കൊറോണവൈറസും ദൈവവിശ്വാസവും

പകര്‍ച്ചവ്യാധി തടയാന്‍ മതാചാരങ്ങള്‍ നിര്‍ത്തിവെച്ചു എന്നുകരുതി മതവിശ്വാസം അപ്രസക്തമാണെന്ന് വരുന്നില്ല. 

കോവിഡ് 19 രോഗപ്പകര്‍ച്ച തടയാന്‍ എല്ലാ പൊതുസമ്പര്‍ക്ക പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം മതചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ വെച്ചത് ചിലരെങ്കിലും ദൈവവിശ്വാസത്തെ പരിഹസിക്കുവാന്‍ അവസരമാക്കുകയാണ്. രോഗങ്ങളും ദുരന്തങ്ങളും വരുമ്പോള്‍ അത് ദൈവകോപമാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി മാനസാന്തരപ്പെടുത്താനുള്ള ചില അതിതീവ്ര വിശ്വാസികളുടെ ശ്രമം പോലെ അപലപനീയമാണ് ഈ നിരീശ്വര തന്ത്രങ്ങളും. എന്നാല്‍ വിശ്വാസവും ആചാരങ്ങളും തമ്മിലുള്ള ശരിയായ ബന്ധത്തെപ്പറ്റി ചിന്തിക്കുന്നതിന് ഇതൊരു നല്ല സന്ദര്‍ഭമായിരിക്കയാണ്. 

ആചാരാനുഷ്ഠാനങ്ങള്‍ ഏറിയും കുറഞ്ഞും എല്ലാമതങ്ങളുടെയും ഒരു ഘടകമാണ്. ഒരോന്നിന്‍റെയും അര്‍ത്ഥവും പ്രസക്തിയും അവരവരുടെ മതവിശ്വാസങ്ങള്‍ക്കനുസൃതമായി വ്യാഖ്യാനിക്കപ്പേടേണ്ടതാണ്. എല്ലാ വിശ്വാസാചാരങ്ങളെക്കുറിച്ചും വാദിക്കുവാന്‍ ഇവിടെ കഴിയുകയില്ലെങ്കിലും ബൈബിളിന്‍റെ വിശ്വാസാചാരങ്ങളെ സംബന്ധിച്ച ഒരു പരിശോധന നമുക്ക് നടത്താം. 

ബൈബിളിലെ ആചാരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒന്നാമതായി നാം മനസ്സിലാക്കേണ്ട കാര്യം ആചാരങ്ങള്‍ ദൈവത്തിനുവേണ്ടിയല്ല മനുഷ്യന് വേണ്ടിയാണ് എന്നതാണ്. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം സര്‍വ്വസംപൂര്‍ണ്ണനാണ് . മനുഷ്യരുടെ ആംഗ്യവിക്ഷേപങ്ങളിലോ അനുഷ്ഠാനപ്രക്രിയകളിലോ  സംതൃപ്തികണ്ടെത്തേണ്ട ഗതികേട് അവിടുത്തേക്കില്ല.  അതുകൊണ്ട്തന്നെ ബൈബിള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന ആചാരങ്ങളുടെയും  അനുഷ്ഠാനങ്ങളുടെയും ലക്ഷ്യം ദൈവത്തെ സന്തോഷിപ്പിക്കലല്ല; മനുഷ്യരുടെ നന്മയാണ്, പ്രത്യേകിച്ചും അവരുടെ  ആത്മീയമായ നന്മ. മനുഷ്യര്‍ക്ക് ദോഷം വരുന്ന ഒരാചാരവും യഥാര്‍ത്ഥത്തില്‍ ക്രിസ്തീയമല്ല.  യഹൂദന്മാരുടെ അതിപ്രധാന ആചാരമായിരുന്ന ശബത്തിനെക്കുറിച്ചുള്ള ക്രിസ്തുവിന്‍റെ സുപ്രസിദ്ധമായ പ്രസ്താവനയില്‍ അത്   വ്യക്തമാണ് : “മനുഷ്യന്‍ ശബത്തിനുവേണ്ടിയല്ല, ശബത്ത് മനുഷ്യന് വേണ്ടിയാണ്” (മര്‍ക്കോസ്2:27).  യഥാര്‍ത്ഥ ക്രിസ്തീയതയില്‍ ആചാരങ്ങള്‍ക്ക്  അതില്‍ തന്നെ അര്‍ത്ഥമില്ല. അത് മനുഷ്യര്‍ക്ക് ഗുണം ചെയ്യുന്നിടത്തോളമേ അതുകൊണ്ട് പ്രയോജനമുള്ളു. 

നല്ല ലക്ഷ്യമുള്ള ആചാരങ്ങള്‍ പോലും അത്യാവശ്യഘട്ടങ്ങളില്‍ ലംഘിക്കുന്നത് തെറ്റല്ലെന്ന് മാത്രമല്ല അത് ചിലപ്പോള്‍ അനിവാര്യവുമാകാമെന്ന് കര്‍ത്താവ് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. രോഗങ്ങളാല്‍ വിഷമിച്ചിരുന്ന പലരെയും കര്‍ത്താവ് ശബത്തില്‍ സൗഖ്യമാക്കിയത് യഹൂദന്മാര്‍ക്ക് അനിഷ്ടമായി.(മര്‍ക്കോ3:1-6; ലൂക്കേ13:10-17) അതിന് യേശു നല്‍കിയ മറുപടി: ڇ”നിങ്ങളില്‍ ഒരുത്തന്‍റെ മകനോ കാളയോ ശബത്തുനാളില്‍ കിണറ്റില്‍ വീണാല്‍ ക്ഷണത്തില്‍ വലിച്ചെടുക്കയില്ലയോ?”(ലൂക്കോ14:5). പ്രാര്‍ത്ഥിക്കാനും ദൈവവചനം പഠിക്കാനുമായി യഹൂദന്മാര്‍ വേര്‍തിരിച്ചിരിക്കുന്ന ശബത്ത് വേണ്ടെന്നല്ല അവിടുന്ന് പറയുന്നത്. അതിനെക്കാള്‍ അടിയന്തിര പ്രാധാന്യമുള്ള ഒരാവശ്യം വന്നാല്‍ അതിനായി ശബത്താചരണം വേണ്ടെന്നുവെച്ചാല്‍ അതില്‍ ഒരുതെറ്റുമില്ല എന്നത്രേ.   

കോവിഡ് 19 ന്‍റെ സാംക്രമിക ചങ്ങലയെ പൊട്ടിക്കുവാന്‍ സഭാമീറ്റിംഗുകള്‍ പരിമിതപ്പെടുത്തുകയോ തത്കാലത്തേക്ക് വേണ്ടെന്ന് തന്നെ വെക്കുകയോ ചെയതാല്‍ അതിനര്‍ത്ഥം ദൈവവും സഭയുമൊന്നും ഇനി വേണ്ടെന്നല്ല. പകര്‍ച്ചവ്യാധിയെ തടയാന്‍ സ്കൂളുകളും മാളുകളും  ഓഫീസുകളും അടച്ചാല്‍ അവയൊന്നും മനുഷ്യന് ആവശ്യമില്ലെന്ന് പറയുന്നതുപോലെയാണത് . ഈ നല്ല കാര്യങ്ങളെപ്പോലും പരിമിതപ്പെടുത്തി രോഗത്തെ നമുക്ക് പ്രതിരോധിക്കണമെന്നുമാത്രമാണ് അതിനര്‍ത്ഥം. 

കടകള്‍ അടച്ചാലും ഭക്ഷണം കഴിക്കലും, സ്കുളുകള്‍ പൂട്ടിയാലും വിദ്യാഭ്യാസവും, ഓഫീസുകള്‍ അടച്ചാലും ജോലിയും തുടരുന്നതുപോലെ പൊതുപ്രാര്‍ത്ഥനകളും യോഗങ്ങളും പരിമിതപ്പെടുത്തിയാലും പ്രാര്‍ത്ഥനയും കൂട്ടായ്മകളും എന്നേക്കുമായി ഇല്ലാതായി എന്നൊന്നും അര്‍ത്ഥമില്ല. മനുഷ്യജാതിക്ക് ഭൂമിക്കുമേല്‍ ആയുസ്സുണ്ടെങ്കില്‍ വിതയും കൊയ്തും പഠനവും ജോലിയും പ്രാര്‍ത്ഥനയും യോഗവുമെല്ലാം ഇനിയും തുടരും. 

സര്‍ക്കാരും സഭയും

ഇങ്ങനെയുള്ള പ്രതിസന്ധികളില്‍ നല്ല ഭരണസംവിധാനങ്ങള്‍ക്കല്ലാതെ മതവിശ്വാസത്തിന് ഒന്നും ചെയ്യാനില്ല എന്നതാണ് മറ്റൊരു ആരോപണം.   എന്നാല്‍ ഇവിടെ ഗവണ്മെന്‍റിനെയും ദൈവസഭയെയും എതിര്‍ ചേരികളില്‍ നിര്‍ത്തേണ്ട ഒരാവശ്യവുമില്ല. സഭ എന്നതുപോലെ ഗവണ്മെന്‍റുകളും ദൈവീകമായ വ്യവസ്ഥകള്‍ തന്നെയാണ്. അവര്‍ രാജ്യനന്മക്ക് ചെയ്യുന്ന കാര്യങ്ങള്‍ ദൈവീകമായ ഉത്തരവാദിത്തങ്ങളും മതവിശ്വാസവ്യത്യാസം കൂടാതെ എല്ലാ പൗരന്മാരും അനുസരിക്കേണ്ടതും ആണ്. ഒരു നല്ല സര്‍ക്കാര്‍  മനുഷ്യരുടെ ഭൗതികവും സാമൂഹ്യവുമായ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ ശ്രദ്ധിക്കുന്നു. ഓരോരോ ആവശ്യഘ്ട്ടങ്ങളില്‍ നമ്മുടെ സര്‍ക്കാരുകള്‍ ചെയ്യുന്ന സേവനങ്ങള്‍ പൊതുവേ ശ്ലാഘനീയമാണ്. അതാണ് അവര്‍ വാഗ്ദാനം ചെയ്തിരുന്നതും, അതിനായിട്ടാണ് ജനങ്ങള്‍ അവരെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്താക്കിയതും.  സേവനം ഔദാര്യമല്ല അവകാശമാണ് എന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ എഴുതിയിരിക്കുന്നതുപോലെ ജനക്ഷേമം ഗവണ്മെന്‍റുകളുടെ ദൗത്യമാണ്. അതിനുള്ള വിഭവങ്ങളും സംവിധാനങ്ങളും അധികാരവും വിശ്വാസസമൂഹങ്ങള്‍ക്കല്ല സര്‍ക്കാരിനാണുള്ളത്.  അവ നന്നായി കൈകകാര്യംചെയ്യുന്നതാണ് ഒരു നല്ല ഗവണ്മെന്‍റിന്‍റെ ലക്ഷണം.

വിശ്വാസികളുടെ ആത്മീയക്ഷേമത്തിനായി പ്രാഥമികമായും പ്രവര്‍ത്തിക്കുന്ന മതങ്ങള്‍ക്ക് സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് പല പരിമിതികളുമുണ്ട്. കാരണം  മതവിശ്വാസം വേറൊരു മേഖലയാണ്. അത് ഈലോകത്തിനതീതമായ യാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച ബോധ്യങ്ങളും അതിന്‍ പ്രകാരമുള്ള ജീവിതവുമാണ്. അതിന്‍റെ ശരിതെറ്റുകളെ നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യത്യസ്തമാണ്. സര്‍ക്കാരുകളുടെ വിജയം പൗരന്മാരുടെ ഈലോകജീവിതസുരക്ഷ ഉറപ്പാക്കുന്നതാണ്. വിശ്വാസങ്ങളുടെ  വിജയം അവ നിത്യജീവന്‍ ഉറപ്പാക്കുന്നുണ്ടോ എന്നതാണ്. പകര്‍ച്ചവ്യാധിതടയുന്നത് മതങ്ങളുടെയല്ല ഗവണ്മെന്‍റിന്‍റെ വകുപ്പാണ്. വിശ്വാസികള്‍ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ അതിനോട് ക്രിയാത്മകമായി സഹകരിക്കണം. അതേസമയം ആത്മീയത മതങ്ങളുടെ വകുപ്പാണ്. അതില്‍ ആധിപത്യം പുലര്‍ത്താതെ എല്ലാവിശ്വാസങ്ങള്‍ക്കും ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതാണ് നല്ല ഗവണ്മെന്‍റിന്‍റെ നയം. 

ക്വാറന്‍റയിന്‍

പകര്‍ച്ചവ്യാധികള്‍ തടയാന്‍ രോഗികളുമായുള്ള സമ്പര്‍ക്കമൊഴിവാക്കി അവരെ ക്വാറന്‍റയിന്‍ ചെയ്യുക എന്നത് പുരാതന കാലംമുതലേ നിലവിലിരുന്ന മാര്‍ഗ്ഗം തന്നെയാണ്. ഇസ്രയേല്‍ ജനങ്ങളില്‍ കുഷ്ഠരോഗം പടരാതിരിക്കാന്‍ മോശെ അവരെ ജനങ്ങള്‍ കൂട്ടത്തേടെ താമസിക്കുന്നിടത്തുനിന്ന് അകറ്റിനിര്‍ത്തിയതും അവര്‍ രോഗവിമുക്തരായി എന്ന് ഉറപ്പാക്കുന്നതുവരെ  അവരെ നിരീക്ഷണത്തില്‍ നിര്‍ത്തിയതുമെല്ലാം പഴയനിയമത്തില്‍ വായിക്കുന്നു. ലേവ്യ 13:45-46. “വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം. അവൻറെ  തല മൂടാതിരിക്കേണം. അവന്‍ അധരം മൂടിക്കൊണ്ടിരിക്കുകയും അശുദ്ധന്‍ അശുദ്ധന്‍ എന്ന് വിളിച്ചു പറയുകയും ചെയ്യേണം. അവന് രോഗമുള്ള നാളൊക്കെയും അവന്‍ അശുദ്ധന്‍ ആയിരിക്കേണം. അവന്‍ അശുദ്ധന്‍ തന്നെ. അവന്‍ തനിച്ചു പാര്‍ക്കേണം. അവന്‍റെ പാര്‍പ്പ് പാളയത്തിന് പുറത്തായിരിക്കേണം. “

ഇതൊന്നും രോഗികളോടുള്ള അവജ്ഞനിമിത്തമല്ല,സമൂഹത്തിന് മുഴുവന്‍ രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു. കുഷ്ഠരോഗത്തിന് മരുന്ന് കണ്ടെത്തും വരെ എല്ലാ സമൂഹങ്ങളും ഏതാണ്ടിതുപോലെയാണ് ആ രോഗവ്യാപനത്തെ തടഞ്ഞുനിര്‍ത്തിയത്.(ഉദാ: യൂറോപ്പില്‍ നിലനിന്ന ലാസറെറ്റുകള്‍).  ഈ അത്യാധുനിക യുഗത്തിലും പ്രതിവിധി കണ്ടെത്താത്ത  പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ മോശ നിര്‍ദ്ദേശിച്ച മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്  ഫലത്തില്‍ ഇന്നും ലോകം അനുവര്‍ത്തിക്കുന്നത്. പര്‍ച്ചവ്യാധിപിടച്ച ഇസ്രയേല്‍ രാജാവിനെപ്പോലും ക്വാറന്‍റയിന്‍ ചെയ്ത ചരിത്രം പഴയനിയമത്തില്‍ നാം വായിക്കുന്നു (2ദിന 26: 21). സ്വയം മാറിനില്‍ക്കുന്നതും, സമ്പര്‍ക്കനിരോധനവും, ഐസൊലേഷനുമെല്ലാം ഇന്നെന്നപോലെ അന്നും നാം കാണുന്നു. അതുകൊണ്ട് ബൈബിള്‍ വിശ്വസിക്കുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പകര്‍ച്ചവ്യാധിയെ തടയുന്ന ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളില്‍ വചനവിരുദ്ധമായി ഒന്നുമില്ല. 

പകര്‍ച്ചവ്യാധിയും പ്രാര്‍ത്ഥനയും

ചെങ്കടല്‍  വിഭജിക്കുകയും  ആകാശത്തുനിന്ന് മന്ന വര്‍ഷിക്കുകയും ചെയ്യുവാന്‍ ദൈവം ഉപയോഗിച്ച മോശെപോലും പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ ക്വാറന്‍റൈന്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍  ആധുനിക പ്രവാചകന്‍മാര്‍ എന്തെല്ലാം അവകാശവാദങ്ങളാണ് മുഴക്കുന്നത്! കൊറോണ വൈറസിനെ കത്തിച്ചുകളയുമെന്നും അതിനെ കുര്‍ബാനയില്‍ ആവഹിച്ച് നശിപ്പിക്കുമെന്നുമൊക്കെ വീരസ്യങ്ങള്‍ മുഴക്കുന്നവര്‍ സത്യത്തില്‍ ദൈവത്തെയും ദൈവവചനത്തെയും പരസ്യമായി അവഹേളിക്കുകയാണ്. സുവിശേഷത്തിന്‍റെ വക്താക്കളായി അറിയപ്പെടുന്നവര്‍ ഇപ്രകാരം വ്യാജദര്‍ശനങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ലോകത്തിന്‍റെ മുമ്പില്‍ നാണം കെടുന്നത് അവര്‍ മാത്രമല്ല ദൈവവചനം പ്രസംഗിക്കുന്ന മറ്റു വിശ്വാസികള്‍ കൂടിയാണ്.  മനുഷ്യര്‍ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ, കഷ്ടപ്പെട്ടു ഉണ്ടാക്കുന്ന നേട്ടങ്ങളെല്ലാം ഞങ്ങള്‍ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് എന്നും പറഞ്ഞു നടക്കുന്നത് വഴി സ്വയം ഇളിഭ്യരാകാമെന്നല്ലാതെ പ്രത്യേക നേട്ടമൊന്നുമില്ല. 

കര്‍ത്താവ് ചെയ്തതെല്ലാം ചെയ്യാമെന്നും ചെയ്യണമെന്നുമാണ് ചിലരുടെ താത്പര്യം. യേശുക്രിസ്തു ആരാണെന്നും അവിടുത്തെ ദൗത്യത്തിന്‍റെ നിസ്തുല്ല്യത എന്താണെന്നും ഗ്രഹിക്കാതെയുളള ചിന്തകളാണിത്. അവിടുന്ന് ചെയ്തതുപോലെ വെള്ളം വീഞ്ഞാക്കാനും കടലിന്‍റെ മീതെ നടക്കാനും, അഞ്ചപ്പം കൊണ്ട് അയ്യായിരത്തെ പോഷിപ്പിക്കാനും, കുഷ്ഠരോഗിയെ തൊട്ടു സൗഖ്യമാക്കാനുമൊന്നും ആരും തുനിയുകയില്ലെന്ന് വിചാരിക്കാം. ഭക്തി എത്ര കൂടിയാലും ആരും ക്രിസ്തു ആവുകയില്ല.  അവിടുന്ന് ദൈവമായിരുന്നു. അവിടുത്തെ ദൗത്യം ദൈവരാജ്യത്തിന്‍റെ ശക്തിയോടെയുള്ള ആഗമനമായിരുന്നു. അവിടുന്ന് ചെയ്ത  അനിതരസാധാരണമായ അത്ഭുതങ്ങള്‍ അതിന്‍റെ അടയാളങ്ങളായിരുന്നു. 

പ്രാര്‍ത്ഥിക്കേണ്ട എന്നോ ദൈവത്തിന് ഈലോകകാര്യങ്ങളുടെമേല്‍ ഒരു നിയന്ത്രണവുമില്ലെന്നോ അല്ല  പറയുന്നത്. ഈലോകത്തിന്‍റൈ കാര്യങ്ങളില്‍ ദൈവത്തിന്‍റെ സാധാരണ പ്രവര്‍ത്തനം പ്രകൃതിയുടെ നിയമങ്ങള്‍ക്കനുസരിച്ചാണ്. വിശപ്പടക്കാന്‍ ഭക്ഷണവും ദാഹം ശമിപ്പിക്കാന്‍ വെള്ളവും നിശ്ചയിച്ചു  നല്‍കിയ ദൈവം തന്നെയാണ് രോഗത്തിന് വൈദ്യനെയും മരുന്നുമൊക്കെ നിയമിച്ചാക്കിയിരിക്കുന്നത്. നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ആഹാരം സമ്പാദിക്കുന്നതുപോലെ ദൈവീകമായ കാര്യമാണ് രോഗങ്ങള്‍ക്ക് ശാസ്ത്രീയമായ ചികത്സാവിധികള്‍ അനുവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഈ പകര്‍വ്യാധിക്കെതിരെ ശരിയായ പ്രതിരോധമാഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ എല്ലാവര്‍ക്കും വിവേകം ലഭിക്കാനും, ഫലപ്രദമായ വാക്സിനുകള്‍ വികസിപ്പിക്കാന്‍ ഗവേഷകര്‍ക്ക് സാധിക്കേണ്ടതിനും, രോഗം നിമിത്തമുള്ള ശാരീരികവും മാനസികവും സാമൂഹികവുമെല്ലാമായ പ്രതിസന്ധികളെ അതിജീവിക്കുവാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതിനും നാം പ്രാര്‍ത്ഥിക്കണം. 

ദൈവത്തിന് അത്ഭുതകരമായി ഇടപെടുവാന്‍ കഴിയുമെന്നതും സത്യമാണ്. എന്നാല്‍ ഈ മഹാമാരിയെന്നല്ല ഏതൊരു കാര്യത്തിലും ദൈവം ഏതുവിധമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മുന്‍കൂട്ടി പറയാന്‍ പ്രത്യേക വെളിപ്പാട് കൂടാതെ ആര്‍ക്കും കഴിയുകയില്ല. ദൈവവചനമായ ബൈബിളല്ലാതെ മറ്റൊന്നും പ്രത്യേക വെളിപ്പാടുകളായി ക്രൈസ്തവര്‍ അംഗീകരിക്കുന്നില്ല.  നോസ്ത്രദാമൂസിന്‍റെ പ്രവചനങ്ങളെന്നല്ല ആധുനിക പ്രവാചകന്മാരുടെ ദര്‍ശനങ്ങളും ദൈവത്തിന്‍റെ പ്രത്യേക വെളിപ്പാടുകളാണെന്ന് വിശ്വസിക്കാത്തിടത്തോളം അവയെല്ലാം മനുഷ്യരുടെ ആഗ്രഹങ്ങളും ചിന്തകളുമായി കണക്കാക്കുവാന്‍ മാത്രമേ കഴിയുകയുള്ളു. എന്നാല്‍ ഏതു വിധേനയും അത്യാപത്തില്‍നിന്ന് മാനവജാതിയെ രക്ഷിക്കണമേ എന്ന് ആത്മാര്‍തഥമായി പ്രാര്‍ത്ഥിച്ച് ദൈവസന്നിധിലേക്ക് കരങ്ങള്‍ ഉയര്‍ത്താന്‍ നമുക്ക് തയ്യാറാകാം.

“എന്‍റ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്‍റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ത്ഥിച്ച് എന്‍റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളെ വിട്ട് തിരിയുന്നു എങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെദേശത്തിന് സൗഖ്യം വരുത്തും  “ ( 2ദിന.7:14)

ഒരു മഹാവിപത്തിനെ നേരിടുവാന്‍ ലോകം കൈകോര്‍ക്കുമ്പോള്‍ നമുക്ക്  അതിനോട് ഒത്തുനില്‍ക്കാം. നമുക്കു തന്നെ വളരെയൊന്നും ചെയ്യാന്‍ കഴിയില്ലായിരിക്കാം. എന്നാല്‍ ചെയ്യാവുന്നവ പലതുണ്ട്. പൊതുവായ സുരക്ഷാക്രമീകരണങ്ങളോട് ക്രിയാത്മകമായി സഹകരിക്കുക. ഭീതിയുടെയും ആശങ്കയുടെയും നടുവില്‍ ധൈര്യത്തോടും പ്രത്യാശയോടും കൂടി നിലനില്‍ക്കുക. രോഗാതുരരോട് ദയയോടും കരുതലോടും കൂടി ഇടപെടുക. ജനത്തിന് പ്രത്യാശയും ധൈര്യവും പകര്‍ന്നു നല്‍കുക. എല്ലാവര്‍ക്കുമായി ദൈവസന്നിധിയിലേക്ക് കൈകളുയര്‍ത്തുക. അതാണ് ഈയവസരത്തില്‍ നമുക്ക് ചെയ്യാവുന്നത്. 

Joseph Panachiyil
Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular