യേശു ഭൂമിയില്‍ നടന്നത് മനുഷ്യന് ചന്ദ്രനില്‍ നടന്നതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യമാണ്.
അപ്പോളോ 15 ലെ ചന്ദ്രയാത്രികന്‍ ജയിംസ് ബി ഇര്വിന്: ഒരു ഹ്രസ്വചരിത്രം
ഫാല്‍ക്കണ്‍ പറന്നിറങ്ങി….ഹാഡ്ലി ആപ്പിനെന് പര്‍വ്വതമേഖലയില്‍. നിശബ്ദവും വിജനവുമായിരുന്നു അവിടം. കാടില്ല, തോടില്ല, കാറ്റില്ല, മഴയില്ല, മരങ്ങളില്ല, മനുഷ്യരുമില്ല. മരുഭൂമിക്കു സമാനമായ വിജനത, സമ്പൂര്ണനിശബ്ദതയും ! മൂന്ന് വശത്തും ആപ്പിനൈന്‍ മലനിരകള്‍; ഒരു വശത്ത് ഹാഡ്ലി റിന് എന്ന അഗാധമായ താഴ്വര.
ഇത് ഭൂമിയല്ല, ചന്ദ്രനാണ്. അമേരിക്കയുടെ അപ്പോളോ – 15 ചന്ദ്രദൗത്യത്തിലെ ചന്ദ്രനിലിറങ്ങിയ പേടകമാണ് (Lunar Module) ഫാല്‍ക്കണ്‍. മുഖ്യപേടകമായ (Command Module) എന്‍ഡവര്‍ ചന്ദ്രനെ പ്രദിക്ഷണം ചെയ്തുകൊണ്ടിരുന്നു. ആന്ഫ്രഡ് വോര്ഡന് ആയിരുന്നു അത് നിയന്ത്രിച്ചിരുന്നത്. ലൂണാര്‍ മൊഡ്യൂള്‍ ഫല്ക്കണിലുണ്ടായിരുന്നത് പൈലറ്റ് ജയിംസ് ബി ഇര്‍വിനും, കമാന്‍ഡര്‍ ഡേവിഡ് സ്കോട്ടും. ഭൂമിയില്‍ നിന്ന് യാത്ര തിരിച്ച് നാല് ദിവസങ്ങള്‍ക്ക് ശേഷമാണവര്‍ ചന്ദ്രനിലെത്തിയത്.
ചന്ദ്രനില്‍ ലാന്റ് ചെയ്തെങ്കിലും പുറത്തിറങ്ങി നടക്കാനുള്ള തിടുക്കമൊന്നും അവര്‍ കാണിച്ചില്ല. മുന്‍ ദൗത്യങ്ങളില്‍ ലാന്റിംങ്ങിന് ശേഷം അധികം കഴിയുന്നതിന് മുമ്പ് തന്നെ യാത്രികര്‍ പുറത്തിറങ്ങി നടന്നിരുന്നു. എന്നാല്‍ ഇത് പലതുകൊണ്ടും വ്യത്യസ്ഥമായ ദൗത്യമാണ്. മൂന്ന് ദിവസങ്ങള്‍ അവര്‍ അവിടെ ചിലവിടണം. പലതരം പരീക്ഷണങ്ങളും പര്യവേഷണങ്ങളും നടത്തുവാനുണ്ട്. അതുകൊണ്ട് നന്നായി ഉറങ്ങിവിശ്രമിച്ചിട്ട് പുറത്തിറങ്ങിയാല്‍ മതി എന്നായിരുന്നു ഭൂമിയില്‍ നിന്നുള്ള നിര്‍ദ്ദേശം.
മേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ (NASA) ചന്ദ്രപര്യവേഷണ പദ്ധതിയായിരുന്നു, അപ്പോളോ. 1969- ല്‍ അപ്പോളോ – 11 ആദ്യമായി മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചു. അതിന്ശേഷം അപ്പോളോ – 12 ലും അപ്പോളോ – 14ലും മനുഷ്യര്‍ ചന്ദ്രനിലിറങ്ങി. ഓരോ ദൗത്യത്തിലും മൂന്ന് പേര് വീതമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പേര് മാത്രമേ ചന്ദ്രനില്‍ ഇറങ്ങുകയുള്ളൂ. മറ്റേയാള്‍ കമാന്‍ഡ് മൊഡ്യൂളില്‍ ചന്ദ്രനെ വലം വച്ചുകൊണ്ടിരിക്കണം. 1971 ജൂലൈ 23ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നാണ് കൂറ്റന്‍ സാറ്റേണ്‍ വി റോക്കറ്റില്‍ (Saturn V Rocket) അപ്പോളോ – 15 കുതിച്ചുയര്‍ന്നത്. ഭൂമിയുടെ അന്തരീക്ഷ മണ്ഡലത്തെ മറികടന്ന് ചന്ദ്രനിലേയ്ക്ക് കുതിച്ച പേടകം 29-ാം തിയതി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. അടുത്ത ദിവസം കമാന്‍ഡ് ഷിപ്പില്‍ നിന്നും വേര്‍പെടുത്തി. ഫാല്‍ക്കണ്‍ മുന്‍നിശ്ചയിച്ചതുപോലെ തന്നെ ഹാഡ്ലി ആപ്പിനൈന്‍ മേഖലയില്‍ ഇറങ്ങുകയായിരുന്നു. ചന്ദ്രനില്‍ നടന്ന ഏഴാമത്തെയും എട്ടാമത്തെയും വ്യക്തികളായിത്തീര്ന്നു ഡേവിഡ് സ്കോട്ടും ജെയിംസ് ഇര്‍വിനും.
ചന്ദ്രനില്‍ കാറോടിച്ചവര്‍
ലൂണാര്‍ റോവിങ്ങ് വെഹിക്കിള്‍ അഥവാ LRV അതായിരുന്നു ആ കാറിന്റെ പേര്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ, പക്ഷേ ഹൈടെക് കാര്‍. അത് മടക്കി പാക് ചെയ്തായിരുന്നു ഫാല്‍ക്കണില്‍ സൂക്ഷിച്ചിരുന്നത്. സ്കോട്ടും, ഇര്‍വിനും അത് പുറത്തെടുത്തു, നിവര്‍ത്തി തയ്യാറാക്കി ഓടിച്ചു. അങ്ങനെ ചന്ദ്രനില്‍ ആദ്യം കാറോടിച്ചവര്‍ എന്ന ബഹുമതി കരസ്ഥമാക്കി. വെറുതെയൊരു ബഹുമതി നേടാനായിരുന്നില്ല ഈ കാറ് കൊണ്ടുപോയത്. യാത്രികര്‍ക്ക് ലാന്റിങ്ങ് സൈറ്റില്‍ നിന്നും കൂടുതല്‍ ദൂരേയ്ക്ക് സഞ്ചരിച്ച് പര്യവേഷണം നടത്തുവാനും ഉപകരണങ്ങളും ശേഖരിക്കുന്ന സാമ്പിളുകളും വഹിക്കുവാനും ടെലിവിഷന്‍ സംപ്രേക്ഷണത്തിനുമെല്ലാം ഈ കാറ് ഉപകരിച്ചു. സ്കോട്ടും ഇര്‍വിനും മൂന്ന് തവണയായി 28 കി. മി. LRV യില്‍ സഞ്ചരിച്ചു. ഏകദേശം മൂന്ന് ദിവസങ്ങളാണ് (67 മണിക്കൂര്‍ ) അവര്‍ ചന്ദ്രനില്‍ ചെലവഴിച്ചത്. അതില്‍ 48 മണിക്കൂര്‍ പേടകത്തിനുള്ളിലും ബാക്കി 19 മണിക്കൂര്‍ പര്യവേക്ഷണത്തിനും. ഭൂമിയിലേയ്ക്ക് കൊണ്ടുവരുവാനായി 77kg കല്ലും മണ്ണും അടങ്ങുന്ന സാമ്പിളുകളും അവര്‍ ശേഖരിച്ചു. അവയില്ഏറ്റവും പ്രധാനപ്പെട്ടത് ഒരു പാറക്കഷണമായിരുന്നു. ചന്ദ്രോല്പത്തിയോളം പഴക്കമുള്ളത് എന്ന് കണക്കാക്കുന്ന ആ പാറക്കഷണം ഗവേഷകരെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതായിരുന്നു. ജെനസിസ് റോക്ക് ( GENESIS ROCK ) എന്ന് മാധ്യമങ്ങള്‍ അതിന് പേരിട്ടു.
ശാസ്ത്രകുതുകികളെ സംബന്ധിച്ചിടത്തോളം അപ്പോളോ – 15 ദൗത്യം ശാസ്ത്രീയമായി പല നിലകളില്‍ പ്രാധാന്യമുള്ളതാണ്. എന്നാല്‍ ക്രിസ്തുവിശ്വാസികളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഉദ്വേഗജനകവും ആവേശകരവുമായിരിക്കുന്നത് കേണല്‍ ജെയിംസ് ഇര്വിന് ചന്ദ്രനില്‍ വച്ചുണ്ടായ പ്രത്യേകമായ ദൈവാനുഭവവും തുടര്‍ന്ന് ഒരു സുവിശേഷകനാകുവാന്‍ അദ്ദേഹമെടുത്ത തീരുമാനവുമാണ്. ചന്ദ്രനില്‍ കാറോടിച്ച ഇര്വിന് തിരിച്ച് ഭൂമിയില്‍ വന്ന് സുവിശേഷം പ്രസംഗിച്ചുകൊണ്ട് ലോകമെങ്ങും സഞ്ചരിച്ചു! അദ്ദേഹത്തിന്റെ ജീവിതം ആകമാനം തന്നെ നാടകീയതകള്‍ നിറഞ്ഞതും പ്രചോദനാത്മകവുമാണ്.
പറന്ന് മതിവരാത്ത യൗവനം
അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു 1930ല്‍ ഇര്‍വിന്റെ ജനനം. വൈമാനികനാകണമെന്നതായിരുന്നു ചെറുപ്പം മുതലേ മോഹം. സ്ക്കൂള് വിദ്യാഭ്യാസത്തിന്ശേഷം U S നേവല്‍ അക്കാദമിയില്‍നിന്ന് ബിരുദവും, മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എയ്റോനോട്ടിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തരബിരുദവും നേടി. തുടര്‍ന്ന് അമേരിക്കന്‍ എയര്‍ഫോഴ്സിന്റെ പൈലറ്റ് സ്കൂളിലും, എയ്റോസ്പേസ് റിസര്‍ച്ച് പൈലറ്റ് സ്ക്കൂളിലും ചേര്‍ന്നു പഠിച്ചു. പറക്കുവാനുള്ള മോഹം അങ്ങനെ സാഫല്യമായി.
അമേരിക്കന്‍ എയര്‍ഫോഴ്സില്‍ ചേര്‍ന്ന ഇര്വിന് ഒരു പൈലറ്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. വിശിഷ്ടമായ സേവനത്തിനുള്ള അംഗീകാരമായി ‘Air Force Distingnished Service Medal നല്കി അമേരിക്കന്‍ എയര്‍ഫോഴ്സ് അദ്ദേഹത്തെ ആദരിച്ചു.
മേരി എലന്‍ ആയിരുന്നു ഇര്‍വിന്റെ ഭാര്യ. അവരുടെ ദാമ്പത്യത്തില്‍ ജോയ്, ജിന്‍, ജാന്‍ എന്നീ പെണ്മക്കളും ജെയിംസ് എന്ന മകനും പിറന്നു. ഒരു കുഞ്ഞിനെ അവര്‍ ദത്തെടുക്കുകയും ചെയ്തു; അവന്റെ പേര് ജോ. എയര്ഫോഴ്സിലായിരിക്കുമ്പോള് തന്നെ ബഹിരാകാശ സഞ്ചാരത്തെക്കുറിച്ചും ചന്ദ്രയാത്രയെക്കുറിച്ചുമൊക്കെ ഇര്വിന് സ്വപ്നം കണ്ടു. സ്വപ്നം മാത്രമല്ല, അതിനുള്ള ഒരുക്കമെന്നോണം ഭൂമിശാസ്ത്രവും, ജ്യോതി ശാസ്ത്രവും, ചന്ദ്രശാസ്ത്രവും, സ്പേസ് ക്രാഫ്റ്റ് ഡിസൈനിങ്ങുമൊക്കെ ഇര്വിന് പഠിച്ചുകൊണ്ടിരുന്നു.
ചിറകൊടിക്കുമോ ഈയപകടം….?
1961 ലായിരുന്നു ആ അപ്രതീക്ഷിത അപകടം. ഇര്വിന് പരിശീലനം നല്കിക്കൊണ്ടിരുന്ന ഒരു പൈലറ്റ് വിദ്യാര്‍ത്ഥിയുടെ പിഴവുമൂലം അവര്‍ പറത്തിയിരുന്ന വിമാനം തകര്‍ന്നുവീണു. രണ്ടുപേരും ജീവനോടെ ശേഷിച്ചു എങ്കിലും ഇര്‍വിന്റെ പരുക്കുകള്‍ വളരെ ഗുരുതരമായിരുന്നു. പലയിടത്തും എല്ലുകള്‍ പൊട്ടി. ഒരു കാലിന് ഗുരുതരമായ പരിക്ക്. കാല് മുറിച്ചുകളയേണ്ടിവരുമോ എന്നുപോലും ഡോക്ടര്‍മാര്‍ ഭയപ്പെട്ടു. ഇതിനെല്ലാം പുറമേ അദ്ദേഹത്തിന് ഓര്‍മ്മശക്തിയും നഷ്ടമായി. ഉയരെ പറന്നിരുന്ന ഇര്വിന് ഇതാ ചിറകൊടിഞ്ഞതുപോലെ താഴെ! ഇനിയദ്ദേഹം എഴുന്നേറ്റ് നടക്കുമോ എന്നുപോലും ആളുകള്‍ സംശയിച്ചു. എന്നാല്‍ മാസങ്ങള്‍ നീണ്ട ചികിത്സക്കും തീവ്രപരിചരണത്തിനുമൊടുവില് ഇര്വിന് സുഖം പ്രാപിച്ചു; പൂര്‍ണ്ണമായും തന്നെ. നഷ്ടപ്പെട്ട ഓര്‍മ്മശക്തിയും തിരിച്ചുകിട്ടി. ഇര്വിന് ഇനി നടക്കുമോ എന്ന് ശങ്കിച്ചവര്‍ അമ്പരന്നു. ഒരു വര്‍ഷത്തിന്ശേഷം അദ്ദേഹമിതാ വിമാനവുമായി വീണ്ടും ആകാശത്ത്!
ഉയരെ പറക്കാന്‍ നാസയിലേയ്ക്ക്
ഇര്വിന് നാസയില്‍ ചേര്‍ന്ന സമയത്ത്, നാസ മനുഷ്യരെ ബഹിരാകാശത്ത് അയക്കുവാന്‍ തുടങ്ങിയിരുന്നു. അമേരിക്കയും സോവ്യറ്റ് യൂണിയനും തമ്മില്‍ സ്പേസ് പ്രോഗ്രാമില്‍ മത്സരം നിലനിന്നിരുന്നു. എന്നാല്‍ ചന്ദ്രഗവേഷണത്തില് അമേരിക്കയ്ക്കായിരുന്നു മേല്‍ക്കൈ.1963- ല്‍ ഇര്വിന് ബഹിരാകാശ സഞ്ചാരിയാകാന്‍ നാസയില്‍ (NASA ) അപേക്ഷിച്ചുവെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. 1964 ല്‍ വീണ്ടും അപേക്ഷിച്ചെങ്കിലും അതും നിരസിക്കപ്പെട്ടു. 1966- ല്‍ ഇര്വിന് 36 വയസ്സായിരുന്നു. ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെടുവാനുള്ള പ്രായപരിധിയായിരുന്നു അത്. അവസാന ശ്രമം എന്ന വണ്ണം അപേക്ഷിച്ച ഇര്‍വിന്റെ അപേക്ഷ നാസ സ്വീകരിച്ചു.
തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ കഠിനമായ പരിശീലനത്തിന്റെ കാലങ്ങളായിരുന്നു. 1969 ജൂലൈ 20 ന് അപ്പോളോ – 11 ദൗത്യം മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചു. നീല്‍ ആംസ്ട്രോങ്ങും, എഡ്വിന് ആള്‍ട്രിനും, മൈക്കിള്‍ കോളിന്സുമായിരുന്നു യാത്രികര്‍, 1969 ല്‍ തന്നെ നവംബറില്‍ അപ്പോളോ – 12 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങി. അപ്പോളോ 13 സാങ്കേതിക കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടു. 1971 ല്‍ ജനുവരിയില്‍ അപ്പോളോ – 14 ചന്ദ്രനിലിറങ്ങി. 1971 ജൂലൈയിലുള്ള അപ്പോളോ – 15 ദൗത്യമായിരുന്നു ജെയിംസ് ഇര്‍വിനും, ഡേവിഡ് സ്കോട്ടിനും, ആല്‍ഫ്രഡ് വോര്ഢനും നല്കപ്പെട്ടത്.
ചന്ദ്രനില്വച്ചുണ്ടായ ആത്മീയ ഉണര്‍വ്
ചെറുപ്പം മുതല്‍ തന്നെ സമര്‍പ്പണമുള്ള ക്രിസ്തു വിശ്വാസിയായിരുന്നു ഇര്വിന്. എങ്കിലും തിരക്കുപിടിച്ച നാസാ ജീവിതത്തിനിടയില്‍, താന്‍ “കര്‍ത്താവിനോടൊപ്പമുള്ള നടപ്പില്‍ നിന്ന് അല്പം മാറി നടക്കുകയായിരുന്നു” എന്നാണ് അദ്ദേഹത്തിന്റെ തന്നെ സാക്ഷ്യം. എന്നാല്‍ ചന്ദ്രനില്‍ വച്ച് തനിക്കുണ്ടായ അത്ഭുതകരവും അവിസ്മരണീയവുമായ ദൈവാനുഭവം, അദ്ദേഹത്തിന് ആത്മീയ ഉണര്‍വും ഉത്തേജനവുമേകി. മങ്ങിക്കിടന്നിരുന്ന വിശ്വാസക്കനല് അഗ്നിയായ് ജ്വലിച്ചുയര്‍ന്നു.
ബഹിരാകാശത്തുനിന്നും, ചന്ദ്രനില്‍നിന്നും ഭൂമിയെ നോക്കിക്കാണുവാനുള്ള അത്യപൂര്‍വ്വ ഭാഗ്യം ലഭിച്ച വ്യക്തികളിലൊരാളാണ് ഇര്വിന്. മറ്റ് ഗോളങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമി എത്ര മനോഹരമാണ് എന്നദ്ദേഹം കണ്ടു. ഇര്വിന് ഇങ്ങനെ എഴുതി: ” ഞങ്ങള്‍ ഭൂമിയില്‍ നിന്ന് അകലും തോറും ഭൂമിയുടെ വലുപ്പം കുറഞ്ഞുകുറഞ്ഞുവന്നു. ഒടുവില്‍ ഒരു മാര്‍ബിള്‍ ഗോളമായ്, നിങ്ങള്‍ക്ക് സങ്കല്പ്പിക്കാവുന്നതില് ഏറ്റവും മനോഹരമായ മാര്‍ബിള്‍ ഗോളമായി ഭൂമി തിളങ്ങി നിന്നു”.
ചന്ദ്രനിലിറങ്ങിയപ്പോള്‍ ചന്ദ്രോപരിതലം എത്ര പാഴും ശൂന്യവുമാണെന്നും എന്നാല്‍ ഭൂമിയെ എത്ര മനോഹരമായാണ് ദൈവം സൃഷ്ടിച്ചിരിക്കുന്നത് എന്നും അദ്ദേഹം വീണ്ടും അറിഞ്ഞു.
ഇര്‍വിനും സ്കോട്ടിനും ഒരുമിച്ചും ഒറ്റയ്ക്കും ചെയ്യുവാന്‍ പല ജോലികളുമുണ്ടായിരുന്നു. ഒറ്റയ്ക്ക് ചെയ്യേണ്ടതായ ഒരു പരീക്ഷണത്തിനായി ഇര്വിന് വളരെ ശ്രമിച്ചിട്ടും അത് ശരിയായില്ല. ഒടുവില്‍ അദ്ദേഹം പ്രാര്‍ത്ഥിക്കുവാന്‍ തീരുമാനിച്ചു. ആത്മാര്‍ത്ഥമായി ഇര്വിന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. തനിക്ക് മുമ്പ് ചന്ദ്രനിലിറങ്ങിയ ആരെങ്കിലും ചന്ദ്രനില്‍ വെച്ച് പ്രാര്ത്ഥിച്ചിരിക്കുമോ? ഇത്ര തീവ്രവും തീഷ്ണവുമായി പ്രാര്‍ത്ഥിച്ചിരിക്കാന്‍ സാധ്യതയില്ല. പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍തന്നെ, അന്നോളം താന്‍ അനുഭവിച്ചിട്ടില്ലാത്തവിധമുള്ള ദൈവിക സാന്നിധ്യവും സമാധാനവും ഇര്വിന് അനുഭവിച്ചറിഞ്ഞു. യേശുക്രിസ്തു തന്റെയടുത്ത്തന്നെ നില്‍ക്കുന്നത്പോലെ തനിക്ക് അനുഭവപ്പെട്ടു. ചെയ്തുകൊണ്ടിരുന്ന പരീക്ഷണത്തില്‍ ഇര്വിന് വേഗം വിജയം കണ്ടു!
“ജനസീസ് റോക്കി” ന്റെ (Genesis Rock) കണ്ടുപിടുത്തവും അത്ഭുതകരമായിരുന്നു. മുന്യാത്രികര് ചന്ദ്രനില്‍ നിന്ന് കൊണ്ടുവന്ന പാറക്കഷണങ്ങള്‍ കറുത്തതും കാഠിന്യമേറിയതുമായിരുന്നു. എന്നാല്‍ ചന്ദ്രനിലെ പര്വ്വതരൂപീകരണസമയത്ത്, അകക്കാമ്പില്‍നിന്ന് പുറംതള്ളപ്പെട്ടതായ കുടുപ്പം കുറഞ്ഞതും വെളുത്തതുമായ ശിലകള്‍ കണ്ടെത്തുന്നത് ചന്ദ്രന്റെ പ്രായനിര്ണയത്തോടുള്ള ബന്ധത്തില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. പര്യവേഷണത്തിനിടെ അവരത് കണ്ടെത്തി. അപ്പോളോ – 15 ദൗത്യത്തിലെ ഏറ്റവും പ്രധാന ശാസ്ത്രീയകണ്ടുപിടിത്തമായിരുന്നു അത്. ആ കല്ലിന്റെ കിടപ്പ് കണ്ടാല്‍ “ഞാനിതാ ഇവിടെ, എന്നെ എടുത്തുകൊള്ളൂ” എന്ന് പറയുന്നത്പോലെ തോന്നുമായിരുന്നുപോലും! ഇര്‍വിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കണ്ടുപിടുത്തമായിരുന്നു അത്. കാരണം ചന്ദ്രനും ഭൂമിക്കും ഒരേ പ്രായമാണ് എന്നതിനുള്ള നിര്‍ണായക തെളിവായിരുന്നു അത്. ഉല്പത്തിപുസ്തകത്തിലെ സൃഷ്ടിവിവരണം ആക്ഷരീകമായി വിശ്വസിച്ചിരുന്ന ഇര്വിന് 6 ദിവസംകൊണ്ടാണ് ദൈവം ഭൂമിയും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം സൃഷ്ടിച്ചത് എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.
ചന്ദ്രനില്‍വച്ച് ഹാര്ട്ട്അറ്റാക്കുണ്ടായാല്……?
ചന്ദ്രനില്‍ നിന്ന് മടങ്ങുന്നതിന് മുമ്പായി ഇര്‍വിനും സ്കോട്ടിനും വളരെ ജോലികള്‍ ചെയ്ത്തീര്ക്കുവാനുണ്ടായിരുന്നു. അപരിചിതവും അപകടകരവുമായ ചന്ദ്രോപരിതലം. സ്പേസ് സ്യൂട്ടിന് പുറത്ത് കഠിനമായ ചൂട്. രണ്ടുപേരും ഫാല്‍ക്കണില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും നന്നേ ക്ഷീണിച്ചിരുന്നു. താഴെ മിഷന്കണ്ട്രോള് ടീമിലുള്ള ഡോക്ടര്‍മാര്‍ പെട്ടെന്നത് ശ്രദ്ധിച്ചു. ജെയിംസ് ഇര്‍വിന്റെ ഹൃദയമിടിപ്പ് താളം തെറ്റിയിരിക്കുന്നു. ഒരു ഹൃദയാഘാതത്തിന്റെ എല്ലാ ലക്ഷണങ്ങളുമവര് നിരീക്ഷിച്ചു. അടിയന്തരമായും ICUല്‍ പ്രവേശിപ്പിക്കേണ്ടതായ സാഹചര്യമാണ്. പക്ഷേ എന്ത് ചെയ്യും? ഇര്വിന് ചന്ദ്രനിലും അവര്‍ ഭൂമിയിലുമല്ലേ. ഇര്‍വിനെ അവര്‍ കാര്യം അറിയിച്ചില്ല. ഡോക്ടര്‍മാര്‍ ഇങ്ങനെ ആശ്വസിച്ചു: ICUന് സമാനമായ സാഹചര്യമാണ് ഫാല്‍ക്കണ്‍ ക്യാബിനിലുള്ളത്. 100% ഓക്സിജനാണ് അദ്ദേഹം ശ്വസിക്കുന്നത്. ഭൂമിയിലെ ഒരു ICUവിലുമില്ലാത്ത ഒരു അനുകൂല ഘടകം കൂടിയുണ്ട് അവിടെ- സീറോ ഗ്രാവിറ്റി. ഏതായാലും ഇര്വിന് അത്ഭുതകരമായി ആ പ്രശ്നവും അതിജീവിച്ചു. ദൈവകരുതലിന്റെ മറ്റൊരു ദൃഷ്ടാന്തമായിരുന്നു അത്.
ഉയരെ പറക്കണം കര്‍ത്താവിനായ്…..
ഓഗസ്റ്റ് – 2ന് ഫാല്‍ക്കണ്‍ പറന്നുയര്‍ന്നു. ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്ന എന്‍ഡവറുമായി വീണ്ടും സന്ധിച്ചു. അവര്‍ ശേഖരിച്ച സാമ്പിളുകളും മറ്റും എന്ഡവറിലേയ്ക്ക് മാറ്റിയശേഷം ഫാല്‍ക്കണ്‍ അവര്‍ ഉപേക്ഷിച്ചു. ഒരു ദിവസം കൂടി ചന്ദ്രനെ വലം വച്ച് നിരീക്ഷണങ്ങള്‍ നടത്തി. അതിന്ശേഷം ഭൂമിയിലേയ്ക്ക് . ഓഗസ്റ്റ് 7ന് ശാന്തസമുദ്രത്തിലാണവര് തിരിച്ചിറങ്ങിയത്. അങ്ങനെ 12 ദിവസവും 7 മണിക്കൂറും 11 മിനിറ്റും 53 സെക്കന്റുമെടുത്ത അപ്പോളോ -15 ദൗത്യം പൂര്‍ത്തിയായി.
പ്രശസ്തിയുടേയും പുരസ്കാരങ്ങളുടേയും നാളുകളായിരുന്നു പിന്നീട്. എന്നാല്‍ പുതിയ ദര്‍ശനവും ദിശാബോധവുമായാണ് ഇര്വിന് മടങ്ങിവന്നത്. ചന്ദ്രനില്‍ വച്ചുണ്ടായ അസാധാരണ അനുഭവങ്ങളും, ദൈവവുമായുള്ള സമാഗമവും തന്നെ അത്രമാത്രം സ്വാധീനിച്ചിരുന്നു. മാനവരാശിയോട് തനിക്കൊരു ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. യേശുക്രിസ്തുവിന്റെ ഒരു സന്ദേശവാഹകനായി ലോകമെങ്ങും സഞ്ചരിക്കുവാനുള്ള ഉറച്ച തീരുമാനത്തോടെ അടുത്തവര്‍ഷം തന്നെ അദ്ദേഹം നാസയില്‍നിന്നും രാജിവച്ചു. ഇര്വിന് ഇങ്ങനെ എഴുതി:
“ചന്ദ്രനില്‍ പോകുന്നതിന് മുമ്പ് ഞാനൊരു നിശബ്ദനായ ക്രിസ്ത്യാനിയായിരുന്നു. എന്നാല്‍ ഒരു പുതിയ ഉണര്‍വോടെ തിരികെവന്ന് യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുന്നതിനുവേണ്ടിയാണ് ദൈവമെന്ന ചന്ദ്രനിലേയ്ക്ക് അയച്ചത് എന്ന് ഞാന്‍ കരുതുന്നു” .
High Flight Foundation എന്ന സുവിശേഷ സംഘടനയ്ക്ക് 1972 ല്‍ ഇര്വിന് രൂപം നല്കി. വൈവിധ്യമാര്‍ന്ന മാര്‍ഗ്ഗങ്ങളിലൂടെ സുവിശേഷമറിയിക്കുകയും ക്രിസ്തുവുമായുള്ള ബന്ധത്തില്‍ ‘ഉയരെ പറക്കുവാന്‍ ‘ ആളുകളെ സജ്ജരാക്കുകയുമാണ് സംഘനടയുടെ ലക്ഷ്യം. അടുത്ത 20 വര്‍ഷങ്ങള്‍ ഇര്വിന് ലോകമെങ്ങും സഞ്ചരിച്ചു. രാഷ്ട്രനേതാക്കളടക്കം അനേകായിരങ്ങളോട് സുവിശേഷം അറിയിച്ചു. അദ്ദേഹം എഴുതി:
“ഞാന്‍ ലോകമെങ്ങും സഞ്ചരിക്കുമ്പോള്‍ ആളുകളോട് പറയുന്ന ഒരു കാര്യമുണ്ട്. യേശുക്രിസ്തുവാണ് നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരം. യേശു ഭൂമിയില്‍ നടന്നത് മനുഷ്യന് ചന്ദ്രനില്‍ നടന്നതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യമാണ്. “
ബൈബിളിലെ സൃഷ്ടിവിവരണം ഇര്വിന് ആക്ഷരീകമായി വിശ്വസിച്ചിരുന്നു. ഭൂമിക്കും ചന്ദ്രനുമൊന്നും കോടിക്കണക്കിന് വര്‍ഷങ്ങളുടെ പ്രായമില്ല, ഏതാനും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പ്രായമേ ഉള്ളൂ എന്നും, ശാസ്ത്രം പരിണാമത്തെയല്ല സൃഷ്ടിയെയാണ് പിന്തുണയ്ക്കുന്നതെന്നും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു. നമുക്ക് ശാസ്ത്രഗവേഷണവും ബഹിരാകാശ യാത്രകളുമൊക്കെ സാധ്യമാകുന്നത് ദൈവം പ്രകൃതി നിയമങ്ങള്‍ നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്കൊണ്ടാണെന്നും, ഈ മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തെ വ്യക്തിപരമായി അറിയുകയെന്നത് അതിപ്രധാനമായ കാര്യമാണെന്നും ഇര്വിന് ആളുകളെ ഉദ്ബോധിപ്പിച്ചു.
നോഹയുടെ പെട്ടകം തേടി അരാരത്ത് പര്വ്വതനിരകളിലേയ്ക്ക് പല പര്യവേഷണയാത്രകളും ഇര്വിന് നടത്തിയിരുന്നു. എങ്കിലും അവയൊന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ല. To Rule the Night, Destination Moon, More Than Earthlings, More than an Ark on Ararat എന്നീ പുസ്തകങ്ങള്‍ ഇര്വിന്റേതാണ്.
1991 ഓഗസ്റ്റ് 7-നായിരുന്നു അപ്പോളോ – 15 ന്റെ 20-ാം വാര്‍ഷികം. വാര്‍ഷികാഘോഷങ്ങളില്‍ ഇര്വിന് പങ്കെടുത്തു. എന്നാല്‍ അടുത്ത ദിവസം അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതം തന്റെ ജീവന് കവര്‍ന്നു. മറ്റൊരു ലോകത്തേയ്ക്ക്, താന്‍ സ്നേഹിച്ച കര്‍തൃസന്നിധിയിലേയ്ക്ക് തന്നെ ഇര്വിന് യാത്രയായി.
അതിനിപുണനായ പൈലറ്റ്, ശാസ്ത്രജ്ഞന്, ചന്ദ്രയാത്രികന്‍, പ്രസംഗകന് എന്നീ നിലകളിലെല്ലാം അസാധാരണവും അതുല്യവുമായ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭയായിരുന്നു ജെയിംസ് ബി ഇര്വിന്. എന്നാല്‍ നശ്വരമായ ഈ ലോകത്തിന്റെ മഹിമകള്ക്കുവേണ്ടി അദ്ദേഹം ജീവിച്ചില്ല. “സ്വര്‍ഗ്ഗീയദര്‍ശനത്തോട് ഞാന്‍ അനുസരണക്കേട് കാണിച്ചില്ല” എന്ന് പൗലോസ് പറഞ്ഞതുപോലെ, ചന്ദ്രനില്‍ വച്ച് ദൈവം തനിക്ക് നല്കിയ സുവിശേഷദര്ശനത്തോട് അനുസരണക്കേട് കാണിക്കാതെ, ജീവാവസാനം വരെ യേശുക്രിസ്തുവിന്റെ സ്ഥാനപതിയായി സേവനം ചെയ്ത ഇര്‍വിന്റെ ജീവിതം നല്കുന്ന പ്രചോദനം ചന്ദ്രനോളം വലുതാണ്.