“ഒരു ജനതയുടെ ഗാനങ്ങൾ എഴുതാൻ എന്നെ അനുവദിക്കുക, അവിടുത്തെ നിയമങ്ങൾ ആരെഴുതിയാലും കുഴപ്പമില്ല” – ആൻഡ്രൂ ഫ്ലച്ചർ
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗാനം എന്ന വിശേഷണത്തിന് അർഹത “അമേസിങ് ഗ്രേയ്സ്” (Amazing grace)ന് ആയിരിക്കാം. ഇംഗ്ലീഷ് അല്പമെങ്കിലും അറിയാവുന്നവർപോലും ആ ഗാനം കേട്ടിട്ടുണ്ടാകും. കുടുംബത്തിലെ ആരാധനയിലും വിവാഹവേദിയിലും ശവസംസ്കാരവേളയിലും സഭായോഗങ്ങളിലും ആ ഗാനം കേൾക്കാം. അമേരിക്കൻ പ്രസിഡണ്ടുമാരുടെ ഉദ്ഘാടനവേളയിലും ലോകനേതാക്കളുടെ സമ്മേളനവേദിയിലും ഒക്കെ പാടാറുള്ള ഗാനമാണിത്. ‘അധമനും അരിഷ്ടനും ആയ ഒരുവനെ രക്ഷിക്കുന്ന ആശ്ചര്യകരമായ ദൈവകൃപയെക്കുറിച്ച് ‘ ഹൃദയം നിറയുന്ന കൃതജ്ഞതയുടെ വരികൾ.
ഇംഗ്ലീഷുകാരൻ ജോൺ ന്യൂട്ടൺ ആണ് ആ വരികളുടെ രചയിതാവ്. അദ്ദേഹത്തിന്റെ ചരിത്രം ഒരു നാടകം പോലെ സംഭവബഹുലമാണ്.
ആഭാസത്തരം നിറഞ്ഞ ജീവിതത്തിൽ നിന്ന് അടിമയുടെ വേഷത്തിലേക്ക്. പിന്നീട് അടിമ വ്യാപാരിയും കപ്പിത്താനുമായി മാറുന്നു. പിന്നാലെ വിശ്വാസത്താൽ ശുദ്ധീകരണം. രക്ഷിച്ച ദൈവകൃപയെക്കുറിച്ച് ഗാനാലാപനം. അടിമത്തത്തിനെതിരായി അക്ഷീണ പ്രയത്നം.അറപ്പുളവാക്കുന്ന ജീവിത സാഹചര്യത്തിൽ നിന്നും ദൈവകൃപയാൽ പരിവർത്തിതനായി, ആ കൃപയുടെ പാട്ടുകാരനായി, സാമൂഹിക പരിവർത്തനത്തിന്റെ ചാലകശക്തിയായി മാറി, ധന്യമായ പൈതൃകം ബാക്കിയാക്കി മറഞ്ഞുപോയ ജോൺ ന്യൂട്ടൺ അനുസ്മരിക്കപ്പെടേണ്ട ഒരു വ്യക്തി തന്നെയാണ്.
അവഗണിക്കപ്പെട്ട ബാല്യം
1725 ൽ ലണ്ടനിലാണ് ജോൺ ന്യൂട്ടൺ ജനിച്ചത്. അമ്മ ഒരു പ്യൂരിറ്റൻ വിശ്വാസിയായിരുന്നു. പിതാവ് നാവിക ക്യാപ്റ്റനും. ന്യൂട്ടണ് എഴു വയസ്സുള്ളപ്പോൾ, ക്ഷയരോഗം ബാധിച്ച അമ്മ മരിച്ചുവെങ്കിലും അക്കാലത്തിനുള്ളിൽ തന്നെ മകന് ബൈബിൾസത്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ അവർക്കായി. ദൈവകൃപയെക്കുറിച്ച് പഠിപ്പിച്ച ആ അമ്മ, മകനൊരു സഭാശുശ്രൂഷകൻ ആയിത്തീരണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. എന്നാൽ നാവികനായ പിതാവിന്റെ പാത പിന്തുടർന്ന ന്യൂട്ടൺ കപ്പൽ യാത്രകൾ ഇഷ്ടപ്പെട്ടു. പതിനൊന്നാം വയസ്സിൽത്തന്നെ കടൽ ജീവിതം ആരംഭിച്ചു.
കപ്പൽ യാത്രകളും മറ്റ് നാവികരുമായുള്ള സഹവാസവും ന്യൂട്ടനെ അടിമുടി മാറ്റിക്കളഞ്ഞു. വളരെ മോശമായ ജീവിതരീതിയിലേക്ക് അദ്ദേഹം വഴുതിവീണു. ഏതു ആഭാസത്തരവും ചെയ്യാൻ മടിയില്ലാത്ത, ദേഷ്യം വന്നാൽ തെറിയഭിഷേകം നടത്തുന്ന, ഒട്ടും മെരുക്കം വരാത്ത ഒരു കാട്ടുകുതിരയെപോലെ അദ്ദേഹം ജീവിക്കാൻ തുടങ്ങി. ഈ ജീവിതശൈലിയുടെ ഫലമായി ആദ്യം ലഭിച്ച ജോലി അദ്ദേഹത്തിന് നഷ്ടപ്പെട്ടു. എങ്കിലും ശൈലിക്ക് എന്തെങ്കിലും മാറ്റം വരുത്താൻ ന്യൂട്ടണ് കഴിഞ്ഞില്ല. പിതാവിന്റെ നിർബന്ധത്താൽ ബ്രിട്ടീഷ് നേവിയിൽ ജോലിക്ക് പ്രവേശിച്ചു എങ്കിലും അവിടെയും അച്ചടക്കരാഹിത്യം തുടർന്നു. മേൽ ഉദ്യോഗസ്ഥരുമായി നിരന്തരം കലഹിക്കുകയും ഉത്തരവുകൾ അവഗണിക്കുകയും ചെയ്ത ന്യൂട്ടണ് കഠിനമായ ശിക്ഷകൾ ലഭിച്ചു. അവസാനം ഗത്യന്തരമില്ലാതെ ന്യൂട്ടൺ നേവിയിൽ നിന്നും ഒളിച്ചോടി. റോയൽനേവി അടങ്ങിയിരുന്നില്ല. അവർ ന്യൂട്ടനെ അന്വേഷിച്ച് കണ്ടെത്തി തടവിലാക്കി ചങ്ങലക്കിട്ടു. ചാട്ടവാറടിയും മറ്റ് ശിക്ഷകളും യഥേഷ്ടം ലഭിച്ചിട്ടും വഴങ്ങിക്കൊടുക്കാൻ ന്യൂട്ടൺ തയ്യാറായില്ല. അവസാനം മേലധികാരികളെ എങ്ങനെയൊക്കെയോ ബോധ്യപ്പെടുത്തി നേവിയിൽ നിന്നും അദ്ദേഹം വിടുതൽ നേടി.
പിന്നീട് പോയത് ഒരു അടിമ വ്യാപാരക്കപ്പലിലേക്കാണ്. ആ ജോലിയിലും ഒരു വ്യത്യാസവും ഇല്ലാതെ അദ്ദേഹത്തിന്റെ ദുഷ്ടത്തരങ്ങൾ തുടർന്നു.” ഞാൻ ധിക്കാരത്തോടെ പാപം ചെയ്തുകൊണ്ടിരുന്നു,” അദ്ദേഹം പിൽക്കാലത്ത് എഴുതി, “മറ്റുള്ളവരെ പ്രലോഭിപ്പിച്ച് തെറ്റിൽ വീഴ്ത്തുന്ന കാര്യത്തിൽ ഞാൻ ഗവേഷണം ചെയ്യുകയായിരുന്നു”.
ആ കപ്പലിലും അനുസരണക്കേട് കാണിച്ച ന്യൂട്ടൺ പിന്നീട് എത്തിപ്പെട്ടത് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിലാണ്. അടിമ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന അമൊസ് ക്ലോവ് എന്നയാൾ ന്യൂട്ടണെ അദ്ദേഹത്തിന്റെ ഭാര്യയുടെ പരിചാരകനായി നിയമിച്ചു. അമൊസ്സിന്റെ ഭാര്യ ആഫ്രിക്കൻ രാജ കുടുംബത്തിലെ അംഗമായിരുന്നു. അവർ ന്യൂട്ടനോട് വളരെ പരുഷമായി പെരുമാറി. ആഫ്രിക്കൻ അടിമയെപ്പോലെ ന്യൂട്ടനെയും പരിഗണിച്ചു. ഭക്ഷണമോ വെള്ളമോ ആവശ്യത്തിന് ലഭിക്കാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി അത്യന്തം പരിതാപകരമായ അവസ്ഥയിൽ ന്യൂട്ടൺ കുറെ നാൾ ജീവിച്ചു. പട്ടിണികൊണ്ട് അവശനായി ഒരു യാചകനെപ്പോലെ ഇരന്ന് ജീവിച്ച ആ കാലഘട്ടം ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ ദിനങ്ങളായിരുന്നു എന്ന് ന്യൂട്ടൺ പിന്നീട് എഴുതി.
പിതാവിന്റെ ഇടപെടലിനെത്തുടർന്ന് 1747ൽ ന്യൂട്ടൺ ആഫ്രിക്കയിൽ നിന്നും രക്ഷപ്പെട്ടു തിരികെ എത്തി. ഗ്രെ ഹൗണ്ട് എന്ന കപ്പലിൽ ജോലിയിൽ പ്രവേശിച്ചു. ആ കാലഘട്ടത്തിൽ അദ്ദേഹം ജീവിതത്തെക്കുറിച്ച് ഗൗരവമായ ചിന്തിക്കാൻ ആരംഭിക്കുകയും അമ്മയുടെ നിർദേശത്തെക്കുറിച്ച് ഓർമ്മ വരികയും ചെയ്തു. അതോടെ ബൈബിൾ വായിക്കാൻ ആരംഭിച്ചു. തോമസ് കെമ്പിസിന്റെ പ്രസിദ്ധമായ ‘ക്രിസ്താനുകരണം’ എന്ന പുസ്തകവും വായിക്കാൻ തുടങ്ങി. പക്ഷേ അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ അടിമകളെ കൊണ്ടുവരാൻ ഉപയോഗിച്ചിരുന്ന കപ്പലാണ്. ആഫ്രിക്കയിൽനിന്നും സാധുക്കളായ നീഗ്രോകളെ, മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുന്നതുപോലെ, പിടികൂടി ചങ്ങലക്കിട്ട് അടുത്തുള്ള തുറമുഖങ്ങളിലേക്ക് നടത്തിക്കൊണ്ടുവരും. അടിമച്ചന്തകളിൽ നിരത്തി നിർത്തി വില പറഞ്ഞു ഉറപ്പിച്ച് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കപ്പൽ കയറ്റും. നൂറുകണക്കിന് വർഷങ്ങളായി നടന്നുവന്നിരുന്ന ക്രൂരമായ ദുരാചാരം ആയിരുന്നു ഇത്. അടിമ വ്യാപാരികൾക്കും കപ്പൽ ഉടമകൾക്കും വൻ ലാഭമായിരുന്നു അടിമക്കച്ചവടം.
മരണവുമായി മുഖാമുഖം
ഈ കാലഘട്ടത്തിനുള്ളിൽത്തന്നെ മരണത്തെ മുഖാമുഖം കണ്ട നിരവധി അനുഭവങ്ങൾ ന്യൂട്ടന്റെ ജീവിതത്തിലുണ്ടായി. ഒരിക്കൽ ആഫ്രിക്കൻ തീരത്ത് നങ്കൂരമിട്ട കപ്പലിൽനിന്ന് അടുത്തുള്ള നദിയിലൂടെ ബോട്ട് വഴി കപ്പലിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ ന്യൂട്ടണും മറ്റൊരു നാവികനും ഇറങ്ങാൻ നിൽക്കവേ ക്യാപ്റ്റൻ ന്യൂട്ടണെ തിരികെ വിളിച്ചു. ഇതിനു മുമ്പൊക്കെ ന്യൂട്ടനാണ് ആ കാര്യം ചെയ്തിരുന്നത്. അത്തവണ ന്യൂട്ടണ് പകരം മറ്റൊരാളെ ക്യാപ്റ്റൻ അയച്ചു. ആ മാറ്റത്തിന് പ്രത്യേകിച്ച് കാരണം ഒന്നും അദ്ദേഹം പറഞ്ഞുമില്ല. എന്നാൽ പോയ ബോട്ട് നദിയിൽ മുങ്ങുകയും ആ രണ്ട് നാവികരും മരിക്കുകയും ചെയ്തു. വേറൊരിക്കൽ ന്യൂട്ടന്റെ കപ്പൽ ഒരു വലിയ കൊടുങ്കാറ്റിൽ അകപ്പെട്ടു. ന്യൂട്ടനും മറ്റൊരു നാവികനും കപ്പലിൽ വീണ വെള്ളം ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്തോ എടുക്കാനായി ക്യാപ്റ്റന്റെ മുറിയിലേക്ക് പോയ അദ്ദേഹം തിരികെ വരുമ്പോൾ കാണുന്നത് ഒപ്പമുണ്ടായിരുന്ന സ്നേഹിതൻ ആർത്തലച്ച തിരയിൽപ്പെട്ട് കടലിലേക്ക് തെറിച്ചു വീഴുന്ന കാഴ്ചയാണ്.
ദൈവത്തിന്റെ ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് മനസ്സിലാക്കിയ ജോൺ അന്ന് ആദ്യമായി പ്രാർത്ഥിച്ചു. ദൈവ കൃപയെക്കുറിച്ചുള്ള ബൈബിൾ വാക്യങ്ങൾ വായിച്ചു. ഈ ദിവസം ആണ് അദ്ദേഹം ആത്മരക്ഷപ്രാപിച്ച ദിനമായി കണക്കാക്കുന്നത് – “the hour I first believed”
പിന്നീട് ഗുരുതരമായ പനി ബാധിച്ച് മരണാസന്നമായ ഒരു സന്ദർഭം കൂടി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ട്. ഏതായാലും ആ അനുഭവത്തോടുകൂടി അദ്ദേഹത്തിന്റെ വിശ്വാസം ഉറച്ചു. പിന്നീടൊരിക്കലും ദൈവകൃപയെ അദ്ദേഹം സംശയിച്ചില്ല.
കടലിൽ നിന്നും കരയിലേക്ക്
15 വർഷക്കാലം നീണ്ട, വെറുക്കപ്പെട്ട, കടൽ ജീവിതം അവസാനിപ്പിച്ച് 1750ൽ ന്യൂട്ടൺ ഇംഗ്ലണ്ടിൽ തിരിച്ചെത്തി. മേരി കാറ്റ്ലേറ്റിനെ വിവാഹം ചെയ്തു. പിന്നീട് ക്യാപ്റ്റനായി അഞ്ചുവർഷത്തോളം അടിമക്കപ്പലുകളെ നയിച്ചു. എന്നാൽ രക്ഷയുടെ അനുഭവത്തിനുശേഷം അടിമത്തത്തെ പടിപടിയായി വെറുക്കാൻ തുടങ്ങിയിരുന്നു. അവസാനം ആ വെറുപ്പ് ശക്തമാകുകയും അടിമത്തസമ്പ്രദായം അവസാനിപ്പിക്കുന്നതിനായി പോരാടാൻ അദ്ദേഹം തീരുമാനമെടുക്കുകയും ചെയ്തു.
കപ്പിത്താൻ പദവി ഉപേക്ഷിച്ച ശേഷം അദ്ദേഹം ഒരു ഉന്നത സർക്കാർ ജോലി സ്വീകരിച്ചു. ആ കാലഘട്ടത്തിലാണ് ‘മഹത്തായ ഉണർവിന്റെ’ പ്രാസംഗികരായ ജോർജ് വൈറ്റ് ഫീൽഡിനെയും ജോൺ വെസ്ലിയെയും അദ്ദേഹം പരിചയപ്പെടുന്നത്. അവരുടെ സ്വാധീനത്താൽ അദ്ദേഹം വേദശാസ്ത്രവും ഗ്രീക്ക് ഭാഷയും പഠിച്ചു. കാൽവിനിസ്റ്റിക് ആശയങ്ങളും സ്വായത്തമാക്കി.
1764ൽ 39-ാം വയസ്സിൽ ന്യൂട്ടനെ ആംഗ്ലിക്കൻ സഭയുടെ ശുശ്രൂഷകനായി നിയമിച്ചു. ബക്കിങ്ഹാംഷെയർ എന്ന ചെറിയ ഗ്രാമത്തിലെ ഊർജ്ജസ്വലനായ ശുശ്രൂഷകനായി ജോൺ മാറി. അദ്ദേഹത്തിന്റെ പ്രസംഗവും പാട്ടുകളും ആളുകളെ ആകർഷിച്ചു. പള്ളിയിൽ ആളുകൾ തിങ്ങിക്കൂടാൻ തുടങ്ങി.
അമേസിങ് ഗ്രേയ്സ്
പള്ളിയിലെ ശുശ്രൂഷകൾക്ക് വേണ്ടി നല്ല ഗാനങ്ങൾ വേണമെന്ന് അദ്ദേഹത്തിന് ബോധ്യമായി. അങ്ങനെ അദ്ദേഹം ഗാനരചനയിലേക്ക് തിരിഞ്ഞു. അവിടെയാണ് ലോക പ്രസിദ്ധമായ ‘അമേസിങ് ഗ്രേയ്സ് ‘ പിറവികൊണ്ടത്. 1773 ജനുവരിയിലെ ഒരു ഞായറാഴ്ച. പ്രസംഗത്തിനായി അദ്ദേഹം തിരഞ്ഞെടുത്ത വേദഭാഗം 1 ദിനവൃത്താന്തം 17: 16- 17 വാക്യങ്ങൾ ആണ്. ദൈവസന്നിധിയിൽ വിനയാന്വിതനായി നിന്ന് ദാവീദ് നടത്തുന്ന പ്രസിദ്ധമായ പ്രാർത്ഥനയാണ് അവിടെയുള്ളത്. “യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആര്…. ” ആ പ്രസംഗത്തിന് അകമ്പടി സേവിക്കാൻ ആണ് ‘അമേസിങ് ഗ്രേയ്സ് ‘ എഴുതിയത്. നിരവധി ഗാനങ്ങൾ അദ്ദേഹം രചിച്ചു. എങ്കിലും സ്വന്തം ജീവിതത്തിലെ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ദൈവകൃപ ആശ്ചര്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ തൂലികയിൽനിന്ന് വരികളായപ്പോൾ ലോകം കാതോർത്തു നിന്നു. ആ ഗാനത്തിലെ വരികൾ ഓരോന്നും, വാക്കുകൾ ഓരോന്നും ജോൺ ന്യൂട്ടന്റെ ജീവിതം തന്നെയാണ്. ഇസ്രായേലിന്റെ മധുര ഗായകന്റെ എളിമയുള്ള വാക്കുകൾക്ക് തികച്ചും അനുയോജ്യമായ സംഗീതാർച്ചന. അമേസിങ് ഗ്രേയ്സിന്റെ ഈണം തന്നെ കറുത്തവരുടെ ഈണമാണെന്ന് സംഗീത വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ഗാനത്തിൽ നിറഞ്ഞുനിൽക്കുന്ന ആത്മരോദനം ഉള്ളിൽ ആവാഹിച്ച നീഗ്രോ അടിമകൾ ആയിരിക്കാം ഇപ്പോൾ നമുക്ക് പരിചയമുള്ള താളം അതിന് സമ്മാനിച്ചത്.
ആ കാലത്ത് തന്നെ വില്യം കൗപ്പർ അദ്ദേഹത്തിന്റെ സഹായിയായി ഒപ്പമെത്തി. അവർ ഇരുവരും ചേർന്ന് മനോഹരമായ ഒരു പാട്ട് പുസ്തകം ഇറക്കി. “ഇമ്മാനുവേൽ തൻ ചങ്കതിൽ…” എന്നാരംഭിക്കുന്ന വിശ്വപ്രസിദ്ധമായ ഗാനം ഉൾപ്പെടെ നിരവധി അനശ്വരഗാനങ്ങളുടെ സ്രഷ്ടാവാണ് വില്യം കൗപ്പർ.
അടിമത്ത നിരോധനം
നവീകരിക്കപ്പെട്ട ജീവിതം കൊണ്ടും, കാലാതിവർത്തിയായ ഗാനങ്ങൾ കൊണ്ടും മാത്രമല്ല ജോൺ ന്യൂട്ടൺ അനുസ്മരിക്കപ്പെടുന്നത്. അടിമത്ത നിരോധനം എന്ന ഐതിഹാസിക മുന്നേറ്റത്തിനു പിന്നിൽ അദ്ദേഹത്തിന്റെ പങ്ക് വളരെയധികം ഉണ്ട്. വില്യം വിൽബെർഫോഴ്സ് എന്ന് പേരായ ബ്രിട്ടീഷ് എം പിയുമായി ജോൺ ന്യൂട്ടൺ പരിചയത്തിലായി. 1785 ലാണ് വിൽബെർഫോഴ്സ് വിശ്വാസി ആകുന്നത്. അന്ന് ഏറെ ജനസമ്മതനായിരുന്ന ജോൺ ന്യൂട്ടന്റെ ശിഷ്യത്വം വിൽബെർഫോഴ്സ് സ്വീകരിച്ചു. അക്കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റിന്റെ സഹപാഠിയായിരുന്നു വിൽബെർഫോഴ്സ്. അടിമത്തോച്ചാടനം എന്ന കുലീന ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങാൻ വിൽബെർഫോഴ്സിനെ ന്യൂട്ടൺ ഉത്സാഹിപ്പിച്ചു.
അത് എളുപ്പമുള്ള ഒരു കാര്യമല്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഒരു രീതി. അതൊരു തെറ്റാണെന്ന് പോലും ചിന്തിക്കാത്ത ജനത.യൂറോപ്പിലും അമേരിക്കയിലും ഉള്ള രാജ്യങ്ങളിൽ തൊഴിലെടുക്കാൻ വേലക്കാർ ഇല്ലാത്ത അവസ്ഥ. അടിമകൾ ഇല്ലെങ്കിൽ രാജ്യങ്ങളിൽ വൻ തൊഴിൽ പ്രതിസന്ധി രൂപം കൊള്ളും എന്ന് കരുതിയ കാലം. വെളുത്തവന്റെ അടിമയാണ് കറുത്തവൻ എന്ന് ധരിച്ചുവശായ സമൂഹം. ഇത്തരം സാമൂഹിക പരിതസ്ഥിതിയിൽ വളരെ ദുഷ്കരമായിരുന്നു അവരുടെ ദൗത്യം. എങ്കിലും വിൽബെർഫോഴ്സ് ആ ഉദ്യമം ഏറ്റെടുത്തു. ബ്രിട്ടീഷ് പാർലമെന്റിൽ അടിമക്കച്ചവടത്തിന് എതിരായി പ്രസംഗിച്ചു, സമൂഹ മനസ്സാക്ഷിയെ ഉണർത്താൻ നിരന്തരം സംഭാഷണങ്ങളും കൂടിക്കാഴ്ചകളും നടത്തി. അടിമക്കച്ചവടമെന്ന ദുരാചാരത്തിനെതിരായി വിൽബെർഫോഴ്സ് ബിൽ അവതരിപ്പിച്ചു. പക്ഷേ പാസാക്കാനുള്ള പിന്തുണ നേടിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. ഇതൊരു ദുരാചാരം ആണെന്നും അവസാനിപ്പിക്കണമെന്നും എംപിമാരും ഉയർന്ന നേതാക്കളും തത്വത്തിൽ സമ്മതിക്കും എങ്കിലും നിയമം പാസാക്കാൻ പിന്തുണ നൽകാതെ അവർ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. അവസാനം വിൽ ബെർഫോഴ്സ് നിരാശനായി ശ്രമം അവസാനിപ്പിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയം അവസാനിപ്പിച്ച് ക്രിസ്തീയ ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.അപ്പോൾ ജോൺ ന്യൂട്ടൺ അദ്ദേഹത്തെ ഉത്സാഹിപ്പിക്കാൻ കത്തെഴുതി. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “വിൽബെർഫോഴ്സ്, താങ്കൾ യോക് ഷെയർ പ്രതിനിധി മാത്രമല്ല ബ്രിട്ടീഷ് പാർലമെന്റിൽ കർത്താവിന്റെ പ്രതിനിധി കൂടിയാണ്. മടുത്തു പോകരുത്. താങ്കൾ വിശ്വസിക്കുന്ന മതത്തിന്റെ സൽഫലങ്ങൾ ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള ഒരു അവസരമാണിത്.” ഇതേസമയം ആഫ്രിക്കൻ അടിമകളുടെ കരളലിയിക്കുന്ന ദുരന്ത കഥ ലോകത്തിന് കാണിച്ചു കൊടുക്കാൻ ലഘുലേഖകളും മറ്റും ന്യൂട്ടൻ തയ്യാറാക്കി.
“ബുക്കുകൾ അട്ടിയിടും പോലെ നിരനിരയായി അടിമകളെ കപ്പലിന്റെ ഇരുവശങ്ങളിലുമായി കിടത്തിയിരുന്നു. ഒരൽപ്പം സ്ഥലംപോലും പാഴാക്കാതിരിക്കാൻ അടുക്കിച്ചേർത്തു കെട്ടിവച്ചു. ഓരോ രാവിലെയും നോക്കുമ്പോൾ പലരും മരിച്ചു കിടക്കുന്നുണ്ടാകും… – ഒരു ലേഖനത്തിൽ ന്യൂട്ടൻ എഴുതിയ വാക്കുകളാണിത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ(1788) പങ്കെടുത്ത് നേരിട്ട് കണ്ട അനുഭവങ്ങൾ അദ്ദേഹം വിവരിച്ചു. അടിമത്തവ്യവസ്ഥിതിയിൽ ഒരുകാലത്ത് താൻ പങ്കാളിയായിരുവെന്നതിൽ അദ്ദേഹം ആത്മാർത്ഥമായി മനസ്തപിച്ചു. അതുകൊണ്ടുതന്നെ ഈ ദുരാചാരം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു.
നിരുന്മേഷം തൂത്തെറിഞ്ഞ് വിൽബെർഫോഴ്സും സജീവമായി. ഒന്നിനുപുറകെ ഒന്നായി 18 തവണ അടിമക്കച്ചവടത്തിനെതിരെയുള്ള ബില്ല് അദ്ദേഹം അവതരിപ്പിച്ചു. അവസാനം 1807ൽ ചരിത്ര പ്രസിദ്ധമായ നിയമം പാസായി.
അപ്പോഴേക്കും ജോൺ ന്യൂട്ടന്റെ കാഴ്ചശക്തിയൊക്കെ നശിച്ചിരുന്നു. വാർദ്ധക്യത്തിലെ രോഗപീഡകൾ അദ്ദേഹത്തെ അവശനാക്കി മാറ്റി. അടിമവ്യാപാരം നിയമപരമായി അവസാനിപ്പിക്കുക എന്ന വലിയ ലക്ഷ്യം പൂർത്തീകരിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ന്യൂട്ടൺ ഈ ലോകത്തോട് വിടപറഞ്ഞു. ‘ഈ ദുർബല ഹൃദയം മിടിക്കാതിരിക്കുകയും ഈ മർത്ത്യജീവൻ നിലയ്ക്കുകയും ചെയ്താലും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അനശ്വര ജീവിതം കാത്തിരിക്കുന്നുണ്ടെന്ന്’ ന്യൂട്ടണ് ഉറപ്പായിരുന്നു. ആടിയുലയുന്ന കപ്പലിന്റെ തട്ടിൽ വെച്ച് രക്ഷിതാവിനെ കണ്ടെത്തിയ നാൾ മുതൽ തുടങ്ങിയ കൃപയുടെ സംഗീതം അന്നത്തെ അതേ ആശ്ചര്യ ഭാവത്തോടെ ഇപ്പോഴും ന്യൂട്ടൺ പാടുന്നുണ്ട്, ‘ഒരു സൂര്യനെപ്പോലെ പ്രശോഭിച്ചുകൊണ്ട്’ നിത്യതയിലും.
“When we’ve been there ten thousand years,
Bright shining as the sun,
We’ve no less days to sing God’s praise
Than when we first begun.”
ഗാനവും നിയമപാലനവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള ആൻഡ്രൂ ഫ്ലെച്ചറിന്റെ (1653-1716 ) വാക്കുകൾ ന്യൂട്ടണെ സ്വാധീനിച്ചിരുന്നോ എന്നറിയില്ല. പക്ഷെ ആശ്ചര്യകരമായ കൃപയെക്കുറിച്ചു പാടിയ ജോൺ ന്യൂട്ടൺ ലോകത്തിലെ ഏറ്റവും കൃപാരഹിതമായ സമ്പ്രദായത്തിന് ഒടുക്കം കുറിക്കുന്ന നിയമത്തിന്റെ കാരണഭൂതനായി!