കുപ്പിയിൽ നിന്നും പുറത്തുചാടുന്ന വിദ്യാഭ്യാസ ഭൂതം

പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ – NEP 2020. കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം പോലെ അതങ്ങനെ ആർക്കും പിടി തരാതെ വഴുതി നടക്കുന്നു. ഉപകാരപ്പെടുമോ അതോ നശിപ്പിക്കുമോ? കാത്തിരുന്നു കാണേണ്ടി വരും!  ഭൂതത്താനെ വശത്താക്കാനും അത് ഞങ്ങളുടെ ഭാഗത്താണെന്ന് സ്ഥാപിക്കാനും പലരും ശ്രമിക്കുന്നു. NEP 2020 അപഗ്രഥിക്കാൻ ഒരു ശ്രമം നടത്തി നോക്കാം.

പരിഷ്കാരത്തിൻറെ  അനിവാര്യത

1966ലെ കോത്താരി കമ്മീഷൻ റിപ്പോർട്ട് വളരെ പ്രധാനപ്പെട്ട പല നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ഗുണകരമായ നിരവധി മാറ്റങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ 1968ൽ  ശ്രീമതി ഇന്ദിരാഗാന്ധിയാണ്  ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസനയം അവതരിപ്പിച്ചത്. പിന്നീട് 1986ൽ  പുതിയൊരു വിദ്യാഭ്യാസനയം കൊണ്ടുവന്നു.  അങ്ങനെ നോക്കുമ്പോൾ ഏകദേശം അരനൂറ്റാണ്ട് കഴിഞ്ഞ വന്ന  NEP 2020 തീർച്ചയായും വളരെ പ്രധാനപ്പെട്ട ഒന്നാണ്.  ഐഎസ്ആർഒയുടെ മുൻ ചെയർമാനും ജെഎൻയു വിൻറെ  മുൻ വൈസ് ചാൻസലറും ജനനം കൊണ്ട് മലയാളിയും ആയ കെ കസ്തൂരി രംഗൻ നേതൃത്വം കൊടുത്ത സമിതിയാണ് പുതിയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇങ്ങനെ പറയുന്നു:  ‘’2020ലെ ദേശീയ  വിദ്യാഭ്യാസ നയം തീർച്ചയായും ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വളരെ വിശദമായ പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷമാണു സർക്കാർ ഇത് അംഗീകരിച്ചത്.’’

വിദ്യാഭ്യാസം പോലെയുള്ള അതിപ്രധാന മേഖല കാലോചിതമായ പരിഷ്കാര ങ്ങൾക്ക് വിധേയമാക്കേണ്ട ഒന്നാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ നയരൂപീകരണ സമിതിയും സർക്കാരും ഭരണകക്ഷിയും ഒക്കെ അവകാശപ്പെടുന്നതുപോലെ ഒരു ഗുണപരമായ ഘടനാ വ്യതിയാനം (Paradigm shift ) ആണോ ഇത്?  അതോ സർക്കാർ ഇതുവരെ പിന്തുടർന്നു പോന്ന നയങ്ങളുടെ അതേ മാതൃകയിലുള്ള ഒരു ഉദ്യമമാണോ ? ഈ ചോദ്യം ഏറെ പ്രസക്തമാണ് .

മാറുന്ന ഘടന

ഘടനാപരമായ വലിയ മാറ്റം വിദ്യാഭ്യാസത്തിന് പുതിയ ഊർജ്ജം പകരും എന്ന് പലരും കരുതുന്നു. 1986 മുതൽ പിന്തുടർന്നുവന്ന 10 + 2 + 3 എന്ന സമ്പ്രദായത്തിനു പകരം 5 + 3 + 3 + 4 എന്ന് പൊതുരീതി NEP 2020  ശുപാർശ ചെയ്യുന്നു.

ജിഡിപിയുടെ 6% വിദ്യാഭ്യാസത്തിനുവേണ്ടി  ചെലവിടണം എന്ന നിർദ്ദേശം  ഏറെ ശുഭോദർക്കമാണ്. സ്കൂൾ തലം മുതൽ  തൊഴിൽ പരിശീലനം നേടാൻ സഹായിക്കുന്ന പദ്ധതി നിപുണികളായ പുതുതലമുറയെ വാർത്തെടുക്കാൻ സഹായിക്കും. വർഷത്തിൽ 10 ദിവസം തൊഴിൽ പരിസരങ്ങൾ പരിചയപ്പെടുത്താൻ  മാത്രമായി മാറ്റിവെച്ചിട്ടുണ്ട്. ( Bagless training for 10  days  )  വിദ്യാഭ്യാസത്തിന്റെ പരിഗണനയിൽ അവഗണിക്കപ്പെട്ടു കിടന്ന പ്രീപ്രൈമറി തലത്തെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിധിയിലേക്ക് എത്തിക്കുന്നു.വിദ്യാലയങ്ങളിൽ ചേരുന്ന വിദ്യാർഥികളുടെ മൊത്തം എണ്ണത്തിൽ (Gross Enrolement Ratio – GER ) വലിയ വർധന ശുപാർശ ചെയ്യുന്ന നയം സ്കൂൾ തലത്തിൽ 100 ശതമാനം കുട്ടികളും    ചേരണമെന്നും ഉന്നത വിദ്യാഭ്യാസത്തിലേക്ക് 50 ശതമാനം പേരെയെങ്കിലും എത്തിക്കണമെന്നും ശുപാർശ ചെയ്യുന്നു. (ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിൻറെ  GER 26 ശതമാനമാണ്)  ഇപ്പോൾ വിദ്യാഭ്യാസ പദ്ധതികൾക്ക് പുറത്തുനിൽക്കുന്ന  രണ്ട്  കോടിയോളം വിദ്യാർഥികളെ കൂടി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാക്കാൻ ഇത് സഹായിക്കും.

സൗജന്യ വിദ്യാഭ്യാസത്തിന് അവകാശ പരിധി 18 വയസ്സുവരെ ഉയർത്തിയത് കൂടുതൽ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതിനുപുറമേ ഉന്നതവിദ്യാഭ്യാസം ഡിജിറ്റൽ ആകുന്നതോടെ കൂടുതൽ വിദ്യാർത്ഥികൾ അതിലേക്ക് ആകർഷിക്കപ്പെടും. 

നൈപുണ്യ വികസനം

നൈപുണ്യ വികസനത്തിനും തൊഴിൽ വികസനത്തിനും ഊന്നൽ നൽകുന്ന പുതിയ നയം കാലത്തിനനുസരിച്ച് പാഠ്യപദ്ധതികൾ നവീകരിക്കാനും അതുവഴി കാലോചിതമായ തൊഴിൽ ശേഷിയുള്ള തലമുറയെ വാർത്തെടുക്കാനും സഹായിക്കും. എൻജിനീയറിങ് പോലുള്ള മേഖലകളിൽ ഇപ്പോൾ നിലനിൽക്കുന്ന ജോലിക്ക് പര്യാപ്തം അല്ലാത്ത പഠനരീതികൾ മാറി  തൊഴിലധിഷ്ഠിത കോഴ്സുകൾ  പൂർത്തിയാക്കുന്ന വിദ്യാർത്ഥി തൊഴിലിൽ നിയമിക്കപ്പെടാൻ  യോഗ്യരാകുന്ന നില വരും എന്നും പ്രതീക്ഷിക്കാം.

മാതൃഭാഷ

NEP 2020 യുടെ മറ്റൊരു പ്രധാന ആകർഷണം മാതൃഭാഷയോടുള്ള ഉദാരമായ സമീപനമാണ്. കരട് നയത്തിൽ ഹിന്ദിക്ക് അമിത പ്രാധാന്യം നൽകിയത് ശക്തമായ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ പ്രാഥമിക തലങ്ങളിൽ മാതൃഭാഷക്ക് പ്രാധാന്യം നൽകുന്ന പൊതുനയം നേർവഴിയിലേക്ക് ഉള്ള നീക്കമാണെന്ന് കരുതാം.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിപ്രായത്തിൽ യുവാക്കളിൽ വിമർശന ചിന്താഗതിയും നിരീക്ഷണ ശേഷിയും വർദ്ധിപ്പിക്കാൻ പുതിയ നയം സഹായിക്കും. ‘’നേരത്തെ ഉണ്ടായിരുന്ന നയം കുട്ടികൾ എന്ത് ചിന്തിക്കണം എന്നതിന് പ്രാധാന്യം നൽകി, എന്നാൽ പുതിയ നയത്തിൽ കുട്ടികൾ എങ്ങനെ ചിന്തിക്കണം എന്നതിനാണ് പ്രാധാന്യം’’ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഒരു കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

എന്ത് ചിന്തിക്കണം

NEP 2020യെ  കുറിച്ചുള്ള അപഗ്രഥനം പ്രധാനമന്ത്രി പറഞ്ഞതിൽ  നിന്ന് തന്നെ തുടങ്ങാം. മുൻ നയത്തിന് വ്യത്യസ്തമായി എങ്ങനെ എന്നുള്ളതിന് ഊന്നൽ കൊടുക്കുന്ന നയമാണിത് എന്നാണ് അവകാശവാദം.  അപ്പോൾ എന്ത് പഠിക്കണം എന്ന് ആര് തീരുമാനിക്കും? അതൊരു വലിയ ചോദ്യം അല്ലേ?

എങ്ങനെ പഠിക്കണം എന്ന് മാത്രമല്ല നയം പറയുന്നത്. എന്ത് പഠിക്കണം എന്നതിനെ കുറിച്ചും വ്യക്തമായ സൂചനകൾ നയരേഖയിൽ ലഭ്യമാണ്. ഇതുവരെ സർക്കാർ പിന്തുടർന്ന നയങ്ങളെ പരിഗണിച്ചാൽ ചിന്തയുടെ ഉള്ളടക്കം സംബന്ധിച്ചും ചില സംശയങ്ങൾ ഉയരുക സ്വാഭാവികമാണ്. അവ എല്ലാം ചേർത്തു വെച്ച്  ചിന്തിക്കുമ്പോൾ ആർഎസ്എസിൻറെ നയങ്ങളും വീക്ഷണങ്ങളും ആധാരമാക്കിയ ഒരു വിദ്യാഭ്യാസ പദ്ധതിയാണിതെന്നു  ആശങ്കപ്പെടുന്നവരുമുണ്ട് താനും.

പ്രധാനമന്ത്രിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘’ഓരോ രാജ്യവും രാജ്യത്തിന്റെ ദേശീയ മൂല്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുസരിച്ചാണ് അതിന്റെ വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നത്. രാജ്യത്തിന്റെ യുവതയെ ഭാവിക്കായി ഒരുക്കുക എന്നതാണ് ആത്യന്തികലക്ഷ്യം’’.  ഈ ദേശീയ മൂല്യങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യമാണ് പ്രസക്തം. അത് ഭരണഘടന വിഭാവന ചെയ്ത ഉന്നത ലക്ഷ്യങ്ങളോ ദേശീയ പ്രസ്ഥാനം പകർന്നുനൽകിയ ആശയങ്ങളോ നവോത്ഥാന നേതാക്കൾ പ്രചരിപ്പിച്ച  സന്ദേശമോ  ഒക്കെ ആയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. 

വിദ്യാഭ്യാസ സമ്പ്രദായത്തെ ‘ഭാരത കേന്ദ്രീകൃത’ മാക്കണം എന്നാണ് നയരേഖ  പറയുന്നത്.  അത് വിരൽചൂണ്ടുന്നത് പൗരാണിക ഭാരതത്തെക്കുറിച്ചാണ് എന്നത് ശ്രദ്ധേയം. ‘’The rich heritage of ancient and eternal Indian knowledge and thought has been a guiding light for this Policy’’  (പൗരാണികവും നിത്യവും ആയ ഇന്ത്യൻ ജ്ഞാനത്തിന്റെയും  ചിന്തയുടെയും സമ്പന്നമായ പൈതൃകം ആണ് ഈ നയരേഖയെ വഴികാട്ടുന്ന വെളിച്ചം). പൗരാണിക കാലത്തെ നളന്ദ,  തക്ഷശില, വിക്രമശില ആദിയായ സർവകലാശാലകളെക്കുറിച്ചും അവിടെ നടന്ന പഠന രീതികളെ കുറിച്ചും അവർക്ക് ഗണിത ശാസ്ത്രം, വാനശാസ്ത്രം, ജീവശാസ്ത്രം, ലോഹ സംസ്കരണം, ആരോഗ്യശാസ്ത്രം, ശസ്ത്രക്രിയ, കെട്ടിട നിർമ്മാണ ശാസ്ത്രം, കപ്പൽ നിർമ്മാണ ശാസ്ത്രം, യോഗ സുകുമാര കലകൾ തുടങ്ങിയ മേഖലകളിൽ ഉണ്ടായിരുന്ന അറിവിനെക്കുറിച്ചും  വാചാലമായി സംസാരിക്കുന്ന പുതിയ നയം ആ അറിവുകൾ വരുംതലമുറയ്ക്ക് കൈമാറുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്നും ഗവേഷണം നടത്തി പുതിയ ഉപയോഗങ്ങൾ കണ്ടെത്തണമെന്നും നിർദ്ദേശിക്കുന്നു. ഒരു രാഷ്ട്രം അതിന്റെ പൗരാണിക വിജ്ഞാനത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും ഊറ്റം കൊള്ളുന്നത് നല്ലതു തന്നെ; പക്ഷേ അതിൽ കഴമ്പുണ്ടാകണമെന്ന് മാത്രം.മേല്പറഞ്ഞ  സർവകലാശാലകളെക്കുറിച്ചും വൈജ്ഞാനിക നേട്ടങ്ങളെക്കുറിച്ചും  മിക്കവാറും ഐതിഹ്യത്തിൽ കവിഞ്ഞ അറിവൊന്നും ഇന്നില്ല എന്നതാണ് വാസ്തവം. മാത്രമല്ല ജാതി വ്യവസ്ഥയും സവർണ്ണ മേധാവിത്വവും അരങ്ങുവാണ, വിദ്യാഭ്യാസം  വരേണ്യവർഗത്തിൽ മാത്രം  ഒതുങ്ങിയ പുരാതന കാലത്തെ പല യാഥാർത്ഥ്യങ്ങളെയും മറച്ചുവെച്ച് പഴമയെ പുതിയ നയരേഖയുടെ ആധാരശിലയായി കാണുന്നത് കുറച്ച് കടന്ന കൈയാണ്. പുരാതന ഇന്ത്യയുടെ യഥാർത്ഥ സാമൂഹ്യ സ്ഥിതിയെ മറച്ചുവെച്ച് എല്ലാം അക്കാലത്ത് അതിഗംഭീരം ആയിരുന്നു എന്ന് വരുത്തി തീർക്കാൻ ഭാരതീയ ചരിത്ര കോൺഗ്രസിൽ തന്നെ ശ്രമം നടന്ന  കാര്യം നമുക്കറിയാമല്ലോ. അതുപോലെ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൻറെ വേദിയിൽ പുരാതന ഇന്ത്യയിൽ  വിമാനവും ഇൻറർനെറ്റും   ടെസ്റ്റ് ട്യൂബ് ശിശുവും  സ്റ്റെംസെൽ റിസർച്ചും  ഒക്കെ ഉണ്ടായിരുന്നു എന്ന് പ്രസ്താവിച്ചതായ  കഥകളും  നാം കേട്ടതാണ് . പഴമയെ വെള്ള പൂശുന്നതിലല്ല, ലഭ്യമായ വിജ്ഞാന സാധ്യതകളെ ഇന്നിന്റെയും  നാളെയുടേയും നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നതിനാണ്  വിദ്യാഭ്യാസം ഉപകരിക്കേണ്ടത്.

സംസ്കൃതേന  വിദ്യ

മേൽ പറഞ്ഞതിനോട് ചേർത്ത് വെച്ച് വായിക്കേണ്ട ഒന്നാണ് സംസ്കൃതഭാഷക്ക്  നൽകുന്ന സവിശേഷ പരിഗണന. ‘ ലത്തീൻ ഗ്രീക്ക് ഭാഷകൾ ചേർത്തു വച്ചാലും അതിലും കൂടുതൽ ശ്രേഷ്ഠ സാഹിത്യ ശേഖരമുള്ള സംസ്കൃതം’ എന്ന്  ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുകയും എല്ലാ ക്ലാസ്സുകളിലും സംസ്കൃതം പഠിപ്പിക്കണമെന്ന്  നിർദ്ദേശം നൽകുകയും ചെയ്യുന്ന നയരേഖ നിരവധി   സന്ദേഹങ്ങൾ  ഉയർത്തുന്നു. വേദഭാഷയായ സംസ്കൃതപഠനം നിഷേധിക്കപ്പെട്ട ശൂദ്രൻമാരുടെയും അവർണരുടെയും ഭാരതം  മറക്കാനാകുമോ?

കരട് നയരേഖ പുറത്തിറക്കിയപ്പോൾ ഏറ്റവും വിമർശിക്കപ്പെട്ടത്  ഹിന്ദിക്ക് നൽകിയ അമിതപ്രാധാന്യം ആയിരുന്നു. അവസാന പോളിസിയിൽ ഹിന്ദിയുടെ മുൻതൂക്കം ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ അതിനേക്കാൾ ശക്തമായ നിലയിൽ സംസ്കൃത ഭാഷ  പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രായോഗികമായി ഒരു മൃതഭാഷയായ സംസ്കൃതത്തെ പുനരുജ്ജീവിപ്പിച്ച് എടുക്കുന്നതിൽ മത രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നു സംശയിച്ചാൽ അത് അസ്ഥാനത്താണെന്ന് പറയാനാകുകയില്ല. വേദ കാലഘട്ടത്തിലേക്ക് തിരിച്ചുപോയാൽ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അവിടെ കാണാൻ കഴിയുന്നത്.

സമഗ്ര നിയന്ത്രണ സ്വഭാവം

വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാര്യമാണ്; അതായത് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും തുല്യ ഉത്തരവാദിത്വം ഉള്ള മേഖല. പക്ഷേ ഒരു കാര്യത്തിൽ കേന്ദ്ര നിയമവും നയവും ഉണ്ടെങ്കിൽ തീർച്ചയായും അതിനാണ് സംസ്ഥാന നിയമത്തേക്കാൾ പ്രാമുഖ്യം ലഭിക്കുക. ‘ഒരു രാജ്യം ഒരു ദേശം’, ‘ഒരു രാജ്യം ഒരു ഇലക്ഷൻ’ ‘ ഒരു രാജ്യം ഒരു ഭാഷ’ ‘ ഒരു രാജ്യം ഒരു ടാക്സ്’ തുടങ്ങിയ നയങ്ങളിൽ ഊന്നിയ ഭരണകക്ഷിയുടെ ഏകശിലാസമാന ഭരണത്തിന്റെ മാറ്റൊലികൾ ആണ് ഇവിടെയും മുഴങ്ങുന്നത് എന്നാണ് പൊതുവെ ഉയരുന്ന ഒരു വിമർശനം.

ഘടനയുടെ പ്രശ്നം

ഘടനാപരമായ വൻ ഉടച്ചുവാർക്കൽ നിർദ്ദേശിക്കുന്ന പുതിയ നയം മുന്നോട്ടു വയ്ക്കുന്ന പുതിയ ഘടന സംബന്ധിച്ച കാരണങ്ങളോ വിശദീകരണങ്ങളോ നൽകുന്നില്ല എന്നത് ന്യുനതയാണ് . ഇപ്പോൾ നിലനിൽക്കുന്ന 10 + 2 + 3  വ്യവസ്ഥയെ പാടെ മാറ്റി 5 + 3 + 3 + 4  എന്ന സംവിധാനം ആക്കുന്നതിന് പിന്നിൽ എന്ത് ശാസ്ത്രീയ വിശദീകരണം ആണ് എന്നുള്ളത് കേൾക്കാൻ കൗതുകം ഉണ്ടെങ്കിലും നയരേഖയിൽ അങ്ങനെയൊരു പരാമർശം ലഭ്യമല്ല.

കൗമാരത്തിൻറെയും യൗവനാരംഭത്തിൻറെയും  ഇടയിലുള്ള കാലഘട്ടം ശാരീരികവും മാനസികവും  സാമൂഹികവുമായ വലിയ മാറ്റങ്ങളുടെ കാലഘട്ടമാണ്. അതിൽ ഒന്നോ രണ്ടോ വർഷത്തെ പ്രായവ്യത്യാസം  തന്നെ വലിയ അന്തരം ഉണ്ടാക്കുന്നുണ്ട്  എന്ന് നമുക്കറിയാം.  അങ്ങനെയിരിക്കെ 14 മുതൽ 18 വയസുവരെയുള്ള വിദ്യാർത്ഥികളെ ഒറ്റ  യൂണിറ്റായി  കാണുന്നതിനൻറെ  ശാസ്ത്രീയത എന്തെന്ന് വ്യക്തമല്ല.

ഇതുവരെ അനൗപചാരികമായി നടന്നുവന്ന പ്രീപ്രൈമറി വിഭാഗത്തെ ( മൂന്ന് മുതൽ അഞ്ച്) വയസ്സ് വരെ ഇക്കുറി ഔപചാരിക വിദ്യാഭ്യാസത്തിൻറെ  ഭാഗമാക്കി മാറ്റിയിരിക്കുന്നു. അങ്ങനെ മൂന്നു മുതൽ ആറു വരെയുള്ള പ്രീപ്രൈമറിയും ആറു മുതൽ എട്ടു വരെയുള്ള ഒന്ന് രണ്ട് ക്ലാസുകളും  ചേർന്ന  അടിസ്ഥാന യൂണിറ്റ് (Foundational unit) വേണമെന്ന് നിർദ്ദേശിക്കുന്നു.

ഒരു ശിശുവിന്റെ മസ്തിഷ്ക വളർച്ചയിൽ നല്ലപങ്കും ആറു വയസ്സിനു മുമ്പ് പൂർത്തിയാകുന്നു എന്ന അറിവിന്റെ അടിസ്ഥാനത്തിലാണ് ഏർലി ചൈൽഡ്  ഹുഡ് കെയർ ആൻഡ് എഡ്യൂക്കേഷൻ ( ECCE) എന്ന അടിസ്ഥാന യൂണിറ്റ് നിർദ്ദേശിച്ചിരിക്കുന്നത്;ഈ  യൂണിറ്റിലേക്ക് ആവശ്യമായ ബോധന രീതികളും കരിക്കുലവും എൻസിഇആർടി തയ്യാറാക്കുമെന്നും നയരേഖ പറയുന്നു.

അംഗൻവാടികളുടെയും നഴ്സറി സ്കൂളുകളുടെയും രാജ്യത്തിലെ ഇപ്പോഴത്തെ പൊതു നിലവാരം വെച്ച് നോക്കിയാൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നവീകരണം അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ് എന്ന് പറയാതെ വയ്യ. ആവശ്യമായ നവീകരണവും അംഗൻവാടി അധ്യാപകർക്ക് മാന്യമായ ശമ്പളവും അടിസ്ഥാന യോഗ്യതയും വേണ്ട  പരിശീലനവും ഉറപ്പുവരുത്താതെ നയം നടപ്പിലാക്കിയാൽ ലക്ഷ്യം  വിദൂരത്താകും.

അഞ്ചു കോടിയോളം വരുന്ന ശിശുക്കൾക്ക് ആവശ്യമായ ഭാഷാശേഷിയും എണ്ണൽ ശേഷിയും സംഖ്യാ ബോധവും  ഇല്ലാതെയാണ് സ്കൂളിലെത്തുന്നത് എന്ന തിരിച്ചറിവിൽ നിന്നാണ് ‘നാഷണൽ മിഷൻ ഓൺ ഫൗണ്ടേഷൽ  ലിറ്ററസി ആൻഡ് ന്യൂമറസി’  എന്ന ദൗത്യം ആരംഭിക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. നല്ല ദിശയിലുള്ള   ഒരു നീക്കമാണ് ഇത് എന്നതിന് തർക്കമില്ല

നൈപുണ്യം കെണി ആകുമോ

നൈപുണ്യ വികസനത്തെക്കുറിച്ച് വാചാലമായി  സംസാരിക്കുന്ന നയരേഖ വിദ്യാഭ്യാസത്തിൻറെ  അടിസ്ഥാന ലക്ഷ്യമായി നൈപുണ്യവും  തൊഴിൽശേഷിയും മാറുന്നുവോ എന്ന സംശയം ജനിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്തെന്ന് ചോദ്യത്തിന് വിശാലവും ഇടുങ്ങിയതുമായ രണ്ട് പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് ഉത്തരമേകാൻ കഴിയും. 

വിശാലമായ അർത്ഥത്തിൽ അറിവ് ആർജ്ജിക്കുകയും ഉത്തമ പൗരന്മാരെ വാർത്തെടുക്കുകയും ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതേസമയം സങ്കുചിതമായി  ചിന്തിച്ചാൽ ഒരു പ്രത്യേക തൊഴിലിന് കൊള്ളാവുന്ന വ്യക്തികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം എന്നും പറയാം. എന്നാൽ സന്തുലിതമായ ഒരു ദർശനത്തിൽ ഇവ രണ്ടും ചേർന്ന് പോകണം. രണ്ടിനേയും തമ്മിൽ മുഴുവനായും വേർതിരിച്ചു കാണേണ്ട കാര്യമില്ല.

അമേരിക്കയിലെ വിൻകോൺസിൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യം ‘സത്യാന്വേഷണവും മെച്ചപ്പെട്ട സ്ഥിതി കൈവരിക്കലും’  എന്നതിൽ നിന്ന് ‘സംസ്ഥാനത്തിനു വേണ്ട തൊഴിൽ സേനയെ വാർത്തെടുക്കൽ’ ആക്കി മാറ്റണം എന്ന് ഗവർണർ നിർദ്ദേശിച്ച സമയത്ത് വലിയ വിവാദം ഉണ്ടായ കാര്യം ഇവിടെ പ്രസ്താവ്യമാണ്.

അവിയൽ ആകുമോ ആരോഗ്യം

ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം നിർദ്ദേശിക്കുന്ന NEP 2020  എല്ലാ അലോപ്പതി വിദ്യാർഥികളും ആയുഷ് (ആയുർവേദം യോഗ യുനാനി സിദ്ധ ഹോമിയോപ്പതി)  പഠിക്കണമെന്നും അതേപോലെ മോഡേൺ മെഡിസിൻ വിദ്യാർത്ഥികൾ ആയുഷ് പഠിക്കണമെന്നും നിഷ്കർഷിക്കുന്നു.

മുമ്പ് പല തവണ നടത്താൻ ശ്രമിച്ചതും ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിച്ചതും ആയ ഈ സമ്മിശ്രവൽക്കരണം ആരോഗ്യ മേഖലയെ തകർക്കും എന്നതിനു സംശയമില്ല. സർക്കാർ അംഗീകാരമുള്ള മുറി വൈദ്യന്മാരാകും  ഫലമെന്ന് ഐഎംഎ മുതലായ സംഘടനകൾ പറഞ്ഞുകഴിഞ്ഞു. ഏറ്റവും അടിസ്ഥാന തലത്തിൽ തന്നെ പരസ്പരം വിയോജിക്കുന്ന ആയുഷ് സംവിധാനങ്ങളും ആധുനിക വൈദ്യവും ചേർക്കാൻ ശ്രമിക്കുന്നതിന്റെ   യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല.

നടപ്പാക്കുന്നത് എങ്ങനെ

നയരേഖ ഒരു മാർഗ്ഗദർശനം മാത്രമാണ്. അതിന്റെ പ്രായോഗികവൽക്കരണം ആണ് ഏറെ പ്രധാനം. നയം നടപ്പിലാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും നിരവധി പദ്ധതികളിലൂടെ ആണ്. കേന്ദ്ര ഏജൻസികൾ ആയ എൻസിഇആർടി,  എൻ ആർ എഫ്, ആർഎസ്എ തുടങ്ങിയ സംവിധാനങ്ങൾക്ക് മേൽക്കൈ ലഭിക്കും എന്ന് തീർച്ച . വളരെ വൈവിധ്യങ്ങളും ഭാഷാപരമായ വ്യത്യാസങ്ങളും നിലനിൽക്കുന്ന വിവിധ സംസ്ഥാനങ്ങളുടെ താൽപര്യവും  കേന്ദ്രതാൽപ്പര്യവും  തമ്മിൽ അഭിപ്രായ  ഐക്യവും  പരസ്പര സഹകരണവും  നിലനിർത്തുക എന്നുള്ളത് ശ്രമകരമാകും.

ചരിത്രം ഓർമ്മപ്പെടുത്തുന്നത്

വിദ്യാഭ്യാസത്തെ അതിന്റെ വിശാലമായ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിപ്പിച്ച് ഭരണകൂടത്തിന് ആശയ അടിത്തറ വിപുലപ്പെടുത്താനുള്ള ഉപകരണമായി മാറ്റിയ ചരിത്രം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വിദ്യാസമ്പന്നരായ ജർമൻ ജനതയെ 1933 മുതലുള്ള ഒരു ദശകം  കൊണ്ട് മാത്രം സമൂലമായി മാറ്റിമറിക്കാൻ  നാസികൾക്ക്  സാധിച്ചത് ഒരു പുതിയ പാഠ്യക്രമം രൂപീകരിച്ചു  വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ചുവാർത്തത്  വഴിയാണ്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും മസ്തിഷ്കപ്രക്ഷാളനത്തിന്റെ  വഴി തന്നെയാണ് പിന്തുടർന്നത്.  1949ൽ  മാവോ സേതൂങിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം   ചൈനയിൽ ആരംഭിച്ചപ്പോൾ വിദ്യാഭ്യാസം  തൊഴിൽ പരിശീലനം, പെരുമാറ്റ പരിശീലനം എന്നീ മേഖലകളിൽ സമഗ്ര മാറ്റത്തിന് തുടക്കം ഇട്ടു. പക്ഷേ പരിചയക്കുറവ്  ഉണ്ടായിരുന്നതിനാൽ സോവിയറ്റ് മാതൃകയാണ് ചൈന അവലംബിച്ചത്. അങ്ങനെ സമസ്തമേഖലകളിലും സോവിയറ്റ് യൂണിയനെ അവർ അനുകരിക്കാൻ ശ്രമിച്ചു. സമഗ്രാധിപത്യ ശൈലികൾ പിന്തുടർന്ന മാവോ  മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളും വർഗ്ഗ സമരങ്ങളുടെ തത്വശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കി. പിന്നീട് മാവോ സൂക്തങ്ങളും ദൈവവചനം പോലെ ഉരുവിടേണ്ട ഗതികേടും ചൈനീസ് ജനതക്ക്  ഉണ്ടായി.

മതബോധനത്തിലൂന്നിയ വിദ്യാഭ്യാസ രീതി പിന്തുടരുന്ന രാജ്യങ്ങളിലും വിദ്യാഭ്യാസത്തിന്റെ സ്വഭാവം നിഷ്പക്ഷമല്ല. ഇതിനെല്ലാം പുറമേയാണ് വിദ്യാഭ്യാസ നിയന്ത്രണ സംവിധാനങ്ങളിലും സമിതികളിലും സ്വാധീനമുള്ളവർ അവർക്കിഷ്ടപ്പെട്ട ചിന്തകളുടെ പ്രചരണത്തിന് പൊതുവിദ്യാഭ്യാസത്തെ ഉപകരണമാക്കുന്നത് വഴിയുള്ള  ദോഷങ്ങൾ. നിർണായക സ്ഥാനങ്ങളിൽ ഇരിക്കുന്നവരും സ്വാധീന ശേഷിയുള്ളവരുമായ വ്യക്തികൾ അവർക്ക് താല്പര്യമുള്ള സിദ്ധാന്തങ്ങളും ആശയങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തുന്നു. അങ്ങനെ ഇടംനേടിയ വിഷയങ്ങൾ കുറച്ചുകാലം കഴിയുമ്പോൾ പൊതുബോധത്തിന്റെ  ഭാഗമായി മാറുന്നു.  ദൈവ നിരാസ  ചിന്തകളും പരിണാമം പോലെയുള്ള തത്വശാസ്ത്രങ്ങളും ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള വിഭജനവും ഒക്കെ അങ്ങനെ ചരിത്രത്തിൽ സംഭവിച്ച ദുരന്തങ്ങളാണ്.

പാർലമെന്റിലെ ചർച്ചകൾക്കോ  വിമർശന വിചാരങ്ങക്കോ  വിധേയമാകാതെ യാണ് പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിരിക്കുന്നത്. കരട് നയത്തിൻമേൽ അഭിപ്രായം ആരാഞ്ഞപ്പോൾ ലഭിച്ച രണ്ട് ലക്ഷത്തിലധികം പ്രതികരണങ്ങൾ അവസാന നയ രൂപീകരണ വേളയിൽ പരിഗണിച്ചിരുന്നോ  എന്നും വ്യക്തമല്ല. എന്തായാലും നയരേഖക്ക് അനുരൂപമായി പദ്ധതികൾ തയ്യാറാക്കുമ്പോഴും കരിക്കുലം ഉണ്ടാക്കുമ്പോഴും വിശാലമായ ആശയ സംവാദങ്ങൾ നടക്കുമെന്നും അങ്ങനെ മെച്ചപ്പെട്ട നിലയിൽ പുതിയ നയം ഉപകാരപ്പെടും എന്നും   പ്രതീക്ഷിക്കാം.

ലോകത്ത് ഏറ്റവുമധികം യുവജനങ്ങൾ ഉള്ള രാജ്യം എന്ന ‘ഡെമോഗ്രാഫിക് ഡിവിഡൻഡ്‘ നമ്മുടെ രാജ്യത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന നിലയിലേക്ക് ഉയർത്താൻ പുതിയ നയത്തിലൂടെ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

P C Benny
P C Benny
സമകാലിക സംഭവങ്ങളുടെ സമഗ്ര നിരൂപകൻ. കോഴിക്കോട് സ്വദേശി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular