സൂര്യന് കടലില്‍ ഉദിക്കുന്നത് നീ കണ്ടു
എന്നാല്‍ മലമുകളില്‍ ഉദിക്കുന്നതാണ് ഞാന്‍ കണ്ടത്.
നാം ഏറെ വാദിച്ചു,
നീ എന്റെ നാട്ടില്‍ വരികയും
ഞാന്‍ നിന്റെ നാട്ടില്‍ വരികയും
വ്യത്യസ്തതകള്‍ തിരിച്ചറിയുകയും ചെയ്യുവോളം.
നീ പറഞ്ഞു വേനല്‍ക്കാലമാണ്
ഞാന്‍ പറഞ്ഞു മഴക്കാലമാണ്.
നാം ഏറെ വാദിച്ചു,
പിന്നെ തെക്ക് വന്ന് നീ എന്നെ കണ്ടു
വടക്കു വന്ന് ഞാന്‍ നിന്നെയും കണ്ടു
വ്യത്യസ്തതകളുടെ ലോകത്തെ നാം തിരിച്ചറിഞ്ഞു.
വെളുപ്പാണ് ഭംഗിയെന്ന് നീ,
കറുപ്പാണ് ഭംഗിയെന്ന് ഞാന്‍.
നാം ഏറെ വാദിച്ചു
പിന്നെ നീ വന്നു കണ്ടു, എന്റെ നാടിന്റെ ഇരുണ്ട കാനനഭംഗി .
ഞാന്‍ വന്നുകണ്ടു, മഞ്ഞില്‍പ്പുതഞ്ഞ നിന്റെ തൂവെള്ളഗിരിശൃംഗങ്ങള് .
വെളുപ്പിന്റെ സുവ്യക്തതയിലും കറുപ്പിന്റെ നിഗൂഡതയിലും
സൗന്ദര്യം കുടികൊള്ളുന്നുണ്ടെന്ന് നാമിപ്പോള്‍ സമ്മതിക്കുന്നു.