വാളിനേക്കാള്‍ ശക്തി പേനയ്ക്കാണ് എന്ന പ്രസ്താവന വളരെ പ്രശസ്തമാണ്. വാളിന് കൊന്നും തകര്‍ത്തും കൈയ്ക്കലാക്കാവുന്നതിലും നിയന്ത്രിക്കാവുന്നതിലും അധികം സ്വാധീനവും നിയന്ത്രണവും ആശയങ്ങള്‍കൊണ്ട് നേടാനാവും എന്നതുകൊണ്ടാണ് അത്തരമൊരു പ്രസ്താവന അന്വര്‍ത്ഥമായിത്തീരുന്നത്. അതിന് നേരുദാഹരണമാണ് ഇമ്മാനുവേല്‍ കാന്‍റിന്‍റെ ജീവിതം. വാളല്ല പേനയായിരുന്നു അദ്ദേഹത്തിന്‍റെ സമരായുധം. അതാവട്ടെ ആവോളം അദ്ദേഹം ഉപയോഗിക്കുകയും ചെയ്തു. ഫലമോ മൂന്നൂറില്‍പരം വര്‍ഷങ്ങള്‍ക്ക ്ശേഷവും ആ ആശയങ്ങള്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു.
വ്യക്തിയും പ്രഭാവവും
പ്രസിദ്ധ അപ്പോളജിസ്റ്റും എണ്ണം പറഞ്ഞ പല പുസ്തകങ്ങളുടെ രചയിതാവും അധ്യാപകനുമായ നോര്‍മന്‍ ഗീസ്ലര്‍ ഒരിക്കല്‍ അദ്ദേഹത്തിന്‍റെ നാല്പതോളം വരുന്ന വേദശാസ്ത്ര വിദ്യര്‍ത്ഥികളെ നോക്കി ഇങ്ങനെ അഭിപ്രായപ്പെട്ടു. “വിദ്യാര്‍ത്ഥികളെ, നിങ്ങളുടെ ജീവിതത്തില്‍ യേശുക്രിസ്തുവിനുള്ളതിലും സ്വാധീനം ഇമ്മാനുവേല്‍ കാന്‍റിനാണ്”
ഇമ്മാനുവേല്‍ കാന്‍റ് (1724 — 1804) എന്ന തത്വചിന്തകന്‍ ഇപ്പോഴും ഇത്രവലിയ സ്വാധീനം ചെലുത്തുന്നതെങ്ങനെ? തീര്‍ച്ചയായും ഇക്കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. ഗിസ്ലറുടെ അഭിപ്രായ പ്രകടനം ഏതെങ്കിലും തത്വശാസ്ത്ര വിദ്യാര്‍ത്ഥികളോടല്ല പ്രശസ്തമായ യൂണിവേഴ്സിറ്റിയില്‍ വേദശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടി ക്രൈസ്തവ ശുശ്രൂഷയില്‍ ജീവിതം സമര്‍പ്പിക്കാനെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരോടാണ് എന്നത് വളരെ ശ്രദ്ധേയമാണ്. എന്തായിരുന്നു മനുഷ്യന്‍റെ ചിന്താസരണിയില്‍ ഇമ്മാനുവേല്‍ കാന്‍റ് വരുത്തിയ ആ വിപ്ലവം?
