സാത്താൻ കുളവും മിനിയപൊലീസും തമ്മിൽ എന്താണ് ബന്ധം?
ഒറ്റനോട്ടത്തിൽ ബന്ധമൊന്നും കണ്ടെന്നുവരില്ല. എന്നാൽ രണ്ടു സ്ഥലങ്ങളിലും നടന്ന കാര്യങ്ങൾ തമ്മിൽ വളരെ സമാനതകളുണ്ട്. രണ്ടിടത്തും നടന്നത് അതിക്രൂരവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവങ്ങൾ. ഒരിടത്ത് ജയരാജും ബെനിക്‌സും; മറ്റൊരിടത്ത് ജോർജ്ജ് ഫ്ലോയ്ഡും: ഇതാണ് വ്യത്യാസം.കരുതലും കാവലും പരിപാലനവും നടത്തുവാൻ ചുമതലപ്പെട്ടവർ രണ്ടിടത്തും കാപാലികരും കൊലപാതകികളും ആയി മാറുന്ന ഈ കാഴ്ച തികച്ചും സ്തോഭജനകം ആണ്. ജനങ്ങളുടെ സംരക്ഷണവും കരുതലും ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടവരുടെ കരങ്ങളിൽ അവരുടെ രക്തക്കറ പുരുളുന്നത് ഒട്ടും ആശാസ്യമല്ല തന്നെ.
ജൂൺ 19ന് വൈകുന്നേരം തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളം ടൗണിലാണ് സംഭവം നടക്കുന്നത്. അവിടെ ഒരു ചെറിയ മൊബൈൽ കടയും വിറക് കടയും നടത്തുന്ന പിതാവും മകനും ആണ് ജയരാജും (56) ബെനിക്‌സും(31). ലോക് ഡൗൺ സമയപരിധി കഴിഞ്ഞു കട തുറന്നു വച്ചു എന്ന കുറ്റം ആരോപിച്ചു പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് അറിഞ്ഞ മകൻ ഉടൻതന്നെ സ്റ്റേഷനിലേക്ക് പോയി. രണ്ടുപേരെയും ലോക്കപ്പിൽ ആക്കിയ പോലീസ് ക്രൂരമായി മർദ്ദിക്കുകയും അതിനുശേഷം അവശരായ അവരെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ വെച്ച് മൃഗീയമായ മർദ്ദനമുറകൾക്ക് വിധേയരായ ഇരുവരും അടുത്ത ദിവസങ്ങളിൽ കോവിൽപെട്ടി ഗവൺമെൻറ് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി . പോലീസ് സ്റ്റേഷനിലെത്തിയ ബെനിക്‌സിന്റെ കൂട്ടുകാർ അതിക്രൂരമായ മർദ്ദനങ്ങൾക്ക് ദൃക്സാക്ഷികളാണ്. മരണശേഷം ഇൻക്വസ്റ്റ് നടത്തുന്ന സമയത്താണ് ഇരുവരും മൃഗീയമായ പീഡനങ്ങൾക്ക് വിധേയരായിരുന്നു എന്ന കാര്യം പുറംലോകം അറിഞ്ഞത്. അവരുടെ കാൽമുട്ടുകൾ തകർന്നു, സ്വകാര്യഭാഗങ്ങൾ പിളർന്നു, ശരീരമാസകലം അടിയും ചതവും ഏറ്റുമിരുന്നു. മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് ഇരുവരും സഹിച്ചത്.
ആദ്യം ഇക്കാര്യം മറച്ചുവയ്ക്കാൻ കിണഞ്ഞു പരിശ്രമിച്ച പോലീസ് പൊതുജന പ്രക്ഷോഭത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പതറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
പാഴായ ശ്രമം
വാർത്ത പുറത്തുവന്നതോടെ മുഖം രക്ഷിക്കാൻ ഭരണകൂടവും പിടിക്കാതിരിക്കാൻ പോലീസും കിണഞ്ഞു പരിശ്രമിച്ചു. മരണം ശ്വാസംമുട്ടൽ കാരണം സംഭവിച്ചതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ആദ്യപ്രതികരണം. സാത്താൻ കുളം പോലീസ് ആകട്ടെ ഇതിൽ നടക്കുന്ന അന്വേഷണത്തെ തടയാൻ അവരെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തു. പോലീസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞു. തെളിവുകളായി അവശേഷിച്ചിരുന്ന എല്ലാം കഴിയുന്നതും വേഗത്തിൽ മാറ്റി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നിർദ്ദേശാനുസരണം അന്വേഷണം നടത്തിയ കോവിൽപെട്ടി മജിസ്ട്രേറ്റിന്റെ നടപടികളെ തടയാൻ അവർ ശ്രമം നടത്തി. തന്നെ തടയുന്നതും അന്വേഷണത്തോട് സഹകരിക്കാത്തതും ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നതും ഹൈക്കോടതിക്ക് ഇമെയിൽ സന്ദേശം വഴി മജിസ്ട്രേറ്റ് അറിയിച്ചതോടെ ആണ് പോലീസിന് നിൽക്കക്കള്ളിയില്ലാതെ വന്നത്. അത് മാത്രമല്ല അതേ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ അന്ന് രാത്രി നടന്ന ഭീകരമായ മനുഷ്യാവകാശലംഘനത്തെ കുറിച്ച് മൊഴി കൊടുക്കാൻ തയ്യാറായതോടെ പോലീസ് പ്രതിരോധം തകരാൻ തുടങ്ങി. മൊഴി നൽകാതിരിക്കാൻ ശക്തമായ സമ്മർദമാണ് ആ വനിത ഉദ്യോഗസ്ഥയ്ക്ക് മേൽ ഉണ്ടായത്. സംരക്ഷണം ഉറപ്പു നൽകാൻ മജിസ്ട്രേറ്റ് നേരിട്ട് ഇടപെട്ടത് കൊണ്ട് മാത്രമാണ് ഉദ്യോഗസ്ഥ നിയമ ലംഘനത്തെ കുറിച്ച് സംസാരിക്കാൻ തയ്യാറായത്.
തൂത്തുക്കുടി എം പി ശ്രീമതി കനിമൊഴി ഈ പ്രശ്നത്തിൽ തുടക്കം മുതൽ തന്നെ സജീവമായി ഇടപെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി തലങ്ങളിൽ ഗുരുതരമായി വീഴ്ചയുണ്ടായതായി കനിമൊഴി മാധ്യമങ്ങളെ അറിയിച്ചു. സ്റ്റേഷനിൽ വച്ച് നടന്ന ക്രൂരതകളെ കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടും മറച്ചുവെക്കാനും നിയമലംഘനത്തിന് കൂട്ടുനിൽക്കാനും തയ്യാറായ ഉന്നത ഉദ്യോഗസ്ഥർ,പ്രതികളെ റിമാൻഡ് ചെയ്യാനാവശ്യപ്പെട്ടു കൊണ്ടുവന്നപ്പോൾ അവർക്കെതിരെ ചാർജ് ചെയ്ത കേസുകളുടെ സ്വഭാവമോ പ്രതികളുടെ ആരോഗ്യ സ്ഥിതിയോ പരിഗണിക്കാതെ ജുഡീഷ്യൽറിമാൻഡിന് അയച്ച പ്രദേശത്തെ മജിസ്ട്രേറ്റ്, പ്രതികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച സ്ഥലത്തെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ഇങ്ങനെ എത്രയോ തലങ്ങളിൽ വീഴ്ചകൾ ഉണ്ടായി.
കഷ്ടം ചരിത്രം
2001 മുതൽ 2018 വരെ കസ്റ്റഡി മരണങ്ങളുടെ എണ്ണം 1727. എന്നാൽ ശിക്ഷിക്കപ്പെട്ട പോലീസുകാരുടെ എണ്ണം വെറും 26 മാത്രം! ഔദ്യോഗിക രേഖകൾ പ്രകാരം മരണങ്ങളുടെ കാരണം ഹൃദയസ്തംഭനവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ആത്മഹത്യയും ഒക്കെയാകാം. മേൽപ്പറഞ്ഞ മരണങ്ങളിൽ അധികപങ്കും സംഭവിച്ചത് പോലീസ് സ്റ്റേഷനുകളിൽ തന്നെയാണ്. ബാക്കിയുള്ളവ അനുബന്ധമായുള്ള മൊഴിയെടുക്കൽ കേന്ദ്രങ്ങളിലോ ജുഡീഷ്യൽ റിമാൻഡിലോ വെച്ചാണ്. ഇതിൽ പലതും മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുക പോലും ചെയ്തിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മനുഷ്യാവകാശ ലംഘന കുറ്റങ്ങളുടെ എണ്ണം രണ്ടായിരത്തിലധികം വരും എന്നാൽ എന്നാൽ വെറും 344 പോലീസുകാർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്
മുൻപും ഇതുപോലെ ഒന്ന് സാത്താൻ കുളത്തു നടന്നു. ജൂൺ 10ന് 28 വയസ്സുള്ള മഹേന്ദ്രൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും രണ്ടുദിവസം കഴിഞ്ഞ് അവശനിലയിൽ തിരിച്ചെത്തുകയും ചെയ്തു. കൈകാലുകൾ തകർന്ന നിലയിൽ കണ്ടെത്തിയ മഹീന്ദ്രൻ ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. ജയരാജന്റെയും മകന്റെയും മരണത്തിൽ ആരോപണവിധേയനായ എസ് ഐ രാജു തന്നെയാണ് ഇവിടെയും പ്രതിസ്ഥാനത്ത് എന്നതും ഇതോടൊപ്പം ചേർത്തു വായിക്കണം. അതേ സ്റ്റേഷനിലെ സ്ഥിരം പോലീസ് സഹായികളും ഒപ്പം ഉണ്ടായിരുന്നു. മരണത്തിനുശേഷം പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടാൽ ഗുരുതര ഭവിഷ്യത്ത്അനുഭവിക്കേണ്ടി വരുമെന്ന് എസ് ഐ ഭീഷണിപ്പെടുത്തിയതായി മഹീന്ദ്രൻറെ അമ്മ വടിവ് കണ്ണീരോടെ പറഞ്ഞു . പിന്നീട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഒരുഅഭിഭാഷകനെ കേസിൽ സഹായിയായി നിയോഗിച്ചു .
കാരണമെന്ത്?
പോലീസുകാർ ആയതിനാൽ ചെയ്യുന്ന കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യം ആകാം ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള കാരണങ്ങളിലൊന്ന്. അന്വേഷിക്കേണ്ടതും തെളിവ് ഉണ്ടാക്കേണ്ടതും ശിക്ഷ വാങ്ങി നൽകേണ്ടതും സഹപ്രവർത്തകർ ആകുമ്പോൾ എല്ലാം ഇഷ്ടാനുസരണം നടത്തിയെടുക്കാൻ ആകും എന്ന ചിന്ത കാക്കിക്കുള്ളിലെ കുറ്റവാളികളെ നയിക്കുന്നുണ്ടാകാം.
