ഉയരത്തില്‍ നിന്നുള്ള കാഴ്ചയില്‍ എല്ലാവരും സമന്മാര്. രാജാവാകട്ടെ, പടയാളിയാകട്ടെ, ഗ്രാമീണനാകട്ടെ, നാഗരികനാകട്ടെ എല്ലാവരും സമന്മാര്. കുരിശിന്മുകളില് നിന്നും താഴേക്കു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയില്‍ തെളിയുന്നതും അതേ ചിത്രം.
ആ കാഴ്ചയില്‍ യേശു ക്രിസ്തു ആരെയൊക്കെ കണ്ടിട്ടുണ്ടാകും? അശ്വാരൂഢനായി അംഗപ്രത്യംഗം ആയുധസമേതനായി മേവുന്ന സഹസ്രാധിപനെ? അവധാനപൂര്‍വ്വം മേല്‍നോട്ട ചുമതലവഹിച്ച് ഇടക്കിടെ അലറിവിളിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന ശതാധിപനെ? മേലധികാരികളുടെ മനസ്സറിഞ്ഞ്, അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ഭാരം താങ്ങി തലങ്ങുംവിലങ്ങും നടക്കുന്ന സൈനികരെ? ദേശീയതയും മതഭ്രാന്തും ആവശ്യത്തിന് കൂട്ടിക്കുഴച്ച് എതിരാളികളെ തകര്‍ക്കുന്ന തന്ത്രം വിജയിച്ചുവെന്ന ധാരണയില്‍ ഗൂഢസ്മേരം പൊഴിക്കുന്ന അന്നാസ്-കയ്യഫാസ് പ്രഭൃതികളെ? ഇവര്‍ക്കെല്ലാം പിന്നില്‍ വഞ്ചനയുടെ കുടിലതന്ത്രയുദ്ധത്തില് വിജയമുറപ്പിച്ചെന്ന മതിഭ്രമത്തില്‍ സ്വയം മറന്നഭിമാനിക്കുന്ന സാക്ഷാല്‍ സാത്താനെ?
അതോ മോഹാലസ്യപ്പെടുത്തുന്ന സഹനപര്വ്വത്താല് കണ്ണുകളില്‍ തെളിയുന്ന യഥാര്‍ത്ഥ കാഴ്ചകള്‍പോലും നിഴല്‍ രൂപങ്ങളോ മരീചികകളോ ആയി മാറുമെന്നതിനാല്‍ ഇതെല്ലാം വെറുമൊരു മതിഭ്രമദൃശ്യമായി നാഥന് തോന്നിയോ?
ഒരിക്കലുമല്ല; കുരിശിലെ കര്‍ത്താവ് എല്ലാം കണ്ടു. മറ്റാര്‍ക്കും കാണാനാകാത്ത കൃത്യതയോടെ, മിഴിവോടെ, ഹൃദയം തുറക്കുന്ന തെളിമയോടെ, മറയ്ക്കാനാകാത്ത സുതാര്യതയോടെ അവിടുന്ന് അവരെയെല്ലാം കണ്ടു. വ്യത്യാസമേതുമില്ലാതെ; ദൈവതേജസ്സ് നഷ്ടമാക്കി നില്ക്കുന്ന മനുഷ്യവര്‍ഗ്ഗത്തെ, അതിന്റെ പിന്നിലെ കാരണഭൂതനെ ഒക്കെ കര്‍ത്താവ് കണ്ടു. കുരിശിന് ചുവട്ടിലെ ആ ആള്‍ക്കൂട്ടം കേവലമൊരു കൂട്ടമല്ല. മനുഷ്യവംശത്തിന്റെ ഒരു പരിഛേദം തന്നെയാണവര്‍. ഗതകാലയുഗങ്ങളില് ജനിച്ച് അദ്ധ്വാനിച്ച് ജീവിച്ച് പോരടിച്ചു മരിച്ച് വിസ്മൃതിയിലാണ്ടവരും വര്‍ത്തമാനത്തിന്റെ ദിനരാത്രങ്ങളില്‍ നമുക്കുമുമ്പില്‍ തെളിയുന്ന മുഖങ്ങളും അതിനപ്പുറം നമ്മളോരോരുത്തരും അവിടെയുണ്ട്. ഇനിവരുന്ന തലമുറയുടെ പ്രതിനിധികളുമുണ്ട് ആ കുരിശിന് ചുവട്ടില്‍.
ആ നോട്ടത്തില്‍ കാണുന്ന ഒരു കാഴ്ചപ്പാടിലേക്ക് യോഹന്നാന് അപ്പോസ്തലന് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്- യോഹന്നാന് 19:25-27.
ചുരുങ്ങിയത് നാലു സ്ത്രീകള്‍ അടങ്ങിയ ഒരു സംഘത്തെക്കുറിച്ചവിടെ വരച്ചുകാട്ടിത്തരുന്നു. കര്‍ത്താവിന്റെ അമ്മ മറിയം, കര്തൃമാതാവിന്റെ സഹോദരി സലോമി, ക്ലെയോപ്പാവിന്റെ ഭാര്യ മറിയം, മഗ്ദലനെയില് നിന്നുള്ള മറിയം എന്നിവരാണവര്‍. അവരില്‍ സലോമിയുടെ മക്കളാണ് യാക്കോബും യോഹന്നാനും. അതായത് സെബദിയുടെ മക്കള്‍ കര്‍ത്താവിന്റെ സഹോദരീപുത്രന്മാര് (കസിന്‍സ്) ആയിരിക്കാനാണ് എറ്റവും സാധ്യത. ക്ലെയോപ്പാവിന്റെ സഹധര്‍മ്മിണി മറിയത്തിന്റെ മക്കളാണ് ചെറിയ യാക്കോബും യോസെയും. ഈ വിവരങ്ങള്‍ മറ്റു സുവിശേഷങ്ങള്‍ ചേര്‍ത്തുവച്ചു വായിക്കുമ്പോള്‍ ലഭിക്കും (മത്തായി 27:56; മര്‍ക്കൊസ് 15:40; 16:1; യോഹ: 19:25).
കുരിശിന് ചുവട്ടിലെ കാഴ്ചകളില്‍ ശ്രദ്ധയൂന്നുമ്പോള്‍ കുരിശിന്റെ പ്രസക്തി നമുക്ക് അവഗണിക്കാനാകില്ല. ബഹുവിധ പ്രസക്തിയും പ്രാധാന്യവുമുള്ള അനിതരസാധാരണ സംഭവമാണ് കാല്‍വരിക്കുരിശ്. മനുഷ്യ ചരിത്രത്തിലെ അനന്യ സംഭവം. മനുഷ്യപാപം ചുമന്നൊഴിക്കുന്ന ദൈവകുഞ്ഞാടിന്റെ കാഴ്ചയാണത്. രക്ഷയുടെ പ്രാധാന്യമറിയുന്ന ദൈവദൂതന്മാര് രക്ഷകന്റെ കാഴ്ചകാണാന്‍ നിര്‍ന്നിമേഷരായി മിഴി താഴ്ത്തി നിന്ന ഇടമാണത് (1പത്രൊസ് 1:12).
ഭൂമിയില്‍ ജീവിച്ചകാലത്ത് വാഗ്ദത്ത നാട്ടിലൊന്നു ചെല്ലാന്‍ ഏറെ കൊതിച്ചെങ്കിലും അവസരം ലഭിക്കാത്ത മോശെയെന്ന ശ്രേഷ്ഠനേതാവ് മരണശേഷം മഹാപ്രവാചകനായ ഏലീയാവിനൊപ്പം പാലസ്തീനിലെത്തുന്ന രംഗമുണ്ട് സുവിശേഷങ്ങളില്‍. രൂപാന്തരപ്പെട്ട മലയില്‍വച്ച് തേജസ്വരൂപനായ യേശുവുമായി അവര്‍ ഇരുവരും ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചയിലേര്‍പ്പെടുന്നു- വിഷയം: യേശുവിന്റെ നിര്യാണം.
ആരാണ് യേശു? ഉല്‍പ്പത്തിയില്‍ പാപത്തിന്റെ നുഴഞ്ഞു കയറ്റത്താല്‍ പങ്കിലമായ ഭൂമിക്കും ശാപഗ്രസ്തരായ ആദിമാതാപിതാക്കള്‍ക്കും വാഗ്ദത്തം ചെയ്ത സ്ത്രീയുടെ സന്തതി. പുറപ്പാടിലെ പെസഹാക്കുഞ്ഞാട്. ലേവ്യയിലെ അസംഖ്യം യാഗങ്ങളുടെ പൊരുള്‍. സംഖ്യയിലെ ഉയര്‍ത്തി തൂക്കിയ പിത്തള സര്‍പ്പം. ആവര്‍ത്തനത്തില്‍ മോശെയെപ്പോലെ എഴുന്നേറ്റു വരുന്ന പ്രവാചകന്. ഇങ്ങനെ ഓരോ പഴയനിയമ പുസ്തകങ്ങളിലൂടെയും ഇതള്‍ വിരിയുന്ന രക്ഷയുടെ ബൃഹദ്ചരിത്രത്തിന്റെ സമ്പൂര്ത്തി. രാഹാബ് എന്ന വേശ്യ ജെറീക്കോ പട്ടണമതിലിലെ കിളിവാതിലില്‍ തൂക്കിയിട്ട ചുവന്ന ചരടുപോലെ രക്ഷയുടെ ശോണവര്ണ്ണവുമായി വിമോചനത്തിന്റെ ധ്വജസ്തംഭമായി പരിലസിക്കുന്ന മശീഹ.
യേശുവിന്റെ രൂപം നോക്കുക. അവിടുന്ന് കടന്നുപോകുന്ന വേദനയുടെ ആഴം ധ്യാനിക്കുക. പാപം എന്തെന്നറിയാത്തവന് പാപം ആക്കപ്പെടുന്നു. വിശുദ്ധിയുടെ അലംകൃതപ്രഭയില് സമസ്താരാധനയും ആദരാതിരേകവും സര്‍വ്വദാ സ്വീകരിച്ചേറ്റുവാങ്ങി പോന്നവന്‍ നിന്ദാപാത്രമായി മാറുന്നു. കുറ്റാരോപിതനായി രണ്ട് പെരുംകുറ്റവാളികളുടെ നടുവില്‍ അവരുടെ നേതാവിനെപ്പോലെ അടയാളപ്പെടുത്തപ്പെടുന്നു. ബുഭുക്ഷയോടെ മുരളുന്ന സിംഹങ്ങള്‍പോലെ ശത്രുവിന്റെ ദൃംഷ്ട്രകള്‍ അവന്റെ പച്ചയിറച്ചിയില് താഴ്ന്നിറങ്ങുന്നു. ബാശാനിലെ കാളക്കൂറ്റന്മാരെപ്പോലെ ആരെയും കൂസാതെ എതിരാളികളെ തച്ചുതകര്‍ക്കുന്ന ക്രൂരന്മാര് അവിടുത്തെ ശരീരത്തില്‍ രക്തച്ചാലുകള്‍ തീര്‍ക്കുന്നു. പരസ്പരബന്ധം വിട്ട അസ്ഥികള്‍ സന്ധികളില്‍ നിന്നും ഇളകിയാടുന്നു. വറകലംപോലെ വറ്റിവരണ്ട നാവ് അണ്ണാക്കില്‍ പശപോലെ ഒട്ടിപ്പിടിക്കുന്നു. ഒരു സങ്കടക്കടല്‍ ഇരമ്പിയാര്‍ക്കുന്നു.
ആ നൊമ്പരപ്പെരുമഴയുടെ നടുവില്‍ നിന്നാണ് കുരിശിലെ തിരുമൊഴികള്‍ പുറപ്പെടുന്നത്. മിഴിനീരിനു പകരം ചോരകിനിയുന്ന മിഴികള്‍ തിരിച്ചാണ് യേശു കുരിശിന്‍ചുവട്ടിലെ സ്ത്രീരൂപങ്ങളെ നോക്കുന്നത്. അവിടെയതാ സ്വന്തം അമ്മ നില്ക്കുന്നു. അമ്മയും മകനും മിഴികള്‍ ചേര്‍ത്തപ്പോള്‍ കാലം നിശ്ചലമായി. മറ്റെല്ലാം വിസ്മൃതമായി. സഹസ്രാധിപന്റെ കുതിരയുടെ കുളമ്പടിനാദമോ, ഉള്ളിലെ വിഷം വാക്കുകളില്‍ പൊതിഞ്ഞ് ശാപം ചൊരിയുന്ന വിരോധികളുടെ സീല്‍ക്കാരമോ, മരണഗന്ധം ആവാഹിച്ച് ഗോല്ഗൊത്തായുടെ പെരുവഴികളിലൂടെ വീശിയടിക്കുന്ന കാറ്റിന്റെ ഹുങ്കാരമോ ആ മിഴിയിണകളുടെ സംഗമത്തിന് തടസ്സം നിന്നില്ല.
അവിഹിതമെന്ന് പഴികേട്ട ഗര്‍ഭകാലം. ഗര്ഭാലസ്യത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ബത്ലെഹേമിലേക്കുള്ള യാത്ര. കടിഞ്ഞൂല്‍ പ്രസവത്തിന് ഇടം കിട്ടാതെ അലഞ്ഞ രാത്രി. ആദ്യജാതന്റെ ജനനവുമായി ബന്ധപ്പെട്ട് സംഭവിച്ച വിചിത്ര കാര്യങ്ങള്‍.
നസ്രത്തിലെ വീടിന്റെ തുറന്നു കിടന്ന വാതിലിലൂടെ മുട്ടിലിഴഞ്ഞ് മുറ്റത്തേക്കുള്ള ആദ്യയാത്രയില്‍ കുഞ്ഞിളം മുട്ടൊന്നുരഞ്ഞപ്പോള് നൊന്ത അമ്മയുടെ മുഖം. പിതാവിന്റെ മരപ്പണിശാലയില്‍ നിന്നും കുസൃതികാട്ടിയോടിയപ്പോള് തടഞ്ഞുവീണ് മുറിവിന്റെ വേദനയില്‍ കരഞ്ഞ ഒരു കുഞ്ഞിന്റെ മുഖം. ഓര്‍മ്മകള്‍ ഏറെ ഭാവസാന്ദ്രമായി.
ഇപ്പോഴിതാ കടിഞ്ഞൂല്‍ പുത്രന്റെ ദാരുണാന്ത്യത്തിന് ദൃക്സാക്ഷിയാകുക എന്ന ഹൃദയഭേദക അനുഭവത്തിലൂടെ കയറിയിറങ്ങുന്ന ആ അമ്മയുടെ ഹൃദയത്തിലൂടെ ഒരു വാള് തുളച്ചു കടന്നുപോയി. മകനെ സമര്‍പ്പിച്ച വേളയില്‍ വയോധികനായ സൈമണ്‍ പ്രവചിച്ചു പറഞ്ഞ കൊടുംവേദനയുടെ കൂര്‍ത്തുമൂര്‍ത്ത വാള്.
അമ്മയും മകനും തമ്മിലുള്ള ആ കണ്ടുമുട്ടല്‍ ഒരു ചരിത്ര നിയോഗത്തിന്റെ ഓര്‍മ്മയുണര്‍ത്തി. വിധവയായ അമ്മ. വിശ്വാസത്തിന്റെ വഴി പിന്തുടരാത്ത മറ്റുമക്കള്‍. പോരെങ്കില്‍ വധശിക്ഷാവിധി ഏറ്റ മകന്റെ അമ്മ എന്ന ദുഷ്പേരും. മറിയത്തിന്റെ ജീവിതം ഏറെ ദുഷ്കരമാകുമെന്നതിന് സംശയമില്ല. അതിനാല്‍ കുരിശിലെ നാഥന് അവസരത്തിനൊത്തുയരുന്നു. മാതാപിതാക്കളുടെ വാര്‍ദ്ധക്യകാലപരിചരണം സീമന്തപുത്രന്റെ കടമയാണ്. മറ്റാരെങ്കിലും അത് ഏറ്റെടുക്കുമെന്ന് വെറുതെ അനുമാനിക്കാന്‍ നാഥന് തയ്യാറായില്ല. ആരെങ്കിലും ദയകാട്ടും നിശ്ചയം. പക്ഷെ അമ്മയെ ആരുടെയെങ്കിലും ദാക്ഷ്യണ്യത്തില്‍ ഏല്‍പ്പിച്ച് നല്ലത് വരുമെന്ന് വെറുതെ ഊഹിക്കാന്‍ യേശുവിനായില്ല. അവിടുന്ന് വിളിച്ചു”സ്ത്രീയേ…”
ആ വിളിയില്ത്തന്നെയൊരു മര്യാദക്കുറവില്ലേ എന്നു തോന്നിപ്പോകും. പക്ഷേ അവരുടെ സംസ്കാരത്തില്‍ ആദരവുള്ള ഒരു വിളിതന്നെയാണത്. ‘അല്ലയോ മാന്യ സ്ത്രീയേ, ഇതാ ഭവതിയുടെ മകന്’ എന്നാണ് കര്‍ത്താവ് പറഞ്ഞത്. നൂറ്റാണ്ടുകള്‍ പുറകോട്ടു നടന്നാല്‍ ഏദെന് തോട്ടത്തിന്റെ സ്വച്ഛതക്കും സ്വസ്ഥതക്കും ഭഗ്നമുണ്ടാക്കി പാപം പ്രവേശിച്ച രംഗം നമുക്ക് മുമ്പില്‍ തെളിയും. ദൈവത്തിന്റെ വാക്കുകളേക്കാള്‍ സാത്താന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത്, ദൈവത്തിനു പകരം സ്വയം അളവുകോലായി മാറുന്ന മനുഷ്യന്റെ അടിസ്ഥാനപരമായ തെറ്റിനെ നാം കാണുന്നു. അന്ന് പാപത്തിന്റെ പരിണിതഫലമായി മരണവും ശാപവും മനുഷ്യജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആശ്വാസത്തിന്റെ വാക്കുകളോതി ദൈവം പറഞ്ഞു “സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തലതകര്‍ക്കും” സുവിശേഷത്തിന്റെ ബീജരൂപമെന്ന് ആ വാക്കുകള്‍ വിശേഷിപ്പിക്കപ്പെടുന്നു. ഇവിടെയിതാ”സന്തതി” എന്ന ഏകന്‍ സര്‍പ്പത്തിന്റെ തലതകര്ക്കുന്നു. സര്‍പ്പം അവന്റെ കുതികാല് കടിച്ചു കുടയാന്‍ വെമ്പുന്നു. അതേ, സ്ത്രീയുടെ സന്തതിയാണവന്‍; ആ സ്ത്രീയാണ് കുരിശിന് ചുവട്ടില്‍ നില്‍ക്കുന്നത്. വീണ്ടും ആ ദൈവശബ്ദം മുഴങ്ങുന്നു: ‘സ്ത്രീയേ..’
ദൈവകോപത്തീയില്‍ വെന്തെരിഞ്ഞ നാഥന്. കണ്ടാല്‍ ആളല്ല എന്ന് തോന്നുമാറ് തകര്‍ക്കപ്പെട്ട ശരീരം. വാക്കുകളാല്‍ വിവരിക്കാനാകാത്തവിധം ആഴമേറിയ സഹനപര്‍വ്വം. പക്ഷേ സ്വന്തം വേദനയുടെ അസഹനീയ തീക്ഷ്ണതയില്പ്പോലും കുരിശിന് ചുവട്ടിലെ മാതൃനൊമ്പരത്തെ നാഥന് കണ്ടു. മാതാവിന്റെ ഹൃദയം പിളര്‍ത്തിയ വാളില്‍ നിന്നും ഇറ്റുവീണ രക്തത്തുള്ളികള്‍ അവന് കണ്ടു. മാതാവിനെ നോക്കി മകന് പറഞ്ഞു: “സ്ത്രീയേ, ഇതാ നിന്റെ മകന്.” അന്നുമുതല്‍ യോഹന്നാന് യേശുവിന്റെ അമ്മയുടെ സംരക്ഷകനായി മാറി.
തേങ്ങുന്ന മാതൃഹൃദയത്തിനാശ്വാസം പകര്‍ന്നുകൊണ്ട് നാഥന് മരിക്കുമ്പോള്‍ വിധവമാരുടെ കര്‍ത്താവ്, ലോകത്തിന്റെ രക്ഷകന് സ്വന്തം ഭവനത്തിന്റെ രക്ഷകന് കൂടെയാണെന്ന് തെളിയുന്നു.
അമ്മയെ മറക്കാത്ത നാഥന് അമ്മ മറന്നാലും മറക്കാത്ത നാഥന് തന്നേ…