തുടക്കം
ന്യൂട്ടന്‍റെ സിദ്ധാന്തങ്ങളോടുള്ള യോജിപ്പുമായാണ് കാന്‍റിന്‍റെ തുടക്കം. അതാകട്ടെ അടിസ്ഥാനപരമായി ദൈവ വിശ്വാസത്തിലും ദൈവ വചനത്തിലും അടിസ്ഥാനപ്പെട്ടതായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ലാപ്ലെസി (Simon Laplace) ന്‍റെ ചിന്തകളുടെ ചുവട് പിടിച്ച് പ്രപഞ്ചക്രമത്തിന് ഒരു ‘അദൃശ്യകരം’ ആവശ്യമില്ലെന്ന നിലപാടിലെത്തി. പിന്നീട് കാന്‍റിന്‍റെ സമയവും ഊര്‍ജ്ജവുമൊക്കെ ചെലവഴിച്ചത് ( ചിരസമ്മതമായ) ദൈവാസ്തിത്വം സംബന്ധിച്ച യുക്തിപരമായ വാദങ്ങള്‍ നിരാകരിക്കാനും അതുവഴി പാശ്ചാത്യചിന്തകളെ അജ്ഞേയവാദത്തിലേക്കും ദൈവനിഷേധത്തിലേക്കും തള്ളിവിടാനുമാണ്. പ്രപഞ്ചസ്രഷ്ടാവും പരിപാലകനും എന്ന സ്ഥാനത്തുനിന്നും ദൈവത്തെ കുടിയിറക്കാനായി കാന്‍റ് തുടക്കമിട്ട ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നതാണ് വാസ്തവം. വേദശാസ്ത്രപരമായ അര്‍ത്ഥതലങ്ങളൊന്നുമില്ലാത്ത ഒരു യാന്ത്രിക സിദ്ധാന്തമായി പ്രപഞ്ചവിജ്ഞാനീയത്തെ കാന്‍റ് അവതരിപ്പിച്ചതോടെ കേവലമൊരു ഭൗതീകയാഥാര്‍ത്ഥ്യം മാത്രമാണ് പ്രപഞ്ചമെന്ന ഇന്നത്തെ ചിന്തക്ക് പ്രാബല്യം ലഭിച്ചു.
നൂറ്റാണ്ടുകള്‍കൊണ്ട് അഗസ്റ്റിനും അക്വിനാസും കെപ്ലറും, ന്യൂട്ടനും, ലെസ്സിംഗും ഹെര്‍ഡെറുമൊക്കെ ചേര്‍ന്ന് പടുത്തുയര്‍ത്തിയ വാദമുഖങ്ങളെയും തെളിവുകളെയുമെല്ലാം കാന്‍റ് ചോദ്യം ചെയ്തു. കാന്‍റിന്‍റെ ഭൗതികാധിഷ്ഠിത തത്വശാസ്ത്രത്തിന്‍റെ സ്വാധീനം പില്‍ക്കാലത്തു രൂപം കൊണ്ട ഫാഷിസം, ഫ്രോയിഡിന്‍റെ സിദ്ധാന്തം, ഹിഡോണിസം (സുഖാനുഭൂതി സിദ്ധാന്തം) ഹ്യൂമനിസം (മാനവ മതം), മാര്‍ക്സിസം, ഡാര്‍വിനിസം, ശൂന്യതാവാദം, പ്രായോഗികതാവാദം, ആപേക്ഷികതാവാദം, അസ്തിത്വവാദം തുടങ്ങിയ ഒട്ടനവധി ചിന്താസരണികള്‍ക്ക് വഴിമരുന്നിടുകയോ, പിന്‍ബലമേകുകയോ ചെയ്തു.
കാന്‍റിന്‍റെ സ്വാധീനത്തെക്കുറിച്ച് ഹ്യു റോസ് ഇങ്ങനെ പറയുന്നു “അദ്ദേഹത്തിന്‍റെ ചിന്തകള്‍ ശാസ്ത്രജ്ഞരേയും വേദശാസ്ത്രികളേയും മാത്രമല്ല സാമ്പത്തിക വിദഗ്ദരെയും സാമൂഹ്യ ശാസ്ത്രജ്ഞരെയും മന:ശാസ്ത്രജ്ഞരെയും വിദ്യാഭ്യാസ വിചക്ഷണരെയും തദ്വാര മനുഷ്യവര്‍ഗ്ഗത്തെ മുഴുവനേയും സ്വാധീനിച്ചു ” ( Hugh Ross – The fingerprint of God)
ഡാര്‍വിനും മുമ്പേ പരിണാമം
കാന്‍റ് എഴുതിയ ‘ക്രിട്ടിക് ഓഫ് ജഡ്ജ്മെന്‍റ് ‘ എന്ന പുസ്തകത്തില്‍ പരിണാമപ്രക്രിയയെക്കുറിച്ച് സാമാന്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ചില ജലജീവികള്‍ സാവധാനമുള്ള പരിണാമ പ്രക്രിയയിലൂടെ കരജീവികളായി മാറുന്നതിനെക്കുറിച്ച് അദ്ദേഹം പറയുന്നു. 19-ാം നൂറ്റാണ്ടില്‍ ലോകം കണ്ട പരിണാമസിദ്ധാന്തത്തിന്‍റെ താത്വിക അടിത്തറയിട്ടത് കാന്‍റും ഹേഗലും ചേര്‍ന്നാണ്. എന്നാല്‍ പില്‍ക്കാലത്ത് ചള്‍സ് ഡാര്‍വിന്‍ ‘കയ്യൂക്കിന്‍റെ അതിജീവന’ സിദ്ധാന്തവുമായി അതെങ്ങനെയെന്ന് വിശദീകരിക്കുംവരെ പരിണാവാദം ഇത്രമേല്‍ പ്രചാരം നേടിയില്ല എന്നുമാത്രം.
തത്വചിന്തയിലെ കാന്‍റിന്‍റെ സ്വാധീനം
അറിവിനെ സംബന്ധിച്ച പഠനത്തിലും ധാര്‍മ്മിക ശരിതെറ്റുകളെ സംബന്ധിച്ച പഠനത്തിലുമാണ് കാന്‍റ് വിപ്ലവം സൃഷ്ടിച്ചത്. നാം എങ്ങനെ അറിയുന്നു (Epistemology) എന്ന ചോദ്യത്തിന് ഉത്തരമായി റെനെ ദെക്കാര്‍ത്തെയുടെ യുക്തിവാദവും (Rationalism) അതിനു വിരുദ്ധമായി ജോണ്‍ലോക്കിന്‍റെ അനുഭവവാദവുമാണ് (Empiricism) അതുവരെ നിലനിന്നിരുന്നത്. എന്നാല്‍ ഇവ രണ്ടും നിരാകരിച്ച് പുതിയൊരു സമീപനം കാന്‍റ് മുന്നോട്ട് വെച്ചു. യാഥാര്‍ത്ഥ്യത്തെ അതായിരിക്കുന്നതുപോലെ അറിയുവാന്‍ യുക്തികൊണ്ടും അനുഭവംകൊണ്ടും കഴിയുകയില്ല. ഇന്ദ്രിയാനുഭവങ്ങളെ മനസ്സില്‍ അന്തര്‍ലീനമായിരിക്കുന്ന ചില ഘടനകള്‍ക്കൊത്തവിധം (Mental Structures) വിശദീകരിക്കാനല്ലാതെ യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച് വസ്തുനിഷ്ഠമായ അറിവ് സാധ്യമല്ല. സമയം, സ്ഥലം, സംഖ്യകള്‍, കാര്യകാരണ ബന്ധം എന്നിങ്ങനെയുള്ള വ്യവസ്ഥകള്‍ (Frames) മനസ്സിന്‍റെ അനിഷേധ്യമായ തത്വങ്ങളാണ്. കാഴ്ച, കേള്‍വി, ശബ്ദം, ഗന്ധം, സ്പര്‍ശനം എന്നിങ്ങനെയുള്ള ഇന്ദ്രിയാനുഭവങ്ങളെ ആ തത്വങ്ങള്‍ക്കനുസൃതമായി വ്യാഖ്യനിക്കുന്നതാണ് അറിവ്. മനുഷ്യമനസ്സ് സത്യത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയല്ല, സത്യത്തെ നിര്‍മ്മിക്കുന്ന നിര്‍മ്മാണശാലയാണ്. ബിസ്കറ്റുകളുണ്ടാക്കാനുള്ള മാവ് പ്രത്യേകരൂപത്തില്‍ മുറിക്കാനുപയോഗിക്കുന്ന അച്ചു (Cookie Cutter) പോലെയാണ് മനസ്സ് പ്രവര്‍ത്തിക്കുന്നത്. വസ്തുതകളുടെ തനതായ രൂപഭാവങ്ങള്‍ നമ്മുടെ അറിവിന് അതീതമാണ്. മനസ്സാകുന്ന അച്ച് അവയ്ക്ക് നല്‍കുന്നതാണ് അവയ്ക്കുണ്ടെന്ന് നമുക്ക് തോന്നുന്ന രൂപങ്ങള്‍. അറിവ് എന്നത് മനുഷ്യന്‍റെ മനസ്സ് നല്‍കുന്ന വ്യാഖ്യാനങ്ങള്‍ മാത്രമാണ്. അതുകൊണ്ട് ലോകത്തെ സംബന്ധിച്ച് വസ്തുനിഷ്ഠമായ ഒരു അറിവും സാധ്യമല്ല എന്ന് കാന്‍റ് അവകാശപ്പെട്ടു.
ധാര്‍മ്മികത
അനുഭവവിധേയമായ ഭൗതീക കാര്യങ്ങള്‍പോലും മനുഷ്യമനസ്സിന്‍റെ വ്യാഖ്യാനങ്ങള്‍ മാത്രമാകുമ്പോള്‍ അനുഭവവിധേയമല്ലാത്ത പ്രകൃത്യാതീതമായ (Transcendental) എന്തെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ അവയെല്ലാം അറിവിന്‍റെ പരിധിക്കപ്പുറമാണെന്നു വരുന്നു. ചുരുക്കത്തില്‍ വിശ്വാസത്തിന് യുക്തിയുടെ യാതൊരു പിന്‍ബലവുമില്ല. എന്നാല്‍ ധാര്‍മ്മികതയുടെ അനിവാര്യത കാന്‍റ് ചോദ്യം ചെയതില്ല. എന്നാല്‍ അതിന്‍റെ അടിസ്ഥാനം ദൈവഹിതമോ മനുഷ്യന്‍റെ സര്‍വ്വതോന്മുഖമായ നന്മക്കുവേണ്ടിയുള്ള കാംഷയോ അല്ല ‘കടമ’ മാത്രമാണ്. കാന്‍റിന്‍റെ പ്രസിദ്ധമായ ‘ആത്യന്തിക കല്പനകള്‍’ (കാറ്റഗോറിക്കല്‍ ഇംപരറ്റീവ്സ്) ഫലത്തില്‍ ബൈബിളിലെ സുവര്‍ണ്ണ നിയമത്തിന്‍റെയും മനുഷ്യന്‍റെ സൃഷ്ടിപരമായ വ്യക്തിത്വസവിശേഷതയുടെയും ആവര്‍ത്തനം മാത്രമാണ്. ദൈവവിശ്വാസത്തിലധിഷ്ഠിതമായി ക്രൈസ്തവര്‍ മുറുകെപ്പിടിച്ചതും എല്ലാ മനുഷ്യരും മനസ്സാക്ഷിയുടെ അലിഖിത തത്വങ്ങളായി കണക്കാക്കിയിരുന്നതുമായ ധാര്‍മ്മികമൂല്ല്യങ്ങളെ ദൈവത്തെകൂടാതെ വിശദീകരിക്കുവാന്‍ ശ്രമിച്ചു എന്നുമാത്രം. പ്രകൃത്യാതീതമായ യാഥാര്‍ത്ഥ്യങ്ങളെ യുക്തിപരമായി അറിയുവാന്‍ കഴിയില്ലെങ്കിലും ദൈവം, മനുഷ്യാത്മാവിന്‍റെ നിത്യത, മനുഷ്യന്‍റെ സ്വാതന്ത്ര്യം എന്നിവ ധാര്‍മ്മിക ജീവിതത്തിന് അനിവാര്യമായ സങ്കല്‍പങ്ങളാണെന്ന് (Postulates) കാന്‍റ് സമ്മതിച്ചിരുന്നു.
മതത്തിലെ സ്വാധീനം
കാന്‍റിന്‍റെ ഏറ്റവും പ്രധാന കൃതിയായ “യുക്തി വിചാരത്തിന്‍റെ വിമര്‍ശന” ( Critique of pure reason) ത്തില്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു.’സത്താശാസ്ത്രത്തിന് മതത്തിന്‍റെ അടിസ്ഥാനമാകാന്‍ കഴിയില്ല’ ( Metaphysics cannot be the foundation of Religion) ദൈവം, മരണാനന്തരജീവിതം മുതലായവ യുക്തിയുടെ വ്യാപാരതലമായ സമയം, സ്ഥലം, കാര്യകാരണ ബന്ധങ്ങള്‍ എന്നിവക്കതീതമാണ്. അതുകൊണ്ട് അവ സംബന്ധിച്ച് യുക്തിപരമായ ഒരു പ്രസ്താവനയും സാധ്യമല്ല. സങ്കല്‍പ്പങ്ങള്‍ക്കു മാത്രമേ (Postulates) സാധ്യതയുള്ളു.
‘വിശ്വാസം’ യുക്തിവിചാരങ്ങള്‍ക്ക് വിധേയപ്പെടാത്ത ഒന്നായതിനാല്‍ അവിടെ എന്തു അസംബന്ധവും ആര്‍ക്കും വിശ്വസിക്കാമെന്ന നില സംജാതമാക്കി. കൃപ, വിശ്വാസം, രക്ഷ ആദിയായ ക്രൈസ്തവ വിശ്വാസത്തിന്‍റെ നെടുംതൂണുകള്‍ മറ്റേതു മതത്തിലേയും പോലെ സ്വകാര്യ-വ്യക്തിഗതമതാനുഭവം പോലെ മാത്രമായി മാറി. പില്‍ക്കാലത്ത് ക്രൈസ്തവചിന്തയെ ആഴത്തില്‍ സ്വാധീനിച്ച സോറന്‍ കെയ്ക്കഗാര്‍ഡിന്‍റെ ‘വിശ്വാസത്തിന്‍റെ കണ്ണടച്ചുചാട്ടം'( Leap of faith – Soren Keikerguard) എന്ന ആശയത്തിന്‍റെ വേരുകളും കാന്‍റിലാണ്.
ക്രിസ്തീയതയെ സത്യത്തിന്‍റെ തലത്തില്‍ നിന്നും താഴെയിറക്കി വ്യക്ത്യാധിഷ്ഠിത മൂല്യങ്ങളുടെ കൂട്ടത്തിലാക്കിയതോടെ ഹയര്‍ക്രിട്ടിസിസം ( Higher Criticism by Julian Welhousen) ഐതിഹ്യനിരാകരണം ( Demethologising by Rudold Bultmann) തുടങ്ങി ബൈബിളിന്‍റെ വിശ്വാസ്യതക്കും ചരിത്രപരതക്കും മാരകമായ പ്രഹരങ്ങളേല്‍പ്പിച്ച ചില ദൈവശാസ്ത്രമുന്നേറ്റങ്ങള്‍ക്കും വഴിമരുന്നിട്ടു. ദൈവാസ്തിത്വത്തിന്‍റെ അടിസ്ഥാനതെളിവുകളായ കാര്യകാരണവാദം, രൂപകല്‍പ്പനാവാദം മുതലായവയെ കാന്‍റ് ചോദ്യംചെയതതോടെ ഏറ്റവും വലിയ പ്രഹരമേറ്റത് അപ്പോളജെറ്റിക്സിനാണ്. തെളിവുകളുടെയും വാദപ്രതിവാദങ്ങളുടെയും ഭാഷപോലും ദൈവശാസ്ത്രത്തിന് അന്യമായി മാറി. കാന്‍റിനെ സംബന്ധിച്ചിടത്തോളം വിശ്വാസവിഷയങ്ങള്‍ നല്ല ജീവിതത്തിനു സഹായകമായ സങ്കല്‍പ്പങ്ങള്‍ മാത്രമായി മാറി.
കാന്‍റ് പറഞ്ഞുവെച്ച ഈ വ്യക്തിഗത നീതിയുടെ ചിന്താധാര- ഇന്നത്തെ സാമൂഹിക സുവിശേഷ-ലിബറല്‍ മേഖലകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി നില്‍ക്കുന്നു. ദൈവത്തില്‍ ആശ്രയമില്ലാത്ത, ദൈവിക വെളിപാടിന്‍റെ ആവശ്യമില്ലാത്ത, വേദശാസ്ത്ര കൃത്യത തെല്ലും പരിഗണിക്കാത്ത ഈ പുതുആത്മീയതയുടെ പിന്നിലെ ഏറ്റവും ശക്തമായ സ്വാധീനം കാന്‍റിയന്‍ ചിന്താധാരയാണ്.
അപകടം
യുക്തിവിചാരത്തില്‍ അടിസ്ഥാനപ്പെട്ട ആധുനികതയില്‍നിന്ന് യുക്തിയെ പുറന്തള്ളിയ ഉത്തരാധുനികതയിലേക്കുള്ള പാലമാണ് കാന്‍റിന്‍റെ അജഞതാവാദം ഇട്ടുകൊടുത്തത്. യുക്തി, വിശ്വാസം, ധാര്‍മ്മികത എന്നിങ്ങനെയുള്ള കാര്യങ്ങളെ കാന്‍റ് നീക്കിക്കളഞ്ഞില്ലെങ്കിലും അവയുടെ അടിസ്ഥാനങ്ങള്‍ ബലഹീനമാണെന്ന് ലോകത്തെ സമ്മതിപ്പിച്ചു. എന്നാല്‍ ആ അടിസ്ഥാനങ്ങളെ പാടെ നീക്കിക്കളയുന്നതില്‍ തുടര്‍ന്നുവന്ന ഉത്തരാധുനികത വിജയിച്ചു.
ക്രിസ്തീയത യുക്തിവിചാരത്തില്‍ അടിസ്ഥാനപ്പെട്ട ഒരു ലോകവീക്ഷണമാണ്. യുക്തിസഹമായ വാദഗതികളും വ്യക്തമായ തെളിവുകളുമാണ് അതിന്‍റെ ശക്തമായ അടിത്തറ. വസ്തുനിഷ്ഠമായ ആ താത്വിക അടിത്തറ തകര്‍ന്നാല്‍ ക്രിസ്തീയത വെറും മോഹസങ്കല്‍പ്പം മാത്രമാകും. പല സുപ്രധാന ക്രൈസ്തവ ആശയങ്ങളും ഉള്‍ക്കൊള്ളാനും വിശദീകരിക്കാനും ബുദ്ധിമുട്ടായിത്തീരും. ക്രമാനുസാര വേദശാസ്ത്രം ( systematic theology) ദൈവവചനത്തിന്‍റെ യുക്തിപൂര്‍വ്വമായ വ്യാഖ്യാനമാണ്. സൃഷ്ടപ്രപഞ്ചത്തില്‍നിന്നും സ്രഷ്ടാവിനെക്കുറിച്ച് എന്തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ അസാധ്യമാണെന്ന കാന്‍റിന്‍റെ ചിന്ത ബൈബിളിന്‍റെ നിലപാടിന് കടകവിരുദ്ധമാണ്. സ്രഷ്ടാവിനെക്കുറിച്ചുള്ള ഏറ്റവും പ്രബലമായ സാക്ഷ്യം പ്രപഞ്ചം തന്നെയാണെന്ന് ബൈബിള്‍ പറയുന്നു (സങ്കീ 19.1-4, അപ്പ. പ്രവൃ.14:15-17, റേമ. 1:18-20)
പീറ്റര്‍ ക്രീഫ് (Peter Kreeff) എന്ന എഴുത്തുകാരന്‍ കാന്‍റിനെക്കുറിച്ച് പറയുന്നത് കേള്‍ക്കൂ: “കാന്‍റിനെപ്പോലെ ഇത്ര മനസ്സിലാകാത്തതും വരട്ടുതത്വവാദിയുമായ തത്വശാസ്ത്രികള്‍ അധികമില്ല. എന്നാല്‍ മനുഷ്യചിന്തകളില്‍ ഇത്രമാത്രം വിനാശകരമായ സ്വാധീനം ചെലുത്തിയവരുമില്ല. മതപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമ്പോള്‍ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം എന്താണ്? ബുദ്ധിപരമായും സത്യസന്ധമായും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അശക്തിയല്ല. പിന്നെയോ മതപരമായ കാര്യങ്ങള്‍ക്ക് വസ്തുതാപരമായ തെളിവുകള്‍ സാധ്യമാണോ എന്ന സന്ദേഹമാണ് അത്. വിശ്വാസത്തിന് വസ്തുതാപരമായ തെളിവുകളുണ്ടെന്ന് അവകാശപെടുന്നതുതന്നെ ഒരു തരം ധാര്‍ഷ്ട്യമാണെന്ന് ആളുകള്‍ കരുതുന്നു. മതത്തിന്‍റെ ലോകം തത്വങ്ങളല്ല പ്രവര്‍ത്തികളാണ്, സത്യമല്ല മൂല്യങ്ങളാണ്, വസ്തുനിഷ്ഠമല്ല വ്യക്തിനിഷ്ഠമാണ്, പൊതുവല്ല സ്വകാര്യമാണ് – ഇതാണ് ഇന്നത്തെ നിലപാട്. മതമെന്നാല്‍ കേവലമൊരു പിടി സദാചാരനിഷ്ഠകള്‍ മാത്രം. എല്ലാ മതങ്ങളിലും അത്തരം സദാചാരനിഷ്ഠകളുള്ളതിനാല്‍ ഏതു മതമോ വിശ്വാസമോ ആയാലും നല്ല മനുഷ്യനാണോ എന്നതാണ് പ്രസക്തമായ ചോദ്യം എന്നു വരുന്നു.’ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ശ്രീനാരായണഗുരുവിന്‍റെ വാക്കുകളില്‍ തെളിയുന്നതും ഈ സന്ദേഹ/പ്രായോഗികതാവാദത്തിന്‍റെ മറുരൂപമാണ്. വിശ്വാസികള്‍ പോലും ത്വാത്വിക അവലോകനങ്ങളെ വെറുക്കുകയും വ്യക്തിനിഷ്ഠ- അനുഭവബന്ധ അറിവുകളുടെ പിന്നാലെ പോവുകയും ചെയ്യുന്ന കാഴ്ച നാം കാണുന്നു.
‘അരിഷ്ട മനുഷ്യന്‍!’
‘കാറ്റഗോറിക്കല്‍ ഇംപരറ്റീവിനെ’ ആധാരമാക്കിയുള്ള കാന്‍റിയന്‍ ധാര്‍മ്മികതയുടെ ഏറ്റവും വലിയ പരാജയം അതിന്‍പ്രകാരം ജീവിക്കാനുള്ള ശക്തിയുടെ അഭാവമാണ്. അപ്പൊസ്തലനായ പൗലോസിന്‍റെ വാക്കുകളില്‍ ‘നന്മ ചെയ്യാനുള്ള താല്‍പ്പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല. ഞാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്…..അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍.’ (റോമ 7: 18-19) തുടര്‍ന്ന് പൗലോസ് എഴുതുന്നു ‘ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്ന് ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. ’റോമ 8:2)
പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായിരുന്ന ചാള്‍സ് കോള്‍സന്‍ ഇങ്ങനെ പറയുന്നു: “മനുഷ്യഹൃദയത്തിന്‍റെ കാപട്യം എനിക്ക് മനസ്സിലായിരുന്നില്ല എന്നതാണ് എന്‍റെ പ്രശ്നം. കോളേജിലായിരുന്നപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ധാര്‍മ്മിക തത്വസംഹിതകള്‍ ഞാന്‍ പഠിച്ചിട്ടുണ്ട് – ഇമ്മാനുവേല്‍ കാന്‍റിന്‍റെ ‘കാറ്റഗൊറികല്‍ ഇംപെരെറ്റീവ്സ് ‘ ഉള്‍പ്പെടെ. അത് ബൈബിളിന്‍റെ സുവര്‍ണ്ണ നിയമത്തിന്‍റെ പുതിയ പതിപ്പാണ്. അതായത് എന്താണ് ശരി എന്ന് എനിക്കറിയാമായിരുന്നു; എന്നാല്‍ ശരി ചെയ്യാനുള്ള ഇച്ഛാശക്തിയില്ല എന്നതാണ് യാഥാര്‍ത്ഥ പ്രശ്നം. കാരണം എന്തുതെറ്റിനേയും ഏതറ്റത്തോളം ന്യായീകരിക്കാനും അങ്ങനെ സ്വയം നീതികരിക്കാനുമുള്ള അസാമാന്യശേഷി മനുഷ്യനുണ്ട്. ഞാന്‍ ചെയ്തുപോന്നതും അതുതന്നെയാണ്. എന്നാല്‍ ശരിയായ നീതിചെയ്യാന്‍ യുക്തിവിചാരവും ബൗദ്ധികജ്ഞാനവും ഒന്നും പോരാതെവരുന്നു. ദൈവത്തിങ്കലേക്ക് തിരിയുക; നമുക്ക് സ്വയമായി ചെയ്യാനാകാത്തത് ചെയ്യാന്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ശക്തിയേകും”
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി
‘ഫിലോസഫി’ അഥവാ തത്വശാസ്ത്രം എന്നതിനര്‍ത്ഥം ‘ജ്ഞാനത്തോടുള്ള സ്നേഹം'(Philosophy) എന്നാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ സ്വഭാവം (Metaphysics)), സത്യം അറിയുന്ന മാര്‍ഗ്ഗം (Epistemology), ശരി തെറ്റുകളുടെ നിര്‍ണ്ണയം (Ethics) എന്നിങ്ങനെ മനുഷ്യജ്ഞാനത്തിന്‍റെ മൂന്ന് സുപ്രധാന അടിസ്ഥാനങ്ങളെ അരക്കിട്ടുറപ്പിക്കുകയായിരുന്നു തത്വശാസ്ത്രത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യം, മുന്‍കാലങ്ങളില്‍. എന്നാലിന്ന് യഥാര്‍ത്ഥ ജ്ഞാനം തീര്‍ത്തും അസാധ്യമാണ് എന്ന നിലയിലെത്തി വഴിമുട്ടിനില്‍ക്കുകയാണ് പാശ്ചാത്യ തത്വശാസ്ത്രം; ചിന്തിച്ച് ചിന്തിച്ച് അവസാനം യുക്തിയിലും ചിന്തയിലുമൊന്നും ഒരു കാര്യവുമില്ലെന്നസ്ഥിതി. എന്നു മാത്രമല്ല, ചിന്തയും ആശയവിനിമയവുമൊക്കെ മറ്റുള്ളവരുടെമേല്‍ അധികാരം സ്ഥാപിക്കാനുള്ള ഹീനതന്ത്രങ്ങള്‍ മാത്രമാണെന്ന ഉത്തരാധുനിക വിക്ഷണമാണ് ഇന്ന് പ്രബലപ്പെടുന്നത്. എന്നാല്‍ ഇതെല്ലാം വാദിക്കാനും സ്ഥാപിക്കാനും വിശ്വാസം നഷ്ടപ്പെട്ട അതേ യുക്തിയെത്തന്നെയാണ് ഉപയോഗിക്കുന്നതെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. യുക്തികൊണ്ട് സത്യം അറിയാന്‍ കഴിയുകയില്ലെന്ന സത്യം യുക്തിപൂര്‍വ്വം തെളിയിക്കുന്നു! ‘കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതായി ‘ എന്ന പഴമൊഴിപൊലെയായി കാന്‍റിനുശേഷം തത്വചിന്തയുടെ സ്ഥിതി.