അപ്പനടുക്കലെത്തണം

നാല്പതാം നാളത്തെ ഉച്ചവെയിലേറ്റു
വാടിത്തളർന്നു വിശന്നു വലഞ്ഞു ഞാൻ.
നഷ്ടബോധം വിങ്ങി കുറ്റബോധം തിങ്ങി
മരിക്കും മുമ്പെന്നപ്പന്നടുക്കലെത്തീടണം

പേരെടുത്തീടുവാൻ വീറെടുത്തന്നു ഞാൻ
പോരടിച്ചന്നു പിരിഞ്ഞതിഭോഷനായ്
സ്വർഗ്ഗമാണിന്നെനിക്കപ്പാ തവഗൃഹം
അപ്പനടുക്കലൊ, ന്നെത്തുവാനാവുമോ?

വീടോടടുത്തൊരു ചെന്നായ് വളവിലെ
താഴ്വരച്ചാലിലാ കാട്ടുമുൾ കണ്ടുഞാൻ
നാൽപത്‌ നാൾകൾതൻ മുന്നേയെന്നപ്പൻറെ
ഇടനെഞ്ചിലാഴ്ത്തിയാ കരിമുള്ള തോർത്തു ഞാൻ

സ്നേഹം തുടിക്കുമാ കൈ തട്ടിമാറ്റിഞാ-
നോടിയാരാത്രിയിന്നോർക്കേ യഭിശപ്തം.
വീണു മരിക്കും മുൻപീ വനപാതയിൽ
ഓടിയണയണം അപ്പനടുക്കലായ്.

ഉമ്മറക്കോലായിൽ നെഞ്ചു തകർന്നെന്നെ
കാത്തു കാത്തീടുമാ പുണ്യപിതാവിനോ-
ടെന്തുചൊല്ലേണ്ടു ഞാനാ പിതൃ ഹൃത്തിനോ-
ടെന്തു ചെയ്യേണ്ടു ഞാനാ സ്നേഹവായ്പിനായ് !

ചുക്കിച്ചുളിഞ്ഞ കവിൾത്തടത്തിൽ നിന്ന്
തട്ടിക്കളഞ്ഞ് ഹാ പന്നിത്തവിടുകൾ,
കീറിപ്പറിഞ്ഞ കുപ്പായത്തിനുള്ളൊരു
കോലമായ് കാരിരുൾ രൂപമായിന്നു ഞാൻ .

സ്വർഗ്ഗത്തിനോടും പിഴച്ചു ഞാൻ താത നിൻ
ഹൃത്തിനോടും ചെയ്തതെല്ലാമപരാധം
ഇല്ലെനിക്കിന്നിനി പുത്രാവകാശങ്ങൾ
വേണ്ട, ഞാൻ താതാ നിൻ സേവകൻ മാത്രമാം .

സർവ്വം മുടിച്ചതി മ്ലേച്ഛനായ് വന്നിട്ടും
തള്ളാതെ ചേർത്തണച്ചെന്നെ നീ അത്ഭുതം.
കണ്ണു നിറയുന്നു, നെഞ്ചു തുടിക്കുന്നു
എന്തൊരു സ്നേഹമാണപ്പാ ദയാനിധേ.

ആയിരം പൊൻ വെള്ളിനാണ്യങ്ങളക്കാളും
ആശിച്ചിടുന്നു ഞാൻ നിൻ ഭവനാങ്കണം.
വേണ്ട ലോകം അതിൻ മായാ സുഖങ്ങളും
അപ്പനടുക്കലാണെന്നാത്മസായൂജ്യം.

ഒന്നു മാത്രം മതി അന്നു ഞാൻ  കുഞ്ഞായ
നാളെന്നെ ചാരെയുറക്കിയ നെഞ്ചിടം
ചാരി നിൻ ഓമന പൊൻമുഖം മുത്തണം
അപ്പാ നിൻ മാറിടം മാത്രം മതിയിനി.

Joel Jonah Tom
Joel Jonah Tom
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം, Scribe Tribe എഴുത്തുകൂട്ടത്തിന് സമ്മാനിച്ച യുവ കവി. M.Com വിദ്യാർത്ഥി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular