ക്വാറന്റൈൻ

നിറവയർ താങ്ങിപ്പിടിച്ചുകൊണ്ട് വളരെ സൂക്ഷിച്ച് അവൾ റൂമിനു പുറത്തേക്കിറങ്ങി. വീട് മുഴുവൻ വല്ലാത്തൊരു നിശബ്ദത തളം കെട്ടി കിടക്കുന്നു….. ഇതുവരെ ഇങ്ങനെ ആയിരുന്നില്ല. ഓരോ അവധിക്ക് വരുമ്പോഴും വീട് നിറച്ചും ബന്ധുക്കൾ ആയിരിക്കും. ഏട്ടന്റെ അച്ഛനും അമ്മയും അഞ്ചു നാത്തൂൻമാരും അവരുടെ ഭർത്താക്കന്മാരും മക്കളും ഒക്കെ ആയി ആകെ ബഹളം തന്നെ ആയിരിക്കും. ഈ വീട്ടിൽ മരുമകൾ ആയി വന്ന അന്നു മുതൽ അവൾ ഈ വീടിന്റെ എല്ലാമാണ്. നാത്തൂൻമാരുടെ മക്കൾക്ക് വെറും അമ്മായി മാത്രം ആയിരുന്നില്ല, അമ്മ തന്നെ ആയിരുന്നു അവൾ.

‌ഓരോ പ്രാവശ്യവും നാട്ടിൽ വരുന്നത് വലിയ സന്തോഷത്തോടെയാണ്. എന്നാൽ ഈ പ്രാവശ്യം വന്നത് ഭയത്തോടെയായിരുന്നു. കൊറോണ എന്ന രോഗം ഓരോരുത്തരേയും ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്ന സമയം…. വീട്ടിൽ എത്തുന്നതിനു മുന്നേ പ്രായമായ അച്ഛനെയും അമ്മയെയും മൂത്ത നാത്തൂന്റെ വീട്ടിലേക്ക് മാറ്റി. നിറവയറുമായാണ് ഈ പ്രാവശ്യം വീടിന്റെ പടി കയറിയത്. എല്ലാവരും ഉണ്ടായിരുന്നെങ്കിൽ വലിയ ആഘോഷം ആകുമായിരുന്നു. എന്നാൽ.. ഇപ്പോൾ….. ഒരു കൈ സഹായത്തിനു പോലും ആരും ഇല്ലാത്ത അവസ്ഥ.

അവർക്ക് കഴിയാനുള്ള സാധനങ്ങൾ വീട്ടിൽ നേരത്തെ തന്നെ ഒരുക്കിയിരുന്നു. നാത്തൂന്മാര് എന്നും തന്നെ വിളിക്കും. കുട്ടികളൊക്കെ അമ്മായീനേം അമ്മാവനേം കാണണം എന്ന് പറഞ്ഞ് ബഹളാത്രെ. രണ്ടു പേരുടെ അച്ഛനമ്മമാരും വല്യ വിഷമത്തിലാണ്. മക്കൾ വന്നിട്ട് ഒന്ന് കാണാൻ കൂടെ കഴിഞ്ഞില്ലല്ലോ.

അവൾക്ക് താങ്ങായി ഏട്ടൻ കൂടെ തന്നെ ഉണ്ടായിരുന്നു. ഏട്ടന്റെ ജോലിത്തിരക്കിനിടയിൽ ഇങ്ങനൊരു പരിചരണവും സാമിപ്യവും കിട്ടുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നതേയില്ല. എന്നാൽ ഇപ്പോൾ ഒരു വിളിക്കപ്പുറം ഏട്ടൻ അടുത്തു തന്നെ ഉണ്ട്.അങ്ങനെ ദിവസങ്ങൾ  കടന്നുപോയി, ടെസ്റ്റിന്റെ റിസൾട്ട്  വന്നു. അതിൽ ഏട്ടന്റെ റിസൾട്ട് പോസിറ്റീവാണെന്ന് കേട്ടപ്പോൾ നെഞ്ചൊന്നു പിടഞ്ഞു. ആരോഗ്യം ഉള്ളതുകൊണ്ട് ഏട്ടൻ രക്ഷപെടും. മറ്റാരുമായും സമ്പർക്കം ഇല്ലാത്തതിനാൽ മറ്റുള്ളവർക്കു വരും എന്ന പേടിയും ഇല്ല. എന്നാലും ഏട്ടന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ താൻ ആഗ്രഹിക്കുന്ന നിമിഷങ്ങളാണ് മുന്നിലുള്ളത്. ആ സമയത്ത് തന്നിൽ നിന്നും ആരോ ഏട്ടനെ തട്ടിപ്പറിച്ചു കൊണ്ടു പോകും പോലെ അവൾക്ക് തോന്നി. 

‌പ്രിഗ്നൻസിയുടെ കാര്യം ഓർത്തിട്ട് ഏട്ടന് വല്ലാത്ത ടെൻഷൻ ആയിരുന്നു . അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഞങ്ങൾക്കിടയിലേക്ക് ഒരു കുഞ്ഞതിഥി വരാൻ പോകുന്നത്. ആ സന്തോഷം പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ. ഏട്ടന്റെ ടെൻഷൻ മുഴുവനും  പെട്ടെന്ന് ഒരാവശ്യം വന്നാൽ സഹായത്തിന് എനിക്കിവിടെ ആരും  ഇല്ലല്ലോ  എന്നോർത്തിട്ടായിരുന്നു.

“നീ ഒറ്റക്ക്…. എങ്ങനാ….?” ഏട്ടന്റെ ശബ്ദം ഇടറി. വാക്കുകൾ മുറിഞ്ഞു.

“മോൻ അതോർത്തു പേടിക്കണ്ട. ഞങ്ങൾ നോക്കിക്കോളാം. എന്നും ഞങ്ങൾ വന്ന് കാര്യങ്ങൾ അന്വേഷിച്ചോളാട്ടോ. അടുത്ത മാസമല്ലേ മോളുടെ ഡേറ്റ് പറഞ്ഞിരിക്കുന്നത്. അപ്പോഴേക്കും ഞങ്ങളിൽ ഒരാൾ ഇവിടെ വന്നു നിന്നോളാം.” ആരോഗ്യപ്രവർത്തകരുടെ ഒപ്പം വന്ന ആശച്ചേച്ചി പറഞ്ഞു.

“സൂക്ഷിക്കണംട്ടോ ” പതറിയ ശബ്‍ദത്തോടെയുള്ള ഏട്ടന്റെ വാക്കുകൾ കേട്ടപ്പോൾ നെഞ്ച്  ഒന്നു  വിങ്ങി.അടക്കിപ്പിടിച്ച  സങ്കടം മുഴുവൻ മലവെള്ളപ്പാച്ചിൽ പോലെ കരച്ചിലായി പുറത്തേക്കു വരുമോ… പാടില്ലാ…. ഏട്ടന് ധൈര്യം പകരാൻ എനിക്കേ കഴിയൂ… അതുകൊണ്ട് കരയരുത്… 

“പേടിക്കണ്ട ഏട്ടാ…. ഞാൻ നോക്കിക്കൊള്ളാം ,  ഏട്ടൻ ധൈര്യമായിട്ട് പോയിട്ട് വാ.. ” നിറവയർ ഒന്നുകൂടി താങ്ങിപ്പിടിച്ചുകൊണ്ട് അവൾ ഏട്ടനെ ആശ്വസിപ്പിച്ചു. തന്റെ കണ്ണുകൾ ഈറനണിയുന്നത് ഏട്ടൻ കാണാതെ മറയ്ക്കാൻ  അവൾ ശരിക്കും പാടുപെട്ടു. ആംബുലൻസിൽ കയറി ഏട്ടൻ പോകുമ്പോൾ ആ കണ്ണുകളും നിറഞ്ഞിരുന്നു.

