ഒരു പ്രത്യേക തരം മനുഷ്യരാണ് മലയാളികൾ. ചിലപ്പോൾ വളരെ ബഹുമാനം തോന്നുന്ന രീതിയിൽ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യും. അധികം താമസിയാതെ തന്നെ മലക്കംമറിഞ്ഞ് വെറുപ്പിക്കുവാനും മലയാളിക്ക് ജാള്യതയില്ല. ചിലപ്പോൾ പ്രബുദ്ധതയുടെ കൊടുമുടി കയറും; അതേ വേഗതയിൽ വിവരക്കേടിന്റെ കുണ്ടിലേക്ക് എടുത്തു ചാടുവാനുളള മെയ് വഴക്കവും നമ്മൾ മലയാളികൾക്ക് സ്വന്തം. മലയാളികളിൽ മാത്രം കണ്ടുവരുന്ന മറ്റൊരു പ്രതിഭാസമാണ് ആഘോഷത്വര. മനുഷ്യനെ കഷ്ടത്തിലാക്കുന്ന പ്രളയമോ മഹാമാരിയോ ആയാലും വേണ്ടില്ല, ലജ്ജാകരമായ പീഡന കഥകൾ ആയാലും വേണ്ടില്ല; എന്തിനേറെ പറയുന്നു, മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരമായ കൊലപാതങ്ങൾ ആയാലും പിന്നെ ആഘോഷമാണ്. ട്രോളുകളുടെ പെരുമഴയായി. എവിടെ എത്തി നിൽക്കുന്നു മലയാളിയുടെ സെൻസും സെൻസിറ്റിവിറ്റിയുമെല്ലാം?
ഈയിടെ കേരളത്തിൽ നടന്ന രണ്ട് സംഭവങ്ങളും അവയോട് മലയാളി സമൂഹം പ്രതികരിച്ച രീതിയുമാണ് ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുന്നത്.
ഇതിൽ ആദ്യത്തെ സംഭവം അഞ്ചലിൽ ഉത്ര എന്ന യുവതിയെ സ്വന്തം ഭർത്താവ് വിഷപാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം. അല്പം എങ്കിലും മനുഷ്യത്വം അകത്തളത്തിൽ അവശേഷിച്ചിട്ടുള്ളവക്ക്, ഒന്നുകിൽ വേദനയോടെയോ അതല്ലെങ്കിൽ ആത്മരോഷത്തോടെയോ മാത്രം പ്രതികരിക്കുവാൻ കഴിയുന്ന പൈശാചിക കൃത്യം. കണ്ണുനീരിലായ കുറെ മനുഷ്യർ ഉറക്കമില്ലാതെ ദിന രാത്രങ്ങൾ തള്ളിനീക്കുകയായിരുന്നു തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ. അതുപോലെ തന്നെ ഈ ക്രൂരകൃത്യത്തിന്റെ പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുവാനും വിയർപ്പൊഴുക്കുന്ന ഒരു പറ്റം ഉദ്യോഗസ്ഥന്മാർ.
എന്നാൽ വേറെ ഒരു കൂട്ടരുണ്ട് കേരളത്തിൽ; ഇക്കൂട്ടരുടെ ഇടം ഗ്യാലറിയിലാണ്. അവർക്ക് ഇതൊക്കെ വെറും മാനസീക ഉല്ലാസത്തിനുളള അവസരങ്ങൾ മാത്രം! കൊല്ലപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരും കരയുന്നവരും എല്ലാം ട്രോളുകൾ ഉണ്ടാക്കുവാനുള്ള ഇരകൾ മാത്രമാണ് ഇവർക്ക് എന്ന് തോന്നിപ്പോകും. ടോളുകൾ ഉണ്ടാക്കുന്നവരുടെ മാത്രമല്ല, ഇതൊക്കെ ഏറ്റെടുത്തും പൊട്ടിച്ചിരിച്ചും ഷെയർ ചെയ്തും ആഘോഷത്തിൽ പങ്കു ചേരുന്ന പതിനായിരം മല്ലു ജന്മങ്ങൾ വേറെയും. ഇതിനെ മാനസീക രോഗം എന്നു വിളിക്കാമായിരിക്കും. ഒരു തരം സാഡിസം! എന്തൊരു തോൽവിയാണ് നമ്മൾ മലയാളികൾ?
രണ്ടാമത്തേത്, മണ്ണാർക്കാട് പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കടിച്ച് ഗർഭിണിയായിരുന്ന ആനയ്ക്ക് ജീവൻ നഷ്ടപ്പെട്ട സംഭവമാണ്. ദിനപത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പടക്കം കടിച്ച “ഗർഭിണിയായ കാട്ടാന അനുഭവിച്ച വേദന” (മനോരമ – 04.06.2020) യെക്കുറിച്ചും ആനയുടെ വയറ്റിൽ വച്ച് മരിക്കേണ്ടി വന്ന കുഞ്ഞിനെക്കുറിച്ചും രോദനങ്ങളും രോഷവും ഉയരുന്നു… രാഷ്ട്രീയ നേതാക്കൾ, ചലചിത്ര താരങ്ങൾ മുതലായവരുടെ നീണ്ട നിര” മുഖം കുനിച്ചു വേദന പങ്കിട്ടു.” കാരണം കൂടുതെ മൃഗങ്ങളെ ഉപദവിക്കുന്നത് തെറ്റു തന്നെയാണ്. അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ വേദന തോന്നുന്നതും നല്ലതു തന്നെ. ടോളുകൾ ഇല്ല… ആഘോഷമില്ല… അതും നല്ലതു തന്നെ. എന്നാൽ മനുഷ്യൻ കൊല്ലപ്പെടുമ്പോൾ ഇല്ലാത്ത പ്രതിഷേധവും രോഷപ്രകടനങ്ങളും കരുതിക്കൂട്ടിയല്ലാത്ത ആനയുടെ മരണത്തിൽ ഉണ്ടാകുന്നതിലെ കപട ധാർമ്മികതയാണ് വിലയിരുത്തപ്പെടേണ്ടത്… ചോദ്യം ചെയ്യപ്പെടേണ്ടത്. ആനയുടെ ഉദരത്തിൽ മരിച്ച കുഞ്ഞിനെ ഓർത്ത് കണ്ണീരൊഴുക്കുന്നവർക്ക്, ഓരോ വർഷവും ഇന്ത്യയിൽ മനപ്പൂർവ്വമായ ഗർഭഛിദ്രത്തിലൂടെ കൊല്ലപ്പെടുന്ന നൂറ്റി അൻപത്താറു ലക്ഷം (ഔദ്യോഗിക കണക്കിൽപ്പെടുനതു മാത്രം) മനുഷ്യ കുഞ്ഞുങ്ങൾക്ക് വേണ്ടി കരയുവാൻ ഒരു തുള്ളി കണ്ണീരില്ല. അണപ്പൊട്ടി ഒഴുകുവാൻ ഒരിറ്റു രോഷവുമില്ല. വിചിത്രം! അല്ല, കുറ്റകരമായ നിശ്ചബ്ദത !
മലയാളി സമൂഹം എവിടെ എത്തി നിൽക്കുന്നു ? നാം വാസ്തവത്തിൽ പുരോഗമിക്കുകയാണോ ജീർണ്ണിക്കുകയാണോ?
മനുഷ്യൻ എല്ലാക്കാലവും നിലനിന്നിട്ടുള്ളത് മനുഷ്യസഹജമായ ചില സൽഗുണങ്ങളുടെ പകരലിലൂടെയാണ്. ദയയും കരുണയും സഹാനുഭൂതിയും സ്നേഹവുമെല്ലാം കൈമോശം വന്ന മനുഷ്യക്കോലങ്ങളായി നാം മാറുമ്പോൾ മനുഷ്യന്റെ തനിമ നഷ്ടമായി എന്നു മനസ്സിലാക്കാം. മനുഷ്യൻ കേവലം ഒരു ജൈവ-രാസ പിണ്ഢമല്ല, “There is something soulish about man.” എന്ന നിരീക്ഷണം നടത്തിയത് പ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ രവി സക്കറിയാസ് ആണ്. ഇതൊക്കെ കാണുമ്പോൾ തോന്നിപ്പോക്കുന്നു, മലയാളിക്ക്… മനുഷ്യന് അവന്റെ ആത്മാവിനെ നഷ്ടപ്പെട്ടിരിക്കുന്നു.
മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ. (സങ്കീർത്തനങ്ങൾ 49:20) എന്ന ബൈബിൾ വാക്യം എത്ര അന്വർത്ഥം!
ഇപ്പോഴെത്തെ സാഹചര്യത്തിൽ വളരെ ശരിയായ പ്രതികരണം..
ആനയുടെ എന്നല്ല ഏത് ജീവിയുടെ ആയാലും ക്രൂരമായി കൊല്ലുന്നതിനെ എതിർക്കേണ്ടത് നമ്മൾ മനുഷ്യർ തന്നെ അല്ലേ? എന്തിനാണ് നിങ്ങള് അതിൽ മനുഷ്യ കുഞ്ഞുങ്ങളുടെ കണക്ക് പറയുന്നത്?
വേറൊരു കാര്യത്തിൽ പ്രതികരിക്കാത്തത് പറഞ്ഞിട്ടാണോ ഇതിനെ ന്യായീകരിക്കേണ്ടത്? നമ്മുടെ ചുറ്റും എത്ര മരണങ്ങൾ നടക്കുന്നു. അതിനൊന്നും കൊടുക്കാത്ത പരിഗണന എന്താണ് ചിലപ്പോൾ നമ്മൾ റേപ് ചെയ്ത് കൊന്ന മനുഷ്യരുടെ കാര്യത്തിൽ കാണിക്കുന്നത്? അത് അങ്ങനെ ആണ് സുഹൃത്തേ. ചില കാര്യങ്ങളിൽ മനുഷ്യന്റെ ഹൃദയം കൂടുതൽ വിഷമിക്കും. അതിനർത്ഥം മറ്റൊന്നിന് വിലയില്ല എന്നല്ല.
നമ്മൾ ഏത് ലോകത്താണ് ജീവിക്കുന്നത് .സമൂഹത്തിലെ എത്ര ഉന്നതപദവി വഹിക്കുന്നവരാണെലും എത്ര വിദ്യസമ്പന്നരാണേലും തിരിച്ചറിവുകളുടെ ലോകത്തേക്ക് വരണം .
എത്ര കർഷകർ ആത്മഹൂതി ചെയ്യുന്നു ,അതൊന്നും കാർഷിക രാജ്യമായ ഇന്ത്യയിൽ റേറ്റിങ്ങുള്ള വാർത്തയല്ല അല്ലേ !
ദിവസം പ്രതി നടക്കുന്ന കാര്യങ്ങൾക്ക് എന്ത് പുതുമ !!
രാഷ്ടിയ പ്രമുഖരും ,പരിസ്ഥിതി പ്രവർത്തകരും ,സിനിമമേഖലയിലുള്ളവരും വ്യവസായികളും ,കയിക താരങ്ങളും ഒക്കെ ഒരുമിച്ച് കൂടി ദു:ഖം പങ്കുവച്ചത്രേ !
എത്ര ലജ്ജാവഹം !
നിങ്ങൾ വരു ഞാൻ കാണിച്ചു തരാം ആയിരങ്ങളെ ,
കാട്ടുമൃഗങ്ങളുടെ ക്രൂരതയിൽ കൃഷി നശിച്ച്, ജീവിതം നശിച്ച കുറെ മനുഷ്യ പേക്കോലക്കളെ !
ഈ ദു:ഖാചരണം ഇന്ന് കൊടിയിറക്കുന്നത്
ഡിന്നറിന്
ചിക്കൻ ടിക്കയും
ബിഫ് വിന്താലുവും
മട്ടൻ ചാപ്സും കഴിച്ചായിരിക്കും
എന്താ ഈ ആടും കോഴിയും ആനയെപ്പോലെയുള്ള ജീവികളല്ലേ !!
വലിച്ചെറിയു പൊയ്മുഖങ്ങളെ
തിരിച്ചറിയു യാഥാർത്യങ്ങളെ
സുഹൃത്തേ, ഞാൻ എഴുതിയത് താങ്കൾ വായിച്ചോ എന്ന് എനിക്ക് സംശയം ഉണ്ട്. മനുഷ്യരുടെ ജീവന് ആനയേക്കാൾ വില എന്ന് ആരാണ് പറഞ്ഞത്? അത് നിങ്ങള് തന്നെ ഉണ്ടാക്കിയ ആരോപണമല്ലേ? ഞാൻ പറഞ്ഞത് ജീവന് ഏതായാലും അതിനെ ക്രൂരമായി കൊല്ലരുത് എന്നല്ലേ? അതിനു ചിക്കെൻ, മട്ടൻ എന്നാണോ താരതമ്യം പറയുന്നത്? മനുഷ്യന് തിന്നാൻ ദൈവം തന്നിരിക്കുന്നത് കൊന്നു തിന്നുന്നത് ആണോ നിങ്ങള് പടക്കം പൊട്ടിച്ച് കൊന്ന ആനയുമായി താരതമ്യം ചെയ്യുന്നത്? കഷ്ടം തന്നെ സഹോദരാ.
ഞാൻ മുൻപ് പറഞ്ഞത് വീണ്ടും ആവർത്തിക്കട്ടെ. മനുഷ്യന് ആയാലും മൃഗം ആയാലും, ചില കാര്യങ്ങളിൽ മനുഷ്യന്റെ മനസ്സ് നോവുന്നത് അധികമായിരിക്കും. റയ്പ് കൊലപാതകം മറ്റു കൊലപാതകത്തെക്കാൾ മനുഷ്യൻ അപലപിക്കുന്നു എന്നുള്ളത് അതിനൊരു തെളിവാണ്.
സുഹൃത്തേ, താങ്കളുടെ പോസ്റ്റ് ഞാൻ വായിച്ചു.
കഴിഞ്ഞ കുറെ വർഷക്കാലം ഈ പ്രദേശത്തെ പാവപെട്ട കൃഷിക്കാർ നേരിടുന്ന കുറെയേറെ പ്രശ്നങ്ങളുണ്ട്, വേനൽകാലത്തുള്ള കാട്ടാനകളുടെ ഇറക്കം, കാട്ടുപന്നി കൂട്ടങ്ങളുടെ കുത്തിനശിപ്പിക്കൽ, മയിലുകളുടെ കതിരുകൊത്തൽ, അങ്ങനെ നീളുന്നു അവ ഇതിനൊക്കെ അപ്പുറം കഴിഞ്ഞ 2 വർഷമായുള്ള പ്രളയം കരടിയുടെ ശല്യം അങ്ങനെ പലതുംകൊണ്ടുള്ള നഷ്ട്ടങ്ങൾ,
ലക്ഷങ്ങൾ ബാങ്കിൽ നിക്ഷേപിച്ചു വെറുതെ ഇരിക്കുമ്പോൾ സമയം കളയാനല്ല ലോകത് ആരും കൃഷി ചെയ്യുന്നത്, അര പട്ടിണിയും മുഴുപട്ടിണിയിലും ഉള്ള കുടുംബം പോറ്റാനാണ്, രാവും പകലും കഷ്ട്ടപെട്ട്, കിട്ടാവുന്ന ബാങ്കുകളിൽനിന്നെല്ലാം ലോണെടുത്ത് ഈ പാവങ്ങൾ കൃഷിചെയ്യുമ്പോൾ അവരുടെ പലനാളിലെ കഷ്ടപ്പാടുകൾ ആനകളും, പന്നികളും, പല വന്യമൃഗങ്ങളും നശിപ്പിക്കുമ്പോൾ അതിൽനിന്നും രക്ഷനേടാൻ അവർ പലപ്പോളും പന്നിപ്പടക്കം വെച്ചും, എർത്ത് വെച്ചും രക്ഷനേടാൻ ശ്രമിക്കാറുണ്ട്, സത്യമാണ്, അതിൽ ഒരു പാവം അന പെട്ടുപോയതും മരണപെട്ടതും അത് ഗർഭിണി ആയിരുന്നതും ദുഖമുള്ള കാര്യം തന്നെയാണ്.,
ഈ കാണിക്കുന്ന മൃഗസ്നേഹം ഫേസ്ബുക് തള്ളൽ മാത്രമാണ്, മൃഗസ്നേഹം മൂത്തവർ ഒന്നോർക്കണം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുമുമ്പ് ഇതേ നാട്ടിൽ ഒരു കാട്ടാന ഒരു സ്ത്രീയെ വീടിനുമുന്നിലിട്ട് കുത്തികൊന്നിട്ടുണ്ട്, കാട്ടാനക്കൂട്ടങ്ങൾ എല്ലാ വേനലുകളിലും വീട്ടുമുട്ടം വരെ വന്നെത്താറുണ്ട് അന്നൊന്നും ഒരാനയും കൊല്ലപ്പെട്ടിട്ടില്ല..,
(ആനപ്രേമികൾക്കു ആനയുടെ ജീവനപോലെ തന്നെ ആ പാവങ്ങൾക്ക് അവരുടെ ജീവനും വിലപ്പെട്ടതാണ്)
ആനപ്രേമികൾ ഒന്നുകൂടി അറിയണം ഈ ആനകളെ തന്നെയാണ് നേർച്ചകൾക്കും, പൂരങ്ങൾക്കും ആഘോഷങ്ങൾക്കും കൊണ്ടുനടന്നും പലയിടങ്ങളിലും ആനകൾ മനുഷ്യരെ ചവിട്ടിക്കൊല്ലുന്നതും.
പിന്നെ ഒരാനയെ ഇത്രത്തോളം ഉപദ്രവിക്കണം, കൊല്ലണം എന്ന ഉദ്ദേശത്തോടെ ചെയ്ത മഹാപാപമല്ല സംഭവിച്ചതും, അറിയാത്ത പറ്റിപോയ ഒരു തെറ്റിന് എത്രത്തോളം തള്ളേണ്ടതില്ല…
മനുഷ്യരെ പച്ചക്കു കൊല്ലുന്ന രാഷ്ട്രീയപാർട്ടികളും, സൂരജുമാരും, ജോളിമാരും, നിറത്തിന്റെ പേരിൽ പരസ്പരം കൊല്ലുന്നവരുള്ള ഈ നാട്ടിൽ കൃഷിയിടത്തെ കാക്കുന്നതിനിടയിൽ സംഭവിച്ച ഈ സംഭവം പാവപെട്ട കൃഷിക്കാരെ ക്രൂശിക്കാനുള്ള അപരാധമല്ല.
“മൃഗങ്ങളോട് അനുകമ്പയും ഇഷ്ടവും തന്നെയാണ് മൃഗങ്ങളോടൊപ്പം അത്രതന്നെമനുഷ്യരോടും”
താങ്കൾ ഇതുവരെ ഞാൻ പറഞ്ഞത് വായിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം ഞാൻ പറയുന്ന കാര്യങ്ങൾ അല്ല താങ്കൾ ഇപ്പോഴും പറയുന്നത്. താങ്കൾ ഇപ്പോഴും കർഷകരുടെ നഷ്ടക്കണക്കും, അനപ്രമികളെ പരാമർശിക്കലും ആണ് ചെയ്യുന്നത്? ആരെയാണ് ആന പ്രേമികൾ എന്ന് നിങ്ങള് വിളിക്കുന്നത്? ഏതു ജീവിയേയും ക്രൂരമായി കൊല്ലുന്നതിനെപറ്റി പറയുന്ന എന്നെയോ?
ദയവുചെയ്ത് ഞാൻ സംസാരിച്ച വിഷയത്തിൽ സംസാരിക്കാൻ ശ്രമിക്കുക. മറ്റു വിഷയങ്ങൾ നമുക്ക് തുടർന്ന് ചർച്ച്ചെയ്യാം.
കർഷകരുടെ നഷ്ടം കണക്കായി എന്ന് ഒരുപക്ഷേ താങ്കൾക്ക് തോന്നാം.
എന്നൽ കേട്ടോളൂ..
ചുമ്മാ സൂപ്പർമാർക്കറ്റിൽ ചെന്ന് ക്യാഷ് കൊടുത്തു വാങ്ങി കഴിക്കാൻ മാത്രം ആണ് കുറെയേറെ പേർക്ക് അറിയാവുന്നത് .. അതിനപ്പുറത് ഇതൊക്കെ ലഭ്യമാക്കുന്ന കർഷകനെ പറ്റിയും അവന്റെ അധ്വാനത്തെ പറ്റിയും ഒന്ന് ആലോചിക്കുന്നത് നന്നാണ് ..അന്നം തരുന്ന കൈകളോട് ഉള്ള നന്ദി ആയിട്ടു വേണം എന്നില്ല , മൃഗങ്ങളോട് കാണിക്കുന്ന പരിഗണനയുടെ പത്തിലൊന്ന് വെച്ച് മാത്രം ..
മഴയും വെയിലും കൊണ്ട് ചോര നീരാക്കി അധ്വാനിച്ചു കഷ്ടപ്പാടും ദുരിതവും മാത്രം ബാക്കി കിട്ടുന്ന ഒരു വിഭാഗം .. കർഷകർ .. എന്നും അവഗണന, പരിഹാസം , പുച്ഛം .. തിന്ന ഭക്ഷണം എല്ലിന്റെ ഇടയിൽ കേറി കഴിഞ്ഞു നാണം ഇല്ലാത്ത ഈ നിലപാടുകൾ social മീഡിയയിൽ വന്നിരുന്ന ഘോരഘോരം എഴുതി തള്ളുമ്പോൾ ഒന്ന് ഓർക്കുന്നത് നല്ലതാണ്
മുഴുവൻ അധ്വാനവും കാട്ടുമൃഗങ്ങൾ നശിപ്പിക്കുമ്പോൾ ഞങ്ങളും ക്ഷമിക്കാറുണ്ടെടോ .. ഒരുപാട് .. എന്നിട് ജീവനും നിലനില്പും ഭീഷണി ആകുന്ന ഒരു അവസ്ഥ വരും .. അന്നാണ് ഈ കടുംകൈകൾ ചെയ്യേണ്ടി വരുന്നത് .. അത് പറഞ്ഞാൽ നിങ്ങൾക്ക് മനസിലാകില്ല .. മനസിലാക്കത്തും ഇല്ല .. നിങ്ങളെക്കാൾ കൂടുതൽ ജീവികളെ സ്നേഹിക്കുകയും വളർത്തുകയും ചെയ്യുന്നവരാണ് കർഷകർ .. ഫേസ്ബുക്കിലും സോഷ്യൽ മീഡിയയിലും അല്ല ..
ഉറക്കം കളഞ്ഞു പറമ്പിനു കാവൽ നിൽക്കും ..പല തവണ ഓടിച്ചു വിടാൻ ശ്രമിക്കും .. അധികാരികളോട് പറയും .. ഗതികേട് കൊണ്ട് ചെയ്യുന്നത പാവങ്ങൾ ഇത് .. അന്നേരത്തേക്കും ചാടി ഇറങ്ങും പ്രതികരിക്കാൻ കുറെ പേർ .. മനുഷ്യനെ തല്ലി കൊന്നാലും, കഴുത്തറുത്താലും മിണ്ടില്ല .. എന്നിട്ട് കർഷകനെ വിമർശിക്കാൻ നടക്കുന്നു .. ഒരു വാഴ എങ്കിലും കുഴിച്ചിട്ടു അതൊന്ന് വളർത്തി നോക്ക് .. ഒന്ന് പഠിക്കാം
പിന്നെ ഗർഭിണികളായ എലികൾ കൊല്ലപ്പെടുന്നു..കോഴികൾ കൊല്ലപ്പെടുന്നു..ആനക്ക് മാത്രം എന്താണ് പ്രത്യേകത..???
ഡിന്നറിന്
ചിക്കൻ ടിക്കയും
ബിഫ് വിന്താലുവും
മട്ടൻ ചാപ്സും കഴിച്ചായിരിക്കും
എന്താ ഈ ആടും കോഴിയും ആനയെപ്പോലെയുള്ള ജീവികളല്ലേ
വിവേകമുള്ള മനുഷ്യനും സഹജാവബോധം മാത്രമുള്ള മൃഗവും.എന്നിട്ടും ഇന്നലെ കണ്ടത് നേരെ മറിച്ചാണ് കേട്ടോ. മരണവെപ്രാളത്തിലും അസഹ്യമായ വേദനയ്ക്കിടയിലും തന്റെ ജീവന് പകരം മറ്റൊരു ജീവനും കണക്കു ചോദിക്കാതെ മരണം വരിച്ച ആ മിണ്ടാപ്രാണിയുടെ “വിവേകവും ” തങ്ങളുടെ ഉന്നമനത്തിനും ലാഭേച്ഛയ്ക്കും വികസനത്തിനുമായി അനധികൃതമായി വനഭൂമികൾ കയ്യേറുകയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയും ചെയ്തതു കാരണം ഭക്ഷണം തേടി നാട്ടിലോട്ടിറങ്ങുന്ന മൃഗങ്ങളെ തുരത്താൻ അനധികൃത മാർഗങ്ങൾ സ്വീകരിച്ച മനുഷ്യന്റെ “സഹജാവബോധവും “. ഇവിടെ കുറ്റം ആരോപിക്കുന്നത് ഒരു മൃഗത്തിന്റെ മരണത്തിൽ ഉടനടി വ്യാപകമായി പ്രതികരിക്കുകയും സഹതപിക്കുകയും ചെയ്തു എന്നതിന്റെ പേരിലോണോ? എന്നാൽ ഒരു പച്ചയായ മനുഷ്യൻ, മനുഷ്യജീവൻ മാത്രമല്ല എല്ലാ ജീവനെയും ബഹുമാനിക്കുന്നവനായതുകൊണ്ട് ആ കണ്ട ദ്യശ്യങ്ങളുടെ പുറത്ത് സഹതാപം കാണിച്ചു പോകും കേട്ടോ. മനുഷ്യരാശിയുടെ വികസനമോഹത്തിന്റെ പുറത്ത് അബദ്ധവശാൽ ഒരു മിണ്ടാപ്രാണിയുടെ ജീവൻ പോയതിൽ ഉള്ള ദു:ഖം വെറും പ്രകടനമോ കപട ധാർമ്മികതയോ അല്ല. മറിച്ച് നമ്മോടു തന്നെയുള്ള അമർഷവും പുച്ഛവും സ്വയം കുറ്റമേറ്റു കൊണ്ടുമുള്ള ദുഃഖമാണ് . കാരണം രവി സക്കറിയാസ് പറഞ്ഞതുപോലെ ” There is something soulish about man.” അല്ലെങ്കിൽ മനുഷ്യൻ മൃഗത്തേക്കാൾ അധമനാണ് എന്ന് പറയേണ്ടി വരും. മനുഷ്യന്റെ “സഹജാവബോധം ” തന്നെയാണ് സ്വന്തം കാര്യസാധ്യവും അതിനുവേണ്ടി ഏതു മാർഗവും സ്വീകരിക്കുക എന്നതും. അതിനു തടസം നിൽക്കുന്നത് എന്തുമാകട്ടെ, അതിപ്പോൾ ഒരു ജീവൻ തന്നെ ആകട്ടെ, മനുഷ്യൻ വഴി കണ്ടിരിക്കും. ഈ മേൽപ്പറഞ്ഞ രണ്ടു സംഭവങ്ങൾക്കും ആധാരം ഇതുതന്നെയാണ്. എന്നാൽ ദൈവീകമായ ഒന്നാണ് സഹജീവികളോടുള്ള കരുണയുo സഹതാപവും ദയയും എന്നുള്ളത്. അതിനെയാണ് മനുഷ്യത്വം എന്ന് പറയുന്നത്. എന്നാൽ ചില ന്യൂനപക്ഷങ്ങൾ, മനുഷ്യരുടെ നേരെ നടക്കുന്ന നീചകൃത്യങ്ങളെ മനുഷ്യത്വരഹിതമായി ആഘോഷമാക്കുന്നു അല്ലെങ്കിൽ പ്രതികരിക്കുന്നില്ല എന്ന സത്യത്തെ ആനയോടു സഹതാപം കാണിച്ചു എന്നതുമായി താരതമ്യപ്പെടുത്തി താങ്കൾ എന്താണ് സ്ഥാപിക്കാൻ ശ്രമിച്ചത്? സുഹൃത്തേ, ഗർഭച്ഛിദ്രം ചെയ്യുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെ “cold blooded murderes” എന്ന് തന്നെ വിശേഷിപ്പിച്ചേ മതിയാകൂ. ഗർഭച്ഛിദ്രം മാത്രമല്ല അതിനേക്കാൾ ക്രൂരമായ എന്ത് ചെയ്തി ഉണ്ടായാലും,അത് മനുഷ്യൻ എന്നല്ല ഏതു ജീവനായാലും, മനുഷ്യത്വം മരവിച്ചിട്ടല്ലാത്ത ഏതു മനുഷ്യനും ദു:ഖിക്കും, സഹതപിക്കും, പ്രതികരിക്കും.കാരണം നമ്മൾ ജീവിക്കുന്നത് നാം തന്നെ നശിപ്പിച്ച ഒരു നല്ല ലോകത്തിലാണ്.
സുഹൃത്തേ, selective reaction or selective response എന്നു പറയുന്നത് ഒരു തെറ്റായ കാര്യമാണ്. ഇന്ന് ഒരു ആന വളരെ ദയനീയമായി കൊല്ലപ്പെട്ടതിനെ കുറിച്ച ഓർത്തു കരയുന്നതും സഹതപിക്കുന്നതും ഒന്നും ഒരു തെറ്റല്ല. മറിച്ച് അത് മനുഷ്യർ എന്ന നിലയിൽ എല്ലാവരും ചെയ്യേണ്ടതായ ഒരു കാര്യമാണ്. എന്നാൽ ഇത് തെറ്റ് ആവുന്ന ഒരു സാഹചര്യം ഉണ്ട്. ഇതിനേക്കാൾ ക്രൂരവും മനുഷ്യത്വ രഹിതവുമായ പലകാര്യങ്ങളും നടക്കുമ്പോൾ അതിനെ കുറിച്ച് സഹതപിക്കുകയോ സങ്കടപെടാതെയോ ഇരിക്കുകയും ഇങ്ങനെ ഒരു ദൗർഭാഗ്യകരമായ സംഭവം നടന്നപ്പോഴേക്കും അതിനെ കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുമ്പോ അത് തെറ്റാണ്. ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ച ഭൂരിഭാഗം പേരുടെയും അവസ്ഥ അതാണ്. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും sports താരങ്ങളും തുടങ്ങി WhatsApp status ഇടുന്ന സാധാരണക്കാരൻ വരെ ആ കൂട്ടത്തിൽ പെടും.
ഒരു സമൂഹം മുഴുവൻ ഇങ്ങനെ selective reaction ചെയ്യുമ്പോൾ സംഭവിക്കുന്ന 2 പ്രധാന പ്രശ്നങ്ങൾ ഉണ്ട്.
ഒന്നാമതായി ഇതിനേക്കാൾ ശ്രദ്ധയും പ്രതികരണവും അർഹിക്കുന്ന മറ്റു പല വിഷയങ്ങൾക്കും ശ്രദ്ധ കിട്ടാതെ പോവും. രണ്ടാമത് ഇത്തരത്തിൽ ശ്രദ്ധിക്കാതെ പോവുന്ന കാര്യങ്ങൾ ഒക്കെ ശെരിയാണ് അഥവാ അതിൽ തെറ്റൊന്നും ഇല്ല എന്നൊരു ചിന്ത ജനങ്ങൾക് ലഭിക്കും. ഇത് രണ്ടും വളരെ dangerous ആയ കാര്യങ്ങൾ ആണ്.
ഇതൊക്കെ ആണ് പെട്ടെന്നുണ്ടായ ഈ ആനപ്രേമത്തിന്റെയും മൃഗസ്നേഹത്തിന്റെയും കർഷകന്റെ നെഞ്ചത്തു കേറലിന്റെയും ഒക്കെ ചില പ്രധാന പ്രശ്നങ്ങൾ. ഇതുകൂടാതെ കർഷകന്റെ കണ്ണീരും വേദനയും പട്ടിണിയും വേറെ.
🥰👏