ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി യാതൊരുവിധ മതവസ്ത്രങ്ങളും ക്യാമ്പസുകളിൽ അനുവദിക്കില്ല എന്ന് പറഞ്ഞു. വിശദമായ വാദം കേൾക്കേണ്ടതുള്ളതുകൊണ്ട് വിശാല ബെഞ്ചിലേക്ക് കേസ് മാറ്റുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയിൽ ഈ കേസുമായി പോയപ്പോൾ വളരെ കരുതലോടെ പ്രതികരിച്ച കോടതി തിടുക്കത്തിൽ കേസ് പരിഗണിക്കാൻ തയ്യാറായില്ല.
ഭരണഘടനയുടെ പ്രസക്തഭാഗങ്ങൾ
മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)
- 25) ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.
- ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്.
- ഈ വകുപ്പ്
- a) മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിയ്ക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ
- b) സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങൾ ഹിന്ദുമതത്തിലെ എല്ല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടുള്ളതോ ആയ ഏതെങ്കിലും നിയമനിർമ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാൺ ധരിക്കുന്നത് സിഖു് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമർശം ബുദ്ധ, ജൈന സിഖു് മതങ്ങൾക്കും ബാധകമാണ്.
- 26) മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം.
ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിയ്ക്കും.- a) മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിയ്ക്കാനുമുള്ള അവകാശം
- b) മതപരമായ പ്രവർത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം
- c) movable or immovable ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
- d) നിയമാനുസൃതം അത്തരം പ്രോപ്പർട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.
- 27) മതത്തിന്റെ പരിപോഷണത്തിനോ ഉന്നമനത്തിനോ ആയി നിർബന്ധിതമായ നികുതികളോ പിരിവുകളോ നൽകുന്നതിൽ നിന്നും ഒഴിവാകുവാനുള്ള അവകാശം.
- 28) ചില പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങളും, മതപരമായ ആരാധനകളും നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം.
- 1) സംസ്ഥാന സർക്കാരിന്റെ ഫണ്ടുകൊണ്ടു പ്രവൃത്തിയ്ക്കുന്ന സ്ഥാപനങ്ങളിൽ മതബോധനം നടത്താൻ പാടുള്ളതല്ല
- 2) വകുപ്പ് 28 ന്റെ 1 ആം അനുച്ഛേദത്തിൽ പറഞ്ഞിട്ടുള്ളതൊന്നും സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ളതാണെങ്കിലും മത വിദ്യാഭ്യാസം വിഭാവന ചെയ്യുന്ന ട്രസ്റ്റോ ധർമ്മ സ്ഥാപനമോ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബാധകമല്ല.
- 3) സംസ്ഥാനം അംഗീകരിച്ചിട്ടുള്ളതോ സംസ്ഥാന ധനസഹായം ലഭിയ്ക്കുന്നതോ ആയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മതബോധനത്തിന് വിദ്യാർത്ഥിയുടേയോ വിദ്യാർത്ഥി മൈനറാണെങ്കിൽ കുട്ടിയുടെ മാതപിതാക്കളുടെയോ സമ്മതം ആവശ്യമാണ്.
മൂന്ന് പ്രധാന വാദങ്ങൾ
ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ് എന്നാണ് ഒരു വാദം.
ആർട്ടിക്കിൾ 21A പ്രകാരമുള്ള, ഒരു വിദ്യാർത്ഥിക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം എന്നതിന്റെ നിഷേധമാണ് ഹിജാബിന്റെ പേരിൽ വിദ്യാർത്ഥിയെ തടയുമ്പോൾ സംഭവിക്കുന്നത് എന്നതാണ് രണ്ടാം വാദം.
മൂന്നാമത്തേത് ഇതിന്റെ മറു വാദമാണ് : ഇരുപത്തിയഞ്ചാം ആർട്ടിക്കിൾ ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിരുപാധികം അല്ലെന്നും ആ സ്വാതന്ത്ര്യത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ഒന്നായ ക്രമസമാധാനത്തെ ബാധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുമ്പോൾ ( ക്രമസമാധാനം, പൊതു ആരോഗ്യം, ധാർമികത എന്നിവയാണ് മത സ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥകൾ) നിയന്ത്രണമേർപ്പെടുത്താൻ സർക്കാരിന് അധികാരമുണ്ടെന്നും മറുഭാഗം വാദിക്കുന്നു. അതിനാൽ സമൂഹത്തിലെ ഇരു മതവിഭാഗങ്ങൾ തമ്മിൽ ഭിന്നതക്ക് കാരണമാകുന്ന ശിരോവസ്ത്രം നിരോധിക്കാൻ ഭരണകൂടത്തിന് അവകാശമുണ്ട് എന്ന് വരുന്നു.
നിയമ വഴിക്കുള്ള പരിഹാരം
ഇതിന് മുമ്പ് സമാനമായ പരാതികൾ ഉണ്ടായപ്പോൾ കോടതികൾ സ്വീകരിച്ച നിലപാട് ഇവിടെ പരാമർശാർഹമാണ്. യഹോവ സാക്ഷികൾ ദേശീയ ഗാനം പാടാൻ വിസമ്മതിക്കുന്നു എന്ന കേസിൽ 1986ൽ സുപ്രീംകോടതി വിധി പറയുകയുണ്ടായി. ആർട്ടിക്കിൾ 25.1 ആർട്ടിക്കിൾ 19.1 A എന്നിവ പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ നിഷേധിക്കുന്നതാണ് സർക്കാർനിലപാട് എന്നാണ് യഹോവ സാക്ഷികൾക്ക് അനുകൂലമായി വിധിച്ചുകൊണ്ട് കോടതി എടുത്ത നിലപാട്.
2016ലെ അഖിലേന്ത്യാ പ്രീ മെഡിക്കൽ പരീക്ഷയിൽ ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുക്കാൻ കേരള ഹൈക്കോടതി നൽകിയ അനുമതിയും വളരെ ശ്രദ്ധേയമാണ്. ഇസ്ലാമിന്റെ അത്യന്താപേക്ഷിതമായ ഭാഗമാണ് ഹിജാബ് ധാരണം എന്ന് പറഞ്ഞാണ് കേരള ഹൈക്കോടതി അന്ന് ഉത്തരവിട്ടത്. എന്നാൽ അതേ ഹൈക്കോടതി തന്നെ മറ്റൊരു കേസിൽ ശിരോവസ്ത്രത്തിന്റെ പേരിൽ ഒരു മുസ്ലിം പെൺകുട്ടിയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ല എന്ന കാര്യത്തിൽ ഇടപെടാൻ വിസമ്മതിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ സമ്മതിദായകരുടെ ഫോട്ടോ ചേർക്കുന്ന കാര്യത്തിൽ മദ്രാസ് ഹൈക്കോടതി ഇലക്ഷൻ കമ്മീഷന് നൽകിയ ഉത്തരവും ഈ സമയത്ത് പരിഗണന അർഹിക്കുന്നു. പർദ്ദ ഒഴിവാക്കിയും അതേസമയം ഹിജാബ് നിലനിർത്തിയും ഫോട്ടോയെടുക്കാൻ ഇലക്ഷൻ കമ്മീഷന് കോടതി നിർദ്ദേശം നൽകി. പർദ്ദ ഇസ്ലാമിന്റെ അനിവാര്യ ഘടകമാണോയെന്ന കാര്യത്തിൽ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഐക്യം ഇല്ലെന്നും അതേസമയം ഹിജാബ് അനിവാര്യമാണെന്നും നിരീക്ഷിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.
അതിനർത്ഥം ഇത്തരം പരാതികളിൽ കോടതികൾ പരിഗണിക്കുന്ന പ്രധാനകാര്യം ഒരു രീതിയോ ഒരു സമ്പ്രദായമോ ഒരു മതത്തിന്റെ അവിഭാജ്യവും അനിവാര്യമായ ഭാഗമാണോ എന്നത് ആസ്പദമാക്കിയാണ് ആ കാര്യത്തിന് ഭരണഘടനാ പരിരക്ഷ നൽകുന്നത് എന്നതാണ്. 1954 ലെ ശിരൂർ മഠം കേസിലെ സുപ്രീംകോടതി വിധി ആധാരമാക്കിയാണ് “അനിവാര്യമായ ഘടകം” എന്ന ഈ വിവക്ഷ ഇത്തരം തർക്കങ്ങളുടെ ആധാരമായി മാറുന്നത്. മഠത്തിന്റെ പണം കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ചുള്ള തർക്കം കോടതി കയറിയപ്പോൾ ആർട്ടിക്കിൾ 26 B പ്രകാരം “മതപരമായ പ്രവർത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം” (right to manage its own affairs in matters of religion) എന്നതിൽ പണവും ഉൾപ്പെടുന്നുണ്ടോ എന്ന് കോടതി പരിശോധിച്ചു . ” ഒരു മതത്തിന്റെ തത്വസംഹിതകൾ മാത്രം ആധാരമാക്കി പരാമർശവിധേയമായ ആചാരമോ രീതിയോ ആ മതത്തിന്റെ അനിവാര്യമായ ഭാഗമാണോ എന്ന് ആദ്യമേ കണ്ടെത്തണം” എന്ന് ആ വിധിയിൽ സുപ്രീം കോടതി പറഞ്ഞു.
വളരെ ശ്രദ്ധേയമായ 2018ലെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി ഇതേ വഴിയിൽ തന്നെയാണ് വന്നിട്ടുള്ളത് എന്നും നമുക്ക് കാണാം. ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്ന് യുവതികളെ വിലക്കുന്നത് വഴി അവരുടെ മൗലിക അവകാശങ്ങൾ ഹനിക്കുകയാണെന്നും അത് ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്നും നാല് ജഡ്ജിമാർ വിധിച്ചപ്പോൾ ഏക വനിതാ ജഡ്ജി, ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യത്യസ്ത വിധിയിലൂടെ ശ്രദ്ധേയയായി. ആഴമേറിയ വിശ്വാസകാര്യങ്ങളിൽ യുക്തിപരത കണ്ടെത്താൻ ശ്രമിക്കുന്നത് അബദ്ധമാണെന്ന് അവർ പറഞ്ഞു. വിശ്വാസം ആചാരം എന്നിവ സംബന്ധിച്ചുള്ള പരാതികളിൽ കോടതികൾ വിധി കൽപ്പിക്കുന്നതിൽ ഉള്ള ഔചിത്യം തന്നെ ജസ്റ്റിസ് ഇന്ദു ചോദ്യം ചെയ്തു. ഒരു മതത്തിന്റെ അനിവാര്യമായ ആചാരങ്ങൾ ഏതൊക്കെയാണെന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നതായിരുന്നു ജസ്റ്റിസ് ഇന്ദുവിന്റെ നിരീക്ഷണം.
ജസ്റ്റിസ് ഇന്ദുമൽഹോത്ര പറഞ്ഞു വെച്ചതിൽ തന്നെയാണ് നിയമപരമായ പരിഹാരത്തിന്റെ പരിമിതിയും ബലഹീനതയും നിൽക്കുന്നത്. ഒരു മതത്തിന്റെ ഒഴിവാക്കാനാകാത്ത ഘടകം എന്തെന്നുള്ളത് കണ്ടെത്താൻ കോടതികൾക്ക് ഒരുപാട് പരിമിതികളുണ്ട്. അവ നിയമത്തിന്റെ വഴികളിൽ അല്ല വേദശാസ്ത്ര അന്വേഷണത്തിന്റെ ഭാഗമായി അത്രേ കണ്ടെത്തേണ്ടത്! ഒരു മതത്തിന്റെ വേദശാസ്ത്രമോ ആശയസംഹിതയോ വ്യാഖ്യാനിക്കാൻ കോടതികൾ തുനിഞ്ഞാൽ അതൊട്ടും എളുപ്പമാവുകയില്ലെന്ന് മാത്രമല്ല വലിയ വിവാദങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഭരണഘടന വിഭാവന ചെയ്യുന്ന പൗരാവകാശം, തുല്യത, അന്തസ്സ് എന്നിവയിൽ ഊന്നി, ആരോഗ്യത്തിന് ഹാനികരമോ, സമാധാന ഭഞ്ജനമോ, അധാർമികമോ ആകുന്നുവോ (ആർട്ടിക്കിൾ 25 ബി) എന്ന് പരിശോധിച്ച് തീർപ്പ് കൽപ്പിക്കുന്നത് ആവും കോടതികൾക്ക് ഉചിതം.
വിശാല വീക്ഷണം
ഹിജാബ് പ്രശ്നവും അതിന്റെ തുടർ ചലനങ്ങളും പ്രത്യാഘാതങ്ങളും ഇപ്പോൾ ആരംഭിച്ചിരിക്കുന്ന നിയമനടപടികൾക്ക് തീർച്ച വന്നാലും അവസാനിക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യയുടെ സവിശേഷമായ നാനാത്വവും ബഹുസ്വരതയും വളരെ വേഗം നേർത്ത് ബലഹീനമാകുന്ന കാഴ്ച സങ്കടകരമാണ്. ബഹുസ്വര സമൂഹത്തിൽ മതപരമായ ചിഹ്നങ്ങൾ സമുദായങ്ങളെ വേർതിരിച്ചറിയാൻ സഹായിക്കുമെങ്കിലും അത് വെറുപ്പും പകയും അകൽച്ചയും വളർത്തുന്നുവെങ്കിൽ പുനർവിചിന്തനം ആവശ്യമല്ലേ? ഹിജാബ് ധരിച്ചേ തീരൂ എന്ന് ഒരു കൂട്ടരും അനുവദിക്കില്ലെന്ന് മറു കൂട്ടരും നിലപാട് കടുപ്പിക്കുമ്പോൾ സ്ഥാപനങ്ങൾ അടച്ചിട്ടും പോലീസിനെ വിന്യസിച്ചും സർക്കാരിനും , ഒരു മതവസ്ത്രവും പാടില്ലെന്ന് വിധിച്ച് കോടതിക്കും താൽക്കാലിക പരിഹാരം ഉണ്ടാക്കാമെങ്കിലും പ്രശ്നം നീറിക്കത്തിക്കൊണ്ടേയിരിക്കും.
രാഷ്ട്രീയത്തിൽ മതം കലർത്തി സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ടുബാങ്ക് ഉറപ്പാക്കാൻ ഇരുപക്ഷത്തും ഉണ്ടായ ശ്രമങ്ങളാണ് പ്രശ്നങ്ങളെ ഇത്രത്തോളം വഷളാക്കിയത്. കർണാടകത്തിലെ തെക്കൻ തീരദേശ ജില്ലകളിൽ മറ്റ് സ്ഥലങ്ങളെക്കാൾ കൂടുതൽ മുസ്ലിം ജനസംഖ്യ ഉണ്ടെന്നതിനാൽ അവരെ ലക്ഷ്യമിട്ട് മറുപക്ഷം നീക്കം തുടങ്ങിയിട്ട് കുറെ നാളായി. അതിനെ പ്രതിരോധിക്കാനും ഒപ്പം ഒരു ഇരവാദ സമീപനത്തിലൂടെ ദേശീയ-അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റാനും മുസ്ലീങ്ങളും ശ്രമിച്ചു. അവരുടെ ഇടയിലെ തീവ്രവാദ സ്വഭാവമുള്ള രാഷ്ട്രീയകക്ഷികളും മുതലെടുപ്പിന് ശ്രമിച്ചു. അതോടെയാണ് പ്രശ്നം ഇത്ര സങ്കീർണ്ണമായത്.
“ഹിജാബ് എന്റെ അവകാശമാണ്” എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹിജാബിനപ്പുറത്ത് പർദ്ദ തന്നെ ധരിച്ച മുസ്ലിം വനിതകൾ തെരുവിലിറങ്ങുന്ന കാഴ്ച കണ്ടപ്പോൾ “ശബരിമലയിലേക്ക് പോകാൻ ഞങ്ങളില്ല” എന്നു പറഞ്ഞു തെരുവിലിറങ്ങിയ ഹൈന്ദവ സഹോദരിമാരെയാണ് ഓർമ്മ വരുന്നത്. രണ്ടും ഒരേ തൂവൽ പക്ഷികൾ! അവരല്ല അവരെ തെരുവിലിറക്കിയവരാണ് യഥാർത്ഥ പ്രശ്നക്കാർ. ഒരു ബഹുസ്വര-ബഹുമത പരിസരത്ത് കുറെക്കൂടി വിശാല ചിന്തയും മറ്റുള്ളവരെ ഉൾക്കൊള്ളാനും വെറുക്കാതിരിക്കാനും ഉള്ള മനസ്സും സൗഹാർദ്ദപരമായ നിലനിൽപ്പിന് ആവശ്യമാണ്. ഇരുവിഭാഗത്തിലും ഉള്ള നേതാക്കളും സാമുദായിക ആചാര്യന്മാരും പരസ്പര വൈര്യം വെടിഞ്ഞ് തുറന്ന മനസ്സോടെ ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കേണ്ടതാണ്. അല്ലെങ്കിൽ തലയിൽ അണിയുന്ന ഒരു തുണ്ടം തുണിയുടെ പേരിൽ ഒരു രാഷ്ട്രത്തിന്റെ സമാധാനം തന്നെ നഷ്ടമാകുന്ന വേദനാജനകമായ കാഴ്ച നാം കാണേണ്ടിവരും.
മതവും മതചിഹ്നങ്ങളും
മനുഷ്യനിർമ്മിതമായ മതങ്ങൾക്ക് എല്ലാം തനതായ ആചാരക്രമങ്ങളും മതചിഹ്നങ്ങളും ഉണ്ട്. ചില മതങ്ങൾ ഒരു പടികൂടി കടന്ന് വസ്ത്രധാരണത്തിലും മത നിബന്ധനങ്ങൾ കൊണ്ടുവരുന്നു. ഇസ്ലാം അത്തരത്തിലുള്ള ചില നിബന്ധനകൾ ആ മതത്തിന്റെ അനുയായികൾക്ക് നൽകുന്നുണ്ട്. നിഖാബ്, ഹിജാബ്, ബുർഖ, ഛഡോർ തുടങ്ങിയ പലവിധ വേഷങ്ങളും മുസ്ലിം സ്ത്രീകൾ അണിഞ്ഞു വരുന്നു.
ഇപ്പോൾ ഉണ്ടായ പ്രശ്നം ഹിജാബ് അഥവാ ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടതാണല്ലോ. ഒരു പ്രത്യേക മത വിഭാഗക്കാർക്ക് മാത്രമുള്ള സ്ഥാപനങ്ങളിൽ അവർക്ക് ഡ്രസ്സ് കോഡ് നിശ്ചയിക്കും പോലെ അല്ലല്ലോ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യം. വിദ്യാർത്ഥികളുടെ ഇടയിലെ സാമ്പത്തിക, സാമൂഹിക, മത വൈജാത്യങ്ങളെ കഴിയുന്നിടത്തോളം കുറച്ചു വെക്കാൻ ആണല്ലോ യൂണിഫോം എന്ന ആശയം തന്നെ ആവിഷ്കരിച്ചത്. വിദ്യാർഥികളെ വിദ്യാർഥികളായിത്തന്നെ കാണുന്നതിനായി , അതിനപ്പുറമുള്ള വ്യത്യാസങ്ങളെ മാറ്റാൻ വേണ്ടി , നിർദ്ദേശിച്ച യൂണിഫോം സമ്പ്രദായത്തിന്റെ അന്തസ്സത്തക്ക് തന്നെ എതിരാണ് വളരെ പ്രകടമായി ധരിക്കുന്ന ശിരോവസ്ത്രം പോലുള്ളവ. യൂണിഫോം നിർബന്ധം ആക്കാത്ത പല പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ടല്ലോ. അവിടെ അവരവർക്കിഷ്ടമുള്ളത് ധരിക്കുന്നതിന് ആർക്കും ഒരു തടസ്സവുമില്ല. അപ്പോൾ പിന്നെ യൂണിഫോം നിർബന്ധമാക്കിയ സ്ഥാപനങ്ങളിൽ അതിനുപുറമേ മത വേഷം കൂടി വേണമെന്ന് പറയുന്നത് യുക്തിസഹമല്ല.
എൻജിനീയറിങ് പോലുള്ള പഠനശാഖകളിൽ വിദ്യാർത്ഥികൾ ലാബ് പരീക്ഷണങ്ങൾ നടത്തുമ്പോൾ അനുയോജ്യമായ വസ്ത്രധാരണമേ അനുവദിക്കുകയുള്ളൂ. സായുധസേനകളിലും ആശുപത്രികളിലും മറ്റുമൊക്കെ ജോലിചെയ്യുന്നവർ മത വസ്ത്രങ്ങൾ അണിയണം എന്ന് വാശി പിടിച്ചാൽ എന്താകും സ്ഥിതി എന്ന് ആലോചിക്കാമല്ലോ. ഈ സ്ഥലങ്ങളിലൊക്കെ മുസ്ലിം സ്ത്രീകളും ജോലി ചെയ്യുന്നുണ്ടല്ലോ? ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രധാരണത്തിന്റെ കാര്യത്തിൽ എന്ന പോലെ, വസ്ത്രം തന്നെ നിഷിദ്ധമായ മതവിശ്വാസക്കാരുണ്ടെങ്കിൽ അവരും അതുപ്രകാരം കാമ്പസുകളിൽ വരാൻ അനുവദിക്കണമെന്ന് വാശിപിടിച്ചാൽ സ്ഥിതിയെന്താകുമെന്ന് ഊഹിക്കാമല്ലോ.
മതം അകത്തോ പുറത്തോ?
ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യഘടകം ആണെന്നതാണ് ഇവിടെ ഉയർത്തുന്ന പ്രധാന വാദമുഖം എന്ന് പറഞ്ഞുവല്ലോ. ഒരു മതത്തിന്റെ അന്തസത്ത ഒരു പ്രത്യേക വസ്ത്രത്തിലാണ് ഇരിക്കുന്നത് എന്ന് വാദിക്കുന്നവർ വാസ്തവത്തിൽ തുറന്നുകാട്ടുന്നത് അവരുടെ വിശ്വാസത്തിന്റെ അന്തസ്സാരശൂന്യതയാണ്. മതവും വിശ്വാസവും പ്രാഥമികമായി ആന്തരികവും ആത്മികവും ആണ്. ബാഹ്യ കാര്യങ്ങൾ വിശ്വാസത്തിൽ ചെറിയൊരു പങ്ക് വഹിച്ചു എന്ന് വന്നേക്കാം. പക്ഷേ അതൊരിക്കലും ഒഴിവാക്കാൻ പറ്റാത്തത് (essential) ആകരുത്. വ്യത്യസ്തമായ വേഷവിധാനത്തിലൂടെ ഒരു വിശ്വാസ സമൂഹത്തിന് അവരുടെ വിശ്വാസത്തിന്റെ ശ്രേഷ്ഠത കാണിക്കേണ്ടി വരുന്നത് അവരുടെ ആശയപരമായ പാപ്പരത്തവും വേദശാസ്ത്രത്തിന്റെ ഗതികേടും അല്ലാതെ വേറെന്താണ്?
യേശുക്രിസ്തുവിന്റെ കാലത്ത് വേഷവിധാനങ്ങളിലും ബാഹ്യരീതികളിലും കർശനമായ നിഷ്കർഷ പുലർത്തി വന്ന ഒരു വലിയ പങ്ക് യഹൂദന്മാർ ഉണ്ടായിരുന്നു. എന്നാൽ അവരോട് അല്പംപോലും മയമില്ലാതെ സംസാരിക്കുകയും പുറമേയുള്ളതിനുവേണ്ടി അകമേയുള്ളതിനെ അവഗണിക്കുന്ന അവരുടെ നിലപാടിന്റെ പൊള്ളത്തരം വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തു യേശുക്രിസ്തു. ദൈവം മനുഷ്യനെ സൃഷ്ടിച്ചവനാണെങ്കിൽ, അതായത് ദൈവം മനുഷ്യനല്ലെങ്കിൽ, അവിടുന്ന് നോക്കുക ഹൃദയത്തെയാണ് ; വസ്ത്രധാരണത്തെയല്ല.
യേശു ശമരിയയിൽ ചെന്നപ്പോൾ അവിടെ ഒരു കിണറിനരികിൽ കണ്ടുമുട്ടിയ അന്യമതസ്ഥയായ ഒരു സ്ത്രീയുമായി ദീർഘമായ സംഭാഷണത്തിൽ ഏർപ്പെടുന്ന രംഗം സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
(യോഹന്നാൻ 4) ശമരിയ മതവിശ്വാസിയായ ആ സ്ത്രീ മതം, വിശ്വാസം, ആരാധന തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് യേശുവിനോട് സംശയങ്ങൾ ചോദിക്കുന്നുണ്ട്. ശമരിയക്കാർ ആരാധനക്ക് പോകുന്ന ഗെരേസിം മലയാണോ യഹൂദന്റെ ജെറുസലേം ആണോ ശരിയായ ആരാധനാസ്ഥലം എന്ന് അവൾ ചോദിക്കുമ്പോൾ യേശു നൽകുന്ന മറുപടി വളരെ ശ്രദ്ധേയമാണ്. ആ മലയിലുമല്ല ജെറുസലേമിലുമല്ല, ദൈവത്തെ ആരാധിക്കുന്നവർ സ്ഥലകാല മന്ദിര വ്യത്യാസം കൂടാതെ ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണം എന്ന ഉത്തരം എത്രയോ ജ്ഞാന സമ്പന്നമാണ്! ദൈവം ദൈവമാണെങ്കിൽ ദൈവീകസത്ത ആത്മികം ആയിരിക്കണം. ദൈവത്തോടുള്ള മനുഷ്യന്റെ സമീപനവും ആത്മികം ആയിരിക്കണം. അതുകൊണ്ടുതന്നെ സ്ഥലമോ കാലമോ ബാഹ്യ ചിഹ്നങ്ങളോ അല്ല ആരാധനയുടെ അന്തസത്തയായി വരേണ്ടത്, മറിച്ച് ആത്മികവും ആന്തരികവുമായ ഭാവമായിരിക്കണം അതിന്റെ കേന്ദ്രം. ഇതാണ് സത്യം. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള സത്യസന്ധമായ അറിവാണ് ആരാധനയുടെ അവിഭാജ്യഘടകം. അല്ലാതെ, പ്രത്യേക രീതിയിലുള്ള വസ്ത്രധാരണമോ മറ്റ് ബാഹ്യമായ കാര്യങ്ങളോ അല്ല.
അതേസമയം മതപരമോ വേദശാസ്ത്രപരമോ വ്യക്തിപരമോ സാംസ്കാരികമോ ആയ കാരണങ്ങളാൽ പൊതു ഇടങ്ങളിലും പ്രാർത്ഥനകളിലും ശിരോവസ്ത്രം അടക്കമുള്ള വേഷങ്ങൾ അണിയുന്നതിന് ഏത് പൗരനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ യൂണിഫോം നിർബന്ധമാക്കിയിട്ടുള്ള സ്ഥാപനങ്ങളിൽ മതപരമായ പരിരക്ഷ അവകാശപ്പെട്ട് വിഭാഗീയതയ്ക്ക് അവസരമുണ്ടാക്കാതെ ഇരിക്കുന്നതാണ് ഉത്തമ പൗരബോധം.
വാസ്തവത്തിൽ കുലീനമായ ഈ തിരിച്ചറിവിന്റെ അഭാവമാണ് ഹിജാബ് വിവാദത്തിന്റെ അടിസ്ഥാനകാരണം.