യേശുവിന്റെ സ്നേഹിതനെന്നു നിങ്ങളെന്നെ വിളിക്കുമോ?

പ്രസിദ്ധ വാഗ്മിയും അപ്പോളജിസ്‌റ്റുമായ രവി സക്കറിയാസ്  അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു. 1946ൽ  ചെന്നൈയിലായിരുന്നു ജനനം. എന്നാൽ ഇന്ത്യാ ഗവൺമെന്റിലെ  ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവിൻറെ കൂടെ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റി.  പഠനത്തെക്കാൾ ഏറെ ക്രിക്കറ്റിൽ താല്പര്യം കാണിച്ച ഒരു കൗമാരം ആയിരുന്നു സക്കറിയാസിന്റേത് .  ചെറുപ്പത്തിൽ ഒരിക്കൽ യൂത്ത് ഫോർ ക്രൈസ്റ്റ്  റാലിയിൽ പങ്കെടുക്കുകയും ചെറിയ ആത്മീയ താൽപര്യം കാണിക്കുകയും ചെയ്തു എങ്കിലും അതൊന്നും നിലനിൽക്കുന്ന സ്വഭാവമായി മാറിയില്ല.  പഠനത്തിൽ വേണ്ടത്ര നിലവാരം പുലർത്താൻ കഴിയാതെ പോയ രവിക്ക് കുടുംബത്തിന്റെ , പ്രത്യേകിച്ച് പിതാവിന്റെ , അപ്രീതിക്ക് പാത്രമാകേണ്ടിവന്നു.  അങ്ങനെ നിരാശയിലേക്ക് വഴുതിവീണ രവി തന്നെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ഒരുദിവസം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.  വീട്ടിലെ ജോലിക്കാരന്റെ  സമയോചിതമായ ഇടപെടൽ നിമിത്തം രവിയെ ആശുപത്രിയിലെത്തിച്ചു; ആശുപത്രിക്കിടക്കയിൽ ജീവനുവേണ്ടി പോരടിച്ച ദിനങ്ങളിലൊന്നിൽ   അദ്ദേഹത്തെ സന്ദർശിക്കാനെത്തിയ ഒരു യൂത്ത് ഫോർ ക്രൈസ്റ്റ് പ്രവർത്തകൻ അദ്ദേഹത്തിന് ഒരു ബൈബിൾ സമ്മാനിച്ചു.ജീവിതത്തിനും മരണത്തിനും   ഇടയിലെ നൂൽപ്പാലത്തിലൂടെ കടന്നുപോകുന്ന അവസ്ഥയിൽ കിടക്കയുടെ  ചാരത്തിരുന്നു അമ്മ യോഹന്നാന്റെ  സുവിശേഷം പതിനാലാം അധ്യായം വായിച്ചുകേൾപ്പിച്ചു. അതിലെ കർത്താവായ യേശുക്രിസ്തുവിന്റെ  പ്രസിദ്ധമായ പ്രഖ്യാപനം   രവിയുടെ ശ്രദ്ധയിൽ പതിഞ്ഞു:

‘’ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും’’

ആ ബൈബിൾ നെഞ്ചോട് ചേർത്ത് സക്കറിയാസ് ഇങ്ങനെ പ്രാർത്ഥിച്ചു ‘’യേശുവേ നീയാണ് യഥാർത്ഥത്തിൽ ജീവൻ നൽകുന്നത് എങ്കിൽ ആ ജീവൻ എനിക്ക് വേണം; എന്നെ  ആശുപത്രി കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സഹായിക്കണേ.  അങ്ങനെയെങ്കിൽ സത്യത്തിന് വേണ്ടിയുള്ള  അന്വേഷണത്തിൽ ഞാൻ ഒരു ശ്രമവും പാഴാക്കുകയില്ല’’

ദൈവം രവിയുടെ വാക്കു കേട്ടു; രവി ദൈവത്തിനു നൽകിയ വാക്ക് പൂർത്തീകരിക്കുകയും ചെയ്തു!

രവി സഖറിയാസിന്റെ  പിതാവ് കേരളീയൻ ആയിരുന്നു. മാതാവ് തമിഴ്നാട്ടുകാരിയും. അവരുടെ വിവാഹം കഴിഞ്ഞതും ആദ്യകാലങ്ങളിൽ ചെലവഴിച്ചതും ചെന്നൈയിലായിരുന്നു. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും വന്ന പിതാവിന്റെ പിൻതലമുറക്കാർ കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ മലയാള നിഘണ്ടുവിന്റെ രചയിതാക്കളാണ് .

പിൽക്കാലത്ത് കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും താമസം മാറ്റിയെങ്കിലും ഇന്ത്യയെക്കുറിച്ചും പൗരസ്ത്യ ചിന്താഗതികളെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും അഭിമാനത്തോടെയും ആദരവോടെയും ആണ് രവി എക്കാലവും സംസാരിച്ചിട്ടുള്ളത്.

ഡൽഹിയിൽ സന്ദർശനത്തിന് എത്തുമ്പോൾ ഒക്കെയും അദ്ദേഹം ആത്മഹത്യാശ്രമത്തിന് ചികിത്സതേടിയ RML ആശുപത്രിയിലെത്തുകയും അവിടെ വച്ച് ജീവൻ തിരിച്ചു തന്ന കർത്താവിന് ജീവിതം പുനഃസമർപ്പണം  ചെയ്ത്  പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു .

ഹൃദയസ്പർശിയായ കവിതകൾ മനോഹരമായി ആലാപനം ചെയ്തു പ്രസംഗത്തിൽ ഉദ്ധരിക്കുന്നത് രവിയുടെ ഒരു സവിശേഷ രീതിയായിരുന്നു.

ജീവിക്കുകയോ മരിക്കുകയോ ആകട്ടെ 
അതെന്റെ  ഉൽക്കണ്ഠയല്ല കർത്താവേ
ജീവിച്ചു നിന്നെ സേവിക്കുകയെൻ ഓഹരി 
തന്നാലും അങ്ങേ കൃപ അതിനെന്നും.
ജീവിതം ദീർഘിച്ചാൽ  ഏറെ സന്തോഷം
കൂടുതൽ അനുസരിക്കാമല്ലോ ഭൂമിയിലെനിക്ക് 
ഇനി ഹൃസ്വമെങ്കിലോ  ഖേദമെനിക്കെന്തിന്
നിത്യ സുന്ദര പ്രഭാതങ്ങളെ ഞാനെന്തിന് ഭയക്കണം.
അവൻ നടന്നതിൽ പരം ഇരുണ്ട പാതയിൽ
പോകില്ലെന്നെ  ഉപേക്ഷിച്ച് കർത്താവൊരിക്കലും
പക്ഷേ ദൈവരാജ്യ യാത്രയിലേക്കുള്ളതാണാ
ഇടുങ്ങിയ പാത ഏതു കാലത്തും.
വന്നാലും നാഥാ ഞാനങ്ങേ
തിരുമുഖം കണ്ടീടട്ടെ
ഭൂമിയിൽ നിൻവഴി ഇത്ര മധുരമെങ്കിൽ
നേരിൽ കാണുമ്പോൾ മഹത്വമെത്രയോ ശ്രേഷ്ടം
അപ്പോഴെൻ പരിഭവം എല്ലാം തീരും
പരിദേവനങ്ങൾ പഴങ്കഥയാകും
വിജിഗീഷുക്കളൊപ്പം  ഞാനൊത്തു ചേരും
ഉയരും നാഥനുള്ളപദാന ഗീതം.
ശുഷ്ക്കമേ നാഥാ എൻ ജീവിതദർശനം
മങ്ങിയതെൻ നാഥാ എൻ വിശ്വാസദൃഷ്ടി
എന്നാൽ അവിടുന്നറിയുന്നുവല്ലോ അതു മതി
ഞാൻ ഒത്തുചേരുംനിൻ കരം ഗ്രഹിക്കാൻ.

- റിച്ചാർഡ് ബാക്സ്റ്റർ

ഈ കവിത രവിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു .

’’ഈ കവിത ഉദ്ധരിച്ചതിന് ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷം എന്റെ പിതാവ് ക്യാൻസർ ബാധിതനായി തീരും എന്ന് ഞങ്ങൾ ആരും കരുതിയില്ല,’’ മൂത്ത മകൾ സാറ ചരമ കുറിപ്പിൽ ഇങ്ങനെ എഴുതി. ‘’300 വർഷങ്ങൾക്കു മുമ്പ് എഴുതിയ ആ കവിതയിലെ വരികൾ അന്വർത്ഥമാക്കുംവിധം എന്റെ ഡാഡി ഇപ്പോൾ കർത്താവിന്റെ കരങ്ങളിൽ പിടിച്ചിരിക്കുകയാണ്.

“ശുഷ്ക്കമേ നാഥാ എൻ ജീവിതദർശനം
മങ്ങിയതെൻ നാഥാ എൻ വിശ്വാസം ദൃഷ്ടി
എന്നാൽ അവിടുന്നറിയുന്നുവല്ലോ അതു മതി
ഞാൻ ഒത്തുചേരുംനിൻ കരം  ഗ്രഹിക്കാൻ.”

എന്ന വരികൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തീർത്തും അർത്ഥപൂർണ്ണമായിത്തീർന്നു. 

‘’എന്റെ ഡാഡി ഏറ്റവും കൂടുതൽ പറയാൻ ആഗ്രഹിച്ചത്  തന്റെ രക്ഷകനായ കർത്താവിനെ കുറിച്ചായിരുന്നു. ആ വാക്കുകൾ ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ വരെ- സംസാരിക്കാൻ കഴിയാത്ത ദിനങ്ങൾ വരെ- തുടർന്നു. ആരോട് എപ്പോൾ സംസാരിച്ചാലും ആ സംസാരത്തെ സാവധാനം കർത്താവായ യേശുക്രിസ്തുവിലേക്ക് തിരിച്ചു വിടാൻ ഡാഡിക്ക് പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു. പതിനേഴാമത്തെ വയസ്സിൽ നടന്ന ആത്മഹത്യാശ്രമവും അതിൽനിന്നുള്ള അതിശയകരമായ രക്ഷപ്പെടലും  എപ്പോഴും ഒരു ആവേശഭരിതമായ ഓർമ്മയായി അദ്ദേഹത്തിന്റെ  മനസ്സിൽ നിലനിന്നു. 48 വർഷമായി ആ സന്ദേശത്തിന് വാഹകൻ ആയി ഭൂഗോളത്തിൽ അങ്ങോളമിങ്ങോളം അദ്ദേഹം സഞ്ചരിച്ചു. രവി സഖറിയാസ്  ഇന്റർനാഷണൽ മിനിസ്ട്രീസ് എന്ന പേരിൽ സ്ഥാപിച്ച  അപ്പോളജിസ്റ്റുകളുടെ സംഘത്തെ അദ്ദേഹം വളരെ സ്നേഹത്തോടെ ‘എന്റെ കുടുംബം’ എന്ന് വിളിച്ചു. ടീമംഗങ്ങളുടെ ഹൃദയവിശാലതയെ കുറിച്ചും അവർക്ക് ആളുകളോടുള്ള താല്പര്യത്തെ കുറിച്ചും വളരെ ആവേശത്തോടെ അദ്ദേഹം സംസാരിച്ചു.

‘ഇപ്പോൾ താൻ മുഖാമുഖം കാണുന്ന തന്റെ രക്ഷകനെക്കുറിച്ചുള്ള സന്ദേശം ലോകത്തിലെ കോടിക്കണക്കിന് ആളുകളെ അറിയിക്കേണ്ടത്തിന്  ഒരു സർവസജ്ജമായ ടീമിനെ തെരഞ്ഞെടുക്കാനും അവർക്ക് മുമ്പാകെ നടന്ന് വഴി കാണിക്കാനും സാധിച്ചുവെന്നതാണ് രവി ഏറ്റെടുത്ത ഏറ്റവും മികച്ച ദൗത്യം’  എന്ന് ഞങ്ങളുടെ ഏറ്റവും ഏറ്റവും പ്രിയസുഹൃത്ത് അഭിപ്രായപ്പെട്ടു. എന്റെ പ്രിയ ഡാഡിയെ കുറിച്ചുള്ള ഓർമകളിൽ ഏറ്റവും തിളങ്ങി നിൽക്കുന്നത് അദ്ദേഹത്തിന്റെ താഴ്മയും ആളുകളോടുള്ള കരുതലുമാണ്.ആ നല്ല ഗുണങ്ങളാണ് എന്റെ ജീവിതത്തിൽ ഏറ്റവും ആഴത്തിൽ പതിഞ്ഞതും . കുടുംബത്തോടുള്ള അദ്ദേഹം പ്രകടിപ്പിച്ച  സ്നേഹം ഒരിക്കലും മാറ്റുരക്കാൻ ആവാത്ത വിധം അത്ര  ശുദ്ധമാണ് ‘

‘രവിയും മാർഗിയും അവരുടെ 48 ആമത്തെ വിവാഹവാർഷികം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആഘോഷിച്ചത് .എന്റെ പിതാവിന്റെ വിളിക്കും ശുശ്രൂഷയ്ക്കും പൂർണമായി സമർപ്പിച്ച ജീവിതമായിരുന്നു എന്റെ അമ്മ മാർഗിയുടേത്. ദൈവം അവരെ ഇരുവരെയും ഒരുമിച്ചാണ് ശുശ്രൂഷക്ക് വിളിച്ചത് എന്ന് അമ്മ ദൃഢമായി വിശ്വസിച്ചിരുന്നു.ദൈവത്തിൽ  അചഞ്ചലമായ വിശ്വാസം ഉറപ്പിച്ചിരുന്നത് കൊണ്ട് ഒരിക്കൽ പോലും ഈ വിളിയെക്കുറിച്ചോ ശുശ്രൂഷയെ കുറിച്ചോ എന്റെ അമ്മയ്ക്ക് ലവലേശം സംശയം ഉണ്ടായിരുന്നില്ല.പ്രിയ ഡാഡി, അമ്മ  മാർഗിയോടും എന്റെ സഹോദരങ്ങളായ നവോമിയോടും നേഥന്നോടും അങ്ങ്  കാണിച്ച എല്ലാ സ്നേഹത്തിനും സഹായത്തിനും സഹകരണത്തിനും അകമഴിഞ്ഞ നന്ദി !  

57 വർഷങ്ങൾക്ക് മുമ്പ് എന്റെ പിതാവ് രവി സക്കറിയാസിന്റെ  ജീവിതത്തെ കീഴ്മേൽ മറിച്ച പ്രസ്താവന “ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും”( യോഹന്നാൻ 14 19) എന്നതാണ്. ഈ വാക്കുകളാണ് എന്റെ വല്യമ്മയുടെ കല്ലറയിൽ കൊത്തിവച്ചിരിക്കുന്നത്.ആ  വാചകങ്ങൾ തന്നെ എന്റെ പിതാവിന്റെ കല്ലെറയെയും അലങ്കരിക്കും.

അദ്ദേഹത്തിന്റെ ജീവിതത്തെ ഓർത്ത് ഞങ്ങൾ ദൈവത്തെ സ്തുതിക്കുകയും ഞങ്ങളുടെ ജീവിതം ആ സന്ദേശത്തിനായിട്ട് പുനരർപ്പണം ചെയ്യുകയും ചെയ്യുന്നു.’’  പിതാവിനെ കുറിച്ച് ഇത്ര ഹൃദയസ്പർശിയായ വാക്കുകൾ എഴുതിയ രവിയുടെ മൂത്തമകൾ സാറ ഡേവിസ് ഇപ്പോൾ RZIM ൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്.

മാറുന്ന ജീവിതഗതി

ക്രിക്കറ്റിനെ പ്രണയിച്ച ഒരുനാൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാകുന്നതിന് സ്വപ്നംകണ്ട് നടന്ന കൗമാരകാലത്ത് അത് ഒരു നാൾ ഒരു സാരി വിൽപ്പനക്കാരൻ രവിയുടെ  ഹസ്ത രേഖ നോക്കി ഇങ്ങനെ പറഞ്ഞു .’’രവി ബാബ താങ്കൾക്ക് വിദേശയാത്ര നടത്താൻ യാതൊരു സാധ്യതയും ഞാൻ കാണുന്നില്ല, മാത്രമല്ല വിദേശത്ത് താങ്കൾക്ക് ഒരു ഭാവിയും ഉണ്ടാവുകയുമില്ല”. എന്നാൽ ഹസ്തരേഖ വിദഗ്ധൻ വാക്കുകളല്ല അല്ല സർവശക്തൻറെ  തീരുമാനങ്ങൾ എന്ന് പിൽക്കാല സംഭവങ്ങൾ തെളിയിച്ചു.അതുപോലെ തന്നെ മറ്റൊരു സംഭവം കൂടി അദ്ദേഹത്തിൻറെ ജീവിതത്തിലുണ്ടായി സെമിനാരി വിദ്യാഭ്യാസം ചെയ്തിരുന്ന കാലത്ത് തൊണ്ടയ്ക്ക് ചെറിയ അസ്വസ്ഥത ഉണ്ടായി ഒരു ഡോക്ടറുടെ ഉപദേശം തേടിയ രവിയോട് ഡോക്ടർ പറഞ്ഞത് ഇങ്ങനെയാണ് ‘’ഒരു പ്രാസംഗികൻ എന്ന നിലയിൽ നിങ്ങളുടെ ഭാവി വളരെ ബുദ്ധിമുട്ടായിരിക്കും നിങ്ങളുടെ സ്വനപേടകം പ്രസംഗത്തിന് ഒട്ടും യോജിച്ചതല്ല’’ എന്നാൽ സ്പടികതുല്യമായ ശുദ്ധതയോടെ അനർഹർള  പ്രവാഹം പോലെ ആ കണ്ഡത്തിൽ നിന്നും വാക്കുകൾ ഒഴുകിയെത്തി ലോകം ആ വാഗ്ധോരണിക്ക് ചെവിയോർത്തു .1984ൽ ബില്ലി ഗ്രഹാമിന്റെ ക്ഷണം സ്വീകരിച്ച് ആംസ്റ്റർഡാമിൽ നടന്ന അന്താരാഷ്ട്ര സഞ്ചാര സുവിശേഷകരുടെ സമ്മേളനത്തിൽ പ്രസംഗിച്ചതോടെയാണ് ആണ് രവിയുടെ ശബ്ദം ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത്. മറ്റൊരു സംസ്കാരത്തിൽ നിന്ന് വന്നവരോട് യേശുക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുമ്പോൾ അവരുടെ സംസ്കാരത്തിൽ വിലമതിക്കുന്ന കാര്യങ്ങളെ അവഹേളിച്ചാൽ അവർ നിങ്ങളുടെ സന്ദേശത്തിന് ചെവി തരികയില്ല എന്ന് അദ്ദേഹം കേൾവിക്കാരെ ഓർമിപ്പിച്ചു.അതേ വർഷം തന്നെ അദ്ദേഹം ചിന്തിക്കുന്നവർക്ക് വിശ്വസിക്കാനും വിശ്വസിക്കുന്നവർക്ക് ചിന്തിക്കാനും സഹായിക്കുന്ന രവി സക്കറിയാസ്ഇൻറർനാഷണൽ മിനിസ്ട്രീസ് എന്ന പ്രസ്ഥാനം സ്ഥാപിച്ചു. 

1966ൽ   അദ്ദേഹം കാനഡയിലേക്ക് കുടിയേറി. അവിടെവച്ച് അദ്ദേഹത്തിൻറെ പ്രസംഗം കേട്ട  ഒരു സ്ത്രീ ക്ഷണിച്ചത് അനുസരിച്ച് കേവലം 25 വയസ്സ് മാത്രം പ്രായമുള്ള രവി യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന വിയറ്റ്നാമിലേക്ക് പോയി പോയി. വെടിയൊച്ചകൾ പ്രകമ്പനം കൊള്ളുന്ന അന്തരീക്ഷത്തിൽ അവിടെയുള്ള പട്ടാള ക്യാമ്പുകളിലും ആശുപത്രികളിലും ജയിലുകളിലും ദൈവസ്നേഹത്തെ കുറിച്ച് അദ്ദേഹം പ്രസംഗിച്ചു.ഒരിക്കൽ രവിയും സഹായിയും യാത്ര ചെയ്ത വാഹനം വിജനമായ ഒരു വഴിയിൽ കേടായി കുടുങ്ങി. ഏറെ നേരം കാത്തു നിന്നപ്പോൾ ഒരു ജീപ്പ് വരുന്നത് കണ്ടു പ്രതീക്ഷയോടെ കൈനീട്ടി എങ്കിലും നിർത്തിയില്ല. അവർക്ക് സങ്കടവും നിരാശയും തോന്നി. കുറച്ചു കഴിഞ്ഞു പ്രാർഥിച്ചശേഷം ശ്രമിച്ചപ്പോൾ അവരുടെ വാഹനത്തിന് ജീവൻ വച്ചു. അധിക ദൂരം മുന്നോട്ടു പോകുന്നതിനു മുമ്പ് അവർ ഒരു കാഴ്ച കണ്ടു. നിർത്താതെ പോയി എന്ന് അവർ സങ്കടപ്പെട്ട ജീപ്പ് വിമതരുടെ ബോംബാക്രമണത്തിൽ തകർന്നു കിടക്കുന്നു. അതിൽ ഉണ്ടായിരുന്ന 4 പേരും മരിച്ചു.ദൈവ  മക്കളുടെ ഓരോ ചുവടും ദൈവം നിയന്ത്രിക്കുന്നു എന്ന് അവർക്ക് ബോധ്യമായി.

പിൽക്കാലത്ത് RZIM  സ്ഥാപിച്ചപ്പോഴും എതിർപ്പുകൾ രൂക്ഷമായ പാക്കിസ്ഥാൻ, നൈജീരിയ, ആഫ്രിക്ക, മിഡിലീസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോലും മിഷനറിമാരെ  അയക്കാൻ ഈ അനുഭവം അദ്ദേഹത്തിന് പ്രചോദനമേകി. രവിയുടെ ആംസ്റ്റർഡാം  പ്രസംഗം ആണ് ആണ് അപ്പോളജറ്റിക്സ് വിചാരധാരയുടെ  ഭാഗധേയം മാറ്റിമറിച്ചത്  എന്ന് പറയാം. സംസ്കാരങ്ങളും ജീവിതവീക്ഷണവും തമ്മിലുള്ള അന്തരവും അത് സുവിശേഷ സന്ദേശ കൈമാറ്റത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധിയും വ്യക്തമായി ചൂണ്ടിക്കാട്ടിയ രവി  ചിന്താമണ്ഡലത്തിൽ ശ്രദ്ധചെലുത്താൻ ഉള്ള നിയോഗം ഏറ്റെടുത്തു. അതുവരെ വരെ ചോദ്യങ്ങൾ ചോദിക്കുന്നവരെയും ചിന്തിക്കുന്നവരെയും അവഗണിക്കാനോ അവഹേളിക്കാനോ ആയിരുന്നു  ശ്രമിച്ചിരുന്നത്. എന്നാൽ രവിയുടെ ഒരു സഹപ്രവർത്തകൻ പറയുന്നത് ശ്രദ്ധിക്കുക. ” മറ്റുള്ളവർ ഉയർത്തുന്ന ചോദ്യങ്ങളും  എതിർപ്പുകളും അവഗണിച്ച് കളയേണ്ട വാദങ്ങൾ ആയല്ല ഉത്തരം കൊതിക്കുന്ന മനസ്സിൻറെ നിലവിളിയായാണ് രവി   കണ്ടത്. നിർധാരണം ചെയ്യേണ്ട യുക്തിപരമായ പ്രശ്നങ്ങൾ  അല്ല മനുഷ്യർ, യേശുവിനെ ആവശ്യമുള്ള വ്യക്തികളാണ് അവർ’’

RZIM  പ്രവർത്തനങ്ങൾക്ക് പ്രചോദനവും ഒപ്പം സാമ്പത്തിക സ്രോതസ്സും ആയി  പ്രവർത്തിച്ചത് ഡി ഡി ഡേവിസ് എന്ന വ്യക്തിയാണ്. അറ്റ്ലാന്റയിൽ RZIM സ്ഥാപിതമായതോടെ ആ പട്ടണം രവിയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി .രണ്ടായിരത്തിനാലിൽ പ്രൊഫസർ അലിസ്റ്റർ മഗ്രാത്ത്മായി സഹകരിച്ച് ആരംഭിച്ച  ഓക്സ്ഫോർഡ് സെൻറർ ഫോർ ക്രിസ്ത്യൻ അപ്പോളജറ്റിക്സ് നാനൂറിലധികം അപ്പോളജിസ്റ്റികളെ പരിശീലിപ്പിച്ചു  ലോകത്തിൻറെ വിവിധഭാഗങ്ങളിലേക്ക്  അയക്കാൻ നിമിത്തമായി.  വെൽസ്പ്രിങ്  ഇൻറർനാഷണൽ  എന്ന ജീവകാരുണ്യ സംഘടനയും അദ്ദേഹത്തിൻറെ പ്രവർത്തനഫലമാണ്. ക്രൈസ്തവ ചിന്തയ്ക്ക് നൽകിയ സമഗ്ര സംഭാവനയുടെ പേരിൽ വിവിധ സർവകലാശാലകൾ അദ്ദേഹത്തിന് പത്തോളം  ഓണററി ഡോക്ടറേറ്റുകൾ നൽകിയിട്ടുണ്ട്. ക്രൈസ്തവ മാർഗ്ഗത്തിന് എതിരെ ഉന്നയിക്കുന്ന പൊതു ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ 2017 ൽ സക്കറിയാസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം അദ്ദേഹം  സ്ഥാപിച്ചു. അമേരിക്കയിലെ മാത്രമല്ല ലോകത്തിലെ നിരവധി രാജ്യങ്ങളിലെ രാഷ്ട്രീയനേതാക്കളുമായി ആയി അടുത്ത ബന്ധം പുലർത്തിയിരുന്ന  രവി അത്തരം ബന്ധങ്ങൾ സുവിശേഷത്തിന് വ്യാപനത്തിനു വേണ്ടി പരമാവധി ഉപയോഗപ്പെടുത്താൻ ബദ്ധശ്രദ്ധനായിരുന്നു. നിരവധി യൂണിവേഴ്സിറ്റികളിൽ അദ്ദേഹം ഓപ്പൺ ഫോറങ്ങൾ സംഘടിപ്പിച്ചു. ജീവിതത്തിൻറെ അർത്ഥം ലക്ഷ്യം  ധാർമികത തുടങ്ങിയ മേഖലകളിൽ  നിരവധി ചോദ്യങ്ങളുമായി മല്ലടിക്കുന്ന യുവജനത രവിയുടെ സന്ദേശങ്ങളിലൂടെ അർത്ഥപൂർണ്ണമായ ജീവിതത്തെക്കുറിച്ചുള്ള സങ്കല്പം രൂപപ്പെടുത്തി.രവി സഖറിയാസ്  ഇൻറർനാഷണൽ മിനിസ്ട്രീസ്ന്റെ  ഇപ്പോഴത്തെ പ്രസിഡൻറ് മൈക്കിൾ റംദാൻ ആണ് .രവിയും അദ്ദേഹവും ഒരുമിച്ച് 2017ൽ   സൈപ്രസ്സ് സന്ദർശിച്ചപ്പോൾ  ലാസറിന്റെ കല്ലറ കാണാൻ പോയി . കല്ലറക്കു  മുകളിൽ എഴുതി വെച്ച വാക്കുകൾ ഇതാണ് :  “ലാസർ- യേശുവിൻറെ സ്നേഹിതൻ, മരിച്ചിട്ട് നാല് ദിവസം’’ ഈ വാക്കുകൾ വായിച്ചു മൈക്കിൾ റംദാനിന്റെ  മുഖത്തേക്ക് നോക്കി രവി ഇങ്ങനെ പറഞ്ഞു ‘ഇതാണ് ഞാൻ കൊതിക്കുന്ന വിവരണം എനിക്ക് ഈ വിശേഷണം ലഭിച്ചാൽ മതി – ‘’യേശുവിൻ സ്നേഹിതൻ’’..

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular