ട് ഒന്നും ചെയ്യാൻ ആർക്കും കഴിയില്ല; ആരെങ്കിലും ശ്രമിച്ചാൽ ഒട്ട്  അനുവദിക്കുകയുമില്ല. പ്രതികളുടെ വീടും പെൺകുട്ടിയുടെ വീടും വളരെ അടുത്താണ്, അവർ തമ്മിൽ മുൻപേ ശത്രുത നിലനിന്നിരുന്നു.  കാരണം വാത്മീകി  സമുദായത്തിൽപെട്ട പെൺകുട്ടിയുടെ അച്ഛൻ സാമാന്യം ഭേദപ്പെട്ട നിലയിൽ ജീവിക്കുന്ന ആളാണ്. അവർക്ക് അത്യാവശ്യംഭൂമിയും  കൃഷിയും എരുമകളും ഒക്കെയുണ്ട്. ഠാക്കൂർ കുടുംബങ്ങളിൽ ദാസ്യ വേലയ്ക്ക് പോകാതെ സ്വന്തം കാലിൽ നിൽക്കുന്ന വാത്മീകിപരിഷകളെ തകർക്കാൻ അവർ തക്കം പാർത്തിരിക്കുകയായിരുന്നു. ഭേദപ്പെട്ട നിലയിൽ ജീവിക്കുന്ന ഈ വാത്മീകി  കുടുംബത്തെ അവർ ശിക്ഷിച്ചു. പക്ഷേ അതിന്റെ ഇരയായി തീർന്നത് ഈ പാവം പെൺകുട്ടി ആണെന്ന് മാത്രം. “അവർ വളരെ താഴ്ന്ന നിലയിലുള്ള കുടുംബമാണ്, വളരെ മോശമായി ജീവിക്കുന്നവർ. ഞങ്ങളുടെ മക്കൾ വളരെ മാന്യമായി ജീവിക്കുന്നവരാണ്”. പ്രതികളുടെ കുടുംബത്തിലെ ഒരു സ്ത്രീ പെൺകുട്ടിയുടെ കുടുംബത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞ അഭിപ്രായമാണിത് .

മാറ്റത്തിൻറെ കാറ്റ്

ജില്ലാ മജിസ്ട്രേറ്റും  പോലീസ് മേധാവിയും കാണിച്ച ഔദ്ധത്യം നിറഞ്ഞ പെരുമാറ്റം വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. ഇരക്കൊപ്പം നിന്ന് കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ബാധ്യതയുള്ള ഉന്നത ഉദ്യോഗസ്ഥർ ഭരണപക്ഷത്തെയും ഉന്നത മേൽജാതിക്കാരുടെയും കുഴലൂത്തുകാർ ആകുന്ന കാഴ്ചയാണ് ആ രാത്രിയിൽ കണ്ടത്. രാജ്യം മുഴുവൻ ഈ അതിക്രമത്തിനെതിരെ ശബ്ദമുയർത്തിയപ്പോളും ന്യായീകരിക്കാൻ ആളുകളുണ്ട് എന്നത് വിചിത്രമല്ലേ.

മനു വാദത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയപ്പാർട്ടി ഭരണം കൈയ്യാളുകയും, മറ്റ് മതങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ  പേരിൽ ഇലക്ഷൻ കമ്മീഷൻ നടപടി നേരിട്ട വ്യക്തി നേതൃത്വം കൊടുക്കുകയും ചെയ്യുന്ന സർക്കാരിൽ നിന്ന് ഇതിലധികം എന്ത് പ്രതീക്ഷിക്കാം.

സാമൂഹിക പരിവർത്തനവും അധസ്ഥിതരുടെ ഉന്നമനവും ഭാരതത്തിന് ഇന്ന് അപ്രാപ്യമായ ലക്ഷ്യങ്ങൾ ആണോ. ഒരിക്കലുമല്ല!  തെക്കൻ അമേരിക്കയിലെ ഫെയ്‌ജാൻ വംശജർക്കും , ആമസോൺ മഴക്കാടുകളിലെ ഔക്കകൾക്കും പരിവർത്തനം സാധ്യമെങ്കിൽ നമുക്കെത്ര അധികം! രാഷ്ട്രീയ പരീക്ഷണങ്ങൾ അപര്യാപ്തമാണ്; മാറ്റം അടിസ്ഥാനപരമായി ആന്തരികമാണ്.. മാറ്റത്തിൻറെ ശംഖസ്വനം ഉള്ളിൽ തുടങ്ങട്ടെ. അപ്പോൾ പരിവർത്തനത്തിന്റെ കാറ്റുവീശും. അപ്പോഴേ ഹാത്രസിന്റെ  ചക്രവാളത്തിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ വിട്ടൊഴിയുകയുള്ളൂ.

P C Benny
P C Benny
സമകാലിക സംഭവങ്ങളുടെ സമഗ്ര നിരൂപകൻ. കോഴിക്കോട് സ്വദേശി.

Similar Articles

Comments

  1. മാറ്റം അടിസ്ഥാനപരമായി ആന്തരികമാണ്.. മാറ്റത്തിൻറെ ശംഖസ്വനം ഉള്ളിൽ തുടങ്ങട്ടെ. അപ്പോൾ പരിവർത്തനത്തിന്റെ കാറ്റുവീശും. അപ്പോഴേ ഹാത്രസിന്റെ ചക്രവാളത്തിൽ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ വിട്ടൊഴിയുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular