സെന്റിനെല്‍ ദ്വീപിലെ മണല്‍ത്തീരത്ത് ജോണ്‍ അലന് ചൗവിന്റെ ശരീരം ജീര്ണ്ണിക്കുമ്പോള് ലോകം മുഴുവന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട;ആ ചെറുപ്പക്കാരന് ചെയ്തത് തെറ്റോ? ഒരു സാഹസിക വിനോദയാത്രികന്റെ ജിജ്ഞാസയായിരുന്നില്ല ജോണിനെ നയിച്ചതെന്ന് വ്യക്തമാണ്. സംസ്കാരത്തിന്റെ വെളിച്ചം കാണാത്ത ആ പ്രാചീന മനുഷ്യരെ സുവിശേഷത്തിന്റെ സത്യത്തിലേക്ക് നയിക്കുക എന്ന ജോണിന്റെ മിഷണറിവാഞ്ചയെ അന്യായമായ കടന്നുകയറ്റമായി ചിത്രീകരിക്കാനാണ് ലോകത്തിന്റെ പൊതുവായ ശ്രമം. ഉദാഹരണമായി എഴുത്തുകാരനായ എന്‍ എസ് മാധവന് എഴുതി “സെന്റിനലി ഗോത്രക്കാരെ വെറുകെ വിടുക….അവര്‍ അത്ര മോശക്കാരല്ല. ജോണ്‍ അലന് ചൗവിനേപ്പോലുള്ളവര് കരുതുന്നതുപോലെ വീണ്ടെടുക്കേണ്ടവരുമല്ല.”( മനോരമ നവം30, 2018). സസ്യജന്തുജാലങ്ങളെപ്പോലെ കാത്തസൂക്ഷിക്കേണ്ട ജൈവവൈവിധ്യത്തിന്റെ ഭാഗംമാത്രമായി ഈ മനുഷ്യരെ അവരുടെ ലോകത്തല്‍ ജീവിക്കാന്‍ വിടുക എന്നാണ് പലരും വാദിക്കുന്നത്.
എന്നാല്‍ ഇവിടെ ചോദിക്കേണ്ട മറ്റു ചില ചോദ്യങ്ങളുണ്ട്; സെന്റനെലി ദ്വിപുവാസികള്‍ മനുഷ്യരോ മൃഗങ്ങളോ? കാട്ടുപന്നിയെയും സിംഹവാലന്‍ കുരങ്ങിനെയുംപോലെ വനാന്തരങ്ങളില്‍ സംരക്ഷിക്കപ്പെടേണ്ട ജീവിവര്ഗ്ഗങ്ങളായാണോ, മനുഷ്യസംസ്കാരത്തിന്റെ സല്‍ഫലങ്ങള്‍ക്ക് അവകാശമുള്ള മനുഷ്യവ്യക്തികളായാണോ നാമരെ കാണേണ്ടത്? നമ്മെപ്പേലെ ശരീരവും മനസ്സും ആത്മാവും അവര്‍ക്കില്ലേ? ചിന്തയുടെയും ശാസ്ത്രത്തിന്റെയും നന്മകള് അവര്‍ക്കും അവകാശപ്പെട്ടതല്ലേ? അക്ഷരാഭ്യാസവും ആശുപത്രികളും ആധുനിക സൗകര്യങ്ങളും അവര്‍ക്കും നല്കേണ്ടതല്ലേ? അവരും നമ്മുടെ രാജ്യത്തിലെ പൗരന്മാരല്ലേ? മനുഷ്യസഹജമായ ഒരാവശ്യവുമില്ലാത്ത ജന്തുക്കള്‍ മാത്രമാണോ അവര്‍? അവരെ വെറും കാട്ടമൃഗങ്ങളെപ്പോലെ കണക്കാക്കണമെന്ന് വാദിക്കുന്നവരുടെ യുക്തി മനസ്സിലാകുന്നില്ല.
ഒരു വശത്ത് പുരോഗതിയുടെ വീരസ്യങ്ങള്‍ ഘോഷിക്കുന്നവര്‍ മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ത്ത അക്ഷരാഭ്യാസവും ശാസ്ത്രീയപുരോഗതികളും മറ്റും സെന്റിനെലിക്കാര്ക്ക് മാത്രം വേണ്ടെന്ന് പറയുന്നതെങ്ങനെ? മനുഷ്യന്റെ നേട്ടങ്ങളെല്ലാം മനുഷ്യവര്‍ഗ്ഗത്തിന്റെ പൊതു അവകാശമാണെന്ന് അംഗീകരിച്ച് അവ എല്ലാവര്‍ക്കുമായി പങ്കുവെക്കാനുള്ള സന്മനസ്സാണ് മാനവസംസ്കാരത്തെ ഇത്രത്തോളം വളര്‍ത്തിയത്. സംസ്കാരപുരോഗതിയുടെ ഈ പൊതുധാരയില്‍നിന്ന് ഒറ്റപ്പെട്ടുപോയ ജനസമൂഹങ്ങളെ പ്രാകൃതജി്വിതത്തിന് കൈവിട്ടുകളയുകയല്ല അതില്‍നിന്ന് കരകയറ്റുയതാണ് എക്കാലത്തും മനുഷ്യന് മനുഷ്യന് ചെയ്ത നന്മ. അതിനെ അപരാധമായി കണക്കാക്കുന്ന അത്യന്താധുനികന് ഡേവിഡ് ലിവിംഗ്സ്റ്റണെയും ആല്‍ബര്‍ട്ട് ഷൈറ്റ്സറെയുമൊക്കെ ആഫ്രിക്കയുടെ നരഭോജിസംസ്കാരത്തെ തകര്‍ത്ത വിവരശൂന്യരായി മാത്രം കണക്കാക്കിയേക്കും. ലോകം കണ്ട സാമൂഹ്യപരിഷ്കര്ത്താക്കളൊക്കെ അവരുടെ വീക്ഷണത്തില്‍ പ്രാചീനമായ സാംസ്കാരിക തനിമയെ നശിപ്പിച്ചവരായിരിക്കുമോ?
സെന്റിനെലി ദ്വീപുവാസികളെ മനപ്പൂര്‍വ്വമായി ഒറ്റപ്പെടുത്തി ലോകത്തിന്റെ പരീക്ഷണശാലയും കാഴ്ചബംഗ്ലാവുമായി നിലനിര്‍ത്തുകയല്ല സാംസ്കാരിക പുരോഗതിക്കായുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെ അവരെ മനുഷ്യജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. ആ ആവശ്യബോധം അവര്ക്കില്ലെങ്കിലും അതാണ് അവരുടെ യഥാര്‍ത്ഥ ആവശ്യം. ഏതോ ദുരൂഹമായ കാരണങ്ങളാല്‍ മറ്റു മനുഷ്യരില്‍ നിന്ന് ഒറ്റപ്പെട്ടുപോയ മനുഷ്യരാണവര്‍. അല്ലാതെ അവിടെത്തന്നെ പൊട്ടിമുളച്ച പ്രത്യേകതരം മൃഗങ്ങളല്ല; നമ്മുടേതുപേലെ ആഗ്രഹങ്ങളും ആവശ്യങ്ങളുമുള്ള സാധാരണ മനുഷ്യര്‍തന്നെയാണ് അവര്‍ എന്ന് 1960-കളില്‍ അവരുമായി ഇടപഴകിയുട്ടുള്ള നരവംശവിജ്ഞാനികളായ ടി എന്‍ പണ്ഡിറ്റിനെപ്പോലുള്ളവരുടെ അനുഭവങ്ങള്‍ മതിയായ തെളിവുകളാണ്. അതുകൊണ്ട് പ്രാചീനതയില്നിന്ന് ആധുനികതയിലേക്കുള്ള മനുഷ്യപുരോഗതിയുടെ വിശാലപാത സെന്റിനെലി ദ്വീപുവാസികള്‍ക്കു മാത്രം നിഷേധിക്കുന്നത് അവരുടെ മനുഷ്യത്വത്തോടുള്ള അപരാധമാണ്. നക്ഷത്രഫ്ളാറ്റുകളില് താമസിക്കുകയും ആഡംബരകാറുകളില്‍ സഞ്ചരിക്കുകയും മൃഷ്ടാന്നഭോജ്യങ്ങള് ഉപജിവിക്കുകയും ചെയ്തുകൊണ്ട് സെന്റിനലിക്കാരുടെ ചെറ്റക്കുടിലുകളെയും കാട്ടുകിഴങ്ങുകളുകളെയും നഗ്നശരീരങ്ങളെയും നോക്കി ആദര്‍ശവാദം പ്രസംഗിക്കുന്നവര്‍ ആത്മാര്‍ത്ഥതയില്ലാത്ത അഭിനയക്കാര്‍ മാത്രമാണ്.
ഏതു പ്രാചീനസമൂഹങ്ങളെയുംപോലെ അജ്ഞതക്കും രോഗങ്ങള്‍ക്കും ഭയത്തിനും ദുരാചാരങ്ങള്‍ക്കും അടിമപ്പെട്ട അവര്‍ വീണ്ടെടുക്കപ്പെടേണ്ടവര് തന്നെയാണ്. കാട്ടുമൃഗങ്ങളെപ്പേലെ വേലികെട്ടി വേര്തിരിക്കുയല്ല; മനുഷ്യസംസ്കാരത്തിന്റെ പുരോഗതികളിലേക്ക് അവരെ കൊണ്ടുവരുവാന്‍ എങ്ങനെ കഴിയുമെന്ന ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ നാം ചോദിക്കേണ്ടത്. അവിടെ ചൂഷണത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടി മനുഷ്യത്വത്തെ അവഗണിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുകയില്ല. ജോണ്‍ അലന് ചൗവിന്റെ അതിസാഹസികമായ കാല്‍വെപ്പ് ആ അര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടതല്ല. ലോകത്തിലെ ആയിരക്കണക്കിന് ജനസമൂഹങ്ങളെ മനുഷ്യരെപ്പോലെ ജീവിക്കാന്‍ പ്രാപ്തരാക്കാന്‍ ത്യാഗപൂര്‍ണ്ണമായ സംഭാവന നല്കിയ ക്രൈസ്തവ മിഷണറി നിയോഗത്തിലെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് അദ്ദേഹം. നാമാരും തിരിച്ചുപോകാനാഗ്രഹിക്കാത്ത നമ്മുടെയൊക്കെ പൂര്‍വ്വികരുടെ ജീവിതത്തില്‍ കുടുങ്ങിപ്പോയ ഒരു ജനതയെ വീണ്ടെടുക്കാനുള്ള ഒരു മനുഷ്യന്റെ ജീവത്യാഗത്തെ ലോകം എത്ര വിമര്‍ശിച്ചാലും ദൈവം മാനിക്കുമെന്നതിന് സംശയമില്ല.