ചില നാളുകളായി ലോകത്തിന്‍റെ തന്നെ മുഴുവന്‍ ശ്രദ്ധയും അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലായിരുന്നു. ലോകത്തിലെ 195 രാജ്യങ്ങളില്‍ ഒന്നു മാത്രമെങ്കിലും അമേരിക്കിയില്‍ ആരു ഭരിക്കുന്നു എന്നത് ലോകത്തിന്‍റെ മുഴുവന്‍ വിഷയമായിരിക്കുന്നതിന്‍റെ ഒരു കാരണം ആഗോള സാമ്പത്തിക രാഷ്ട്രീയ മണ്ഡലത്തില്‍ അമേരിക്കയുടെ , മാറ്റിനിര്‍ത്താന്‍ കഴിയാത്ത സ്വാധീനമാണ്. ഐക്യരാഷ്ട്ര സംഘടന, ലോകാരോഗ്യസംഘടന, തുടങ്ങി എല്ലാ അന്താരാഷ്ട്ര സംഘടനകളിലും പണംകൊണ്ടും ശക്തികൊണ്ടും അമേരിക്കക്കുള്ള സ്ഥാനം മറ്റാര്‍ക്കുമില്ലെന്നു മാത്രമല്ല ലോകസാമ്പത്തികരംഗത്തും തൊഴില്‍ രംഗത്തുമെല്ലാം അവര്‍ എടുക്കുന്ന നിലപാടുകൾ മറ്റു രാജ്യങ്ങളുടെ സാമ്പത്തിക തൊഴില്‍ രംഗങ്ങളിലും ചലനങ്ങള്‍ സൃഷ്ടിക്കും. അതുപോലെ ലോകത്തിലെ ശാക്തിക സമതുലനവും വലിയൊരളവോളം അമേരിക്കന്‍ നിലപാടുകളെ ആശ്രയിച്ചിരിക്കുന്നു.
എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൂടുതല്‍ ഉദ്വേഗജനകമാക്കിയത് അത് ഉയര്‍ത്തുന്ന വിശ്വാസ, ധാര്‍മ്മിക വിവക്ഷകളാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മിലുള്ള അന്തരം മറ്റേതുവിഷയങ്ങളിലും അളവില്‍ മാത്രമാണെന്ന് പറയാം. ഉദാഹരണമായി ആരാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്, അല്ലെങ്കില്‍ ആരുടെ വിദേശനയമാണ് കൂടുതല്‍ നല്ലത് എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ആരാണ് കൂടുതല്‍ നല്ലത് എന്നതാണ് അമേരിക്കന്‍ ജനത വിലയിരുത്തുന്നത്. എന്നാല്‍ ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ്ഗരതി, വിശ്വാസസ്വാതന്ത്ര്യം മുതലായ ഗൗരവമായ ചില ധാര്‍മ്മിക വിഷയങ്ങളില്‍ അനിതരസാധാരണമായ ഒരു ധ്രുവീകരണമാണ് രണ്ടു രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്രീകരിച്ച് രൂപപ്പെട്ടിരിക്കുന്നത്. ക്രിസ്തീയത എന്നും ഉയര്‍ത്തിപ്പിടിച്ച യാഥാസ്ഥിതിക ധാര്‍മ്മികമൂല്ല്യങ്ങളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്തുണക്കുമ്പോള്‍, അതിന് വിരുദ്ധമായി വളരെ ലിബറലായ ഒരു വീക്ഷണമാണ് ഈ വിഷയങ്ങളില്‍ ഡെമോക്രാറ്റുകളുടേത്. ഒരു വിശ്വാസിയുടെ കാഴ്ചയില്‍ നവംബര്‍ 3ന് അമേരിക്ക വോട്ടിനിട്ടത് മനുഷ്യജീവന്‍റെ വിലയും, സ്ത്രീപുരുഷ ലൈംഗികതയുടെ പാവനതയും വിശ്വാസസ്വാതന്ത്ര്യവുമാണ് എന്ന് ഒരര്‍ത്ഥത്തില്‍ പറയാം.
യൂറോപ്പ് പൊതുവേ ക്രിസ്തീയതയെ തള്ളിക്കളഞ്ഞപ്പോഴും അമേരിക്കയില്‍ ശക്തമായൊരു ഇവാഞ്ചലിക്കല്‍ ക്രിസ്തീയ സ്വാധീനമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ സ്വവര്‍ഗ്ഗവിവാഹമോ, ഗര്‍ഭച്ഛിദ്രമോ, വിശ്വാസസ്വാതന്ത്ര്യമോ യൂറോപ്പിന് വിഷയമല്ലാതിരിക്കുമ്പോഴും അമേരിക്കക്ക് അത് തെരഞ്ഞെടുപ്പ് അജണ്ട തന്നെയാണ്. പ്രശസ്ത വേദശാസ്ത്രികളായ വെയ്ന്‍ ഗ്രൂഡെം, ജോണ്‍ മക്ആര്‍തര്‍ തുടങ്ങി അനേക ഇവാഞ്ചലിക്കല്‍ നേതാക്കളും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിനെ പരസ്യമായി പിന്താങ്ങിയവരാണ്. ദൈവവചനം വിശ്വസിക്കുന്ന ഒരു വ്യക്തിക്കും ജോ ബൈഡന് വോട്ടുചെയ്യാന്‍ കഴിയില്ല എന്നാണ് പിന്തുണ അഭ്യര്‍ത്ഥിച്ച ട്രംപിന് മക്ആര്‍തര്‍ നല്‍കിയ ഉറപ്പ്. ‘ട്രംപ് എന്ന ഒരു വ്യക്തിയേക്കാള്‍ തെരഞ്ഞെടുപ്പിന്‍റെ വിഷയമാകേണ്ടത് പാര്‍ട്ടികളുടെ നയങ്ങളാണ് ‘എന്ന് ഡൊണാള്‍ഡ് ട്രംപിന്‍റെ സ്വഭാവശുദ്ധിയെ സംബന്ധിച്ച ചോദ്യത്തിന് വെയ്ന്‍ ഗ്രൂഡെം നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. കുലീനനയങ്ങളും സ്വഭാവശുദ്ധിയും ഒരുമിച്ച് ചേരുന്നതാണ് ഏതൊരു നേതൃത്വത്തെയും അഭികാമ്യമാക്കുന്നതെന്നത് സത്യമാണെങ്കിലും പാര്‍ട്ടിനേതാക്കളുടെ സ്വഭാവശുദ്ധിയെക്കാള്‍ അവര്‍ പിന്തുടരുന്ന ആശയങ്ങളാണ് രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന സുപ്രധാനഘടകം. ഡോണാള്‍ഡ് ട്രംപിന്‍റെ സ്വഭാവപശ്ചാത്തലവും പെരുമാറ്റരീതികളുംകൂടി കുലീനമായിരുന്നെങ്കില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍റെ ഗതി ഒരുപക്ഷേ വ്യത്യസ്തമാകുമായിരുന്നു എന്ന് അദ്ദേഹത്തെ രണ്ടാം വട്ടവും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാക്കേണ്ടിവന്ന റിപ്പബ്ലിക്കന്‍മാര്‍പോലും ന്യായമായും ചിന്തിക്കുമെന്നുറപ്പാണ്.
രാഷ്ട്രീയവും വിശ്വാസികളും
ഒരു ബഹുസ്വര സമൂഹത്തില്‍ രാഷ്ട്രീയാധികാരം കയ്യാളുന്നത് പൊതുവേ ക്രിസ്തു ശിഷ്യന്മാര്‍ക്ക് എളുപ്പമല്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വോട്ടുചെയ്യുക എന്ന ദൗത്യത്തിനപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതാണ് വിശ്വാസികള്‍ക്ക് കരണീയമെന്ന ചിന്താഗതി പൊതുവേ ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ പുലര്‍ത്തുന്നത്. എന്നാല്‍ ആ നയത്തില്‍നിന്നുള്ള വ്യതിചലനത്തിന്‍റെ പ്രധാനകാരണം രാഷ്ട്രീയം അതിന്‍റെ പരിധികള്‍ ലംഘിച്ച് ധാര്‍മ്മികതയെ പുനക്രമീകരിക്കാന്‍ ഒരുമ്പെടുന്നതാണ്. ഉദാഹരണമായി വിവാഹത്തെയും കുടുംബബന്ധങ്ങളെയും സംരക്ഷിക്കേണ്ട ഗവര്‍മെണ്ട് വിവാഹത്തെ സംബന്ധിച്ച സാര്‍വ്വലൗകിക നിര്‍വ്വചനത്തെത്തന്നെ മാറ്റിമറക്കാന്‍ ഒരുങ്ങുന്നതും, മനുഷ്യജീവനെ സംരക്ഷിക്കുന്നതിനു പകരം ഗര്‍ഭസ്ഥശിശു ജീവിക്കാന്‍ അവകാശമുള്ള മനുഷ്യനല്ല എന്നനിലപാടെടുക്കുന്നതുമെല്ലാം കാണുമ്പോള്‍ അതിനെതിരെ ശബ്ദിക്കാതിരിക്കുന്നത് ക്രൈസ്തവധര്‍മ്മത്തില്‍നിന്നുതന്നെയുളള വ്യതിചലനമാണ്. 18-ാം നൂറ്റാണ്ടിലെ രാഷ്ട്രീയചിന്തകന്‍ എഡ്മണ്ട് ബര്‍ക്ക് പറഞ്ഞു: “നല്ല മനുഷ്യര്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് തിന്മക്ക് ജയിക്കാന്‍ വേണ്ട ഏക കാര്യം “. മനുഷ്യനെ മനുഷ്യനാക്കുന്ന അടിസ്ഥാന മൂല്ല്യങ്ങളെ തകിടം മറിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുടെ നേരേ നിസ്സംഗത പുലര്‍ത്തുവാന്‍ ലോകത്തിന്‍റെ വെളിച്ചമാകാന്‍ നിയോഗിക്കപ്പെട്ട മനുഷ്യന് അനുവാദമില്ല. അത് വെറും രാഷ്ട്രീയമല്ല, ധാര്‍മ്മികതയെ പൊളിച്ചെഴുതാനുള്ള രാഷ്ട്രീയനീക്കത്തിനെതിരെയുള്ള ക്രൈസ്തവ മനസ്സാക്ഷിയുടെ പ്രതികരണമാണ്.
അമേരിക്കന്‍ ക്രൈസ്തവരെ പരസ്യമായ രാഷ്ട്രീയനിലപാടുകളെടുക്കാന്‍ നിര്‍ബന്ധിച്ച മറ്റൊരു വസ്തുത വിശ്വാസ സ്വാതന്ത്ര്യമാണ്. എന്തും വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നു ലോകം ചിന്തിക്കുന്ന അമേരിക്കപോലൊരു രാജ്യത്ത് വിശ്വാസസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നുവെന്നത് ചിലപ്പോള്‍ വിരോധാഭാസമായി തോന്നാം. എന്നാല്‍ ക്രിസ്തീയ വിശ്വാസത്തിനനുസൃതമായി ജീവിക്കാന്‍ സാധ്യമല്ലാത്തവിധം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകുന്ന സ്ഥിതിവിശേഷമാണ് ലിബറല്‍ രാഷ്ട്രീയ മേധാവിത്വത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഉദാഹരണമായി ഉദരത്തില്‍ വളരുന്ന മനുഷ്യശിശുവിനെ കൊന്നുകളയാന്‍ ഏതുകാരണത്താലും ഒരു അമ്മ ആവശ്യപ്പെട്ടാല്‍ അതിന് വിസമ്മതിക്കാന്‍ ഒരു ഡോക്ടര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നുവരും. അതുപോലെ വിവാഹം കഴിപ്പിക്കണമെന്ന് രണ്ടു പുരുഷന്മാര്‍ ആവശ്യപ്പെട്ടാല്‍ അതിന് വിസമ്മതിക്കുന്ന മതശുശ്രൂഷകനോ, ദൈവമാണ് ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ് എന്ന് പറയുന്ന അദ്ധ്യാപകനോ നിയമത്തിനു മുമ്പില്‍ കുറ്റക്കാരാകും. അതായത് ആസ്തിക നാസ്തിക ഭേദമില്ലാതെ എല്ലാവരോടും ഒരേ സമീപനം സ്വീകരിക്കണമെന്ന് നിഷ്കര്‍ഷിച്ച പാശ്ചാത്യ സെക്യുലറിസം ക്രിസ്തീയതയെ തെരഞ്ഞുപിടിച്ച് അടിച്ചമര്‍ത്തുന്ന ഒരു രാഷ്ട്രീയ ഭരണ സംവിധാനമായി പരിണമിക്കുന്ന സ്ഥിതിയാണ് ലിബറല്‍ വീക്ഷണം മുന്‍കാണുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള സഹതാപത്തിന്‍റെ മറയില്‍ മാനവമൂല്യങ്ങളെ പൊളിച്ചെഴുതാനുള്ള രഹസ്യ അജണ്ടയാണ് ലിബറല്‍തന്ത്രം. ഉദാഹരണമായി LGBT സമൂഹത്തോടുള്ള സഹതാപത്തിന്‍റെ പേരില്‍ ലൈംഗികധാര്‍മ്മികതയാണ് അട്ടിമറിക്കപ്പെടുന്നത്. സ്ത്രീത്വത്തോടുള്ള ആദരവിന്‍റെ മറയില്‍ മനുഷ്യജീവന്‍റെ വിലതന്നെ ചോദ്യം ചെയ്യപ്പെടുന്നു. മനുഷ്യനെ സവിശേഷസൃഷ്ടിയായി കണക്കാക്കുന്ന മാനവമൂല്ല്യങ്ങളെ തിരസ്കരിക്കാന്‍ മനുഷ്യന്‍ അല്പംകൂടി ബുദ്ധിയുള്ള വെറും വന്യമൃഗം മാത്രമാണ് എന്നും വാദിക്കുന്ന നാച്ചുറലിസ്റ്റിക് തത്വശാസ്ത്രമാണ് ഇതിന്റയെല്ലാം അന്തര്‍ധാര. എന്നാല്‍ ഇതിന് എതിരായ നിലപാടുകള്‍ സ്വാഭാവികമായും ക്രിസ്തീയതയില്‍ അടിസ്ഥാനപ്പെട്ടവ ആയിരിക്കയാല്‍ ലിബറല്‍ കാഴ്ചപ്പാടുകള്‍ക്കെതിരേയുള്ള നീക്കങ്ങളെ മതാന്ധതയായി മുദ്രകുത്തി തമസ്കരിക്കാനാണ് എതിരാളികളുടെ ശ്രമം. ഇത്തവണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ പതിവിലേറെ ഉദ്വേഗജനകമാക്കിയതും ക്രൈസ്തവധാര്‍മ്മികതയുടെ പേരിലുളവായ രാഷ്ട്രീയധ്രുവീകരണമാണ്.
ധാര്‍മ്മികതയെ വോട്ടിനിടുമ്പോള്‍
ധാര്‍മ്മികതയെയും മാനുഷികമൂല്യങ്ങളെയും രാഷ്ട്രീയത്തിനതീതമായി കാണുന്ന ഒരു വ്യവസ്ഥിതിയാണ് ഒരു നല്ല രാജ്യത്തിനഭികാമ്യം. കാരണം രാഷ്ട്രീയഭൂരിപക്ഷം നോക്കിയോ ഭരണാധികാരം ഉപയോഗിച്ചോ മാറ്റിമറിക്കാവുന്നവയാണ് മൂല്ല്യങ്ങളെന്നു വന്നാല്‍ അരാജകത്വമാണ് ഫലം. മൂല്ല്യങ്ങള്‍കൊണ്ട് നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍ രാഷ്ട്രീയം സ്വാര്‍ത്ഥതയും, സ്വജനപക്ഷപാതവും , അഴിമതിയും, അനീതിയും നിറഞ്ഞതുമാകാന്‍ ഏറെ താമസമില്ല. അപ്പോള്‍ രാഷട്രീയം മൂല്ല്യങ്ങളെത്തന്നെ നിര്‍ണ്ണയിക്കാന്‍ തുടങ്ങിയാലുള്ള സ്ഥിതി എന്തായിരിക്കും? ഉദാഹരണമായി ഭരണത്തിലുള്ളവര്‍ അഴിമതിചെയ്താലും അവര്‍ കുറ്റക്കാരല്ല എന്നൊരു നിയമം ഭൂരിപക്ഷപ്രകാരം പാസാക്കിയാല്‍ അതു തെറ്റാണെന്ന് വരുന്നത് ശരിതെറ്റുകളുടെ അളവുകോല്‍ രാഷ്ട്രീയത്തിനതീതമായി നിലനില്‍ക്കുന്നതുകൊണ്ടാണ്. അതുപോലെ മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ നിര്‍ബന്ധം പാടില്ല എന്ന മാനുഷികമൂല്ല്യത്തെ ഭൂരിപക്ഷപ്രകാരം മാറ്റുന്നിടത്ത് രാഷ്ട്രീയം മൂല്യങ്ങളുടെ അളവുകോലാവുകയാണ്. ജനാധിപത്യംപോലെ ഭൂരിപക്ഷവിധി നിര്‍ണ്ണായകമായിരിക്കുന്ന വ്യവസ്ഥിതികളില്‍ ഇത് പ്രത്യേകം പ്രസക്തമാണ്.
സത്യം,നീതി, സമത്വം, സ്വാതന്ത്ര്യം, സ്നേഹം മുതലായവയാണ് മനുഷ്യത്വത്തെ നിര്‍വ്വചിക്കുന്ന അടിസ്ഥാന മൂല്ല്യങ്ങള്‍. ഈവക മൂല്ല്യങ്ങളുടെ മാനദണ്ഢമെന്താണ് എന്നത് താത്വിക വിചിന്തനത്തിന് വിഷയമാണ്. എന്നാല്‍ അവ ഭൂരിപക്ഷ അഭിപ്രായത്തില്‍ നിര്‍ണ്ണയിക്കപ്പെടേണ്ടതല്ല. രാജ്യനിയമങ്ങള്‍ മൂല്ല്യങ്ങളെയല്ല, മൂല്ല്യങ്ങള്‍ നിയമങ്ങളെയാണ് നിയന്ത്രിക്കേണ്ടത്. നിയമങ്ങള്‍ മാത്രമല്ല അവയെ നിയന്ത്രിക്കുന്ന ഭരണഘടനകള്‍ പോലും ആത്യന്തികമല്ല, മാറ്റങ്ങള്‍ക്കു വിധേയമാണ്. എന്നാല്‍ മാറ്റങ്ങള്‍ക്കതീതമായ ധാര്‍മ്മികമൂല്ല്യങ്ങളെ രാഷ്ട്രീയഭൂരിപക്ഷത്തിന്‍റെ ബലത്തില്‍ മാറ്റിമറിക്കുവാന്‍ ഒരുങ്ങുന്നത് മാനവസംസ്കാരത്തിന്‍റെ തന്നെ തകര്‍ച്ചയാണ്. ശരിതെറ്റുകളെ നിശ്ചയിക്കുന്ന അടിസ്ഥാനമൂല്ല്യങ്ങൾ വോട്ടിനിട്ട് നിശ്ചയിക്കേണ്ടവയല്ല.
സത്യസന്ധരായിരിക്കണം, സനേഹിക്കണം, നീതിചെയ്യണം എന്നൊക്കെ നിയമങ്ങളുണ്ടാക്കാം. എന്നാല്‍ എന്താണ് സത്യം, എന്താണ് നീതി, എന്താണ് സ്നേഹം എന്നൊക്കെ നിര്‍ണ്ണയിക്കുന്നതിന് ഭൂരിപക്ഷമല്ല ആധാരമായിരിക്കുന്നത്.
സത്യവും സ്നേഹവും പോലുള്ള മൂല്ല്യങ്ങള്‍ നിയമങ്ങളുടെ ശരിതെറ്റുകള്‍ നിര്‍ണ്ണയിക്കുന്ന ധാര്‍മ്മിക അടിത്തറകളാണ്. അതുപോലെയുള്ള മൂല്ല്യങ്ങളുടെ പട്ടികയിലാണ് സ്ത്രീപുരുഷലൈംഗികത, വിവാഹം, മനുഷ്യജീവന്‍റെ വില, മനസ്സാക്ഷിസ്വാതന്ത്ര്യം തുടങ്ങിയ മാനുഷികമൂല്ല്യങ്ങളുടെ സ്ഥാനം. രാജ്യത്തെ നിയമങ്ങളെ അതനുസരിച്ച് വ്യാഖ്യാനിക്കുകയും വേണ്ടിവന്നാല്‍ തിരുത്തുകയും ചെയ്യണം. എന്നാല്‍ ഈ മൂല്ല്യങ്ങളെത്തന്നെ തിരുത്തുവാന്‍ തുനിയുന്നത് മനുഷ്യരെ മനുഷ്യരാക്കുന്ന ധാര്‍മ്മിക വേലികള്‍ പൊളിച്ചുകളയലാണ്. ജയം അനുകൂലമാക്കുവാന്‍ കളിയുടെ നിയമങ്ങള്‍ മാറ്റി എഴുതുന്നതുപോലെ അന്യായമാണ് താത്പര്യസംരക്ഷണത്തിനായി ധാര്‍മ്മികമൂല്ല്യങ്ങളെ പുനര്‍നിര്‍വ്വചിക്കാനുള്ള മനുഷന്റെ ശ്രമം.
മിണ്ടാതിരിക്കണമോ?
ധാര്‍മ്മികതയും വിശ്വാസ സ്വാതന്ത്ര്യവും വോട്ടിനിട്ട് നിശ്ചയിക്കുന്ന രാഷ്ട്രീയ സ്ഥിതി അമേരിക്കയുടെ മാത്രം വിഷയമല്ല. ധാര്‍മ്മികതയെയും വിശ്വാസസ്വാതന്ത്ര്യത്തെയും രാഷ്ട്രീയബലംകൊണ്ടും ഭൂരിപക്ഷശക്തികൊണ്ടും പുനര്‍നിര്‍വ്വചിക്കാനുള്ള ശ്രമങ്ങളാണ് ലോകത്തെമ്പാടും നാം കാണുന്നത്. ഇതിനോടുള്ള ക്രൈസ്തവ പ്രതികരണം എന്തായിരിക്കണം എന്നു ചിന്തിക്കുമ്പോള്‍ രണ്ട് കാര്യങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ഒന്നാമതായി രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് തികച്ചും മാറിനില്‍ക്കുന്ന ഒരു നിലപാടാണ് കര്‍ത്താവ് സ്വീകരിച്ചത്. അധികാരികളെ അനുസരിക്കാനും, അവര്‍ക്ക് വിധേയപ്പെട്ടിരിക്കാനും, അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും അനുശാസിക്കുകയല്ലാതെ അക്കാലത്തെ രാഷ്ട്രീയ സംവിധാനങ്ങളെ സംബന്ധിച്ച് വിമര്‍ശനാത്മകമായ യാതൊരു പ്രസ്താവനയും കര്‍ത്താവോ അപ്പൊസ്തലന്മാരോ നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിന്‍റെ മുഖ്യ കാരണം വിശ്വാസത്തെയും രാജ്യഭരണത്തെയും വേര്‍തിരിച്ച് നിര്‍ത്തണമെന്ന തികച്ചും നൂതനമായ ഒരു വീക്ഷണമാണ് ക്രിസ്തു പഠിപ്പിച്ചത് എന്നതാണ്. പാശ്ചാത്യ സെക്യുലറിസത്തിന്‍റെ അടിസ്ഥാനംതന്നെ ഇവിടെയാണ് നാം കാണുന്നത്. അതുകൊണ്ട് ക്രിസ്തു ശിഷ്യരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ ഇടപെടലുകള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണ്.
എന്നാല്‍ രാഷ്ട്രീയം അതിന്‍റെ അതിരുകള്‍ ലംഘിച്ച് ധാര്‍മ്മികതയെ പൊളിച്ചെഴുതാനും വിശ്വാസസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനും ഒരുമ്പെടുമ്പോള്‍ കൈസ്തവസന്ദേശം അതിനെതിരെയുള്ള ശക്തമായ ഒരു നിലപാടായിത്തീരുന്നത് തികച്ചും സ്വാഭാവികമാണ്. കാരണം സുവിശേഷം അതില്‍ത്തന്നെ മാനുഷികമൂല്ല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു തത്വശാസ്ത്രമാണ്. അതുകൊണ്ടുതന്നെ ബൈബിള്‍ സന്ദേശത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായ സത്യം, നീതി, സമത്വം, സ്വാതന്ത്ര്യം, സ്ത്രീപുരുഷ ലൈംഗികത, വിവാഹത്തിന്‍റെ പവിത്രത മുതലായ മാനവമൂല്ല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നിടങ്ങളിലെല്ലാം ക്രൈസ്തവശബ്ദം അതിനെതിരെ ഉയരുമെന്നത് നിസ്തര്‍ക്കമാണ്. സുവിശേഷസന്ദേശം ഒരു സാമൂഹ്യ പരിവര്‍ത്തനശക്തിയായിത്തിരുന്നത് അവിടെയാണ് ; എന്നു മാത്രമല്ല മാനവികതയെ പ്രതിരോധിക്കുന്ന സംവിധാനങ്ങളുടെ ശത്രുവായും സുവിശേഷം മുദ്രകുത്തപ്പെടുമെന്നുറപ്പാണ്. ക്രൈസ്തവര്‍ രാഷ്ടീയാധികാരങ്ങളുടെ ശത്രുക്കളായ പൂര്‍വ്വചരിത്രങ്ങള്‍ മാത്രമല്ല ആനുകാലിക ചരിത്രങ്ങളും പരിശോധിച്ചാല്‍ അവിടെയെല്ലാം മാനവമൂല്ല്യങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണാധികാരങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സുവിശേഷസത്യങ്ങളും അതിന്‍റെ പ്രഘോഷകരും പ്രതിബന്ധമായി നിന്നതുകൊണ്ടാണ് എന്ന് കാണാം.
സുവിശേഷം രാഷ്ട്രീയമല്ല, എന്നാൽ സുവിശേഷത്തിന് വ്യക്തമായ രാഷ്ട്രീയ വിവക്ഷകളുണ്ട്. ക്രിസ്തു ശിഷ്യർ രാഷ്ട്രീയക്കാരല്ല . എന്നാൽ രാഷ്ട്രീയ നിലപാടുകൾ മാനവ മൂല്യങ്ങൾക്ക് ഭീഷണിയാകുമ്പോൾ അതിനെതിരെ ശബ്ദമുയർത്തുവാൻ ക്രിസ്തു ശിഷ്യർക്ക് കടപ്പാടുകളുണ്ട്.
ഈ ലോകത്തെ സ്വര്‍ഗ്ഗമാക്കാമെന്ന് നമുക്ക് വ്യാമോഹമില്ല. എന്നാല്‍ വിശ്വസിക്കുന്നവര്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്ന അനശ്വരമായ ഒരു ദൈവരാജ്യത്തിന്‍റെ ശ്രേഷ്ഠമൂല്ല്യങ്ങളുടെ പ്രഘോഷണം ലോകത്തിന്‍റെ പ്രഭുക്കന്മാര്‍ക്ക് പഥ്യമായിരിക്കുകയില്ലെന്നത് സത്യം. എന്നാല്‍ മരണത്തിന്‍റെ ഈ ഇരുട്ടിനപ്പുറത്ത് വെളിച്ചത്തിന്‍റെ ഒരു ലോകമുണ്ടെന്ന് വിളിച്ചു പറയാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മുടെ ക്രൈസ്തവ അസ്തിത്വത്തിന് ഈ ലോകത്തില്‍ പ്രസക്തിയില്ല. എവിടെ സത്യം തമസ്കരിക്കപ്പെടുന്നുവോ, എവിടെ നീതി കുഴിച്ചു മൂടപ്പെടുന്നുവോ എവിടെ അധര്‍മ്മം വാഴ്ത്തപ്പെടുന്നുവോ അവിടെ ക്രിസ്തുവിനെ ഉയര്‍ത്തുന്നതാണ് ക്രൈസ്തവിപ്ലവത്തിന്‍റെ നേര്‍പാത. അതിനാണ് ദൈവം എന്നും ബലവാന്മാരെ വിളിക്കുന്നത്. ജീവനെക്കാള്‍ സത്യത്തെ മുറുകെപ്പിടിക്കുന്നവരെ അന്വേഷിക്കുന്നത്. “ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല. കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നെ. ” (2 കൊരി 10:4)
ചുരുക്കത്തില്‍ മനുഷ്യസംസ്കാരത്തിന്‍റെ തനിമയെത്തന്നെ വികലമാക്കുന്ന മുന്നേറ്റങ്ങള്‍ക്കെതിരെ നിശ്ശബ്ദരായിരിക്കാന്‍ ക്രിസ്തുശിഷ്യര്‍ക്ക് അനുവാദമില്ല. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളോ, സംഘടിതസമരങ്ങളോ, നിയമയുദ്ധങ്ങളോ അല്ല ക്രിസ്തീയതയുടെ തനതായ മാര്‍ഗ്ഗം ; സുവിശേഷത്തിന്‍റെ നിര്‍ലജ്ജമായ പ്രസംഗമാണ്. കാരണം അപ്പൊസ്തലന്‍ എഴുതിയതു പോലെ ” ക്രിസ്തുയേശു എന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നിടുവാന്‍ ആര്‍ക്കും കഴിയുകയില്ല. ” ക്രിസ്തുവിനെ പ്രസംഗിക്കുകയെന്നാല്‍ ബൈബിള്‍ പ്രസംഗിക്കുകയെന്നാണ്. ബൈബിള്‍ പ്രസംഗിക്കുകയെന്നാല്‍ മനുഷ്യത്വത്തിന്‍റെ പ്രസംഗമാണ്. സനാതനമായ മാനവമൂല്ല്യങ്ങളുടെ സധൈരമായ പ്രഘോഷണമാണ്. അതാണ് സാമൂഹിക പരിവര്‍ത്തനത്തിന്‍റെ യഥാര്‍ത്ഥമായ ഉള്‍പ്രേരകം. അല്ലാതെ ബൈബിളിനെയും അതിന്‍റെ സന്ദേശമായ ക്രിസ്തുവിനെയും മാറ്റി നിര്‍ത്തി ഈ ലോകത്തില്‍ മനുഷ്യത്വം സൃഷ്ടിക്കാമെന്നത് കായേന്റെ കാലം മുതല്‍ ഇന്നയോളം മനുഷ്യന്‍ പരീക്ഷിച്ച് പരാജയപ്പെട്ട ഒരു വ്യാമോഹം മാത്രമാണ്.