തൊഴിൽപരമായ മികവിന്റെ കുറവ് മറ്റൊരു പ്രധാന പ്രശ്നമാണ്. ക്രമസമാധാനപാലനം ഭീതി പരത്തിനടത്തണം എന്ന ധാരണയാണ് പോലീസ് സേനയിലെ പലർക്കുമുള്ളത്. അധികാരം ഉപയോഗിച്ച് പാവപ്പെട്ടവനെ തകർക്കാനും പ്രതിരോധിക്കാൻ ശേഷിയില്ലാത്ത ബലഹീനനെ കീഴ്പ്പെടുത്താനും ശ്രമിക്കുമ്പോൾ സാത്താൻ കുളം ആവർത്തിക്കപ്പെടുന്നു. താഴെയുള്ള സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ അശോകചക്രധാരികളായ ഏമാന്മാർ വരെ പൊതുജനത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ പ്രക്രിയയുടെ ഭാഗമാണ്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ കാലത്ത് സമാനമായ പൊലീസ് അതിക്രമ റിപ്പോർട്ടുകൾ വന്നിരുന്നു എന്നതാണ് വാസ്തവം. ലോക്ക് ഡൌൺ നിബന്ധനകൾ നടപ്പാക്കാൻ പൊലീസ് അമിത ബലപ്രയോഗം നടത്തുന്ന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളിൽ പോലീസ് ചാർജ് ചെയ്യുന്ന ഒരു സ്ഥിരം വകുപ്പുണ്ട്- 506. ‘ക്രിമിനൽ ഇന്റിമിഡേഷൻ’. ആധി കാരികളെ ഭയപ്പെടുത്തി എന്ന വകുപ്പ് ചേർത്താൽ കസ്റ്റഡിയിലെടുത്തവരെ ജാമ്യം അനുവദിക്കാത്ത റിമാൻഡ് ചെയ്യിക്കാം എന്നതിനാൽ ആണ് ഈ വഴി തേടുന്നത്. പ്രതികളെ ഹാജരാക്കുന്ന സമയത്ത് മജിസ്ട്രേറ്റുമാർ ഈ വകുപ്പ് ഉൾപ്പെടുത്തിയത് ചോദ്യം ചെയ്യാതെ പോലീസിൻറെ ഭാഗം മാത്രം അംഗീകരിച്ചു ഉത്തരവ് നൽകുന്നു. അതായത് പൊലീസും ഒപ്പം നീതിപീഠവും തോളോടുതോൾ ചേർന്നുനിൽക്കുന്ന എന്ന അവസ്ഥയാണ് ആണ് കാണുന്നത്.
ഇന്ത്യയിലെ പൊലീസ് സേനയുടെ നവീകരണം എത്ര അനിവാര്യമാണ് എന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. കുറ്റാന്വേഷണവും ക്രമസമാധാന പരിപാലനവും വളരെ വ്യത്യസ്തമായ ചുമതലകളാണ് എന്നാൽ ഈ രണ്ട് ചുമതലകളും ഒരേ കൂട്ടം ആളുകൾ തന്നെയാണ് നമ്മുടെ നാട്ടിൽ ചെയ്യുന്നത്. ക്രമസമാധാന പരിപാലനം ജനങ്ങളുമായി നേരിട്ട് ഇടപെടേണ്ട ജോലിയാണ് . അത് നന്നായി നിർവഹിക്കണമെങ്കിൽ ജനങ്ങളുടെ ചിന്തയും പ്രതികരണവും ചുറ്റും നടക്കുന്ന കാര്യങ്ങളും നന്നായി മനസ്സിലാക്കണം. വെറും കൈക്കരുത്തും യൂണിഫോം നൽകുന്ന ആത്മ വിശ്വാസവും മാത്രമുപയോഗിച്ച് സമാധാനം നടപ്പാക്കി കളയാം എന്ന് കരുതിയാൽ അത് തികഞ്ഞ അബദ്ധമായി തീരും. ബലപ്രയോഗം ഒരു നിവൃത്തിയും ഇല്ലെങ്കിൽ മാത്രം ആശ്രയിക്കേണ്ട ഒരു മാർഗമാണ്. അതുപോലെതന്നെ ശാസ്ത്രീയമായ രീതികളും കാലിക സംവിധാനങ്ങളും അവലംബിക്കേണ്ട മേഖലയാണ് കുറ്റാന്വേഷണം. ബുദ്ധിമാന്മാരായ കുറ്റവാളികളെ വെറും തിണ്ണമിടുക്ക് കൊണ്ട് മാത്രം കൈകാര്യം ചെയ്യുന്നത് ലോക്കപ്പിൽ ചോരവീഴാനെ വഴിവെക്കൂ. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ തെളിവുകളാണ് മാർഗ്ഗം. അതുകൊണ്ട് തെളിവുകൾ കണ്ടെത്താനുള്ള മാർഗ്ഗമായി അന്വേഷണ ഉദ്യോഗസ്ഥർ പ്രതികളുടെ ശരീരത്തിൽ കൈ വെക്കുന്നു. കുറ്റാന്വേഷണ രീതികൾ പരിഷ്ക്കരിക്കണമെന്ന നിർദ്ദേശങ്ങൾ ഇതുവരെ നടപ്പിലായിട്ടില്ല.
എനിക്ക് ശ്വാസം മുട്ടുന്നു
ശക്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാലിനടിയിൽ പെട്ട് ഞെരിഞ്ഞമരുമ്പോൾ പ്രാണവായുവിനു വേണ്ടി പിടഞ്ഞ ജോർജ് ഫ്ലോയ്ഡ്ഡിന്റെ രോദനം മനുഷ്യമനസ്സാക്ഷിയെ വല്ലാതെ ഉലയ്ക്കുന്ന കരച്ചിലായി ലോകമെമ്പാടും മുഴങ്ങി. ആ ശബ്ദം ഏറെക്കാലം നമ്മെ വേട്ടയാടും എന്നത് ഉറപ്പ്. 2014 ൽ എറിക് ഗാർനർ എന്ന 43കാരനെ അറസ്റ്റ് ചെയ്തപ്പോൾ കമിഴ്ത്തിക്കിടത്തി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അയാൾ നിലവിളിച്ചതായിരുന്നു ‘’I can‘t breath’’ ആറ് വർഷം കഴിഞ്ഞിട്ടും സമാന സംഭവങ്ങൾ ആവർത്തിച്ചുവെന്നത് അമേരിക്കയിലും ഇക്കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായില്ല എന്നതിന് തെളിവാണ്
എന്നാൽ ജോർജ് ഫ്ലോയ്ഡ്ഡിന്റെ മരണാനന്തരം ‘കറുത്ത ജീവനുകൾക്ക് വിലയുണ്ട്’ എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായി പടർന്നു. ആ പ്രതികരണങ്ങൾ രാജ്യവ്യാപകമായ ഒരു മുന്നേറ്റമായി മാറി. പൊലീസ് അതിക്രമങ്ങളെ വളരെ ഗൗരവത്തോടെ കാണാനും വർഗ്ഗ വർണ്ണ വിവേചനത്തെ ശക്തമായി എതിർക്കാനും ഉള്ള പ്രചരണങ്ങൾക്ക് ആ സംഭവം കാരണമായി. കുറെ ഇടങ്ങളിൽ എങ്കിലും കുറ്റകരമായ കലാപത്തിലേക്കും വർഗീയ ലഹള യിലേക്കും വഴുതി പോയി എങ്കിലും പൊലീസ് അതിക്രമങ്ങൾക്കെതിരെ മനുഷ്യമനസ്സാക്ഷിയെ ഉണർത്താൻ ജോർജ് ഫ്ലോയ്ഡന്റെ മരണത്തോടെ ഇടയായി.
കയ്യടിക്കുന്ന ജനക്കൂട്ടം
പൊലീസുകാർ നിയമം കയ്യിലെടുത്ത്കുറ്റാന്വേഷണവും വിചാരണയും ശിക്ഷയും എല്ലാം ഒരുമിച്ച് നടത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഹൈദരാബാദിൽ വനിതാ മൃഗഡോക്ടറെ ബലാൽസംഗം ചെയ്തു കൊന്ന പ്രതികളെ പൊലീസ് ആസൂത്രിതമായിവെടിവെച്ച് കൊന്നപ്പോൾ നടപടിയെ ആഹ്ലാദ ത്തോടെ കൈയ്യടിച്ചു അംഗീകരിച്ച വലിയൊരു പക്ഷം ജനങ്ങൾ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു. ഏതു കൊടിയ പാതകം ചെയ്തവർ ആണെങ്കിലും വിചാരണ ചെയ്യാനും കുറ്റം വിധിക്കാനും അന്വേഷണസംഘത്തിന് അധികാരമില്ല എന്നും അവരെ അതിനു അനുവദിക്കരുതെന്നും ഇനിയെങ്കിലും ഓർമ്മിക്കുന്നത് നല്ലത്. വിചാരണ വൈകി പോകുമെന്നതോ തെളിവുകളുടെ അഭാവത്തിൽ ശിക്ഷ കുറഞ്ഞു പോകും എന്നതോ കുറ്റാന്വേഷണ ഉദ്യോഗസ്ഥർക്ക് ശിക്ഷ നടപ്പാക്കാനുള്ള കാരണമായി പറയുന്നതിന്റെ കുഴപ്പം എന്തെന്ന് സാത്താൻ കുളം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഇനിയും വരാത്ത നിയമം
മർദ്ദനമുറകൾക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ കൺവെൻഷനിൽ 1997 ൽ തന്നെ ഒപ്പിട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലിൽ പങ്കെടുത്തുകൊണ്ട് 2017 ൽ ഇന്ത്യയുടെ അറ്റോണി ജനറൽ ഇങ്ങനെ പറഞ്ഞു: ‘’ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു. അക്രമ രാഹിത്യത്തിലും മനുഷ്യഅന്തസിലും ഞങ്ങൾ വിശ്വസിക്കുന്നു. ക്രൂരത ഒരിക്കലും ഞങ്ങളുടെ സംസ്കാരത്തിൻറെ ഭാഗമല്ല. മൂന്നാം മുറക്ക് രാജ്യത്തിൻറെ ഭരണത്തിൽ ഒരു സ്ഥാനവുമില്ല.’’ കേൾക്കാൻ നല്ല രസമുള്ള വാക്കുകൾ !
എന്നാൽ പോലീസ് അതിക്രമത്തെ തടയാൻ ഒരു നിയമവും രാജ്യത്ത് നിലവിലില്ല എന്നതാണ് വാസ്തവം. അതിനായി പല ബില്ലുകളും കൊണ്ടുവന്നു എങ്കിലും ഇതുവരെ ഫലം കണ്ടില്ല. ഒരു കരട് ബില്ല് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി അയച്ചു എങ്കിലും ഒന്നും നടന്നില്ല. കേന്ദ്രവും സംസ്ഥാനവും ബലപ്രയോഗം ക്രമസമാധാന പാലനത്തിന്റെ അവിഭാജ്യ ഘടകങ്ങളായി കരുതുന്നു എന്നർത്ഥം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ അധികാരത്തിൽ ഇരിക്കുന്നവരുടെ ആജ്ഞാനുവർത്തികളായ മർദ്ദക സംഘമായി പൊലീസിനെ നിലനിർത്താൻ ആഗ്രഹിക്കുന്നു എന്നർത്ഥം. മൂന്നാം മുറക്ക് അധികാരമില്ലാത്ത പോലീസ് ബലഹീനമായ സേനയാണെന്ന് ഭരണാധികാരികൾ കരുതുന്നു.
എന്തിനും ഏതിനും ജാതി വിട്ടൊരു കളിയില്ലാത്ത തമിഴ്നാട്ടിൽ സാത്താൻ കുളം സംഭവത്തിലും ജാതിമത പരിഗണനകളുടെ കാണാച്ചരടുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അത്തരം പരിഗണനകളും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇനിയെങ്കിലും തിരിച്ചറിഞ്ഞ് മനുഷ്യരെ സമഭാവനയോടെ കാണുന്ന കാഴ്ചപ്പാടിലേക്ക് നാട് എത്തട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശിക്കുകയും ചെയ്യാം.