മനുഷ്യ സംസ്കൃതിയുടെ മുഖമുദ്രയായ ഭാഷകളുടെ സങ്കീർണത പരിണാമവാദിക്ക് എന്നും ഒരു വെല്ലുവിളിയാണ്.
നിം ചിംപ്സ്കി (Nim Chimpsky) – അതായിരുന്നു അവന്റെ പേര്. മനുഷ്യനായി വളർത്തപ്പെട്ട ചിമ്പൻസി. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് ആ വിചിത്രമായ പരീക്ഷണം നടന്നത്. മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ ഒരു വീടിന്റെ അന്തരീക്ഷത്തിൽ വളർത്തിയാൽ ചിമ്പൻസി ഭാഷ പഠിക്കുമോ എന്നതായിരുന്നു പരീക്ഷണം. ഹെർബേർട്ട് എസ് ടെരസ്സ് (Herbert S Terrace) എന്ന ഗവേഷകനായിരുന്നു പരീക്ഷണത്തിന് നേതൃത്വം നല്കിയത്.
രണ്ടാഴ്ച മാത്രം പ്രായമുള്ള ചിമ്പൻസിക്കുഞ്ഞിനെ അതിന്റെ അമ്മയിൽ നിന്നു വേർപെടുത്തി, ടെരസ്സിന്റെ സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെഫാനി ലാ ഫാർജിന് (Stephanie La Farge) നൽകി. അവൾ അവളുടെ വീട്ടിൽ സ്വന്തം മക്കളോടൊപ്പം ഒരു മകനെപ്പോലെ നിമ്മിനെ വളർത്തി. സ്വന്തം കുഞ്ഞുങ്ങളെ എങ്ങനെയൊക്കെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുമോ അങ്ങനെ തന്നെയാണ് അവൾ നിമ്മിനേയും വളർത്തിയത്. അവനെ ഭാഷ പഠിപ്പിക്കുവാൻ പ്രത്യേക പരിശീലകരും ഉണ്ടായിരുന്നു.
പക്ഷേ നിം വളരുന്നതിനനുസരിച്ച് അവന്റെ മൃഗീയത പുറത്തെടുക്കുവാൻ തുടങ്ങി. അവന്റെ “അമ്മ” യേയും “സഹോദരങ്ങളെയും” കടിക്കുവാനും മാന്തുവാനും ആക്രമിക്കുവാനുമൊക്കെ തുടങ്ങിയതാേടെ സ്റ്റെഫാനി സഹികെട്ടു. അവിടെനിന്നും മറ്റൊരിടത്തേക്ക് അവനെ മാറ്റി ടെരസ്സ് പരീക്ഷണം തുടർന്നു. പക്ഷെ നിം, താൻ മനുഷ്യനല്ല കുരങ്ങൻ ആണെന്ന് വീണ്ടും തെളിയിച്ചു. നാല് വർഷത്തിന് ഒടുവിൽ ടെരസ്സ് പരീക്ഷണം അവസാനിപ്പിച്ചു! അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി : ചിമ്പൻസിക്ക് ഭാഷ പഠിക്കുവാൻ കഴിയില്ല. അവൻ കാട്ടിയ ആംഗ്യങ്ങൾ പരിശീലകരെ അനുകരിച്ച് ചെയ്ത ചേഷ്ടകൾ മാത്രമായിരുന്നു.
സുപ്രസിദ്ധ അമേരിക്കൻ ഭാഷാ പണ്ഡിതൻ നോം ചോംസ്കിയെ (Noam Chomsky) കളിയാക്കാനാണ് ടെരസ്സ് ആ കുരങ്ങന് നിം ചിംപ്സ്കി എന്ന പേര് കൊടുത്തത്. ഭാഷ മനുഷ്യന്റെ സവിശേഷവും അതുല്യവുമായ കഴിവാണ് എന്നതായിരുന്നു നോം ചോംസ്കിയുടെ അഭിപ്രായം.
ഭാഷ എന്ന കീറാമുട്ടി
ഭാഷ എന്നും പരിണാമവാദികൾക്ക് ഒരു കീറാമുട്ടിയാണ്. പരിണാമവാദ പ്രകാരം ഭാഷയും ക്രമേണ പരിണമിച്ചുണ്ടായതാണ്. പക്ഷേ അത് വിശദീകരിക്കുവാൻ ഇന്നോളം ആർക്കും കഴിഞ്ഞിട്ടില്ല. മനുഷ്യനെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന വലിയാെരു കടമ്പയാണ് ഭാഷ. മൃഗങ്ങൾ ആശയ വിനിമയത്തിനായി പലതരം ശബ്ദങ്ങളും ചേഷ്ടകളും ഗന്ധവുമാെക്കെ ഉപയോഗിക്കാറുണ്ട്. എന്നാൽ മനുഷ്യനുള്ളതു പാേലെ അതി സങ്കീർണ്ണമായ ഭാഷയും സംസാര ശേഷിയും അവയ്ക്കൊന്നിനുമില്ല. കരച്ചിലും, മുരളലും അലർച്ചയുമൊക്കെയായി പലതരം ശബ്ദങ്ങൾ മൃഗങ്ങൾ പുറപ്പെടുവിക്കാറുണ്ടെങ്കിലും ശബ്ദങ്ങൾ കൂടിച്ചേർന്നുള്ള വാക്കുകളും, വാക്കുകൾ ചേർന്നുള്ള വാക്യങ്ങളുമാെക്കെ അവർക്ക് അന്യവും അസാദ്ധ്യവുമാണ്. ഭാഷയും സംസാര ശേഷിയും മനുഷ്യന് മാത്രമുള്ള നിസ്തുല്യ കഴിവാണ്.
വാലസ് പ്രോബ്ലം
പരിണാമ വാദത്തിന്റെ ഉപജ്ഞാതാവായാണ് ചാൾസ് ഡാർവിൻ (1809-1882) അറിയപ്പെടുന്നത്. ഡാർവിന് വളരെ മുമ്പ് തന്നെ പരിണാമ ചിന്താഗതി നിലനിന്നിരുന്നു എങ്കിലും, ഡാർവിന്റെ Origin of Species എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്താേടെയാണ് പരിണാമത്തിന് ഒരു ശാസ്ത്രീയ പരിവേഷം ലഭിച്ചത്.
പരിണാമമെന്ന ആശയത്തെ ഒരു സിദ്ധാന്തമായി രൂപപ്പെടുത്താൻ ഡാർവിനാേടാെപ്പം പരിശ്രമിച്ച മറ്റൊരു ശാസ്ത്രജ്ഞനായിരുന്നു ആൽഫ്രഡ് വാലസ് (Alfred Wallace, 1823 – 1913). ഡാർവിനെപ്പാേലെ വാലസ് പ്രശസ്തനായില്ല എന്ന് മാത്രം. മൃഗങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ആൾക്കുരങ്ങുകളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യ മസ്തിഷ്കം വളരെയധികം വികസിതമായിരിക്കുന്നത് എന്ത് എന്ന് വാലസ് അത്ഭുതപ്പെട്ടു. മനുഷ്യന്റെ ബുദ്ധിപരവും, ഭാഷാപരവുമായ ശേഷികൾ ഒരു പരിണാമ വാദിക്ക് പ്രതീക്ഷിക്കാവുന്നതിലും വളരെ കൂടുതലാണ്. മനുഷ്യന്റെ ഉന്നതമായ ബുദ്ധി ശക്തി എങ്ങനെയാണ് പ്രകൃതി നിർദ്ധാരണത്തിലൂടെ ഉളവായത് എന്ന ചാേദ്യം അദ്ദേഹത്തെ കുഴക്കി. അതിജീവനത്തിന് ആവശ്യമായതിലും എത്രയോ അധികമാണ് മനുഷ്യന്റെ ബുദ്ധിശക്തിയും കഴിവുകളും. പരിണാമപ്രകാരം ഭാഷയെ വിശദീകരിക്കാം എന്ന ചിന്തയെ അദ്ദേഹം പാടെ നിരാകരിച്ചു.
വാലസിന്റെ അഭിപ്രായത്താേട് ഡാർവിൻ പ്രതികരിച്ചത് ” താങ്കളുടെയും, എന്റെയും കുഞ്ഞിനെ താങ്കൾ പൂർണ്ണമായും കാെന്നുകളഞ്ഞില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്നാണ് (I hope that you have not murdered too completely your own and my child). ഭാഷ എങ്ങനെ പരിണമിച്ചു എന്ന് വ്യക്തമാക്കുവാൻ ഡാർവിന് ഒരിക്കലും സാധിച്ചില്ല.
ആൽഫ്രഡ് വാലസ് ഉന്നയിച്ച പ്രശ്നം അറിയപ്പെടുന്നത് ‘’വാലസ് പ്രോബ്ലം’’ (Wallace problem) എന്നാണ്. വാക്കുകൾ (words) എങ്ങനെ ഉണ്ടായി ? പദവിന്യാസവും (syntax) വ്യാകരണവും (grammar) എങ്ങനെ ഉണ്ടായി ? പരിണാമ സിദ്ധാന്തക്കാർക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങളാണിവ. പരിണാമ വാദത്തിലെ അടിസ്ഥാനപരമായ ഒരു അനുമാനമാണ് ലളിതമായതിൽ നിന്ന് സങ്കീർണ്ണമായതിലേക്ക് പരിണാമം പുരോഗമിച്ചു എന്നത്. എന്നാൽ ഭാഷയുടെ കാര്യം നേരേ തിരിച്ചാണ്. ഭാഷകൾ എത്ര പുരാതനമാണാേ അത്രയും സങ്കീർണ്ണമാണ്. കാലം കഴിയുന്താേറും ഭാഷ ലളിതമാകുകയാണ് ചെയ്യുന്നത്. ഈ യാഥാർത്ഥ്യം പ്രശ്നം കൂടുതൽ കഠിനമാക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ഭാഷാ പണ്ഡിതരിലാെരാളാണ് അമേരിക്കക്കാരനായ ഡോ. നോം ചോംസ്കി. മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ലിംഗ്യുസ്റ്റിക്ക് പ്രാെഫസർ ആയിരുന്ന അദ്ദേഹം ഗവേഷകനും ചിന്തകനും 150 പുസ്തകങ്ങളുടെ രചയിതാവുമാണ്. ആധുനിക ഭാഷാശാസ്ത്രത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
ഭാഷ പരിണമിച്ച് ഉണ്ടാകുന്നതിനുള്ള സാദ്ധ്യത ചോംസ്കി തള്ളിക്കളയുന്നു. ഇദ്ദേഹത്തെ ഖണ്ഡിക്കുവാനും കളിയാക്കാനുമാണ് ഹെർബർട്ട് ടെരസ്സ് ചിമ്പൻസിയെക്കാെണ്ട് പരീക്ഷണം നടത്തിയത്. “ജന്തുലോകത്താെരിടത്തും സമാനതകളില്ലാത്ത തികച്ചും നിസ്തുല്യമായ പ്രതിഭാസമാണ് മനുഷ്യ ഭാഷ” എന്നാണ് ചോംസ്കിയുടെ പ്രസ്താവന.
ഒരു വശത്ത് മനുഷ്യന്റെ പോലെ സംസാര ശേഷിയും ഭാഷയുമുള്ള ഒരു മൃഗവുമില്ല. മറുവശത്ത് സങ്കീർണ്ണമായ ഭാഷയില്ലാത്ത ഒരു മനുഷ്യ ഗോത്രവുമില്ല! അപരിഷ്കൃതരെന്ന് പറയപ്പെടുന്ന ഗോത്രങ്ങളിൽപോലും അതി സങ്കീർണ്ണമായ സംസാര ഭാഷയുണ്ട്. ഭാഷയില്ലാത്ത ഒരു മനുഷ്യ സമൂഹവുമില്ല.
മനുഷ്യന് അനായാസം സംസാരിക്കുന്നതിനും ഏത് ഭാഷയും പഠിക്കുന്നതിനുമുള്ള കഴിവുണ്ട്. എന്നാൽ മൃഗങ്ങൾക്ക് ആ കഴിവില്ല. മൃഗങ്ങളെ ഭാഷ പഠിപ്പിക്കുവാനും സംസാരിപ്പിക്കാനുമുള്ള എല്ലാ ശ്രമങ്ങളും നിഷ്ഫലമാകുകയാണുണ്ടായത്. ഡോ. ചോംസ്കിയുടെ അഭിപ്രായത്തിൽ സംസാരവും ഭാഷയും മനുഷ്യൻ ആർജ്ജിച്ചതല്ല, അന്തർലീനമാണ്. അത് ജന്മവാസനയാണ് , മനുഷ്യ മസ്തിഷ്കം അങ്ങനെ നിർമ്മിക്കപ്പെട്ടിരിക്കുന്നു. “The human brain is hardwired with an innate understanding of Language.”
കടുത്ത പരിണാമ വാദിയായ ബ്രിട്ടീഷ് ബയോളജിസ്റ്റ് റിച്ചാർഡ് ഡോക്കിൻസ് (Richard Dawkins), ഭാഷയുടെ ഉത്ഭവം വിശദീകരിക്കുക അസാദ്ധ്യമാണെന്ന് സമ്മതിക്കുകയുണ്ടായി. “ഭാഷ എങ്ങനെ ആരഭിച്ചു എന്ന് ആർക്കുമറിയില്ല… ലോകത്തിലെ ആയിരക്കണക്കിന് ഭാഷകൾ എല്ലാം വളരെ സങ്കീർണ്ണമാണ്. ഏറ്റവും അപരിഷ്കൃതരുടെ ഭാഷപോലും” എന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയാണ്.
സങ്കീർണ്ണമായ സൗണ്ട് സിസ്റ്റം
മനുഷ്യന്റെ സംസാരശേഷി അതിസങ്കീർണമായ ഒരു സൗണ്ട് സിസ്റ്റത്താലാണ് സാധ്യമാകുന്നത്. നാക്കുകൊണ്ടാണ് സംസാരിക്കുന്നത് എന്ന് പറയാറുണ്ടെങ്കിലും നാക്ക് കൊണ്ടുമാത്രം വാക്ക് വരില്ല. ശ്വാസകോശം മുതൽ ചുണ്ടു വരെയുള്ള അനേക അവയവങ്ങളുടെ കൂട്ടായ പ്രവർത്തനവും, മനുഷ്യന്റെ താെണ്ടയുടെയും വായുടെയും പ്രത്യേക രൂപകല്പനയും സംസാരത്തിന് അനിവാര്യമാണ്. ചുണ്ട്, താടി, പല്ല്, നാക്ക്, ചെറുനാക്ക്, അണ്ണാക്ക്, കണ്ഠനാളം, ശ്വാസകോശം (lips, jaw, teeth, tongue, nasal cavity, palate, velum, uvula, tonsils, pharynx, Larynx, epiglottis, vocal cords, windpipe, lungs etc) തുടങ്ങിയ അനേക അവയവങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് നമുക്ക് സംസാരിക്കാൻ കഴിയുന്നത്.
എന്നാൽ ഇതിന്റെയെല്ലാം മീതെ ഇവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ അതി സങ്കീർണ്ണമായ പ്രവർത്തനവുമുണ്ട്. ചിന്തകളും വാക്കുകളും ഏകോപിക്കപ്പെടണം. മനസ്സിലുള്ള ചിന്തകളെ അനുയോജ്യമായ വാക്കുകളാക്കി, വരികളാക്കി, അനുസ്യൂതം പ്രവഹിപ്പിക്കുക എന്നത് ആശ്ചര്യകരമായ അഭ്യാസമാണ് !
ഒരു സംഭാഷണത്തിൽ ഒരാൾ മാത്രമല്ലല്ലോ സംസാരിക്കുന്നത്. മറ്റേയാൾ പറയുന്നത് കേൾക്കുകയും അതനുസരിച്ച് മറുപടി പറയുകയും ചെയ്യേണ്ടത് ആവശ്യമാണ്. അപ്പാേൾ ചിന്ത, വാക്കുകൾ, ശ്രവണം, അപഗ്രഥനം, ഓർമ്മ, വേഗം, ശബ്ദം, മസിലുകളുടെ ചലനം, സംസാരവുമായി ചേർന്ന് പോകുന്ന മുഖഭാവം ഇങ്ങനെ അനേക കാര്യങ്ങളെ തലച്ചോറ് ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്ര മാത്രം സങ്കീർണ്ണമായ ഈ പ്രക്രിയ അനായാസം നിർവ്വഹിക്കുവാൻ നമുക്ക് കഴിയുന്നത് അത്ഭുതകരമാണ്. We are wired for it! ചിമ്പൻസികൾക്ക് സംസാരിക്കാൻ സാധിക്കാത്തതിന്റെ ഒരു കാരണം അതിന്റെ താെണ്ടയോ, വായോ, തലച്ചോറോ അതിന് വേണ്ടി രൂപ കല്പന ചെയ്തിട്ടില്ല എന്നത് തന്നെയാണ്.
സംസാരിക്കുമ്പോൾ മാത്രമല്ല നമ്മൾ ഭാഷ ഉപയോഗിക്കുന്നത്. ഉണർന്നിരിക്കുന്ന സമയം മുഴുവൻ (ചിലപ്പാേൾ ഉറക്കത്തിലും) അനസ്യൂതമായി നമ്മൾ ഭാഷ ഉപയോഗിക്കുന്നുണ്ട്. ഒന്നുകിൽ നാം സംസാരിക്കുന്നു. അല്ലെങ്കിൽ കേൾക്കുന്നു. അതുമല്ലെങ്കിൽ വായിക്കുകയോ എഴുതുകയാേ ചെയ്യുന്നു !
സ്രഷ്ടാവിന്റെ രൂപകല്പന
മഹാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു അമേരിക്കക്കാരനായ നോഹ വെബ്സ്റ്റർ (Noah Webster). അമേരിക്കക്കാർക്ക് ആദ്യ ഇംഗ്ലീഷ് ഡിക്ഷണറി നൽകിയത് അദ്ദേഹമാണ്. 1828 – ൽ പ്രസിദ്ധീകരിക്കപ്പെട്ട An American Dictionary of the English Language അദ്ദേഹത്തിന്റെ മാസ്റ്റർ പീസാണ്. അമേരിക്കൻ ഇംഗ്ലീഷിൽ spelling നവീകരണം നടത്തിയതും വെബ്സ്റ്ററാണ്. പഴയ ഇംഗ്ലീഷ്, ജർമ്മൻ, ഗ്രീക്ക്, ലാറ്റിൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ഹീബ്രു, അറബിക്ക്, സംസ്കൃതം തുടങ്ങിയ 26 ഭാഷകളിലായിരുന്നു അദ്ദേഹത്തിന് പാണ്ഡിത്യം ഉണ്ടായിരുന്നത് !
“ഭാഷയും സംസാരിക്കുവാനുള്ള കഴിവും ദൈവത്തിന്റെ വരമാണ്” എന്നാണ് വെബ്സ്റ്റർ പറഞ്ഞത്. അതെ, അതാണ് വാസ്തവം. ഭാഷ മനുഷ്യന് ദൈവം നൽകിയ അത്ഭുതകരമായ ദാനമാണ്.
ദൈവത്തിന്റെ പ്രത്യേക സൃഷ്ടിയാണ് മനുഷ്യൻ. ഭാഷയുടെ ഉപയോഗത്തിനാവശ്യമായ അവയവഘടനയും, ബുദ്ധിപരവും മാനസീകവുമായ കഴിവുകളും ഉള്ള നിസ്തുല്യ വ്യക്തിയായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്ന് ഉല്പത്തി പുസ്തകത്തിലെ മനുഷ്യ സൃഷ്ടിയുടെ ചരിത്രം വ്യക്തമാക്കുന്നു. സംസാരിക്കുന്ന ദൈവത്തെയും സംസാരിക്കുന്ന മനുഷ്യനെയുമാണ് അവിടെ നാം കാണുന്നത് (ഉല്പത്തി 1:28-30 ; 2:23). ആദവും ഹവ്വയും ഭാഷ പഠിച്ചെടുത്തതല്ല, സംസാരിക്കുന്ന മനുഷ്യരായാണ് അവരെ ദൈവം സൃഷ്ടിച്ചത്. മനുഷ്യന്റെ ആദ്യത്തെ വാക്കുകൾ തന്നെ ഒരു കവിതയായിരുന്നു (ഉല്പത്തി 2:23). മാത്രമല്ല പുതിയ വാക്കുകൾ രൂപീകരിക്കുവാനും ആദത്തിന് കഴിഞ്ഞു. സകല ജീവജന്തുക്കൾക്കും പേരിട്ടത് ആദമാണ് (ഉല്പത്തി 2:20).
ചുരുക്കത്തിൽ സംസാരശേഷി ഉള്ളവരായിട്ടാണ് മനുഷ്യർ ഉത്ഭവിച്ചത് എന്ന ബൈബിൾ ചിന്താഗതിയാണ് ഭാഷപരിണമിച്ച ഉണ്ടായതാണ് എന്നതിനെക്കാൾ ശാസ്ത്രീയം. അനേക ഭാഷകൾ എങ്ങനെ ഉണ്ടായി എന്ന കഠിനമായ സമസ്യയ്ക്കുള്ള ഉത്തരവും ഉല്പത്തി 11: 1-7-ൽ ലഭ്യമാണ്.
“ഭൂമിയിൽ എങ്ങും ഓരേ ഭാഷയും ഒരേ വാക്കും ആയിരുന്നു….. വരുവിൻ നാം ഇറങ്ങിച്ചെന്ന് അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിക്കാൻ അവരുടെ ഭാഷ കലക്കി കളയുക എന്ന് അരുളിച്ചെയ്തു.” മാനവ ഐക്യത്തിന്റെ അടിസ്ഥാനശിലയായിരിക്കേണ്ട ഭാഷ, ഭിന്നതയുടെ അതിർവരമ്പുകളായതിന്റെ പ്രാചീന ചിത്രമാണ് ഈ ബൈബിൾ സംഭവം.
ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഭാഷ എന്ന അത്ഭുതാവഹമായ ഈ കഴിവ് കൊണ്ട് നമുക്ക് ചെയ്യാവുന്ന ഏറ്റവും ഉന്നതവും, ഉൽകൃഷ്ടവുമായ കാര്യം ദൈവത്തിന്റെ ഇഷ്ടപ്രകാരം മാന്യവും യോഗ്യവും ഫലകരവുമായി അതിനെ ഉപയോഗിക്കുക എന്നതാണ്. മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യർ അന്യാേന്യം മാത്രമല്ല, ദൈവവുമായും വ്യക്തിപരമായ ആശയ വിനിമയം നടത്തുമ്പോഴാണ് ഭാഷ കുലീനമാകുന്നത്; മനുഷ്യ ജീവിതം സഫലമാകുന്നത്; ഭാഷയുടെ ഉപജ്ഞാതാവായ ദൈവം മഹത്വപ്പെടുന്നത്.