എന്ന്, ഒരമ്മ

എന്റെ വീട്ടില്‍ ചിരിയും ബഹളവും വഴക്കും തമാശയും കുരുത്തക്കേടുകളുമൊക്കെ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. പാഠപുസ്തകങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടന്ന ഒരു കാലം. പേനകളും പെന്‍സിലും മേശയില്‍ നിറഞ്ഞകാലം. കുപ്പായങ്ങള്‍ മുറികളുടെ മൂലയില്‍ ചുരുട്ടിക്കൂട്ടിയിട്ട കാലം. അന്ന് കിടക്ക സ്ഥാനംതെറ്റിയും വിരി പകുതി ചുരുണ്ടും തലയിണ നിലത്തും കിടന്നിരുന്നു. അന്ന് എല്ലാ ദിവസവും അച്ചടക്കവും വൃത്തിയും അടുക്കും ചിട്ടയും പഠിപ്പിക്കാന്‍ ഞാന്‍ ഏറെ ശ്രമിച്ചിരുന്നു.

പ്രഭാതങ്ങളില്‍ ഒരാള്‍ പറയും: “അമ്മേ, എന്റെ കണക്കുപുസ്തകം കാണുന്നില്ല.” അപ്പോഴേക്കും അടുത്തയാളും പരാതിയുമായെത്തും: “എന്റെ പെന്‍സില്‍ പൊട്ടിപ്പോയി.” ചെറിയവള്‍ ചിണുങ്ങും: “എന്റെ റബ്ബര്‍ ആരോ എടുത്തു.”

എന്റെ ശബ്ദം കനക്കും. ഞാന്‍ പറയും, നിങ്ങള്‍ ഓരോരുത്തരും അവരവരുടെകാര്യം സ്വന്തമായി നോക്കിക്കൊള്ളണം. സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കാന്‍ പഠിക്കണം. ഹോംവര്‍ക്ക് കൃത്യമായി ചെയ്യാന്‍ ശീലിക്കണം. നിങ്ങളൊക്കെ വേഗം വളര്‍ന്ന് ഉത്തരവാദിത്തമുള്ള വ്യക്തികളായി തീരേണ്ടവരാണ്.

അതെ, അവര്‍ വേഗം വളര്‍ന്നു!

അവരുടെ മുറികളിലെ കിടക്കകള്‍ ഇന്ന് വിരിച്ചൊരുക്കി വൃത്തിയോടെ ഇരിക്കുന്നു. തലയിണകള്‍ സ്ഥാനം തെറ്റിയിട്ടില്ല, വിരികള്‍ ചുളുങ്ങിയിട്ടില്ല. അവരുടെ മേശകള്‍ക്ക് മുകളില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങളില്ല, അവരുടെ അലമാരകളില്‍ വലിച്ചുവാരിയിട്ട വസ്ത്രങ്ങളില്ല. ആ മുറികളില്‍ അവരുടെ ഒരു നേര്‍ത്ത ഗന്ധംമാത്രം തങ്ങിനില്‍ക്കുന്നതുപോലെ. 

വീടിന് ഇപ്പോഴെന്തൊരു വൃത്തിയാണ്. എല്ലാം അതാതിന്റെ സ്ഥാനത്തുണ്ട്. ബഹളവും കരച്ചിലും വഴക്കുമില്ല. ചിരിയും തമാശയും പാട്ടുമില്ല. ആകെയൊരു നിശബ്ദത. വീട്ടിലെ വായുപോലും കനംവച്ചു ഗൗരവം കൈവരിച്ചതുപോലെ തോന്നുന്നു. 

ഈ വീടിനെ സജീവമാക്കിയവര്‍- ഇവിടെ കരച്ചിലും ബഹളവും ചിരിയും വഴക്കും പടര്‍ത്തി ഉണര്‍വ്വു നല്‍കിയവര്‍ ഇന്ന് വിവിധ സ്ഥലങ്ങളിലാണ്. മൂത്തവര്‍ ഇരുവരും ജോലിയുമായി രാജ്യംവിട്ടു. ഇളയയാള്‍ ഉപരിപഠനത്തിനായി വേറൊരു പ്രമുഖപട്ടണത്തിലും. അവരുടെ ശൂന്യമായ മുറികള്‍ക്കുമുമ്പില്‍ നില്‍ക്കുമ്പോള്‍ വിരഹത്തിന്‍റെ വേദന എന്റെ ഉള്ളില്‍ പതിയെ നിറയുന്നത് ഞാനറിയുന്നു. വല്ലപ്പോഴും ഒരിക്കല്‍ അവര്‍ വീട്ടിലെത്തുമ്പോള്‍മാത്രം ക്ഷണികമായ ഒരുമിക്കലിന്റെ  സന്തോഷവും ആനന്ദവും വീട്ടില്‍ നിറയുന്നു. പ്രായംപകര്‍ന്ന പക്വതയും കാഴ്ചപ്പാടില്‍ വന്നുചേര്‍ന്ന ഇരുത്തവും സ്വാഭാവിക ഇടപാടുകളില്‍ അവര്‍ക്ക് പണ്ടുണ്ടായിരുന്ന അടുപ്പത്തിന്റെ  ഇഴയടുപ്പം കുറച്ചതായി എനിക്ക് സംശയം തോന്നാറുണ്ട്. 

അത് ബാല്യത്തിന്‍റെ അപക്വദിനങ്ങളില്‍ ഞാന്‍ അവരോട് കയര്‍ത്തതും, പക്വതപഠിപ്പിക്കാനുള്ള എന്റെ ശ്രമങ്ങളില്‍ അവര്‍ക്ക് നൊമ്പരം സമ്മാനിച്ചതും ഓര്‍മ്മിച്ചെടുക്കുമ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍ ഉരുണ്ടുകൂടുന്നു. അവര്‍ എന്നോടൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിക്കാനല്ലാതെ മറ്റെന്താണ് എനിക്ക് ചെയ്യാന്‍ കഴിയുക.

ഓ! ദൈവമേ, മക്കളെ അവരുടെ വിദൂര ഇടങ്ങളില്‍ അങ്ങ് കരുതേണമേ. എനിക്ക് അവര്‍ക്കൊപ്പം പോകാനാവില്ല. എന്നാല്‍ അവിടുന്ന് അവര്‍ക്കൊപ്പമുണ്ടെങ്കില്‍, അങ്ങയുടെ കരം അവരെ പിടിച്ചു നടത്താനുണ്ടെങ്കില്‍ അതുമതി, അത് ധാരാളം മതി. ബാല്യത്തിലെ മക്കളെ വളര്‍ത്തുന്ന അമ്മമാരേ, നിങ്ങള്‍ ഭാഗ്യവതികളാണ്. മക്കളുടെ കളിയും ചിരിയും കുസൃതിയും കരച്ചിലുമൊക്കെ നിങ്ങളുടെ വീട്ടില്‍ നിറയട്ടെ.  മക്കളോട് എപ്പോഴും വഴക്കിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ വേഗം നിങ്ങളെ വിട്ടുപോകും. അമ്മക്കിളിയെവിട്ട്, പറക്കമുറ്റുംവരെ സംരക്ഷിച്ച കൂടുംവിട്ട് അനന്തവിഹായസ്സിലേക്ക് ചിറകടിച്ചു പറക്കും!!

എന്ന് ഒരമ്മ.

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular