വാക്‌സിൻ ചരിത്രം: മറക്കാനാകാത്ത ചില മനുഷ്യർ

കോവിഡ് മഹാമാരിക്ക് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിൻ  കണ്ടുപിടിച്ചു  പുതിയ ചരിത്രം രചിക്കുന്ന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോൾ വാക്സിനേഷന്റെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത്  കണ്ണുതുറപ്പിക്കുന്ന  ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്. ജീവൻ പോലും പണയം വെച്ച് കൊണ്ട് ചില മനുഷ്യർ കാണിച്ച അസാമാന്യ ധൈര്യത്തിന്റെയും ജീവിത സമർപ്പണത്തിന്റെയും കഥ നമുക്ക് അവിടെ കാണാം. സഹമനുഷ്യരുടെ സഹനത്തിന് നേരെ കണ്ണടച്ച് നിൽക്കാൻ  കൂട്ടാക്കാതെ അവർക്കായി ആത്മസമർപ്പണം ചെയ്ത മനുഷ്യരുടെ കഥ. തങ്ങൾക്ക് ലഭിച്ച മരുന്നുo  അറിവും സ്വകാര്യ സ്വത്തായി പൂട്ടിവെക്കാതെ  ഭൂഖണ്ഡങ്ങൾ താണ്ടി വിദൂര സംസ്കാരങ്ങളിലേക്കും ജനപഥങ്ങളിലേക്കും എത്തിക്കാൻ നിസ്വാർത്ഥമായി അധ്വാനം ചെയ്ത മനുഷ്യരുടെ കഥ.

എഡ്വാർഡ് ജന്നെർ: വാക്‌സിനുകളുടെ പിതാവ്

വാക്സിനേഷൻ ചരിത്രം ആരംഭിക്കുന്നത്  എഡ്വാർഡ് ജന്നെർ (1749-1823) എന്ന   മഹാനിലൂടെയാണ്. വസൂരിക്ക് ഫലപ്രദമായ വാക്സിൻ കണ്ടെത്തിയത് ജന്നർ ആണ്. അതിനുമുമ്പ്  ‘വേരിയലെഷൻ’ (variolation ) എന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. വസൂരി ബാധിച്ച ആളുകളിൽ രൂപപ്പെടുന്ന കുമിളകളിലെ  പഴുപ്പും മറ്റും രോഗം ബാധിക്കാത്ത ആളുകളിൽ കുത്തിവെച്ച് രോഗവ്യാപനം തടയാൻ നടത്തുന്ന ശ്രമമായിരുന്നു അത്. പലപ്പോഴും ഫലപ്രദമാവില്ലെന്ന്  മാത്രമല്ല കുത്തിവെക്കുന്ന വ്യക്തിയുടെ ത്വക്കിൽ  മാറ്റാൻ കഴിയാത്ത നിലയിലുള്ള വടുക്കൾ ഉണ്ടാവുകയും ചെയ്യും.

പതിനാറാം നൂറ്റാണ്ടിൽ ആഫ്രിക്കൻ വൻകരയിൽ നിന്നാണ് വസൂരി രോഗം പടിഞ്ഞാറൻ നാടുകളിൽ എത്തിയത്. സ്പാനിഷ് പര്യവേക്ഷണ സംഘത്തിൽ ഉൾപ്പെട്ട  ഒരു ആഫ്രിക്കൻ അടിമ വഴിയാണ് അത് സംഭവിച്ചത്. പതിയെ ലോകത്തിന്റെ നാലതിരുകളിലേക്ക് വസൂരി വ്യാപിച്ചു. ലക്ഷക്കണക്കിനാളുകൾ രോഗബാധയിൽ മരിച്ചു. ആയിരങ്ങളുടെ കാഴ്ച നഷ്ടപ്പെട്ടു.പല മഹാസാമ്രാജ്യങ്ങളെയും സംസ്കാരങ്ങളെയും വസൂരി ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്തു.  മധ്യനമേരിക്കൻ  നാഗരികതകൾ ആയ ആസ്ടെക്, മായൻ  സാമ്രാജ്യങ്ങളുടെ തകർച്ചയുടെ പിന്നിൽ വസൂരി രോഗവ്യാപനം വഹിച്ച പങ്ക് വലുതാണ്. പിന്നീട് പതിറ്റാണ്ടുകളോളം തുടർന്ന രോഗ വ്യാപനത്തിലൂടെ ദശലക്ഷക്കണക്കിന് മനുഷ്യജീവനുകൾ  വസൂരിക്ക് മുമ്പിൽ കീഴടങ്ങി. സ്പാനിഷ് അധിനിവേശം തുടങ്ങിയ കാലത്ത് 260 ലക്ഷം ഉണ്ടായിരുന്ന ആസ്ടെക് ജനസംഖ്യ ഒരു നൂറ്റാണ്ടിനുള്ളിൽ 16 ലക്ഷത്തിലേക്ക് ചുരുങ്ങിപ്പോയി. ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഏതാണ്ട് 30 കോടി പേർ വസൂരി മൂലം മരിച്ചതായാണു കണക്ക്. വൻ തോതിലുള്ള ജനസംഖ്യ വ്യതിയാനങ്ങൾക്ക് വഴി തെളിച്ച ഒരു പകർച്ചവ്യാധിയാണ് വസൂരി എന്ന് സാരം. 1796ൽ എഡ്വേഡ് ജന്നർ വസൂരിക്ക് വാക്സീൻ കണ്ടെത്തി. ആദ്യ കാലത്തു പലർക്കും സന്ദേഹമുണ്ടായിരുന്നുവെങ്കിലും ഫലപ്രാപ്തി തെളിഞ്ഞതോടെ ജെന്നറുടെ വാക്‌സിൻ പ്രതിരോധ ചികിത്സ ജനസമ്മതി നേടാൻ തുടങ്ങി.

ബാൾമിസും സാൽവനിയും ഇസബെലും

വസൂരി  രോഗത്തിന്റെ മാരകമായ പ്രഹരശേഷിയും വാക്സിനേഷൻ നടത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെട്ട സ്പെയിൻ രാജാവ് ചാൾസ് നാലാമൻ രാജ്യമെങ്ങും പ്രജകൾക്ക് വാക്സിനേഷൻ നൽകാൻ ഉത്തരവിട്ടു. രണ്ട്  വർഷത്തിനുശേഷം സ്പെയിനിന്റെ കീഴിലുള്ള ദക്ഷിണ അമേരിക്കയിലെയും ഫിലിപ്പീൻസിലെയും പ്രജകൾക്ക് വാക്സീൻ നൽകാൻ ഡോക്ടർ ഫ്രാൻസിസ്കോ ബാൾമിസിനെ രാജാവ് നിയോഗിച്ചു.

തണുപ്പിച്ചു സൂക്ഷിക്കാൻ  ഇല്ലാത്ത അക്കാലത്ത് എങ്ങനെയാണ് വാക്സീൻ അത്രയും ദൂരേക്ക് കൊണ്ടുപോയിരിക്കുക?  രാജാവിന്റെ ഡോക്ടറായ ജോസഫ് ഫ്ലോറസ് ആണ് അതിനൊരു വഴി നിർദേശിച്ചത്. ജീവനുള്ള മനുഷ്യരിൽത്തന്നെ വൈറസ് കൊണ്ടുപോകുക. അതിനായി 3 മുതൽ 9 വരെ പ്രായമുള്ള 22 അനാഥ ആൺകുട്ടികളെ തിരഞ്ഞെടുത്തു. വസൂരിബാധ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവരും വാക്സിനേഷൻ അതുവരെ ലഭിച്ചിട്ടില്ലാത്തവരുമായ ആ കുട്ടികളിലെ ഓരോ ജോടികളിലായി ആരോഗ്യപ്രവർത്തകർ കപ്പലിൽ വച്ച് വാക്സീൻ കുത്തിവയ്ക്കും. 8 -10 ദിവസമാകുമ്പോഴേക്കും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കളിൽ നിന്നുള്ള നീരുപയോഗിച്ച് അടുത്ത ജോടി കുട്ടികളെ വാക്സിനേറ്റ് ചെയ്യും. ഇങ്ങനെ ബാൾമിസിന്റെയും  ഡോ. ജോസ് സാൽവനിയുടെയും    നേതൃത്വത്തിലുള്ള വൈദ്യസംഘം പത്താഴ്ച നീണ്ട കടൽയാത്രയിൽ വാക്സീൻ പ്രവർത്തക്ഷമമായി നിലനിർത്തി. മനുഷ്യാവകാശവും  ബാലാവകാശവും ഊന്നിപ്പറയുന്ന ഇക്കാലത്ത് സങ്കൽപ്പിക്കാൻ ആകാത്ത കാര്യങ്ങളാണ്അന്ന് നടന്നത്. രാജാവിന്റെ ആജ്ഞയായതിനാൽ കാര്യം വേഗം നടന്നിട്ടുണ്ടാവണം. കുട്ടികളെ തിരികെ എത്തിക്കാം എന്ന് ഉറപ്പുകൊടുത്തിരുന്നെങ്കിലും അതു പൂർണമായി പാലിക്കാനായിട്ടുണ്ടാവില്ല.

1803 നവംബർ 30ന് യാത്ര ആരംഭിച്ച ഈ സംഘം തെക്കേ അമേരിക്കയിലെമ്പാടും വാക്സിനേഷൻ നടത്തി. ചെന്നിടത്തെല്ലാം സ്ഥിരം വാക്സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടാക്കുകയും അതിനായി ആൾക്കാരെ സജ്ജമാക്കുകയും ചെയ്തു. പ്പെടുത്തി . 1804 ൽ ക്യൂബയിൽ വാക്സിനേഷൻ നടത്തിയശേഷം രണ്ടു ടീമുകളായി തിരിഞ്ഞു. ഡോ. ജോസ് സാൽവനിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയുടെ കൂടുതൽ തെക്കു ഭാഗത്തേക്കു നീങ്ങി. നാലായിരത്തോളം കിലോമീറ്ററുകൾ സഞ്ചരിച്ച് രണ്ടു ലക്ഷത്തോളം വാക്സിനേഷൻ നടത്തിയ ഡോ. സാൽവനിക്ക് യാത്രയ്ക്കിടയിൽ ഉണ്ടായ അണുബാധയിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തുടർന്നുണ്ടായ ക്ഷയരോഗബാധയാൽ അദ്ദേഹം 1810ൽ  36–ാം വയസ്സിൽ ബൊളീവിയയിൽ വച്ച് മരിച്ചു.

ഡോ. ബാൾമിസിന്റെ നേതൃത്വത്തിലുള്ള ടീം മെക്സിക്കോയിൽ വാക്സിനേഷൻ നടത്തി അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തെത്തി. ഇനി ശാന്തസമുദ്രം കടന്ന് ഫിലിപ്പീൻസിലേക്കു പോകണം. സ്പെയിനിൽനിന്നു കൊണ്ടുവന്ന കുട്ടികളെ മെക്സിക്കോയിൽ നിർത്തി പുതിയ 26 മെക്സിക്കൻ കുട്ടികളെ കണ്ടെത്തി. തിരികെ വീട്ടിലെത്തിക്കുമെന്ന ഉറപ്പിലാണ് അവരെ മാതാപിതാക്കൾ വിട്ടുനൽകിയത്.

ഫിലിപ്പീൻസിൽ തുടക്കത്തിൽ  മതനേതൃത്വം വാക്സിനേഷന് എതിരു നിന്നെങ്കിലും അവിടത്തെ ഗവർണർ ജനറൽ തന്റെ 5 മക്കൾക്കും വാക്സീൻ നൽകി കാണിച്ചതോടെ എതിർപ്പു മാറി.  സ്പെയിനുമായി ശത്രുതയിലായിരുന്നിട്ടും ഇംഗ്ലണ്ടിന്റെ ദ്വീപായ സെന്റ് ഹെലേനയിലെ നാട്ടുകാർക്കും ബാൾമിസ് വാക്സീൻ നൽകി. പടിഞ്ഞാറോട്ട് സഞ്ചരിച്ച് ഭൂമിയെ ചുറ്റി ബാൾമിസ് തിരികെ 1806ൽ സ്പെയിനിലെത്തി. അവിടെ രാജാവു തന്നെയായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്. ലോകാരോഗ്യ സംഘടനയൊക്കെ ഉണ്ടാകുന്നതിനും ഒന്നര നൂറ്റാണ്ടു മുൻപ് ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് സ്പെയിൻ രാജാവ് ലോകവ്യാപകമായി നടത്തിയ വാക്സിനേഷൻ ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. നെപ്പോളിയന്റെ  നേതൃത്വത്തിലുള്ള ഫ്രഞ്ച് സേനയുടെ ഭീഷണിയും  ഒപ്പം ആഭ്യന്തര പ്രശ്നങ്ങളും നേരിടുന്ന സമയത്താണ് ചാൾസ് നാലാമൻ രാജാവ്  ഈ  മനുഷ്യത്വപരമായ ലോകവ്യാപക സംരംഭത്തിന് തയ്യാറായത് എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. രാഷ്ട്രീയതന്ത്രജ്ഞത കുറവാണെങ്കിലും ലോക വീക്ഷണത്തിലും മാനവസേവന തൽപരതയിലും മുൻപന്തിയിലാണ് ചാൾസ് നാലാമന്റെ സ്ഥാനം. പിന്നീടും രണ്ടുനൂറ്റാണ്ടോളം എടുത്തു, ലോകത്തുനിന്നു വസൂരി പൂർണമായും ഇല്ലാതാകാൻ.

ചരിത്രത്തിന്റെ വഴിത്താരയിൽ ഇത്രയും മാനുഷികവും വ്യാപകവുമായ മറ്റൊരു പ്രവൃത്തിയും ഉണ്ടായിട്ടില്ലെന്നാണ് എഡ്വേഡ് ജന്നർ ഇതെക്കുറിച്ചു പറഞ്ഞത്. കൊറോണ വൈറസിനെതിരെയുള്ള ഭീതിയെ മറികടക്കാനുള്ള തങ്ങളുടെ പ്രവർത്തനത്തിന് സ്പെയിനിലെ സൈന്യം ഓപ്പറേഷൻ ബാൾമിസ് എന്നാണ് പേരു നൽകിയിരിക്കുന്നത്.

കുട്ടികളെ പരിപാലിക്കാൻ യാത്രയിൽ ഉണ്ടായിരുന്ന സ്പെയിൻകാരിയായ നഴ്സായിരുന്നു ഇസബെൽ സെൻഡൽ. ആദ്യമായി ഒരു രാജ്യാന്തര ആരോഗ്യപരിപാലന പദ്ധതിയിൽ പങ്കെടുത്ത നഴ്സായി ഇവരെ ലോകാരോഗ്യ സംഘടന 1950 ൽ അംഗീകരിച്ചു. 2020ൽ സ്പെയിനിലെ മാഡ്രിഡിൽ കോവിഡിനെ നേരിടാൻ പെട്ടെന്ന് ഉണ്ടാക്കിയെടുത്ത ആശുപത്രിക്ക് ഇസബെലിന്റെ പേരാണു നൽകിയിരിക്കുന്നത്.

പാസ്ചറുടെ പൈതൃകം

വാക്സിനേഷൻ ചരിത്രത്തിൽ  എഡ്വാർഡ് ജന്നറിനും  ഏറെ ഉയരത്തിലാണ് ലൂയി പാസ്ചറുടെ (1822 – 1895) സ്ഥാനം.  വാസ്തവത്തിൽ വാക്സിനേഷൻ കാര്യത്തിൽ മാത്രമല്ല  മൈക്രോബയോളജി, ക്ഷീര വ്യവസായം, ആൽക്കഹോൾ അടങ്ങിയ പാനീയം വ്യവസായം, പട്ടുനൂൽ വ്യവസായം, രസതന്ത്രം തുടങ്ങിയ  നിരവധി വ്യത്യസ്ത മേഖലകളിൽ ഇന്നും നിലനിൽക്കുന്ന കണ്ടുപിടുത്തങ്ങളും സംഭാവനകളും നൽകിയ  ബഹുമുഖ പ്രതിഭയാണ് അദ്ദേഹം.  ആന്ത്രാക്‌സ്, പേവിഷബാധ എന്നിവയ്ക്കെതിരെയുള്ള  വാക്സിനുകൾ കണ്ടെത്തിയതും അദ്ദേഹമാണ്.

സ്കൂൾ വിദ്യാഭ്യാസകാലത്ത് ഒരു ശരാശരി വിദ്യാർഥി മാത്രമായിരുന്നു പാസ്ചർ. ശാസ്ത്രത്തെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ താല്പര്യം കലയിലായിരുന്നു. എന്നാൽ നിശ്ചയദാർഢ്യം കൈവിടാത്തതിനാൽ ശാസ്ത്രവിഷയങ്ങളിൽ തന്നെ ഉന്നത പഠനം പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രസതന്ത്രത്തിൽ  ആകൃഷ്ടനായ അദ്ദേഹം ക്രിസ്റ്റൽ രൂപങ്ങളെക്കുറിച്ച് വിശദമായി പഠിച്ചു.സൂക്ഷ്മ  ക്രിസ്റ്റലുകളുടെ പ്രതി-സമത(symmetry)യാർന്ന     രൂപഘടന ദൈവാസ്തിക്യത്തിനു  ഒരു വലിയ  തെളിവായി പാസ്ചർ കരുതി.

ശാസ്ത്രത്തിൽ ഗവേഷണം പൂർത്തീകരിച്ചു  പി എച്ച്ഡി നേടിയ ശേഷം അധ്യാപകനായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്  അദ്ദേഹത്തിന്റെ ശ്രദ്ധ ലഹരി പാനീയങ്ങളുടെ പുളിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് തിരിഞ്ഞത്. വീഞ്ഞ്, ബിയർ പോലുള്ള പാനീയങ്ങൾ വേഗത്തിൽ പുളിച്ചു കേടാകുന്നത് വ്യവസായങ്ങളെ  ദോഷകരമായി ബാധിച്ചിരുന്നു. ഇത്തരം പാനീയങ്ങൾ പുളിപ്പിക്കുന്നത് അവയിൽ അടങ്ങിയിട്ടുള്ള ചില സൂക്ഷ്മജീവികളുടെ പ്രവർത്തനഫലമാണ്  എന്ന് അദ്ദേഹം കണ്ടെത്തി. ആ  സൂക്ഷ്മജീവികളുടെ എണ്ണവും പ്രവർത്തനവും നിയന്ത്രിച്ച് അത്തരം പാനീയങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ആകുമെന്ന് അദ്ദേഹം കണ്ടെത്തി. ആ പ്രക്രിയയാണ് പിൽക്കാലത്ത് അദ്ദേഹത്തിൻറെ പേരിൽ തന്നെ അറിയപ്പെട്ട ‘പാസ്ചറൈസേഷൻ’ എന്നത്. ഇക്കാലത്ത് ലഹരി പാനീയങ്ങളുടെ കാര്യത്തിൽ അത്  ആവശ്യമില്ലെങ്കിലും പാൽ വ്യവസായത്തിൽ പാസ്ചറൈസേഷൻ അനിവാര്യമായ പ്രക്രിയയാണ്. പാൽ തിളനിലക്ക് അരികെ വരെ ചൂടാക്കുകയും അതിനുശേഷം പെട്ടെന്ന് തണുപ്പിക്കുകയും ചെയ്താൽ അതിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനം നിയന്ത്രിക്കാനും അതുവഴി കൂടുതൽ സമയം കേടാകാതെ സൂക്ഷിക്കാനും കഴിയും.

