തിരുവെഴുത്തുകളെ തിരിച്ചറിയുവാന്‍

ബൈബിളിന്‍റെ യഥാര്‍ത്ഥ സന്ദേശം മനസ്സിലാക്കുവാനുള്ള താക്കോല്‍ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനമാണ്.  യേശു ഉയിര്‍ത്തെഴുനേറ്റെങ്കില്‍ മരണം ജീവിതത്തന്‍റെ അവസാനമല്ല.        

“ഈ ബൈബിളല്ലേ അവര്‍ വായിക്കുന്നത്. എന്നിട്ട് എന്തുകൊണ്ടാണ് രക്ഷയുടെ സുവിശേഷം അവര്‍ക്കു മനസ്സിലാകാത്തത്? “പലരും ചോദിക്കുന്ന  ചോദ്യമാണിത്. രക്ഷിക്കപ്പെട്ടവര്‍ക്ക് വളരെ ലളിതമായിതോന്നുന്ന  സുവിശേഷം ചിന്തിക്കുന്ന മനുഷ്യര്‍ക്കുപോലും മറഞ്ഞിരിക്കുന്നത് സത്യത്തില്‍ വിസ്മയാവഹമാണ്.  സാരോപദേശങ്ങളും ജീവിതക്രമങ്ങളുമൊക്കെ പഠിപ്പിക്കുന്ന നല്ല ഗ്രന്ഥമായി ബൈബിളിനെ അവര്‍ കാണുന്നു. എന്നാല്‍ അതിലെ കൃപയുടെ സുവിശേഷവും അതു നല്‍കുന്ന പ്രത്യാശയുമെല്ലാം  അവര്‍ക്കു തീര്‍ത്തും ദുര്‍ഗ്രഹമായിരിക്കുന്നു.

    തിരുവെഴുത്തുകള്‍ എന്താണ് പറയുന്നതെന്ന് ഗ്രഹിക്കുവാന്‍ മുന്‍വിധികൂടാതെ ശ്രദ്ധിച്ചു വായിക്കുന്ന ആര്‍ക്കും കഴിഞ്ഞേക്കാം. എന്നാല്‍ അത് സത്യമാണെന്ന്  ഗ്രഹിക്കുന്നത് ഭാഷാപരിജ്ഞാനത്തിന്‍റെയോ ബുദ്ധിവൈഭവത്തിന്‍റെയോ മാത്രം കാര്യമല്ല പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണ്. ദൈവം ഹൃദയം തുറക്കാതെ ദൈവവചനത്തിലെ യഥാര്‍ത്ഥ സന്ദേശം ആര്‍ക്കും ഗ്രഹിക്കുവാന്‍ കഴിയുകയില്ല. അതുകൊണ്ട്തന്നെയാണ് അത് ഒരേസമയം പ്രയാസകരവും എളുപ്പവുമാരിക്കുന്നത്; സുവിശേഷസന്ദേശം ലോകത്തിലെ ബുദ്ധിമാന്മാര്‍ക്ക് ദുരൂഹമായിരിക്കുമ്പോള്‍ ശിശുക്കള്‍ക്കുപോലും  മനസ്സിലാകുന്നതിന്‍റെ രഹസ്യം അതാണ്.

    ലൂക്കോസിന്‍റെ സുവിശേഷം 24: 44-45 വാക്യങ്ങള്‍ നാമിങ്ങനെ വായിക്കുന്നു. “പിന്നെ അവന്‍ അവരോട്, ഇതാകുന്നു നിങ്ങളോടുകൂടിയിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്ക്. മോശയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നെ എന്നു പറഞ്ഞു. തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവന്‍ അവരുടെ ബുദ്ധിയെ തുറന്നു.”  

മരണത്തിന്‍റെ മുമ്പില്‍

      മൂന്നര വര്‍ഷത്തോളം യേശുവിന്‍റെ ഉപദേശം കേട്ട അപ്പൊസ്തലന്മാര്‍ക്കും ക്രിസ്തുവിന്‍റെ സന്ദേശത്തിന്‍റെ പൊരുള്‍ വ്യക്തമായിരുന്നില്ല. അവിടന്ന് പ്രസംഗിച്ച രാജ്യം ഈലോകപ്രകാരമുള്ള ഒരു വ്യവസ്ഥിതിയാണെന്നും  റോമിന്‍റെ അടിമത്തം അവസാനിപ്പിച്ച് ദാവീദിന് തുല്ല്യമായ ഒരു സാമ്രാജ്യം സ്ഥാപിക്കുമെന്നും അവര്‍  പ്രതീക്ഷിച്ചു. ആ രാജ്യത്തിന്‍റെ മഹത്വത്തെയും അതിലവര്‍ക്കു  ലഭിക്കാനിരിക്കുന്ന പദവികളെയും സംബന്ധിച്ച എന്തെന്തു പ്രതീക്ഷകളാണ് അവര്‍ക്ക് ഉണ്ടായിരുന്നത്!  അതുകൊണ്ട് തന്നെയാണ് ക്രിസ്തുവിന്‍റെ മരണം അവരുടെ സ്വപ്നങ്ങള്‍ക്കേറ്റ തിരിച്ചടിയായി അവര്‍ക്ക് അനുഭവപ്പെട്ടത്. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ വാക്കുകളില്‍ ഈ നിരാശ വ്യക്തമാണ്. “മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കേല്‍പ്പിച്ച് ക്രൂശിച്ചു. ഞങ്ങളോ അവന്‍ ഇസ്രയേലിനെ വീണ്ടെടുപ്പാനുള്ളവന്‍ എന്ന് ആശിച്ചിരുന്നു” (ലൂക്കോസ് 24: 22, 23). ദൈവരാജ്യം സ്ഥാപിക്കുമെന്ന് വിശ്വസിച്ച്  യെരൂശലേമിലേക്ക് യേശുവിനെ അനുഗമിച്ചവരാണവര്‍. അവന്‍റെ ജീവന്‍ ക്രൂശില്‍ പൊലിഞ്ഞതോടെ അവരുടെ പ്രതീക്ഷകളും പൊലിഞ്ഞു. മരണമെന്ന യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ തകര്‍ന്നടിഞ്ഞ ഒരു സ്വപ്ന കൂമ്പാരവുമായി   സ്വന്തം ദുരിതജീവിതങ്ങളിലേക്കവര്‍ മ്ലാനമായി മടങ്ങിപ്പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. 

      ലോകപ്രകാരം ക്രിസ്തുവിനെ അനുഗമിക്കുന്ന ഏതൊരു മനുഷ്യന്‍റെയും ചിത്രമാണിത്. കാരണം ലോകത്തിന്‍റെ കാഴ്ചയില്‍  ക്രിസ്തുവിന്‍റെ അന്ത്യം കാല്‍വരി ക്രൂശാണ്;    അതിനപ്പുറം അവനൊരു ചരിത്രം കാണാത്തിടത്തോളം ക്രിസ്തുവിനെ അനുഗമിക്കുന്നത് അവര്‍ക്കൊരു നഷ്ടക്കച്ചവടമാണ്. ഈ ലോകപ്രകാരമുള്ള നേട്ടങ്ങളൊന്നും  അവിടുന്ന് വാഗ്ദാനം ചെയ്യുന്നില്ല എന്നു മാത്രമല്ല   അവനെ അനുഗമിക്കുകയെന്നാല്‍  സ്വന്തം ക്രൂശുമെടുത്ത് അനുഗമിക്കുകയെന്നാണ്. അതായത് ക്രിസ്തു വാഗ്ദാനം ചെയ്യുന്നതു തന്നെ ഫലത്തില്‍ മരണമാണ്. അതുകൊണ്ട് ഈ ലോകത്തിന്‍റെ അളവുകോലുകള്‍ വെച്ചാണ് ക്രിസ്തുവിനെ അളക്കുന്നതെങ്കില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതില്‍ അര്‍ത്ഥമില്ല. 

    ക്രിസ്തുവിന്‍റെജീവചരിത്രത്തിന്ക്രൂശിനപ്പുറംഒരദ്ധ്യായമില്ലായിരുന്നെങ്കില്‍ എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരെപ്പോലെ മടങ്ങിപ്പോകുന്നതായിരുന്നു എല്ലാവര്‍ക്കും നല്ലത്. കാരണം എല്ലാവരേയും പോലെ മരണം അവരെയും പരാജയപ്പെടുത്തുമെന്നു മാത്രമല്ല ഈ ലോകത്തിലും കാര്യമായ പ്രയോജനമൊന്നും അവര്‍ക്കു ലഭിക്കുമായിരുന്നില്ല.  പൗലോസ് കൊരിന്ത്യര്‍ക്ക് എഴുതിയതുപോലെ “നാം ഈ ആയുസ്സില്‍ മാത്രം ക്രിസ്തുവില്‍ പ്രത്യാശവെച്ചിരുക്കുന്നു എങ്കില്‍ ശേഷം മനുഷ്യരിലും അരിഷ്ടന്മാരത്രേ.”(1 കൊരി 15:19) എന്നാല്‍ ശിഷ്യന്മാരുടെ  ജീവിതദര്‍ശനത്തെ ആകമാനം വ്യത്യാസപ്പെടുത്തിയ ഒരു ഘടനാവ്യതിയാനമായിരുന്നു (paradigm shift) പുനരുത്ഥാനസംഭവം.   

പുനരുത്ഥാനം

      “ഇതാകുന്നു നിങ്ങളോടുകൂടിയിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞത്.ڈ “ക്രിസ്തു കഷ്ടതകള്‍ അനുഭവിച്ചശേഷം ഉയിര്‍ത്തെഴുനേല്‍ക്കുമെന്ന സത്യമാണ് പരസ്യശുശ്രൂഷയുടെ നാളുകളില്‍ അപ്പൊസ്തലന്മാരോട് അവിടുന്ന്     ആവര്‍ത്തിച്ച് പറഞ്ഞിരുന്നതും ഇപ്പോള്‍ അവര്‍ക്ക് വ്യക്തമായിരിക്കുന്നതും.(മത്താ 16:21; 17:22-23; 20:18-19)  ക്രിസ്തുവിനെ സംബന്ധിച്ച പഴയനിയമ പ്രവചനങ്ങളുടെ രത്നചുരുക്കവും അതുതന്നെയാണ് എന്ന് അവര്‍ ഗ്രഹിക്കാത്തതിലെ ബുദ്ധിഹീനതയും കര്‍ത്താവ് അവര്‍ക്ക് ചൂണ്ടിക്കാട്ടി. “അയ്യോ ബുദ്ധിഹീനരേ പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ട് തന്‍റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ?.”   പുനരുത്ഥാനശേഷം കര്‍ത്താവ് ഭൂമിയിലുണ്ടായിരുന്ന നാല്‍പ്പതു ദിവസങ്ങള്‍ അവിടുന്നു ചെയ്തതും അതുതന്നെയായിരിുന്നു; ക്രിസ്തു കഷ്ടം അനുഭവിച്ചു മരിക്കുകയും മൂന്നാംനാള്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുനേല്‍ക്കുയും ചെയ്തു എന്ന് ശിഷ്യന്മാര്‍ക്ക് അസന്നിഗ്ദമായി തെളിയിച്ചുകൊടുത്തു. “താന്‍ കഷ്ടമനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്  താന്‍ ജീവിച്ചിരുക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്ക് കാണിച്ചുകൊടത്തു.” (പ്രവ 1:2-3) മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്ന യാഥാര്‍ത്ഥ്യം കര്‍ത്താവ് സംശയത്തിനിടയില്ലാത്തവിധം തെളിയിച്ചുകൊടുത്തതില്‍നിന്നും ക്രിസ്തീയസന്ദേശത്തില്‍ പുനരുത്ഥാനത്തിനുള്ള കേന്ദ്രപ്രാധാന്യമാണ് വ്യക്തമാകുന്നത്. 

യേശു തന്നെ മശിഹ

    യേശു മശിഹയണെന്നുള്ള അനിഷേധ്യമായ തെളിവ് അവിടുത്തെ പുനരുത്ഥാനമായിരുന്നു. അവിടുത്തെ അധികാരം സംബന്ധിച്ച് തെളിവ് ചോദിച്ച യഹൂദന്മാരോട് കര്‍ത്താവ് പറഞ്ഞു: “ഈ മന്ദിരംപൊളിപ്പിന്‍ മൂന്ന് ദിവസംകൊണ്ട് ഞാനതിനെ പണിയും”  യെരൂശലേം ദേവാലയത്തിന്‍റെ പുനസൃഷ്ടിയെക്കുറിച്ചല്ല അവിടുന്ന് പറഞ്ഞത്; അവിടത്തെ ക്രൂശുമരണത്തെയും തേജസ്സോടെയുള്ള പുനരുത്ഥാനത്തെയും സംബന്ധിച്ചാണ്. “അവന്‍ ഇതു പറഞ്ഞു എന്ന് അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുനേറ്റശേഷം ശിഷ്യന്മാര്‍ ഓര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.” (യോഹ2:19-22)  അതുപോലെ അവിടുന്ന് പറഞ്ഞു “യോനാപ്രവാചകന്‍റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റില്‍ മൂന്നുരാവും മൂന്നുപകലും ഇരുന്നതുപോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും”.(മത്താ 12 39-40) യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടാതെ ആര്‍ക്കും യേശുവിനെ ക്രിസ്തു(മശിഹാ) എന്ന് മനസ്സിലാവുകയില്ല. 

    യഹൂദന്‍മാര്‍ക്കു മാത്രമല്ല ശിഷ്യന്മാര്‍ക്കും യേശു ഒരു ദുരൂഹതയായിരുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, അവന്‍ വാഗ്ദാനം ചെയ്യുന്ന ദൈവരാജ്യം എന്താണ് എന്നതൊന്നും അവര്‍ക്കു വ്യക്തമായിരുന്നില്ല. “നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു. നീ ക്രിസ്തുവാണെങ്കില്‍ സ്പഷ്ടമായി ഞങ്ങളോട് പറയുക” (യോഹ 10:24). പീലാത്തോസ് അഭിമുഖീകരിച്ച പ്രശ്നവും അതുതന്നെ; യേശു  രാജാവു തന്നെയോ, ആണെങ്കില്‍ ഏതാണു അവന്‍റെ രാജ്യം? അവന്‍റെ രാജ്യം ഐഹികമല്ലെന്നും, ആയിരുന്നുവെങ്കില്‍ ഈലോകപ്രകാരം അവന്‍റെ ആളുകള്‍ പോരാടുമായിരുന്നു എന്നുമുള്ള കര്‍ത്താവിന്‍റെ പ്രതികരണം പിലാത്തൊസിന്‍റെ ധാരണകള്‍ക്കതീതമായിരുന്നു. അതുപോലെ യേശു യെരൂശലേമിലേക്ക് പ്രവേശിക്കുന്ന സമയം ശിഷ്യന്മാര്‍ പ്രതിക്ഷിച്ചു ദൈവരാജ്യം ഉടന്‍ വെളിപ്പെടുമെന്ന്. എന്നാല്‍ ദാവീദിന്‍റെ സിംഹാസനത്തില്‍ ഇരിക്കുമെന്ന് സകല പ്രതിക്ഷയും വെച്ചവന്‍ ക്രുശില്‍ പിടഞ്ഞു മരിച്ചത് അവര്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു.  ഈവക സംശയങ്ങള്‍ക്കെല്ലാമുള്ള സമഗ്രമായ ഉത്തരമായിരുന്നു യേശുവിന്‍റെ പുനരുത്ഥാനം. 

    പുനരുത്ഥാനത്തിന്‍റെ ഈ ദര്‍ശനം യേശുതന്നെ ക്രിസ്തു എന്ന് പ്രസംഗിക്കുവാന്‍ അപ്പൊസ്തലന്മാരെ ധൈര്യപ്പെടുത്തുന്നതാണ് പ്രവര്‍ത്തികളില്‍ പിന്നീട് നാം കാണുന്നത്.  “ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. അതിനു ഞങ്ങള്‍ എല്ലാവരും സാക്ഷികളാകുന്നു…..  നിങ്ങള്‍ ക്രൂശിച്ചുകൊന്ന ഈ യേശുവിനെത്തന്നെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കി വെച്ചു എന്ന്  യിസ്രയേല്‍ ഗൃഹം മുഴുവനും അറിഞ്ഞുകൊള്ളട്ടെ” (പ്രവ 2:32, 36)റോമന്‍പടയാളികള്‍ ക്രൂശിച്ചുകൊന്ന നസറായനായ യേശു ഉയിര്‍ത്തെഴുന്നേറ്റു ജീവിക്കുന്നു എന്ന അനിഷേധ്യമായ ദര്‍ശനം തന്നെയാണ് പൗലോസിനെ യേശുതന്നെ ക്രിസ്തു എന്ന് പ്രസംഗിക്കുവാന്‍ നിര്‍ബന്ധിച്ചത്. “ശൗലോ മേല്‍ക്കുമേല്‍ ശക്തിപ്രാപിച്ച് യേശുതന്നെ ക്രിസ്തു എന്ന് തെളിയിച്ച് ദമസ്കൊസില്‍ പാര്‍ക്കുന്ന യഹൂദന്മാരെ മിണ്ടാതാക്കി.”(പ്രവ9:22) അന്നെന്നപോലെ ഇന്നും യേശുവിനെ ക്രിസ്തു എന്ന് അംഗീകരിക്കുവാന്‍ പുനരുത്ഥാനത്തിന്‍റെ ദര്‍ശനം കൂടാതെ ആര്‍ക്കും കഴിയുകയില്ല. 

പുതിയ ലോകം

    യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ വെളിച്ചത്തിലാണ്  ബൈബിളിന്‍റെ ലോകവിക്ഷണ ത്തിന്‍റെ അര്‍ത്ഥവ്യാപ്തി നമുക്ക് മനസ്സിലാവുന്നത്. ഒന്നാമതായി മനുഷ്യജീവിതത്തിന് മരണത്തിനപ്പുറത്തേക്ക് നീളുന്ന ഒരു നിലനില്‍പ്പുണ്ടെന്ന് പുനരുത്ഥാനം തെളിയിക്കുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവന് മരണം അവസാനമല്ല. അത് അനശ്വരമായ ഒരു പുതുജീവിതത്തിലേക്കുള്ള വാതില്‍മാത്രമാണ്.  നിത്യജീവന്‍ എന്നത് ഓര്‍മ്മയില്‍ നിലനില്‍ക്കുന്നതോ, ആത്മാവു നിലനില്‍ക്കുന്നതോ അല്ല വ്യക്തി പുതുശരീരത്തോടെ വ്യക്തിയായിത്തന്നെ നിലനില്‍ക്കുന്നതാണ്. പാപം ആത്മാവിലും  ശരീരത്തിലും വരുത്തിയ ജീര്‍ണ്ണതകള്‍ മാറി നാം ശരീരാത്മദേഹികളായ വ്യക്തിത്വങ്ങളായി തേജസ്സോടെ ജീവിക്കുന്ന ഒരു പുതിയ വ്യവസ്ഥിതിയാണ് പുനരുത്ഥാനലോകം. ആ ലോകം നാമാരും കണ്ടിട്ടില്ലെങ്കിലും യേശുവിന്‍റെ പുനരുത്ഥാനതേജസ്സ് അതിന്‍റെ അവിതര്‍ക്കിതമായ ഉറപ്പായി അപ്പൊസ്തലന്മാര്‍ കണ്ടു.

    ക്രിസ്തുവാഗ്ദാനം ചെയ്തവയെല്ലാം യാഥാര്‍ത്ഥ്യമാകുന്നത് നീങ്ങിപ്പോകുവാനുള്ള ഈ ലോകത്തിലല്ല വരുവാനുള്ള ലോകത്തിലാണ് എന്ന് പുനരുത്ഥാനം തെളിയിക്കുന്നു. പുനരുത്ഥാന ലോകത്തെക്കുറിച്ച് കര്‍ത്താവ് പറഞ്ഞത് ലൂക്കോസ് 20:35-36 ല്‍ വായിക്കുന്നു.”എങ്കിലും ആ ലോകത്തിനും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവര്‍ വിവാഹ കഴിക്കയുമില്ല വിവാഹത്തിനു കൊടുക്കപ്പെടുകയിമില്ല.; അവര്‍ക്കിനി മരിപ്പാനും കഴികയില്ല. അവര്‍ പുനരുത്ഥാനപുത്രന്മാരാകയാല്‍ ദൈവദൂതതുല്ല്യരും ദൈവപുത്രന്മാരുമാകുന്നു.” നമ്മുടെ മര്‍ത്യശരീരവും പുനരുത്ഥാനശരീരവും തമ്മിലുള്ള വ്യത്യാസവും ബന്ധവും എങ്ങനെയോ അങ്ങനെതന്നെയാണ് ഈലോകവും വരുവാനുള്ളലോകവും തമ്മിലുള്ള ബന്ധവും വ്യത്യാസവും എന്ന് ചിന്തിക്കാം. മര്‍ത്യമായത്  വിതക്കപ്പെടുന്നു. അമര്‍ത്ത്യമായത് വിളയുന്നു. (1കൊരി15:36-37) “ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ല എങ്കില്‍ അതു തനിയെ ഇരിക്കുന്നു. ചത്തു എങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കുന്നു.”  ഈ ലോകപ്രകാരമുള്ള നാം മരിക്കുമ്പോള്‍ പുതിയ ലോകത്തിലേക്ക് നാം പുനര്‍ജനിക്കുന്നു. 

പുതിയ കാഴ്ച

     യേശുവിന്‍റെ ഉയിര്‍പ്പ് ഒരു പുതിയ ലോകത്തിലേക്ക് ശിഷ്യന്മാരുടെ കണ്ണുകളെ തുറന്നു വെച്ച ഒരു വാതിലായിരുന്നു. ആ വെളിച്ചത്തിലാണ് പിന്നീട് അവര്‍ എല്ലാം കണ്ടത്. ജീവിതത്തെയും മരണത്തെയും ജയപരാജയങ്ങളെയുമെല്ലാം അവര്‍ ആ വെളിച്ചത്തില്‍ പുനര്‍നിര്‍വചിച്ചതാണ് പുതിയ നിയമത്തിന്‍റെ സന്ദേശം. 

    ക്രിസ്തുവിന്‍റെ ഉയിര്‍പ്പ് ശിഷ്യന്മാരുടെ ലോകവീക്ഷണത്തില്‍ വരുത്തിയ സമഗ്ര പരിവര്‍ത്തനത്തെക്കുറിച്ച് പൗലോസ് കൊരിന്ത്യര്‍ക്ക് എഴുതി:”ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഢപ്രകാരം അറിയുന്നില്ല;  ക്രിസ്തുവിനെ ജഢപ്രകാരം അറിഞ്ഞു 

എങ്കിലും ഇനിമേല്‍ അങ്ങനെ അറിയുന്നില്ല.”  ഈ ലോകത്തിന്‍റെ കണ്ണുകളിലൂടെയാണ് അവര്‍ എല്ലാവരേയും കണ്ടിരുന്നത്. അവരുടെ വിലയിരുത്തലുകള്‍ ലോകത്തിന്‍റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായിരുന്നു. ക്രിസ്തുവിനെയും അവിടുത്തെ രാജ്യത്തെയും അങ്ങനെതന്നെയാണ് അവര്‍ കണ്ടിരുന്നത്. ഈലോകപ്രകാരം ഒരു യിസ്രയേല്‍രാജ്യം സ്ഥാപിച്ച്  മശിഹാ അന്നത്തെ യരൂശലേമില്‍ ഒരു മഹാരാജാവായി വാഴുമെന്ന ധാരണയായിരുന്നു യഹൂദരെന്നനിലയില്‍ അവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ക്രിസ്തു വെറുമൊരു ഭൗമികരാജാവല്ല എന്നും അവിടുത്തെ രാജ്യം ഈ ലോകരാജ്യങ്ങള്‍പോലെയുള്ള     ഒന്നല്ല എന്നുമുള്ള ബോധ്യമാണ് പുനരുത്ഥാനം അവര്‍ക്കു നല്‍കിയത്.  ആ തിരിച്ചറിവില്‍നിന്നാണ് അവര്‍ പുതിയ നിയമം എഴുതിയത്. ആ തിരിച്ചറിവു തന്നെയാണ്   ആര്‍ക്കും എക്കാലവും പുതിയനിയമം മനസ്സിലാകുവാനുള്ള താക്കോല്‍. അതില്ലാതെ ക്രിസ്തുവിനെ ജഢപ്രകാരംമാത്രം ഇന്നും കാണുന്നവര്‍ക്ക് ബൈബിളിലെ യഥാര്‍ത്ഥ സത്യങ്ങളെ ഗ്രഹിക്കുവാന്‍ കഴിയുകയില്ല. 

    ഐഹികമല്ലാത്ത ഒരു രാജ്യമാണ് നമ്മുടെ അവകാശദേശമെന്ന അറിവ് ലോകത്തോടുള്ള നമ്മുടെ ബന്ധത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുന്നു.  ഈ ലോകത്തില്‍ മനുഷ്യര്‍ വിലയേറിയതെന്ന് കരുതുന്നവയെല്ലാം നമക്കു ലഭിക്കാനുള്ളതിനോട് താരതമ്യം ചെയ്താല്‍ നിസ്സരമായിത്തീരുന്നു.   കുട്ടികള്‍ ഉണ്ടാക്കുന്ന കളിവീടുകളും അവരുടെ മാതാപിതാക്കള്‍ നിര്‍മ്മിക്കുന്ന ഭവനങ്ങളും തമ്മിലുള്ള അന്തരം എത്ര വലുതാണ്. അങ്ങനെയായാല്‍ മാനുഷികരാജ്യങ്ങളും ദൈവരാജ്യവും  തമ്മിലുള്ള അന്തരം വര്‍ണ്ണനാതീതമായിരിക്കും. ഈ വ്യത്യാസം ഗ്രഹിച്ചാണ് പൗലോസ് എഴതുന്നത്: “….ഇങ്ങനെ വല്ലവിധേനയും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നുവച്ച് ഞാന്‍ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ച് ചവറ് എന്ന് എണ്ണുന്നു.” (ഫിലി 3:11) മരണത്തിനപ്പുറം ഒരു പുനരുതത്ഥാനമുണ്ടെങ്കില്‍ മരണത്തിനിപ്പുറമുള്ള മഹത്വങ്ങളെല്ലാം ചവറാണ്. ഈ സ്വര്‍ഗ്ഗീയ ദര്‍ശനം ലഭിക്കാത്തവര്‍ ലോകത്തിനായി ജീവിക്കുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ ദൈവരാജ്യത്തിന് അവകാശികളാണെന്നുറപ്പാക്കിയിട്ടും ഈ ലോകത്തിനായി പിടിവലി കൂടുന്നത് വിരോധാഭാസം തന്നെ.    

പുനരുത്ഥാനത്തിന് സാക്ഷികള്‍

    പുനരുത്ഥാനത്തിന്‍റെ സാക്ഷികളായാണ് അപ്പൊസ്തലന്മാരെ ക്രിസ്തു ലോകത്തിലേക്കയച്ചത്. “എന്നാല്‍ പരിശുദ്ധാത്മാവ് വരുമ്പോള്‍ നിങ്ങള്‍ ശക്തിലഭിച്ചിട്ട് യരുശലേമിലും യഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എനിക്ക് സാക്ഷികള്‍ ആകും”യേശുവിന്‍റെ സാക്ഷ്യം ദൈവരൂപത്തിലിരുന്നവന്‍ ക്രൂശിലെ മരണത്തോളം തന്നെത്താന്‍ താഴ്ത്തി മനുഷ്യന്‍റെ പാപത്തിന് പ്രായശ്ചിത്തയാഗമായതിന്‍റെ മാത്രം സാക്ഷ്യമല്ല.   യേശുവിന്‍റെ സാക്ഷ്യം  ദൈവം ആ യേശുവിനെ ഏറ്റവും ഉയര്‍ത്തി അവനില്‍ സര്‍വ്വസമ്പൂര്‍ണ്ണതയും വസിക്കുംവിധം അവനെ പുതുസൃഷ്ടിയുടെ ആധാരമാക്കിയതിന്‍റെകൂടി സാക്ഷ്യമാണ്. 

    പുനരുത്ഥാനത്തിന്‍റെ സാക്ഷ്യം  എന്നത് പുനരുത്ഥാനത്തില്‍ യാഥാര്‍ത്ഥ്യമായ ദൈവരാജ്യത്തിന്‍റെ ആഗമനത്തെക്കുറിച്ചുള്ള വിളംബരമാണ്. ദൈവപുത്രന്‍ ലോകത്തിലേക്കു വന്നതാണ് ദൈവരാജ്യത്തിന്‍റെ ലോകത്തിലേക്കുള്ള വരവ്. അതുകൊണ്ടാണ് ദൈവരാജ്യം അന്വേഷിച്ചവരോട് ക്രിസ്തു പറഞ്ഞത്: “ദൈവരാജ്യം നിങ്ങളുടെയിടയില്‍ തന്നെയുണ്ടല്ലോ.” (ലൂക്കോസ് 17: 20-21). അവിടുത്തെ പാപപരിഹാരയാഗമാണ് ദൈവരാജ്യം സമാഗതമാകുന്നതിന് ദൈവം നല്‍കിയ വില. യേശുക്രിസ്തുവിന്‍റെ മഹത്വത്തോടെയുള്ള ഉയിര്‍ത്തെഴുനേല്‍പ്പോടെ  ദൈവരാജ്യം ഉല്‍ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു.  മനുഷ്യന്‍ എന്നേക്കും തേജസ്സോടെ ജീവിക്കുന്ന പുതിയ വ്യവസ്ഥിതി അവിടെ ആരംഭിച്ചിരിക്കുന്നു എന്നുമാത്രമല്ല ആ രാജ്യത്തോട് ചേരുവാനുള്ള അവസരം സകലര്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്നു. പെന്തക്കോസ്ത് നാളില്‍ സവിശേഷമായി വെളിപ്പെട്ട പരിശുദ്ധാത്മവ്യാപാരമാണ് ദൈവരാജ്യത്തിന്‍റെ ശക്തി.(മത്ത.12:28)   

    മനുഷ്യനുവേണ്ടി ദൈവം ക്രിസ്തുവില്‍ സാധ്യമാക്കുന്ന നിത്യപരിപാടിയാണ് ദൈവരാജ്യം. ക്രിസ്തുവില്‍ പുതുതാക്കപ്പെട്ട ദൈവജനവും, ദൈവജനത്തോടുള്ള ദൈവകൃപയുടെ അനന്തമായ ഇടപെടലുകളും, ദൈവമക്കളുടെ വെളിപ്പാടിനോടൊപ്പം തേജസ്സുപ്രാപിക്കാനിരിക്കുന്ന പ്രപഞ്ചസംവിധാനങ്ങളും ഉള്‍പ്പെടുന്ന പുതിയ ലോകവ്യവസ്ഥിതിയാണത്. ആദമില്‍ വീണുപോയ പഴയസൃഷ്ടി നാശത്തിനടുത്തിരിക്കുന്നു. എന്നാല്‍ ആ സ്ഥാനത്ത് യേശുക്രിസ്തുവില്‍ ദൈവരാജ്യം പുതുതായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. യോഹന്നാന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ പുതുതായി ജനിച്ചവര്‍ ആ ദൈവരാജ്യത്തിലേക്കു കടന്നിരിക്കുന്നു,(യോഹ3:3)  അഥവാ ദൈവത്തിന്‍റെ രാജ്യമായിത്തിരുന്നു.(വെളി1:4)   പൗലോസിന്‍റെ വാക്കുകളില്‍ മാനസാന്തരപ്പെട്ട് ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏവരും ഇരുട്ടിന്‍റെ അധികാരത്തില്‍നിന്ന് മാറി  സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലായിരിക്കുന്നു.(കൊലോ1:13)”ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി. ഇതാ സകലവും പുതുതായിത്തീര്‍ന്നിരിക്കുന്നു.”(2 കൊരി 5:17)

    “അപ്പൊസ്തലന്‍മാര്‍ മഹാശക്തിയോടെ യേശുവിന്‍റെ പുനരുത്ഥാനത്തിന് സാക്ഷ്യം പറഞ്ഞു വന്നു”(പ്രവ4:33) ആ സാക്ഷ്യമാണ് ഭൂഖണ്ഡങ്ങള്‍ കടന്ന്, നൂറ്റാണ്ടുകള്‍ കടന്ന് ഭാഷകളുടയും സംസ്കാരങ്ങളുടെയും പ്രതിബന്ധങ്ങളെ തരണംചെയ്ത് നമ്മുടെ കാതുകളിലും എത്തിയതും, നാം വിശ്വസിച്ചതും. ലോകം കേട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രതീക്ഷാനിര്‍ഭരമായ സന്ദേശം.  മരണത്തിന്‍റെ ലോകത്തിനപ്പുറത്ത് മരണമില്ലാത്ത ഒരു ജീവിതമുണ്ട്.   ദുഖത്തിന്‍റെ നാളുകള്‍ക്കുപ്പുറത്ത് സന്തോഷത്തിന്‍റെ  ഒരു നിത്യതയുണ്ട്. അശാന്തിയുടെ ഈ തിരമാലകള്‍ക്കൊടുവില്‍ ശാന്തതയുടെ ഒരു ശുഭതീരമുണ്ട്.    കാരണം യേശുക്രിസ്തു മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റു ജീവിക്കുന്നു.  ആ സാക്ഷ്യം തന്നെയാണ് മരണത്തിന്‍റെ അനന്തമായ ഇരുട്ടിലേക്ക് നിരാശരായി നടന്നുപോകുന്ന ലോകത്തോട് നമുക്കും അഭിമാനപൂര്‍വ്വം   ഏറ്റുപറയാനുള്ളത്. യേശുക്രിസ്തു ഉയിര്‍ത്തെഴുനേറ്റു ജീവിക്കുന്നു. അതുകൊണ്ട് ആരും എന്നേക്കുമായി മരിക്കണ്ടതില്ല. “ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കുകയില്ല.”

Joseph Panachiyil
Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular