അക്ഷരാർത്ഥത്തിൽ കത്തി എരിയുകയാണ് വടക്കേ ഇന്ത്യയിലെ കാർഷിക മേഖല. ഇന്ത്യയുടെപ്രധാന ധാന്യ ഉൽപ്പാദനകേന്ദ്രങ്ങളായ പഞ്ചാബും ഹരിയാനയും മധ്യപ്രദേശുമൊക്കെ അസ്വസ്ഥമാണ്. കർഷകർ ഒന്നടങ്കം സമരമുഖത്താണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കർഷകർ പുതിയ ബില്ലിനെതിരെ തിരിയുന്ന ചിത്രങ്ങളാണ് കാണുന്നത്. പാർലമെന്റ് കഴിഞ്ഞ ദിവസങ്ങളിൽ പാസ്സാക്കി എടുത്ത മൂന്ന് കാർഷിക സംബന്ധിയായ നിയമങ്ങളാണ് കർഷകരെ സമരമുഖത്തേക്ക് തള്ളിവിട്ടത്. പ്രധാന പ്രതിപക്ഷ കക്ഷികൾ ഒക്കെ ഈ ബില്ലിന്റെ കാര്യത്തിൽ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലും സമരം അതിശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്നു.
എന്താണ് ഈ ബില്ലുകൾ എന്നും അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഏതുതരം ആയിരിക്കുമെന്നും ചുരുക്കമായി ഒന്ന് ചർച്ച ചെയ്യാം.
എന്തൊരു തിടുക്കം
ചരിത്രപരം എന്നും കാർഷിക അഭിവൃദ്ധി ലക്ഷ്യമാക്കി ഉള്ളതെന്നും അവകാശപ്പെടുന്ന ഈ മൂന്ന് ബില്ലുകളും അവതരിപ്പിച്ച രീതിയും പാർലമെന്റ് പാസാക്കി എടുത്ത വിധവും പരിശോധിക്കുമ്പോൾ അസ്വാഭാവികത തോന്നിപ്പോകുന്നതിൽ കുറ്റം പറയാനാവില്ല. ഭരണകക്ഷിക്ക് സാമാജികരുടെ എണ്ണത്തിലുള്ള മുൻതൂക്കം മാത്രം വെച്ച് ഇത്ര പ്രധാനപ്പെട്ട ബില്ലുകൾ ആവശ്യത്തിന് ചർച്ചയോ പരിഗണനയോ കൂടാതെ പാസാക്കി എടുക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന ചോദ്യം അവശേഷിക്കുന്നു
‘’സ്വയംപര്യാപ്ത ഭാരതത്തിന്റെ ആപ്തവാക്യമായി പ്രധാനമന്ത്രി ഉരുവിടുന്ന ‘ആത്മനിർഭര മന്ത്രം’ കാർഷികമേഖലയിലും വന്നെത്തുന്നു’’ എന്നാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ബില്ലിനെ വിശേഷിപ്പിച്ചു പറഞ്ഞത്. ‘’ഈ ബില്ല് വഴി കർഷകരെ ‘സംരംഭകർ’ ആക്കി മാറ്റാൻ കഴിയും. അവർക്ക് മെച്ചപ്പെട്ട വരുമാനവും ഉയർന്ന ജീവിതനിലവാരവും ഉറപ്പു വരും.’’
രാജ്നാഥ് സിംഗ് ഇങ്ങനെ അഭിപ്രായപ്പെടുമ്പോൾ ഇക്കഴിഞ്ഞ ദിവസം വരെ അദ്ദേഹത്തിന്റെ സഹപ്രവർത്തകയായിരുന്ന അകാലിദൾ എംപി ഹർസിമ്രത് കൗർ ബാദൽ പറയുന്നത് കേൾക്കുക.’’ഈ ബില്ലുകൾ അടിമുടി കർഷക വിരുദ്ധമാണ് എന്ന പ്രബല ചിന്ത ഉള്ളതിനാൽ കർഷകരുമായും മറ്റു ബന്ധപ്പെട്ട കക്ഷികളുമായും വിശദമായ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ഞാൻ മോദി സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടതാണ് .എന്നാൽ എന്റെ ശബ്ദം കേൾക്കാൻ അവർ തയ്യാറായില്ല.’’ അകാലിദളിന്റെ ഏക കേന്ദ്രമന്ത്രിയായിരുന്ന ഹർസിമ്രത് കൗർ ബില്ലിൽ പ്രതിഷേധിച്ച്പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞയാഴ്ച രാജി വെച്ചിരുന്നു.’’കാർഷികവൃത്തിയിൽ ആശ്രയിക്കുന്ന സംസ്ഥാനമാണ് എന്റെത് ; അവിടുത്തെ പ്രായമുള്ള ഒരു കർഷകനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.’’ റിലയൻസ് ജിയോ മൊബൈൽ സേവനം ആരംഭിച്ചപ്പോൾ വലിയ വാഗ്ദാനം നൽകി കുറഞ്ഞ വിലയ്ക്ക് ആളുകൾക്ക് ഫോണുകൾ നൽകി. വാഗ്ദാനങ്ങളിൽ ആകൃഷ്ടരായ ജനങ്ങൾ ഉപഭോക്താക്കൾ ആകുന്നതോടെ മറ്റ് സേവനദാതാക്കൾ കളം വിടാൻ നിർബന്ധിതരാകും; അതോടെ കാര്യങ്ങൾ മാറിമറിയും;ജിയോ നിരക്കുകൾ അടിക്കടി വർദ്ധിപ്പിക്കും. ജിയോയുടെ ഇതേ തന്ത്രം തന്നെയാണ് കാർഷികമേഖലയിലും നടക്കാൻ പോകുന്നത്.’’
2 കേന്ദ്രമന്ത്രിമാർ ഒരേ ബില്ലിനെക്കുറിച്ച് പറയുന്ന തികച്ചും വിഭിന്നമായ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ തന്നെ എത്രമാത്രം സംശയാസ്പദമാണ് പുതിയ നിയമങ്ങൾ എന്ന ചിന്തിക്കാവുന്നതേയുള്ളൂ.
‘വളരെ വിപ്ലവകരമായ’ എന്ന് അവകാശപ്പെടുന്ന ഒരു ബില്ല് എന്തിനാണ് ഇത്ര തിടുക്കത്തിൽ, അതും ബലപ്രയോഗത്തിൽ എന്നപോലെ, പാർലമെന്റ് കടമ്പകൾ കടത്തിക്കൊണ്ടു വരുന്നത്? കർഷകരെ അടിമുടി സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഈ നിയമത്തെ കർഷകർ തന്നെ എന്തിനാണ് ഇത്രമാത്രം ഭയക്കുകയും എതിർക്കുകയും ചെയ്യുന്നത്? പ്രതിപക്ഷം ഉയർത്തുന്ന രാഷ്ട്രീയ കാരണങ്ങൾ മാത്രമാണോ ഈ ബില്ലിനെതിരെ നിലനിൽക്കുന്നത് ?
മൂന്ന് ബില്ലുകൾ
കോവിഡ് കാല നിയന്ത്രണങ്ങൾ പാലിച്ചു നടത്തിയ വർഷകാല സമ്മേളനത്തിൽ പാസാക്കി എടുത്തത് കാർഷിക മേഖലയിലെ മൂന്ന് ബില്ലുകളാണ്;
രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ അവ നിയമം (Act) ആയി മാറുകയും ചെയ്തു. ഇനി അവ പ്രാബല്യത്തിൽ വരാൻ ചട്ടങ്ങൾ തയ്യാറാക്കി വിജ്ഞാപനം പുറപ്പെടുവിക്കുകയേ വേണ്ടൂ.
2003 ൽ കൊണ്ടുവന്ന ‘മാതൃക എപി എംസി’ നിയമപ്രകാരം (Model APMC Act ) സംസ്ഥാനങ്ങൾ വേണ്ടത്ര നടപടികൾ എടുത്തിട്ടില്ല എന്ന് പറഞ്ഞാണ് തിടുക്കത്തിൽ ഈ നിയമങ്ങൾ പാസാക്കുന്നത്. എന്നാൽ 2019ൽ കേന്ദ്രവും സംസ്ഥാന കൃഷി മന്ത്രിമാരും ചേർന്ന് നടത്തിയ അവലോകന യോഗത്തിൽ പറഞ്ഞതാകട്ടെ തുറന്ന ചന്തകളും E -വ്യാപാരവും ഏകജാലക ലൈസൻസും അടക്കമുള്ള പ്രധാന നിർദേശങ്ങൾ മിക്കവാറും സംസ്ഥാനങ്ങൾ സ്വീകരിച്ചുകഴിഞ്ഞു എന്നാണ്.
കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020 അഥവാ APMC Bypass Bill
കാർഷികോൽപാദന വിപണനം മെച്ചമാക്കുക എന്ന ലക്ഷ്യമെന്ന് പറയുന്നതെങ്കിലും APMC കൾ മറികടക്കുക എന്നതാണ് പ്രായോഗികമായി നടക്കാൻ പോകുന്നത് എന്നതിനാൽ APMC ബൈപാസ് നിയമം എന്ന് വിളിക്കുന്നതാണ് എളുപ്പം. കാർഷികോൽപാദന വിപണന കമ്മിറ്റികൾ (Agricultural produce marketing committee-APMC) എന്താണ്? കാർഷികോൽപാദന വിപണന കമ്മിറ്റികളാണ് മിക്കവാറും സംസ്ഥാനങ്ങളിൽ കർഷകരുടെ വിളവുകൾ വാങ്ങുകയും സംഭരിക്കുകയും വിപണനം ചെയ്യുകയും ചെയ്യാനുമുള്ള സംവിധാനങ്ങൾ. കേരളത്തിൽ എപി എംസി നിലവിലില്ല. APMC സംവിധാന പ്രകാരമുള്ള വലിയ ‘മണ്ഡികൾ’ അഥവാ കമ്പോളങ്ങൾ കേന്ദ്രീകരിച്ചാണ് വടക്കേ ഇന്ത്യയും മറ്റ് സംസ്ഥാനങ്ങളിൽ കാർഷിക വിപണനങ്ങൾ നടക്കുന്നത്. കർഷകർ അവരുടെ ധാന്യങ്ങളും മറ്റ് ഉൽപ്പന്നങ്ങളും മണ്ഡികളിൽ എത്തിക്കുന്നു. അവിടെയുള്ള കമ്മീഷൻ ഏജന്റ്മാർ വഴി വില തീരുമാനിച്ചു ഉൽപ്പന്നങ്ങൾ വിൽക്കുന്നു. മണ്ഡികളിൽ ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ മില്ലുകൾക്കോ മൂല്യധിഷ്ഠിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾക്കോ വാങ്ങാവുന്നതാണ്. ഉൽപ്പന്നങ്ങൾ മണ്ഡികൾക്ക് പുറത്ത് വിൽക്കാനോ വാങ്ങാനോ അനുമതിയില്ല. പുതിയ ബില്ല് പ്രകാരം APMC കൾ ഉണ്ടാകില്ല; പകരം തുറന്ന കമ്പോളങ്ങൾ ആയിരിക്കും നിലവിൽ വരിക. അവിടെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വൻകിട നിർമ്മാതാക്കൾക്ക് നേരിട്ട് വിൽക്കാൻ സാധിക്കും. അതുവഴി മെച്ചപ്പെട്ട വില കർഷകർക്ക് ഉറപ്പു നൽകാനും അതോടൊപ്പം അവരെ മണ്ഡികളിലെ ഏജന്റ്മാരുടെയും ഇടനിലക്കാരുടെയും പിടിയിൽ നിന്ന് മോചിപ്പിക്കാനും സാധിക്കുമെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. ഒറ്റ കേൾവിയിൽ വളരെ നല്ലത് എന്ന് തോന്നുന്ന ഈ നിർദേശം പക്ഷേ അത്ര ശുഭോദർക്കം അല്ല എന്നാണ് ഈ രംഗത്തെ വിദഗ്ധർ ഒക്കെ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അകാലിദളിലെ രാജിവച്ച മന്ത്രി പറയുന്ന അതേ ആശങ്ക തന്നെയാണ് ഒരു പ്രധാന കാരണം. ആദ്യം നല്ല വില കിട്ടാൻ വഴി ഒരുങ്ങിയേക്കാമെങ്കിലും സാവധാനം കുത്തകകളുടെ കൈകളിൽ വ്യാപാരം എത്തുമെന്നു തന്നെയാണ് എല്ലാവരും ഭയപ്പെടുന്നത്. അതോടുകൂടി വൻകിട കോർപ്പറേറ്റുകൾ കാർഷികോൽപ്പാദന വിപണിയുടെ നിയന്ത്രണം കയ്യടക്കുകയും അവരുടെ ദയാവായ്പ്പിൽ കർഷകർ ജീവിക്കേണ്ട സ്ഥിതി വരികയും ചെയ്യും. മണ്ഡികളിൽ പരിമിതമായ തോതിലെങ്കിലും സർക്കാർ നിയന്ത്രണം നിലവിലുണ്ട്. മാർക്കറ്റ് ഇന്റലിജൻസ് വിഭാഗം അവിടെനിന്നും നൽകുന്ന വിവരം അനുസരിച്ചാണ് വിവിധ ഉൽപ്പന്നങ്ങളുടെ താങ്ങുവില കൾ സർക്കാർ നിശ്ചയിക്കുന്നത്. എ പി എം സി കൾ ഇല്ലാതാകുന്നതോടെ താങ്ങുവില സമ്പ്രദായം തന്നെ ഇല്ലാതാകുമെന്നാണ് കർഷകർ ആശങ്കപ്പെടുന്നത്. താങ്ങുവില സമ്പ്രദായം തുടരുമെന്ന് പ്രധാനമന്ത്രി പറയുന്നുണ്ടെങ്കിലും ബില്ലിൽ അത്തരമൊരു വ്യവസ്ഥ ഇല്ല എന്നുള്ളത് വളരെ ശ്രദ്ധേയമാണ്. മുൻപും താങ്ങുവില നിശ്ചയിക്കാൻ നിയമം ഉണ്ടായിരുന്നില്ല എന്ന് ഇപ്പോൾ ബിജെപി പറയുന്നുണ്ടെങ്കിലും താങ്ങുവില സമ്പ്രദായം തുടരണം എന്നാണ് അവരുടെ അഭിപ്രായം എങ്കിൽ അതിന് ഈ ബില്ലിലൂടെ എങ്കിലും നിയമപരിരക്ഷ നൽകാമായിരുന്നു.
ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ പരിധിയിൽപ്പെട്ട കാര്യമാണെങ്കിലും ഭക്ഷ്യശൃംഖല യുടെ നിയന്ത്രണവും വിതരണവും കേന്ദ്ര വിഷയമാണ്. അതത് സംസ്ഥാനങ്ങളുടെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ കൃഷികൾ പ്രോത്സാഹിപ്പിക്കാനും. കാർഷികോൽപ്പന്നങ്ങളുടെ വിപണനവും നിയന്ത്രണവും നടത്താനും സംസ്ഥാന ഗവൺമെന്റ് കൾക്ക് ഇതുവരെ അവകാശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സമ്പൂർണമായ കേന്ദ്ര നിയമം വരുന്നതോടുകൂടി സംസ്ഥാന സർക്കാരുകളുടെ എല്ലാ നിയന്ത്രണവും ഇല്ലാതാവും. ഭക്ഷ്യോൽപ്പാദനം മാത്രമല്ല എല്ലാ കാർഷിക വൃത്തിയും കേന്ദ്ര നിയമത്തിന്റെ പരിധിയിൽ വരും.
വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020
Price Assurance and farmers service bill: ഇതാണ് രണ്ടാമത്തെ ബില്ലിന്റെ പേര്. വില ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് ഈ ബില്ല് എന്ന് കേന്ദ്രസർക്കാർ പറയുന്നു. എന്നാൽ എങ്ങനെയാണ് വില നിശ്ചയിക്കുന്നത് എന്നും ഉയർന്നവില കർഷകർക്ക് ലഭ്യമാക്കാൻ എന്ത് നിയമപരിരക്ഷയാണുള്ളതെന്നും ബില്ല് പറയുന്നില്ല. ഇത്രയും പ്രധാനപ്പെട്ട ഇക്കാര്യത്തിൽ നിശബ്ദത പുലർത്തുന്ന ഈ ബില്ല് എങ്ങനെയാണ് വില ഉറപ്പാക്കുന്നത്. ഈ ബില്ല് പ്രധാനമായും പറയുന്നത് കരാർ കൃഷി സംബന്ധിച്ചുള്ള കാര്യമാണ്. Contract farming അഥവാ കരാർകൃഷി നമ്മുടെ രാജ്യത്ത് താരതമ്യേന കുറവാണ്. കരാർകൃഷി നിയമം വഴി പ്രോത്സാഹിപ്പിക്കുന്നതോടെ അവിടെയും കോർപ്പറേറ്റുകളും വൻകിട കമ്പനികളും പിടിമുറുക്കും എന്നാണ് ഭയപ്പെടുന്നത്. കൃഷിക്കാരന് എന്ത് കൃഷി ചെയ്യണം എന്നുള്ള സ്വാതന്ത്ര്യം ഇല്ലാതാകുന്നു. കുത്തക കമ്പനികൾ നൽകുന്ന കരാർ അനുസരിച്ച് അവർ നിർദ്ദേശിക്കുന്ന വിളകൾ മാത്രമേ കൃഷി ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ നിയമം ഏറ്റവും അധികമായി ബാധിക്കുക ചെറുകിട നാമമാത്ര കർഷകരെയാണ്. ഒരു ഹെക്ടറോ അതിൽ താഴെയോ മാത്രം കൃഷിഭൂമിയുള്ള അത്തരം കർഷകർക്ക് അവരുടെ വിളവിൻമേൽ യാതൊരു നിയന്ത്രണവും ഇല്ലാത്ത അവസ്ഥ വരും. അതിലും കുറഞ്ഞ അളവിൽ മാത്രം കൃഷിഭൂമിയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളുടെ കാര്യം ഏറെ ബുദ്ധിമുട്ടാകും എന്നതിനു സംശയമില്ല. വിത്തിൻ മേലും കൃഷിരീതികളിൽ മേലും പരമ്പരാഗത കർഷകർക്ക് ഉണ്ടായിരുന്ന എല്ലാ മേൽക്കോയ്മയും ഇല്ലാതാവുകയും കുത്തകകൾ നിശ്ചയിക്കുന്ന വിത്തിനങ്ങൾ അവർ നിർദ്ദേശിക്കുന്ന രീതിയിൽ കൃഷി ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്ന സ്ഥിതി വരും. കരാർ കൃഷി സ്വാഭാവികമായി തർക്കങ്ങൾ ഉടലെടുക്കുന്ന മേഖലയാണ്. തർക്കങ്ങൾ ഉണ്ടായാൽ പരിഹരിക്കാനുള്ള മാർഗം സംബന്ധിച്ചുള്ള വ്യവസ്ഥകളും വിമർശിക്കപ്പെടുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ജില്ലാ മജിസ്ട്രേറ്റ് എന്നിവർ വഴിയാണ് പരിഹാരം തേടേണ്ടത്. പാവപ്പെട്ട കർഷകൻ നിയമ പരമായി ഏറ്റുമുട്ടുന്നത് വൻകിട കോർപ്പറേറ്റുകളോട് ആണ് എന്നുള്ളത് ഏറെ പ്രയാസപ്പെടുത്തുന്ന കാര്യമായിരിക്കും. കുത്തകകൾ തീരുമാനിച്ച് എഴുതി നൽകുന്ന കരാർ വ്യവസ്ഥകളും അതിൽ ഉൾപ്പെട്ടിരിക്കുന്ന കാണാച്ചരടുകളും വായിച്ചു മനസ്സിലാക്കാൻ പോലും പാവപ്പെട്ട കർഷകർക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും.
അവശ്യവസ്തുക്കൾ ഭേദഗതിബിൽ
ഇതാണ് മൂന്നാമത്തെ ബിൽ. ഇതുവരെ അവശ്യവസ്തുക്കൾ എന്ന പട്ടികയിൽ പെടുത്തി സർക്കാരിന്റെ നിയന്ത്രണത്തിൽ വിപണനവും വിതരണവും നടത്തിയിരുന്ന പ്രധാനപ്പെട്ട ഉൽപ്പന്നങ്ങൾ ഒക്കെ ഇനിമുതൽ അവശ്യവസ്തുക്കൾ അല്ലാതെയാവും. ഭക്ഷ്യ ധാന്യങ്ങൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യഎണ്ണ,ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവയെല്ലാം ലിസ്റ്റിൽ നിന്ന് പുറത്താകും . യുദ്ധം ക്ഷാമം പ്രകൃതിക്ഷോഭം അസാധാരണ വിലക്കയറ്റം എന്നിങ്ങനെയുള്ള തികച്ചും അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമാണ് വില നിയന്ത്രണം പാടുള്ളൂ. ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പ് കരിഞ്ചന്ത വിലക്കയറ്റം എന്നിവയൊന്നും നിയന്ത്രിക്കേണ്ട കാര്യങ്ങളല്ല. വിപണനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുത്തക കമ്പനിക്ക് വിളവെടുപ്പ് സമയത്ത് വളരെ കുറഞ്ഞ വിലയിൽ കർഷകരിൽ നിന്ന് വാങ്ങുന്ന ഭക്ഷ്യധാന്യങ്ങൾ പിന്നീട് അവർക്ക് ഇഷ്ടപ്പെട്ട വിലയിൽ വിറ്റഴിക്കാൻ ബില്ല് അവസരമൊരുക്കുന്നു. ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ പരിശോധിക്കാനും കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയവ കണ്ടെത്തി നിയമപ്രകാരം ശിക്ഷിക്കാനും ഇപ്പോൾ സംസ്ഥാനങ്ങൾക്ക് സാധിക്കും. എന്നാൽ പുതിയനിയമത്തിൽ അത്തരമൊരു വ്യവസ്ഥയില്ല.
അരിയും ഗോതമ്പും പോലുള്ള പ്രധാന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടാണ് വിലക്കയറ്റം ഒരു പരിധിവരെയെങ്കിലും പിടിച്ചു നിർത്താൻ സാധിക്കുന്നത്.
ഫുഡ് കോർപ്പറേഷൻ പോലെയുള്ള വൻകിട സംഭരണ വിതരണ സംവിധാനങ്ങൾ ഇതോടെ നോക്കുകുത്തി ആകുമോ എന്ന് സന്ദേഹവും ഉയരുന്നുണ്ട്. പൊതുവിതരണ സംവിധാനം വഴി കുറഞ്ഞവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ അർഹതപ്പെട്ടവർക്ക് എത്തിച്ചുകൊടുക്കുന്ന പദ്ധതികളുടെയും ഗതി എന്താകുമെന്ന് കണ്ടറിഞ്ഞു തന്നെ കാണണം. കോവിഡ് കാലത്ത് സാധാരണക്കാരുടെ വരുമാനത്തിൽ വൻ ഇടിവ് പറ്റിയപ്പോഴും പൊതുവിതരണസംവിധാനം വഴി ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും വിതരണംചെയ്തു മാർക്കറ്റ് സജീവമാക്കി നിർത്താനും വിലക്കയറ്റം പിടിച്ചു നിർത്താനും കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കഴിഞ്ഞു എന്നുള്ള കാര്യം നാം കണ്ണാലെ കണ്ടതാണ്. ഇത്തരം സംവിധാനം ഇല്ലായിരുന്നുവെങ്കിൽ തീർച്ചയായും ഭക്ഷ്യധാന്യങ്ങളുടെ കമ്പോള വില കുതിച്ചു കയറിയേനെ.
താങ്ങുവില
മണ്ണിൽ അധ്വാനിച്ച് കൃഷി ചെയ്യുന്ന കർഷകന് ന്യായമായ വില ഉറപ്പാക്കണമെന്ന താൽപര്യത്തിൽ ആണ് minimum support price അഥവാ താങ്ങുവില സംവിധാനം ഏർപ്പെടുത്തിയത്.ഇതു സംബന്ധിച്ച് ഏറ്റവും വിശദമായ റിപ്പോർട്ടുകൾ സമർപ്പിച്ചത് സ്വാമിനാഥൻ കമ്മിറ്റിയാണ്. ഉൽപ്പാദക ചെലവിന് ആനുപാതികമായി കർഷകരുടെ വരുമാനം ഉറപ്പാക്കാൻ വേണ്ട നിർദ്ദേശങ്ങൾ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ അത് നടപ്പാക്കാൻ കേന്ദ്രസർക്കാർ ആർജ്ജവം കാട്ടിയില്ല എന്നതാണ് ചരിത്രം. എന്നാൽ കഴിഞ്ഞവർഷം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ സ്വാമിനാഥൻ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പാക്കി എന്ന് അവകാശവാദം ഉന്നയിക്കാൻ സർക്കാർ മടിച്ചില്ല.
ബിഹാർ നൽകുന്ന പാഠം
കാർഷികോല്പന്ന മാർക്കറ്റിംഗ് കമ്മിറ്റികൾ 2006 ൽ തന്നെ ഇല്ലാതാക്കിയ സംസ്ഥാനമാണ് ബീഹാർ . APMC കളാണ് പ്രശ്നത്തിന്റെ ആധാരം എന്ന കേന്ദ്ര സർക്കാർ വാദം ശരിയാണെങ്കിൽ ബിഹാറിൽ അതനുസരിച്ചുള്ള പുരോഗതി ഉണ്ടാകേണ്ടതാണ്. എന്നാൽ ബീഹാറിലെ കർഷകരുടെ നില മറ്റ് സമീപ സംസ്ഥാനങ്ങളുടെ സ്ഥിതിയേക്കാൾ ദയനീയമാണ് എന്നതാണ് വാസ്തവം. അയൽസംസ്ഥാനങ്ങളിലെ കർഷകർക്ക് ചുരുങ്ങിയത് താങ്ങുവില എങ്കിലും ലഭിച്ചപ്പോൾ അതുപോലും ബീഹാറിലെ കർഷകർക്ക് ലഭിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. അതായത് ഒരേ ഉൽപ്പന്നങ്ങൾ കൃഷി ചെയ്ത് ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക് സർക്കാർ നിയന്ത്രണ എ പി എം സി കളിലാണ് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നത് എന്നാണ് തെളിയുന്നത്. എന്നാൽ ഇതില്ലാത്ത ഇടങ്ങളിൽ വ്യാപാരികളിൽ നിന്നും കർഷകരിൽ നിന്നും മാർക്കറ്റ് ഫീസ് ഈടാക്കുന്ന, കമ്മീഷൻ ഏജന്റുമാർ നടത്തുന്ന സ്വകാര്യ അനിയന്ത്രിത വിപണികളുടെ വ്യാപനമുണ്ടായി . ഈ വിപണികൾക്ക് തൂക്കമളക്കൽ, തരംതിരിക്കൽ, ഗ്രേഡിംഗ്, സംഭരണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട ശരിയായ സൗകര്യങ്ങളോ , തർക്ക പരിഹാര സംവിധാനങ്ങളോ ഇല്ല. ഇത് കർഷകരുടെ വിലപേശാനുള്ള കഴിവിനെ ദുർബലപ്പെടുത്തി.
സംശയിക്കപ്പെടുന്ന ലക്ഷ്യങ്ങൾ
APMC മണ്ഡി സംവിധാനങ്ങൾ പലനിലകളിൽ പരാധീനതകൾ ഉള്ളതാണെന്നതും കർഷക വിരുദ്ധമാണെന്നതും വാസ്തവമാണ്. എന്നാൽ അത് പരിഹരിക്കാൻ ഇടപെടുകയായിരുന്നു സർക്കാർ ചെയ്യേണ്ടത്. നിയമപരവും ഭരണപരവുമായ വ്യക്തമായ ഇടപെടലുകൾ വഴി എ പി എം സി സംവിധാനത്തെ നേർവഴിയിൽ നയിക്കാൻ സർക്കാരിന് സാധിക്കുമായിരുന്നു എന്നിരിക്കെ അതിനുവേണ്ടി ചെറുവിരൽ അനക്കാതെ ആ സംവിധാനം സമ്പൂർണ്ണമായും ഇല്ലാതാക്കി ന്യായവില ഉറപ്പാക്കാൻ ഒരുബദൽ സംവിധാനവും ഒരുക്കാതെ പുതിയ പരീക്ഷണത്തിന് മുതിർന്നത് എന്തിന് എന്ന് സന്ദേഹം ശക്തമാണ്. പാവപ്പെട്ട കർഷകൻ മാർക്കറ്റിൽ ശക്തമായ മത്സരത്തിൽ പിടിച്ചുനിന്നു കുത്തക കമ്പനികളോട് പോരടിച്ച് അവന് അർഹമായ നേട്ടം ചോദിച്ചു വാങ്ങും എന്ന് പറയുന്നത് ദഹിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.
കർഷക വിരുദ്ധമെന്ന് പഴി കേൾക്കുന്ന പുതിയ കാർഷിക നിയമങ്ങൾ വിശദീകരിക്കാൻ ഭരണകക്ഷി ഏറെ വിയർക്കുന്ന കാഴ്ച രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ താങ്ങുവില ഉറപ്പാക്കുമെന്ന് ഒരു വാചകം എങ്കിലും നിയമത്തിൽ എഴുതി വെച്ചിരുന്നെങ്കിൽ ഈ ആരോപണത്തിന്റെ മുനയൊടിക്കാൻ അവർക്ക് കഴിയുമായിരുന്നു. എന്നാൽ താങ്ങുവില സംവിധാനത്തിന് നിയമപരിരക്ഷ നൽകാൻ താല്പര്യമില്ല എന്ന് വ്യക്തം.
ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാൻ കാർഷികോൽപാദന കമ്പോള സംവിധാനം ഇല്ലാതാക്കുന്ന സർക്കാർ അതിന് പകരം എത്തുന്ന തുറന്ന് കമ്പോളങ്ങളിൽ ചൂഷണം ഒന്നും നടക്കുകയില്ല എന്ന് എങ്ങനെയാണ് ഉറപ്പാക്കുക. പഞ്ചാബിലെ കർഷക സംഘടനകൾ മണ്ഡികളിലെ ഇടനിലക്കാരെ തള്ളി പറയാത്തത് ശ്രദ്ധേയമാണ്. ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇടനിൽക്കുക മാത്രമല്ല ഇത്തരം ഏജൻസികൾ ചെയ്യുന്നത്. ആവശ്യമുള്ള സമയങ്ങളിൽ സാമ്പത്തിക സഹായങ്ങളും വായ്പകളും നൽകാനും അവർ ശ്രദ്ധിക്കുന്നുണ്ട്. ബാങ്കുകളും മറ്റ് വ്യവസ്ഥാപിത ധനകാര്യ സ്ഥാപനങ്ങളും കർഷകരുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുമ്പോൾ അവർക്ക് സമീപത്തുള്ളത് ഇത്തരം ഇടനിലക്കാർ മാത്രമാണ്. മണ്ടി സമ്പ്രദായം ഇല്ലാതായി പകരം കുത്തകകൾ ആ സ്ഥാനം ഏറ്റെടുക്കുമ്പോൾ കർഷകരുടെ ആവശ്യങ്ങൾക്ക് നേരെ അവരുടെ സമീപനം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
Global agri system of fruits and vegetables നടത്തിയ ഒരു പഠനം അനുസരിച്ച് ഓരോ ഉൽപ്പന്നവും അഞ്ചോ ആറോ ഇടനിലക്കാർ വഴിയാണ് കർഷകരിൽനിന്ന് ഉപഭോക്താവിൻറെ കൈയിൽ എത്തുന്നത്. അതോടെ വില 60 മുതൽ 75 ശതമാനം വരെ വർധിക്കുന്നു. പ്രാഥമിക ഉൽപ്പാദകനായ കർഷകന് മാർക്കറ്റ് വിലയുടെ 20 മുതൽ 25 ശതമാനംവരെ വില മാത്രമേ ലഭിക്കുന്നുള്ളൂ.
കേരളത്തിലെ കർഷകർ റബർ പോലെയുള്ള കൃഷികൾക്ക് ഇടവിളയായി നടത്തിയിരുന്ന തേനീച്ച വളർത്തലിനും തേൻ കൃഷിക്കുംപതഞ്ജലിയും ഡാബറും പോലെയുള്ള വൻ കുത്തകകൾ ഭീഷണി ആയി മാറിയത് നമ്മുടെ നാട്ടിൽ നടന്ന കാര്യമാണ്.
അതുപോലെതന്നെ കാഡ്ബറീസ് പോലുള്ള വൻ ബ്രാൻഡുകൾ കേരളത്തിലെ സാധാരണ കർഷകരെ വാഗ്ദാനങ്ങൾ നൽകി ആകർഷിച്ചു കൊക്കോ കൃഷി ചെയ്യാൻ പ്രേരിപ്പിച്ചതും പിന്നീട് സംഭരണത്തിൽ നിന്ന് പിന്മാറി കൊക്കോ കർഷകരുടെ നടുവൊടിച്ചതും നാം കണ്ടതാണ്.
ഒരുകാലത്ത് വയനാട്ടിലെ കാപ്പി കർഷകർ കോഫി ബോർഡിന്റെ കർശന നിയന്ത്രണത്തിലാണ് കൃഷിയും വിപണനവും നടത്തിയിരുന്നത്. കാപ്പി പൊതുവിപണിയിൽ നിൽക്കാനോ വാങ്ങാനോ അനുമതി ഉണ്ടായിരുന്നില്ല. കോഫി ബോർഡ് നൽകിയ അനുമതി പത്രം ഇല്ലാതെ കാപ്പിക്കുരു കൊണ്ടുപോകാൻ പോലും സാധിക്കില്ലായിരുന്നു. പിൽക്കാലത്ത് ഈ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ കർഷകർ ആശ്വസിച്ചു. ആദ്യ ചില വർഷങ്ങളിൽ നല്ല വില അവർക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ കോഫി ബോർഡ് ഇല്ലാതായപ്പോൾ പകരം നിരവധി കുത്തകകൾ ആ സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ വിലയും വിപണിയും നിശ്ചയിക്കുന്നത് അവരാണ്. കർഷകർ ആകട്ടെ അവരുടെ ദയാവായ്പ്പിനായി കാത്തിരിക്കേണ്ട ഗതികേടിലും.
പെപ്സിയുടെ കർഷക സ്നേഹം
Pepsico India holding അവരുടെ ബ്രാൻഡ് ഉൽപ്പന്നമായ ലെയ്സ് ഉരുളക്കിഴങ്ങ് (ചിപ്സ് നിർമ്മാണത്തിനുപയോഗിക്കുന്ന ഉരുളകിഴങ്ങ്) കൃഷിയുമായി ബന്ധപ്പെട്ട ഗുജറാത്തിലെ ഒരു കൂട്ടം കർഷകർക്കെതിരെ കൊടുത്ത കേസ് ഈ സാഹചര്യത്തിൽ പരിഗണനാർഹമാണ്. പ്രത്യേക വലിപ്പമുള്ള ഉരുളക്കിഴങ്ങുകൾ മാത്രമേ ലെയ്സ് ചിപ്സ് ഉണ്ടാക്കാൻ പെപ്സികോ എടുക്കുകയുള്ളൂ. അതുണ്ടാക്കാൻ ഗുജറാത്തിലെ നിരവധി കർഷകരുമായി കമ്പനി കരാർ ഉണ്ടാക്കി. വലിപ്പം കുറഞ്ഞ ഉരുളക്കിഴങ്ങുകൾ കമ്പനി എടുക്കാതെ ആയപ്പോൾ അവ പുറത്ത് നിൽക്കാൻ കർഷകർ ശ്രമിച്ചു. ഒരു ഡസനോളം കർഷകർക്കെതിരെ ഒരു കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പെപ്സികോ കേസ് കൊടുത്തു. ആദ്യമൊക്കെ കർഷകർക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായില്ല. അവസാനം വൻ പ്രതിഷേധം ഉയർന്നു, മാധ്യമശ്രദ്ധ പതിഞ്ഞതോടെ സംസ്ഥാന സർക്കാർ മധ്യസ്ഥശ്രമം നടത്തി, അതിന്റെ ഫലമായി അവസാനം പെപ്സികോ കേസിൽ നിന്ന് പിന്മാറുകയുണ്ടായി. കുത്തക കമ്പനികൾ കൃഷിയുടെ അഥവാ വിത്തിൻറെ കുത്തക ഏറ്റെടുക്കുകയും അത് പ്രകാരം കൃഷിക്കാരെ എങ്ങനെ ദ്രോഹിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്.
എന്താണ് കാരണങ്ങൾ
കാര്‍ഷിക വിപണിയെ അടിമുടി പരിഷ്‌കരിച്ചാണ് പുതിയ നിയമങ്ങള്‍ വരാന്‍ പോകുന്നത്. 2019 ല്‍ കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോയിലും APMC മാര്‍ക്കറ്റുകളിൽ നിന്ന് കര്‍ഷകരെ സ്വതന്ത്രരാക്കുമെന്ന് പറഞ്ഞിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ ഇഷ്ട്ടാനുസരണം കൈകടത്താന്‍ ആകുമെന്നും സംസ്ഥാനങ്ങള്‍ക്ക് ഈ മേഖലയില്‍ അധികാരം നഷ്ട്ടപ്പെടുകയും വരുമാനം കുറയുകയും ചെയ്യുമെന്നും വ്യക്തമാണ്. APMC മാര്‍ക്കറ്റുകള്‍ക്ക് പുറമെ നടക്കുന്ന കച്ചവടങ്ങള്‍ക്ക് സര്‍ക്കാരിന് ഇടപ്പെടാന്‍ സാധിക്കുകയില്ല.
2015-16 ൽ പ്രസിദ്ധീകരിച്ച പത്താമത് കാർഷിക സെൻസസ് പ്രകാരം, ഇന്ത്യയിലെ 86.2 ശതമാനം വരുന്ന ഭൂരിഭാഗം കർഷകരും രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷകരാണ്. എന്നാൽ, ഇന്ത്യയുടെ മൊത്തം വിളനിലങ്ങളുടെ വിസ്തൃതിയുടെ 47.3 ശതമാനം മാത്രമാണ് ഇവർക്ക് സ്വന്തമായിട്ടുള്ളത്. സർവേ പ്രകാരം 126 ദശലക്ഷത്തിലധികം ചെറുകിട, നാമമാത്ര കർഷകരുടെ കൈവശമുള്ളത് 74.4 ദശലക്ഷം ഹെക്ടർ ഭൂമിയാണ്. ശരാശരി ഓരോ കർഷകനും 0.6 ഹെക്ടർ ഭൂമി. ഇത് തങ്ങളുടെ കുടുംബങ്ങളെ സാമ്പത്തികമായി നിലനിർത്താൻ കഴിയുന്ന തരത്തിലുള്ള മിച്ചോത്പാദനത്തിന് ഒട്ടും തന്നെ പര്യാപ്തമല്ല.
ഈ സാഹചര്യത്തിലാണ് കാർഷിക വിപണികളിലെ വ്യാപാര രീതികൾ നിയന്ത്രിക്കുന്നതിനും കരാർ കൃഷിക്ക് സൗകര്യമൊരുക്കുന്നതിനുമായി മൂന്ന് പുതിയ നിയമങ്ങൾ വരുന്നത്. റെഗുലേറ്ററി സമ്പ്രദായത്തെ ഉദാരവൽക്കരിക്കുന്നതിലൂടെ കർഷകരെ ശാക്തീകരിക്കുക, കാർഷിക മേഖലയ്ക്ക് അഭിവൃദ്ധി നൽകുക ,വ്യാപാരം ഉദാരവൽക്കരിക്കുകയും അതിന്റെ ഫലമായി കർഷകർക്ക് കൂടുതൽ ലാഭം നേടിക്കൊടുക്കുകയും ചെയ്യുക എന്നിവയൊക്കെ ലക്ഷ്യം വെക്കുന്നുണ്ടെങ്കിലുംഅതെല്ലാം മലർപ്പൊടിക്കാരൻറെ സ്വപ്നം പോലെയാണ് എന്നുള്ളതാണ് വാസ്തവം
കാർഷിക ഉൽപ്പന്നങ്ങളുടെ വില മാർക്കറ്റ് ഘടനയെക്കാൾ ആധാരപ്പട്ടിരിക്കുന്നത് കമ്പോളത്തിന്റെ ആവശ്യകതയിലാണ് (market demand ) . കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാണിച്ച പാലിന്റെ വിലയിലെ കുറവ് തന്നെ ഇതിനുദാഹരണം.പാൽ ഉത്പാദക വിതരണ രംഗത്ത് നിരവധി ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. അവയൊന്നും എ പി എം സി നിയമപ്രകാരം അല്ല പ്രവർത്തിക്കുന്നത്. എങ്കിലും പാൽ ഉൽപ്പാദകർക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല എന്നുള്ളത് വാസ്തവമാണ്. അതിന് കാരണം മാർക്കറ്റിലെ ആവശ്യക്കുറവ് തന്നെയാണ്. മാർക്കറ്റ് വിൽപ്പന കുറയുന്നതിന് കാരണമോ ജനങ്ങളുടെ ക്രയവിക്രയ ശേഷിയിൽ വന്ന കുറവ് തന്നെ. കോവിഡ് മഹാമാരിയുടെ വരവോടുകൂടി പൊതുജനങ്ങളുടെ വാങ്ങൽ ശേഷിയിൽ കാര്യമായ കുറവ് വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാതെ, മറ്റ് വിധത്തിൽ പറഞ്ഞാൽ പൊതുജനങ്ങളുടെ പക്കലുള്ള ധന ലഭ്യത വർധിപ്പിക്കാതെ മാർക്കറ്റിനെ സജീവമാക്കി നിർത്താനും കാർഷിക ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും സാധിക്കുകയില്ല.
ഇന്ത്യക്കാരനും ലോകം ആദരിക്കുന്ന സാമ്പത്തിക വിദഗ്ധനുമായ അഭിജിത്ത് ബാനർജിയുടെ വാക്കുകൾ ഇത്തരുണത്തിൽ ഏറെ ശ്രദ്ധേയമാണ്:
‘’ലോകത്തിലെ ഏറ്റവും മോശമായി പ്രവർത്തിക്കുന്ന സമ്പത്ത് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ സാമ്പത്തിക ഉത്തേജന പദ്ധതികൾ വളരെ പരിമിതമാണ്, അത് ഉദ്ദേശിച്ച ഫലം കൊണ്ടു വരികയില്ല. ജനങ്ങളുടെ, ,പ്രത്യേകിച്ച് സാമ്പത്തികമായി താഴെക്കിടയിൽ നിൽക്കുന്ന ആളുകളുടെ, കൈകളിൽ പണം നേരിട്ട് എത്തുന്ന പദ്ധതികൾ ഗവൺമെന്റ് ഏറ്റെടുത്തു ചെയ്യുന്നില്ലെങ്കിൽ ഉത്തേജന പദ്ധതികൾ ലക്ഷ്യം കാണുകയില്ല.’’
2019ൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം 10281 ആണ്. 2018ൽ കർഷക ആത്മഹത്യകൾ 10348 ആയിരുന്നു . അതായത് കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മനുഷ്യരുടെ ശരാശരി 28 ആത്മഹത്യകൾ ദിവസവും നടക്കുന്ന രാജ്യമാണ് ഇന്ത്യ. പാടങ്ങളിൽ സ്വന്തം വിയർപ്പുതുള്ളികൾ വീഴ്ത്തി ധാന്യം വിളയിച്ചു നമ്മളെ ഊട്ടുന്ന കർഷകരെ ആദരിച്ചില്ലെങ്കിലും അവരിൽ അവശേഷിച്ച ജീവരക്തം വിൽപന നടത്താതിരിക്കാനെങ്കിലും നമുക്ക് കടമയില്ലേ?