സ്റ്റാൻ സ്വാമിയും കാണാമറയത്തെ നീതിയും

മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് നീതി. മനുഷ്യചിന്തകൾക്ക് ഉള്ളടക്കം നൽകിയ മഹാനുഭാവൻമാർ നീതിയെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലും അഗസ്റ്റിനും ഇമ്മാനുവൽ കാന്റും അക്കൂട്ടത്തിൽ ചിലർ. കുറെ നൂറ്റാണ്ടുകളായി നീതി എന്നത് വ്യക്തിനിഷ്ഠമായ രാജനീതി ആയിരുന്നു എങ്കിൽ ജനാധിപത്യത്തിന്റെ ആവിർഭാവത്തോടെ നീതിയുടെ മണ്ഡലത്തിൽ സാമാന്യ ജനശബ്ദത്തിനും ഒരിടം ഉണ്ടായി.

മനുഷ്യരുടെ നീതിബോധം അവരുടെ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചു. ഡിജിറ്റൽ കാലഘട്ടം ആയതോടെ നീതിയുടെ ദാഹം സോഷ്യൽ മീഡിയ പേജുകളിലും വാട്സാപ്പ് മെസ്സേജുകളിലും നിറഞ്ഞുനിന്നു. നീതിക്ക് മനുഷ്യ സ്വഭാവത്തിൽ ഒഴിവാക്കാനാകാത്ത സ്വാധീനശക്തി ഉണ്ട്. കാരണം ദൈവം നീതിയുടെ ദൈവമാണ്. നീതിയെ ഇഷ്ടപ്പെടുന്ന, നീതി ചെയ്യാൻ കൽപ്പിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് ബൈബിളിലെ താളുകളിൽ നമുക്ക് വായിച്ചെടുക്കാം.

“മനുഷ്യാ നല്ലത് എന്തെന്ന് അവൻ നിനക്ക് കാണിച്ചു തന്നിരിക്കുന്നു:  ന്യായം പ്രവർത്തിക്കാനും ദയാ തൽപ്പരനായിരിക്കാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കാനും അല്ലാതെ എന്താകുന്നു കർത്താവ് നിന്നോട് ചോദിക്കുന്നത്?” (മീഖാ 6:8). ദൈവത്തിന്റെ നീതി ബോധത്തെയും ന്യായ താൽപര്യത്തെയും എത്ര വ്യക്തമായാണ് ഈ വാക്കുകൾ തെളിയിക്കുന്നത്.

‘മിഷ്പാറ്റ്’ എന്ന വാക്കാണ്  എബ്രായഭാഷയിൽ നീതിക്കായി ഉപയോഗിച്ചിരിക്കുന്നത്. മറ്റുള്ളവരെ നീതിപൂർവ്വമായി പരിഗണിക്കുക എന്നതാണ് ഈ വാക്കിന്റെ അർത്ഥം. സ്വദേശിക്കും പരദേശിക്കും ഒരേ നീതി തന്നെ നടപ്പാക്കണമെന്നും നിർദേശമുണ്ട്(ലേവ്യ 24:22)

അതേസമയംതന്നെ എല്ലാവരെയും ഒരേപോലെ പരിഗണിക്കുക എന്നതല്ല നീതിയുടെ അർത്ഥം. ചിലരെ അധികമായി പരിഗണിക്കുക എന്നതും നീതിയുടെ തന്നെ ഭാഗമാണ്. ഇത്തരക്കാരാണ് പ്രത്യേക പരിഗണനയ്ക്ക് അർഹരായ ആളുകൾ.ബൈബിളിൽ അനാഥർ വിധവമാർ  പരദേശികൾ തുടങ്ങിയ ചില കൂട്ടരേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പലവിധ പരിമിതികൾ ഉള്ളവരും അശരണരും അബലരും വിവേചനം അനുഭവിക്കുന്നവരും ആയവരെ മുൻഗണനയോടെ കാണുന്നത് നീതിയുടെ ഭാഗമാണ്.

തിമോത്തി കെല്ലർ എഴുതിയ ‘ജനറസ് ജസ്റ്റിസ്’ എന്ന പുസ്തകത്തിൽ നീതിയെക്കുറിച്ച് ഇങ്ങനെ പറയുന്നു : “മേൽപ്പറഞ്ഞ കൂട്ടത്തിൽ പെട്ടവരെ എങ്ങനെ പരിഗണിക്കുന്നു എന്നതിനനുസരിച്ചാണ് ഒരു സമൂഹത്തിന്റെ നൈതികത പരിശോധിക്കപ്പെടേണ്ടത്. അവരോടുള്ള അവഗണന പരോപകാരത്തിന്റെ കുറവ് ആയിട്ടല്ല നീതിയുടെ നിഷേധം ആയിട്ടാണ് പരിഗണിക്കപ്പെടേണ്ടത്.”  നീതി നിഷേധത്തിന്റെ ഏറ്റവും പുതിയൊരു മുഖമാണ് വന്ദ്യ വയോധികനായ ഒരു  ആദിവാസി ആക്റ്റിവിസ്റ്റിന്റെ ദയനീയ മരണം.

ഫാദർ സ്റ്റാൻ സ്വാമി

അശീതിവർഷീയനായ,രോഗപീഡകളാൽ വലഞ്ഞ ഒരു ജസ്യൂട്ട് പുരോഹിതൻ . എന്തിനാണ് ഭരണകൂടം ആ മനുഷ്യനെ ഇത്രമേൽ ഭയന്നത്? യു എ പി എ  പോലെയുള്ള കരിനിയമം ചുമത്തി അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ ഒൻപത്  മാസത്തോളം ജയിലിൽ ഇട്ടത്?

ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ ജാർഖണ്ഡിനെക്കുറിച്ച്  ചില സത്യങ്ങൾ അറിയേണ്ടതുണ്ട്. കാരണം അവിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം. ധാതുസമ്പത്തിന്റെ കേദാരമാണ് ജാർഖണ്ഡ്. രാജ്യത്തിന്റെ ധാതു ശേഖരത്തിന്റെ 40 ശതമാനത്തോളം അവിടെയാണ്. ആദിവാസി ജനസംഖ്യ 26 ശതമാനത്തിലധികം വരും.

സ്റ്റാൻ സ്വാമിക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്ന ഫാ. ഫ്രേസർ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ നടത്തിയ അനുസ്മരണത്തിൽ സ്റ്റാനിന്റെ ജീവിതം എന്തായിരുന്നു എന്ന് വരച്ചു കാട്ടുന്നുണ്ട് . ആറു വർഷം ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം ഒരു സോഷ്യോളജിസ്റ്റിന്റെ അക്കാഡമിക് ജീവിതം വിട്ട് യഥാർത്ഥ സേവനലോകത്തേക്കു പോകാൻ ധൈര്യം കാണിച്ച വ്യക്തിയാണ്.  ആക്ടിവിസ്റ്റുകൾക്ക് താരപരിവേഷം കിട്ടുന്ന  ഈ കാലത്ത്  ക്യാമറക്കണ്ണുകൾക്ക് മുമ്പിൽ നിൽക്കാൻ ഒരു താൽപര്യവും കാണിക്കാതെ നിശബ്ദനായി,  ഒരുതരത്തിൽ തികച്ചും അദൃശ്യനായി ജീവിച്ചു സ്റ്റാൻ സ്വാമി. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അദ്ദേഹം അപഗ്രഥിച്ച്, 30 വർഷക്കാലം അവരിലൊരാളായി അവർക്കിടയിൽ ജീവിച്ചു. ആദിവാസി പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ മനോഹരമായ സംവിധാനം നമുക്കുണ്ട് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.അത് മറ്റൊന്നുമല്ല നമ്മുടെ ഭരണഘടന തന്നെ! . ഇന്ത്യൻ ഭരണഘടന ആദിവാസികൾക്കു നൽകുന്ന അവകാശങ്ങൾ എന്തൊക്കെയെന്നു അദ്ദേഹം പഠിച്ചു. ആക്ടിവിസത്തിനപ്പുറത്ത് ‘ജുഡീഷ്യൽ റെമഡി’ തന്നെയാണ് അദ്ദേഹം പിന്തുടർന്ന മാർഗ്ഗം എന്ന് ചുരുക്കം.

2014ൽ ജാർഖണ്ഡിൽ  അധികാരത്തിൽ വന്ന ബിജെപി ഗവൺമെന്റ് നൂറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് ഭൂനിയമങ്ങൾ മാറ്റിയെഴുതി. ആദിവാസികളുടെയും മറ്റും കൈവശമുണ്ടായിരുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനും തരം മാറ്റുന്നതിനും ഉണ്ടായിരുന്ന വിലക്കുകൾ എടുത്തുകളഞ്ഞു. ആദിവാസി ഭൂമി മറ്റുള്ളവർ തട്ടിയെടുക്കുന്നതിൽ നിന്നും സംരക്ഷണം നൽകിയ നിയമങ്ങൾ ആയിരുന്നു അവ. നിയമഭേദഗതികൾക്ക് പിന്നാലെ മൂന്നു ലക്ഷത്തിലധികം ഹെക്ടർ ഭൂമി കൈമാറ്റം ചെയ്യാൻ അദാനി അടക്കമുള്ള വൻകിട വ്യവസായ ഗ്രൂപ്പുകളുമായി ഗവൺമെന്റ് ധാരണാപത്രം ഒപ്പിട്ടതോടെ ജനങ്ങൾ അപകടം മണത്തു. ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അവരെ സഹായിക്കാനും ഉപദേശിക്കാനും സ്റ്റാൻ സാമി ഉണ്ടായിരുന്നു. ഭൂമി സംരക്ഷിക്കാൻ സമരം ചെയ്ത ആദിവാസികളെ കൂട്ടത്തോടെ ജയിലിലടച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട മൂവായിരത്തോളം ആദിവാസി യുവാക്കളുടെ മോചനത്തിനായി സ്റ്റാൻ സാമി നിയമത്തിന്റെ വഴി തന്നെ തേടി. ചങ്ങാത്ത മുതലാളിത്തത്തിന്റെ നീരാളി കൈകൾ തങ്ങളുടെ കിടപ്പാടം തന്നെ തകർക്കുമെന്ന് തിരിച്ചറിഞ്ഞ ജനം അടുത്ത തെരഞ്ഞെടുപ്പിൽ പ്രതികരിച്ചു. 2019 ലെ ഇലക്ഷനിൽ ജെ എം എം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി. ഡൽഹിയുടെ അധികാര കസേരകൾക്ക് അലോസരമുണ്ടാക്കുന്ന ഒരു ശല്യക്കാരൻ വയസ്സനായി സ്റ്റാൻ സാമി മാറിയത് അങ്ങനെയാണ്.

അശരണരും അബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ഒരു ജനവിഭാഗത്തിന് നീതിയും ജീവിതവും നിഷേധിക്കപ്പെടുന്ന കാഴ്ച വെറുതെ കണ്ടു കൊണ്ട് നിൽക്കാൻ അദ്ദേഹത്തിനായില്ല. നിഷേധിക്കപ്പെട്ട നീതി നീതിന്യായ കോടതികളിലൂടെ  തന്നെ തിരിച്ചു പിടിക്കാൻ അദ്ദേഹം ശ്രമിച്ചു. അതിൽ നല്ലൊരു പങ്ക് വിജയിക്കാനും അദ്ദേഹത്തിനായി. എന്നാൽ അതേ നീതിയും ന്യായവും സ്വന്തം കാര്യത്തിൽ നിഷേധിക്കപ്പെടുമെന്നു അദ്ദേഹം സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഭീമ കൊറേഗാവ് സംഘർഷത്തിലും അതിനു മുമ്പ് നടന്ന എൽഗാർ പരിഷത്ത് ആദിവാസി സംഗമത്തിലും പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി ജയിലിൽ അടച്ചു.

ഭീമ കൊറേഗാവ്

200 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു യുദ്ധത്തിന്റെ കഥയാണ് ഭീമ കൊറെഗാവിന് പറയാനുള്ളത്. അന്നത്തെ മറാത്ത രാജാവും ബ്രിട്ടീഷ് സൈന്യവുമായി നടന്ന യുദ്ധത്തിൽ പങ്കെടുക്കാൻ തദ്ദേശീയരായ ദളിതരെ  ഉയർന്ന ജാതിക്കാർ അനുവദിച്ചില്ല. അതിനാൽ അവർ ബ്രിട്ടീഷ് സൈന്യത്തിനൊപ്പം പങ്കുചേർന്നു. ആ സഖ്യം യുദ്ധം ജയിക്കുകയും ചെയ്തു. സവർണ്ണരും ദളിതരും തമ്മിൽ നിലനിൽക്കുന്ന വൻ അകൽച്ചയുടെ ഒരു ചിത്രം അവിടെ കാണാം. തങ്ങൾക്ക് ഒപ്പം യുദ്ധത്തിൽ പങ്കെടുത്ത ദളിതരെ അംഗീകരിച്ചുകൊണ്ട് ബ്രിട്ടീഷുകാർ പണിതു കൊടുത്ത ഒരു യുദ്ധസ്മാരകം അവിടെയുണ്ട്. ദളിത് അഭിമാനത്തിന്റെ പ്രതീകമാണ് യുദ്ധ സ്മാരകവും അവിടെ നടക്കുന്ന വാർഷിക അനുസ്മരണവും. 2018 ലെ ഇരുന്നൂറാം വാർഷിക അനുസ്മരണസമ്മേളനത്തിലേക്ക് ഉയർന്ന ജാതിക്കാർ ഇരച്ചു കയറുകയും സംഘർഷം ഉണ്ടാവുകയും ഒരു യുവാവ് മരിക്കുകയും ചെയ്തു. ഈ സംഘർഷത്തെ കുറിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് സ്വാമി അടക്കമുള്ള എട്ടോളം മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിൽ ആകുന്നത്. ഇതിന് ഏതാനും ദിവസം മുമ്പ് നടന്ന ആദിവാസി സംഗമമായ എൽഗാർ പരിഷത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഭീമ കൊറേഗാവ് സംഘർഷം എന്നാണ് പോലീസ് കണ്ടെത്തൽ. ആ  ഗൂഢാലോചനയുടെ ഭാഗമായിരുന്നു സ്റ്റാൻ സ്വാമി അടക്കമുള്ള അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകർ എല്ലാം എന്നാണ് പോലീസ് ഭാഷ്യം.

എൻഐഎ അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും ചെയ്തതോടെ കേസിന്റെ ഗതിയെക്കുറിച്ച് നിഷ്പക്ഷമതികൾ സംശയമുയർത്തി. കരിനിയമം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യു എ പി എ യിലെ വ്യവസ്ഥകൾ ജാമ്യം ലഭിക്കുന്നതിന് വലിയ തടസ്സമായി.

നീതിയില്ലാത്ത നിയമം

സുപ്രീംകോടതിയുടെ തന്നെ ഒരു വിധി കൂടി യുഎപിഎ പ്രതികളുടെ ജാമ്യം നിഷേധിക്കുന്നതിന് കാരണമാണ്. 2019 ലെ വദാലി കേസിൽ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയുടെ വെളിച്ചത്തിൽ പ്രോസിക്യൂഷൻ കേസ് ഡയറിയോ എഫ് ഐ ആർ -ഓ കുറ്റാരോണത്തിന് വ്യക്തമായ ആധാരം ഉണ്ടെന്ന് പറഞ്ഞാൽ അതായത് പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പറഞ്ഞാൽ കോടതിക്ക് ജാമ്യം നൽകാനാവില്ല. പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് തെളിയിച്ചാലേ ജാമ്യത്തിന് സാധ്യതയുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥൻ യുഎപിഎ ചുമത്തുകയും പ്രോസിക്യൂഷൻ പിന്തുണക്കുകയും ചെയ്താൽ ജാമ്യം അസാധ്യമാണ്.  അങ്ങനെ വിചാരണയ്ക്ക് മുമ്പ് നിരപരാധിത്വം തെളിയിക്കേണ്ട -മിക്കവാറും അസാധ്യമായ-  ബാധ്യത കുറ്റാരോപിതരുടെ മേൽ വരുന്നു. ഭീമ കൊറേഗാവ് പോലുള്ള , ധാരാളം പ്രതികളും നിരവധി മാനങ്ങളുള്ള, ഒരു കേസ് വിചാരണക്കെടുക്കുന്നത് എത്ര വർഷത്തിനുശേഷം എന്ന് പറയാനാകില്ല. ” കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരു പ്രതിയെ നിരപരാധിയായി പരിഗണിക്കണം” (Presumed innocence ) എന്നതാണ് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വം തന്നെ. എന്നാൽ 2019 ൽ വന്ന ഭേദഗതിയോടെ ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിച്ചു കസ്റ്റഡിയിലെടുക്കാനും വദാലി വിധിയോടെ ഒരാളെ എത്ര കാലം വേണമെങ്കിലും യുഎപിഎ പ്രകാരം തടവിലിടാനും ഭരണകൂടത്തിനു സാധിക്കും.

യുഎപിഎ പ്രകാരമുള്ള ജാമ്യാപേക്ഷകൾ ഉയർന്ന കോടതികളിൽ എത്തുമ്പോൾ തികഞ്ഞ അനാർദ്രചിത്തതയാണ് ജഡ്ജിമാർ കാണിക്കാറ്. വദാലി കേസിലെ സുപ്രീം കോടതി വിധിയോടെ യു എ പി എ പ്രതികൾക്ക് ജാമ്യം നൽകാൻ കീഴ്ക്കോടതികൾക്ക്  കഴിയാതെയായി.ഭീമ കൊറെഗാവ്  കേസിൽ വിചാരണ തടവുകാരായ സ്റ്റാൻ സ്വാമി അടക്കമുള്ള ആളുകളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി കൃത്രിമമായ തെളിവുകൾ സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അമേരിക്കൻ സ്വതന്ത്ര കുറ്റാന്വേഷണ സംഘമായ ആർസണൽ വെളിപ്പെടുത്തിട്ടുണ്ടെങ്കിലും അക്കാര്യം  കോടതി പരിഗണിക്കണമെങ്കിൽ വിചാരണ ആരംഭിക്കണം. 

ഗുരുതരമായ പാർക്കിൻസൺ അസുഖം നിമിത്തം ഒരു ഗ്ലാസ് വെള്ളം പോലും സ്വന്തമായി കുടിക്കാനാകാതെ അതിനായി ഒരു സിപ്പറും സ്ട്രോയും ആവശ്യപ്പെട്ട ആ വയോവൃദ്ധന് അത് നിഷേധിക്കപ്പെട്ടു. കോടതിയുടെ മുമ്പാകെ ഈ അപേക്ഷയുമായി എത്തിയപ്പോളാകട്ടെ NIA ക്ക് മറുപടി നൽകാൻ 20 ദിവസത്തെ സാവകാശം ആണ് അനുവദിച്ചത്! സ്റ്റാൻ സ്വാമിയെ കസ്റ്റഡിയിലെടുത്തപ്പോൾ ലഭിച്ച ബാഗിൽ സിപ്പറും സ്ട്രോയും  ഇല്ലായിരുന്നുവെന്ന് മറുപടി നൽകി NIA കാര്യക്ഷമത തെളിയിച്ചു!

ഫാദർ സ്വാമിക്കൊപ്പം അറസ്റ്റ് ചെയ്ത മറ്റുള്ളവരുടെ സ്ഥിതിയും ദയനീയമായിരുന്നു. ഗുരുതരമായ കാഴ്ചക്കുറവുള്ള  ഗൗതം നവ് ലാഖക്ക് പൊട്ടിപ്പോയ കണ്ണട മാറ്റി ലഭിച്ചില്ല. ആരോഗ്യം പാടെ ക്ഷയിച്ച 80 കാരൻ തെലുങ്ക് കവി വരവരറാവുവിന് കോവിഡ് ബാധിച്ചിട്ടുപോലും മതിയായ  ചികിത്സ നിഷേധിക്കപ്പെട്ടു. ഹൃദ്രോഗിയായ നിയമ പ്രൊഫസർ സുധ  ഭരദ്വാജിന് ചികിത്സ ആവശ്യാർത്ഥം പോലും ജാമ്യം നൽകിയില്ല.ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകൻ ഹനി ബാബുവിന്റെ കണ്ണിൽ പഴുപ്പ് ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടിട്ടും ജാമ്യം ലഭിച്ചില്ല.

ഭരണകൂടത്തിന്റെ തിരക്കഥയ്ക്കൊപ്പം നിൽക്കാൻ അല്ലാതെ വിവേചന ബുദ്ധിയോടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളാൻ പലപ്പോഴും കോടതികൾക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. 

ഡൽഹി ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസും ലോ കമ്മിഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് അജിത്ത് പ്രകാശ് ഷാ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മാറ്റങ്ങളെ സമഗ്രമായി അപഗ്രഥനം ചെയ്യുന്ന വ്യക്തിയാണ്. ‘ഡാർക്ക്നെസ് അറ്റ് ന്യൂൺ’ എന്ന തലക്കെട്ടിൽ ആർതർ കോസ്റ്റ്ലർ റഷ്യൻ രാഷ്ട്രീയ ‘ശുദ്ധീകരണ’ത്തെക്കുറിച്ച് എഴുതിയ പുസ്തകത്തെ പരാമർശിച്ചുകൊണ്ട് ജസ്റ്റിസ് ഷാ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു:  “ഇത് നട്ടുച്ചക്ക് പരന്ന അന്ധകാരമാണ് – നീതിന്യായ വ്യവസ്ഥ പരത്തിയ അന്ധകാരം.  വരുംതലമുറകൾ സ്റ്റാൻ സ്വാമിയുടെ മരണത്തിന്റെ ഉത്തരവാദിത്വം നീതിന്യായവ്യവസ്ഥയുടെ മേൽ ചുമത്തും”.

നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുക 

നീതി ദൈവത്തിന്റെ സ്വഭാവത്തിൽ അധിഷ്ഠിതമായ ഒന്നാണ്. അതുകൊണ്ട് ഒരു തികഞ്ഞ ന്യായാധിപൻ ആകാൻ ദൈവത്തിനു മാത്രമേ കഴിയൂ.

ഇസ്രയേലിൽ വലിയ നവീകരണവും  ശുദ്ധികലശവും നടത്തിയ രാജാവാണ് യഹോശാഫാത്ത്. അദ്ദേഹത്തിന്റെ ഭരണ പരിഷ്കരണ നടപടികളുടെ ഭാഗമായി പുതിയ ജഡ്ജിമാരെ നിയമിച്ചപ്പോൾ നൽകിയ നിർദ്ദേശങ്ങൾ ശ്രദ്ധേയമാണ്. ” നിങ്ങൾ മനുഷ്യർക്ക് വേണ്ടിയല്ല ദൈവത്തിനു വേണ്ടിയാണ് ന്യായപാലനം നടത്തുന്നത്. അതിനാൽ  നിങ്ങൾ ആലോചിച്ചു പ്രവർത്തിക്കണം,ന്യായപാലനത്തിൽ  കർത്താവ് നിങ്ങളുടെ കൂടെയുണ്ട്. നിങ്ങൾ കർത്താവിനെ ഭയപ്പെടുകയും ശ്രദ്ധാപൂർവ്വം പ്രവർത്തിക്കുകയും വേണം. നമ്മുടെ ദൈവമായ കർത്താവിൽ അനീതിയോ പക്ഷഭേദമോ അഴിമതിയോ ഇല്ല “.

ദൈവത്തെപ്പോലെ നിഷ്പക്ഷമായി ന്യായം വിധിക്കണം എന്നാണ് മനുഷ്യ ജഡ്ജിമാരെ കുറിച്ച് പ്രതീക്ഷിക്കുന്നത് എങ്കിലും അവരുടെ പരിമിതികൾ പലതാണ്. പാപത്തിന്റെ വലിയ കെണിയിൽ വീണ മനുഷ്യ വർഗ്ഗത്തിന്റെ ഭാഗമാണല്ലോ അവരും. അതുകൊണ്ടാണ് നീതിന്യായ വ്യവസ്ഥക്ക് തന്നെ കളങ്കം വരുത്തുന്ന പല വിധികളും ജഡ്ജിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സംഭവങ്ങളെയും വ്യക്തികളെയും ത്രികാല ജ്ഞാനത്തോടെ സമീപിക്കാൻ ജഡ്ജിമാർക്ക് ആവില്ല. തെളിവുകളായി അവരുടെ മുൻപിൽ എത്തുന്ന കാര്യങ്ങളെ മാത്രം ആശ്രയിക്കേണ്ട ഗതികേടിലേക്ക് കോടതികൾ എത്തുന്നു. അഴിമതിയും പക്ഷപാതവും കൊടികുത്തിവാഴുന്ന സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമായി മാറുമ്പോൾ കോടതിയുടെ വിധികളും വികലവും വിലക്ഷണവുമായി മാറുന്നു.

ശിക്ഷയുടെ ലക്ഷ്യം

ശിക്ഷയുടെ ലക്ഷ്യം എന്ത്? -ഇതൊരു വലിയ ചോദ്യമാണ്. ചിലരെ സംബന്ധിച്ചിടത്തോളം ഒരു പ്രവൃത്തിയുടെ നന്മതിന്മകൾ തീരുമാനിക്കേണ്ടത് അതുളവാക്കുന്ന പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ ആയിരിക്കണം. മറുവശത്ത് ഏത് തിന്മക്കും തക്ക ശിക്ഷയെ പാടുള്ളൂ എന്ന് വാദിക്കുന്നവരുണ്ട്.

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്ക് ആശ്വസിക്കാൻ ഒരു   വകയുണ്ട്. ദൈവത്തെ ഭയപ്പെടുന്നവർക്ക് ഒരു ‘നീതി സൂര്യൻ’ ഉദിക്കാൻ പോകുന്നു! അനീതിയുടെയും അന്ധകാരത്തിന്റേയും മൂടൽ കാരണം ഇരുണ്ടു പോയ ചക്രവാളം നീതി സൂര്യ പ്രഭയാൽ തേജോമയം ആകും. അനീതിക്ക് പകരം ചെയ്തു നീതി നടപ്പാക്കും. കാരണം ദൈവ സിംഹാസനത്തിന്റെ  അടിസ്ഥാനങ്ങളാണ് നീയും ന്യായവും! ദൈവ നിഷേധത്തിന്റെ  പ്രത്യയശാസ്ത്രങ്ങൾക്ക് ഇത്തരം നീതി നിഷേധത്തിനും അനീതിയുടെ തേർവാഴ്ചയ്ക്കും  ഒരു ഉത്തരവും നൽകാൻ ഇല്ല. നിരപരാധികൾ ശിക്ഷിക്കപ്പെടുകയും അപരാധികൾ നീതിയുടെ ചോരുന്ന വലകളിലൂടെ പുറത്തെത്തി സ്വൈര്യവിഹാരം   നടത്തുകയും ചെയ്യുന്ന കാഴ്ച കണ്ടു പരിതപിക്കാൻ മാത്രമേ  ഒരളവോളം ഈ ലോകത്തിൽ നമുക്ക് കഴിയൂ.

P C Benny
P C Benny
സമകാലിക സംഭവങ്ങളുടെ സമഗ്ര നിരൂപകൻ. കോഴിക്കോട് സ്വദേശി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular