ഒഴുക്കിനൊപ്പം നീന്തുന്നത് സുഖകരമാണ്. എന്നാല്‍ മഹത്തായ ലക്ഷ്യങ്ങള്‍ മുന്നില്‍ ക്കാണുന്നവര്‍ ഒഴുക്കിനെതിരെ നീന്താന്‍ സാഹസികമായി തിരുമാനിക്കുന്നവരാണ്. സുവിശേഷകനായ മത്തായിയുടെ ചരിത്രം ഒരുദാഹരണം മാത്രം.
മാറ്റങ്ങള്‍ക്ക് തയ്യാറാവുക എന്നത് അല്പമല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് നമുക്കെല്ലാം അറിയാം. മാറ്റങ്ങള്‍ക്ക് താത്പര്യം കാട്ടുന്നവര്‍പോലും അതിന് വേണ്ട ചുവടുകള്‍ എടുക്കുന്നതില്‍ പരാജയപ്പെടുന്നതാണ് പ്രായോഗികമായി കാണുന്നത്. പിന്തുടര്‍ന്നു വരുന്ന ജീവിത രീതിയും ശൈലിയും മാറ്റി പുതിയ വഴികളിലൂടെ സഞ്ചരിക്കുക എന്നത് അത്യന്തം ശ്രമകരവും ഏറ്റവും ഭയപ്പെടുത്തുന്നതുമായ അനുഭവമാണ്. പല തീരുമാനങ്ങളും താത്പര്യങ്ങളും മിക്കവാറും ഏട്ടിലെ പശുവിനെപ്പോലെ നിര്‍ജീവമാക്കുന്നതിന്‍റെ കാരണവും മാറാനുള്ള വിമുഖതയാണ്. എന്നാല്‍ മാറാന്‍ മടിക്കാത്തവര്‍ക്കേ പുരോഗതിയുണ്ടാകൂ. മാറാന്‍ മനസ്സുള്ളര്‍ക്കേ മറ്റുള്ളവരെ മാറ്റാന്‍ കഴിയൂ. മാറാന്‍ തയ്യാറായ മനുഷ്യരുടെ ജീവിതങ്ങളുടെ സ്വാധീനം നാറ്റാണ്ടുകള്‍ നിലനില്‍ക്കുമെന്നതിന് അനേക ഉദാഹാരണങ്ങളുണ്ട്. ഒരുദാഹരണമാണ് യേശുക്രിസ്തുവിന്‍റെ അപ്പസ്തോലന്മാരില്‍ ഒരുവനും ആദ്യ സുവിശേഷത്തിന്‍റെ രചയിതാവുമായ മത്തായിയുടെ ചരിത്രം.
സ്വന്തം വാക്കുകളില്‍ അദ്ദേഹം വിവരിച്ചിട്ടുള്ള ആത്മകഥാപരമായ വിവരണം മത്തായിയുടെ സുവിശേഷം 9:9 -17 വരെയുള്ള വാക്യങ്ങളില്‍ വായിക്കാം. ഗലീല കടല്‍തീരത്തുള്ള കഫര്‍ണഹൂം എന്ന പട്ടണത്തില്‍ നിന്നാണ് മത്തായി എന്ന മനുഷ്യന്‍റെ കഥ തുടങ്ങുന്നത്. ലോകത്ത് സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും താഴ്ന്ന് സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകമാണ് ഗലീല കടല്‍. ഒരു കിന്നരത്തിന്‍റെ രൂപത്തോട് സാദൃശ്യം ഉള്ളതുകൊണ്ട് കിന്നരെത്ത് എന്നും ഗന്നെസരത്ത് എന്നുമൊക്കെ ആ ശുദ്ധജലാശയത്തെ വിളിച്ചിരുന്നു.
മധ്യധരണ്യാഴിയില്‍ നിന്നും വന്‍കരയിലേക്ക് പടര്‍ന്നെത്തുന്ന തണുത്ത കാറ്റ് ഹെര്‍മ്മോന്യ മലനിരകളില്‍ തട്ടിത്തടഞ്ഞ് ഗലീല തടാക ഉപരിതലത്തിലൂടെ സംക്രമിക്കുമ്പോള്‍ ശീതോഷ്ണ വ്യതിയാനങ്ങള്‍ തീരത്ത് കാലാവസ്ഥാമാറ്റത്തിനും തടാകത്തില്‍ കൊടുങ്കാറ്റിനും വഴിയൊരുക്കും. സാധാരണകാലാവസ്ഥയില്‍ തടാകത്തില്‍ നിന്നും വീശിയടിക്കുന്ന തണുത്ത ഇളങ്കാറ്റില്‍ പരിലസിക്കുന്ന പട്ടണമായിരുന്നു കഫര്‍ണഹും. ലേവി എന്ന് മറുപേരുള്ള മത്തായി ജോലിചെയ്തുവന്നത് അവിടെയായിരുന്നു. തിരക്കുള്ള ടാക്സ് ഓഫീസറായിരുന്നു മത്തായി. ആ തീരദേശ പട്ടണത്തിലേക്ക് വന്നു ചേര്‍ന്ന യേശുവിനെ കണ്ടുമുട്ടുന്നതോടെയാണ് അദ്ദേഹത്തിന്‍റെ കഥ നാടകീയമായ വഴിത്തിരിവിലേക്ക് എത്തുന്നത്. മത്തായിയുടെ ജീവിതത്തെ അടിമുടി മാറ്റിയ ആ അനുഭവത്തെക്കുറിച്ച് അദ്ദേഹം തന്നെ എഴുതിയ വാക്കുകള്‍ ഇങ്ങനെയാണ്. “യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്ന് പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു; എന്നെ അനുഗമിക്കുക എന്ന് അവരോട് പറഞ്ഞു; അവര്‍ എഴുന്നേറ്റ് അവനെ അനുഗമിച്ചു.” (മത്തായി 9:9)
മത്തായിയുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയ മൂന്നു സുപ്രധാന ചുവടുവെപ്പുകളെ ഈവിവരണത്തില്‍ നാം കാണുന്നു.
മാറുന്ന ബോധ്യങ്ങള്‍
ഓരോ മനുഷ്യനും പ്രവര്‍ത്തിക്കുന്നതും പ്രതികരിക്കുന്നതും അവന്‍റെ ബോധ്യങ്ങള്‍ക്കനുസരിച്ചാണ്. ഒരു ഉത്തമനായ മനുഷ്യന്‍ അവന്‍റെ ബോധ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കുന്നവനും ആവശ്യാനുസരണം ഭേദഗതികള്‍ വരുത്തുന്നവനുമാണ്. വിശ്വാസം, ദൈവം, ആത്മികത തുടങ്ങിയ വിഷയങ്ങളിലെ ബോധ്യങ്ങള്‍ ശരിയാണോയെന്നും യുക്തിസഹമാണോയെന്നും പരിശോധിച്ചുനോക്കുവാന്‍ സാധാരണ മനുഷ്യന്‍ മിക്കവാറും മെനക്കെടാറില്ല. ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടെ സയന്‍സും കണക്കും ഒക്കെ കൃത്യമായി പഠിച്ചവരും, മറ്റെല്ലാ കാര്യങ്ങളിലും സാമാന്യബുദ്ധിക്ക് നിരക്കാത്തവയെ നിരാകരിക്കുന്നവരുമായ ആളുകള്‍ പോലും അവരുടെ ജീവിതത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന വിശ്വാസങ്ങളുടെ സാംഗത്യം പരിശോധിക്കാറില്ല.
സ്വന്തം ജീവിതത്തിന്‍റെ അര്‍ത്ഥവും വിലയും സംബന്ധിച്ച അവബോധത്തിലാണ് അടിസ്ഥാനപരമായ പരിവര്‍ത്തനം വരേണ്ടത്. ഞാന്‍ ആരാണ്? എന്‍റെ കഴിവും കഴിവുകേടും എന്താണ്? എന്‍റെ പ്രശ്നം എന്താണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം മത്തായിയുടെ പക്കല്‍ ഉണ്ടായിരുന്നു. ഒരു ടാക്സ് ഓഫീസര്‍ എന്ന വരുമാനവും, സ്വാധീനവും പദവിയും ഒക്കെയുള്ള ജോലിയായിരുന്നു അദ്ദേഹത്തിന്‍റേത് എന്നിരുന്നാലും സ്വന്തം കുറവുകളും പരിമിതികളും മത്തായിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് സ്വന്തം കാര്യം ഏറ്റവും ചുരുക്കി പറഞ്ഞ് യേശുവിനേക്കുറിച്ച് നീട്ടിപ്പറയുന്നത്. അദ്ദേഹം സ്വയം പരിചയപ്പെടുത്തിയ രീതി തന്നെ നോക്കൂ – “മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു” മറ്റൊരാളെക്കുറിച്ച് പറയുന്നത്ര ലാഘവത്തോടും ഒതുക്കത്തോടും സ്വന്തം കാര്യം പറഞ്ഞുവെക്കുന്ന മത്തായിയുടെ ലാളിത്യം മാതൃകാപരമാണ്.
ചരിത്രത്തിന്‍റെ ഭാഗമാകുന്ന സുവിശേഷത്താളുകളില്‍, എത്രയോ നൂറ്റാണ്ടുകളായി എത്രയെത്ര തലമുറകളായി മണ്ണില്‍ ജനിച്ചുജീവിച്ച കടന്നുപോയ ജനതകള്‍ വായിക്കുന്ന സുവിശേഷ താളുകളില്‍ തന്നെ ആത്മകഥയെഴുതാന്‍ ലഭിച്ച അസുലഭ അവസരം അലസമായ ഒരു താഴ്മയോടെ വേണ്ടെന്ന് വെക്കുന്ന മത്തായിക്ക് ഒന്ന് നന്നായി അറിയാമായിരുന്നു – സുവിശേഷം എന്‍റെ കഥയല്ല, അത് കര്‍ത്താവായ യേശുവിന്‍റെ കഥയാണ്. അവിടുത്തെ ഉയര്‍ത്തി കാണിക്കുമ്പോള്‍ തടസ്സമായി വരുന്നതൊന്നും ചരിത്രാഖ്യാനത്തില്‍ കയറിവരരുത്. അതുകൊണ്ട് യേശുവിനെ വിവരിക്കാന്‍ ആയിരക്കണക്കിന് വാക്കുകള്‍ പിശുക്കുകൂടാതെ ഉപയോഗിച്ച മത്തായി സ്വന്തം ജീവിതത്തെ ‘മത്തായി എന്നു പേരുള്ള മനുഷ്യന്‍’ എന്ന നാലു വാക്കുകളില്‍ സംഗ്രഹിച്ചു.
താഴ്മ ശക്തരായ മനുഷ്യരുടെ സ്വഭാവമാണ്. വില്യം ടെമ്പിള്‍ പറയുന്നത് കേള്‍ക്കൂ”മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വയം ചെറുതെന്നു കരുതുകയോ സ്വന്തം കഴിവുകളേക്കുറിച്ച് വിലകുറച്ച് കാണുകയോ അല്ല താഴ്മ – സ്വന്തം കാര്യത്തേക്കുറിച്ച് ഒരു വിധത്തിലും ചിന്തിക്കുന്നതില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥത്തില്‍ താഴ്മ!” താഴ്മയുടെ ശരിയായ മഹത്വം തിരിച്ചറിഞ്ഞിട്ടാവാം ജോണ്‍ റസ്കിന്‍ താഴ്മക്ക് ഒരു നിര്‍വ്വചനമിങ്ങനെ നല്‍കിയത്: “സ്വന്തം ശേഷികളെ സംശയിക്കുന്നതോ അഭിപ്രായം തുറന്നുപറയാന്‍ വൈമുഖ്യം കാട്ടുന്നതോ അല്ല താഴ്മ. ശരിക്കും മഹാന്മാരായവര്‍ക്ക് ഒന്നറിയാം: വലിപ്പം അവരിലല്ല അവരിലൂടെയാണ് വെളിപ്പെടേണ്ടത്; ദൈവം അവരെ പണിതുയര്‍ത്തിയതല്ലാതെ അവര്‍ക്കൊന്നും ആകാനും ചെയ്യാനുമാവില്ല.”
മത്തായിയുടെ മാറുന്ന ബോധ്യങ്ങളുടെ മറ്റൊരു തെളിവു സ്വന്തം ഒന്നുമല്ലായ്മയെ മൂടിവെക്കുന്നില്ലെന്നതാണ്. “ചുങ്കസ്ഥലത്ത് ഇരിക്കുന്ന മത്തായിയെ യേശു കണ്ടു” ചുങ്കസ്ഥലം സത്യത്തില്‍ അഭിമാനമല്ല, അപമാനമാണ്. സുവിശേഷങ്ങള്‍ എഴുതുന്ന കാലഘട്ടത്തില്‍ ഏറ്റവും വെറുക്കപ്പെട്ട തൊഴിലുകളില്‍ ഒന്നായിരുന്നു ടാക്സ് ശേഖരണം. അധിനിവേശ സര്‍ക്കാരിന്‍റെ പിണയാളായി തന്ത്രങ്ങളും ഹീനമാര്‍ഗ്ഗങ്ങളും കയ്യൂക്കുമൊക്കെയായി കഫര്‍ണഹൂമിലേക്ക് വരുന്നവരേയും പോകുന്നവരേയും പിഴിഞ്ഞ് ടാക്സ് ശേഖരിക്കുകയായിരുന്നു തന്‍റെ തൊഴിലെന്ന് വെളിപ്പെടുത്താന്‍ മത്തായിക്ക് സങ്കോചമില്ല. അക്കാലത്ത് അന്നാട്ടുകാര്‍ ചുങ്കക്കാര്‍ക്കൊപ്പം പറഞ്ഞ മറ്റൊരു തൊഴിലുണ്ട് – വേശ്യാവൃത്തി! വേശ്യയുടെ ജോലിക്കൊപ്പം അപമാനവും അവമതിപ്പും ചേര്‍ന്നുപോയിരുന്നുവെങ്കില്‍ അതിനൊപ്പം പരിഗണിച്ച തൊഴിലായിരുന്നു മത്തായിയുടേത്. യേശുവിനെ മശിഹയായി വായനക്കാര്‍ക്കുമുമ്പില്‍ അവതരിപ്പിക്കുന്ന അദ്ദേഹം തൊട്ടുമുമ്പുപറഞ്ഞുവെക്കുന്നത് ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കാന്‍ അധികാരമുള്ള മനുഷ്യപുത്രനേക്കുറിച്ചാണ്. ഒരു പക്ഷേ പാപങ്ങളെ മോചിക്കുന്ന യേശുവിന്‍റെ അധികാരത്തിന്‍റെ തെളിവെന്നവിധമാണ് മത്തായി സ്വന്തം ജീവിതാനുഭവം രേഖപ്പെടുത്തുന്നത് എന്ന് കരുതുന്നതില്‍ തെറ്റില്ല.
മാറുന്ന തൊഴില്‍
യേശുവിന്‍റെ വിളികേട്ട് മത്തായി അവിടുത്തെ അനുഗമിച്ചു. അതൊരു മഹാ സാഹസമായിരുന്നു എന്നത് പറയാതെ വയ്യ. മറ്റൊരു സുവിശേഷകര്‍ത്താവായ ലൂക്കോസ് അദ്ദേഹം ചെയ്ത കാര്യം രേഖപ്പെടുത്തിയത് “മത്തായി എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു” എന്നാണ്. പണം കൊയ്യുന്ന പണിയാണ് മത്തായി വലിച്ചെറിഞ്ഞത്. പത്രോസും മറ്റും ചെയ്തതുപോലെ മുക്കുവജോലിയാണ് വേണ്ടെന്ന് വെച്ചതെങ്കില്‍ വേണമെങ്കില്‍ തിരിച്ചുപോകാന്‍ കഴിയുമായിരുന്നു. എന്നാല്‍ തിരിച്ചുപോക്കിന് യാതൊരു സാധ്യതയും അവശേഷിപ്പിക്കാതെ മത്തായി ജോലി വിട്ടു. സമ്പാദിക്കുന്നതില്‍ അപമാനമുണ്ടെങ്കില്‍ സമ്പത്തുകൊണ്ട് ആ അപമാനം മറയ്ക്കാനാവുമെന്ന കാലത്താണ് സാമ്പത്തിക സുരക്ഷിതത്വം വേണ്ടെന്ന് വെച്ച് മത്തായി വ്യത്യസ്തനാകുന്നത്.
ടാക്സ് ബൂത്തില്‍ നിന്നും മത്തായി എന്ന മനുഷ്യന്‍ ഇറങ്ങി വന്നു; കാലണയ്ക്ക് ഗതിയില്ലാത്ത നസ്സറായനായവന്‍റെ വാക്കുകേട്ട്. ബൂത്തിലെ മേശപ്പുറത്ത് കനത്ത കണക്കുപുസ്തകം തുറന്നു കിടന്നിരിക്കും; അതിന്‍റെ അവസാന കോളത്തിലെ അക്കങ്ങളുടെ മഷിയുണങ്ങിയിട്ടുണ്ടാകില്ല. മേശവലിപ്പില്‍ നാണയത്തുട്ടുകള്‍ ചിതറിക്കിടന്നിരിക്കും. നാണയത്തുട്ടുകള്‍ എണ്ണിയെടുത്ത് പണസഞ്ചിയില്‍ കെട്ടിവെക്കാന്‍ അയാള്‍ മെനക്കെട്ടില്ല. പിരിച്ചെടുക്കാനുള്ളവയുടെ കണക്കും വൗച്ചറും ബില്ലും രശീതുമൊക്കെ ഫയല്‍ക്കെട്ടുകളില്‍ തന്നെവെച്ചിട്ട് മേലധികാരിയായ ഗവര്‍ണര്‍ക്ക് ഒരു രാജിക്കത്തുപോലുമെഴുതിവെക്കാതെ മത്തായി ഓഫീസില്‍ നിന്നും പുറത്തിറങ്ങി നടന്നു. വന്‍ സാമ്പത്തികലാഭമുണ്ടാക്കുന്ന തൊഴിലാണ് പഴന്തുണി വലിച്ചെറിയുന്ന ലാഘവത്തോടെ വലിച്ചെറിഞ്ഞിട്ട് അദ്ദേഹം ഓഫീസ് വിട്ടിറങ്ങുന്നത്.
വൈമാനികര്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പ്രയോഗമാണ് ‘പോയന്‍റ് ഓഫ് നോ റിട്ടേണ്‍’ (point of no return ) എന്നത്. തിരിച്ചുപോക്ക് അസാധ്യമായ ഒരു ഘട്ടം പിന്നിട്ടു എന്നാണ് അതിനര്‍ത്ഥം. വിമാനത്തിലെ ലഭ്യമായ ഇന്ധനത്തിന്‍റെ അളവിനെക്കുറിക്കാനാണ് ആ പ്രയോഗം നടത്തുന്നത്. ഒരു വിമാനം ഒരു എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്നാല്‍ പറക്കുന്നതനുസരിച്ച് ഇന്ധനം കുറഞ്ഞുവരികയും ഒരു നിശ്ചിത ദൂരം പിന്നിട്ട് കഴിഞ്ഞാല്‍ പിന്നെ തിരിച്ചുപോയി പുറപ്പെട്ടയിടത്ത് ഇറങ്ങാന്‍ മാത്രം ഇന്ധനം ഇല്ലാത്ത നിലവരികയും ചെയ്യുന്ന ഘട്ടമാണ് ‘പോയന്‍റ് ഓഫ് നോ റിട്ടേണ്‍’. ഒന്നുകില്‍ യാത്ര തുടര്‍ന്ന് അടുത്ത എയര്‍പോര്‍ട്ടില്‍ ഇറങ്ങുക. ഇനി അടുത്ത് എയര്‍പോര്‍ട്ടില്ലെങ്കില്‍ ഇന്ധനം തീര്‍ന്ന് ഇടിച്ചിറക്കുക എന്നീ സാധ്യതകളേ മുമ്പിലുള്ളൂ. “എന്നെ അനുഗമിക്കുക” എന്ന നിഷേധിക്കാനാവാത്ത വിളികേട്ട് ജോലി വിട്ടിറങ്ങിയ മത്തായിയെന്ന ടാക്സ് ഓഫീസര്‍ തിരിച്ചുപോകാനാകാത്ത ഒരു ഘട്ടം പിന്നിടുകയായിരുന്നു.
തൊഴില്‍ മേഖലയില്‍, സാമ്പത്തിക ഇടപാടുകളില്‍ ഒരു വഴിത്തിരിവ് നമുക്കാവശ്യമാണോ? എത്ര വലിയ ലൗകീകനേട്ടങ്ങള്‍ നമുക്കു വാഗ്ദാനം ചെയ്താലും ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന പ്രവര്‍ത്തികള്‍ക്കു തടസ്സമാകുമെങ്കില്‍ അവയെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുവാന്‍ മത്തായിയെപ്പോലെ നമുക്കു കഴിയുമോ? പ്ലാന്‍ ‘ബി’ യാണ് പ്ലാന്‍ ‘എ’ യുടെ ശത്രു എന്നു പറയാറുണ്ട്. ഒരു മികച്ച ഫലം മുമ്പില്‍വെച്ച് തയ്യാറാക്കുന്ന പ്രഥമ ലക്ഷ്യമാണ് ‘പ്ലാന്‍ എ’ . എന്നാല്‍ അത് നടന്നില്ലെങ്കില്‍ മറ്റൊരു പ്ലാന്‍ മനസ്സിലുണ്ടാകും. സാഹസം ഏറ്റെടുക്കാനുള്ള ആര്‍ജവക്കുറവും ബുദ്ധിമുട്ടാനുള്ള വിമുഖതയും ഒത്തുചേര്‍മ്പോള്‍ നടപ്പില്‍വരുന്നത് ‘പ്ലാന്‍ ബി’യായിരിക്കും. ക്രിസ്തുവിനെ അനുഗമിക്കുകയെന്ന മഹത്തായ പദ്ധതിക്ക് മുന്നില്‍ തടസ്സം നില്‍ക്കാന്‍ യോഗ്യമായ ഒരു പ്ലാനും ലോകത്തിലില്ല.
മാറുന്ന ബന്ധങ്ങള്‍
പുതിയ ബോധ്യങ്ങളോടും സാഹസികമായ തീരുമാനങ്ങളോടും കൂടെ യേശുവിനെ അനുഗമിക്കാന്‍ ലാഭകരമായ തൊഴില്‍ വലിച്ചെറിഞ്ഞ് ഓഫീസില്‍ നിന്നിറങ്ങിയ മത്തായിയുടെ വ്യക്തിബന്ധങ്ങളിലും വലിയ മാറ്റം സംഭവിച്ചു. അതിന്‍റെ തെളിവാണ് മത്തായി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ വേണ്ടി ഒരുക്കിയ ഗംഭീരസദ്യ. അക്കാര്യത്തേക്കുറിച്ച് എഴുതുമ്പോള്‍ വിരുന്ന് നടന്നു എന്നല്ലാതെ ആരാണ് ആതിഥേയന്‍ എന്ന് മത്തായി പരാമര്‍ശിക്കുന്നില്ല. എവിടെവെച്ച് നടത്തിയെന്നോ ആരുനടത്തിയെന്നോ പറയാതെ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചുമാത്രം പറയാന്‍ കാരണം സ്വന്തം പേര് വീണ്ടും പറയാനുള്ള മത്തായിയുടെ മടിയാണ് (ലൂക്കോസ് 5:27 -30)
മത്തായി വീട്ടില്‍ ഒരുക്കിയ ആ ഗംഭീര പാര്‍ട്ടി പുതിയ വിശ്വാസത്തെ അദ്ദേഹം എത്ര ഗൗരവത്തോടെയാണ് സമീപിക്കുന്നത് എന്നതിന്‍റെ തെളിവാണ്. കേവലം ഹൃദയത്തില്‍ സൂക്ഷിക്കുന്ന സ്വകാര്യ-വ്യക്തി നിഷ്ഠ അനുഭവമല്ലായിരുന്നു മത്തായിക്ക് പുതിയ വിശ്വാസം. പരസ്യമായ സാമൂഹിക മാനങ്ങള്‍ ഉള്ള ഒന്നായി മത്തായി വിശ്വാസത്തെ കാണുന്നു. യേശുവിനെ കണ്ടുമുട്ടിയതും, യേശു പാപങ്ങള്‍ മോചിച്ച് പുതിയൊരു വ്യക്തിയാക്കി തന്നെ മാറ്റിയതും മറച്ചുവക്കാനോ ഒതുക്കിവെക്കാനോ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ സന്തോഷവും ആഹ്ളാദത്തിന്‍റെ കാരണവും അറിയിക്കാനും പരസ്യപ്പെടുത്താനും പങ്കുവെക്കുവാനും സ്വന്തം വീട് തന്നെ അദ്ദേഹം വേദിയാക്കി. പങ്കുവെക്കുന്നത് സന്തോഷം പതിന്മടങ്ങാക്കുന്നു. ബന്ധുക്കളും നാട്ടുകാരും നികുതിവകുപ്പിലെ നിരവധി സഹപ്രവര്‍ത്തകരും ആ വലിയ വിരുന്നിലേക്ക് ഒഴുകിയെത്തി. അവിടെ സകലരുടേയും ശ്രദ്ധാകേന്ദ്രമായി യേശുവും മുഖ്യാതിഥിയായുണ്ടായിരുന്നു.
മത്തായിക്ക് വിശ്വാസം ഒരിക്കലും ഒരു നേരംപോക്കായിരുന്നില്ല. ഒരു നോട്ടംകൊണ്ടും ഒരു വിളികൊണ്ടും ജീവിതത്തെ കീഴ്മേല്‍ മറിച്ചവനെ അകമഴിഞ്ഞ് അനുഗമിക്കാനുള്ള ദൗത്യം സഗൗരവം ഏറ്റെടുത്ത അദ്ദേഹം അതിനായി ഏറ്റവും നല്ല അവസരം തന്നെ ഒരുക്കി. സ്വന്തം ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ സാക്ഷിയായി നില്‍ക്കുകയെന്നത് ഏറെ ബുദ്ധിമുട്ടേറിയ ദൗത്യമാണ്. ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ അംഗീകാരം ലഭിക്കില്ലല്ലോ.
മത്തായി വീട്ടിലൊരുക്കിയ പാര്‍ട്ടിക്ക് വന്നെത്തിയവരില്‍ പലതരക്കാരുണ്ടായിരുന്നു. എപ്പോഴും യേശുവിന്‍റെ വിമര്‍ശകരായി നിഴല്‍പോലെ പിന്തുടര്‍ന്ന മതനേതാക്കള്‍ക്ക് അവിടുത്തെ സമീപത്ത്വന്ന് സംശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവിടെ അവസരമൊരുക്കി. മരണപ്പെട്ട സ്നാപകയോഹന്നാന്‍റെ അന്യം നിന്നുപോകുന്ന ശിഷ്യഗണങ്ങളില്‍പ്പെട്ട ചിലര്‍ക്ക് ചില സുപ്രധാന സംശയങ്ങള്‍ തീര്‍ക്കാനുണ്ടായിരുന്നു.
അതിലൊക്കെ ഉപരിയായി ദൈവരാജ്യം സംബന്ധിച്ചും ഭൂമിയിലെ തന്‍റെ ആഗമനഉദ്ദേശ്യം സംബന്ധിച്ചും അതിപ്രധാനമായ ചില നയങ്ങള്‍ യേശു പ്രഖ്യാപിക്കുന്നതും ആ വീട്ടില്‍ വെച്ചാണ്. അസുഖമുള്ളവര്‍ക്കാണ് ഡോക്ടറുടെ സേവനം ആവശ്യമുള്ളതെന്നും, ദൈവം യാഗത്തിലല്ല കരുണയിലാണ് പ്രസാദിക്കുന്നതെന്നും, കുഴപ്പമുള്ളത് മറ്റുള്ളവര്‍ക്കാണെന്നു ചിന്തിക്കുന്ന സ്വയനീതിക്കാര്‍ക്കല്ല എനിക്ക് കുറവുണ്ട് എന്ന് സമ്മതിക്കുന്നവര്‍ക്കാണ് ദൈവത്തിന്‍റെ അംഗീകാരം ലഭിക്കുന്നതെന്നുമൊക്കെയുള്ള യേശുവിന്‍റെ പ്രസ്താവനകള്‍ ദൈവരാജ്യത്തിന്‍റെ നയരേഖകളായി മാറി. അതിശക്തമായി വേരോട്ടമുള്ള യഹൂദമതവ്യവസ്ഥയുടെ നിഴല്‍പ്പാടില്‍ രൂപംകൊണ്ട, പുരോഗമനവും നവീകരണവും ഉന്നമിട്ടുള്ള ഒരു അവശിഷ്ടപ്രസ്ഥാനം ആണ് ക്രിസ്തുവിന്‍റെ പാത എന്ന് കരുതിയവര്‍ക്ക് മുമ്പുള്ള ഒന്നുമായി കലര്‍പ്പില്ലാത്ത, മുഖ്യധാരാപ്രസാഥാനങ്ങളാല്‍ മിശ്രിതമാകാത്ത, തികച്ചും നവീനവും ഏതര്‍ത്ഥത്തിലും നൂതനവും ആയ മാര്‍ഗ്ഗമാണ് അതെന്ന് വ്യക്തമായി തെളിയിക്കുന്ന വേദിയായി മാറി മത്തായിയുടെ വീട്ടിലെ അത്താഴവിരുന്ന്.
ദൈവരാജ്യത്തില്‍ ഒരിടം
“മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍” നമ്മുടെ മുമ്പില്‍ ഉയര്‍ത്തിവെക്കുന്ന ചില ചോദ്യങ്ങളുണ്ട്? ബോധ്യങ്ങള്‍ മാറ്റാന്‍ തയ്യാറുണ്ടോ എന്നതാണ് ആദ്യ ചോദ്യം. പണ്ട് ചെയ്തതും പരിചയിച്ചതും മാത്രമേ ചെയ്യൂ എന്ന നിലപാട് മാറ്റാം. യുക്തമായത് അംഗീകരിക്കാന്‍, ശരിയായത് ചെയ്യാന്‍ മനസ്സുണ്ടോ എന്ന് സ്വയം പരിശോധിക്കാം. തെറ്റിന്‍റെ വഴികള്‍ എത്ര ലാഭമുണ്ടാക്കിയാലും അവസാനം നഷ്ടത്തിലാകും ചെന്നെത്തുകയെന്ന് അംഗീകരിക്കുമോ എന്നതാണ് അടുത്ത ചോദ്യം. ശരിയായ കാര്യത്തിനായി സാഹസം ഏറ്റെടുക്കാന്‍ മനസ്സുണ്ടോ? ബന്ധങ്ങള്‍ പുന:ക്രമീകരിക്കാന്‍ തയ്യാറുണ്ടോ എന്നതാണ് അവസാനചോദ്യം.
വെറുമൊരു ചുങ്കംപരിവുകാരനായി ചരിത്ര വിസ്മൃതിയില്‍ മറയേണ്ടിയിരുന്ന മത്തായി എന്നു പേരുള്ള മനുഷ്യന് ദൈവരാജ്യത്തില്‍ നിലനില്‍ക്കുന്ന ഒരു പങ്ക് നല്‍കിയത് ഈ ചോദ്യങ്ങളോടുള്ള സാഹസികമായ പ്രതികരണങ്ങളായിരുന്നു. ജീവിതബോധ്യങ്ങള്‍ സംബന്ധിച്ച്, തൊഴില്‍ സംബന്ധിച്ച്, ബന്ധങ്ങള്‍ സംബന്ധിച്ച് അര്‍ത്ഥപൂര്‍ണ്ണമായ ചില തീരുമാനങ്ങള്‍ക്കു തയ്യാറാകുമെങ്കില്‍ നമ്മുടെ പേരുള്ള മനുഷ്യര്‍ക്കും ദൈവവരാജ്യചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു പങ്ക് ലഭിക്കുമെന്നുറപ്പാണ്.