ദൈവത്തിന്‍റെ പേരില്‍ നാമിങ്ങനെ വഴക്കടിക്കണമോ?

അങ്ങനെ കര്‍സേവകര്‍ തച്ചുതകര്‍ത്ത മുസ്ലീം പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകള്‍ നീണ്ടൊരു തര്‍ക്കത്തിനാണ് സുപ്രീം കോടതി വിധി തീര്‍പ്പാക്കിയത്. വിധിയുടെ നൈതികത വിമര്‍ശന വിധേയമെങ്കിലും സ്വതന്ത്ര ഭാരതത്തിന്‍റെ സ്വൈര്യം കെടുത്തിയ തര്‍ക്കത്തിനൊരു ആധികാരിക  മദ്ധ്യസ്ഥത എന്ന നിലയില്‍ രാജ്യം അതിനെ സ്വാഗതം ചെയ്തതുമാണ് . എന്നാല്‍ ഒരു മതത്തിന്‍റെ ആരാധാനാലയം പൊളിച്ച് വേറാരു മതത്തിന്‍റെ ആരാധനാലയമാക്കുന്നതിനെ ഭാരതസംസ്കാരത്തിന്‍റെ ആധുനിക ചിഹ്നമാക്കുന്ന   പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ അര്‍ത്ഥധ്വനിയാണ് അനല്പമായ അസ്വസ്ഥഥത ഉളവാക്കുന്നത്. പ്രത്യേകിച്ചും ഒരു ജനാധിപത്യ രാജ്യത്തിലെ ഭരണാധികാരികള്‍ കക്ഷിവ്യത്യാസമെന്യേ എല്ലാവരുടെയുമാകുന്നില്ലെങ്കില്‍ അത്  ജനാധിപത്യമല്ല, ഭൂരിപക്ഷസ്വേച്ഛാധിപത്യമാണ്. 

ഭാരത മുസ്ലീം സമൂഹം  പൊതുവേ പുലര്‍ത്തിയ സംയമനം ശ്ലാഘനീയമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന അധിനിവേശ കണക്കുകള്‍ നിരത്തി അവകാശാധികാരങ്ങളുടെ തലനാരിഴ കീറുന്നത്  അന്തമില്ലാത്ത തര്‍ക്കങ്ങള്‍ക്കേ ഉതകൂ.  ഏതൊരു തര്‍ക്കവും അനന്തമായി നീളുമ്പോള്‍ കുലീനമായ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നത് സമൂഹത്തിന്‍റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് അനിവാര്യമാണ്. എന്നാല്‍ മഹാമനസ്കതയെ തോല്‍വിയായി ചിത്രീകരിച്ച്  മറുപക്ഷം വിജയാരവം മുഴക്കിയാല്‍ മുറിവുകള്‍ ഉണങ്ങുകയല്ല,  പകയുടെ പുതുനാമ്പുകള്‍ വളരുകയാണ് ചെയ്യുക, അസംതൃപ്തമായൊരു ന്യൂനപക്ഷത്തിലെങ്കിലും. 

ഭാരതത്തിന്‍റെ സംസ്കാരം?

ഭാരതസംസ്കാരമെന്നാല്‍  ഭാരതത്തില്‍ അധിവസിക്കുന്ന ജനതയുടെ ജീവിതത്തിന്‍റെ ആകമാനചിത്രമാണ്. ഹിന്ദുവും മുസ്ലീമും, ബുദ്ധനും സിക്കും, പാര്‍സിയും, ക്രിസ്ത്യനും മാത്രമല്ല മതരഹിതനുമെല്ലാംചേര്‍ന്ന  നാനാത്വങ്ങളുടെ ഒരു സമ്മിശ്രണമാണ് ഭാരതസംസ്കാരം. ഇവിടെ അധിവസിച്ച അനേകമനേകം ജനവിഭാഗങ്ങളുടെയും   അവര്‍ പിന്‍തുടര്‍ന്ന വിഭിന്നങ്ങളായ വിശ്വാസാചാരങ്ങളുടെയും നൂറ്റാണ്ടുകള്‍ നീണ്ട സങ്കലനത്തിന്‍റെയും  ഉല്‍പ്പന്നമാണത്. അവതന്നെയും തികച്ചും ഭാരതീയമെന്ന് പറയാന്‍ കഴിയാത്തവിധം ഏതെങ്കിലും വിധത്തില്‍ വൈദേശിക ബന്ധങ്ങളുള്ളവയുമാണ്. തികച്ചും സ്വദേശീയമെന്നു അവകാശവാദമുന്നയിക്കാന്‍ സങ്കലിതമായ ഈ സംസ്കാര സമ്മിശ്രത്തിനല്ലാതെ ഒന്നിനും അതില്‍ത്തന്നെ കഴിയില്ലെന്നതാണ് വസ്തുത. ദ്രാവിഡനും ആര്യനും മുസ്ലീമും പാര്‍സിയും ക്രസ്ത്യാനിയുമെന്നല്ല ഇന്നത്തെ പാകിസ്ഥാനില്‍ ജനിച്ച ഗുരുനാനാക്കിന്‍റെ അനുയായികളായ സിക്കുകാരനുവരെ വിദേശവേരുകളില്ലാതെ ഭൂതകാലമില്ലെന്നതാണ് വസ്തുത. സ്വദേശീയവും വൈദേശീകവുമായ അനേകമനേകം ഘടകങ്ങളുടെ ഇടകലരലാണ് ഈ സംസ്കാരത്തിന്‍െറ രൂപീകരണത്തിന് നിദാനം.  

സഹസ്രാബ്ദങ്ങള്‍ നീണ്ടു നിന്ന ഈ സംസ്കാരസമന്വയം തികച്ചും സമാധാനപരമായിരുന്നില്ല. കാരണം  ഭാരതത്തിന്‍റെ ഗതകാല ചരിത്രം എക്കാലവും ശാന്തിയുടേയും സമാധാനത്തിന്‍റെതുമായിരുന്നില്ല,  അധീശത്വങ്ങളുടെയും വെട്ടിപ്പിടിക്കലുകളുടേതുമായിരുന്നു.  ആര്യപുരാണങ്ങളിലെ  ഭാരതയുദ്ധം മുതല്‍  ഇന്നെയോളം ഭാരതത്തിന്‍റെ യാത്ര രണഭൂമികളിലൂടെയായിരുന്നു. ബാഹ്യശക്തികളുടെ ആക്രമങ്ങളാല്‍  മാത്രമല്ല മുമ്പേ അധീശത്വമുറപ്പിച്ചവര്‍ തന്നെയും പരസ്പരം പോരടിച്ചും  വളരുകയും തളരുകയും ചെയ്ത് ചെയ്താണ് നാം ഇന്നത്തെ നിലയിലെത്തിയത്.  പരസ്പരം പോരടിച്ചു നിന്ന അറുനൂറിലധികം രാജ്യങ്ങളെ ഒരു രാജ്യമായി കൂട്ടിയിണക്കിയത്  വലിയൊരളവോളം ബ്രിട്ടീഷ് ഭരണമാണെന്നതാണ് വസ്തുത; അതവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായിട്ടാണെങ്കിലും.  അവര്‍ക്കെതിരെ പോരാടാനാണ് അടിസ്ഥാനപരമായ വ്യത്യസ്തതകളെ മറന്ന് നാം ഒറ്റക്കെട്ടായത് എന്നതു് തർക്കമറ്റ കാര്യമാണ്. എന്നുമാത്രമല്ല അനസ്യൂതം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംസ്കാരമെന്നനിലയില്‍ ഒരുപാടു കൊടുക്കൽ  വാങ്ങലുകളിലൂടെയാണ് ഏതൊരു സംസ്കാരവുമെന്നപോലെ ഭാരതവും  മുന്നോട്ട് ചലിക്കുന്നത്.  അതുകൊണ്ട് നാനാത്വങ്ങളെ ഉള്‍ക്കൊള്ളാതെ ഭാരതസംസ്കാരത്തെ നിര്‍വ്വചിക്കാനുള്ള ശ്രമം യാഥാര്‍ത്ഥ്യബോധമില്ലാത്തതും ഏകപക്ഷീയവുമാണ്. 

ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍നിന്ന് ഭാരതത്തെ സ്വതന്ത്രമാക്കിയത്  ഒരു മതേതരമുന്നേറ്റമായിരുന്നു. ജിന്നയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ ഒരു മതരാഷ്ട്രമായി രൂപാന്തരപ്പെട്ടപ്പോഴും ഭാരതത്തെ ഒരു മതേതര ജനാധിപത്യ രാഷ്ടമായി നിലനിര്‍ത്തിയത് രാഷ്ട്രശില്പികള്‍ പൊന്നുപോലെ കാത്ത ഈ  വിശ്വസാഹോദര്യത്വമായിരുന്നു. എന്നാല്‍ മതേരസഹവര്‍ത്തിത്വത്തില്‍ തുന്നിച്ചേര്‍ത്ത ആ ബഹുവര്‍ണ്ണ പതാക മതവര്‍ഗ്ഗീയവാദികള്‍ക്കു പഥ്യമായിരുന്നില്ലെന്നതിന്‍റെ തുടക്കം മാത്രമായിരുന്നു മഹാത്മാവിന്‍റെ  നെഞ്ചു പിളര്‍ന്ന ഗോഡ്സേയുടെ തോക്കിന്‍കുഴല്‍.  ഗോഡ്സേയെ രാജ്യം തൂക്കിലേറ്റി. എന്നാല്‍ സ്വതന്ത്രഭാരതത്തിന്‍റെ ഏഴു പതിറ്റാണ്ടുകളില്‍ മണ്ണിന്റെയും പെണ്ണിന്റെയും , മന്ദിരത്തിന്റെയും മാംസത്തിന്റെയുമെല്ലാം പേരിൽ മതഭ്രാന്ത് കുരുതികൊടുത്ത സ്ത്രീപുരുഷന്മാരുടെ സംഖ്യാക്കണക്കു കാണുമ്പോള്‍  ഗോഡ്സേയുടെ ഭൂതം ബീഭത്സഭാവം പൂണ്ട് ഭാരതമണ്ണില്‍ സ്വൈരവിഹാരം നടുത്തുന്നതാണ് നാം കാണുന്നത്. 

മതേതരത്വവീക്ഷണത്തിന് സുരക്ഷയൊരുക്കുന്ന കുലീനമായൊരു ഭരണഘടന നമുക്കുണ്ടെങ്കിലും വര്‍ഗ്ഗീയധ്രുവീകരണത്തിന്‍റെ  വിഷവേരുകള്‍ ഭാരതസമൂഹത്തില്‍ വേരോടുന്നതിന് ഫലപ്രദമായി തടയിടുവാന്‍ നമുക്കിന്നയോളം  കഴിഞ്ഞില്ലെന്നതാണ് സത്യം.   ഭാരതം ഭരിച്ച മുന്‍സര്‍ക്കാരുകളെല്ലാം ഈ മതേതരദര്‍ശനം തത്വത്തിലെങ്കിലും ഉയര്‍ത്തിപ്പിടിച്ചുവെന്നത് ശരിയാണ്.   വിശ്വാസപരിവര്‍ത്തനത്തിന് നിയന്ത്രണം വെക്കുന്ന  നിയമനിര്‍മാണങ്ങള്‍ പലസംസ്ഥാനങ്ങളിലും നടപ്പില്‍ വന്നെങ്കിലും ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ആ രാഷ്ട്രീയ വിഹായസ്സിന് പൊടുന്നനേ നിറഭേദം വരുന്ന കാഴ്ചയാണ് ഈയിടെയായി നാം കാണുന്നത്. 

തീവ്ര ഇസ്ലാമികത

ആഗോളതലത്തില്‍ വളരുന്ന തീവ്ര ഇസ്ലാമികതയാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ മറനീക്കി പുറത്തുകൊണ്ടുവന്ന ഒരു പ്രധാന പ്രേരകം. ഐഎസ്സം, താലിബാനും, ബൊക്കോ ഹറാമും, ജയ്ഷെയുമെല്ലാമെല്ലാം ചേര്‍ന്ന്  കഴിഞ്ഞദശകങ്ങളില്‍ ലോകത്ത് വിതച്ച വിനാശം  വിവരാണാതീതമാണ്. ആ ഭയാശങ്ക മനസ്സില്‍ നില്‍ക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ റൂട്ട് മാര്‍ച്ചും എന്‍ഡിഎഫിന്‍റെ നിലപാടുകളും എസ്ഡിപിഐയുടെ ഉള്ളിലിരുപ്പുമൊക്കെ മറ്റൊരു മലബാര്‍ കലാപത്തിന്‍റെ നാന്ദിയാകുമോ എന്ന് ഭൂരിപക്ഷ മതവിശ്വാസി കള്‍ ഭയപ്പെട്ടാല്‍ അത് തികച്ചും അസ്ഥാനത്തല്ല. 

മൗലികതക്ക്  ഒരുതരം അക്രമസ്വഭാവം കൈവരുന്നതാണ്  തീവ്രഇസ്ലാമികതയില്‍ പൊതുവേ നാം കാണുന്നത്.  ലോകത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെല്ലാം തന്നെ മറ്റു വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരോട് അസഹിഷ്ണുത പുലര്‍ത്തുന്ന മതരാഷ്ട്രങ്ങളാണ്. അവിടങ്ങളില്‍ ഭൂരിപക്ഷ മതത്തിലെ വിശ്വാസാചാരങ്ങളെ ചോദ്യംചെയ്യുന്നവരുടെ ജീവനുപോലും ഭീഷണി നിലനില്‍ക്കുമ്പോള്‍ അതേ നാണയത്തില്‍ അങ്ങോട്ടും പ്രതികരിക്കാനുള്ള പ്രലോഭനം മറ്റു മതഭൂരിപക്ഷ ദേശങ്ങളിലും സ്വാഭാവികമായും ഉണ്ടാകാം. ഇവിടെ ന്യൂനപക്ഷവിഭാഗങ്ങളോട്   മഹാമനസ്കതക്കായി വാദിക്കുമ്പോള്‍ അവിടെ  അത് നല്‍കുന്നില്ലെന്നത് പകല്‍പോലെ സത്യമാണ്. പഴയ കമ്യുണിസ്റ്റ് ഏകാധിപത്യ രാജ്യങ്ങളെപ്പോലെ ബൈബിള്‍ കൈവശം വെക്കുന്നതുപോലും നിയമലംഘനമായി കണക്കാക്കുന്ന മതരാഷ്ട്രങ്ങളുണ്ട്. പതിനാറ് നൂറ്റാണ്ടുകള്‍ പള്ളിമണിമുഴങ്ങിയ ഇസ്താംബൂളിലെ ന്യൂനപക്ഷ ദേവാലത്തില്‍ ഒരു കോടതി വിധിയുടെ നിഴല്‍പറ്റി വാങ്ക് വിളി ഉയര്‍ന്നപ്പോള്‍ ബാബറിമസ്ജിന്‍റെ ദുര്‍വിധി യോര്‍ത്ത് രോഷം കെള്ളുന്ന ‘മതേതരത്വത്തിന്‍റെ’ നാവുകള്‍ നിശ്ശബദമായത്  യാദൃശ്ഛികമല്ലെന്ന് വേണം കരുതാന്‍. വിമര്‍ശനത്തെ ഇത്രത്തോളം  ഭയപ്പെടുന്ന ഒരു മതചിന്തയെ ഏതു വിധത്തിലും പ്രതിരോധിക്കേണ്ടത്  നിലനില്‍പ്പിന്‍റെ പ്രശ്നമായി മറ്റുള്ളവര്‍ കാണുന്നത് അതുകൊണ്ടുതന്നെ അസ്വാഭാവികമല്ല. 

ക്രിസ്തുദര്‍ശനത്തിന്‍റെ ഭീഷണി

ക്രിസ്തീയ മതപ്രചരണത്തെ സംബന്ധിച്ച ധാരണകളും തെറ്റിദ്ധാരണകളുമാണ് ഭാരതത്തിലെ ഭൂരിപക്ഷവര്‍ഗ്ഗീയ ധ്രുവീകരണത്തിന് മറ്റൊരു കാരണം.  വിശ്വാസപ്രചരണം സഹജീവികളോടുള്ള കര്‍ത്തവ്യമാണ് ക്രിസ്തീയതയില്‍. എന്നാല്‍ കുലീനമായ ഏതൊരു ആശയപ്രചരണത്തിലും നിഷിദ്ധമായ ഭീഷണി, വഞ്ചന, ബ്ലാക്ക് മെ’യ്ലിംഗ്, പീഢനം, പണംകൊടുത്തുവാങ്ങല്‍ മുതലായവയൊന്നും  യഥാര്‍ത്ഥ ക്രിസ്തിയത അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല അത് ദൈവം ശിക്ഷിക്കുന്ന അപരാധവുമാണ്. അതായത് ഒരു ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുവാന്‍ ഏതുതരം പ്രചരണമാര്‍ഗ്ഗങ്ങള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടോ അവ മാത്രമാണ് ദൈവം അംഗീകരിച്ച ക്രിസ്തീയ പ്രചരണ മാഗ്ഗങ്ങള്‍. അതാണ് മതസ്വാതന്ത്യ വ്യവസ്ഥയില്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ളതും. 

സ്വതന്ത്ര ഭാരതത്തിലെ ജനസംഖ്യാ ചരിത്രം നോക്കിയാല്‍ 1951 സെന്‍സസിലെ 2.3%ത്തില്‍നിന്ന് ഒരു പോയന്‍റ്പോലും 2011ലും ക്രിസ്ത്യനികളുടെ ശതമാനം വര്‍ധിച്ചിട്ടില്ലെന്ന് കാണാം. അതായത് പ്രേഷിതദൗത്യം പ്രഖ്യാപിത ലക്ഷ്യമായിരുന്നിട്ടും അത്തരത്തിലൊരു സ്വാധീനവും ക്രിസ്തീയത ഭാരതത്തില്‍  ചെയ്തിട്ടില്ലെന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. എന്നാല്‍ സംഘപരിവാറിനെ ആശങ്കാകുലരാക്കുന്ന ചില വസ്തുതകള്‍ വേറെയുണ്ട്. ശതമാനക്കണക്കില്‍ ഏറ്റവും നിസ്സാരരെങ്കിലും ക്രൈസ്തവ ആശയങ്ങളുടെ പ്രചരണം ഹൈന്ദവ ചിന്താഗതികള്‍ക്കുയര്‍ത്തുന്ന വെല്ലുവിളി അവര്‍ ഗൗരവമായിക്കാണുന്നു. ഹൈന്ദവതയിലെ പല ശ്രേഷ്ഠകല്‍പ്പനകള്‍ക്കും മതബിംബങ്ങള്ക്കും ക്രൈസ്തവദര്‍പ്പണത്തിലുടെ വീക്ഷിച്ചാല്‍ അര്‍ത്ഥഭ്രംശം സംഭവിക്കുന്നതാണ്ക്രൈസ്തവസംസ്‌കാരമുയര്‍ത്തുന്ന മുഖ്യ ഭീഷണി. 

യൂറോപ്യന്‍ പരിചയം സംഭാവന ചെയ്ത ക്രൈസ്തവ സംസ്കൃതിയുടെ സ്വാധീനം ഹൈന്ദവചിന്താഗതിക്ക് വരുത്തിയ അപചയം രാജാറാം മോഹന്‍ റായ്, കേശബ് ചന്ദ്ര സെന്‍, രബീന്ദ്രനാഥ ടാഗോര്‍ മുതലായ ഭാരതീയ ചിന്തകരില്‍ കാണാം.  മതത്തിലെ പല ജനപ്രിയ വിശ്വാസങ്ങളെയും  പുറംതള്ളി അവര്‍  ഒരു ‘എന്‍ലൈറ്റന്‍ഡ് ഹിന്ദുയിസ ‘ മായി രൂപാന്തരപ്പെടുകയായിരുന്നു. ഹൈന്ദവത യുടെ അവിഭാജ്യതകളായിരുന്ന ജാതിവ്യവസ്ഥ, വിഗ്രഹഭക്തി, ആചാരപരത, പ്രകൃതി ആരാധന, സതി, ശിശുവിവാഹം, മൃഗാരാധന തുടങ്ങി അനേകകാര്യങ്ങളെയും അവര്‍ വിമര്‍ശനവിധേയമാക്കുക മാത്രമല്ല അവയില്‍ നിന്നുള്ള മോചനത്തെ സാമുഹ്യപുരോഗതിയുടെ അനിവാര്യതകളായി  അവതരിപ്പിക്കുകയും ചെയ്തു. മഹാഭൂരിപക്ഷം പിന്‍തുടര്‍ന്ന മതത്തെ അതേ പടി  തള്ളിപ്പറഞ്ഞില്ലെങ്കിലും അത്തരം പ്രാചീന ഹൈന്ദവത സാമൂഹ്യ പുരോഗതിയുമായി ഒത്തു പോവുകയില്ല എന്ന ധാരണ അവരെ ഭരിച്ചിരുന്നു എന്നു ചിന്തിക്കണം. യുറോപ്യന്‍ മാതൃകയില്‍ സ്കൂളുകളും കോളേജുകളും ആശുപത്രികളും ഫാക്ടറികളും വ്യാപാരകേന്ദ്രങ്ങളുമൊക്കെയാണ്, അല്ലാതെ മതാരാധനാകേന്ദ്രങ്ങളല്ല, ഒരു ക്ഷേമരാഷ്ട്രത്തിനാവശ്യമെന്ന ചിന്തയാണ്  യുറോപ്യന്‍ ജനജീവിതം പരിചയിച്ച സ്വാതന്ത്ര്യാനന്തര നേതാക്കാള്‍ക്കുമുണ്ടായിരുന്നത്. 

സത്യത്തില്‍ നിസ്സാരമായ ക്രൈസ്തവന്യുനപക്ഷമല്ല ശ്രേഷ്ഠമായ ക്രൈസ്തവാശയങ്ങളാണ് ഹൈന്ദവവത്കരണത്തിന്  യഥാര്‍ത്ഥ ഭീഷണി. ബലഹീനരും അസംഘടിതരുമായ ക്രിസ്ത്യാനികളല്ല അവര്‍ പ്രതിനിധീകരിച്ച സമഗ്രവും കുലീനവുമായ ക്രിസ്തു ദര്‍ശനമാണ് സാംസ്കാരിക പരിവര്‍ത്തനത്തിന്‍റെ ഉത്പ്രേരകം. അതുകൊണ്ടുതന്നെയാണ് ഭാരതസമൂഹത്തെ പ്രാചീനതയിലേക്ക് തിരിച്ചുനടത്താനുള്ള വ്യഗ്രതയില്‍ ക്രൈസ്തവദര്‍ശനത്തിന്‍റെ പ്രണേതാക്കളായ മതന്യൂനപക്ഷം വഴിമുടക്കുന്ന ഒരു ഇടര്‍ച്ചകല്ലായിരിക്കുന്നത്. 

ഭാരതത്തിന്‍റെ ഭാവി 

പൊതുവേ മതേതരത്വത്തോട് ആഭിമുഖ്യം  പുലര്‍ത്തിയിരുന്ന ഭാരത ജനത ആ ചിന്താഗതിയെ രാഷട്രീയ മുഖമുദ്രയാക്കിയിരുന്ന കോണ്‍ഗ്രസിനെ പുറംതള്ളിയതിന് പെട്ടെന്നുള്ള കാരണം ഭരണസാരഥ്യം കയ്യാളിയിരുന്നവര്‍ സഹസ്രകോടികളുടെ അഴിമതികളില്‍ മുങ്ങിക്കുളിച്ചതാണ്. ആ അഴിമതിക്കഥകളെ പലപ്രദമായ തെരഞ്ഞെടുപ്പു തന്ത്രമാക്കാന്‍ മതാധിഷ്ഠിത സംഘടനകള്‍ക്കു കഴിഞ്ഞുവെന്ന് മാത്രമല്ല ഇനിയും കൈവിട്ടുപോകാന്‍ കഴിയാത്തവിധം  കരുനീക്കങ്ങള്‍ നടത്തുവാനും അവര്‍ക്കു കഴിയുന്നു. രാമക്ഷത്രത്തിന്‍റെ ശിലാസ്ഥാപനം രാഷ്ട്രീയ വിജയാഹ്ലാദമാക്കുന്നതിലെ തന്ത്രവും മറ്റൊന്നല്ല. തന്ത്രപൂര്‍വ്വം ഉപയോഗിച്ചാല്‍ മതവികാരംപോലെ രാഷ്ട്രീയ മൂല്ല്യമുള്ള വസ്തു മറ്റൊന്നില്ലെന്നതിന് ലോകമെമ്പാടും തെളിവുകളുണ്ട്. ആദര്‍ശവാദത്തിന്‍റെ ചീട്ടുകോട്ടകളെ വെട്ടിവീഴ്ത്താന്‍  മതചിന്തയുടെ ഒറ്റ തുരുപ്പുചീട്ടുമതിയെന്ന് രാഷ്ട്രീയകളിക്കാര്‍ക്ക് നന്നായറിയാം.  കാരണം സഹജഗുണമായ മതവികാരത്തോട് രാഷ്ട്രീയമായി എതിരിട്ട് ജയിക്കാന്‍ ആര്‍ജ്ജിതഗുണമായ മതേതരത്വത്തിന് എളുപ്പമല്ല. അതു മനസ്സിലാക്കിയാണ് മതേതരവാദികള്‍പോലും മതപ്രീണനത്തിന്‍റെ മിതരൂപങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അവലംബിക്കുന്നത്.  എന്നാല്‍ ഹിന്ദുത്വത്തിന്‍റെ രക്ഷാകര്‍തൃത്വം അവകാശപ്പെടുന്ന ഭൂരിപക്ഷകക്ഷിയോട് ആ തലത്തില്‍  മത്സരിക്കാന്‍ മറ്റാരു തുനിഞ്ഞാലും അത് വ്യാമോഹമാകാനാണ് സാധ്യത. കാരണം മതപ്രീണനത്തിന്‍റെ കയര്‍ ഇതിലും നീട്ടിയെറിയാന്‍ സാമാന്യബുദ്ധിക്ക് വിലകല്‍പ്പിക്കുന്ന ആര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. 

Picture from Reuters

ഭാരതസംസ്കാരത്തിന്‍റെ കുലീനചിഹ്നമായി അയോദ്ധ്യയില്‍ ഒരു സ്മാരകമുണ്ടെങ്കില്‍ അത് രാമക്ഷേത്രത്തിന്‍റെ ശിലാന്യാസമല്ല, മുസ്ലീം സുമനസ്സുകളുടെ മഹാമനസ്കതയാണ്. പള്ളികള്‍പൊളിച്ച് അമ്പലങ്ങള്‍ പണിതയര്‍ത്തുന്നതല്ല, മതസഹിഷ്ണുതയുടെ സാധന പാഠങ്ങളാണ് നാമുയര്‍ത്തിപ്പിടിക്കേണ്ട സനാതനമൂല്ല്യം. അവിടെയാണ് വിശ്വാസം കുലീനമാകുന്നത്, അത്  അയോധ്യയിലായാലും ഇസ്താംബൂളിലായാലും. ആ മനുഷ്യത്വത്തിനു മുമ്പിലാണ് ഭാരതം പോലൊരു സങ്കലിതസംസ്കൃതിയുടെ ഭരണസാരഥ്യം മുഴങ്കാലുകള്‍ മടക്കേണ്ടത്; ആ മാനവികതയുടെ അസ്ഥിവാരങ്ങളിലാണ് ക്ഷേമരാഷ്ട്രങ്ങള്‍ പണിതുയര്‍ത്തേണ്ടത്.

എല്ലാം ദൈവത്തിന്‍റെ പേരില്‍

ദൈവത്തെ നമസ്കരിക്കുന്നതിന്‍റെ പേരിലാണ് ഇവിടെ മനുഷ്യര്‍ വഴക്കടിക്കുന്നതെന്നതാണ് ഏറ്റവും വലിയ വിചിത്രമായ കാര്യം. നീതിയും സ്നേഹവും മഹാമനസ്കതയുമാണ് ദൈവത്തിന്‍റെ ശ്രേഷ്ഠസ്വഭാവങ്ങളെങ്കില്‍ അമ്പലങ്ങളുടെയും പള്ളികളുടെയും പേരില്‍ മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന വിഭ്രാന്തികളില്‍ പ്രസാദിക്കുന്നതാരെന്നതാണ് ഉത്തരം നല്‍കേണ്ട ഒരു ചോദ്യം.  അന്യനെ സ്നേഹിക്കുന്നിടത്തേ  സ്നേഹവാനായ ദൈവം വസിക്കൂ. അപരനോട് നീതിചെയ്യുന്നിടത്തേ നീതിമാനായ ദൈവം മഹത്വപ്പെടൂ. ബൈബിൾ പറയുന്നത് പോലെ “നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു(psalms 89:14)” .അതുകൊണ്ട് സത്യ ദൈവത്തിന്‍റെ പ്രസാദമാണ് ആരാധനക്കാരന്‍റെ ലക്ഷ്യമെങ്കില്‍ ആരാധനാലയങ്ങളുടെ അടിസ്ഥാനങ്ങള്‍ നീതിയും ന്യായവും സാഹോദര്യത്വവുമായിരിക്കണം. അതല്ല മറ്റെന്തെങ്കിലുമാണ് നിഗൂഢലക്ഷ്യങ്ങളെങ്കില്‍ അതിനായി വലിച്ചിഴക്കേണ്ടതാണോ  ദൈവത്തിന്‍റെ മഹത്വനാമം? Oh, How we hate each other for the love of God! എന്ന് ആരോ പറഞ്ഞത് എത്ര ശരിയാണ്

Joseph Panachiyil
Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.

Similar Articles

Comments

  1. ആരും ഒരു കമന്റും എഴുതുന്നില്ല എന്നൊരു കമന്റ് എഴുതാതിരിക്കാൻ വയ്യ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular