സാമ്പത്തിക അസമത്വം – അലോസരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍

സാമ്പത്തിക അസമത്വം- അലോസരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഇന്ത്യയില്‍ ഇന്നുള്ള ആകെ ജനസംഖ്യ 100 ആണെന്നിരിക്കട്ടെ.  എങ്കില്‍ ഇന്ത്യയിലെ സമ്പത്തിന്റെ നേര്‍ പകുതി അതിസമ്പന്നനായ ഒരു വ്യക്തിയുടെ കൈവശമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ മുക്കാല്‍ പങ്കും ഈ ഒരു വ്യക്തിയുടെ കൈവശമാണ്. അതുപോലെ ഇന്ത്യയിലെ ആകെ സമ്പത്ത് 100 രൂപ ആണെന്നിരിക്കട്ടെ. എങ്കില്‍ താഴ്ന്ന വരുമാനക്കാരായ ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയുടെ ആകെ സമ്പാദ്യം വെറും നാല് രൂപാ മാത്രമാണ്. തീര്‍ന്നില്ല, കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്തുണ്ടായ സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ് ഇവര്‍ക്കിടയില്‍ വീതിക്കപ്പെട്ടത്.

കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യ 17 പുതിയ ശത കോടീശ്വരന്മാരെ സൃഷ്ടിച്ചു. ഇനി അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഓരോ ദിവസവും 70 പുതിയ മില്യണയര്‍മാര്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകള്‍. ശതകോടീശ്വരന്മാരുടെ വര്‍ദ്ധിച്ചുവരുന്ന സമ്പത്ത് രാജ്യത്തെ സമ്പത്ത് വര്‍ദ്ധിക്കുന്നതിന്‍റെ സൂചകമാണ്; ഒപ്പം സാമൂഹ്യസാമ്പത്തിക വ്യവസ്ഥ ദുര്‍ബ്ബലമാകുന്നതിന്‍റെയും. സമ്പത്ത് പരമ്പരാഗതമായി കൈമാറ്റം ചെയ്തുവരുന്നത് രോഗാതുരമായ സാമൂഹ്യസാമ്പത്തിക സാഹചര്യത്തിന്‍റെ സൃഷ്ടിയായാണ് കരുതപ്പെടുന്നത്. ആധുനിക രാജ്യങ്ങള്‍ ഇതിനെ തടയാന്‍ ശ്രമിച്ചുപോരുന്നുണ്ട്.

സമ്പത്ത് നിയമാനുസൃതവും സ്വയാര്‍ജ്ജിതവും ആവണം. എന്നാല്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മൂന്നിലൊന്നും പാരമ്പര്യസ്വത്ത് കയ്യാളുന്നവരാണ്. ഇവരുടെ ആകെ സമ്പത്ത് ശതകോടീശ്വരസമ്പത്തിന്‍റെ പകുതിയിലധികം വരും. അമേരിക്കയിലെ മുന്‍നിരസമ്പന്നര്‍ പുത്തന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലൂടെയാണ് സമ്പത്ത് സമാഹരിക്കുന്നത്. മാത്രമല്ല ഇത്തരം പുത്തന്‍ സാങ്കേതികവിദ്യകള്‍ സമൂഹത്തിലെ ഒട്ടനവധിപേരെ സമ്പന്നരാകാന്‍ സഹായിക്കുന്നവയാണ്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടുത്തെ ശതകോടീശ്വരന്മാരില്‍ അധികവും പുതിയ ആശയങ്ങളുടെയോ സാങ്കേതികവിദ്യയുടെയോ പ്രയോഗത്തിലൂടെയല്ല സമ്പന്നരായിട്ടുള്ളത്. മറിച്ച് കുത്തക-റെന്‍റ് സീക്കിംഗ് രീതിയിലുള്ള കച്ചവട, വ്യാവസായിക പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇത്തരം വ്യവസായങ്ങള്‍ വ്യവസായ ഉടമ നേടുന്ന ലാഭത്തിന് ആനുപാതികമായി സമൂഹത്തിന് നേട്ടം നല്‍കുന്നവയല്ല. പലപ്പോഴും സമൂഹത്തിന്റെ സാമ്പത്തിക ക്ഷമതക്ക് ഇവ കോട്ടം വരുത്തുന്നുമുണ്ട്. പെട്രോളിയം മൈനിംഗ് കമ്പനികള്‍ തന്നെ ഉദാഹരണം. ഇന്ത്യയിലെ ലിംഗവിവേചനവും ജാതിവിവേചനവും സമ്പത്ത് വിതരണത്തിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്. വനിതകളും പിന്നോക്ക സമുദായ അംഗങ്ങളും ശതകോടീശ്വര പട്ടികയില്‍ വിരളമാണ്. 

ഇതുപോലെ തന്നെയാണ് ഇന്ത്യയിലെ വരുമാനത്തിലെ അന്തരവും. ഇന്ത്യയിലെ ഒരു മുന്‍നിര വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തിലെ ഒരു ഉയര്‍ന്ന എക്സിക്യൂട്ടീവിന്‍റെ ഒരു വര്‍ഷത്തെ വരുമാനം ഒരു സാധാരണ തൊഴിലാളിയുടെ ആയിരം വര്‍ഷത്തെ വരുമാനത്തിന് തുല്യമാണെന്നാണ് കണക്ക്. ഇന്ത്യയിലെ അസമത്വം ഉയര്‍ന്നതാണ് എന്നതിനേക്കാള്‍ ഗൗരവതരം അത് ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതും അസമത്വവും അതിന്‍റെ അനന്തരഫലങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ല എന്നതുമാണ്. വേള്‍ഡ് ഇക്കണോമിക്ക് ഫോറം, വേള്‍ഡ് ബാങ്ക്, ഓക്സ്ഫോം തുടങ്ങിയ സംഘടനകളുടെ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഉയര്‍ന്ന സാമ്പത്തിക അസമത്വം ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും സാധാരണക്കാരുടെ ജീവിത സാധ്യതകളിലും കോട്ടങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഒപ്പം ദാരിദ്യനിര്‍മ്മാര്‍ജ്ജനം, സുസ്ഥിര വികസനം, ലിംഗസമത്വം തുടങ്ങിയമേഖലകളെ പിന്നോട്ടടിക്കുകയും ചെയ്യുന്നു. ഒരു രാജ്യത്തിലെ ഉയര്‍ന്ന സാമ്പത്തിക അസമത്വം സമൂഹത്തിന്റെ മാനസികാരോഗ്യം കുറക്കുകയും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതുമാണെന്ന് ഒട്ടനവധി പഠനങ്ങള്‍ തെളിയിക്കുന്നു. സമ്പന്നരില്‍ നിന്നും ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കുക, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനസാമൂഹ്യസേവനമേഖലകളില്‍ കൂടുതല്‍ ധനവിനിയോഗം നടത്തുക എന്നിവയാണ് അസമത്വം നിയന്ത്രിക്കുന്നതിനുള്ള നടപടികളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ദക്ഷിണാഫ്രിക്കയിലെ സാമ്പത്തിക അസമത്വം ഇന്ത്യയിലേതിനേക്കാള്‍ ഉയര്‍ന്നതാണ് ; എന്നാല്‍ ദക്ഷിണാഫ്രിക്ക വിദ്യാഭ്യാസമേഖലയില്‍ ജിഡിപിയുടെ ആറ് ശതമാനവും ആരോഗ്യമേഖലയില്‍ ജിഡിപിയുടെ നാല്  ശതമാനവും ചെലവഴിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് യഥാക്രമം മൂന്ന് ശതമാനവും ഒരു ശതമാനവുമാണ്. ഇന്ത്യയുടെ നികുതിവരുമാനം ജിഡിപിയുടെ 16 ശതമാനമാണ്. ഇത് നികുതി സാദ്ധ്യതയുടെ പകുതിമാത്രമാണ്. ദക്ഷിണാഫ്രിക്ക ജിഡിപിയുടെ നാലിലൊന്നും നികുതിയായി പിരിച്ചെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. സമ്പന്നരില്‍ നിന്നും നികുതി പിരിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആയി വിനിയോഗിക്കുന്നതില്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ ഏറെ മെച്ചപ്പെടേണ്ടതുണ്ട്.

സാമ്പത്തിക അസമത്വം വ്യക്തിക്കും സമൂഹത്തിനും വലിയ ധാര്‍മ്മിക ബാദ്ധ്യത ഉണ്ടാക്കുന്നു എന്നത് ആധുനിക ലോക മനസ്സാക്ഷിയുടെ ഭാഗമാണ്. ഇത്തരമൊരു മനസ്സാക്ഷിരൂപീകരിക്കുന്നതില്‍ ക്രിസ്തു സന്ദേശം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ബൈബിളിലെ ധനവാന്‍റെയും ലാസറിന്‍റെയും ഉപമ ഈ അവസരത്തില്‍ പരാമര്‍ശനീയമാണ്. ധനവാന്‍ ദരിദ്രനായ ലാസറിനെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി ഉപമ പറയുന്നില്ല. സ്വന്തം പടിവാതില്‍ക്കല്‍ കഴിയാനനുവദിച്ചു എന്നുമാത്രമല്ല, തന്റെ ഉച്ചിഷ്ഠത്താല്‍ ജീവന്‍ നിലനിര്‍ത്താന്‍ ലാസറിനെ അനുവദിക്കുകയും ചെയ്തു. എന്നിട്ടും ധനവാന്‍ നരകത്തില്‍ നിപതിച്ചതായി ഉപമ പറഞ്ഞുവെക്കുന്നു. ദരിദ്രനായ ലാസറിന്റെ അവസ്ഥയോട് ക്രിയാത്മകമായി പ്രതികരിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ ധനികന്‍ കടുത്ത തെറ്റുകാരന്‍ ആകുന്നതായി ക്രിസ്തു പഠിപ്പിക്കുന്നു.

ഇന്ത്യയില്‍ ശതകോടീശ്വരന്മാര്‍ വര്‍ദ്ധിക്കുന്നത് അതില്‍ത്തന്നേ ശരിയോ തെറ്റോ ആകുന്നില്ല. എന്നാല്‍ സമ്പന്നരുടെ ധാര്‍മ്മികവും സാമൂഹികവുമായ ബാദ്ധ്യത അവര്‍ നിറവേറ്റുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലും സമ്പത്തിലും വരുമാനത്തിലും അസമത്വം ലഘൂകരിക്കുന്നതിന് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നതിനും നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഉണ്ടാകുന്ന വീഴ്ച ഗുരുതരമായ തെറ്റാണ്. ഇത് അടിയന്തിരമായി തിരുത്തപ്പെടേണ്ടതാണ്.

P C Benny
P C Benny
സമകാലിക സംഭവങ്ങളുടെ സമഗ്ര നിരൂപകൻ. കോഴിക്കോട് സ്വദേശി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular