കൊലക്ക് വിധിക്കപ്പെട്ട കുരുന്നു ജന്മങ്ങൾ

ഒരുവശത്ത് മനുഷ്യജീവന്‍ രക്ഷിക്കുവാനായി അശ്രാന്തം പരിശ്രമിക്കുമ്പോൾ മറുവശത്ത് കുരുന്നു ജന്മങ്ങളെ നിഷ്കരുണം കൊലചെയ്യുവാൻ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് ആധുനിക മനുഷ്യൻ.

കോവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെയുണ്ടായ മരണം 4 ലക്ഷത്തിലധികമാണ്. എന്നാല്‍ ഇന്ത്യയില്‍മാത്രം ഒരു വര്‍ഷം 156 ലക്ഷം കുഞ്ഞുങ്ങള്‍ ആണ് ഗര്‍ഭപാത്രത്തില്‍വെച്ച് കൊലചെയ്യപ്പെടുന്നത് എന്ന സത്യം നമുക്കറിയാമോ? 1971 ല്‍ പാസ്സാക്കിയ നിയമപ്രകാരം (MTP Act) 20 ആഴ്ചവരെയുള്ള ഗർഭം അലസിപ്പിക്കാമായിരുന്നു  . ഇപ്പോഴിതാ അത് 24 ആഴ്ചയായി ( 6 മാസം) ഉയര്‍ത്തിക്കൊണ്ട് നിയമം ഭേദഗതി വരുത്തിയിരിക്കുന്നു. സ്ത്രീകളുടെ പ്രത്യുല്പാദന അവകാശസംരക്ഷണത്തിന് (Womens reproductive rights) അനിവാര്യമെന്ന് പറയപ്പെടുന്ന ഈ നിയമഭേദഗതി വഴി ആറുമാസം വരെ എപ്പോള്‍വേണമെങ്കിലും ഗര്‍ഭഛിദ്രം നടത്താം. 

പുരോഗമനപരമായ പരിഷ്കാരം (progressive reform ) എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഈ നിയമഭേദഗതി ഇന്ത്യയെ മറ്റ് ലോകരാജ്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സഹായിക്കുമെന്നും സ്ത്രീശാക്തീകരണത്തില്‍ ഒരു നാഴികകല്ലാണ് ഇതെന്നും നിയമത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. 

1971-ലെ MTP Act  വഴി അമേരിക്കപോലുള്ള പല പാശ്ചാത്യരാജ്യങ്ങള്‍ക്കും  മുമ്പ് തന്നെ ഇന്ത്യയില്‍ ഭ്രൂണഹത്യ നിയമാനുസൃതമായി. ബ്രിട്ടനില്‍ 1968 – ൽ നിയമം വന്നുവെങ്കിലും അമേരിക്കയില്‍ 1973ലും, ഫ്രാന്‍സില്‍ 1975-ലും, ന്യൂസിലാന്‍റില്‍ 1977-ലും, ഇറ്റലിയില്‍ 1978 – ലും, ചൈനയില്‍ 1979- ലും, സൗത്ത് ആഫ്രിക്കയില്‍ 1976ലുമാണ് നിയമം പാസ്സായത്. 

സ്വാതന്ത്ര്യമോ ജീവനോ? (Pro-choice Vs Pro-life)

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ സാധാരണ ഉയര്‍ന്നുകേള്‍ക്കുന്ന രണ്ട് പ്രയോഗങ്ങളാണ് pro-choice vs pro-life. 

സ്ത്രീക്ക് തന്‍റെ ശരീരത്തിന്മേല്‍ പൂര്‍ണാധികാരം ഉണ്ടെന്നും അതുകൊണ്ട് ഗര്‍ഭിണിയായ ഒരു സ്ത്രീക്ക് ഏതുസമയത്തും ഗര്‍ഭഛിദ്രം തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നുമുള്ള വാദഗതിയാണ് pro – choice. അതായത് ഗര്‍ഭഛിദ്രം വേണമോ വേണ്ടയോ എന്നത് സ്ത്രീയുടെ തെരഞ്ഞെടുപ്പും തീരുമാനവുമാണ് .    അതിനുള്ള അവകാശം സ്ത്രീക്കുണ്ട് എന്നതാണ് ഇവരുടെ വാദം. ‘ Abortion Rights  എന്നും ഈ ചിന്താഗതിയെ വിളിക്കാറുണ്ട്. മാത്രമല്ല മാതൃത്വം സംബന്ധിച്ചുള്ള മറ്റ് തിരഞ്ഞെടുപ്പുകള്‍ക്കും സ്ത്രീക്ക് പൂര്‍ണസ്വാതന്ത്ര്യം വേണമത്രേ. അതായത് അമ്മയാകണമോ വേണ്ടയോ, വേണമെങ്കില്‍ എപ്പോള്‍ ആകണം, എങ്ങനെയുള്ള കുഞ്ഞിന്‍റെ അമ്മയാകണം, കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് തന്‍റെ സാമൂഹ്യജീവിതത്തെ എങ്ങനെ ബാധിക്കും എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പുകള്‍ക്കും സ്ത്രീക്ക് പൂര്‍ണസ്വാതന്ത്ര്യം വേണം എന്നും pro choice-കാര്‍ വാദിക്കും.  

എന്നാല്‍ ഗര്‍ഭധാരണ സമയത്തുതന്നെ (At conception) മനുഷ്യജീവന്‍ ആരംഭിക്കുന്നു എന്നും, മനുഷ്യജീവന്‍ വിലയേറിയതും നിസ്തുല്യവും ആണെന്നും, ജീവന്‍ നശിപ്പിക്കുന്നത് വലിയ പാപമാണെന്നുമുള്ള വാദം ആണ് Pro – life എന്ന് അറിയപ്പെടുന്നത്. ഭ്രൂണത്തിന് വളരുന്നതിനും ജനിക്കുന്നതിനും ജീവിക്കുന്നതിനും ഉള്ള അവകാശം ഉണ്ട്. ജീവിക്കുവാനുള്ള അവകാശം മൗലിക അവകാശമാണ്. ഗര്‍ഭസ്ഥ ശിശുക്കള്‍ അടക്കം എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ജീവന്‍ എടുക്കുവാന്‍ മനുഷ്യന് അധികാരമില്ല. അത് ദൈവത്തിന്‍റെ പരമാധികാരത്തില്‍ പെട്ടകാര്യം ആണ്. ഇങ്ങനെ  Pro – choice സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ Pro – life മനുഷ്യജീവനാണ് പ്രാധാന്യം കൊടുക്കുന്നത്. 

ന്യായങ്ങള്‍ക്കുണ്ടോ ന്യായീകരണം?

ഗര്‍ഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്നവര്‍ പറയാറുള്ള ന്യായങ്ങള്‍ പലതാണ്. ഭ്രൂണം മാതൃശരീരത്തിന്‍റെ ഒരു ഭാഗം മാത്രമാണെന്നും വളര്‍ന്നുകൊണ്ടിരിക്കുന്ന  ഒരു മാംസപിണ്ഡമാണെന്നും അതുകൊണ്ട് ഭ്രൂണത്തെ മനുഷ്യനായി കരുതുവാന്‍ കഴിയില്ല, എന്നുമാണ് ഒരു ന്യായം. എന്നാല്‍ മനുഷ്യഭ്രൂണം കേവലം മാംസപിണ്ഡമോ മാതൃശരീരത്തിന്‍റെ ഭാഗമോ അല്ല; അമ്മയില്‍നിന്നും വ്യത്യസ്തമായ ഒരു മനുഷ്യന്‍ തന്നെയാണ്. തലച്ചോറിന്‍റെ പ്രവര്‍ത്തനവും ഹൃദയമിടിപ്പും രക്തചംക്രമണവും DNAയും എല്ലാം അമ്മയുടെയും കുഞ്ഞിന്‍റേതും വ്യക്തമായി വ്യത്യസ്തമാണ്. രക്തഗ്രൂപ്പുപോലും പലപ്പോഴും വേറെയായിരിക്കും. 

പൂര്‍ണ്ണമായ ബുദ്ധിവികാസമോ അവയവങ്ങളുടെ ഉപയോഗമോ പരിസരബോധമോ ഇല്ലാത്തതുകൊണ്ട് ഭ്രൂണം വ്യക്തിയല്ല എന്ന് വാദിക്കാറുണ്ട്. എന്നാല്‍ പിറന്ന കുഞ്ഞിനെ പൂര്‍ണ്ണമായ ബുദ്ധിവികാസവും വളര്‍ച്ചയും ഇല്ല എന്ന് പറഞ്ഞു കൊല്ലാമോ? 

ഉറങ്ങിക്കിടക്കുന്ന ഒരാളെ അയാള്‍ക്ക് പരിസരബോധമില്ല അവയവങ്ങള്‍ ഉപയോഗിക്കുന്നുമില്ല എന്ന് പറഞ്ഞ് കൊല്ലുമോ? പിറന്ന കുഞ്ഞും പിറക്കാത്ത കുഞ്ഞും തമ്മില്‍ പ്രായവ്യത്യാസമേയുള്ളു പ്രാണവ്യത്യാസമില്ല. മനുഷ്യന് വ്യക്തിത്വം നല്‍കുന്ന പ്രധാനഘടകം ആണ് ആത്മാവ്. ആത്മാവും ശരീരവും ഉള്ള ദൈവീകജീവനില്‍ പങ്കുപറ്റുന്ന മനുഷ്യവ്യക്തിയാണ് ഗര്‍ഭസ്ഥശിശുവും. ആകയാല്‍ ഗര്‍ഭഛിദ്രം നരഹത്യതന്നെയാണ്. 

ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍ (Pro – lifers) സ്ത്രീകളുടെ അവകാശത്തെയാണ് എതിര്‍ക്കുന്നത് എന്നതാണ് മറ്റൊരു വാദം. എന്നാല്‍ ഗര്‍ഭഛിദ്രക്കാരാണ് സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നത്, എന്നതാണ് വാസ്തവം. ഗര്‍ഭസ്ഥശിശുക്കളില്‍ 50% പെണ്‍കുട്ടികള്‍ ആണ്. അമ്മയില്‍ നിന്നും തികച്ചും വ്യത്യസ്തരായ നിസ്തുല്യരായ പെണ്‍കുഞ്ഞുങ്ങളാണ് അവര്‍ ഓരോരുത്തരും. അങ്ങനെയെങ്കില്‍ ഓരോ രണ്ട് ഗര്‍ഭഛിദ്രത്തിലും ഒന്ന് ഒരു സ്ത്രീക്കെതിരായ അതിക്രമമാണ്. അതായത് ആകെ നടത്തപ്പെടുന്ന ഗര്‍ഭഛിദ്രങ്ങളില്‍ പകുതിയിലും സ്ത്രീയുടെ അവകാശം നിഷേധിക്കപ്പെടുന്നു – ജീവിക്കാനുള്ള മൗലിക അവകാശം തന്നെ. ഇന്ത്യയില്‍ ഒരു വര്‍ഷം 156 ലക്ഷം ഭ്രൂണഹത്യകള്‍ നടക്കുന്നു എന്നാണ് കണക്ക്. അപ്പോള്‍ ഏകദേശം 80 ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് (ഭാവിയിലെ സ്ത്രീകള്‍) ജനിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം  ക്രൂരമായി നിഷേധിക്കപ്പെടുന്നത്. 

ഗര്‍ഭഛിദ്രത്തിനു നിയമാനുമതി ഇല്ലെങ്കില്‍ സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ അതു നടത്തുമെന്നും, അത് അനേകം സ്ത്രീകളുടെ മരണത്തിന് കാരണമാകും എന്നതാണ്  Pro – choice കാര്‍ പ്രചരിപ്പിക്കുന്ന വേറൊരു ന്യായം. ഇതും ഗര്‍ഭഛിദ്രവ്യവസായികള്‍ പ്രചരിപ്പിക്കുന്ന പെരും നുണയാണ്. നിയമപരമല്ലാത്ത അബോര്‍ഷനുകളില്‍ ഭൂരിഭാഗവും നിയമാനുസൃതമല്ലാത്ത ക്ലിനിക്കുകളില്‍ ആണ് അരങ്ങേറുന്നത്.

National Abortion Rights Action League (NARAL)) എന്ന സംഘടനയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന Dr. Bernard Nathanson പിന്നീട് വെളിപ്പെടുത്തിയത് – ഗര്‍ഭഛിദ്രത്തിന് നിയമാനുമതിയും പൊതുജനപിന്തുണയും നേടുന്നതിനായി “ആയിരക്കണക്കിനു സ്ത്രീകള്‍ ആണ്ടുതോറും സുരക്ഷിതമല്ലാത്ത ഭ്രൂണഹത്യ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് മൂലം മരണമടയുന്നു” എന്ന തെറ്റായ കണക്കുകള്‍ അവര്‍ പ്രചരിപ്പിച്ചിരുന്നു എന്നതാണ്. 

എന്നാല്‍ ഗര്‍ഭഛിദ്രം നിയമാനുസൃതം ആകുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ എത്രയോ അധികം മരണങ്ങള്‍ നിയമാനുസൃതമായ ഗര്‍ഭഛിദ്രത്തിലൂടെ നടക്കുന്നുണ്ട് എന്ന് ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭഛിദ്ര ശസ്ത്രക്രിയകളും മരുന്നുകളും ഒക്കെ തന്നെ അനേക സ്ത്രീകളുടെ മരണത്തിന് കാരണം ആകുന്നു എന്നതും അധികം അറിയപ്പെടാത്ത യാഥാര്‍ത്ഥ്യങ്ങളാണ്. മരണം സംഭവിച്ചില്ല എങ്കില്‍ തന്നെ, ഗര്‍ഭഛിദ്രം സ്ത്രീകളില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. 

പ്രഥമദൃഷ്ട്യാ സ്വീകാര്യമായി തോന്നാവുന്ന മറ്റ് ചില ന്യായങ്ങളും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ പറയാറുണ്ട്. അമ്മയുടെ ആരോഗ്യമാണ് അതിലൊന്ന്. എന്നാല്‍ അമ്മയുടെ ആരോഗ്യത്തിന്‍റെ പേരില്‍ എങ്ങനെയാണ് കുഞ്ഞിനെ കൊല്ലുന്നത്? മാത്രമല്ല അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നു പറയുന്ന മിക്ക കേസുകളിലും അമ്മയ്ക്ക് ഭീഷണികാണില്ല. ഗര്‍ഭം ഒരു രോഗമല്ല. ഗൗരവതരമായ രോഗങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കുപോലും ഗര്‍ഭകാലം തികക്കുവാനും പ്രസവിക്കുവാനും കഴിയുമെന്ന് വൈദ്യശാസ്ത്രവിദഗ്ദര്‍ പറയുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഗര്‍ഭം ധരിക്കാതെ സൂക്ഷിക്കുകയാണ് വിവേകം. മാത്രമല്ല കുഞ്ഞ് തീയിലോ വെള്ളത്തിലോ വീണാല്‍ സ്വന്തം ജീവന്‍ അപകടത്തിലാക്കിക്കൊണ്ടുപോലും അമ്മ രക്ഷിക്കും എന്നതും ഇവിടെ ചിന്തനീയമാണ്. 

അമ്മയുടെ മാനസിക ആരോഗ്യവും സ്വീകാര്യമായ ഉപാധിയല്ല. മാനസികപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകള്‍ തന്നെ യാതൊരു പ്രത്യേക പ്രശ്നവും കൂടാതെ കുഞ്ഞുങ്ങളെ പ്രസവിച്ച ധാരാളം സംഭവങ്ങളുണ്ട്. തന്നെയുമല്ല കുഞ്ഞിന്‍റെ ആഗമനം പല മാനസികരോഗികള്‍ക്കും ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ ഗര്‍ഭഛിദ്രം മാനസികപ്രശ്നം ഇല്ലാത്തവര്‍ക്കുപോലും പ്രശ്നങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. 

ബലാല്‍സംഗത്തിന്‍റെ കാര്യത്തില്‍ ഗൗരവമേറിയ സാമൂഹിക-വൈകാരിക വശങ്ങള്‍ ഉണ്ടെന്നത് സത്യം തന്നെ. എന്നാല്‍ ബലാല്‍സംഗം എന്ന തിന്മയോട് ഗര്‍ഭഛിദ്രമെന്ന മറ്റൊരു തിന്മകൂടി കൂടുമ്പോള്‍ ഒരു നന്മ ഉണ്ടാകുമോ? അങ്ങനെ പിറക്കുന്ന കുഞ്ഞുങ്ങളെ അവരുടേതല്ലാത്ത കുറ്റത്തിനു മരണത്തിനു വിധിക്കുകയല്ല, അവരെ വളർത്തുവാനുള്ള വഴികളൊരുക്കുകയും അങ്ങനെ അമ്മമാരാകുന്നവരെ ആ മാനസികാഘാതം അതിജീവിക്കാൻ സജ്ജരാക്കുകയുമാണ് വേണ്ടത്.

അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന് ഡോക്ടര്‍മാര്‍ പറയുന്ന സാഹചര്യങ്ങളില്‍ പോലും അങ്ങനെ സംഭവിക്കണം എന്നില്ല. മാത്രമല്ല, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള ശിശുക്കള്‍ സ്വാഭാവികമായിതന്നെ മരിക്കും. അല്ലാതെ ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞുങ്ങളെ കൊല്ലുവാന്‍ മനുഷ്യന് എന്ത് അധികാരം?

Abortion Industry അഥവാ ഗര്‍ഭഛിദ്രവ്യവസായം

അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും തഴച്ചുവളര്‍ന്ന മാരകവും പൈശാചികവുമായ ഒരു വ്യവസായമാണ് ഗര്‍ഭഛിദ്രവ്യവസായം. കുടുംബാസൂത്രണം എന്നും, സ്ത്രീകളുടെ ആരോഗ്യഅവകാശസംരക്ഷണം എന്നുമൊക്കെയുള്ള ലേബലില്‍ ആരംഭിച്ച് സര്‍ക്കാര്‍ ധനസഹായത്തോടെ കൊഴുത്ത പല സ്ഥാപനങ്ങള്‍ ഉണ്ട്. Planned Parenthood എന്ന അമേരിക്കന്‍r സ്ഥാപനം ഉദാഹരണം ആണ്. അമേരിക്കയിലെ ഗര്‍ഭഛിദ്രത്തിന്‍റെ കുത്തക മിക്കവാറും അവര്‍ക്കാണ് എന്നുമാത്രമല്ല,  ഈ സ്ഥാപനം മറ്റ് പല രാജ്യങ്ങളിലുമായി  വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഗര്‍ഭഛിദ്രം വലിയ ബിസിനസ് ആണ്; വളരെ വലിയ ബിസിനസ്. സ്ത്രീകളുടെ ആരോഗ്യവും അവകാശവും സംരക്ഷിക്കപ്പെടണം എങ്കില്‍ ഇവരുടെ സേവനം കൂടിയേതീരു എന്നനിലയില്‍ സംഘടിതമായ പ്രചാരണ പരിപാടികളിലൂടെ അവര്‍ പൊതുജനങ്ങളെ വിശ്വസിപ്പിക്കുന്നു; ഇരകളെ ആകര്‍ഷിക്കുന്നു. 

പണക്കൊതി മൂത്താല്‍ മനുഷ്യന്‍ നീചവും നിഷ്ഠൂരവുമായ എന്ത് പ്രവര്‍ത്തിക്കും തുനിയും – അരുമകളെ അരുംകൊല ചെയ്യുന്നതിനും!  പക്ഷേ ആ പണം ചോരപ്പണം ആണെന്നുമാത്രം. 

David. K.Kyle  സംവിധാനം ചെയ്ത Blood Money – The Business of Abortion എന്ന സിനിമ ഗര്‍ഭഛിദ്രവ്യവസായത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. 

ഗര്‍ഭഛിദ്രത്തിന് വിധേയരായ കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളുടെ വില്‍പന മറ്റൊരു ഭീമന്‍ ബിസിനസ് ആണെത്രേ. ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കും വൈദ്യശാസ്ത്രപരമായ ഉപയോഗങ്ങള്‍ക്കും വേണ്ടി മാത്രമല്ല, സൗന്ദര്യവര്‍ദ്ധനവസ്തുക്കളുടെ (Cosmetic products) നിര്‍മ്മാണംപോലുള്ള മറ്റുപല കാര്യങ്ങള്‍ക്കുമായി അവ ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് പറയുന്നു. ഗര്‍ഭഛിദ്രത്തിന് വിധേയരാക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങള്‍ പ്രത്യേകമായി വേര്‍തിരിച്ചെടുക്കുന്നത് Foetal Organ Harvesting എന്നാണ് അറിയപ്പെടുന്നത്. 

അറുതി വരുമോ ഈ അരുംകൊലക്ക്?

രണ്ടാം ലോകയുദ്ധകാലത്ത് നിഷ്ഠൂരനായ ഹിറ്റലറുടെ നേതൃത്വത്തില്‍ അരങ്ങേറിയ “നാസി ഹോളോക്കേസ്റ്റ്” എന്ന ഭീകരമായ മനുഷ്യ കുരുതിയില്‍ കൊല്ലപ്പെട്ടതിലും അധികം മനുഷ്യജീവനുകള്‍ ആണ് ഇന്ത്യയില്‍ മാത്രം അബോര്‍ഷനിലൂടെ ഓരോ വര്‍ഷവും നശിപ്പിക്കപ്പെടുന്നത്. ലോകത്ത് ആകമാനം വര്‍ഷംതോറും 50 ദശലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നു എന്നതാണ് WHO  ടെ ഏകദേശ കണക്ക്! അതായത് ഓരോ ദിവസവും ഒരുലക്ഷത്തിയിരുപത്തയ്യായിരം ശിശുക്കള്‍ കൊല്ലപ്പെടുന്നു. ” നിഷ്കളങ്ക രക്തം കൊണ്ട്. പുത്രി പുത്രന്മാരുടെ  രക്തം കൊണ്ടുതന്നെ ദേശം അശുദ്ധമായിത്തീര്‍ന്നു” എന്ന് സങ്കീര്‍ത്തനം 106ല്‍ പറയുന്നു. ഇന്ന് ലോകരാജ്യങ്ങള്‍ നിഷ്കളങ്ക രക്തംകൊണ്ട് എത്രയധികം മലിനപ്പെട്ടിരിക്കുന്നു. 

മനുഷ്യജീവന്‍ പവിത്രവും  വിലയേറിയതുമാണ്. അതുകൊണ്ട് ഭ്രൂണാവസ്ഥ മുതല്‍തന്നെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണം. ഗര്‍ഭഛിദ്രമെന്ന മഹാപാപത്തിനെതിരെ നിലക്കൊള്ളേണ്ടതും സമൂഹമനസാക്ഷിയെ ഉണര്‍ത്തേണ്ടതും നമ്മുടെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്, (സദൃശ്യവാക്യങ്ങള്‍ 24:11, 12) . 

Thomas Palathra
Thomas Palathra
ബൈബിൾ അധ്യാപകൻ, പ്രഭാഷകൻ, വിദ്യാർത്ഥി പ്രവർത്തകൻ. കോഴിക്കോട് സ്വദേശി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular