അസ്വസ്ഥമാക്കുന്ന വാർത്തകളും സമാധാനം കെടുത്തുന്ന കാഴ്ചകളും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത്.
കോവിഡിന്റെ രണ്ടാം തരംഗം നാശംവിതച്ചുകൊണ്ട് നാട്ടിൽ സംഹാരതാണ്ഡവമാടുന്നു. രോഗഭീതി ഒഴിഞ്ഞു എന്നും പൂർവ്വസ്ഥിതിയിലേക്ക് നാട് തിരികെയെത്തുന്നു എന്നും കരുതിയിരിക്കുമ്പോഴാണ് വർദ്ധിതവീര്യത്തോടെയുള്ള ഈ രണ്ടാം വരവ്. മുന്നറിയിപ്പുകളും മുൻ അറിവുകളും ധാരാളം ഉണ്ടായിരുന്നിട്ടും തയ്യാറെടുക്കാൻ ആവശ്യത്തിനു സമയം ഉണ്ടായിരുന്നിട്ടും അലംഭാവം കൊണ്ടോ അഹംഭാവം കൊണ്ടോ അനാസ്ഥ കാട്ടിയ ഭരണകൂട നിലപാട് അസ്വസ്ഥതയുടെയും വേദനയുടെയും ആഴം വർദ്ധിപ്പിക്കുന്നു.
കോവിഡ് നിയന്ത്രണത്തിനായി അവസാനത്തെ ആയുധമായ ലോക്ഡൗൺ പ്രയോഗിച്ച് ശ്രമിക്കുന്നതിനിടയിലാണ് ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരത്തെ വിറപ്പിച്ചത്. അഭൂതപൂർവ്വമായ പേമാരിയും വെള്ളപ്പൊക്കവും കൃഷിനാശവും ഉണ്ടായി. കേരളതീരം ഏതാണ്ട് മുഴുവനായി തന്നെ കടലെടുത്തു.
ഇതിനിടയിലാണ് പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്നത്. ജൂത അറബ് സംഘർഷം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് എത്തുമോ എന്ന് ഭയത്തോടെ നോക്കി ഇരിക്കുകയാണ് ലോകം.ലോകത്തിലെ ശാക്തിക ചേരികൾ ഇരുവശത്തുമായി നിലയുറപ്പിച്ചു കഴിഞ്ഞു. മത- ഗോത്ര വേർതിരിവുകളും സംഘർഷവും അതിവേഗം പടരുകയാണ്.
ഇങ്ങനെ പല നിലകളിൽ അസ്വസ്ഥജനകമായ ഒരു സ്ഥിതി നിലനിൽക്കുന്ന ഇക്കാലത്ത് മനുഷ്യന് ശാന്തി പകരാൻ ദൈവത്തിനും അവന്റെ വചനത്തിനും മാത്രമേ കഴിയുകയുള്ളൂ എന്ന് ഓർമ്മിക്കാം. പ്രതിസന്ധികളിലൂടെ കടന്നു പോയ ചില മനുഷ്യരുടെ അനുഭവങ്ങളെ ആസ്പദമാക്കി ആശ്വാസത്തിന്റെ ഏതാനും വരികൾ കുറിക്കട്ടെ.
ചരിത്രമായി മാറിയ ഒരു യാത്ര
മിഷണറിയായ പൗലോസിന്റെ റോമിലേക്കുള്ള യാത്രയുടെ അന്ത്യപാദത്തെക്കുറിച്ച് അപ്പോസ്തല പ്രവർത്തികൾ ഇരുപത്തിയെട്ടാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നു. 276 യാത്രികരും നിരവധി ടൺ ധാന്യവും കയറ്റിയ അക്കാലത്തെ ഒരു കൂറ്റൻ കപ്പലിലാണ് റോമിലേക്കുള്ള ആ യാത്ര നടന്നത്. അപ്രതീക്ഷിതമായ പ്രതികൂല കാലാവസ്ഥ യാത്രയുടെ ഗതിയെത്തന്നെ മാറ്റിമറിച്ചു. നാലാഴ്ച കൊണ്ട് പൂർത്തിയാക്കേണ്ട യാത്ര ആറു മാസത്തിലധികം നീണ്ടു. ടൗട്ടെയേക്കാൾ ഭീകരമായ ഒരു കൊടുങ്കാറ്റ് അവസാനം ആ കപ്പലിനെ തകർത്തു. ഒടുവിൽ പൗലോസ് അടക്കമുള്ള യാത്രികർ മാൾട്ട ദ്വീപിൽ കഷ്ടിച്ച് ചെന്നു പറ്റി.
തികച്ചും നിരാശാജനകവും സ്തോഭജനകവുമായ കാര്യങ്ങളാണ് ഇതിനിടയിൽ സംഭവിച്ചതെല്ലാം. എന്നാൽ സ്വാസ്ഥ്യം നൽകുന്ന ചില പാഠങ്ങൾ നമുക്ക് ഇവിടെ കാണാം.
അസാധാരണ സാഹചര്യങ്ങൾ, അസാധാരണ കൃപ
എന്തൊരു അസാധാരണത്തം ആണ് ആ യാത്രയിൽ ഉടനീളം. അസാധാരണമായ കാലവിളംബം, അസാധാരണമായ കാലാവസ്ഥ, അസാധാരണമായ കപ്പൽച്ചേതം എന്നിങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. പൗലോസിന്റെ കാര്യമെടുത്താൽ സാധാരണ പ്രതീക്ഷിക്കുന്നതൊന്നും നടക്കുന്നില്ല എന്ന് കാണാം. ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ എതിർചേരിയിൽ ആകുന്നു. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവർ ശത്രുക്കളാകുന്നു. സ്വന്തം ജനതയും ആവേശത്തോടെ പ്രതിരോധിച്ച മതവും എതിർപക്ഷത്തു ആകുന്നു. അവസാനം നീതി തേടി റോമിലേക്കുള്ള യാത്രയിൽ സംഭവിക്കുന്ന മേൽപ്പറഞ്ഞ കാര്യങ്ങളും.
എന്നാൽ ഇത്തരം അസാധാരണ സംഭവങ്ങൾ നടക്കുന്നതിനിടയിൽ അസാധാരണ കൃപകളും സഹായ കേന്ദ്രങ്ങളും ഉയർന്നുവരുന്ന കാഴ്ച അതിശയാവഹമാണ്.
അപ്പ.പ്രവർത്തികൾ 28:2 “അവിടുത്തെ ബർബരന്മാർ ഞങ്ങൾക്ക് അസാധാരണ ദയ കാണിച്ചു”.
ദയ കാണിക്കുമെന്ന് പ്രതീക്ഷിച്ചവർ നിർദ്ദയരായപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്തവർ ദയാവായ്പുമായി വരുന്നു! കടൽക്ഷോഭത്തിൽ സകലതും നഷ്ടപ്പെട്ട ഒരു കൂട്ടം മനുഷ്യർ. 14 ദിവസത്തിലേറെയായി പട്ടിണികിടന്ന് അവശരായ മനുഷ്യർ. ഏറെ നാളുകൾ സൂര്യനെയും നക്ഷത്രങ്ങളെയും കാണാതെ മാനസികമായി തകർന്ന ആളുകൾ. കനത്തമഴയിലും അഡ്രിയാറ്റിക് സമുദ്രത്തിന്റെ തണുപ്പിലും കുതിർന്നു വിറക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവരുടെ കൈകൾ ശൂന്യമാണ്. അവരുടെ കണ്ണുകളിൽ നിറയുന്നത് ദൈന്യതയാണ്. ജീവനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ കടന്നുപോകുന്ന ഒരു കൂട്ടം മനുഷ്യർ… അവരെ സഹായിക്കാൻ അതാ അപരിചിതരായ ഒരു കൂട്ടം ആളുകൾ! ആ ദയ തീർച്ചയായും അസാധാരണ ദയ തന്നെ! അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് അവിചാരിതമായ, അസാധാരണമായ ദയയുടെ പ്രകടനങ്ങൾ. പിന്നീട് പൗലോസിനും സഹയാത്രികർക്കും അസാധാരണമായ നിലയിൽ അതിഥി സൽക്കാരം നൽകുന്ന പുബ്ലിയോസ് എന്ന ദ്വീപ് അധികാരിയെക്കുറിച്ച് നാം വായിക്കുന്നു.
