വന്‍ മരങ്ങള്‍ കടപുഴകുമ്പോള്‍

വിവാദങ്ങളില്‍ അകപ്പെടുകയെന്നത് എതൊരു നേതൃത്വത്തിന്‍റെയും മുന്നിലുള്ള ചതിക്കുഴിയാണ്. അഭിമാനപൂർവ്വം ഉയർന്നുനിന്ന ആത്മീയ നേതാക്കന്മാർ ലജ്ജാകരമായ പാപങ്ങളിൽ പിടിക്കപ്പെടുന്ന കാഴ്ചകൾ സഭാവ്യത്യാസമെന്യേ അനുദിനമെന്നോണം നാ കാണുന്നുണ്ട്. ആദരണീയരെന്നു കരുതി അവരെ അനുകരിക്കാൻ ശ്രമിച്ചവരെല്ലാം തലതാഴ്ത്തിനിൽക്കേണ്ട സ്ഥിതിയാണ്.

പണം, പ്രതാപം, ലൈംഗീകത… പ്രഗത്ഭരുടെ ദാരുണമായ പതനങ്ങള്‍ക്ക് നിമിത്തമാകുന്നത് ഈ  പ്രലോഭനത്രയങ്ങളാണ്. സാമ്പത്തിക ഇടപാടുകളില്‍ സല്‍പ്പേര് കളയുന്ന ക്രിസ്തീയ നേതാക്കന്മാർ  ഇന്ന് അനേകരാണ്. സുവിശേഷത്തിന്‍റെ പേരില്‍   സാമ്പത്തിക സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്ന കരിസ്മാറ്റിക് നേതാക്കന്മാരുടെമേല്‍ നിയമത്തിന്‍റെ വിലങ്ങുകള്‍ വീഴുമ്പോഴാണ് അവരെ അന്ധമായി അനുഗമിച്ച വിശ്വാസികള്‍ ഇളിഭ്യരാകുന്നത്.

ക്രിസ്തീയതയോടുള്ള അമര്‍ഷം നിമിത്തം നിയമസംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നതില്‍ കുറച്ചൊക്കെ യാഥാര്‍ത്ഥ്യമുണ്ടെങ്കിലും ക്രൈസ്തവ നേതാക്കന്മാര്‍ക്കെതിരേ ഉയരുന്ന സാമ്പത്തിക ആരോപണങ്ങളെ മുഴുവൻ വിശ്വാസപീഢനമായി വ്യാഖ്യാനിക്കുവാന്‍ തീര്‍ച്ചയായും കഴിയുകയില്ല. അതുപോലെ പണത്തിനും അധികാര സ്ഥാനങ്ങള്‍ക്കുമായി ക്രൈസ്തവനേതാക്കന്മാര്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങളും, നിയമയുദ്ധങ്ങളും തെരുവുപോരാട്ടങ്ങളുമെല്ലാം ക്രിസ്തീയതയുടെ സ്വീകാര്യതക്ക് വരുത്തുന്ന ആഘാതം ചെറുതല്ല.  

ലൈംഗീക അപവാദങ്ങൾ

ആത്മീയ നേതാക്കന്മാർക്കെതിരെ ഉയരുന്ന ലൈംഗീക അപവാദങ്ങള്‍ വരുത്തുന്ന വിനകളാണ് ഏററവും ലജ്ജാകരം. കോര്‍പ്പറേറ്റ്, രാഷ്ട്രീയ, കലാ മേഖലകളിലാണെങ്കില്‍ പരസ്പരസമ്മതമായ ലൈംഗിക വഷളത്തങ്ങളെ വ്യക്തികളുടെ സ്വകാര്യവിഷയങ്ങളായി കണക്കാക്കി അവഗണിക്കുന്നതിനാല്‍ അവയൊന്നും പൊതുവേ മാധ്യമവിശകലനങ്ങള്‍ക്ക് വിഷയമാകാറില്ല. ധാര്‍മ്മിക ശരിതെറ്റുകളുടെ അതിര്‍വരമ്പുകള്‍ തന്നെ അവര്‍ മാറ്റിവരച്ചു കഴിഞ്ഞു. മുന്‍കാലങ്ങളില്‍ ഗൗരവമായ തെറ്റുകളായി കണക്കാക്കപ്പെട്ടിരുന്ന പലതും ലോകത്തിനിന്ന് ശരികളാണ്.  എന്നാല്‍ കുലീന ധാര്‍മ്മിക മൂല്യങ്ങളുടെ മൂര്‍ത്തീഭാവമായി ലോകം വാഴ്ത്തുന്ന ക്രിസ്തുയേശുവിന്‍റെ ശിഷ്യരെന്ന് അവകാശപ്പെടുന്നവര്‍ ലോകമോഹങ്ങളുടെ  ഊരാക്കെണികളില്‍ നിര്‍ലജ്ജം നിപതിക്കുന്നതാണ് അവിശ്വസനീയമായിരിക്കുന്നത്.  ലോകം അതൊരു ആഘോഷമാക്കുന്നതില്‍ ഒട്ടും അതിശയവുമില്ല. 

അങ്ങനെയൊരു ദുരന്തമാണ് കഴിഞ്ഞ വര്‍ഷം അന്തരിച്ച  പ്രഗത്ഭനായ ഒരു ക്രിസ്തീയ പ്രസംഗകനെ സംബന്ധിച് അദ്ദേഹത്തിന്റെ സംഘടന തന്നെ നടത്തിയ വെളിപ്പെടുത്തലുകള്‍. ഇത്ര പ്രാഗത്ഭ്യത്തോടെ  ദൈവശുശ്രൂഷ ചെയ്ത ഒരു മനുഷ്യന്‍ ഇത്ര ഹീനമായ  പാപങ്ങളില്‍ അകപ്പെടുകയെന്നത് അവിശ്വസനീയമാണ്, ഒരര്‍ത്ഥത്തില്‍. ഒരുവശത്ത്  വിശുദ്ധിയുടെ സുവിശേഷപ്രസംഗവും മറുവശത്ത് കൊടിയ കള്ളത്തരങ്ങളും വഷളത്തങ്ങളും ചെയ്യാന്‍ മനുഷ്യന് കഴിയുമെന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ.  

എന്നാല്‍ ഈ വക തിരിച്ചടികളുടെ മുമ്പിൽ  നിരാശപ്പെട്ടു  പിന്തിരിയാതെ , പാപത്തിന്‍റെയും പരാജയങ്ങളുടെയും മുമ്പില്‍ നാം സ്വീകരിക്കേണ്ട സുസ്ഥിരമായ നിലപാടുകളെ ഒരിക്കല്‍ കൂടി ഓര്‍ത്ത് ഉറപ്പിക്കുവാന്‍ ഇതുപോലുള്ള അനുഭവങ്ങള്‍ ഒരു അവസരമാക്കുകയാണ് വേണ്ടത്.

പാപത്തിന്‍റെ ചതിക്കുഴികളില്‍ വീണ ദൈവശുശ്രൂഷകരുടെ ചരിത്രങ്ങള്‍ ബൈബിളിൽ  മുന്നറിയിപ്പിനായി രേഖപ്പെടുത്തിയിട്ടുണ്ട് .  ദാവീദിന്‍റെ പരാജയം തന്നെ വലിയൊരു ഉദാഹരണമാണ്. ദൈവത്തിന് ബോധിച്ച പുരുഷനായിരുന്ന ദാവീദ് ദൈവജനത്തിന് എത്ര വിലപ്പെട്ട ശുശ്രൂഷകളാണ് ചെയ്തത്. യുദ്ധനിപുണതയിലും, ഭരണതന്ത്രജ്ഞതയിലും,  കലാസാഹിത്യത്തിലുമെല്ലാം  അഗ്രഗണ്യനായിരുന്ന യിസ്രയേലിന്‍റെ സെലിബ്രിറ്റി നേതാവായിരുന്ന ദാവീദിന് ലൈംഗിക വിഷയത്തില്‍ വന്ന ഹീനമായ പരാജയം അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തെ മാത്രമല്ല യിസ്രയേലിന്‍റെ ചരിത്രത്തെ തന്നെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ രാജ്യത്തിന്റെ അനിഷേധ്യനേതാവായിരുന്നിട്ടും ആരുമറിയാതെ മൂടിവെക്കാന്‍ ശ്രമിച്ച വഷളത്തത്തെ  ദൈവം  നാഥാന്‍ പ്രവാചകനിലൂടെ തുറന്നു കാട്ടിയപ്പോള്‍, ദാവീദ് മാനസാന്തരപ്പെട്ടു തിരുത്തുന്ന ചരിത്രം 2ശമുവല്‍11-ാം അദ്ധ്യായത്തില്‍ നാം വായിക്കുന്നു.  ആ ലജ്ജാകരമായ പരാജയത്തിന്‍റെയും കുറ്റസമ്മതത്തിന്‍റെയും  സത്യസന്ധമായ തുറന്നെഴുത്ത്  ദൈവശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും മാതൃകയുമാണ്. 

കാവല്‍കണ്ണുകള്‍

പാപത്തില്‍ വീണിട്ട് എന്തു ചെയ്യുന്നു എന്നതിനേക്കാള്‍ പ്രധാനമാണ് വീഴാതെ സൂക്ഷിക്കുന്നത്. സ്ഥാനങ്ങളും ദൗത്യങ്ങളും എന്തു തന്നെയായാലും സഹപ്രവര്‍ത്തകരുടെ ജീവിതത്തിന്‍മേല്‍ കരുതലിന്‍റെ ഒരു കണ്ണ് വെക്കുക എന്നത് അനിവാര്യമായ ക്രൈസ്തവ ദൗത്യമാണ്. ആട്ടിന്‍കൂട്ടത്തെ സൂക്ഷിക്കുന്നതോടൊപ്പം നിങ്ങളെത്തന്നെയും സൂക്ഷിക്കണമെന്ന അപ്പൊസ്തലന്‍റെ ആജ്ഞ സഭാനേതാക്കന്മാര്‍ക്കുള്ളതാണ്. (പ്രവ 20: 28) ഒരാളുടെ വീഴ്ച കൂട്ടുപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ദൈവസഭയ്ക്കാകമാനം ദുഷ്കീര്‍ത്തിക്കു കാരണമാകുമെന്ന് നമുക്കറിയാം. അതു ഞങ്ങളെ ബാധിക്കുകയില്ല എന്ന് പറഞ്ഞ് രക്ഷപെടുവാന്‍ ആര്‍ക്കും കഴിയുകയില്ല. പാസ്റ്ററെന്നോ, മെത്രാനെന്നോ വ്യത്യാസമില്ലാതെ ആരുടെ വീഴ്ചയും ക്രിസ്തീയതക്കാകമാനം നാണക്കേടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് “ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനല്ല” എന്നു പറഞ്ഞൊഴിയുവാന്‍ ദൈവം ആരെയും അനുവദിക്കുകയില്ല. 

സഹപ്രവര്‍ത്തകരുടെ നീക്കങ്ങളും, ബന്ധങ്ങളും, ഇടപാടുകളുമെല്ലാം അന്വേഷിക്കാനും അറിഞ്ഞിരിക്കാനുമുള്ള ഉത്തരവാദിത്വം ക്രിസ്തീയ നേതാക്കന്മാര്‍ക്കുണ്ട്. ആരെയും തെറ്റിനതീതരായി കാണരുത്. സംശയകരമായ ഏതൊരു  നീക്കത്തെയും അവഗണിക്കാതെ അതിനെ ഗൗരവമായി കൈകാര്യം ചെയ്യണം. വിശദീകരണം നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് ആര്‍ക്കും ഒഴിയാനാകില്ല. ശിഷ്യന്‍റെ  അനുചിതമായ നീക്കത്തിന്മേൽ  ഏലീശാ പ്രവാചകന്‍റെ കണ്ണുണ്ടായിരുന്നത് അതുകൊണ്ടാണ്.  നയമാന്‍റെ പണം മോഹിച്ച് വഴിവിട്ട്   സഞ്ചരിച്ച  ശിഷ്യന് ഒരാനുകൂല്യവും പ്രവാചകന്‍ നല്‍കിയില്ല. (2 രാജാ 5:25-27) “ഗേഹസിയേ , നീ എവിടെപ്പോയിരുന്നു ” എന്ന ചോദ്യം പോലെ ‘നിങ്ങൾ എന്തു ചെയ്യുകയായിരുന്നു , ഈ വരുമാനം എവിടെ നിന്നാണ് , ആ വ്യക്തിയുമായുള്ള ഇടപാട് എന്താണ് ”  എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടവ തന്നെയാണ്. കൂടെയുള്ളവര്‍ നേരത്തേ ചോദിച്ചാല്‍ ഒരുപക്ഷേ നിയമത്തിന്‍റെയും ലോകത്തിന്റെയും മുമ്പില്‍ തലമൂടി നില്‍ക്കുന്നത് ഒഴിവാക്കുവാന്‍ കഴിയും. 

സഹപ്രവര്‍ത്തകരുടെ ജീവിതത്തിന്മേല്‍ ശ്രദ്ധവേണം എന്നു മാത്രമല്ല എല്ലാ ക്രിസ്തീയ നേതാക്കന്മാരും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കണക്കുകൊടുക്കുവാന്‍ ബാധ്യസ്ഥരുമാണ്. തെറ്റു ചൂണ്ടിക്കാണിക്കുന്നവരോട്, “നിങ്ങളാരാണ് ചോദിക്കാന്‍ ” എന്ന ധാര്‍ഷ്ട്യമല്ല, ആരുടെ മുമ്പിലും തുറന്നു കാട്ടുവാന്‍ കഴിയുന്ന സുതാര്യതയാണ് ക്രിസ്തീയ നേതാവിന്‍റെ ആത്മധൈര്യം. ദുരൂഹതകളുടെ ഇരുള്‍മറകള്‍ക്കുള്ളിലല്ല എല്ലാവരും കാണുന്ന പകല്‍ വെളിച്ചത്തില്‍ ജീവിക്കുന്നതാണ് ക്രിസ്തു ശിഷ്യര്‍ക്ക് അഭികാമ്യം. ഗവണ്‍മെന്റിന്റെ മുമ്പിലും സഭാവിശ്വാസികളുടെ മുമ്പിലും എന്നു മാത്രമല്ല മുഴുലോകത്തിന്‍റെ മുമ്പിലും മറച്ചുവെക്കേണ്ടതില്ലാത്ത വ്യക്തിബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും സ്വകാര്യജീവിതവുമാണ് ദൈവശുശ്രൂഷകന്‍റെ മനസ്സാക്ഷിയുടെ ബലം. എന്തു ചെയ്യുന്നു, എന്തു പറയുന്നു എന്നു മാത്രമല്ല, എന്തു ചിന്തിക്കുന്നു എന്നതില്‍പ്പോലും സുതാര്യത പുലര്‍ത്താന്‍ ദൈവശുശ്രൂഷകര്‍ക്ക് കടമയുണ്ട്.  അപ്പൊസ്തലന്മാര്‍ നമുക്കു തന്ന മാതൃകയും അതായിരുന്നു.  “അതുകൊണ്ട് ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്യപ്പെടാതെ ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധയില്‍ സകല മനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ ബോധ്യമാക്കുന്നു ” (2 കൊരി 4:1-2) .  

കര്‍ത്താവ് ശിഷ്യന്മാരെ ഈരണ്ടു പേരായി അയച്ചതിന്‍റെ ഒരു ഉദ്ദേശ്യം പരസ്പരം കരുതുവാനും ശ്രദ്ധിക്കുവാനുമുള്ള ക്രമീകരണം എന്ന നിലയിൽ ആയിരിക്കണം. (ലൂക്കോ10:1) അപ്പൊസ്തലന്മാര്‍ ഈ  മാതൃക വിട്ടുവീഴ്ചകൂടാതെ നിര്‍വ്വഹിച്ചത് പുതിയനിയമചരിത്രത്തില്‍ നാം വായിക്കുന്നു. പത്രോസിനെ തിരുത്താന്‍ ഒരു പൗലോസിനെയും, പൗലോസിനെ ഉപദേശിക്കാന്‍ ഒരു യാക്കോബിനെയും നാം കാണുന്നത് അതുകൊണ്ടാണ്. നൂറു ശതമാനം ഹൃദയപ്പൊരുത്തം ഉള്ളവരെ കുടെക്കിട്ടാന്‍ പ്രയാസമാണെങ്കിലും ആരെങ്കിലും എപ്പോഴും കൂടെയിരിക്കുന്നതാണ് വീഴാതിരിക്കാനുള്ള വിവേകപൂര്‍വ്വമായ മുന്‍കരുതലുകളിലൊന്ന്. 

നമ്മുടെ തെറ്റുകളെ അവഗണിക്കുന്ന സഹായികളെക്കാള്‍ വേദനിപ്പിക്കുന്ന സുഹൃത്തുക്കളാണ് നല്ലത്. സ്തുതിപാഠകരായ വിശ്വസ്തരെക്കാള്‍ അലോസരമുണ്ടാക്കുന്ന വിമര്‍ശകരാണ് നല്ലത്. നമുക്കുവേണ്ടി കാപട്യം കാണിക്കുന്നവർ നമ്മോടും കാപട്യം കാണിക്കുമെന്ന് ഉറപ്പാണ്.

തെറ്റു തിരുത്തുക

മുളയിലേ നുള്ളിയിരുന്നെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാമായിരുന്ന എത്രയെത്ര വിപത്തുകള്‍ നമ്മുടെ അനുഭവത്തിലുണ്ട്. അതുപോലെ ആദ്യം തന്നെ കൈകാര്യം ചെയ്തതുകൊണ്ട് രക്ഷപെടുത്തുവാന്‍ കഴിഞ്ഞ അനേകരെയും നമുക്കറിയാമായിരിക്കും.  നേതാക്കന്മാരുടെയും സഹപ്രവര്‍ത്തകരുടെയും ബലഹീനതകള്‍ അവഗണിക്കാനും ജനം അറിഞ്ഞാല്‍ ന്യായീകരിക്കാനുമുള്ള പ്രവണത തെറ്റാണ്. അവയെ സ്നേഹപൂര്‍വ്വം ചുണ്ടിക്കാണിക്കാനും ഗൗരവപൂര്‍വ്വം തിരുത്തുവാനുമുള്ള ആര്‍ജ്ജവം  സഭക്കുണ്ടായിരിക്കണം. ദാവീദിന്‍റെ വഴിതെറ്റലിനെക്കുറിച്ചുള്ള സൂചനകള്‍ യോവാബ് അറിഞ്ഞിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. എന്നാല്‍  രാജാവിനെ തിരുത്തുന്നതിനു പകരം തെറ്റിനെ മൂടിവെക്കാന്‍ കൂട്ടുനിന്ന് ഊരിയാവിനെ കൊല്ലിക്കുന്ന യോവാബ്, പിന്നീട്  യുദ്ധത്തിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാന്‍ അതു വെച്ച് വിലപേശുന്നതാണ് നാം കാണുന്നത്. (1ശമു11:14-25) തെറ്റിനെ മൂടിവെക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കും എന്തെങ്കിലും സ്ഥാപിത താല്പര്യങ്ങള്‍ കാണാതിരിക്കില്ല. “ആ മനുഷ്യന്‍ നീ തന്നെ’ എന്ന് നിര്‍ഭയം വിരല്‍ ചൂണ്ടിപ്പറയുവാന്‍  ഒരു നാഥാന്‍ പ്രവാകന്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ദാവീദുരാജാവിന്‍റെ ശിഷ്ടചരിത്രം ശലോമോനു സമമാകുമായിരുന്നു. 

നമുക്കും തെറ്റുകള്‍ സംഭവിക്കുന്നു എന്നതാണ് മറ്റുള്ളവരുടെ തെറ്റുകള്‍ അവഗണിക്കാന്‍ ഒരു പ്രേരകം. നിങ്ങള്‍ ശരിയായിട്ടാണോ എന്നെ നന്നാക്കാന്‍ വരുന്നത്? എന്നു ചോദിക്കുമെന്ന് നാം ഭയപ്പെടുന്നു. എന്നാല്‍ അതൊക്കെ തെറ്റുകാരുടെ പ്രതിരോധ തന്ത്രങ്ങള്‍ മാത്രമാണ്. നൂറുശതമാനം നന്നായിട്ടല്ല ആരും ആരെയും തിരുത്തുന്നത്. പരസ്പരം തിരുത്തിയും പ്രോത്സാഹിപ്പിച്ചുമാണ് എല്ലാവരും മുന്നോട്ടുപോകുന്നത് എന്നു മനസ്സിലാക്കി തിരുത്താനും തിരുത്തപ്പെടാനും തയ്യാറാകുന്നവര്‍ക്കേ ക്രിസ്തീയജീവിതത്തില്‍ പുരോഗമിക്കാന്‍ കഴിയുകയുള്ളു. 

എന്നെ തിരുത്തേണ്ട എന്നു പറയുന്നവര്‍ നീ എന്നെ കഴുകേണ്ട എന്ന് കര്‍ത്താവിനോടു പറഞ്ഞ പത്രോസിനെപ്പോലെയാണ്.  കുളിച്ചവരെങ്കിലും ഈ മണ്ണില്‍ നടക്കുന്നിടത്തോളം കാലുകളില്‍ അറിഞ്ഞോ അറിയാതെയോ അഴുക്കു പുരളാന്‍ സാധ്യതയുണ്ട് എന്നറിയുന്നതുകൊണ്ടാണ് കാല്‍കഴുകുന്ന ദാസനായി അവിടുന്ന് നമുക്കു മുമ്പില്‍ കുനിഞ്ഞത്. പാപത്തിന്‍റെ കളങ്കങ്ങള്‍ കഴുകുവാന്‍ കര്‍ത്താവിനെ അനുവദിക്കാത്തിടത്തോളം അവിടുത്തെ വിശുദ്ധ ശുശ്രൂഷയില്‍ നമുക്ക് പങ്ക് ലഭിക്കുകയില്ല. 

സമ്മതിക്കാനുള്ള മനസ്സ്

ഒരു ന്യായീകരണവും പ്രതിരോധതന്ത്രവും കൂടാതെ തെറ്റു സമ്മതിക്കാനുള്ള മനസ്സാണ് ദാവീദിനെ ദൈവശുശ്രൂഷയില്‍ നിലനിര്‍ത്തിയത്. ദാവീദിന്റെ കുറ്റസമ്മതത്തിന്‍റെ ഹൃദയസ്പര്‍ശിയായ വാക്കുകളായ  51-ാം സങ്കീര്‍ത്തനം പ്രസിദ്ധമായതിനു കാരണം പാപം കളങ്കപ്പെടുത്തിയ ഏതൊരു ദൈവ വിശ്വാസിയുടെയും യോഗ്യമായ പ്രതികരണം അതുതന്നെയായിരിക്കുന്നതുകൊണ്ടാണ്. 

“ദൈവമേ,നിന്‍റെ ദയക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകണമേ:
നിന്‍റെ കരുണയുടെ ബഹുത്വപ്രകാരം എന്‍റെ  ലംഘനങ്ങളെ മായിച്ചുകളയണമേ.
എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കണമേ
എന്‍റെ പാപം പോക്കി എന്നെ വെടിപ്പാക്കണമേ.
എന്‍റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു;
എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പില്‍ ഇരിക്കുന്നു.
നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു;
നിനക്ക് അനിഷ്ടമായതു ചെയ്തിരിക്കുന്നു.”

ദാവീദുപോലും വീണില്ലേ എന്നു പറഞ്ഞ് ലജ്ജാകരങ്ങളായ പാപങ്ങളോട് മൃദു സമീപനം പുലര്‍ത്തുന്നവരുണ്ട്. എന്നാല്‍ ദാവീദിന്‍റേതെന്നല്ല ആരുടെയും പാപം നമുക്കും വീഴാനുള്ള ലൈസന്‍സല്ല, വീഴ്ചക്കെതിരെയുള്ള ഭയനിര്‍ദ്ദേശങ്ങളാണ്.  വീണവരുടെ ചരിത്രങ്ങൾ മാതൃകകളല്ല, മുന്നറിയിപ്പുകളാണ്. പാപത്തില്‍ പരാജയപ്പെട്ട ദാവീദുമാരല്ല, പാപത്തോടു പ്രാണത്യാഗത്തോളും പോരാടിയ ആയിരമായിരങ്ങളുടെ വീരചരിത്രങ്ങളാണ് നമുക്ക് മാതൃക. എന്നാല്‍ ആരെങ്കിലും പാപം ചെയ്തുപോയാല്‍ എറ്റുപറഞ്ഞ് ഉപേക്ഷിക്കുവാനുള്ള സന്നദ്ധതയാണ് അതുമൂടിവെച്ച് രക്ഷപെടാനുള്ള പെടാപ്പാടിനേക്കാള്‍ ഏറ്റവും അഭികാമ്യമെന്നതാണ് ദാവീദിന്‍റെ പാഠം. 

ഒരുകാര്യവും എല്ലാക്കാലവും എല്ലാവരില്‍നിന്നും മറച്ചുവെക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഇങ്ങനെയൊരു പ്രസ്താവനയുണ്ടല്ലോ : You might fool some of the people all of the time or all of the people some  of the time. But  you cannot fool all of the people all of the time. ഇന്ന് അല്ലെങ്കില്‍ നാളെ എല്ലാം വെളിച്ചത്തില്‍ വരും. ‘മൂടിവെച്ചത് ഒന്നും വെളിച്ചത്ത് വരാതെയും ഗൂഢമായതൊന്നും അറിയാതെയും ഇരിക്കയില്ല. ആകയാല്‍ നിങ്ങള്‍ ഇരുട്ടത്ത് പറഞ്ഞതൊക്കെയും വെളിച്ചത്ത് കേള്‍ക്കും. അറകളില്‍ വെച്ച് ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ ഘോഷിക്കും’ (ലൂക്കോസ് 12:2-3). പിന്നീട് പടിക്കപ്പെട്ട് അപമാനിതനാകുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് നേരത്തേ തെറ്റ് സമ്മതിച്ച് ശിക്ഷണങ്ങള്‍ക്ക് വിധേയനാകുന്നത്.

‘തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരുകയില്ല. ഏറ്റുപറഞ്ഞുപേക്ഷിക്കുന്നവനോ കരുണ ലഭിക്കും’ ( സദൃ 28:13).  താഴ്മയോടും ഹൃദയ വേദനയോടും കൂടെ , വന്നുപോയ തെറ്റുകള്‍ സമ്മതിക്കാനുള്ള മനസ്സുള്ളിടത്ത് ദൈവത്തിന്‍റെ കരുണയുണ്ടാകും. വീഴ്ചകളില്‍ നിന്ന് എഴുന്നേല്‍ക്കാനും ഒരുപക്ഷേ വീണ്ടും ദൈവകരങ്ങളില്‍ പ്രയോജനപ്പെടാനും കഴിയും. സംഭവിച്ചുപോയ തെറ്റുകള്‍ മാതൃകാപരമായി ഏറ്റുപറഞ്ഞ എത്രയെത്ര മനുഷ്യരുടെ ഉദാഹരണങ്ങളുണ്ട്. അതേസമയം മൂടിവെക്കാന്‍ വ്യര്‍ത്ഥമായി ശ്രമിച്ച് അവസാനം പിടിക്കപ്പെട്ട്, സഭക്കും സമൂഹത്തിനും അപമാനമായവരുടെ നീണ്ട പട്ടികയും നമുക്കു മുന്നിലുണ്ട്. 

ക്രിസ്തു എന്ന അടിസ്ഥാനം

ക്രിസ്തീയതയുടെ ചരിത്രം വീണുപോയവരുടെ ചരിത്രം കൂടിയാണ്. ക്രിസ്തുവിനെ ഒററിക്കൊടുത്ത യൂദാസ് മുതല്‍ ഇന്നയോളമുള്ള ക്രൈസ്തവ ചരിത്രത്തിൽ പരാജിതരുടെയും, വഞ്ചകരുടെയും, തന്ത്രശാലികളുടെയും, വഷളന്മാരുടെയും, ദുഷ്ടന്മാരുടെയും , ദുരുപദേഷ്ടാക്കളുടെയുമെല്ലാം കഥകളുണ്ട്. അവരെയൊന്നും  മറച്ചുവെക്കാനോ , വെള്ളപൂശാനോ ബൈബിൾ എഴുത്തുകാർ ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറ പാപികളായ മനുഷ്യ പുത്രന്മാരല്ല, പാപരഹിതനായ ദൈവപുത്രനാണ് ; പാപം ചെയ്യുന്ന മനുഷ്യരല്ല, പാപം പരിഹരിക്കുന്ന ദൈവമാണ്.

പൗലോസ് കൊരിന്ത്യ ലേഖനത്തില്‍ എഴുതി: ‘എനിക്കു ലഭിച്ച ദൈവകൃപയ്ക്കൊത്തവണ്ണം ഞാന്‍ ജ്ഞാനമുള്ള പ്രധാന ശില്‍പിയായി  അടിസ്ഥാനമിട്ടിരിക്കുന്നു. മറ്റൊരുത്തന്‍ മീതെ പണിയുന്നു. താന്‍ എങ്ങനെ പണിയുന്നു എന്ന് ഒരോരുത്തന്‍ നോക്കിക്കൊള്ളട്ടെ. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നിടുവാന്‍ ആര്‍ക്കും കഴിയുകയില്ല’(1കൊരി3:10-11).

ദൈവപരിപാടിയുടെ അടിത്തറ പ്രസംഗകരല്ല, സംഘടനകളല്ല, നേതാക്കളുമല്ല;  കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്. മനുഷ്യര്‍ക്കും  പ്രസ്ഥാനങ്ങള്‍ക്കും സഭകള്‍ക്കുമെല്ലാം വീഴ്ചകള്‍ സംഭവിക്കാം; ദയനീയമായി പരാജയപ്പെടാം. നാം ആദരിച്ചവരും ആശ്രയിച്ചവരുമായ മനുഷ്യർ നമ്മെ നിരാശരാക്കാം. എന്നാല്‍ ക്രിസ്തു ഒരുനാളും പരാജയപ്പെടുകയില്ല;  സുവിശേഷം നിരര്‍ത്ഥകമാവുകയില്ല. മാനുഷികമായ എല്ലാ പരാജയങ്ങളെയും ദൈവപരിപാടി അതിജീവിക്കും. കാരണം  പാതാളഗോപുരങ്ങള്‍ക്ക് പരാജയപ്പെടുത്താന്‍ കഴിയാത്തവിധം അത് പണിയപ്പെട്ടിരിക്കുന്നത് യേശുക്രിസ്തു എന്ന പാറമേലാണ്. ആ അടിസ്ഥാനത്തിന്മേൽ ഓരോരുത്തരും പണിതുയർത്തുന്ന നിർമ്മിതികൾ നിഷ്പ്രയോജനമാകാം. എന്നാൽ അടിസ്ഥാനം ഭദ്രമാണ്. 

‘ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്‍റെ പ്രവൃത്തി വെളിപ്പെട്ടുവരും . ആ  ദിവസം അതിനെ തെളിവാക്കും; അത്  തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്‍റെ പ്രവൃത്തി ഇന്നവിധം എന്ന് തീ തന്നെ ശോധന ചെയ്യും. ഒരുത്തന്‍ പണിത പ്രവൃത്തി നിലനിൽക്കുമെങ്കില്‍ അവന് പ്രതിഫലം കിട്ടും. ഒരുത്തന്‍റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവന് ചേതം വരും’  (2 കൊരി 3:12-15).

ക്രിസ്തുവിന്റെ പേരിൽ  മനുഷ്യർ ചെയ്യുന്ന കാര്യങ്ങളും , അവരുടെ പ്രവൃത്തികളുടെ ഉദ്ദേശശുദ്ധിയും , ഹൃദയരഹസ്യങ്ങളും അറിയുന്നതിന് നമുക്ക് പരിമിതികളുണ്ട്. എന്നാൽ അവയുടെയെല്ലാം ശരിതെറ്റുകൾ വസ്തുനിഷ്ഠമായി  വിലയിരുത്തപ്പെടുന്ന ഒരു ദിവസമുണ്ട്. മനുഷ്യരാരും അംഗീകരിച്ചില്ലെങ്കിലും ശരിയായവ നിലനില്‍ക്കും. ആരൊക്കെ ന്യായീകരിച്ചാലും തെറ്റായവ വലിയ നഷ്ടങ്ങളായി ഭവിക്കും.  ഒരോരുത്തരും കണക്കു കൊടുക്കേണ്ട ഒരു ദിവസമുണ്ട്; സര്‍വ്വ രഹസ്യങ്ങളും വെളിച്ചത്തില്‍ വരുന്ന ഒരു ന്യായവിധി ദിവസം. മനുഷ്യർക്ക് പിടികൊടുക്കാതിരിക്കാൻ തന്ത്രശാലികൾക്ക് കഴിഞ്ഞേക്കാം. എന്നാൽ ദൈവത്തെ കബളിപ്പിക്കാൻ ആർക്കും കഴിയില്ല.

വേരുകൾ ശുഷ്കമായ വന്‍മരങ്ങള്‍ പലതും പ്രലോഭനങ്ങളുടെ പെരുങ്കാറ്റില്‍ സ്വാഭാവികമായും കടപുഴകുമ്പോള്‍ നമുക്കോര്‍ക്കാം, ‘ ദൈവത്തിന്‍റെ സ്ഥിരമായ അടിസ്ഥാനം നിലനില്‍ക്കുന്നു. കര്‍ത്താവ് തനിക്കുള്ളവരെ അറിയുന്നു എന്നും കര്‍ത്താവിന്‍റെ നാമം ഉച്ചരിക്കുന്നവര്‍ അനീതി വിട്ടകന്നു കൊള്ളട്ടെ എന്നുമാകുന്നു അതിന്‍റെ മുദ്ര.’ (2തിമോ2:19).

Joseph Panachiyil
Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular