തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒക് ലഹാമ സ്വദേശിയായ ജെസിക്ക ഈവ്സ് തന്റെ പേഴ്സ് പോക്കറ്റടിച്ചുപോയകാര്യം തിരിച്ചറിയുന്നത്. സാധാരണ എല്ലാവരും ചെയ്യുന്നതു പോലീസിന്റെയോ മറ്റ് അധികാരികളുടെയോ സഹായം തേടുന്നതാണ്. എന്നാല്‍ അവള്‍ ആ സാഹചര്യം ജെസീക മറ്റൊരു രീതിയില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തു.
സംശയം തോന്നുന്ന നിലയില്‍ ഒരു യുവാവിനെ ജെസീക്ക ഷോപ്പിംഗ് മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ തന്നെ ശ്രദ്ധിച്ചിരുന്നു. തന്റെ പിന്നാലെ അയാള്‍ നടക്കുന്ന കാര്യം ജെസീകയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. സാധനങ്ങളുടെ നിരകളുടെ ഇടയിലൂടെ ആ മനുഷ്യന്‍ ജെസീകയെ അനുധാവനം ചെയ്തിരുന്നു. അതിനുശേഷം നോക്കിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്.
അയാള്‍ ഏതാനും നിരകള്‍ക്കപ്പുറത്ത് നില്‍ക്കുന്നത് ജെസീക്ക കണ്ടു. നേരേ അയാളുടെ അരികിലെത്തിയ ജെസീകാ അയാളുടെ കണ്ണുകളിലേക്ക് നോക്കി ഉറച്ച സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: “എന്റെ വിലയുള്ള ഒരു കാര്യം നിങ്ങളുടെ കയ്യിലുണ്ട്. ഇതാ, ഞാന്‍ നിങ്ങള്‍ക്കൊരവസരം നല്‍കുകയാണ്. നിങ്ങള്‍ എന്റെ പേഴ്സ് തിരികെ തന്നാല്‍ ഞാന്‍ നിങ്ങളോട് ക്ഷമിക്കാം, മാത്രമല്ല നിങ്ങള്‍ക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളുടെ പണവും ഞാന്‍ നല്‍കാം. നിങ്ങള്‍ പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ടാണിത് ചെയ്തതെന്ന് ഞാന്‍ ഊഹിക്കുന്നു. ഇനി മറിച്ച് നിങ്ങള്‍ പേഴ്സ് തിരികെ തന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളെ പോലീസില്‍ ഏല്‍പ്പിക്കാന്‍ പോവുകയാണ്.”
ഏതാനും സെക്കന്‍റുകള്‍ ആലോചിച്ചശേഷം അയാള്‍ പാന്‍റിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്തു നീട്ടി. അയാളുടെ മുഖം ജാള്യതകൊണ്ട് വിവര്‍ണ്ണമായിരുന്നു. ജെസീകാ അയാളെ കൂട്ടി ആവശ്യമായതൊക്കെ എടുത്തുനല്‍കി. അതിനിടയില്‍ ചുരുങ്ങിയത് 20 തവണയെങ്കിലും അയാള്‍ ക്ഷമ പറഞ്ഞു. നിവൃത്തികേടുകൊണ്ടാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നയാള്‍ പറഞ്ഞു.
അയാളുടെ പ്രതികരണവും അപൂര്‍വ്വമായിരിക്കാം. എന്നാല്‍ അതു തീര്‍ത്തും വിരളമല്ലാ എന്ന് നമുക്കോര്‍ക്കാം. “തെറ്റുചെയ്യുന്നവര്‍ക്ക് തിരുത്താന്‍ ഒരവസരം നല്‍കുന്നതല്ലേ നിയമപരമായ പോംവഴികളേക്കാള്‍ നല്ലത്?”- ജെസീക്ക ചോദിക്കുന്നു.