കോഴിക്കോ മുട്ടക്കോ പ്രായമേറെ
അമ്മക്കോ കുഞ്ഞിനോ മൂല്ല്യമേറെ
അയര്‍ലണ്ടില്‍ നിന്നൊരു പെണ്കൊടിതന്
മരണമുയര്‍ത്തുന്ന ചോദ്യമാണ്
“ജീവനെക്കാളെനിക്കിഷ്ടമാണ്”
ശീലിച്ച മാതൃവാക്കന്യമായോ?
“ജീവനെടുക്കുമെന്‍ ജീവിതത്തിന്
ശീതളച്ഛായക്കിടയില് വന്നാല്‍”.
“ജീവിതം പാതി കഴിഞ്ഞൊരമ്മേ
ജീവിക്കുവാനാശയുണ്ടെനിക്കും
പാപങ്ങളൊന്നുമേ ചെയ്തിടാത്ത
പാവത്തിന് ഘാതകനായിടല്ലേ”
വിത്തുവിതക്കുവോര്‍ കൊയ്തെടുക്കും
വ്യാപാരി വര്‍ത്തക ലാഭം കൊയ്യും
ജീവന്നവകാശമാര്ക്കുള്ളത്?
ജീവന്നുടയവന്നു മാത്രമല്ലേ?
ആരവം കണ്ടു ഭയന്നിടല്ലേ
ആള്‍ക്കൂട്ടം സത്യത്തിനൊപ്പമല്ല
അന്തരംഗങ്ങളെ തൂക്കിനോക്കും
അന്ത്യനാള്‍ ആര്‍ക്കുമൊട്ടന്യമല്ല.
ശസ്ത്രക്രിയകള്‍ നടത്തുന്നോരേ
സത്യ പ്രതിജ്ഞ മറന്നിടല്ലേ.
സൂക്ഷിക്കുവാനോ തകര്‍ക്കുവാനോ
ശ്രേഷ്ഠ നിയോഗം, ഈ പൊന്‍ പൈതലേ.