അതിന് പിന്നാലെ മറ്റൊരു  വെല്ലുവിളി അദ്ദേഹത്തെ തേടിയെത്തി. ഫ്രാൻസിൽ അതുവരെ വളരെ  മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന പട്ടുനൂൽ വ്യവസായങ്ങൾ പുഴുക്കളെ ബാധിക്കുന്ന അസുഖം കാരണം നാശോന്മുഖമായ കാലമായിരുന്നു അത്. യാതൊരു പരിചയവും ഇല്ലാത്ത ഒരു മേഖല ആയിരുന്നിട്ടുകൂടി  പാസ്ചർ  അക്കാര്യത്തെക്കുറിച്ച് ഗവേഷണം നടത്തുകയും പട്ടുനൂൽപ്പുഴുക്കളുടെ രോഗബാധയുടെ കാരണം  കണ്ടെത്തി പ്രതിവിധി നിർദ്ദേശിക്കുകയും ചെയ്തു. ഇത്തരം ഗവേഷണങ്ങളിലൂടെ ആർജ്ജിച്ചെടുത്ത അറിവ് ആധാരമാക്കി സൂക്ഷ്മ ജീവികളെ കുറിച്ചുള്ള  സിദ്ധാന്തം ലൂയി പാസ്ചർ  മുന്നോട്ടുവച്ചു. നഗ്നനേത്രങ്ങൾക്ക് കാണാനാവാത്തതും  അതേസമയം രോഗങ്ങൾ അടക്കമുള്ള നിരവധി കാര്യങ്ങൾക്ക് ഹേതുവാകുന്നതുമായ സൂക്ഷ്മ ജീവികളുടെ ഒരു ലോകമുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. എന്നാൽ അദ്ദേഹം ഒരു രസതന്ത്രജ്ഞൻ ആയിരുന്നതിനാൽ ആ സിദ്ധാന്തത്തെ അംഗീകരിക്കാൻ വൈദ്യശാസ്ത്ര ലോകം വൈമനസ്യം കാട്ടി.  മാത്രമല്ല മനുഷ്യരിലും മറ്റുo  ഗവേഷണങ്ങൾ നടത്തുന്നതിൽ നിന്ന് പാസ്ചറെ  തടയാനും ഡോക്ടർമാർ ശ്രമിച്ചിരുന്നു. ഡോക്ടർ അല്ലാത്ത ഒരാൾക്ക് മനുഷ്യശരീരത്തെക്കുറിച്ചോ  രോഗപ്രതിരോധത്തെക്കുറിച്ചോ പറയാൻ അർഹതയില്ലെന്ന് അഹങ്കാരികളായ വൈദ്യശാസ്ത്ര ലോകം നിലപാടെടുത്തു . 

പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ മൃഗങ്ങളെ ബാധിക്കുന്ന ആന്ത്രാക്സ് രോഗത്തെ നിയന്ത്രിക്കുന്നതിലേക്ക് തിരിഞ്ഞു . ആന്ത്രാക്സ് രോഗത്തിന് പിന്നിൽ ഒരു സൂക്ഷ്മജീവി  ഉണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അതിനെതിരെ ഫലപ്രദമായ വാക്സിനേഷൻ ആരംഭിച്ചു. അതൊരു ഗംഭീര വിജയം  ആയതോടെ  പാസ്ചറുടെ വാക്കുകൾ ശാസ്ത്രലോകത്തിന് അവഗണിക്കാനാവാത്ത ശബ്ദമായി മാറി.

പേവിഷ ബാധയ്ക്കെതിരെ

പിന്നീടാണ് പാസ്ചറുടെ ഏറ്റവും വലിയ സംഭാവനയായ പേവിഷബാധയ്ക്ക് എതിരെയുള്ള  വാക്സിന്റെ കണ്ടെത്തൽ . പേവിഷബാധ കാരണം വളരെ ദുരിതപൂർണ്ണമായ ഭീതിജനകവും ആയ  മരണത്തിലേക്ക് തള്ളിവിടപ്പെടുന്ന  മനുഷ്യരുടെ കാഴ്ച അദ്ദേഹത്തെ വല്ലാതെ നൊമ്പരപ്പെടുത്തി. പേ വിഷബാധയ്ക്ക് പിന്നിൽ ബാക്ടീരിയ ആണെന്നാണ്  അദ്ദേഹം ആദ്യം കരുതിയത്. പാസ്ചറുടെ കാലത്തുള്ള മൈക്രോസ്കോപ്പ് വഴി ആ സൂക്ഷ്മ ജീവിയെ കാണാനായില്ല . എന്നാൽ പേവിഷബാധയുടെ പിന്നിൽ വൈറസ് ആണെന്ന് ശാസ്ത്ര ലോകം പിൽക്കാലത്തു തിരിച്ചറിഞ്ഞു.  മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ഈ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ കണ്ടെത്തിയ അദ്ദേഹത്തിന് മനുഷ്യരിൽ പരീക്ഷണത്തിനുള്ള അവസരം കിട്ടിയത് ആകസ്മികമായി ആയിരുന്നു. പേപ്പട്ടിയുടെ കടിയേറ്റ ജോസഫ് മിസ്റ്റർ എന്ന 9 വയസ്സുകാരനെ പാസ്ചറുടെ അടുക്കൽ എത്തിച്ചപ്പോൾ ആസന്നമായ മരണത്തിനുമുമ്പ് ഒരു പരീക്ഷണം നടത്തി നോക്കാം എന്ന  ചിന്തയേ മാതാപിതാക്കൾക്ക് ഉണ്ടായിരുന്നുള്ളൂ. രണ്ടും കൽപ്പിച്ച് പരീക്ഷണം നടത്തിയ ലൂയി പാസ്ചർ  പക്ഷേ വിജയിച്ചു. വേദനാജനകമായ ആസന്ന മരണത്തിൽനിന്ന് രക്ഷിച്ച പാസ്ചറോടുള്ള  നന്ദിസൂചകമായി ജോസഫ് മിസ്റ്റർ അദ്ദേഹത്തിന്റെ കൂടെ ജീവിതാവസാനം വരെ നിന്നു. പാസ്ചറുടെ മരണശേഷം പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് കാവൽക്കാരൻ ആയിരുന്ന ജോസഫ് മിസ്റ്റർ ആ സ്ഥാപനം നാസികൾ പിടിച്ചടക്കാൻ എത്തിയപ്പോൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

1885 ഒക്ടോബറിൽ അടുത്ത ഒരു പട്ടണത്തിലെ മേയറുടെ അടിയന്തര കത്ത് പാസ്ചർക്ക് ലഭിച്ചു.15 വയസ്സുമാത്രം പ്രായമുള്ള ഒരു ആട്ടിടയൻ ബാലൻ അവനേക്കാൾ പ്രായംകുറഞ്ഞ 6  ബാലന്മാരെ ആക്രമിക്കാനെത്തിയ ഒരു പേപ്പട്ടിയെ അതിസാഹസികമായി നേരിടുകയും നായയെ കൊല്ലുകയും ചെയ്തു. അതിനിടയിൽ ശരീരത്തിൽ ആഴത്തിൽ കടിയേറ്റ ആ ബാലനെ  എങ്ങനെയെങ്കിലും രക്ഷിക്കണം എന്നതായിരുന്നു എഴുത്തിലെ ഉള്ളടക്കം. ധൈര്യസമേതം പാസ്ചർ  ആ ബാലന് വാക്സിൻ നൽകി. അവനും ഭീതിതമായ മരണത്തിന്റെ ദ്രംഷ്ടകളിൽ നിന്നും രക്ഷനേടി.

അതുവരെ ആളുകളുടെ പേടിസ്വപ്നമായിരുന്ന പേപ്പട്ടി വിഷബാധ ചികിത്സിക്കാൻ ആകുമെന്ന് ലോകം അറിഞ്ഞപ്പോൾ അതൊരു വലിയ ആശ്വാസ വാർത്തയായി.  ഒരുനാൾ ഒരു കൂട്ടം റഷ്യൻ കർഷകർ രണ്ടാഴ്ച്ച  ട്രെയിൻ യാത്രയ്ക്ക് ശേഷം പാരീസിൽ ഇറങ്ങി.  അവരിൽ പലർരും  നടക്കാൻ പോലുമാകാത്ത വിധം അവശരായിരുന്നു . അവർക്ക് അറിയാവുന്ന ഏക ഫ്രഞ്ച് വാക്ക് ‘’പാസ്ചർ ‘’ എന്നതാണ്. അവരുടെ  ഗ്രാമത്തിലെത്തിയ പേപിടിച്ച ചെന്നായ  അവരെ തലങ്ങും വിലങ്ങും കടിച്ചു കീറി; പേവിഷബാധ നിശ്ചയം. ചികിത്സയ്ക്കു വേറെ ഒരു വഴിയും ഇല്ലാത്തനേരത്താണ്  പാസ്ച്ചറെക്കുറിച്ചുള്ള വാർത്ത അവർ എങ്ങനെയോ കേട്ടത്. പാസ്ചറെ കണ്ടെത്തി ജീവൻ രക്ഷിക്കാൻ അപേക്ഷിക്കാൻ  എത്തിയതാണ് ആ പാവം റഷ്യക്കാർ. പാസ്ചർ മടിച്ചു നിന്നില്ല. അവരെ ചികിത്സിച്ച പാസ്ചർക്ക്  അതിൽ മൂന്ന് പേരൊഴികെ ബാക്കിയുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ സാധിച്ചു.

ലോകത്ത് ഏറ്റവുമധികം മനുഷ്യരെ  രക്ഷിച്ച ചികിത്സാവിധിയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ ആദരം അർഹിക്കുന്ന വ്യക്തിയാണ് ലൂയി പാസ്ച്ചർ. ശുദ്ധമായ ശാസ്ത്രവും പ്രയോഗ ശാസ്ത്രവും  എന്നിങ്ങനെ രണ്ട് തരമില്ല, ശാസ്ത്രവും അതിന്റെ പ്രയോക്താക്കളും മാത്രമേ ഉള്ളൂ എന്ന് പാസ് ചർ വിശ്വസിച്ചു. താൻ  കണ്ടെത്തിയ വാക്സിനുകൾക്കോ മറ്റ്  ഗവേഷണങ്ങൾക്കോ അവകാശം ഏറ്റെടുക്കാനോ  സാമ്പത്തിക നേട്ടം  ഉണ്ടാക്കാനോ ശ്രമിക്കാത്ത ലൂയി പാസ്ച്ചർ  ഉത്തമ മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

(അവലംബം : ഓസ്‌ഫോർഡ് അക്കാഡമിക് , ലൂയി പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്)

P C Benny
P C Benny
സമകാലിക സംഭവങ്ങളുടെ സമഗ്ര നിരൂപകൻ. കോഴിക്കോട് സ്വദേശി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular