രവി സഖറിയാസ് (1946 – 2020)

‘ചിന്തിക്കുന്നവർക്ക് വിശ്വസിക്കാനും വിശ്വസിക്കുന്നവർക്ക് ചിന്തിക്കാനും സഹായിക്കുക’ എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി 1984 ൽ  രവി സക്കറിയാസ് സ്ഥാപിച്ച ഇൻറർനാഷണൽ (RZIM ) പ്രവർത്തനങ്ങൾ വളരെ ആഴത്തിലുള്ള ചലനങ്ങളാണ് ലോകത്തിൽ ഉണ്ടാക്കിയത് .RZIM തുടങ്ങിയ എൺപതുകളിൽ വിശ്വാസവും ചിന്തയും തമ്മിൽ വലിയ വേർതിരിവ് നിലനിന്നിരുന്നു. നോർമൽ ഗീസ്ലർ, സി എസ് ലൂയിസ് ഫ്രാൻസിസ് ഷീഫെർ തുടങ്ങിയ ഉന്നത ശീർഷരുടെ ചിന്തകളാൽ സ്വാധീനിക്കപ്പെട്ട രവി വിശ്വാസത്തെ ചിന്തയുമായി കോർത്തിണക്കാൻ ബദ്ധശ്രദ്ധ  പുലർത്തി. അതോടൊപ്പം വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് അവരവരുടെ പശ്ചാത്തലത്തിന്റെ സവിശേഷതകൾ അനുസരിച്ച് ചിന്തിക്കുവാൻ പര്യാപ്തമായ വാദഗതികൾ രൂപപ്പെടുത്തുവാനും അദ്ദേഹം വിജയിച്ചു

സുവിശേഷത്തെ ഒരു പൊതുവേദിയിൽ  ചർച്ചാവിഷയമാകുന്നതിലും നയരൂപീകരണ സ്വാധീനമുള്ള വ്യക്തികൾക്ക് കൂടി അവഗണിക്കാനാകാത്ത നിലയിൽ അവതരിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു. 1992 ൽ ഹാവാർഡ്    യൂണിവേഴ്സിറ്റിയിൽ നടത്തിയ വേരിറ്റസ് ഫോറം അപ്പോളജറ്റിക്സ്ഭൂമികയിലെ നാഴികക്കല്ലാണ് .  അദ്ദേഹത്തിൻറെ സ്വാധീനം പൊതുവേദികളിൽ    മാത്രം ഒതുങ്ങിനിന്നില്ല നിരവധി പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും RZIM പുറത്തിറക്കി. അതിൽ അധിക പങ്കും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു .   

ഒരു വശത്ത് മനുഷ്യൻറെ യുക്തിപരമായ അന്വേഷണത്തിനും അതെ സമയം മറുവശത്ത് അവൻറെ അസ്തിത്വപരമായ അഭിവാഞ്ചകൾക്കും തൃപ്തിദായകമായ  ഉത്തരം നൽകാൻ ക്രൈസ്തവ ലോകവീക്ഷണത്തിന് കഴിയുമെന്ന് അദ്ദേഹം അസന്നിഗ്ധമായി തെളിയിച്ചു. ആ സപര്യയുടെ  ഭാഗമായി ഭിന്ന നിലപാടുകൾ പുലർത്തുന്ന വ്യക്തികളുമായി നടത്തിയ സാങ്കൽപ്പിക സഭാഷണങ്ങൾ അദ്ദേഹത്തിൻറെ  രചനയായി പുറത്തുവന്നു.

‘താമരയും കുരിശും- ലോട്ടസ് ആൻഡ് ക്രോസ്’ (ബുദ്ധനും ക്രിസ്തുവും തമ്മിലുള്ള സംഭാഷണം),   ‘ സെൻസ് ആൻഡ് സെൻഷ്യാലിറ്റി’  ( ഓസ്കാർ വൈൽഡ് ക്രിസ്തുവും തമ്മിലുള്ള സംഭാഷണം) എന്നിവ ഉദാഹരണങ്ങൾ.  

ഓസ് ഗിന്നസ്,  ജോൺ ലെനോക്സ്  തുടങ്ങിയ അധികായന്മാരുമൊത്തു  രവി തുടങ്ങിയ ക്രൈസ്തവ അപ്പോളജറ്റിക്സ് കേന്ദ്രം സുവിശേഷ വിശ്വാസ പ്രതിരോധ മേഖലയിൽ ആഴത്തിലുള്ള പരിശീലനത്തിന് ഉപകരിച്ചു. 

 ഇതിനുപുറമേ ‘ലെറ്റ് മൈ പീപ്പിൾ തിങ്ക്’   എന്ന പേരിൽ അദ്ദേഹം നടത്തിയ ടിവി-റേഡിയോ പരിപാടികൾ ആഗോള വ്യാപകമായ സ്വാധീനം ചെലുത്തി.  ഭൂഖണ്ഡങ്ങൾ താണ്ടി നിരന്തരയാത്രകൾ നടത്തി ജനലക്ഷങ്ങളുമായി സംവദിച്ച രവി സഖറിയാസ് കാലത്തിന്റെ നിയോഗം ഏറ്റെടുത്ത ക്രാന്തദർശിയായ കര്മയോഗിയാണ്.

 ഉജ്ജ്വല വും ചിന്തോദ്ദീപകമായ പൈതൃകം നമുക്കായി അവശേഷിപ്പിച്ച്താൽക്കാലിക വിശ്രമ ത്തിനായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ അദ്ദേഹത്തിന് നമുക്ക് വിട  നൽകാം.

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular