കൊറോണ വൈറസിന്റെ നീരാളിപ്പിടുത്തത്തില്‍ രാജ്യം ഞെരിഞ്ഞമര്‍ന്നപ്പോള്‍ പലരും വിസ്മരിച്ചുതുടങ്ങിയ ഒരു കദന കഥയുണ്ട്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന നിഷ്ഠൂരമായ കൂട്ടകൊലകളുടെ കഥ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ രാജ്യതലസ്ഥാനത്തിലെ കലാപത്തിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
കൊറോണയുടെ കാര്യത്തില്‍ ഭരണകൂടവും ജനങ്ങളും കാണിക്കുന്ന ജാഗ്രതയും കൈകൊള്ളുന്ന നടപടികളും മാതൃകാപരമാണ്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളുമായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും അതിനോട് പൂര്‍ണ്ണ യോജിപ്പോടെ രാജ്യത്തെ ജനങ്ങളും ഒറ്റകെട്ടായി നില്ക്കുന്നു. മനുഷ്യജീവനുകള്‍ പൊലിയരുത്; ഒരു ജീവനെങ്കില്‍ ഒരു ജീവന്, രക്ഷിക്കാന്‍ കഴിയുന്നത് ചെയ്യണം. അതിനാണ് പൊലിസും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളുമെല്ലാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കൊറോണയുടെ കാര്യത്തില്‍ ഇത്ര ശ്രദ്ധയും സത്വര നടപടികളും ഉണ്ടാകുമ്പോഴാണ് അതിന്റെ അഭാവത്തില്‍ തലസ്ഥാനനഗരിയില്‍ 53 മനുഷ്യജീവനുകള്‍ പൊലിഞ്ഞുവീണത് എന്നോര്‍ക്കണം. രോഗം മൂലമുള്ള മരണങ്ങളല്ല, കിരാതമായ കൊലപാതകങ്ങളായിരുന്ന അവയെന്നും ഓര്‍മ്മിക്കണം. അതും വ്യക്തമായി, മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് ആസൂത്രിതമായി നടത്തിയവ.
എന്തുവിളിക്കും?
ഡല്‍ഹിയില്‍ നടന്നത് ഒരു കലാപമായിരുന്നോ? അതോ വര്‍ഗ്ഗീയ ലഹളയോ?
ചിലര്‍ അതിനെ ആസൂത്രിതമായ കൊലപാതക പരമ്പരയായി കാണുന്നു. എന്തായാലും ഇതുവരെ പരിചയമില്ലാത്ത കാര്യങ്ങളാണ് നടന്നത് എന്നത് വ്യക്തം.
സാധാരണ കലാപങ്ങള്‍ക്ക് മുന്നോടിയായി വഴിമരുന്നിടുന്ന ശക്തമായ പ്രകോപനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ അത്തരത്തില്‍ പെട്ടെന്നൊരു പ്രകോപനം ഉണ്ടായിരുന്നില്ല. 1984 ലെ സിക്ക് വിരുദ്ധ കലാപവുമായി ഇതിനെ താരതമ്യം ചെയ്യുമ്പോഴുള്ള പ്രധാനവ്യത്യാസവും ഒരു തീപ്പൊരിയുടെ അഭാവമാണ്.
2019ലെ പൗരത്വഭേദഗതി നിയമം ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് ന്യൂനപക്ഷങ്ങളില്‍ പ്രത്യേകിച്ചും മുസ്ലീം ജനതയില്‍ പടര്‍ത്തിയ ആശങ്കയും അരക്ഷിതാവസ്ഥയും വളരെ വലുതാണ്. അതിനെതിരായ പ്രതിഷേധം രാജ്യത്തെങ്ങും അലയടിച്ചു. ‘വാസാധിഷ്ഠിത (jus solis )മായിരുന്നു ഭാരതത്തിന്റെ പൗരത്വനയം. ഈ രാജ്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ വസിക്കുന്ന ആളുകള്‍ക്ക് പൗരത്വാവകാശം നല്കാന് ഭരണഘടന വിഭാവനം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന രൂപീകരിക്കാന്‍ ഭരണഘടന രൂപീകരിക്കാന്‍ ചേര്‍ന്ന കോണ്‍സ്റ്റിസ്റ്റ്യൂവന്റ് അസംബ്ലിയില്‍ സുദീര്‍ഘമായി ചര്‍ച്ച ചെയ്താണ് പൌരത്വവും പൗരാവകാശങ്ങളും സംബന്ധിച്ചുള്ള ആര്‍ട്ടിക്കിളുകള്‍ ( 5,21,25) തയ്യാറാക്കിയത്. മതാതിഷ്ഠിതമായ ഒരു പൗരത്വനയം അന്ന് ചില അംഗങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയുടെ മണ്ണില്‍ ജനിച്ചുജീവിക്കുന്ന ഏവര്‍ക്കും പൌരത്വം എന്ന തീരുമാനം ഭരണഘടനാ ശില്പികള് സ്വീകരിച്ചു. ഭരണഘടനയുടെ ആ തത്വങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പാക്കിയ പൗരത്വനിയമത്തിനാണ് 2019 ഡിസംബറില്‍ ഭേദഗതി വരുത്തിയത് (CAA).
ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായി. രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം പ്രകടനങ്ങള്‍ നടന്നു. എന്നാല്‍ ആ പ്രതിഷേധങ്ങളുടെ കൂട്ടത്തില്‍ വേറിട്ടമുഖമായിരുന്ന ഷഹീന്‍ബാഗില്‍ കണ്ടത്. അവിടെ പ്രതിഷേധക്കാര്‍, മുഖ്യമായും സ്ത്രീകള്‍, ഒരു പ്രധാന
റോഡ് തടഞ്ഞ് ആഴ്ചകളോളം പ്രതിഷേധിച്ചു. ഗതാഗതം മറ്റുവഴികളിലൂടെ തിരിച്ചുവിടേണ്ടിവന്നുവെങ്കിലും മറ്റുനിലയില്‍ സമാധാനപരമായിരുന്ന ആ സമരം. ഷഹിന്‍ബാഗ് ഒരു വലിയ പ്രതീകമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ‘ഷബീന്ബാഗ്’ കള്‍ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ഉയര്‍ന്നു വന്നു. പൗരത്വനിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ പ്രത്യാഘാതങ്ങളും ഗുണദോഷങ്ങളും വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. CAA വിരുദ്ധ സമരത്തിന് പിന്തുണയേറിവരുന്നത് ഭരണകൂടത്തെ ചൊടിപ്പിച്ചു. ഷഹിന്‍ബാഗ് ഭരണകക്ഷിയുടെ കണ്ണിലെ കരടായി മാറി.
പക്ഷേ ഷഹിന്ബാഗിനെതിരായ പ്രതികരണമാണ് ഡല്‍ഹികലാപം എന്ന് പറഞ്ഞ് ലളിതവല്‍ക്കരിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ആക്രമണം നടത്തുവാന്‍ എല്ലാ തയ്യാറെടുപ്പുകളോടും കൂടെ ഒരു കൂട്ടം സംഘടിച്ചെത്തുകയായിരുന്നു. അക്രമത്തിന് പ്രേരണയേകിയ വിദ്വേഷ പ്രസംഗങ്ങളുണ്ടായിരുന്നു. എന്തായാലും ഒരു കാര്യം വ്യക്തമാണ്. രാജ്യത്ത് നാളുകളായി നടന്നുകൊണ്ടിരിക്കുന്ന വര്ഗ്ഗീയധ്രുവികരണത്തിന്റെയും രാഷ്ട്രീയ പ്രചരണത്തിന്റെയും ഫലമായി ഉല്പാദിതമായ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ബഹിര്‍സ്പുരണമാണ് ഡല്‍ഹി കണ്ട കലാപം. വേര്‍തിരിവിന്റെയും ശത്രുതയുടെയും വിത്തുകള്‍ മനുഷ്യമനസ്സുകളില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞു. തങ്ങളുടെ ലോകവീക്ഷണത്തോട് വിയോജിക്കുന്നവര്‍ ശത്രുക്കളാണെന്നും രാജ്യദ്രോഹികളാണെന്നും അവര്‍ ദയയര്‍ഹിക്കുന്നില്ലെന്നും ചിന്തിക്കുന്ന ഒരു മനസ്സ് വലിയൊരു പക്ഷം മനുഷ്യരില്‍ നിര്‍മ്മിച്ചെടുക്കാന്‍ ആ സമീപനത്തിന്റെ പ്രചാരകര്‍ക്ക് കഴിഞ്ഞിരിക്കുന്നു. മുമ്പ് ഒരു ന്യൂനപക്ഷമാണ് ഇത്രയും തീവ്രനിലപാടുകള്‍ കൊക്കൊണ്ടിരുന്നതെങ്കില് ഇപ്പോള്‍ അത് സാമാന്യം വ്യാപകമായിരിക്കുന്നു. ദീര്‍ഘകാലം ആവര്‍ത്തിച്ചുള്ള മസ്തിഷ്ക പ്രക്ഷാളനത്തിലൂടെയും പ്രചരണ തന്ത്രങ്ങളിലൂടെയും ഇത്തരം ലക്ഷ്യപ്രാപ്തിക്ക് ഇറങ്ങിപുറപ്പെടുന്ന ഒരു ജനതയെ പരുവപ്പെടുത്തിയെടുക്കാന് അതിന്റെ പിണിയാളുകള്‍ വിജയിച്ചിരിക്കുന്നു. ആള്‍നാശവും നഷ്ടങ്ങളും മതഭേദം കൂടാതെ ഇരുപക്ഷത്തുമുണ്ടായി; എങ്കിലും ഒരു മുസ്ലീം വിരുദ്ധവികാരം ഈ സംഭവങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ആര്‍ക്കും വ്യക്തമാണ്. സമുദായങ്ങള്‍ തമ്മില്‍ ശത്രുതയും വെറുപ്പും പകയും വളര്‍ത്തിയെടുക്കാനും അതിലൂടെ മുതലെടുപ്പ് നടത്താനും ശ്രമിച്ചതിന്റെ പ്രകടമായ ദൃഷ്ടാന്തമാണ് ഡല്‍ഹി സംഭവങ്ങള്‍.
ഒരു തെരുവിനിരുവശവും വര്‍ഷങ്ങളോളം കഴിഞ്ഞവര്‍. സാധാരണ തൊഴിലുകളും വ്യാപാരവും ചെയ്ത് ഉപജീവിച്ചവര്. പരസ്പരബന്ധമുള്ള ജീവിതം നയിച്ചവര്‍ – ഇവര്‍ ഒരു ദിവസംകൊണ്ട് ബദ്ധശത്രുക്കളെപ്പോലെ പോരടിക്കുമോ? ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള പ്രചരണങ്ങള്‍ ചിന്തകളെ എങ്ങനെ പരുവപ്പെടുത്തുന്നു എന്നതിന് തെളിവായി ഈ സംഭവത്തെ കാണാം. മക്കളും കൊച്ചുമക്കളുമുള്‍പ്പെടെ 15 പേരുമായി കലാപബാധിതമായ തെരുവുകളിലൊന്നില്‍ താമസിച്ചിരുന്ന അനുഷ എന്ന ഒരു സ്ത്രീ തന്റെ വീട് ആക്രമിക്കാന്‍ വന്ന അക്രമികളെകുറിച്ച് പറഞ്ഞതിങ്ങനെയാണ്: “ആയുധങ്ങളുമായി ആക്രോശിച്ചുകൊണ്ട് അവര്‍ എന്റെ വീടിനെ സമീപിക്കുന്നത് ഞാന്‍ കണ്ടു. അക്കൂട്ടത്തില്‍ എന്റെ അയല്പക്കത്തുള്ള ചെറുപ്പക്കാരുമുണ്ടായിരുന്നു . എന്റെ കണ്ണിന് മുമ്പില്‍ വളര്‍ന്ന യുവാക്കള്‍. പക്ഷേ അവര്‍ കണ്ട ഭാവം നടിച്ചതേയില്ല”.
നിഷ്ക്രിയമായ സംവിധാനങ്ങള്‍
ഡല്‍ഹിയിലെ തെരുവുകള്‍ കത്തിയെരിയുമ്പോള്‍ നിയന്ത്രണസംവിധാനങ്ങള്‍ പുലര്‍ത്തിയ കുറ്റകരമായ നിഷ്ക്രിയത്വം ഭയപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ പരമാധികാരിയായ രാഷ്ട്രപതിയുടെ ഭവനം നില്ക്കുന്ന റെയ്സിന കുന്നിനും കേന്ദ്രസെക്രട്ടറിയേറ്റുകള് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍ക്കും, സൈന്യവും സായുധ
സേനകളും ആയുധബലം കാട്ടി രാജ്യത്തെ സംരക്ഷിക്കാന്‍ പ്രാപ്തി വിളിച്ചോതുന്ന രാജ്പഥിനും പത്തുകിലോമീറ്റര്‍ ചുറ്റളവിലാണ് തെരുവുകള്‍ വെന്തുനീറിയത്. പൊലിസ് നിസ്സഹായരായിരുന്നോ? അവന് പിന്‍വലിയുക ആയിരുന്നോ? ചോദ്യങ്ങള്‍ നിരവധിയാണ്. പൊലിസ് തങ്ങളുടെ അധികാരപരിധിയല്ല എന്ന ന്യായം പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി വല്ലാതെ നിസ്സഹായനായപ്പോള്‍ ഡല്‍ഹിയിലെ ജനം സഹായത്തിനായി കേഴുകയായിരുന്നു. കേന്ദ്രമാകട്ടെ പതിവ് ന്യായങ്ങള്‍ നിരത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചു.
സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപന്മാരായ ജെ. കുര്യന് ജോസഫ്, ജ. എ കെ പട്നായിക് എന്നിവ കലാപബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം നടത്തിയ പ്രസ്താവന നിഷ്ക്രിയതയുടെ നേര്‍ചിത്രം വരച്ചുകാണിക്കുന്നു. ” ഭരണകൂടം ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. സ്ഥാവര ജംഗമ വസ്തുക്കളുടെ നഷ്ടം ഒരു പരിധിവരെയെങ്കിലും പകരം നല്‍കാനാകും, പക്ഷേ നഷ്ടപ്പെട്ട ജീവനുകള്‍ ആര്‍ക്കു തിരികെ നല്കാനാനാകും? എന്തായാലും ഇനി കലാപകാരികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും അതിജീവിച്ചവര്‍ക്ക് അന്തസ്സോടെ ജീവിക്കാനും വേണ്ടത് ചെയ്യണം”.
പൊലിസ് ഇരകളെ അവഗണിച്ചുവെന്ന് മാത്രമല്ല പലപ്പോഴും വേട്ടക്കാരെ സഹായിക്കുകയും ചിലപ്പോള്‍ വേട്ടക്കാരാവുകയും ചെയ്തു എന്നാണ് മാധ്യമങ്ങള്‍ കാണിച്ചു തന്നത്. പരുക്കേറ്റ ചില യുവാക്കളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ദേശഭക്തിഗാനം പാടിപ്പിച്ച് രാജ്യസ്നേഹം തെളിയിക്കുകയും ചെയ്തു പൊലിസ്.
പൊലിസ് മാത്രമല്ല ഇരകളെ അവഗണിച്ചതെന്ന് പിന്നീട് രാജ്യം കണ്ടു. നിയമ വാഴ്ച ഉറപ്പാക്കാന്‍ ചുമതലപ്പെട്ട കൊടതികള്പോലും അവരെ കൈ യൊഴിഞ്ഞുവോ എന്നു തോന്നി പോയാല്‍ അത്ഭുതമില്ല. കലാപകാരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് വിദ്വേഷവും വെറുപ്പും പ്രസംഗിച്ചവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്നയാവശ്യം പോലും അവഗണിക്കപ്പെട്ടു. പിന്നീട് ഹൈക്കോടതിയില്‍ സമാന ആവശ്യമെത്തിയപ്പോള് നീതിബോധം നഷ്ടപ്പെടാത്ത ഒരു ന്യായാധിപന് ഉടന്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്കി. എന്നാല്‍ ഡ്യൂട്ടി കൈമാറ്റം ചെയ്യാന്‍ സാധാരണ നല്കുന്ന 15 ദിവസക്കാലം പോലും അനുവദിക്കാതെ ആ ജഡ്ജിയെ അതേ രാത്രിയില്‍ പഞ്ചാബിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ അധികാരത്തിന്റെ സംരക്ഷണം ആര്‍ക്കാണ് എന്ന് വ്യക്തമാവുകയായിരുന്നു. പിറ്റേദിവസം ഇക്കാര്യം പരിഗണിച്ച മറ്റൊരു ബെഞ്ച് മറുപടി സമര്‍പ്പിക്കാന്‍ നീണ്ട നാലാഴ്ചകള്‍ സര്‍ക്കാരിന് നല്‍കുകയും ചെയ്തതോടെ ചിത്രം കുറേക്കൂടി വ്യക്തമായി.
മുന്‍ ദേശീയ സുരക്ഷാഉപദേഷ്ടാവ് എം കെ നാരായണന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നിര്‍ത്തട്ടെ: ” ഡല്‍ഹി ലഹള ആണവ യുദ്ധത്തിന്റെ ഗണത്തില്‍പ്പെട്ട കാര്യമൊന്നുമല്ല. അതായിരുന്നുവെങ്കില്‍ ഇന്റലിജന്‍സ് പരാജയമെന്ന് പറയാമായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ഒരു സംഘര്‍ഷം രൂപപ്പെടുന്നത് പകല്‍പോലെ വ്യക്തമായിരുന്നു. വെറും സാധാരണ പൊലിസ് ജാഗ്രത മാത്രം മതിയായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനകരമായ ആ സംഭവം നിയന്ത്രിക്കാന്‍. ഡല്‍ഹിയുടെ നാണക്കേട് ഇന്ത്യയുടെ നാണക്കേടാണ്’.