ഇന്നലത്തെ രാത്രി കഴിച്ചു കൂട്ടിയത് എങ്ങനെയാണെന്ന് അവൾക്ക് മാത്രമേ  അറിയൂ. വല്ലാതെ ഒറ്റപ്പെട്ട ഒരവസ്ഥ. എങ്കിലും ധൈര്യം സംഭരിച്ചു. തനിക്ക് കഴിയാത്തതായി ഒന്നും ഇല്ലെന്ന് വിശ്വസിച്ചു. തന്റെ കുഞ്ഞ് തനിക്കൊപ്പം തന്നെ ഉണ്ടല്ലോ…

എപ്പോഴാ ഒന്ന് മയങ്ങിയത് എന്നറിയില്ല. ജനലിലൂടെ വെട്ടം മുഖത്തടിച്ചപ്പോഴാണ് കണ്ണ് തുറന്നത്. വയറിനു ചെറുതായി ഒരു വേദന  തോന്നുന്നുണ്ട്. അവൾ കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ ഫോൺ എടുത്തു നോക്കി. ഏട്ടനും നാത്തൂന്മാരും അമ്മയും ഒക്കെ തന്നെ  മാറി മാറി  വിളിച്ചിട്ടുണ്ട്. എന്തേ താൻ ഫോൺ ബെല്ലടിച്ചത് കേട്ടില്ല….

അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ്  ഫോൺ റിങ് ചെയ്തത്. അമ്മയാണ്. 

“ഹലോ, അമ്മേ”

“മോളേ.. നീ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നേ. മോനും നിന്നെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു.” അമ്മയുടെ ശബ്ദത്തിൽ ആകുലത വ്യക്തമായിരുന്നു.

“ഞാൻ ഉറങ്ങിപ്പോയമ്മേ….ഫോൺ റിങ് ചെയ്തത് കേട്ടില്ല.”

‌”മോൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?”

‌”ഇല്ലാ…. ഞാൻ ഓക്കെ ആണ്. “

‌”ശരി മോളേ എന്നാൽ പോയി ചായ കുടിക്ക്. പിന്നെ വിളിക്കാം.”

‌”മ്മ്….”

അവൾ കോൾ കട്ട് ചെയ്തു. ഏട്ടന്റെ നമ്പർ ഡയൽചെയ്തു. റിങ് പോലും ഇല്ല. എന്തെങ്കിലും റേഞ്ച് പ്രോബ്ലം ആയിരിക്കും. അവൾ ഫോൺ കട്ടിലിൽ വെച്ചിട്ട് പതിയെ എഴുന്നേറ്റു. 

“ശാലൂ…. “ആ ശബ്ദം കേട്ടപ്പോൾ അവളുടെ ഹൃദയം തുടിച്ചു. 

‌”ഏട്ടൻ…..” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. വേഗം മുറിക്കു പുറത്തിറങ്ങി വാതിലിനടുത്തേക്ക് ചെന്നു. ഒരു ദിവസം കാണാതിരുന്നതേ ഉള്ളൂ. എങ്കിലും ആ കണ്ണുകൾ ഏട്ടനെ കാണാൻ കൊതിക്കുന്നുണ്ടായിരുന്നു. ആകാംഷയോടെ വാതിൽ തുറന്നു നോക്കിയപ്പോൾ അവിടെ ആരും തന്നെ ഇല്ല. 

‌”ഏട്ടാ…. ഏട്ടാ….” അവൾ വിളിച്ചു നോക്കി. ഒരു പക്ഷെ തന്നെ പറ്റിക്കാൻ മാറി നിൽക്കുന്നതാകുമോ…. ഇല്ല,  ഇവിടെ ആരും തന്നെ ഇല്ല.അല്ലെങ്കിലും ഏട്ടൻ എങ്ങനെ വരാനാ, ഹോസ്പിറ്റലിൽ അല്ലേ… ഏട്ടൻ അടുത്തില്ല എന്നോർത്തപ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. അപ്പോൾ  ഏട്ടന്റെ ഒച്ച കേട്ടതോ…അതോ  ഇനി തോന്നിയതായിരിക്കുമോ…

അവൾ വാതിൽ ചാരി അകത്തേക്ക് നടന്നു. പെട്ടെന്നു ആകെ ഒരു മരവിപ്പ്. ഒരു കൈ കൊണ്ട് വയർ താങ്ങി പിടിച്ച് അവൾ ചുവരിലേക്ക് കൈ വെച്ച് ചാരി നിന്നു. വേദന  വല്ലാതെ കൂടി വരുന്നു. കാലിന്റെ പെരുവിരൽ മുതൽ നെറുക വരെ തുളഞ്ഞു കയറുന്ന ഒരു വേദന. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അനങ്ങാനാവാതെ അവിടെ തന്നെ നിന്നു. 

‌എന്തേ പെട്ടന്ന് ഇങ്ങനെ വേദന വരാൻ. ഡേറ്റ് അടുത്ത മാസം ആണെന്നല്ലേ ഡോക്ടർ പറഞ്ഞത്. പിന്നെ എന്താ ഇങ്ങനെ…. 

‌അവൾ അങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ വീണ്ടും വേദന കൂടി വന്നു. അടിവയറ്റിൽ നിന്നും ഒരു വൈദ്യുതി പ്രവാഹം തലച്ചോറിലേക്ക് പാഞ്ഞു ചെന്നു.

“ആഹ്….. അമ്മേ….” അവളുടെ കരച്ചിൽ ആ വലിയ വീട്ടിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.  ഭിത്തിയിൽ പിടിച്ച് പതിയെ നിലത്തിരിക്കുമ്പോൾ വേദനകൊണ്ട് അവളുടെ കണ്ണുകൾ ഇറുകിയടഞ്ഞു. കൈകൾ അടുത്തു കിടന്നിരുന്ന കസേരയുടെ കാലുകളെ ഇറുകെ പുണർന്നു. വേദനകൊണ്ടവൾ ഞെരിഞ്ഞമർന്നു.

“എന്റെ കുഞ്ഞ് !!. ” എങ്ങനെയാ ഒന്ന് ഹോസ്പിറ്റലിൽ എത്തുക?  ആരെ വിളിക്കും? 

‌വിളിക്കാൻ ഫോൺ…. ഫോൺ എവിടെ?  റൂമിൽ… റൂം വരെ എങ്ങനെ പോകും…?

അവൾ പതിയെ നിരങ്ങി റൂമിലേക്ക് പോകാൻ ശ്രമിച്ചു . ഇല്ലാ… കഴിയുന്നില്ല. ശരീരത്തിലെ ഓരോ അസ്ഥിയും ഒടിഞ്ഞു നുറുങ്ങുന്നപോലെ. ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല… പെട്ടെന്ന് ഫോൺ റിങ് ചെയ്തു. ഏട്ടനായിരിക്കും…. ഫോണിന്റെ ശബ്‍ദം നിസ്സഹായയായി കേട്ടിരിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ. വേദന വല്ലാതെ കൂടി വരുന്നു. സഹിക്കാൻ കഴിയുന്നില്ല. എങ്ങനെയാ ഒന്ന് ഹോസ്പിറ്റലിൽ എത്തുക.

“ദൈവമേ…. എന്റെ കുഞ്ഞ്…….. എന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഇനി നിനക്ക് മാത്രമേ  കഴിയൂ. എനിക്ക്.. എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലാ….. ” അവൾ മനസ്സു നൊന്തു കരഞ്ഞു.


‌ശ്രീക്കുട്ടി ഒന്നുകൂടി ബാഗിൽ പരതി നോക്കി. കയ്യിലുള്ള പൈസ കൊണ്ട് അമ്മക്ക് മരുന്ന് വാങ്ങാൻ പോലും തികയില്ല. ഇന്നിനി അരി വാങ്ങിയാലേ അടുപ്പ് പുകയത്തുള്ളൂ. അതുകൊണ്ട് അവസാന ശ്രമം എന്ന നിലയ്ക്കാണ് അവൾ പലിശക്കാരൻ മത്തായി ചേട്ടന്റെ അടുക്കൽ ഒന്നുകൂടി ചെന്നത്. ഇനി പൈസ തരില്ലാന്ന് മത്തായി ചേട്ടൻ തീർത്തു പറഞ്ഞു. ചേട്ടനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കടം ഇങ്ങനെ വാങ്ങി കൂട്ടിയാൽ എങ്ങനെ തിരിച്ചു കൊടുക്കും.

കുഞ്ഞിലെ തന്നെ അച്ഛനെ നഷ്ട്ടമായി. സ്വന്തം എന്ന് പറയാൻ അമ്മ മാത്രമാണുള്ളത്. അമ്മ രാവിലെ എഴുന്നേറ്റ് അടുത്തുള്ള സുഗുണേട്ടന്റെ ചായക്കടയിലേക്ക് പത്തൻപത് അപ്പം ചുട്ടു കൊടുക്കും. ആകെ ഉണ്ടായിരുന്ന വരുമാനം അതായിരുന്നു. ശ്രീക്കുട്ടിയെ പഠിപ്പിക്കാനുള്ളതും അവർക്ക് ഒരു വിധം കഴിയാനുള്ളതും അതിൽ നിന്നും കിട്ടിയിരുന്നു.

എന്നാൽ കൊറോണ എന്ന പകർച്ചവ്യാധി വന്നതോടെ സുഗുണേട്ടൻ ചായക്കട നിർത്തി. ആകെ ഉണ്ടായിരുന്ന വരുമാനവും നിലച്ചു. അമ്മയ്ക്കാണെങ്കിൽ ഒരു  ജോലിയും ചെയ്യാൻ ആരോഗ്യം ഒട്ട് അനുവദിക്കുന്നുമില്ല. ഇപ്പോൾ തന്നെ പല രോഗങ്ങളും പിടി കൂടിയിരിക്കയാണ്. എന്താ ചെയ്യാ. ഇപ്പൊ വേറൊരു ജോലി കിട്ടാനും പാടാ. പിന്നെ 12 വയസ്സുള്ള ഒരു കുട്ടിക്ക് ആര് ജോലി കൊടുക്കാനാണ്.

അവൾ സങ്കടത്തോടെ വീട്ടിലേക്ക് നടന്നു. അമ്മയോട് എന്താ പറയാ…. ഒരു വഴിയും തെളിഞ്ഞു വരുന്നില്ലല്ലോ ദൈവമേ..

ശാലിനിയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ അവളൊന്നു നിന്നു. ശാലിനിയും ശരണും നാട്ടിൽ വന്ന കാര്യവും കൊറോണ പോസിറ്റീവ് ആയി ശരണിനെ കൊണ്ടുപോയ കാര്യവും ശ്രീക്കുട്ടി അറിഞ്ഞിരുന്നു.

ചേച്ചിയമ്മയോട് ചോദിച്ചാൽ എന്തെങ്കിലും സഹായം ചെയ്തേനെ. പക്ഷെ എങ്ങനെ ചേച്ചിയമ്മയുടെ അടുത്ത് ചെല്ലും ” “ചേച്ചിയമ്മ…” അങ്ങനെ വിളിച്ചാൽ മതി എന്ന് ശ്രീക്കുട്ടിയോട് പറഞ്ഞത് ശാലിനി തന്നെയായിരുന്നു. അവളെ കണ്ട അന്ന് മുതൽ അവളോടൊരു പ്രേത്യേക വാത്സല്യമായിരുന്നു ശാലിനിക്ക്. പറ്റുന്ന രീതിയിൽ ഒക്കെ അവൾ ശ്രീക്കുട്ടിയുടെ കുടുംബത്തെ സഹായിച്ചിട്ടുണ്ട്.

കുറച്ചുനേരം ശാലിനിയുടെ വീട്ടിലേക്ക് നോക്കി അവൾ അങ്ങനെ തന്നെ നിന്നു. വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴാണ് അവൾ പെട്ടന്ന് ശാലിനിയുടെ കരച്ചിൽ കേട്ടത്.

ഒരു നിമിഷം അവൾ പകച്ചു നിന്നു. എന്താ ചെയ്യാ… ചേച്ചിയമ്മ ഗർഭിണിയാണ്. സഹായത്തിനാണേൽ കൂടെ ആരും തന്നെ കാണില്ല.

“ദൈവമേ…. ഞാൻ എന്താ ചെയ്യേണ്ടത്…” അവൾ രണ്ടും കല്പിച്ച് ആ വീട്ടിലേക്ക് കയറി ചെന്നു.അകത്തുനിന്നും എന്തൊക്കെയോ ഞരങ്ങലും മൂളലും മാത്രം കേൾക്കാം. അവൾ വാതിൽ തള്ളിനോക്കി. ഭാഗ്യം വാതിൽ ചാരിയിട്ടേ ഉള്ളൂ.

അകത്തു കയറിയപ്പോൾ കണ്ടത് ചേച്ചിയമ്മ നിറവയറുമായി നിലത്തു വീണു കിടക്കുന്നു. വേദന സഹിക്കാൻ കഴിയാതെയാവണം കസേരയുടെ കാലിലും ഡ്രെസ്സിലും എല്ലാം ഇറുക്കി പിടിക്കുന്നുണ്ട്.

‌ചേച്ചിയമ്മേ എന്ന് വിളിച്ച് അവൾ ഓടിച്ചെന്നു.

“ചേച്ചിയമ്മേ…എഴുന്നേൽക്ക്. ഹോസ്പിറ്റലിൽ പോകാം.” അവൾ ശാലിനിയെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. ശാലിനി വേദന കൊണ്ട് നിലവിളിച്ചു. ശ്രീക്കുട്ടിയുടെ കൈകളിൽ മുറുകെ പിടിച്ചു.

“ചേച്ചിയമ്മ പേടിക്കണ്ട… കരയല്ലേ… ഞാൻ ആരെയെങ്കിലും വിളിച്ചുകൊണ്ടു വരാം. പേടിക്കണ്ട… നമുക്ക് പെട്ടന്ന് ഹോസ്പിറ്റലിൽ പോകാം.” അവൾ ആ വീട്ടിൽ നിന്നും ഇറങ്ങി റോഡിലേക്ക് ഓടി. ഏതെങ്കിലും വണ്ടി കിട്ടാതിരിക്കില്ല.


‌”ഹലോ ഏട്ടാ..”

“പറ മോളേ”

“ഏട്ടൻ എവിടെത്തി ? എപ്പഴാ വന്നേ..?”

“എന്റെ ചാരൂ.. എന്നാ പറയാനാ. വന്ന വഴിയിൽ പലയിടത്തും കണ്ടെയിൻമെന്റ് സോണാ. അതുകൊണ്ട് പല വഴിയിലൂടെയാ വരുന്നേ.”

“മ്മ്… എന്നാലും എപ്പോ എത്തും??.”

“ഒരു മണിക്കൂർ.”

“എന്നാ ഫോൺ വെച്ചോ,  ഡ്രൈവ് ചെയ്തോണ്ട് സംസാരിക്കണ്ട.”

“നീ പറഞ്ഞോ ചാരൂ.. ഫോൺ കാറിൽ കണ്ണെക്ടഡ്  ആണ്. “

‌”മ്മ്… ഏട്ടാ… ആഹ്..”

‌”എന്നാടാ… എന്നാ പറ്റി..?”

‌”ഏട്ടാ…. ഏട്ടാ ഇപ്പൊ കുഞ്ഞ് ചവിട്ടി.”

‌”ശരിക്കും??”

‌”ആന്നേയ്. വയറ്റിൽ കിടക്കുമ്പഴേ കണ്ടില്ലേ. അച്ഛനോടാ സ്നേഹം. ഏട്ടന്റെ ശബ്‍ദം കേട്ടപ്പോൾ ആള് സന്തോഷം കാണിച്ചത്…”

“ഹഹഹ… പിന്നില്ലാതെ. അവള് അച്ഛന്റെ അല്ലേ മോള്.”

‌”മോളാണെന്ന് ഉറപ്പിച്ചോ. ഏട്ടനെപ്പോലെ ഒരു കുറുമ്പൻ ആണേൽ ഇഷ്ട്ടാവില്ലേ…”

‌”അങ്ങനല്ലാ. മോളാണെന്നൊരു തോന്നൽ. ആണായാലും പെണ്ണായാലും നമുക്ക് ഒരുപോലെ അല്ലേ.”

‌”മ്മ്..”

‌”ചാരൂ ..ഒരു മിനിറ്റ് , ഒരു കുട്ടി വണ്ടിക്ക് കൈ കാണിക്കുന്നു.”

‌”മാസ്ക് ഒക്കെ വെച്ചിട്ടില്ലേ ഏട്ടാ??”

‌”ഉണ്ട്. നീ ഒന്ന് ഹോൾഡ് ചെയ്യേ.” അവൻ കാർ നിർത്തി.

‌”എന്താ മോളേ?”

‌”ചേട്ടാ… ചേച്ചിയമ്മ… ചേച്ചിയമ്മാ…” അവൾ കിതപ്പോടെ പറഞ്ഞു.

‌”ചേച്ചിയമ്മക്ക് എന്താ പറ്റിയെ..? മോള് കാര്യം പറ.”

‌”ചേച്ചിയമ്മ പ്രെഗ്നന്റ് ആണ്. നല്ല വേദനയുണ്ട്. വീട്ടിൽ വീണ് കിടക്കുവാ. ഹോസ്പിറ്റലിൽ കൊണ്ടു പോവാൻ ഒന്ന് സഹായിക്കാമോ??”

‌”ആം. മോള് വാ. ഏതാ വീട്..?”

‌”ആ കാണുന്നതാ.. ചേട്ടാ ഒരു പ്രശ്നം ഉണ്ട്; ചേച്ചിയമ്മേടെ ഭർത്താവ് കൊറോണ പോസിറ്റീവാ… ഇന്നലെയാ കൊണ്ടു പോയത്.”

‌അത് കേട്ടപ്പോൾ അവൻ ഒന്നും മിണ്ടാതെ മൗനമായിരുന്നു.

‌”ചാരു……”

‌”ഏട്ടൻ അവരെ ഹോസ്പിറ്റലിൽ എത്തിക്ക്. രണ്ടു ജീവൻ അല്ലേ. നമുക്കും എപ്പോഴാ ഒരാവശ്യം വരുന്നത് എന്ന് പറയാൻ പറ്റില്ല. ഏട്ടൻ ചെല്ല്. ആ ചേച്ചിക്കും കുഞ്ഞിനും ഒരാപത്തും സംഭവിക്കാതെ ദൈവം കാത്തോളും.”

‌അവൻ ശ്രീക്കുട്ടിയുടെ ഒപ്പം ആ വീട്ടിലേക്ക് കയറി ചെന്നു. ശാലിനിയെ മെല്ലെ എടുത്തവൻ കാറിൽ കൊണ്ടു കിടത്തി. ശ്രീക്കുട്ടിയും ഒപ്പം കയറി. കാറിൽ കയറിയപ്പോൾ ചാരുവിന്റെ മെസ്സേജ്.

‌”ഏട്ടാ സാനിറ്റയിസർ ഉപയോഗിക്കണ്ണം, മറക്കല്ലേ. “

അവൻ  സാനിറ്റയിസർ കൊണ്ട് കൈ തുടച്ചു. ശ്രീക്കുട്ടിക്കും കൊടുത്തു.

‌ഹോസ്പിറ്റലിൽ എത്തി. ഭാഗ്യം കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒരു കുഴപ്പവും ഇല്ല. നല്ല ഓമനത്തമുള്ള  ഒരു പെൺകുഞ്ഞ്. ആ കുഞ്ഞിനെ കണ്ടപ്പോൾ അവന്റെ മുഖം തെളിഞ്ഞു. ശാലിനിയെയും കുഞ്ഞിനേയും റൂമിലേക്ക് മാറ്റി.

‌”ചേച്ചിയമ്മേ .. ഈ ചേട്ടനാ കറക്റ്റ് സമയത്ത് ചേച്ചിയമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചത്.”

‌”ഒരുപാട് നന്ദിയുണ്ട്. നിങ്ങള് വന്നില്ലായിരുന്നെങ്കിൽ….. എന്റെ കുഞ്ഞ് !!”

‌”കുഞ്ഞിനൊന്നും പറ്റില്ലായിരുന്നു ചേച്ചി. അതല്ലേ ദൈവം തക്ക  സമയത്ത് ഞങ്ങളെ അവിടെ കൊണ്ടെത്തിച്ചത്.”

‌”ശരിയാ മോൻ പറഞ്ഞത്. എന്നെക്കൊണ്ട് എല്ലാം ചെയ്യാൻ പറ്റും എന്ന വിശ്വാസം ആയിരുന്നു എനിക്ക്. എന്നാൽ ഇന്നെനിക്ക് മനസ്സിലായി ദൈവം ഉണ്ടെന്ന്. ശ്രീക്കുട്ടിയെയും മോനെയും അവിടെ എത്തിച്ചത് ആ ദൈവം തന്നെയാ.”

‌”അതേ ചേച്ചി, നമ്മളെക്കൊണ്ടു  ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലേ നമ്മൾ ദൈവത്തിൽ ആശ്രയിക്കൂ. അപ്പോൾ ദൈവം അത്ഭുതകരമായി പ്രവർത്തിക്കുകയും ചെയ്യും. ഇപ്പോൾ തന്നെ കണ്ടില്ലേ…”

‌”മ്മ്…”

‌ഡോക്ടർ അവരോട് കുറച്ചു ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാൻ പറഞ്ഞു. ശ്രീക്കുട്ടിക്ക് ക്വാറന്റൈനിൽ ഇരിക്കാനുള്ള സൗകര്യം ശാലിനി വിളച്ചു പറഞ്ഞ് ഒരുക്കികൊടുത്തു. അതുപോലെ തന്നെ ശ്രീക്കുട്ടിയുടെ അമ്മയ്ക്കും വേണ്ടതെല്ലാം ഒരുക്കി കൊടുത്തു.


‌”ഹലോ ചാരൂ… നിന്നെ കാണാൻ കൊതിച്ചു വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ.”

‌”സാരമില്ല ഏട്ടാ… ഏട്ടൻ ചെയ്തത് വലിയൊരു കാര്യമാ. ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലേ…”

‌”മ്മ്….”

‌”എല്ലാം ശരിയാവും ഏട്ടാ..”

‌”അതെ എല്ലാം ശരിയാവും.”

‌”ആഹ്…”

‌”എന്തേ, കാന്താരി വീണ്ടും ചവിട്ടിയോ.? “

‌”ആന്നേയ്. എന്റെ കയ്യിലേക്ക് ഒന്ന് കിട്ടട്ടെ. ഈ കുറുമ്പിയെ ഞാൻ ശരിയാക്കുന്നുണ്ട്.”

‌ചാരുവിന്റെ പരിഭവം പറച്ചിൽ കേട്ട് അവന്റെ മുഖത്തു പുഞ്ചിരി വിടർന്നു.

Athira Das
Athira Das
എറണാകുളം ജില്ലയിലെ പിറവത്തുനിന്നും ഉള്ള ഒരു കഥാകാരി. Scribe Tribe എഴുത്തുകൂട്ടത്തിലെ ഒരു അംഗം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular