മലമുകളിലെ കലാപം

കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരികരംഗം ഒട്ടൊന്ന് അസ്വസ്ഥമാക്കി, ശബരിമലയിലെ സ്ത്രീപ്രശേന വിവാദം. ഇന്നയോളം കാത്തുസൂക്ഷിച്ച മതേതരസംസ്കാരത്തിന് മുറിവേല്‍ക്കാതെ അതിനെ കൈകാര്യം ചെയ്യുവാനാണ് നാം പഠിക്കേണ്ടത്

ഏറ്റവുംരാഷ്ട്രീയസംവേദനക്ഷമമായ വസ്തുത മതവികാരമണ് എന്നതിന് അടിവരയിടുന്ന സംഭവമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം. കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് അതുയര്‍ത്തിയ  കലാപം കുറച്ചൊന്നുമല്ല. എതാണ് ശരി എന്താണ് തെറ്റ് എന്ന് പറയാനാകാത്തവിധമായ സങ്കീര്‍ണ്ണത. ഏത് നിലപാടെടുക്കുന്നതാണ് കൂടുതല്‍ രാഷ്ട്രീയലാഭമുണ്ടാക്കുകയെന്നത് തിരിയാതെ ഒരേ പാര്‍ട്ടിക്കാര്‍ തന്നെ വിഭിന്ന നിലപാടുകളെടുക്കുന്ന കാഴ്ച രസകരമായിരുന്നു. കോടതിവിധിക്കെതിരെ നില്‍ക്കണോ, സ്ത്രീസ്വാതന്ത്ര്യത്തിനെതിരെ നില്‍ക്കണോ, വോട്ടുബാങ്കിന് എതിരെ നില്‍ക്കണോ? ഒന്നിനും ക്ഷതം സംഭവിക്കാതെ പ്രതികരിക്കാന്‍ രാഷ്ടീയക്കാര്‍ പെട്ട പാട് ചില്ലറയല്ല.   

മതതിന്‍റെ പേരില്‍ മുറിവേറ്റ ഒരു രാത്രിയിലാണ് ഭാരതം പിറന്നുവീണതെങ്കിലും മതേതരത്വത്തിന്‍റെ ആത്മാവിനെ മുറുകെപ്പിടിക്കുന്ന രാഷ്ട്രീയ സദാചാരമാണ് അഭികാമ്യമായി നാം ഇന്നുവരെ കരുതിയത്. സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ചുനിന്ന് പോരാടിയ സമരനായകന്മാരുടെ ഹൃദയവിശാലതയാണ് ആ വിശാല വീക്ഷണത്തിന് അസ്ഥിവാരമായത്. ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ സിഖുകാരെനെന്നോ ഉള്ള വിശ്വാസപരമായ വ്യതിരിക്തതകള്‍ അംഗീകരിച്ചുകൊണ്ട് എല്ലാവര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള ഒരു നയരേഖയായി അവര്‍ ചിട്ടപ്പെടുത്തിയ ഭരണഘടനയും ഈ മതേതരത്വവീക്ഷണമാണ് ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെ മതത്തിന്‍റെ പേരിലുള്ള രാഷ്ട്രീയക്കളി ഭാരതത്തിന്‍റെ ആത്മാവിനോടുള്ള അപരാധമായാണ് ഇന്നയോളം കണക്കാക്കപ്പെട്ടിരുന്നത്. ജാതിയുടെയും മതത്തിന്‍റെയും പേരുപറഞ്ഞ് ഒളിഞ്ഞും തെളിഞ്ഞുമൊക്കെ വോട്ടുചോദിച്ചിരുന്നെങ്കിലും ആരും അത് മാന്യതയായി കണക്കാക്കിയിരുന്നില്ല. എന്നാല്‍ ആ ജാള്യത അന്യംനിന്നുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. 

സ്ത്രീപ്രവേശനം സംബന്ധിച്ച അഭിപ്രായവ്യത്യാസം കേരളത്തില്‍ വര്‍ഗ്ഗീയരാഷ്ട്രീയ മുതലെടുപ്പിന് കാരണമാകുന്നതാണ് ശബരിമലസംഭവത്തില്‍ നാം കണ്ടത്. മതവിശ്വാസത്തിന്‍റെ ശക്തമായ വേരുകളുണ്ടായിട്ടും വര്‍ഗ്ഗീയതയാല്‍ വിഷലിപ്തമാകാതെ കേരളം ഇന്നേവരെ നിലനിന്നതിന് കാരണം മതേതരത്വത്തിലൂന്നിയ ജനാധിപത്യത്തില്‍ നാം വിശ്വസിച്ചതുകൊണ്ടാണ്. വിദ്യാഭ്യാസപരമായ മുന്നേറ്റം സൃഷ്ടിച്ച വിശാലവീക്ഷണങ്ങളും, ജാതിവ്യവസ്ഥിതിയുടെ ജനകീയ അടിത്തറ തകര്‍ത്ത സാംസ്കാരിക മുന്നേറ്റങ്ങളും, സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങള്‍ നല്‍കിയ അവകാശബോധങ്ങളുമൊക്കെ വര്‍ഗ്ഗീയതയെ വലിയൊരളവോളം കേരളസമൂഹത്തില്‍നിന്നകറ്റിനിര്‍ത്തുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ ഏതാണ്ട് വിഴുങ്ങിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയത്തിരമാലയെ കേരളത്തിലേക്കൊഴുക്കിവിടാനുള്ള കൈത്തോടായി ശബരിമലയെ സംബന്ധിച്ച കോടതി വിധിയെ ഉപയോഗിക്കുകയാണെന്ന് തിരിച്ചറിയാത്തവരുണ്ടെങ്കില്‍ അത് പാവം ഭക്തന്മാര്‍ മാത്രമാണ്. മുത്തലാഖിനെ അപഹസിക്കാന്‍ സ്ത്രീപക്ഷത്ത് നിന്നവര്‍ ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീക്ക് ദേവസാന്നിധ്യം തന്നെ നിഷേധിക്കുന്നതിലെ വൈരുധ്യം ഉള്‍ക്കൊള്ളണമെങ്കില്‍ വോട്ടുബാങ്കിലെ കഴുകദൃഷ്ടി തിരിച്ചറിയാതെ കഴിയില്ല. 

മതവും ആചാരവും 

സുപ്രീംകോടതിയിലെ അഞ്ചംഗബെഞ്ച് ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്ന് വിധിച്ചപ്പോള്‍ അതിലെ ഏക അംഗം അതിന് വിയോജനക്കുറിപ്പെഴുതിയത് വിചിത്രമായിത്തോന്നാം. സ്ത്രീ സമത്വം, സ്ത്രീയുടെ പദവി, സ്ത്രീത്വത്തിന്‍റെ സവിശേഷതകള്‍ നിമിത്തമായ അവകാശങ്ങളുടെ വിവേചനം മുതലായവ ചൂണ്ടിക്കാട്ടി 1965 ലെ സ്ത്രീവിലക്ക് കോടതി നിയമവിരുദ്ധമാക്കിയപ്പോള്‍ അയ്യപ്പ ഭക്തരുടെ ഈ പ്രത്യേക ആചാരത്തില്‍ കോടതി ഇടപെടേണ്ട കാര്യമേയില്ല എന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി. ഭരണഘടനയിലെ 14-ാം വകുപ്പിന്‍റെ ലംഘനം ഈ മതാചാരത്തിലില്ലെന്നതും അവര്‍ നിരീക്ഷിച്ചു. (‘The State shall not deny to any person equality before the Law or the equal protection of the Laws within the territory of India’) ഒരര്‍ത്ഥത്തില്‍ അഭിപ്രായക്രടനം അനിവാര്യമാക്കും വിധമാണ് ഈ വിയോജനക്കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.

മതവും ആചാരവും തമ്മിലുള്ള രസതന്ത്രമാണ് ഇതുസംബന്ധിച്ച് എറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ആചാരങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ് എന്നത് ഒരാപ്തവാക്യം പോലെ ആവര്‍ത്തിക്കപ്പെട്ടു. കാരണം കേരളത്തിന്‍റെ എന്നല്ല ലോകത്തിന്‍റെ തന്നെ പുരോഗതിയില്‍ ആചാര ലംഘനങ്ങളുടെ തുടര്‍ക്കഥകളുണ്ട്. മനുഷ്യത്വത്തെ മാനിക്കാത്ത പ്രാകൃതാചാരങ്ങളുടെ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ ഏറെ വിയര്‍പ്പും രക്തവും ഈ മണ്ണിലൊഴുകിയിട്ടുണ്ടെന്ന ചരിത്രം ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍ ആചാരം അതില്‍ത്തന്നെ തെറ്റല്ലെന്നും അത് എവിടെയാണ് എപ്പോഴാണ് ദുരാചാരമാകുന്നതെന്നും ഉള്ള തിരിച്ചറിവാണ് ഇവിടെ നമുക്ക് ആവശ്യമായിരിക്കുന്നത്. വിയോജനവിധിക്കുറിപ്പ് വിരല്‍ചൂണ്ടുന്നതും ഈ വസ്തുതയിലേക്കാണ്.

മതങ്ങളും ആചാരങ്ങളും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ മതത്തിനും അവരവരുടേതായ വിശ്വാസങ്ങളുള്ളതുപോലെ വ്യത്യസ്തങ്ങളായ ആചാരങ്ങളുമുണ്ട്. മതസ്വാതന്ത്ര്യമെന്നാല്‍ അവ വിശ്വസിക്കാനും പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനും അവര്‍ക്ക് ഭരണഘടന അവകാശം നല്‍കുന്നു എന്നതുകൂടിയാണ്. എന്നാല്‍ ഈ ആചാരങ്ങള്‍ ഏതെങ്കിലും തരത്തില്‍ മറ്റൊരു വ്യക്തിയുടെ അവകാശങ്ങളെ ഹനിക്കുന്നുണ്ടോ എന്നതാണ് വിഷയം. ശബരിമലയില്‍ ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന ആചാരമാണ് കോടതി പരിഗണിച്ചതും അതില്‍ അവകാശലംഘനം ഉണ്ടെന്ന ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചതും ആ വിധി ആചാരങ്ങളിലുള്ള അനാവശ്യമായ ഇടപെടലാണെന്ന വിവാദം ഉയര്‍ത്തുന്നതും. അതിന്‍റെ ന്യായാന്യായങ്ങള്‍ കോടതിതന്നെ പരിഗണിച്ച് പരിഹരിക്കേണ്ടതാണെങ്കിലും ആചാരങ്ങളെ സംബന്ധിച്ച് ചില വസ്തുതകള്‍ നാം മനസ്സിലാക്കേണ്ടതാണ്. 

ആചാരങ്ങളും അവകാശങ്ങളും   

ആചാരം, അനാചാരം, ദുരാചാരം എന്നിങ്ങനെ പല പദങ്ങള്‍ നിഘണ്ടുവിലുണ്ട്. അതില്‍ത്തന്നെയുള്ള അര്‍ത്ഥത്തിലുപരിയായ ഒരര്‍ത്ഥംകല്‍പ്പിച്ച് ഒരു സമൂഹം ചെയ്യുന്ന പ്രവര്‍ത്തികളെയാണ് ആചാരമെന്നു വിളിക്കുന്നത്. മതവിശ്വാസികള്‍ക്കു മാത്രമല്ല മതവിശ്വാസമില്ലാത്തവര്‍ക്കും ആചാരങ്ങളുണ്ട്. ഉദാഹരണമായി പതാകവന്ദനം, സല്യൂട്ട് മുതലായ ആചാരങ്ങള്‍ യാതൊരു മതവിവക്ഷകളുമുള്ളതല്ല. ഒരു സമൂഹത്തില്‍ എന്തെങ്കിലുമൊക്കെ ആചാരങ്ങള്‍ ഉണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്. ആചാരങ്ങളെയും അനാചാരങ്ങളെയും ദുരാചാരങ്ങളെയും വേര്‍തിരിച്ചറിയുക എന്നതാണ് പ്രാഥമികകാര്യം. 

അനേക മതാചാരങ്ങളും കുപ്രസിദ്ധമായ മനുഷ്യാവകാശലംഘനങ്ങളായിരുന്നു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. മതത്തിന്‍റെയും ജാതിയുടെയും പേരില്‍ നിലവിലിരുന്ന സതി, ശിശുവിവാഹം, അയിത്തം മുതലായ എത്രയെത്ര ഹീനാചാരങ്ങളെയാണ് സാമൂഹ്യവിപ്ലവങ്ങളാലും നിയമങ്ങളാലും കാലാകാലങ്ങളില്‍ കേരള സമൂഹത്തില്‍ നിന്ന് നാം ഉച്ചാടനം ചെയ്തത്. പ്രതിലോമകരവും ഉപദ്രവകരവുമായ ഇപ്രകാരമുള്ള ആചാരങ്ങളെയാണ് ദുരാചാരങ്ങള്‍ എന്ന് നാം മുദ്രകുത്തുന്നത്. ഇന്നും അപ്രകാരമുള്ള പലതും ഒളിഞ്ഞും തെളിഞ്ഞും ജാതിമതവ്യവസ്ഥിതികളുടെ അകത്തളങ്ങളില്‍ അരങ്ങുവാഴുന്നുണ്ടെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് ആചാരങ്ങള്‍ക്കെല്ലാം മതപരിവേഷം കൊടുത്തു അവയെ എല്ലാം സംരക്ഷിക്കുക എന്നത് മനുഷ്യത്വത്തെ മാനിക്കുന്ന സമൂഹങ്ങള്‍ക്ക് ഒരിക്കലും സാധ്യമല്ലെന്നത് വ്യക്തമാണ്. ഏതൊരു ആചാരവും അത് മതത്തിന്‍റെയോ, സമൂഹത്തിന്‍റെയോ, രാജ്യങ്ങളുടെയോ ആകട്ടെ അത് മറ്റു വ്യക്തികളുടെ മൗലികാവകാശങ്ങളിലുള്ള കടന്നു കയറ്റമായാല്‍ അത് പൊതു നന്മക്കുതകാത്തതും മാറ്റപ്പെടേണ്ടതുമായ ദുരാചാരമണ്. 

എന്നാല്‍ ഒരാചാരം മറ്റൊരുത്തന്‍റെ അവകാശത്തിന്‍മേലുള്ള അതിക്രമമല്ലെങ്കിലും സാമാന്യവിശകലനത്തില്‍ അത് അര്‍ത്ഥശൂന്യമായി തോന്നിയാല്‍ അവയെ പൊതുവേ അനാചാരമായി കണക്കാക്കാം. അവയെ നിരുത്സാഹപ്പെടുത്തുകയും അവക്കെതിരെ ബോധവത്കരണം നടത്തുകയുമാണ് സമൂഹത്തിന്‍റെ കര്‍ത്തവ്യം. അങ്ങനെയുള്ള കാര്യങ്ങളില്‍ സഹിഷ്ണതാപൂര്‍വ്വമായ വിമര്‍ശനങ്ങള്‍ക്കും ബോധവത്കരണത്തിനും തിരുത്തലുകള്‍ക്കും അവസരമില്ലെങ്കില്‍ സമൂഹം പുരോഗതി പ്രാപിക്കുകയില്ല. പല അനാചാരങ്ങളും ചൂഷണത്തിനുള്ള വഴികളാകയാല്‍ വിവേകപൂര്‍വ്വമായ നിയമനിര്‍മ്മാണങ്ങളും ആവശ്യമായി വന്നേക്കാം. എന്നാല്‍ ചിലര്‍ക്ക് അര്‍ത്ഥശൂന്യമായി തോന്നുന്നവ മറ്റു ചിലര്‍ക്ക് അര്‍ത്ഥപൂര്‍ണ്ണമായിരിക്കാം എന്നതാണ് ഇതിനെ  സങ്കീര്‍ണ്ണമാക്കുന്നത്. പല മതാചാരങ്ങളും അത്തരത്തിലുള്ളവയാണ്. അവ മറ്റുള്ളവരുടെ അവകാശങ്ങളില്‍ അതിക്രമിച്ചുകയറുന്നില്ലെങ്കിലും മറ്റുള്ളവരുടെ വീക്ഷണത്തില്‍ അത് വെറും ഭോഷത്വമായിരിക്കും. ഒരു നിരീശ്വരന്‍റെ കണ്ണുകളില്‍ എല്ലാ മതപ്രവര്‍ത്തികളും അനാചാരമായിരിക്കും. എന്നാല്‍ ഒരു വിശ്വാസിയുടെ വിലയിരുത്തല്‍ തികച്ചും വ്യത്യസ്തമായിരിക്കും. അതുകൊണ്ട്  ഇപ്രകാരമുള്ള അനാചാരങ്ങള്‍ക്കെതിരേയുള്ള നീക്കങ്ങളില്‍ വിദ്യാഭ്യാസമുന്നേറ്റങ്ങളും ആശയപ്രചരണങ്ങളുമൊക്കെയാണ് കര്‍ക്കശമായ നിയമനിര്‍മ്മാണത്തിനു മുമ്പേ പരിഗണിക്കേണ്ടത്. സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ വിജയം അതിലായിരുന്നു. ഈ ദൗത്യത്തില്‍ കൈസ്തവമിഷ്നറി പ്രവര്‍ത്തനങ്ങള്‍ ലോകത്തിലെവിടെയുമെന്നപോലെ നമ്മുടെ നാടിനും നല്‍കിയ സംഭാവനകളും കാണാതിരുന്നാല്‍ അത് മനപ്പൂര്‍വ്വമല്ലെന്ന് പറയാന്‍ കഴിയില്ല.

തന്ത്രിവിധിയും മന്ത്രിവിധിയും

 വിവാദമായ സ്ത്രീപ്രവേശനവിലക്ക് ഒരു ദുരാചാരമായി കണക്കാക്കണമെന്നൊരു തീര്‍പ്പ് കല്‍പ്പിക്കാനാവില്ല. അതിലുള്‍ക്കൊണ്ടിരിക്കുന്ന മൗലീകാവകാശലംഘനം ഏതെന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. ഏത് ആരാധനാലയങ്ങളിലും ആര്‍ക്കും കയറാനുള്ള ആഗ്രഹത്തെ മൗലീകാവകാശത്തിന്‍റെ പരിധിയില്‍ പെടുത്താനാവില്ല. ഒരോ മതസങ്കല്‍പത്തിലും അവരവര്‍ക്കിഷ്ടഭാജനങ്ങളും അതിനനുസൃതമായ വ്യവസ്ഥകളുമുണ്ടാകാം. മറ്റുള്ളവര്‍ അതു മാനിക്കുന്നത് സാമാന്യമര്യാദയുടെ ഭാഗം മാത്രമാണ്. നമുക്ക് സ്വാഗതമില്ലാത്തിടത്ത് പോകാതിരിക്കുന്നതും നമുക്ക് പ്രവേശനമില്ലാതിരിക്കുന്നിടത്ത് കയറാതിരിക്കുന്നതും അവകാശലംഘനമല്ല, മറ്റുള്ളവരുടെ സ്വകാര്യതയെയും വ്യക്തിതാല്‍പ്പര്യങ്ങളെയും മാനിക്കുന്നതിന്‍റെ ഭാഗമാണ്. ഇനിയും കയാറാനാണ് ആഗ്രഹമെങ്കില്‍ കോടതിയില്‍ പോകുന്നതിനേക്കാള്‍ അമ്പലത്തിന്‍റെ കാര്യക്കാര്‍ക്ക് ന്യായമായ ഒരു അപേക്ഷ നല്‍കി കാത്തിരിക്കയാണ് വേണ്ടത്. ദേവന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ തീരുമാനിക്കാനവകാശം കോടതിയെക്കാള്‍ അമ്പലക്കാര്‍ക്കാണെന്നതും സുവ്യക്തമാണെന്നരിക്കെ ജസ്റ്റിസ് മല്‍ഹോത്രയുടെ നിരീക്ഷണം ശ്രദ്ധേയമാണെന്നു വരുന്നു.  

അതുപോലെതന്നെ ഈ ആചാരമൊരു ചൂഷണോപാധിയായും കണക്കാക്കിക്കൂടാ. പ്രവേശനം വിലക്കുകവഴി സ്ത്രീകളെ ചൂഷണസാഹചര്യങ്ങളില്‍നിന്ന് ഒഴിവാക്കുകയാണ് സത്യത്തില്‍ ചെയ്യുന്നത്, പ്രത്യേകിച്ചും ശബരിമലപോലെ ഉത്സവകാലത്ത് ജനനിബിഢമാകുന്ന വനപ്രദേശങ്ങളില്‍. കോടതി വിധികേട്ട് അമ്പലത്തില്‍ പോയാല്‍ അനുഗ്രഹത്തിനു പകരം ശാപമാണ് ദേവ വിധിയെങ്കില്‍ ഭക്തരായ സ്ത്രീകള്‍ അതിന് മുതിരുന്നതെന്തിന്? മൗലീകാവകാശത്തിന്‍റെ കാര്യം കോടതികള്‍ക്കു പറയാം. പക്ഷേ അനുഗ്രഹത്തിന്‍റെ കാര്യം ദൈവത്തിന്‍റെ വകുപ്പാണ്. ആചാരം ലംഘിച്ച് ശബരിമലയില്‍ പോയേ മതിയാവുകയുള്ളു എന്ന് ശഠിക്കുന്ന ഭക്തസ്ത്രീകള്‍ക്ക് ദേവ പ്രീതിയാണോ അപ്രീതിയാണോ ലഭിക്കുന്നതെന്ന് തിരുമാനിക്കുന്നതും തന്ത്രിവിധിയാണെന്നോര്‍ക്കണം. മാത്രമല്ല സൂപ്രീം കോടതിവിധിയില്‍ സ്ത്രീകള്‍ക്ക് കയറാം എന്നല്ലാതെ സ്ത്രീകള്‍ കയറണമെന്നോ, സ്ത്രീകളെ കയറ്റണമെന്നോ വ്യവസ്ഥയില്ല. കയറണമെന്നുള്ളവരെ കയറ്റുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെങ്കിലും അതിന് നിര്‍ബന്ധം പിടിക്കുന്നവരുടെ ഉദ്ദേശ്യം ഭക്തിയിലുപരിയായി, ശരിയോ തെറ്റോ ആയ മറ്റെന്തൊക്കെയോ ആയിരിക്കണം. കോടതിവിധിയും തന്ത്രിവിധിയും മന്ത്രിവിധിയും ജനവിധികളുമെല്ലാം കെട്ടുപിണയുന്നതിലെ കുരുക്കു വ്യക്തമാകുന്നത് ആ ഉദ്ദേശ്യലക്ഷ്യങ്ങളെ അപഗ്രഥിക്കുന്നവര്‍ക്കാണ്. 

ആചാരത്തിന്‍റെ നിയമസാധുതയെ മാറ്റിനിര്‍ത്തിയാല്‍ത്തന്നെ അതിലടങ്ങിയിരിക്കുന്ന വിവേചനത്തിന്‍റെ മാനദണ്ഡങ്ങളില്‍ സ്ത്രീസഹജമായ സവിശേഷതകളോടുള്ള പ്രാകൃതമനോഭാവം പ്രതിഫലിക്കുണ്ടെന്നത് നിഷേധിക്കാന്‍ കഴിയില്ല. അതുകൊണ്ട് ആചാരത്തിലുപരി അതിനാധാരമായ വിശ്വാസത്തിന്‍റെ കുലീനത്വത്തെയാണ് പരിശോധനാവിഷയമാക്കേണ്ടത്. ക്ഷണിക്കാത്തിടത്ത് ചെല്ലണമെന്നുള്ള ദുര്‍വാശിയോ, ഋതുമതികളെ അടുപ്പിക്കുകയില്ലെന്നുള്ള തീവ്രതയോ അല്ല ഇവിടെ ആവശ്യം. നമ്മുടെ ദേവസങ്കല്പങ്ങളുടെ മാനവവികതയും പ്രസക്തിയും പ്രയോജനക്ഷമതയും ഇരുന്നു ചിന്തിക്കാനുള്ള ഈ നല്ല അവസരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതു കോടതി മുറികളല്ല ചിന്തിക്കുന്ന മനുഷ്യമനസ്സാക്ഷികളിലാണ് നടക്കേണ്ടത്. ശ്രീനാരായണഗുരു ചെയ്തത് അതാണ്. ഈ ദൈവത്തിന് ഈഴവനെ വേണ്ടെങ്കില്‍, ഈഴവനെ തീണ്ടുന്ന ദൈവത്തെ അവഗണിക്കുക; ഈഴവന് തൊടാവുന്ന ദൈവത്തെ  കണ്ടെത്തുക. അതില്‍ ഗുരുവിനെ നിയന്ത്രിച്ച വികാരം ഈശ്വരാന്വേഷണത്തേക്കാള്‍ ദൈവത്തെ ബ്രാഹ്മണ്യത്തിന്‍റെ കുത്തകയാക്കുന്ന മതവ്യവസ്ഥിതിയോടുള്ള അമര്‍ഷമാണ്. അഹരോന്‍ യിസ്രായേല്‍ ജനത്തിന് ചെയ്ത് കൊടുത്തതുപോലെ പുതിയൊരു ദൈവത്തെ ഉണ്ടാക്കിക്കൊടുക്കുയല്ല ഗുരു ചെയ്തത്, വരേണ്യവര്‍ഗ്ഗം ചിട്ടപ്പെടുത്തിയ ദൈവസങ്കല്പത്തിലെ അനൗചിത്യത്തെ വെല്ലുവിളിക്കുകയാണ്. അല്ലാതെ ഒരുദൈവമെന്ന് ചൊല്ലിപ്പഠിപ്പിച്ചവന്‍ ദൈവങ്ങളെ സൃഷ്ടിക്കുവാന്‍ തുനിയുകയില്ലെന്ന് വ്യക്തം. 

ആചാരങ്ങള്‍ക്കതീതം

മനുഷ്യന്‍റെ സങ്കല്പങ്ങള്‍ക്ക് മനുഷ്യനോളമേ വളരാനാവുകയുള്ളു. ജാതിയും മതവും ലിംഗഭേദങ്ങളും ദേശവ്യത്യാസങ്ങളുമെല്ലാം അടിസ്ഥാനമാക്കി മനുഷ്യരെ ഇനംതിരിച്ച് കാണുകയും കാണാനനുവദിക്കുകയും ചെയ്യുന്ന ദൈവവീക്ഷണം ദൈവമെന്ന ആശയത്തോടുതന്നെ പൊരുത്തപ്പെടുന്നില്ല. സാഹചര്യങ്ങളുടെ പരിമിതികളെയും സ്ത്രീസഹജമായ സവിശേഷതകളെയുമുള്‍ക്കൊള്ളാനുള്ള മാനുഷികസംവിധാനങ്ങളെ ആചാരങ്ങളാക്കുന്നത് ന്യായീകരിക്കാമെങ്കിലും ആ നിലവാരത്തിലേക്ക് തരംതാഴുന്ന ദൈവസങ്കല്പം പുരാണകഥയുടെ പരിമിതികളിലൊതുങ്ങുന്നു. പുരുഷനെന്നോ സ്ത്രീയെന്നോ, ബ്രാഹ്മണനെന്നോ ദളിതനെന്നോ വ്യത്യാസങ്ങള്‍ കല്പിച്ച് കാലദേശപരിഗണനകള്‍ വെച്ച് സാമീപ്യം നിജപ്പെടുത്തുന്ന ദൈവവീക്ഷണത്തില്‍ അടിസ്ഥാനപ്പെട്ട മനുഷ്യവീക്ഷണങ്ങളും ആ ബലഹീനതകള്‍ ഉള്‍ക്കൊള്ളുന്നവയായിരിക്കുമെന്നതില്‍ സംശയമില്ല. കാരണം ഒരുവന്‍റെ ആത്യന്തിക മൂല്യമായ ദൈവവീക്ഷണത്തെത്തെക്കാള്‍ അവന്‍റെ പ്രായോഗിക മൂല്യങ്ങള്‍ക്കുയരുക സാധ്യമല്ല. 

യഹൂദന്‍ അധമരായി കരുതിയ ശമര്യക്കാരി സ്ത്രീയുടെ പാത്രത്തില്‍നിന്ന് ദാഹജലം വാങ്ങിക്കുടിക്കുമ്പോള്‍ യേശുക്രിസ്തു നമുക്ക് പരിചയപ്പെടുത്തിയത് വ്യത്യസ്തനായ ഒരു ദൈവത്തെയാണ്.   ആരാധനാലയങ്ങളുടെ ചേരിതരിവും ആരാധനക്കാരുടെ ചേരിതിരിവും ഒരുനാണയത്തിന്‍റെ രണ്ടു വശങ്ങള്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധക്ഷണിച്ച ശമര്യസ്ത്രീയോട് ക്രിസ്തു പറഞ്ഞു: “ നിങ്ങള്‍ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലുമല്ല യരൂശലേമിലുമല്ല എന്നുള്ള നാഴിക വരുന്നു… സത്യനമസ്കാരികള്‍ പിതാവിനെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു…ദൈവം ആത്മാവാകുന്നു. ദൈവത്തെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം” (യോഹ. 4:19-24). മനുഷ്യനെ മനുഷ്യന്‍റെ ശത്രുക്കളാക്കുന്ന ആരാധനാലയങ്ങളുടെയും അനുഷ്ഠാനവിധികളുടെയും സാംഗത്യത്തെ തന്നെയാണ് ക്രിസ്തു പുനര്‍നിര്‍വ്വചിക്കുന്നത്. ദൈവരാധനയുടെ സകല വിധമായ ആചാരപരതയെയും കാലഹരണപ്പെടുത്തുന്ന ഒരു പുതുയുഗത്തിന്‍റെ പിറവിയാണ് ക്രിസ്തുവില്‍ ആരംഭം കുറിച്ചത്. സ്വതന്ത്രവും സാര്‍വ്വജനീനവുമായ ആ ആരാധന സത്യത്തില്‍ അപരനെ സ്നേഹിക്കുന്ന, അവന്‍റെ നന്മയെ ആത്മര്‍ത്ഥമായി കാംക്ഷിക്കുന്ന ജീവിതം തന്നെയാണ്. ദൈവം പ്രസാദിക്കുന്ന ആ സത്യാരാധനയില്‍ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമെല്ലാം മനുഷ്യത്വത്തിനു താഴെയുള്ള സ്ഥാനവും പ്രസക്തിയുമേയുള്ളു.  

ദൈവത്തിന്‍റെ സ്ഥലകാലാതീതമായ തിരുസാന്നിദ്ധ്യത്തിന് അപ്രിയമായൊന്നുണ്ടെങ്കില്‍ അത് ജാതിയും, കുലവും, ലിംഗപരമായ സഹജസ്വഭാവങ്ങളുമല്ല, മനുഷ്യന്‍റെ ഹൃദയത്തിലും പ്രവര്‍ത്തിയിലുമുള്ള തിന്മയുടെ അശുദ്ധിയാണ്; സ്വാര്‍ത്ഥ തൃഷ്ണകള്‍ക്കായി ദൈവത്തെ കച്ചവടം ചെയ്യുന്ന ദുര്‍മനസ്സുകളാണ്; ദൈവത്തിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തുന്ന ചാണക്യതന്ത്രങ്ങളാണ്. ആവക അശുദ്ധികളെ ഹൃദയത്തില്‍നിന്ന് കഴുകിക്കളഞ്ഞ് സ്വാതന്ത്യവും ശാന്തിയും ദേശത്ത് നിറക്കുന്ന ശുദ്ധികലശങ്ങളാണ് പ്രസാദകരമായ ദൈവസേവ. ഇതൊന്നും തിരിച്ചറിയാത്ത പാവം ഭക്തജനത്തിന് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയ ഇടതുവലതുഭേദമില്ലാത്ത രാഷ്ട്രീയമുക്കുവന്മാരുടെ വലയില്‍ക്കുടുങ്ങാന്‍ മാത്രമാണ് നിയോഗം.

Joseph Panachiyil
Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular