വിദഗ്ദ്ധനായ ആശാരിയായിരുന്നു രാഘവന്. ചെറു പ്രായത്തില്‍ സ്വന്തം നാടും ഗ്രാമവും വിട്ട് പ്രമുഖ നഗരത്തിലേക്ക് ജോലി തേടി കുടിയേറിയ വ്യക്തി. ജോലിയില്‍ മികവ് പുലര്‍ത്തി. പുതിയ സങ്കേതങ്ങള്‍ പരീക്ഷിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു. അങ്ങനെ ഒരു പ്രമുഖ ഭവന നിര്‍മ്മാണ കമ്പനിയുടെ മുഖ്യ ആശാരിയായി അയാള്‍ മാറി. നല്ല മരം തെരഞ്ഞെടുത്ത്, താമസക്കാരുടെ ആവശ്യങ്ങളും അഭിരുചികളും മനസ്സിലാക്കി, ശ്രദ്ധാപൂര്‍വ്വം മേല്‍നോട്ടം നല്കി രാഘവന് പണിത വീടുകളും വീട്ടുപകരണങ്ങളും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കമ്പനിക്കും രാഘവന് വളരെ വിലപ്പെട്ട ജീവനക്കാരനായിരുന്നു.
അവസാനം ജോലിയില്‍നിന്നും വിരമിക്കേണ്ട കാലമായി. അദ്ധ്വാനവും സമര്‍പ്പണവും നിറഞ്ഞ തിരക്കുള്ളജോലിയില് നിന്നും വിടുതല്‍നേടി നാട്ടിലെത്തി വിശ്രമജീവിതം നയിക്കണം- ഇതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. എന്നാല്‍ കമ്പനി അദ്ദേഹത്തോട് ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു- വിരമിക്കുന്നതിനുമുമ്പ് ഒരു വീടുകൂടി പണിത് ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കണം. എത്രയും വേഗം നാട്ടിലേക്ക് പോകാനുള്ള പദ്ധതിക്ക് തടസ്സം നേരിട്ടതില്‍ രാഘവന് വിഷമം തോന്നി. എങ്കിലും വൈമനസ്യത്തോടെ അവസാന ചുമതലയും ഏറ്റെടുത്തു. എന്നാല്‍ അതുവരെ ചെയ്തതുപോലുള്ളസമര്പ്പണം അവസാനനിര്മ്മിതിയില് അദ്ദേഹം കാണിച്ചില്ല. രാഘവന് ഉഴപ്പിയതോടെ മറ്റു പണിക്കാരും ഉഴപ്പി.
അവസാനം എങ്ങനെയൊക്കെയോ പണിതീര്ത്തുപോകാന് അനുമതിതേടിയ രാഘവനെ ഞെട്ടിച്ചുകൊണ്ട് കമ്പനി ഒരു പ്രഖ്യാപനം നടത്തി. ഇത്രയും കാലത്തെ വിശ്വസ്തതയും മികവേറിയതുമായപ്രവര്ത്തനത്തിന് പ്രതിഫലമായി അവസാനം പണിതവീട് അദ്ദേഹത്തിന് സമ്മാനമായി നല്കുന്നു!
രാഘവന് ഞെട്ടിപ്പോയി. ഒരു ഭാഗത്ത്, ആ വലിയ പട്ടണത്തില്‍ ഒരു വീട് ലഭിച്ചതിലുള്ള സന്തോഷം. മറുവശത്ത്, സ്വന്തമായി താമസിക്കുവാന്‍ ലഭിക്കുമെന്നറിഞ്ഞിരുന്നുവെങ്കില് ഇതിലുമെത്രയോ നന്നായി പണിയാമായിരുന്നു എന്ന സങ്കടം.
ഏതു ജോലിയും സ്വന്തജോലിപോലെ, സ്വന്തം ആവശ്യമെന്നപോലെ ചെയ്താല്‍ ഒരിക്കലും സങ്കടപ്പെടേണ്ടി വരികയില്ല.