കോവിഡ് വാക്സിന്റെ നൈതികത പ്രശ്നങ്ങൾ

കോവിഡ് 19 വാക്സിനേഷൻ നമ്മുടെ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണല്ലോ. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ  നൽകുന്നു.  അതിനുശേഷം പടിപടിയായി മറ്റു വിഭാഗങ്ങൾക്കും  വാക്സിൻ നൽകി രോഗബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം.

സാധാരണ വാക്സിൻ വികസിപ്പിക്കുന്നത് പോലെയല്ല കോവിഡ് വാക്സിൻ കണ്ടുപിടുത്തം എന്ന് എല്ലാവർക്കുമറിയാം. കാരണം ഒരു മഹാമാരിയായി ലോകമെമ്പാടും പടർന്നു പിടിച്ച കോവിഡിനെ എത്രയും വേഗം  നിയന്ത്രിക്കുകയെന്നത് ഏറ്റവും പ്രധാന ആവശ്യങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഞെട്ടിക്കുന്ന കോവിഡ് മരണക്കണക്കുകൾ മാത്രമല്ല ഈ തിടുക്കത്തിന്  കാരണം. കോവിഡ് ഇന്ന് ലോക സമ്പദ് വ്യവസ്ഥയെയും ജീവിതരീതികളെയും അത്രമേൽ ആഴത്തിൽ നിയന്ത്രിക്കുകയും വ്യത്യാസപ്പെടുത്തുകയും ചെയ്തതിനാൽ എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തുക എന്നത് മനുഷ്യന്റെ  പ്രധാന ആവശ്യങ്ങളിൽ ഒന്നായി മാറി.

ഇന്ത്യയിൽ രണ്ട് വാക്സിനുകൾ ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ്  ഇന്ത്യ അനുമതി നൽകിയപ്പോൾ തന്നെ അതിൽ അനാവശ്യ തിടുക്കം ഉണ്ടെന്നും നടപടിക്രമങ്ങളിൽ വ്യവസ്ഥകൾ പലതും സുതാര്യല്ലെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. അത് കേവലം ഒരു രാഷ്ട്രീയ ആരോപണം മാത്രമല്ലായിരുന്നുതാനും . അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ പിന്തുടർന്ന സുതാര്യമായ നടപടിക്രമങ്ങൾ ഇവിടെ ഉണ്ടായില്ല. മാത്രമല്ല പല  പ്രധാന ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാൻ  വഴിയും ഉണ്ടായിരുന്നില്ല. .മൂന്നാംഘട്ട പരീക്ഷണങ്ങൾ അഥവാ ധാരാളം ജനങ്ങളിൽ മരുന്ന്  നൽകി ഗുണദോഷങ്ങളെ നിരീക്ഷിക്കുന്ന  ഘട്ടം നടത്തുന്നതിന് മുമ്പാണ് രണ്ട് വാക്സിനുകൾക്കും  അനുമതി നൽകിയത് എന്നത്  വസ്തുതയാണ്. രാജ്യത്തിലെ ജനങ്ങൾക്ക് എത്രയും വേഗം വാക്സിൻ എത്തിക്കാൻ ഉള്ള സദുദ്ദേശം ചൂണ്ടിക്കാട്ടി ആ  ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞേക്കാം.

എന്നാൽ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. വാക്സിന്റെ വികാസ,പരീക്ഷണ, നിർമ്മാണ  ഘട്ടങ്ങളിൽ എന്തെങ്കിലും  ധാർമിക-നൈതിക പ്രശ്നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ  എന്ന ചോദ്യമാണത്. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് വാക്സിൻ നിർമ്മാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ചില സാങ്കേതിക വശങ്ങൾ പരിശോധിക്കേണ്ടിവരുന്നത്. 

നിർമ്മാണത്തിന്റെ  ഏതെങ്കിലുമൊരു ഘട്ടത്തിൽ മനുഷ്യ ഭ്രൂണ കോശങ്ങളുടെ ഉപയോഗം പല നിർമ്മാതാക്കളും നടത്താറുണ്ട്. അബോർഷനിലൂടെ ലഭ്യമാക്കിയ മനുഷ്യ ഭ്രൂണ കോശ നിരകൾ -ഹ്യൂമൻ ഫീറ്റൽ  സെൽ ലൈൻസ്- ഉപയോഗിക്കുന്ന വാക്സിനുകൾ അബോർഷൻ തെറ്റെന്ന് വിശ്വസിക്കുന്നവർക്ക് എടുക്കാൻ ആകുമോ ? 

വൈറസിന്റെ ലോകം

മനുഷ്യന് രോഗം വരുത്തിവയ്ക്കുന്ന  രണ്ടു സൂക്ഷ്മാണുക്കളാണ് ബാക്ടീരിയകളും വൈറസുകളുമെങ്കിലും രണ്ടും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ബാക്ടീരിയകൾക്ക് വളരാനും പെരുകാനും മനുഷ്യ കോശ നിരകൾ തന്നെ വേണമെന്നില്ല. മറ്റ്  മാധ്യമങ്ങളിൽ അവ സ്വതന്ത്രമായി പെരുകി കൊള്ളും. അവയുടെ ഉഗ്രത കുറച്ച് വാക്സിൻ രൂപത്തിൽ കുത്തിവെച്ച് രോഗപ്രതിരോധശേഷി നേടാനാകും. ഉദാഹരണം ക്ഷയത്തിന് എതിരെയുള്ള ബിസിജി വാക്സിൻ. എന്നാൽ വൈറസുകളുടെ കാര്യം അങ്ങനെയല്ല. അവയ്ക്ക് സ്വതന്ത്രമായി വളരാൻ ആകില്ല. അവയുടെ വളർച്ചയ്ക്ക് കോശങ്ങൾ ആവശ്യമാണ്. ഒരു കോശത്തിലേക്ക് പ്രവേശിക്കുന്ന വൈറസ് കോശത്തിന്റെ  നിയന്ത്രണം കൈയടക്കി പെരുകും. പ്രശ്ന ഹേതുവായ യഥാർത്ഥ വൈറസ് തന്നെയോ മറ്റേതെങ്കിലും അഡിനോ വൈറസുകളോ ഇങ്ങനെ കോശ നിരകളിൽ പെരുകാൻ വിട്ട് അതിൽ നിന്ന് വാക്സിൻ നിർമ്മിച്ച് എടുക്കാം. ഇതിനായി മനുഷ്യ കോശ നിരകൾ കിട്ടുന്നത് അബോർഷൻ  നടത്തിയ ഭ്രൂണങ്ങളിൽ നിന്നാണ്. ഇതാണ് വാക്സിൻ ഉപയോഗത്തിൽ ആവിർഭവിച്ച  നൈതിക പ്രതിസന്ധി.

എന്നാൽ അല്പം വിശദമായി വാക്സിൻ നിർമ്മാണ ഘട്ടങ്ങൾ പരിശോധിച്ചാൽ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന് മനസ്സിലാവും. ഒന്നാമത്, ഇപ്പോൾ ഉപയോഗിക്കുന്ന പല വാക്സിനുകളും അവയുടെ വികസനത്തിലും  പരീക്ഷണത്തിലും  മനുഷ്യ കോശനിരകൾ ഉപയോഗിക്കുന്നില്ല. ഉദാഹരണം ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിൻ. രണ്ടാമത്, മനുഷ്യ കോശ നിരകൾ ഉപയോഗിക്കുന്ന വാക്സിനുകളിൽ പോലും അപ്പപ്പോൾ അബോർഷൻ നടത്തി എടുക്കുന്ന ഭ്രൂണ കോശങ്ങൾ അല്ല ഉപയോഗിക്കുന്നത്. ലബോറട്ടറികളിൽ പതിറ്റാണ്ടുകളായി വളർത്തിയെടുത്ത മനുഷ്യ കോശ നിരകളാണ്  പ്രമുഖ വാക്സിൻ നിർമാതാക്കളും ഗവേഷണ സ്ഥാപനങ്ങളും ഉപയോഗിച്ചുവരുന്നത് .   അമർത്യമായ കോശ നിരകൾ (immortal tissue lines)  എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ലാബുകളിലെ നിയന്ത്രിത സംവിധാനത്തിൽ വളരുന്ന കോശങ്ങൾ അവർ ഉപയോഗിക്കുന്നു . ഇത്തരം പ്രധാനകോശനിരകളെല്ലാം 1960 -70 വർഷങ്ങളിൽ ശേഖരിച്ച ഭ്രൂണ കോശങ്ങളെ ഉപയോഗിച്ച് വളർത്തിയെടുത്തവയാണ്. യഥാർത്ഥ മനുഷ്യ ഭ്രൂണ കോശങ്ങൾ ഒന്നും തന്നെ ഈ കോശ  നിരകളിൽ ഇല്ല. കോവിഡ് വാക്സിന്റെ  വികസനത്തിൽ മാത്രമല്ല, പ്രധാനപ്പെട്ട മരുന്നുകളുടെ ഗവേഷണത്തിലും ഇത്തരം കോശങ്ങൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഉദാഹരണമായി നിരവധി മരുന്ന് പരീക്ഷണങ്ങളിലും ഇപ്പോൾ കോവിഡ് വാക്സിൻ വികസനത്തിലും ഉപയോഗിക്കുന്ന കോശ നിരകൾ ആണ് HEK293T.  1970ൽ നെതർലൻഡ്സിൽ നിന്നും ശേഖരിച്ച ഭ്രൂണ കോശത്തെ ആധാരമാക്കി  നിർമ്മിച്ച കോശ നിരകളാണിത് . തുടക്കത്തിൽ ഈ മനുഷ്യ ശരീരകല എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് ഒരു രേഖയും ഇപ്പോൾ ലഭ്യമല്ല.  മാത്രമല്ല ഇപ്പോഴത്തെ കോശ നിരകളിൽ മനുഷ്യ ഭ്രൂണത്തിന്റെ കോശങ്ങൾ ഒന്നും തന്നെയില്ല. അനുകൂലമായ അന്തരീക്ഷം നിർമ്മിച്ചു  അതിൽ പ്രത്യേകമായി കൾച്ചർ ചെയ്തു വളർന്ന് പെരുകാൻ അനുവദിച്ച മനുഷ്യ കോശങ്ങൾ നിയന്ത്രിതമായ ഊഷ്മാവിൽ ലാബുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ മനുഷ്യ കോശങ്ങൾ നാളുകളുടെ ഉപയോഗംകൊണ്ട് ഫലപ്രാപ്തി തെളിയിച്ചവ ആയതുകൊണ്ട്  പുതിയ കോശങ്ങൾ എടുക്കേണ്ട ആവശ്യമില്ല.

വാക്സിൻ നിർമ്മാണത്തിന് ഏതെങ്കിലും ഘട്ടത്തിൽ മനുഷ്യ കോശങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്ന് വരികിൽ തന്നെ അത്തരം വാക്സിൻ ഉപയോഗിക്കുന്നതിലൂടെ അബോർഷൻ എന്ന കുറ്റത്തിൽ പങ്കാളികളായി തീരുമോ എന്ന ചോദ്യവും പരിഗണിക്കണം.

കൊല്ലപ്പെട്ട ഒരാളുടെ അവയവങ്ങൾ അവയവമാറ്റ ശസ്ത്രക്രിയ വഴി ഉപയോഗിക്കുന്നതുമായി  ഈ സാഹചര്യത്തെ താരതമ്യം ചെയ്താൽ അക്കാര്യം കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാകും.കൊല്ലപ്പെട്ട വ്യക്തി മരണത്തിന് മുമ്പ് അവയവം ദാനം ചെയ്യാനുള്ള  സമ്മതം നൽകിയിട്ടുണ്ടെങ്കിൽ അയാളുടെ അവയവങ്ങൾ സ്വീകരിക്കുന്നതിൽ ധാർമിക പ്രശ്നങ്ങളൊന്നുമില്ല. കാരണം അയാളുടെ മരണത്തിൽ അവയവ സ്വീകർത്താവിനു പങ്കൊന്നും ഇല്ലല്ലോ. സ്വാഭാവികമായ ഗർഭം അലസൽ വഴിയോ എക്ടോപിക് ഗർഭം പോലുള്ള  ആരോഗ്യകാരണങ്ങളാൽ   അലസിപ്പിച്ചതോ ആയ  ഭ്രൂണം പരീക്ഷണ ഘട്ടത്തിൽ ഉപയോഗിക്കുന്നതിനും ധാർമിക പ്രശ്നങ്ങളില്ല. മാത്രമല്ല കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതുവഴി പുതിയ ഗർഭച്ഛിദ്രം  പ്രോത്സാഹിപ്പിക്കുന്നു എന്ന പ്രശ്നവും ഉദിക്കുന്നില്ല. ഇനി 1970 ൽ നെതർലൻഡ്സിൽ നിന്നും സ്വീകരിച്ച ഭ്രൂണം അബോർഷൻ വഴിയാണ് ലഭിച്ചതെങ്കിൽപോലും വാക്സിൻ സ്വീകരിക്കുന്നവർക്ക് ആ കുറ്റത്തിൽ പങ്കൊന്നുമില്ല എന്ന് ക്രൈസ്തവ നൈതിക വിദഗ്ധർ ഒരുപോലെ പറയുന്നു . എന്നിരുന്നാലും മനുഷ്യ കോശങ്ങളുടെ ഉപയോഗം ഒരു ഘട്ടത്തിലും ഇല്ലാതിരിക്കുന്നതാണ് ഏറെ അഭികാമ്യം.  

ജനിതകമാറ്റം സാങ്കേതിക വിദ്യ

ഫൈസർ, മോഡേണ എന്നീ കമ്പനികൾ വികസിപ്പിച്ചെടുത്ത വാക്സിനുകൾ mRNA   സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാണ്. മറ്റു വാക്സിനുകൾ  ഡിഎൻഎ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചപ്പോൾ മെസ്സഞ്ചർ RNA   സങ്കേതമാണ്  ഈ കമ്പനികൾ പ്രയോഗിച്ചത്. പൊതുവേ ഇത്തരം ജനിതകമാറ്റ  പരീക്ഷണങ്ങൾ തെറ്റായ ഫലങ്ങൾ ഉളവാക്കുന്നു എന്ന കാരണത്താൽ നിരുത്സാഹപ്പെടുത്താറാണ് പതിവ്. എന്നാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ ഡോക്ടർ ഫ്രാൻസിസ് കോളിൻസ് പങ്കുവയ്ക്കുന്നത്  പോലെ ഇതുവരെ ഉള്ള ഉപയോഗത്തിൽ ഇതിൽ പ്രതിലോമകരമായ ഫലങ്ങളൊന്നും കാണാത്തതിനാൽ ഈ സാങ്കേതിക വിദ്യ അപ്പാടെ എതിർക്കേണ്ടതില്ല. 

വാക്സിനേഷൻ വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യമല്ലേ?

എല്ലാവരും വാക്സിൻ എടുത്തേ മതിയാകൂ എന്ന് നിർബന്ധിക്കേണ്ട ആവശ്യമില്ലല്ലോ, വ്യക്തികൾക്ക് അവരുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് തീരുമാനമെടുത്തു കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഇക്കാലത്ത് മറ്റു പല വാക്സിനുകളുടെ കാര്യത്തിലും സർക്കാർ സ്വീകരിക്കുന്ന നയം ബോധവൽക്കരണത്തിലൂടെ കഴിയുന്നതും വിശ്വാസം നേടിയെടുക്കുക എന്നതാണ്. എന്നാൽ കോവിഡ് 19 പോലുള്ള  ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർബന്ധിത വാക്സിനേഷൻ എന്നത് തികച്ചും അസ്വീകാര്യമാണ് എന്ന് പറയാനാവില്ല. മറ്റു പല രോഗങ്ങളുടെ  കാര്യത്തിലും ഒരു ‘ഹെർഡ് ഇമ്മ്യൂണിറ്റി ‘നിലനിൽക്കുന്നുണ്ട് എന്ന് പറയാം. ആ സാഹചര്യത്തിൽ രോഗം കൊണ്ടുള്ള പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരിക വാക്സിനേഷനിൽ   നിന്ന് വിട്ടു നിന്ന വ്യക്തിക്ക് മാത്രമാണ്. അതേസമയം കോവിഡ്  19ന്റെ  കാര്യത്തിൽ  ‘ഹെർഡ്‌ ഇമ്മ്യൂണിറ്റി ‘  ഇന്നും വിദൂരമാണ്. അമേരിക്കൻ രോഗപ്രതിരോധ വിദഗ്ധൻ അന്തോണി ഫൗസി ചൂണ്ടിക്കാട്ടുന്നതു പോലെ  90- 95 ശതമാനം പേർക്ക് രോഗബാധയുണ്ടായാൽ മാത്രമേ  ‘ഹെർഡ്‌ ഇമ്മ്യൂണിറ്റി’ വരികയുള്ളൂയെങ്കിൽ അതിനിടയിൽ ഒരുപാട് മരണങ്ങൾ കൂടി നടക്കും. അതുകൊണ്ട് വ്യക്തിയെ കരുതി മാത്രമല്ല സമൂഹത്തെ കൂടി കണക്കിലെടുത്തു വേണം ഈ പൊതുജനാരോഗ്യ പ്രശ്നത്തെ സമീപിക്കാൻ. വാക്സിൻ എടുക്കാനുള്ള നമ്മുടെ സന്നദ്ധത  അയൽക്കാരോടുഉള്ള നമ്മുടെ സ്നേഹത്തിന്റെ കൂടി ഭാഗമായി കാണുന്നതാണ് ഉത്തമം. 

വാക്സിനുകളുടെ ലോകം

രോഗപ്രതിരോധത്തിനുള്ള ഉത്തമ മാർഗമാണ് വാക്സിനേഷൻ. ഗുരുതരമായേ ക്കാവുന്ന രോഗബാധയിൽ നിന്ന് ഒരു വ്യക്തിയെ സംരക്ഷിച്ചു നിർത്താൻ ഫലപ്രദമായ ഒരു വാക്സിന്  കഴിയും. രോഗ പ്രതിരോധം തീർക്കുന്നതിനോടൊപ്പം സുരക്ഷിതമായിരിക്കുകയും വേണം വാക്സിൻ. അതായത് അത് നൽകിയതുകൊണ്ട് തടയാൻ ശ്രമിക്കുന്ന രോഗം തന്നെ  പിടിപെടാനോ  മറ്റു പാർശ്വഫലങ്ങൾ ഉണ്ടാകാനോ കാരണമാകരുത്.

വാക്സിനുകൾ പൊതുവേ നാല് തരമാണ്. ഇന്ത്യയിൽ ലഭ്യമായിട്ടുള്ള രണ്ട് വാക്സിനുകളേക്കുറിച്ച് അല്പം വിശദമായി ചിന്തിക്കാം. 

ആസ്ട്ര സെനക  ഓക്സ്ഫോർഡ് വാക്സിൻ- കോവി ഷീൽഡ് :

കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത് ഈ  വാക്സിനാണ്. ഓക്സ്ഫോർഡ് സർവകലാശാല ലോക പ്രസിദ്ധ മരുന്ന് നിർമ്മാതാക്കൾ ആയ ആസ്ട്ര സെനകയുമായി ചേർന്നു തയ്യാറാക്കിയ  കോവി ഷീൽഡ് വാക്‌സിന്റെ  ഇന്ത്യയിലെ സഹകാരികൾ പൂനെ ആസ്ഥാനമായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാണ കമ്പനിയാണ്  സീറം ഇൻസ്റ്റിറ്റ്യൂട്ട്.

Replication-deficient Adenovirus vector വാക്സിനാണ്കോവി ഷീൽഡ് (ChAdOx1 nCoV-19) . മനുഷ്യരിലും മൃഗങ്ങളിലും ജലദോഷത്തിന് കാരണമാകുന്ന അഡിനോ വൈറസിനെ  വാഹകരായി (vector)  ഉപയോഗിച്ച് അതിലേക്ക് SARS -CoV 2 വൈറസ് പ്രോട്ടീൻ സ്പൈക്ക് ചേർത്തിണക്കി ആണ് ഈ വാക്സിൻ തയ്യാറാക്കുന്നത്. അഡിനോ വൈറസ് ശരീരത്തിൽ വർദ്ധിക്കുന്നത് തടയാൻ അവയുടെ പെരുകാനുള്ള ശേഷി നശിപ്പിക്കുന്നു. എന്നാൽ അഡിനോ വൈറസിൽ സന്നിവേശിപ്പിച്ചിരിക്കുന്ന കോവിഡ്  വൈറസിന്റെ  പ്രോട്ടീൻ , കുത്തിവെപ്പ് എടുക്കുന്ന വ്യക്തിയിൽ കോവിഡ് ബാധയ്ക്ക് ക്ക് സമാനമായ സ്ഥിതി ഉണ്ടാക്കും. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ വാക്സിൻ ഒരു പരിശീലകനെ പോലെ പ്രവർത്തിച്ചു കുത്തിവെച്ച വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിച്ച് ആൻറിബോഡി നിർമ്മിക്കാൻ പ്രേരണ നൽകുന്നു. പിൽക്കാലത്ത് യഥാർത്ഥ രോഗബാധ ഉണ്ടാകുന്ന വേളയിൽ ഈ ആൻറി ബോഡികൾ പ്രതിരോധകവചം തീർക്കുന്നു.

ഈ വാക്സിന്റെ രൂപകൽപ്പന , നിർമ്മാണം,  പരീക്ഷണം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യ കോശ നിരകൾ ഉപയോഗിച്ചിട്ടുണ്ട്. (HEK 293 – ഹ്യൂമൻ എംബ്രിയോണിക് കിഡ്നി കോശനിരകൾ).  കൃത്യമായ ഫലപ്രാപ്തിക്ക് വേണ്ടി നാലാഴ്ച  ഇടവേളയിട്ട്  രണ്ട് ഡോസ് കുത്തിവെപ്പുകൾ എടുക്കണം.

കുത്തിവെപ്പിന് ശേഷം ഉണ്ടാകുന്ന ആൻറിബോഡിയുടെ പ്രതിരോധ കവചം എത്ര കാലം ശരീരത്തിൽ നിലനിൽക്കും എന്നുള്ളത് ഇനിയും കണ്ടെത്താൻ ഇരിക്കുന്നതേയുള്ളൂ. 

ഭാരത് ബയോടെക് കോ വാക്സിൻ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് -ഐസിഎംആർ സഹകണത്തോടെ  ഭാരത് ബയോടെക് നിർമ്മിക്കുന്ന വാക്സിനാണ് കോ വാക്സിൻ. ഇതൊരു inactivated COVID-19 vaccine  ആണ്. അതായത് നിർജ്ജീവമായ വൈറസുകളെ കൊണ്ട് നിർമ്മിച്ച വാക്സിൻ. നിർജീവ സൂക്ഷ്മാണുക്കളെ വാക്‌സിൻ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതാണ് പരമ്പരാഗത രീതി. ബിസിജി, പോളിയോ, റാബിസ് തുടങ്ങിയ വാക്‌സിനുകൾ   ഈ രീതിയിൽ നിർമിക്കപ്പെട്ടവയാണ്. ഭാരത് ബയോടെകിന്റെ  ഹൈദരാബാദിലെ നിർമ്മാണശാലയിലാണ്  കോ വാക്സിൻ ഉണ്ടാക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി  വേർതിരിച്ചെടുത്ത കോവിഡ് വൈറസ് വകഭേദമാണ് കോ വാക്സിൻ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അത്  ചൂടാക്കിയോ രാസപ്രക്രിയ വഴിയോ നിർജീവമാക്കുന്നു. പിന്നീട് അതിനൊപ്പം ശരീരത്തിൻറെ പ്രതിരോധശേഷിയെ ക്രമപ്പെടുത്താനുള്ള മരുന്നുകൾ  കൂടി ചേർക്കുന്നു. കോ വാക്സിനും ഫലപ്രാപ്തി ക്കുവേണ്ടി നാലാഴ്ച ഇടവിട്ടുള്ള രണ്ട് ഡോസ് എടുക്കേണ്ടതാണ്.  നിർമ്മാണത്തിന്റെ ഒരുഘട്ടത്തിലും മനുഷ്യ കോശ നിരകൾ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ് കോ വാക്സിന്റെ എടുത്തു പറയേണ്ട ഒരു സവിശേഷത.

P C Benny
P C Benny
സമകാലിക സംഭവങ്ങളുടെ സമഗ്ര നിരൂപകൻ. കോഴിക്കോട് സ്വദേശി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular