ഒരു വ്യക്തിയുടെ സ്വഭാവം പ്രതിഫലിക്കുന്നത് എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. ലോകപ്രകാരമുള്ള ലാഭനഷ്ടങ്ങളെക്കാള്‍ സ്നേഹത്തിനും സാക്ഷ്യത്തിനും പ്രാധാന്യം നല്കിയ അബ്രഹാമിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരു വിചിന്തനം
“ഒരാളുടെ സ്വഭാവത്തിന്റെ മാറ്റുരക്കുന്നത് പ്രതിസന്ധികളാകുന്ന ഉരകല്ലിലാണ്” വ്യത്യസ്തവീക്ഷണവും മൂല്യങ്ങളും ഉള്ളവരുമായി ജീവിതത്തില്‍ ഏറ്റുമുട്ടേണ്ടിവരും. അതുപോലെ പരുപരുത്ത ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. നമ്മുടെ സ്വഭാവത്തിന്റെ വൈശിഷ്ട്യം വെളിപ്പെടുന്നത് അങ്ങനെയുള്ള സാഹചര്യങ്ങളിലാണ്. വലിയവര്‍ എന്നു നാം കരുതിയ പലരുടെയും സ്വഭാവം അത്ര കുലീനമല്ല എന്ന് നമുക്ക് മനസ്സിലാകുന്നത് അവര്‍ പ്രശ്നങ്ങളെ നേരിടുന്നത് കാണുമ്പോഴാണ്. എന്നാല്‍ മറ്റുചിലര്‍ നമ്മെ അതിശയിപ്പിക്കുന്നവിധം സ്വഭാവവൈശിഷ്ട്യം പ്രകടമാക്കുന്നതും പ്രതികൂലസാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ്. പ്രശ്നങ്ങളുടെ മദ്ധ്യത്തില്‍ സ്വഭാവത്തിന്റെ കുലീനത്വം പ്രകടമാക്കുന്നതിന് ഏറ്റവും യോജിച്ച ഉദാഹരണമാണ് അബ്രഹാമിന്റെ ജീവിതം.
പാപത്തില്‍ വീണുപോയ മനുഷ്യവര്‍ഗ്ഗത്തെ വീണ്ടെടുക്കുവാന്‍ ദൈവം ഒരുക്കിയ രക്ഷാപദ്ധതിയുടെ നിര്‍ണ്ണായകമായ കാല്‍വെപ്പായിരുന്നു അബ്രഹാമിന്റെ തെരഞ്ഞെടുപ്പ്. അബ്രഹാമിനെ ദൈവം ബാബിലോണിയന്‍ സംസ്കൃതിയില്‍ നിന്നും വിളിച്ച് കനാന്‍ ദേശത്തേക്ക് പോകുവാന്‍ കല്പിച്ചു. . ദൈവത്തിന്റെ വിളികേട്ട അബ്രാഹാം ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും അവര്‍ സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ ദേശത്ത് എത്തിച്ചേര്‍ന്നു.
പിന്നീട് ഈജിപ്റ്റിലേക്കും തിരിച്ച് കനാന്‍ ദേശത്തേക്കുമുള്ള യാത്രയില്‍ അബ്രഹാമും കൂടെയുണ്ടായിരുന്ന സഹോദരപുത്രന് ലോത്തും അതിസമ്പന്നരായിത്തീര്ന്നു. “അബ്രാഹാമിനോടുകൂടെവന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു; അവര്‍ ഒന്നിച്ചു പാര്പ്പാന് തക്കവണ്ണം ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു. സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ക്ക് ഒന്നിച്ചു പാര്പ്പാന് കഴിഞ്ഞില്ല.” (ഉല്‍പ്പത്തി 13:5-6)
സമ്പത്ത് വര്‍ദ്ധിച്ചതോടെ അവരുടെ ഇടയില്‍ ചില പ്രശ്നങ്ങളും ആരംഭിച്ചു.”അബ്രാഹാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടായി; കനാന്യരും പെരിസ്യരും അന്ന് ദേശത്ത് പാര്‍ത്തിരുന്നു.” ആയിരക്കണക്കിന് മൃഗങ്ങള്‍ക്കാവശ്യമായ തീറ്റയും വെള്ളവും അനുദിനം കണ്ടെത്തുക എന്നത് മദ്ധ്യപൂര്‍വ്വദേശത്ത് വലിയൊരു വെല്ലുവിളി തന്നെ ആയിരുന്നു. ഇത് അബ്രാഹാമിന്റെയും ലോത്തിന്റെയും ഇടയന്മാര് തമ്മില്‍ ഇടയുവാനും വഴക്കിടുവാനും പിണങ്ങുവാനും കാരണമായി.
എന്നാല്‍ അബ്രഹാം എങ്ങനെയാണ് ഈ പ്രശ്നം കൈകാര്യം ചെയ്തത് എന്നതിലാണ് അബ്രാഹാമിന്റെ സ്വഭാവശ്രേഷ്ടത തെളിയുന്നത്. അബ്രഹാമിന്റെ മുന്നോട്ടുള്ള യാത്രക്ക് പ്രതിസന്ധിയായി ലോത്ത് നില്‍ക്കുമ്പോഴാണ് അബ്രഹാമിന്റെ മഹാമനസ്കത നാം കാണുന്നത്. വസ്തുക്കളെക്കാള്‍ വ്യക്തിബന്ധങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് വിശ്വസിക്കുക മാത്രമല്ല അതിനായി അദ്ദേഹം കൊടുത്ത വില വളരെ വലുതായിരുന്നു. കുലീനമായ സ്വഭാവത്തുിനുടമയാകണമെങ്കില് അബ്രാഹാമിന്റെ ശ്രേഷ്ഠമാതൃക നാമും പിന്തുടരുക തന്നെ വേണം.
വസ്തുക്കളോ വ്യക്തികളോ?
അബ്രാഹാമിന്റെ കൂടെ കല്ദായരുടെ ദേശമായ ഊരില്‍ നിന്ന് വന്ന ലോത്ത്, അദ്ദേഹത്തിന്റെ സഹോദരപുത്രനാണ്. ഇപ്പോള്‍ വഴക്കുണ്ടായിരിക്കുന്നത് ഇരുവരുടെയും ജോലിക്കാര്‍ തമ്മിലാണ്. ഇത് തുടരുവാന്‍ അനുവദിച്ചാല്‍ അത് വളര്‍ന്ന് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കലഹത്തിലേക്കും ബന്ധങ്ങളുടെ തകര്‍ച്ചയിലേക്കും നയിക്കും. ഇതു മനസ്സിലാക്കിയ അബ്രാഹാം നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. “അതുകൊണ്ട് അബ്രാം ലോത്തിനോട് എനിക്കും നിനക്കും എന്റെ ഇടയന്മാര്‍ക്കും നിന്റെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടാകരുതേ, നാം സഹോദരന്മാരല്ലോ?”(ഉല്‍പ്പത്തി 13:8) വസ്തുവകകളേക്കാള്‍ മനുഷ്യനും മാനുഷിക ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന സമീപനമാണ് അബ്രാഹാമിന്റേത്. തങ്ങളുടെ ഇടയില്‍ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ അബ്രാഹാമിന്റെ മുമ്പിലേക്ക് ഉടനെ വന്നത് മനുഷ്യനും മനുഷ്യബന്ധങ്ങളുമാണ്. അല്ലാതെ കന്നുകാലികളും അവയുടെ ആഹാരവുമല്ല. താത്കാലികമായ ഭൗതീകനേട്ടങ്ങള്ക്കും കോട്ടങ്ങള്ക്കുമായി വ്യക്തിബന്ധങ്ങള്‍ക്ക് പുല്ലുവില കല്പ്പിച്ചു കലഹിക്കുന്ന മനുഷ്യരുടേതില്‍നിന്നും അബ്രാഹാമിന്റെ നിലപാടുകള്‍ എത്ര വിഭിന്നം എന്ന് നോക്കൂ.
നമ്മുടെ സ്വഭാവം കുലീനമാകുന്നത് വസ്തുക്കളെക്കാള്‍ വ്യകതികള്‍ക്ക് പ്രധാന്യം കൊടുക്കുന്നവരാകുമ്പോഴാണ്. ഭൗതീക വസ്തുക്കള്‍ക്കായി തമ്മില്‍ പോരടിക്കുന്ന മനുഷ്യരുടെ പ്രശ്നത്തെ വിശകലനം ചെയ്തു സെന്റ് അഗസ്റ്റിന് പറഞ്ഞ പ്രസ്താവന ശ്രദ്ധേയമാണ്-”ആദ്യ ആറു ദിവസംകൊണ്ട് സൃഷ്ടിക്കപ്പെട്ട ഭൗതീക വസ്തുക്കള്‍ മനുഷ്യന്റെ ഉപയോഗത്തിനായിട്ടും, അവരെ പരസ്പരം സ്നേഹിക്കുവാനുമായി ദൈവം സൃഷ്ടിച്ചു. എന്നാല്‍ പാപിയായിത്തീര്‍ന്ന മനുഷ്യന് വസ്തുക്കളെ സ്നേഹിക്കുന്നവനും മനുഷ്യനെ തന്റെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവനുമായിത്തീര്ന്നു.ڈ” നമുക്ക് മനുഷ്യരെ സനേഹിക്കുകയും വസ്തുക്കളെ അതിനായി ഉപയോഗിക്കയും ചെയ്യാം. അപ്പോഴാണ് നാം അബ്രഹാമിന്റെ മക്കളാകുന്നത്.
സാക്ഷ്യത്തിന്റെ വില
ഒരു വ്യക്തി തന്റെ നിലപാടുകള്‍ക്കും മൂല്യങ്ങള്‍ക്കും ജീവിതംകൊണ്ട് കയ്യൊപ്പ് ചാര്‍ത്തുന്നതിനാണ് ജീവിതസാക്ഷ്യം എന്നു പറയുന്നത്. നാം പ്രതിനിധീകരിക്കുന്ന സത്യങ്ങള്‍ക്കും ദൗത്യങ്ങള്‍ക്കും അനുസൃതമായ ഒരു ജീവിതം നമ്മില്‍ ദര്ശിക്കുന്നില്ലെങ്കില് ലോകത്തെ സ്വാധീനിക്കുവാന്‍ നമുക്ക് കഴിയുകയില്ല. നാം വാക്കുകൊണ്ട് അവകാശപ്പെടുന്നത് എന്താണോ അത് ജീവിച്ചു കാണിക്കുമ്പോഴാണ് നമ്മുടെ ജീവിതം അനിഷേധ്യമായ ഒരു സാക്ഷ്യമാകുന്നത്. പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ അബ്രഹാമിനെ നിയന്ത്രിച്ച ചേതോവികാരം അതായിരുന്നു. ഞാന്‍ ആരാണ്? എന്റെ ചുറ്റും ആരാണുള്ളത്? ഇടയന്മാര് തമ്മിലുള്ള ശണ്ഠയെ അബ്രഹാം കണ്ടത് ആ കണ്ണടയിലൂടെയാണ്.
“അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മില്‍ പിണക്കം ഉണ്ടായി; കനാന്യരും പെരിസ്യരും അന്ന് ദേശത്ത് പാര്‍ത്തിരുന്നു” എന്നാണ് നാം വായിക്കുന്നത്. ചുറ്റുപാടുമുള്ള മനുഷ്യരില്‍ നിന്നും വ്യത്യസ്തമായൊരു ദൗത്യമുള്ളവനാണെന്നുള്ള ബോധ്യം അബ്രാഹാമിന് ഉണ്ടായിരുന്നു. ലോകത്തിന് അനുഗ്രഹമാകുവാന്‍ മേസോപ്പൊത്തേമ്യയുടെ സമ്പന്നതയില്‍ നിന്നും ദൈവം വിളിച്ചിറക്കിക്കൊണ്ടുവന്നവരാണവര്. ചുറ്റുപാടും വസിക്കുന്ന ജനതകള്‍ അവരുടെ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും പ്രതികരണങ്ങളുമെല്ലാം സസൂഷ്മം ശ്രദ്ധിക്കുന്നുണ്ടെന്നും അബ്രഹാമിനറിയാം. അബ്രഹാമിന്റെ പെരുമാറ്റങ്ങളെക്കുറിച്ചുള്ള അവരുടെ അഭിപ്രായമാണ് അബ്രഹാമിന്റെ വിശ്വാസത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായത്തെ രൂപപ്പെടുത്തുന്നത് എന്ന ബോധ്യം അദ്ദേഹത്തെ ഉത്തരവാദിത്വമുള്ള ഒരു ദൈവപൈതലാക്കി.
ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ സ്വന്ത ലാഭനഷ്ടങ്ങളുടെ കണക്കുകളും സ്വന്ത താല്‍പ്പര്യ സംരക്ഷണവും മാത്രം പരിഗണിച്ച് തീരുമാനങ്ങള്‍ എടുക്കുന്നവരില്‍നിന്ന് അബ്രാഹാം വ്യത്യസ്തനായി നില്ക്കുന്നു. എന്നാല്‍ അബ്രഹാമിന്റെ വിശ്വസപാരമ്പര്യങ്ങള് അവകാശപ്പെടുന്നവര്‍ അനേകരും അബ്രഹാമിന്റെ സ്വഭാവശ്രേഷ്ഠത പ്രദര്ശിപ്പിക്കുന്നില്ലെന്നതാണ് സത്യം. “നിങ്ങള്‍ നിമിത്തം എന്റെ നാമം വിജാതീയരുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നാണ് അവരെക്കുറിച്ച് ദൈവം പറയുന്നത്.
ക്രിസ്തുവിന്റെ നാമം ധരിക്കുകയും ക്രിസ്തുവിന്റെ ജീവിതം ജീവിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ക്രിസ്തുവിനെയും അവിടുത്തെ സന്ദേശത്തെയും ലോകത്തിന് അപ്രിയമാക്കുന്നത് .”ഞാന്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നു, എന്നാല്‍ ക്രിസ്ത്യാനികളെ വെറുക്കുന്നു” എന്ന് പറയുവാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചതും കിസ്തുവിന്റെ അനുയായികള്‍ എന്നവകാശപ്പെട്ടവരുടെ മാതൃകയില്ലാത്ത ജീവിതം അല്ലാതെ മറ്റെന്തായിരിക്കും?
ഒന്നും വലുതല്ല
ദൈവം വിളിച്ചത് അബ്രാഹാമിനെ ആയിരുന്നു; ലോത്തിനെ ആയിരുന്നില്ല. ലോത്ത് അബ്രാഹാമിന്റെ കൂടെക്കൂടിയ വ്യക്തിമാത്രമായിരുന്നു. ദൈവം അബ്രാഹാമിനു നല്കിയ നന്മകളുടെ പങ്കുപറ്റുന്ന ആള് ആയിരുന്നു ലോത്ത്. ആ സംഘത്തിന്റെ നേതാവ് അബ്രാഹാമായിരുന്നു. എന്നാല്‍ അവരുടെ മദ്ധ്യേ ഉടലെടുത്ത പ്രശ്നം പരിഹരിക്കുവാന്‍ അബ്രാഹാം മുന്നോട്ട് വയ്ക്കുന്ന അസാധാരണമായ പദ്ധതി ശ്രദ്ധിക്കുക. “ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും; നീ ഇടത്തോട്ടെങ്കില്‍ ഞാന്‍ വലത്തോട്ട് പൊയ്ക്കൊള്ളാം, നീ വലത്തോട്ടെങ്കില്‍ ഞാന്‍ ഇടത്തോട്ട് പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.”(ഉല് 13:9) തീരുമാനമെടുക്കാനുള്ള അവകാശം ലോത്തിന് വിട്ടുകൊടുക്കുന്നു!
ഇത്തരം ഒരു തീരുമാനമെടുക്കുവാന്‍ ഒരു മഹദ് വ്യക്തിത്വത്തിനുമാത്രമേ കഴിയൂ എന്നത് അതിലടങ്ങിയിരിക്കുന്ന ത്യാഗം സൂചിപ്പിക്കുന്നു. ഇവര്‍ ഇരുവരും ആയിരക്കണക്കിന് കന്നുകാലികളും ആടുകളും ഉള്ളവരാണ്. അവര്‍ക്ക് ആവശ്യമായ പുല്ലിനും വെള്ളത്തിനും വേണ്ടിയുള്ള ലഹളയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഇവിടെ ഇവ രണ്ടും ലഭ്യമാകുന്നിടം യോര്ദ്ദാന് നദിയുടെ തീരങ്ങളാണ്. യഥാര്‍ത്ഥത്തില്‍ തര്‍ക്കമുണ്ടായിരിക്കുന്നത് ഈ മേഖലയുടെ അവകാശത്തെച്ചൊല്ലിയാണ്. യോര്ദ്ദാന് തീരങ്ങളെ ഉപേക്ഷിക്കുക എന്നത് ഇടയസംസ്കൃതിയുടെ കാലഘട്ടത്തില്‍ അചിന്ത്യമാണ്. കാരണം യോര്ദ്ദാന് തീരങ്ങളോട് അകലുംതോറും നനവില്ലാത്ത വരണ്ടപ്രദേശങ്ങളാണ് ഉള്ളത്. ഇത് മൃഗങ്ങളുടെ നാശത്തിലേക്കും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിക്കുമെന്നുറപ്പായിരിക്കുമ്പോഴാണ് അബ്രഹാം ആ തീരുമാനമെടുക്കുന്നത്.
അബ്രാഹാമിന്റെ നേതൃത്വത്തെ ബാധിക്കുന്നതാണെന്നതും ആ തീരുമാനത്തെ ഗൗരവമേറിയതാക്കുന്നു.ഇവിടെ പ്രശ്നം ഉളവായത് അബ്രഹാമും ലോത്തും തമ്മിലല്ല; ഇരുവരുടെയും ജോലിക്കാര്‍ തമ്മിലാണ്. ഇവരുടെ കൂടെ ഒരുവലിയ ജനസഞ്ചയം ഉണ്ട്. അബ്രാഹാമിന്റെ കൂടെ അഭ്യാസം തികഞ്ഞ മുന്നൂറിലധികം പടയാളികളെ നാം കാണുന്നുണ്ട്. ഇവരൊക്കെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ഏതായാലും ഒരുമിച്ചുണ്ടായിരുന്നവര്‍ രണ്ട് കൂട്ടമായി പിരിഞ്ഞ്, പരസ്പരം പോര് വിളിച്ചുകൊണ്ട് മുഖാമുഖം നില്ക്കുന്നു. മാത്രമല്ല ഇവരാരും കലഹിക്കുന്നത് അവരുടെ സ്വന്തതാല്പ്പര്യങ്ങള്ക്കുവേണ്ടിയല്ല. ഒരുകൂട്ടര്‍ അബ്രാഹാമിന്റെ നന്മക്കുവേണ്ടിയും മറ്റേക്കൂട്ടര്‍ ലോത്തിന്റെ മേന്മക്കുവേണ്ടിയുമാണ് വാദിക്കുന്നത്. നന്മക്കായാലും തിന്മക്കായാലും തനിക്കുവേണ്ടി വാദിക്കുന്ന തന്റെ അനുയായികളെ നിരാശപ്പെടുത്തുന്ന ഒരു തീരുമാനം എടുക്കുക എന്നത് ഒരു നേതാവിനും എളുപ്പമല്ല. എന്നാല്‍ ഇവിടെ അബ്രാഹാം അതാണ് ചെയ്തത്. സ്നേഹത്തിനും സാക്ഷ്യത്തിനും മുമ്പില്‍ ഈ ലോകത്തിലുള്ളതൊന്നും വലുതല്ല എന്ന് അബ്രഹാമിനറിയാമായിരുന്നു.
ഈ സംഘം വന്നത് അതിസമ്പന്നമായ നാഗരികസംസ്കൃതിയായിരുന്ന ബാബിലോണിലെ ഊര് എന്ന ദേശത്തുനിന്നുമാണ്. ഒരു നഗരം വിട്ടാല്‍ മറ്റൊരു നഗരം. അതാണ് മനുഷ്യസഹജം. കാരണം നഗരങ്ങള്‍ പരിഷ്കൃതവും ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്നവയുമാണ്. നഗരം വിട്ട് ഗ്രാമീണതയുടെ ശുഷ്കമായ ജീവിതനിലവാരത്തിലേക്ക് പോവുക എന്നത് എളുപ്പമല്ല. അബ്രാഹാമിന്റെ വീട്ടിലുള്ളവര്‍ക്കും അത് എളുപ്പമല്ല. ഇത്തരത്തിലുള്ള എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചാണ് “തീരുമാനം നീ എടുത്തുകൊള്ളൂ” എന്നുള്ള പ്രഖ്യാപനം ആ പിതൃശ്രേഷ്ഠന് നടത്തിയത്. എന്തായിരുന്നു അതിന്റെ ഫലം?
“അപ്പോള്‍ ലോത്ത് നോക്കി, യോര്‍ദ്ദാനരികെയുള്ള പ്രദേശമൊക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സോദോമിനെയും ഗൊമോറയെയും നശിപ്പിച്ചതിനുമുമ്പെ അത് യഹോവയുടെ തോട്ടംപോലെയും സോവര്‍ വരെ മിസ്രയീംദേശംപോലെയും ആയിരുന്നു. ലോത്ത് യോര്‍ദ്ദാനരികെയുള്ള പ്രദേശമൊക്കെയും തിരഞ്ഞെടുത്തു. ഇങ്ങനെ ലോത്ത് കിഴക്കോട്ട് യാത്രയായി. അവര്‍ തമ്മില്‍ പിരിഞ്ഞു. അബ്രാഹാം കനാന്‍ ദേശത്ത് പാര്‍ത്തു. ലോത്ത് ആ പ്രദേശങ്ങളിലെ പട്ടണങ്ങളില്‍ പാര്‍ത്തു സോദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു.”
ലോത്ത് യോര്ദ്ദാന് തീരം തിരഞ്ഞെടുത്തു. ഇപ്പോള്‍ യോര്ദ്ദാന് നദിയുടെ ഊര്‍വ്വരത ലോത്തിന് അവകാശപ്പെട്ടതും ശേഷിച്ച ഊഷരഭൂമി അബ്രാഹാമിനുള്ളതും ആയിത്തീര്‍ന്നു. ഇവിടെയാണ് യഥാര്ത്ഥലോത്തിനെ നാം കാണുന്നത്. അബ്രാഹാമിന്റെ മഹാമനസ്കതയെ മുതലെടുത്ത് തന്റെ സ്വന്ത താല്‍പ്പര്യത്തെ സംരക്ഷിക്കുന്ന വ്യക്തി.
മഹത്തായ പൈതൃകം
“ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായിത്തരും. ഞാന്‍ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെയാക്കും. ഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കില്‍ നിന്റെ സന്തതിയെയും എണ്ണാം. നീ പുറപ്പെട്ടു ദേശത്ത് നെടുകെയും കുറുകെയും സഞ്ചരിക്ക. ഞാന്‍ അതു നിനക്കു തരും. അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനില്‍ മമ്രേയുടെതോപ്പില് വന്നു പാര്‍ത്തു. അവിടെ യഹോവക്കൊരു യാഗപീഠം പണിതു.”
ലോത്തിന്റെ തെരഞ്ഞെടുപ്പ് ഒരര്‍ത്ഥത്തില്‍ അബ്രഹാമിനെ തളര്‍ത്തിയെന്നു നമുക്കു ചിന്തിക്കാം. ഇങ്ങനെ ഒരു തീരുമാനം എടുത്തതിന് തന്നോടുകൂടെയുള്ളവര് അദ്ദേഹത്തെ കുറ്റപ്പെടുത്താം. ഇത്തരം ഒരു തീരുമാനം എടുത്ത താന്‍ ഒരു വിഡ്ഡിയാണോ, ദൈവം വാഗ്ദത്തം ചെയ്ത സ്ഥലമാണല്ലോ ലോത്തിന് വിട്ടുകൊടുത്തത്; ഇങ്ങനെ ധാരാളം ചിന്തകള്‍ ഹൃദയത്തിലൂടെ കടന്നുപോയ നിമിഷങ്ങളില്‍ ആ പിതാമഹന്റെ തലതാഴ്ന്നിരിക്കാം. അവിടെയാണ് ദൈവശബ്ദം അരുളിച്ചയ്തത് “തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.” തലതാഴ്ന്നു പോകുന്ന സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തിലും വരാം. വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ പതറുമ്പോള്‍, വേണ്ടപ്പെട്ടവര്‍ തിരസ്കരിക്കുമ്പോള്‍, വിഡ്ഡികളെന്ന് ലോകം മുദ്രകുത്തുമ്പോള്‍ നാം പകച്ചുപോയേക്കാം. അപ്പോള്‍ നമ്മുടെ തല ഉയര്‍ത്തുന്ന ഒരു ദൈവമുണ്ട്; നമ്മെ ശ്രദ്ധിക്കുന്ന, കാണുകയും കരുതുകയും ചെയ്യുന്ന ഒരു ദൈവം. അവന് ഉയര്‍ത്തുന്ന തലകള്‍ പിന്നീട് താഴേണ്ടി വരികയില്ല.
സത്യത്തിനും സ്നേഹത്തിനുംവേണ്ടി നില്‍ക്കാനുള്ള അബ്രഹാമിന്റെ തീരുമാനത്തെ ദൈവം മാനിച്ചു. ദൈവം അബ്രാഹാമിന് സന്തതിയെ വാഗ്ദാനം ചെയ്തു. ദൈവം അബ്രഹാമിന്റെ സന്തതിക്ക് ഒരവകാശദേശം വാഗ്ദാനം ചെയ്തു. ലോത്ത് പിന്തുടര്ച്ചാവകാശിയാകുമെന്നുകരുതിയ അബ്രഹാമിന് ദൈവം സന്തതിയെ നല്കി; ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായ സന്തതിപരമ്പരകള്‍. അവരിലുപരി ലോകത്തിന്റെ പ്രത്യാശയായി പിറന്ന കര്‍ത്താവായ യേശുക്രിസ്തു അബ്രാഹാമിന്റെ ശ്രേഷ്ഠസന്തതിയായിരുന്നു. ലോത്തിനും സന്തതികള്‍ ഉണ്ടായി. ലജ്ജാകരമായ ആ ഉത്ഭവത്തിലാണ് കെമോശിന്റെയും മില്ക്കോമിന്റെയും ആരാധകരായിരുന്ന മോവാബ്യരുടെയും അമ്മോന്യരുടെയും ചരിത്രം ആരംഭിക്കുന്നത്.
ദൈവം ഒരുവന് നല്‍കിയത് പിടിച്ചെടുക്കാന്‍ മറ്റാര്‍ക്കും കഴിയുകയില്ല. ദൈവം നല്‍കാത്തത് അനുഭവിക്കാനും ആര്‍ക്കും കഴിയുകയില്ല. ലോത്ത് സ്വന്തമാക്കി എന്ന് കരുതിയദേശം മാത്രമല്ല അതിനുമീതെയും ദൈവം അബ്രാഹാമിനു നല്കി. എന്നാല്‍ ലോത്ത് ചടുലമായ നീക്കത്തിലൂടെ കൈവശമാക്കിയ മേച്ചില്‍പ്പുറങ്ങള്‍ക്കും അതിലൂടെ വളര്‍ത്തി വലുതാക്കിയ ആടുമാടുകള്‍ക്കും എന്തു ഭവിച്ചു? സോദോം ഗൊമോറയുടെമേല് ചൊരിഞ്ഞ ന്യായവിധിയുടെ അഗ്നി അവരെ ഭസ്മീകരിച്ചു എന്ന് ഉല്‍പ്പത്തിപ്പുസ്തകത്തില്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നാം കാണുന്നു. ലോത്ത് സംരക്ഷിക്കാന്‍ ശ്രമിച്ച സമ്പത്ത് ഗന്ധകച്ചാരമായി സോവര്‍ ദേശത്തുവച്ച് അവന്റെ തന്നെ തലമേല്‍ നിപതിച്ചു.
ജീവിതത്തില്‍ നേരിട്ട വിഷമമേറിയ സാഹചര്യങ്ങളില്‍ എത്ര ഉദാത്തമായ പ്രതികരണമാണ് അബ്രാഹാമില്‍ നാം കാണുന്നത്. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ പിതാവാണ് അബ്രാഹാം. ആ മഹത്തായ അബ്രഹാമ്യപൈതൃകത്തിന്റെ അവകാശികളാണ് നാം. ജീവിതത്തിന്റെ വിഷമമേറിയ സാഹചര്യങ്ങളില്‍ ഭൗതീകമായ ലാഭനഷ്ടങ്ങളെ പരിഗണിക്കാതെ ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും സാക്ഷ്യത്തിനും മുന്‍തൂക്കം നല്കി മുന്നോട്ടുപോകുവാനുള്ള ആര്‍ജ്ജവത്വമാണ് ആ പൈതൃകം നമുക്ക് തരുന്നത്. ഈ കുലീനമായ പാരമ്പര്യം അബ്രാഹാമിന്റെ യഥാര്ത്ഥമക്കളില് ഉണ്ടാകണം, ഉണ്ടാകും.
Image from freebibleimages.org