മൂന്ന് മാസത്തോളം കാലം ആ ദ്വീപിൽ താമസിക്കാനും ജീവിക്കാനും വേണ്ട സൗകര്യങ്ങൾ ഒക്കെ അവർ ചെയ്തു കൊടുക്കാനും അവസാനം പോരാൻ നേരം സമ്മാനങ്ങൾ നൽകാനും ആ ‘ബാർബേറിയന്മാർ’ തയ്യാറായി എന്നറിയുമ്പോഴാണ് അസാധാരണമായ ആ ദയയുടെ വ്യാപ്തി വ്യക്തമാകുന്നത്. കപ്പൽ യാത്രയുടെ തുടക്കം മുതൽ തന്നെ ജൂലിയെസ് എന്ന് പേരുള്ള റോമൻ ഓഫീസർ പൗലോസിനോ .ട് അസാധാരണമായ സൗഹൃദവും ബഹുമാനവും പ്രകടിപ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
അസാധാരണ സാഹചര്യങ്ങളിൽ പകച്ച് നിൽക്കുമ്പോൾ അപ്രതീക്ഷിത കേന്ദ്രങ്ങളിൽ സഹായഹസ്തം ഒരുക്കി നിർത്തുന്ന ദൈവീക പരിപാടി ഇന്നും തുടരുന്നു. അത്തരം നിരവധി സംഭവങ്ങൾ ഈ കോവിഡ് കാലത്തും നാം കേട്ടതാണ്.
ലളിതമല്ല ജീവിത സമസ്യകൾ
തലനാരിഴയ്ക്കാണ് പൗലോസും കൂട്ടാളികളും രക്ഷപ്പെട്ടു മാൾട്ട ദ്വീപിൽ എത്തിയത്. അപ്രതീക്ഷിതമായ കാരുണ്യം അവർക്ക് അവിടെ ലഭിച്ചു. എന്നാൽ അതിനിടയിൽ മറ്റൊന്ന് സംഭവിക്കുന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ വിറങ്ങലിച്ച് കഴിഞ്ഞ അതിഥികൾക്കായി ദ്വീപ് വാസികൾ തീ ഒരുക്കി. തീ അണയാതെ സൂക്ഷിക്കാൻ വിറക് തേടി പൗലോസും പോകുന്നു. വിറക് തീയിൽ ഇടുന്നതിടയിൽ ഒരു പാമ്പ് പൗലോസിന്റെ കൈയ്യിൽ കടിച്ചു തൂങ്ങുന്നു. ആ കാഴ്ചകണ്ട് ദ്വീപ് വാസികൾ ഞെട്ടിത്തരിച്ചിട്ടുണ്ടാകും. സ്ത്രീകൾ കണ്ണുപൊത്തി നിന്നിട്ടുണ്ടാകും. മുതിർന്നവർ തലയിൽ കൈ വെച്ച് സ്തബ്ധരായി ട്ടുണ്ടാകും…. അൽപ്പസമയത്തിനുള്ളിൽ വിഷബാധയേറ്റ ഈ മനുഷ്യൻ വീർത്തു മരിച്ചു വീഴും. അവർ കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. പൗലോസ് ആകട്ടെ ഒട്ടും പരിഭ്രമിക്കാതെ പാമ്പിനെ കുടഞ്ഞ് തീയിൽ തന്നെ ഇട്ടു.
എന്തുകൊണ്ടാവും പൗലോസിന്റെ ജീവിതത്തിൽ ഇത്തരമൊരു കാര്യം സംഭവിച്ചത്? ഇതുവരെ അനുഭവിച്ചതൊന്നും പോരാഞ്ഞിട്ടാണോ ഇത്തരം ഒരു കാര്യം കൂടി നടക്കുന്നത്? എന്തായാലും വല്ലാത്തൊരു സംഭവം ആയിപ്പോയി?! കപ്പൽ യാത്രയിലെ അത്യന്തം ഭീതിതമായ അനുഭവങ്ങൾക്ക് പിന്നാലെ ഇങ്ങനെ ഒന്നു കൂടി നടക്കുന്നത് ഒരു അല്പം കടന്ന കൈയ്യാണെന്നുള്ളതിൽ സംശയമില്ല. ‘ഇതിനൊരു വിശദീകരണം തരണം’ എന്ന് പൗലോസിന് വേണമെങ്കിൽ ദൈവത്തോട് നിർബന്ധം പിടിക്കാമായിരുന്നു!
സാധാരണ മനുഷ്യർ ഇത്തരം ജീവിത അനുഭവങ്ങളെ കാണുന്നത് എങ്ങനെയെന്ന് മാൾട്ട ദ്വീപ് വാസികളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമായി മനസ്സിലാക്കാം. പാമ്പ് കടിച്ചു തൂങ്ങിയപ്പോൾ അവർ പറഞ്ഞു “ഈ മനുഷ്യൻ മഹാ ദ്രോഹി തന്നെ!” “ജീവിക്കാൻ ഒട്ടും അർഹതയില്ലാത്തയാൾ”. കുറച്ച് സമയം കഴിഞ്ഞ് പൗലോസിന് ആപത്തൊന്നും സംഭവിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവർ ഉടനെ നിലപാടു മാറ്റുന്നു “ഈ മനുഷ്യൻ ഒരു ദേവൻ തന്നെ!” പൊതുവേ മനുഷ്യർ ഇങ്ങനെയാണ്. ജീവിത സമസ്യകൾക്ക് വളരെ ലളിതമായ ഉത്തരങ്ങൾ നൽകാൻ ശ്രമിക്കും. മോശമായ എല്ലാകാര്യങ്ങളും ദൈവ ശിക്ഷയും നന്മയുള്ള എല്ലാ കാര്യവും ദൈവ പ്രസാദവും- ഇതാണ് നമ്മുടെ എല്ലാം പൊതു ചിന്ത.
അസുഖം വന്നാൽ,സാമ്പത്തികനഷ്ടം ഉണ്ടായാൽ , ജോലി പോയാൽ ,ഉറ്റവരെ നഷ്ടമായാൽ …ഉടനെ നിഗമനം വരും- ‘’നിങ്ങൾക്ക് എന്തോ കാര്യമായ പ്രശ്നമുണ്ട് ദൈവം കോപിച്ചിരിക്കുന്നു’’. മറുവശത്ത് നല്ല ജോലി ലഭിച്ചാൽ സാമ്പത്തിക മെച്ചം ഉണ്ടായാൽ, ഉടൻവരും അഭിനന്ദനങ്ങൾ- ‘’ദൈവം നിങ്ങളിൽ പ്രസാദിച്ച് അനുഗ്രഹിച്ചിരിക്കുന്നു’’.
എന്നാൽ നാം ഒന്നോർമിക്കണം. ഇത്ര എളുപ്പമായ ഉത്തരങ്ങൾക്ക് ഒതുങ്ങും വിധം ലളിതമല്ല ജീവിത സമസ്യകൾ. മാൾട്ടക്കാർ പൌലോസിന്റെ സമസ്യക്ക് കണ്ടെത്തിയ രണ്ട് ഉത്തരങ്ങളും ശരിയായില്ല. പൗലോസ് ഒരു ദുഷ്ടൻ ആയതുകൊണ്ടല്ല പാമ്പ് കടിച്ചത് ;മറുവശത്ത് പൗലോസ് ദേവൻ ആയതുകൊണ്ടല്ല വിഷം ഏൽക്കാക്കാത്തതും.
“എന്തുകൊണ്ടിങ്ങനെ സംഭവിച്ചു;എനിക്കതിന് ഉത്തരം കിട്ടിയേ തീരൂ….” എന്നിങ്ങനെ ഉത്തരത്തിനു വേണ്ടി വാശിപിടിക്കുന്ന പൗലോസിനെ നാം കാണുന്നില്ല. പകരം കയ്യിൽ കടിച്ചു തൂങ്ങിയ പാമ്പിനെ കുടഞ്ഞെറിഞ്ഞു കളഞ്ഞിട്ട് അടുത്ത കാര്യം നോക്കുന്ന പൗലോസിനെ കണ്ടു നാം അത്ഭുതം കൂറുന്നു! എന്തൊരു ശാന്തൻ ആണ് ആ മനുഷ്യൻ! എന്തൊരു സമചിത്തത ആണ് അദ്ദേഹത്തിന്! ഇത്തരം നിസ്സാര കാര്യങ്ങളെ അവഗണിക്കാനും ആവശ്യമില്ലാത്തതിനെ കുടഞ്ഞുകളയാനും അദ്ദേഹം നമുക്ക് മാതൃക കാണിച്ചു തരുന്നു. വെറുതെ ഇരുന്ന് പരാതി പറയാനും പരിതപിക്കാനും അദ്ദേഹത്തിന് താല്പര്യവുമില്ല, സമയവുമില്ല. ദൈവത്തിന്റെ വിശാല പദ്ധതിക്കുള്ളിൽ നിന്നുകൊണ്ട് ജീവിത ലക്ഷ്യങ്ങളെ തീരുമാനിച്ചുറപ്പിച്ച് പോകുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഉത്തരമില്ലാത്ത പല ചോദ്യങ്ങളും ഉണ്ടാകും. എല്ലാറ്റിനും ലളിതവും നമ്മുടെ ഊഹങ്ങൾക്കു ചേരുന്ന മട്ടിലും ഉത്തരം നൽകിയാൽ പലതും ബാലിശമാകും സംശയമില്ല..
ഈ ഭൗമ ജീവിതത്തിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതിന് അപ്പുറത്ത് പലതും ഉള്ളത് കൊണ്ടായിരിക്കാം അത്തരം സസ്പെൻസുകൾ ദൈവം അനുവദിക്കുന്നത്. ചില പൊതു ഉത്തരങ്ങൾ ദൈവവചനത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നുണ്ട്. തിന്മ ചെയ്യാത്ത ഒരുത്തനു ദോഷം ഉണ്ടാവുകയില്ല എന്ന മനുഷ്യരാശിയുടെ സാമാന്യവൽക്കരിച്ച നിലപാടിനെ പൊളിച്ചടുക്കുന്ന പുസ്തകമാണ് പഴയനിയമത്തിലെ ഇയ്യോബ്. ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും സ്വസ്ഥതയും എല്ലാം നന്മയുടെ പ്രതിഫലങ്ങൾ ആണെന്ന് ധരിച്ചുവശായ മനുഷ്യരാശിക്ക് ഉള്ള ഉത്തരം ആണ് എഴുപത്തിമൂന്നാം സങ്കീർത്തനം.
നമ്മുടെ ധാരണകൾ പലതും അപക്വമാണ്;നമ്മുടെ വീക്ഷണകോൺ തുലോം ചെറുതാണ്. ജീവിതത്തിന്റെ ഒരേട് മാത്രം കണ്ടിട്ട് പര്യവസാനം ഊഹിക്കുന്നത് അബദ്ധമാണ്.നിത്യതയ്ക്ക് മാത്രം നൽകാവുന്ന വിശദീകരണങ്ങൾക്കായി കാത്തിരിക്കുകയാണ് കരണീയം.
ആത്യന്തികമായ സുനിശ്ചിതത്വം , താൽക്കാലികമായ അനിശ്ചിതത്വം
അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞ ആറു മാസക്കാലം നീണ്ട ആ കപ്പൽയാത്ര നമ്മുടെ ജീവിത യാത്രയ്ക്ക് സമാനമാണ്. യാത്രയുടെ പ്രധാന കാര്യങ്ങളെക്കുറിച്ച് തികഞ്ഞ ഉറപ്പുണ്ട്. ലക്ഷ്യം കൃത്യമായി തീരുമാനിക്കപ്പെട്ടിരുന്നു. യാത്രയുടെ ഉദ്ദേശ്യവും ഉറപ്പാക്കിയിരുന്നു- പൗലോസ് റോമിൽ എത്തും. അവിടെ സീസറുടെ മുമ്പിൽ നിന്ന് ക്രിസ്തുവിനെക്കുറിച്ച് സാക്ഷീകരിക്കും. പൗലോസിനാകട്ടെ സഹയാത്രികർക്ക് ആകട്ടെ ആർക്കും ജീവാപായം ഉണ്ടാവുകയില്ല.
ഈ ഉറപ്പുകൾ ഒന്നിലധികം തവണ വ്യക്തമായി ലഭിച്ചിട്ടുണ്ട്. പക്ഷേ അതിനിടയിൽ അടിമുടി ഉലച്ചു കളയുന്ന പലതും സംഭവിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആകട്ടെ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല താനും.
യാത്രയുടെ അടിസ്ഥാന – പ്രധാന -കേന്ദ്ര ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ഇടയിൽ നടക്കുന്ന അത്ര പ്രധാനപ്പെട്ടത് അല്ലാത്ത പലതിനും ഉത്തരം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം നമുക്ക് അവിടെ കാണാം.
പ്രസിദ്ധ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജികെ ചെസ്റ്റർട്ടൻ പറഞ്ഞ വാക്കുകൾ ഇത്തരുണത്തിൽ ഏറെ അന്വർത്ഥമാണ്. ” ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ കേന്ദ്ര ഭാവം ആനന്ദമാണ്. സങ്കടം ആവട്ടെ ഉപരിപ്ലവവും. കാരണം സുവിശേഷങ്ങളിൽ ജീവിതത്തിന്റെ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ട്. അതേസമയം അനുബന്ധവും ഉപരിപ്ലവവുമായ പലതും ഉത്തരം നൽകാതെ വിട്ടിരിക്കുന്നു. മറുവശത്ത് ഒരു നിരീശ്വര വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിത കേന്ദ്രത്തിൽ നിറയെ സങ്കടമാണ്. ആനന്ദം ഉള്ളത് അനുബന്ധ കാര്യങ്ങളിൽ മാത്രം. കാരണം അനുബന്ധ ചോദ്യങ്ങൾക്ക് അവിടെ ഉത്തരം ഉണ്ടെങ്കിലും ആത്യന്തിക ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നു“
ഈ വാക്കുകളിലെ നിരീക്ഷണങ്ങൾ എത്ര കൃത്യം ആണെന്ന് കപ്പൽ യാത്ര അനുഭവം തെളിയിക്കുന്നു.
കാറ്റിലും കോളിലും പെട്ട് കപ്പൽ ആടിയുലഞ്ഞ് പ്രതീക്ഷ അസ്തമിക്കുന്ന സമയത്തും രൗദ്രഭാവം പൂണ്ട കടൽ തിരകളോട് മല്ലിട്ട് അവശനായി മരണാസന്നനായി അപരിചിതമായ ദ്വീപിന്റെ മണൽത്തീരത്തടിഞ്ഞപ്പോഴും അവസാനം തെല്ലൊന്ന് ആശ്വസിക്കാൻ തീ കായും നേരം അണലി കടിച്ചുതൂങ്ങിയപ്പോഴും പൗലോസിന് ഒന്ന് തീർച്ചയായിരുന്നു. ഞാൻ സീസറുടെ മുമ്പിൽ നിൽക്കും. കാരണം അതിന്റെ ഉറപ്പ് നേരത്തെ ലഭിച്ചതാണ്. അനുബന്ധമായി നടന്ന പലതിനും ഉത്തരം ഇല്ലെങ്കിലും, അത് പലതും സങ്കട ഹേതു ആണെങ്കിൽ പോലും നിരാശയില്ല പരിഭവവുമില്ല.
‘ഒന്നിനുമില്ലോരുനിശ്ചയം’ എന്ന മട്ടിൽ പലതും ജീവിതത്തിൽ പല സമയത്തും സംഭവിക്കാം. അത്തരം അനിശ്ചിതത്വങ്ങൾ സുനിശ്ചിതമായ ഉത്തരങ്ങളുടെ പിൻബലത്താലും ആ ഉത്തരങ്ങളുടെ ധൈര്യത്താലും അതിജീവിക്കുകയാണ് വേണ്ടത്.
ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളുടെ സമുദ്രം നീന്തിക്കടക്കാൻ ലഭിച്ച ഉത്തരങ്ങളുടെ തോണിയും പങ്കായവും മതിയാകും.
‘എന്റെ ജീവിതത്തിലെ ആത്യന്തിക അന്വേഷണങ്ങൾക്ക് ഉത്തരം ലഭിച്ചോ?’ എന്ന് ഒരു ആത്മപരിശോധന നടത്താം. അതെ എന്നാണ് ഉത്തരമെങ്കിൽ ധൈര്യമായി മുന്നോട്ടു പോകാം. ഈ തിരയും അടങ്ങും ഈ മഴയും തോരും. ‘ഇല്ല’ എന്നാണ് ഉത്തരമെങ്കിലോ? തേടുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, വാതിൽ തുറക്കപ്പെടും.