ഒരുപാട് സന്ദേശങ്ങള്‍ ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്റെ പുനരുത്ഥാനംപോലെ ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സന്ദേശം ഉണ്ടായിരിക്കുകയില്ല. കഴിഞ്ഞ രണ്ടായിരത്തോളം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനശില പുനരുത്ഥാനമാണ്. എന്നാല്‍ ആ ക്രിസ്തുവിനെ പ്രസംഗിക്കാന്‍ അപ്പൊസ്തലന്മാരെ നിര്‍ബന്ധിച്ചതും വിശ്വസിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചതും ക്രിസ്തുമരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്ന യാഥാര്‍ത്ഥ്യമാണ്. പുനരുത്ഥാനമില്ലായിരുന്നു എങ്കില്‍ ക്രിസ്തുവിന്റെ ചരിത്രം ജോസഫിന്റെ കല്ലറയില്‍ എന്നേക്കുമായി അവസാനിക്കുമായിരുന്നു. ഇന്നും ക്രിസ്തീയ വിശ്വാസം നില്‍ക്കുകയോ വീഴുകയോ ചെയ്യുന്നത് പുനരുത്ഥാനത്തിന്റെ വിശ്വാസ്യതയെ ആശ്രയിച്ചാണ്.
യേശുക്രിസ്തുവിനെ മാതൃകയാക്കാനോ അവിടുത്തെ പഠിപ്പിക്കലുകളാല്‍ സ്വാധീനിക്കപ്പെടുവാനോ പുനരുത്ഥാനത്തില്‍ വിശ്വസിക്കേണ്ട ആവശ്യമില്ല. ഗാന്ധിയേയോ, മാര്ക്സിനേയോപോലെ യേശുവിനെ ഗുരുവായും മാര്‍ഗ്ഗദര്‍ശിയായും അംഗീകരിക്കുന്ന അനേകര്‍ ലോകത്തിലുണ്ട്. എന്നാല്‍ യേശുവില്‍ വിശ്വാസമര്‍പ്പിച്ച് ആത്മരക്ഷ പ്രാപിക്കുവാന്‍ യേശുവിന്റെ പുനരുത്ഥാനം വിശ്വസിച്ചേ മതിയാവുകയുള്ളു. കാരണം മരിച്ചു മണ്മറഞ്ഞു പോയവനെ രക്ഷക്കായി ശരണപ്പെടുവാനോ അവിടുത്തെ കര്‍ത്താവായി അംഗീകരിക്കാനോ കഴിയുകയില്ല. അവിടുന്നു ജീവിക്കുന്ന കര്‍ത്താവാണ് എന്ന തിരിച്ചറിവില്‍ നിന്ന് മാത്രമേ ആ വിശ്വാസം ഉടലെടുക്കുകയുള്ളു. ക്രിസ്തുവിനെ വിശ്വസിക്കുന്നവരും വിശ്വസിച്ചവരുമായ എല്ലാവരും ക്രിസ്തു പുനുരുത്ഥാനംചെയ്ത് ജീവിക്കുന്നു എന്നത് ചരിത്രസത്യമായി അംഗീകരിക്കുന്നവരാണ്.
ക്രിസ്തുവിന്റെ പുനരുത്ഥാനം യഥാര്‍ത്ഥ ചരിത്രമാണങ്കില്‍ അതിന്റെ വിവക്ഷകള്‍ അതീവ ഗൗരവമാണ്. ഒരര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ പുനരുത്ഥാനം സമ്മതിക്കുന്നത് ക്രിസ്തീയ വിശ്വാസം അപ്പാടെ ശരിയെന്ന് അംഗികരിക്കുന്നതിന് തുല്ല്യമാണ്. അതംഗികരിച്ചാല് മരണാന്തരജീവിതവും, ബൈബിളിന്റെ ദൈവനിശ്വാസ്യതയും, ക്രിസ്തുവിന്റെ സര്വ്വോല്കൃഷ്ടതയുമെല്ലാം സ്വാഭാവികമായും അംഗീകരിക്കേണ്ടിവരും. പുനരുത്ഥാനത്തിന്റെ നിസ്തുല്യമായ ഈ പ്രാധാന്യം നിമിത്തമാണ് അത് നിഷേധിക്കുവാന്‍ അവിശ്വാസലോകം എന്നും ശ്രമിച്ചിട്ടുള്ളത്.
എതിര്‍വാദങ്ങള്‍
പുനരുത്ഥാനത്തെ തിരസ്കരിക്കുവാന്‍ മനുഷ്യര്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങള്‍ പൊതുവേ മൂന്നു ഗണത്തില്‍ ഉള്‍പ്പെടുത്താം. ഒന്ന് ബൈബിള്‍ രേഖകള്‍ തിരുത്തപ്പെട്ടവയാണ് എന്ന അഭിപ്രായം. രണ്ട്, അപ്പൊസ്തലന്മാര് ലോകത്തെ കബളിപ്പിക്കുകയായിരുന്നു എന്ന ആരോപണം. മൂന്ന്, ബൈബിള്‍ ചരിത്രമേയല്ല വെറും ഐതിഹ്യമോ കഥയോ മാത്രമാണ് എന്ന ചിന്താഗതി.
പുതിയ നിയമത്തെ ചരിത്രമായി അംഗീകരിക്കുകയും അതേ സമയം അതിലെ ക്രിസ്തുവിനെ നിഷേധിക്കുകയും ചെയ്യുന്ന ഇസ്ലാം മത വിശ്വാസികളെപ്പോലുള്ളവര് പുനരുത്ഥാനത്തെ നിഷേധിക്കുവാന്‍ വേണ്ടി ക്രിസ്തു മരിച്ചു എന്ന പുതിയ നിയമത്തിന്റെ കേന്ദ്ര പ്രമേയം തന്നെ തിരുത്തപ്പെട്ടതാണ് എന്ന് പറയുന്നവരാണ്. ക്രിസ്തു യഥാര്‍ത്ഥത്തില്‍ മരിച്ചില്ല; ആള്‍മാറാട്ടം നടത്തി യൂദാസോ മറ്റാരെങ്കിലുമാണ് പകരം മരിച്ചതെന്ന് വരെ പറയാന്‍ അവരില്‍ ചിലര്‍ ധൈര്യപ്പെടാറുണ്ട്. മറ്റൊരു പക്ഷം ക്രിസ്തു യഥാര്‍ത്ഥത്തില്‍ മരിച്ചിരുന്നില്ലെന്നും കല്ലറയുടെ തണുപ്പില്‍ അബോധാവസ്ഥ അതിജീവിച്ച് കല്ലുരുട്ടിമാറ്റി പുറത്തു വന്ന് ശിഷ്യന്മാര്ക്ക് പ്രത്യക്ഷനാവുകയായിരുന്നു എന്ന് പറയുന്ന മോഹാലസ്യ സിദ്ധാന്തം മുറുകെ പ്പിടിക്കുന്നവരാണ്. എന്നാല്‍ പുനരുത്ഥാനത്തെ നിഷേധിക്കുവാന്‍ ക്രിസ്തുവിന്റെ ക്രൂശുമരണം സംബന്ധിച്ച് ബൈബിള്‍ മാത്രമല്ല സമകാലിക റോമന്‍ എഴുത്തുകാര്‍വരെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സുവ്യക്തമായ എല്ലാ പരാമര്ശനങ്ങളെയും അവര്‍ക്ക് തള്ളിക്കളയേണ്ടിവരുന്നു. ഇസ്ലാമിക ആശയങ്ങളോട് പൊരുത്തപ്പെടുത്തുവാന് ഖുറാന് ആറ് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ എഴുതപ്പെടുകയും അക്കാലത്തു തന്നെ ലോകത്തിലെ വിവിധസ്ഥലങ്ങളില്‍ പ്രചരിക്കയും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്ത പുതിയ നിയമത്തിന്റെ സകല കയ്യെഴുത്തു പ്രതികളും ഏകകണ്ഠമായി പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ തിരുത്തപ്പെട്ടവയാണെന്ന് പറയുന്നതിലെ പൊരുത്തക്കേട് മനസ്സിലാക്കാന്‍ ഒരുപാട് ബുദ്ധിശക്തി ആവശ്യമില്ല.
ശിഷ്യന്മാര് ക്രിസ്തുവിന്റെ ശരീരം മോഷ്ടിച്ചെടുത്ത ശേഷം അവന് പുനരുത്ഥാനം ചെയ്തു എന്ന് പ്രസംഗിക്കുകയായിരുന്നു എന്നതാണ് മറ്റൊരു വാദം. യേശുവിന്റെയോ അവിടുത്തെ ശിഷ്യന്മാരുടെയോ സ്വഭാവവും അവരുടെ ഉപദേശങ്ങളുടെ നിലവാരവും മനസ്സിലാക്കുന്നവര്‍ക്ക് ഇതുപോലൊരു വഞ്ചനയുടെമേലാണ് അവരുടെ ഉപദേശ സത്യങ്ങള്‍ പടുത്തുയര്‍ത്തിയത് എന്ന് സമ്മതിക്കാന്‍ കഴിയുകയില്ല. ഇനി ശിഷ്യന്മാര് വഞ്ചകരായിരുന്നു എന്നു വന്നാല്‍ തന്നെ കിസ്തു ഉയിര്ത്തെഴുന്നേറ്റിരുന്നില്ലെങ്കില്, തങ്ങൾ വഞ്ചിതരായി എന്നു മനസ്സിലാക്കി അവരവരുടെ പൂർവ്വകാലജീവിത രീതികളിലേക്ക് മടങ്ങുകയല്ലാലെ ഒരുമിച്ചുനില്‍ക്കേണ്ട യാതൊരു സ്ഥാപിതതാല്പര്യവും അവര്‍ക്കുണ്ടായിരുന്നുമില്ല. തന്നെയുമല്ല,പിടിച്ചുവെക്കേണ്ടതായി ഈ ലോകപ്രകാരമുള്ള സമ്പത്തോ സ്ഥാപനങ്ങളോ പദവികളോ ഒന്നും യേശു അവര്‍ക്ക് നല്കിയിരുന്നുമില്ല. അപ്പോള്‍പ്പിന്നെ മരിച്ചുമണ്മറഞ്ഞവനെ ഉയിര്‍ത്തു ജീവിക്കുന്നവനായി പ്രസംഗിക്കുവാനും ആ പ്രസംഗത്തിനുവേണ്ടി മരിക്കുവാനും അവരെ പ്രേരിപ്പിച്ച കാരണം മറ്റെന്തായിരുന്നു എന്ന് ശിഷ്യന്മാരില് വഞ്ചന ആരോപിക്കുന്നവര്‍ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.
പുനരുത്ഥാന നിഷേധകര്‍ അവതരിപ്പിക്കുന്ന മറ്റൊരു വാദമാണ് ഹലുസിനേഷന്‍ തിയറി. ശിഷ്യന്മാര് ആത്മാര്‍ത്ഥതയുള്ളവരായിരുന്നു. പക്ഷേ അവര്‍ മായാവിഭ്രമത്തിന് അടിമപ്പെടുകയായിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് മാത്രമോ, ഒരു തവണ മാത്രമോ ആയിരുന്നു ആ ദര്‍ശനമെങ്കില്‍ അത് അപ്രകാരമൊരു മാനസിക വിഭ്രമമായിരുന്നു എന്ന് പറയാം. എന്നാല്‍ പുതിയ നിയമം പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള പതിമൂന്നോളം പുനരുത്ഥാന പ്രത്യക്ഷതകളില്‍ രണ്ടോ മൂന്നോ ഒഴികെ എല്ലാം ഒന്നിലധികം ആളുകള്‍ക്കു സമൂഹമായുള്ള പ്രത്യക്ഷതകളാണ്. മനുഷ്യര്‍ സമൂഹമായി മാനസിക വിഭ്രാന്തിക്കടിമപ്പെടുക എന്നത് തന്നെ മനശ്ശാസ്ത്രപരമായി നിലനില്‍ക്കുന്ന വാദമല്ല. നാല്പതോളം നാളുകള്‍ കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷനായി എന്നു മാത്രമല്ല ഒരു തവണ 500ല്‍ അധികം സഹോദരന്മാര്ക്ക് ഒരുമിച്ച് പ്രത്യക്ഷനായി എന്നും പറഞ്ഞിരിക്കുന്നു (1 കൊരി15:6). അവയെയെല്ലാം മായാദര്ശനങ്ങളുടെ പരമ്പരയാക്കി മാറ്റുന്നതിനേക്കാള്‍ പുതിയനിയമം ചരിത്രമേയല്ല എന്ന് പറയുന്നതാണ് എളുപ്പം.
പുതിയ നിയമം ചരിത്രമല്ല വെറും ഐതിഹ്യമാണ് എന്നതാണ് ലിബറല്‍ ചിന്തകര്‍ ഉയര്‍ത്തുന്ന വാദഗതി. ഐതിഹ്യങ്ങള്‍ രൂപപ്പെടുന്നത് ദശാബ്ദങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രസംഗിക്കപ്പെട്ടതും ശിഷ്യന്മാരുടെ സമൂഹം രൂപപ്പെട്ടതും അവിടുത്തെ മരണം നടന്ന് ഉടന്‍തന്നെയാണ്. പുതിയ നിയമഗ്രന്ഥങ്ങളായ പൗലോസിന്റെ ലേഖനങ്ങളെങ്കിലും ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ത്തന്നെ എഴുതിയവയാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. കൊരിന്ത്യലേഖനത്തില്‍ (എ ഡി 56) പൗലോസ് പുനരുത്ഥാനത്തെക്കുറിച്ച് എഴുതുന്നത് അത് പ്രസംഗിക്കപ്പെട്ടു വരുന്ന സന്ദേശമായാണ്. പുനരുത്ഥാനം പില്ക്കാലത്ത് ക്രിസ്ത്യാനികള്‍ പ്രചരിപ്പിച്ച കഥയാണെങ്കില്‍ ഇതു പ്രചരിപ്പിച്ച ക്രിസ്തീയ സമൂഹം തന്നെ എങ്ങനെയുണ്ടായി? ക്രൂശില്‍ തൂക്കപ്പെട്ട ഒരു മനുഷ്യനെ വിശ്വസിക്കാന്‍ മാത്രമല്ല അദ്ദേഹത്തിനു വേണ്ടി മരിക്കാന്‍ എന്തിനാണ് ആ മനുഷ്യര്‍ തയ്യാറായത്? പിലാത്തോസ് ക്രൂശിച്ചുകൊന്ന ഭിക്ഷാംദേഹിയായ ഒരു മനുഷ്യനെ ദൈവമായി ആരാധിക്കാന്‍ കടുത്ത ഏകദൈവവിശ്വാസികളായ ഒരു കൂട്ടം യഹൂദന്മാരെ പ്രേരിപ്പിച്ചത് പുനരുത്ഥാനമല്ലെങ്കില് പിന്നെ മറ്റെന്താണ്? കടുത്ത പീഡനങ്ങളുടെ മധ്യത്തിലും പൂര്‍ണ്ണ സഹിഷ്ണുതയോടെ ക്രിസ്തുവിനെ മുറുകെപ്പിടിച്ചതിന് അവിടുന്നു ജീവിക്കുന്നു എന്ന ഉത്തമ ബോധ്യമല്ലാതെ മറ്റെന്തു വിശദീകരണമാണ് നല്‍കുക.? നുണകള്ക്കുവേണ്ടി മറ്റുള്ളവരെ കൊല്ലുന്നത് മനസ്സിലാക്കാം . പക്ഷേ സ്വയം കെട്ടിച്ചമയ്ക്കുന്ന നുണകള്‍ക്കു വേണ്ടി ഒരാൾ മരിക്കാൻ തയ്യാറാകുന്നത് അസംഭവ്യമാണ്.
മിത്തുകളെ ഒന്നുകില്‍ മിത്തുകളായി കണക്കാക്കുക, അല്ലെങ്കില്‍ അവയെ അര്‍ത്ഥശൂന്യമായി തള്ളിക്കളയുക ..ഇവ രണ്ടിലേതെങ്കിലുമൊന്ന് ചെയ്യാതെ ഈ ആധുനിക കാലത്തും ചിന്തിക്കുന്ന മനുഷ്യര്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റത് ചരിത്രസത്യമാണ് എന്ന് പറയാന്‍ തയ്യാറാകുന്നതിനു കാരണം തെളിവുകളുടെ സമ്മര്‍ദ്ദം തന്നെയാണ്. പുനരുത്ഥാനത്തിനെതിരെയുള്ള വാദങ്ങള്‍ പരസ്പരം എതിരാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അതായത് ഹലൂസിനേഷന് ശരിയാകണമെങ്കില്‍ മോഹാലസ്യവാദവും ഐതിഹ്യവാദവും തെറ്റാകണം. അതുപോലെ ഐതിഹ്യവാദം ശരിയാകണമെങ്കില്‍ മോഹാലസ്യവാദവും ഹലൂസിനേഷനും തെറ്റാകണം. അതുപോലെ മോഹാലസ്യവാദം ശരിയാകണമെങ്കില്‍ മറ്റുള്ളവ രണ്ടും തെറ്റാണെന്ന് സമര്‍ത്ഥിക്കണം. ചുരുക്കത്തില്‍ യുക്തിക്കു നിരക്കാത്ത ഈ വാദഗതികളെല്ലാം പരസ്പരം നെഗേറ്റ് ചെയ്യുന്നവ കുടിയാണ്.
ശാസ്ത്ര വസ്തുതകള്‍പോലെ ചരിത്രസത്യങ്ങളെ ആവര്‍ത്തിച്ച് കാണിക്കുവാന്‍ കഴിയുകയില്ല എന്ന് നമുക്കറിയാം. എന്നാല്‍ ഏതൊരു ചരിത്രയാഥാര്ത്ഥ്യത്തിന്റെയും നിജസ്ഥിതി പരിശോധിക്കുന്ന പൊതു സമ്മതമായ അളവുകോലുകളുണ്ട്. ദൃക്സാക്ഷിമൊഴികള്‍, മൊഴികളുടെ സ്വഭാവം, സാക്ഷികളുടെ വിശ്വാസ്യത, ഉദ്ദേശ്യ ശുദ്ധി, പരസ്പരപ്പൊരുത്തം മുതലായ മാനദണ്ഡങ്ങള്‍ വെച്ച് യേശുവിന്റെ പുനരുത്ഥാനവിവരണങ്ങളെ വിശകലനം ചെയ്താല്‍ അതിനെ ഈജിപ്തിലെ ഒസിറിസിനെയോ, ഗ്രീസിലെ ഫീനിക്സിനെയോപോലെയുള്ള ഐതിഹ്യങ്ങളുടെ ഗണത്തിലുള്പ്പെടുത്തുവാന് ആദ്യനൂററാണ്ടിലെ കേള്‍വിക്കാര്‍ക്ക് കഴിയാതിരുന്നതുപോലെ യുക്തിസഹമായി കാര്യങ്ങളെ വിലയിരുത്തന്നവര്ക്ക് ഇക്കാലത്തും കഴിയുകയില്ല.
വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍
പുനരുത്ഥാനത്തിനെതിരായ വാദങ്ങളൊന്നും സൂക്ഷ്മ പരിശോധനയില്‍ നിലനില്‍ക്കുന്നതല്ല എന്ന് ബോധ്യപ്പെട്ടാലും പുനരുത്ഥാനത്തെ ചരിത്രസത്യമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ കാരണം നാസ്തികമോ മതപരമോ ആയ മുന്‍വിധികളോ, അതല്ലെങ്കില്‍ പുനരുത്ഥാനം ആവശ്യപ്പെടുന്ന ആത്മീയ-ധാര്‍മ്മിക പ്രതികരണങ്ങളോടുള്ള വിയോജിപ്പുകളോ ആണ്.
ഭൗതികതക്ക് അതീതമായ ഒരു യാഥാര്‍ത്ഥ്യവുമില്ല എന്ന മുന്‍വിധിയാണ് വിമര്‍ശങ്ങളുടെ ഒരു പ്രധാന കാരണം. ദൈവം, ആത്മാവ് തുടങ്ങിയ കാര്യങ്ങളെ നിഷേധിക്കുന്ന മനസ്ഥിതിയോടെ പുനരുത്ഥാനത്തെ സമീപിച്ചാല്‍ അനിഷേധ്യമായ തെളിവുകള്‍ ഹാജരാക്കിയാലും അതു അംഗീകരിക്കുവാന്‍ അവരുടെ ലോകവീക്ഷണത്തിന്റെ മുന്‍വിധി സമ്മതിക്കയില്ല. പുനരുത്ഥാനം അംഗീകരിച്ചു കൊടുത്താല്‍ പ്രകൃത്യാതീത യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കേണ്ടിവരും. ചില മുന്‍ധാരണകളുടെ കണ്ണടകളിലുടെയാണ് എല്ലാക്കാര്യങ്ങളും വിശകലനം ചെയ്യപ്പെടുന്നതെന്ന് സമ്മതിച്ചാല്‍ തന്നെയും ആ ധാരണകളെ തെളിവുകളുടെ വെളിച്ചത്തില്‍ പുനക്രമീകരണം ചെയ്യാനുള്ള മനസ്സാണ് എല്ലാ പുരോഗതികളുടെയും അടിസ്ഥാനം. തെളിവുകളുടെ നിര്‍ബന്ധത്താല്‍ പ്രായോഗിക ജീവിതത്തില്‍ മാത്രമല്ല ശാസ്ത്രത്തിലും മനശ്ശാസ്ത്രത്തിലുമെല്ലാം ഈ വക പൊളിച്ചെഴുത്തുകള്‍ സംഭവിക്കുന്നു. യേശുവിന്റെ പുനരുത്ഥാനത്തിനുള്ള സാക്ഷിമൊഴികള്‍ തള്ളിക്കളയാന്‍ ന്യായമായ കാരണങ്ങളൊന്നും ഇല്ലെന്നത് നാച്ചുറലിസ്റ്റിക് ലോകവീക്ഷണത്തിന്റെ നിലനില്‍പ്പ് തന്നെയാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ വിശ്വസിക്കുകയില്ല എന്ന് നിര്‍ബന്ധം പിടിക്കുന്നവരെ സമ്മതിപ്പിക്കാന്‍ തെളിവുകള്‍ കൊണ്ട് മാത്രം കഴിയുകയില്ല.
യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ചരിത്രമാണെങ്കില്‍ അത് അനിവാര്യമാക്കുന്ന ആത്മീക, ധാര്‍മ്മിക വിവക്ഷകള്‍ നിര്‍ണ്ണായകമാണ്. ഒന്നാമതായി മരണം മനുഷ്യജീവിതത്തിന്റെ പൂര്‍ണ്ണവിരാമമല്ല എന്ന് അത് തെളിയിക്കുന്നു. ജീവിതത്തിന്റെ സകല നേട്ടങ്ങളെയും നിരര്‍ത്ഥകമാക്കുന്ന മരണത്തിനപ്പുറത്ത് ഒരു ജീവിതം സാധ്യമാണ് എന്നതിനുള്ള അനിഷേധ്യ തെളിവാകും ക്രിസ്തുവിന്റെ തുറക്കപ്പെട്ട കല്ലറ. അപ്രകാരം ഒരു ജീവിതമുണ്ടെങ്കില്‍ അതു ഉറപ്പാക്കുന്നതും അതിന്റെ വെളിച്ചത്തില്‍ ഈ ജീവിതം ജീവിക്കുന്നതുമാണ് ഏതു മനുഷ്യനെ സംബന്ധിച്ചും ഏറ്റവും ബുദ്ധിപൂര്‍വ്വമായ തീരുമാനം എന്ന് വരുന്നു. ക്രിസ്തുശിഷ്യരുടെ ജീവിതത്തെ സ്വര്ഗ്ഗോന്മുഖമാക്കുന്നത് നിത്യജീവനെ സംബന്ധിച്ച ഈ തിരിച്ചറിവാണ്.
പുനരുത്ഥാനത്തിന്റെ ചരിത്ര സാധുത ക്രിസ്തുവിനെ ലോകചരിത്രത്തിലെ നിസ്തുല്യനായ വ്യക്തിത്വമാക്കുന്നു. ക്രിസ്തുവിനെ ക്രൂശിച്ച യഹൂദന്മാരുടെ വെല്ലുവിളിയിതായിരുന്നു; ” നീ ദൈവപുത്രനെങ്കില്‍ ക്രൂശില്‍ നിന്നിറങ്ങിവാ.”ക്രിസ്തു അങ്ങനെ ചെയ്തിരുന്നു എങ്കില്‍ എത്ര ചെയ്തിട്ടും യഹൂദന്മാരെ വിശ്വസിപ്പിക്കാന്‍ കഴിയാതിരുന്ന അത്ഭുതങ്ങളുടെ കൂട്ടത്തില്‍ ഒരത്ഭുതം കൂടിയാകുമായിരുന്നു അതെന്നല്ലാതെ കാര്യമായൊന്നും അവര്‍ക്കെന്നല്ല ലോകത്തിനുതന്നെ സംഭവിക്കുമായിരുന്നില്ല. എന്നാല്‍ മരിച്ച് മൂന്നാംനാള്‍ ക്രിസ്തു ഇറങ്ങി വന്നത് കുരിശില്‍ നിന്നല്ല, മനുഷ്യവര്‍ഗ്ഗത്തെ ഒന്നടങ്കം അടച്ചുപൂട്ടിയിരുന്ന മരണത്തിന്റെ തടവറയില്‍ നിന്നാണ്. അവിടുന്ന് ജയിച്ചത് ,തന്നെ കുരിശില്‍ത്തറച്ച റോമന്‍ ഭരണാധകാരിയെയല്ല,മരണാധികാരിയായ പിശാചിനെയാണ്. യഹൂദരുടെ വെല്ലുവിളി ഏറ്റെടുത്ത് കുരിശില്നിന്നിറങ്ങിയാല് അവിടുന്ന് മരണത്തില്‍നിന്ന് രക്ഷ പെടുമായിരുന്നു. എന്നാല്‍ അതിന് തയ്യാറാകാതെ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റത് ക്രിസ്തുവിനെ മാനവജാതിയുടെ മുഴുവന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നിയന്താവാക്കിത്തീര്ത്തു. അതുകൊണ്ട് ഏതൊരു ലോകനേതാവില്നിന്നും വ്യത്യസ്തമായി യേശുക്രിസ്തുവിനെ മുഴുലോകവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ക്രിസ്തുവിന്റെ അത്യന്തം അസാധാരണമായ അവകാശവാദങ്ങളെല്ലാം സത്യമായിരുന്നു എന്നതിന്റെ മുദ്രയാണ് അവിടുത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. യേശുവിനെ ദൈവപുത്രനെന്ന് വിശ്വസിക്കാന്‍ മടിച്ച യഹൂദന്മാര് അതിന് തെളിവായി ഒരു അടയാളം ചോദിക്കുന്നത് മത്തായി 12:38-40 വാക്യങ്ങളില്‍ നാം വായിക്കുന്നു. അതിനു കര്‍ത്താവു നല്കിയ മറുപടിയിതായിരുന്നു : “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു. യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റില്‍ മൂന്നുരാവും മൂന്നു പകലും ഇരുന്നതുപോലെ മനഷ്യപുത്രന്‍ മൂന്നുരാവും മൂന്നുപകലും ഭൂമിക്കുള്ളില്‍ ഇരിക്കും. ” ക്രിസ്തു ദൈവപുത്രനാണെന്നതിന് ലോകത്തിനുള്ള ആത്യന്തിക തെളിവ് അവിടുത്തെ പുനരുത്ഥാനമാണെന്നാണ് ക്രിസ്തു അസന്ദിഗ്ദമായി വ്യക്തമാക്കിയത്. പുനരുത്ഥാനം ചരിത്രസത്യമാണെങ്കില്‍ യേശു പറഞ്ഞകാര്യങ്ങളില്‍ ഒരു വള്ളിയോ പുള്ളിയോ പോലും നാം സംശയിക്കേണ്ടതില്ല.
അപ്പൊസ്തലന്മാരെ സംബന്ധിച്ചിടത്തോളം യേശുവിന്റെ പുനരുത്ഥാനം സംബന്ധിച്ച ഉറപ്പ് അവരുടെ ജീവിതത്തെ സമൂലം രൂപാന്തരപ്പെടുത്തിയെന്ന് മാത്രമല്ല പുനരുത്ഥാനസംഭവത്തിന്റെ ആധികാരിക സാക്ഷികളായി അവര്‍ തീരുക കൂടിയായിരുന്നു. മത്ഥിയാസിനെ തെരഞ്ഞെടുക്കുമ്പോള്‍ പത്രോസ് പറഞ്ഞത് അതാണ്. “ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്റെ സ്നാനം മുതല്‍ നമ്മെ വിട്ട് ആരോഹണം ചെയ്ത നാള്‍വരെ നമ്മുടെയിടയില്‍ സഞ്ചരിച്ചു പോന്ന കാലത്തെല്ലാം ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരില് ഒരുത്തന് ഞങ്ങളോടുകൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം. ” (പ്രവ 1:21-22) ലോകത്തെ സംബന്ധിച്ചിടത്തോളം അപ്പൊസ്തലന്മാരുടെ സാക്ഷ്യമാണ് പുനരുത്ഥാനത്തിന്റെ തെളിവ്. പൗലോസിനെപ്പോലെ ആര്‍ക്കെങ്കിലും കര്‍ത്താവ് വ്യക്തിപരമായ ഒരു ദര്‍ശനം നല്കുവാന് പ്രസാദിച്ചാല്തന്നെ അപ്പസ്തോലിക സാക്ഷ്യം അംഗീകരിക്കാതെ അതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.
പുനരുത്ഥാനം, ഒരു മര്‍മ്മം
തുറന്ന മനസ്സോടെ തെളിവുകളെ അംഗീകരിക്കാന്‍ തയ്യാറാകുന്ന ഏതൊരാള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ചരിത്രസംഭവമാണ് പുനരുത്ഥാനമെങ്കിലും ദൈവം കൃപനല്കാതെ അത് സമ്മതിക്കാന്‍ മനുഷ്യഹൃദയത്തിന് കഴിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പുനരുത്ഥാനം മാത്രമല്ല സൃഷ്ടി, രക്ഷ, ന്യായവിധി എന്നിങ്ങനെയുള്ള എല്ലാ സുവിശേഷ സത്യങ്ങളുടെയും പൊതുസ്വഭാവമാണത്. തെളിവുകളില്ലാത്തതല്ല അതു കാണാനുള്ള ദൈവീകമായ ഉള്ക്കാഴ്ചയില്ലാത്തതാണതിന് കാരണം. പൗലോസ് എഴുതിയതുപോലെ, “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസിന്റെ സുവിശേഷം ശോഭിക്കാതിരിക്കാന്‍ ഈലോകത്തിന്റെ ദൈവം അവിശ്വാസകളുടെ മനസ്സ് കുരുടാക്കി. “(2കോരി 4: 4) ലോകത്തിന്റെ വീക്ഷണത്തില്‍ നോക്കുന്നവരെ സംബന്ധിച്ചിടത്തോളം എത്ര തെളിവുകള്‍ നിരത്തിയാലും സമ്മതിക്കാതിരിക്കാനുള്ള നിര്‍ബന്ധമാണ് അവര്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ദൈവം ഹൃദയം തുറന്നാല്‍ ഏതൊരു ചരിത്രസംഭവവുമെന്നപോലെ ക്രിസ്തുവിന്റെ ഉയിര്‍പ്പും സത്യമെന്ന് മനസ്സിലാകുമെന്ന് മാത്രമല്ല, ആ യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ അവരുടെ ലോകവീക്ഷണത്തെ മുഴുവന്‍ പൊളിച്ചെഴുതുവാന്‍ അവര്‍ നിര്ബന്ധിതരാകുകയ്യം ചെയ്യും. സൂര്യനുദിക്കുമ്പോള്‍ നാം സൂര്യനെയല്ല സൂര്യവെളിച്ചത്തില്‍ ലോകത്തെയാണല്ലോ കാണുന്നത്. അതുപോലെ പുനരുത്ഥാനത്തിന്റെ വെളിച്ചത്തില്‍ ലോകത്തെയും ജീവിതത്തെയുമാണ് നാം കാണുന്നത്. ജഡിക കാഴ്ചപ്പാടില്‍ ക്രിസ്തുവിനെയും ദൈവപരിപാടികളെയും കണ്ട അപ്പൊസ്തലന്മാരുടെ ജീവിതത്തില്‍ വന്ന ആ പരിവര്‍ത്തനമാണ് സുവിശേഷങ്ങളില്‍നിന്ന് പ്രവര്‍ത്തികളുടെ പുസ്തകത്തിലേക്കും ലേഖനങ്ങളിലേക്കും കടക്കുമ്പോള്‍ നാം കാണുന്നത്. പുനരുത്ഥാനത്തിന്റെ വെളിച്ചത്തില്‍ വായിച്ചപ്പോള്‍ പൗലോസ് പഴയനിയമത്തില്‍ കണ്ടതും ദൈവികപരിപാടിയുടെ , മുമ്പ് തിരിച്ചറിയാത്ത , തികച്ചും നവീനമായൊരു ആത്മീക തലമാണ്. “ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഡപ്രകാരം അറിയുന്നില്ല. ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേല്‍ അങ്ങനെ അറിയുന്നില്ല. ഒരുത്തന് ക്രിസ്തുവിലായാല്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതു കഴിഞ്ഞുപോയി. ഇതാ അതു പുതുതായി ത്തീര്‍ന്നിരിക്കുന്നു. “( 2കോരി 5: 16-17) ദൈവരാജ്യത്തിന്റെ രഹസ്യം തിരിച്ചറിയാനുള്ള താക്കോലാണ് യേശുക്രിസ്തുവിന്റെ പുനരുത്ഥാനം. പുനരുത്ഥാനത്തിന്റെ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ കഴിയാത്തിടത്തോളം ദൈവരാജ്യം വെറും ലൗകികപരിപാടി മാത്രമായിക്കാണാനേ ആര്‍ക്കും കഴിയുകയുള്ളു.
ക്രിസ്തുവിന്റെ മരണം ലോകത്തിലെ പരസ്യമായ ചരിത്രമാണ്. അതു കാണാത്തവര്‍ ചരിത്രബോധമില്ലാത്തവരാണ്. എന്നാല്‍ ക്രിസ്തുവിന്റെ പുനരുത്ഥാനം ചരിത്രത്തിലുപരി ദൈവത്തിന്റെ മഹത്തായ രക്ഷാപ്രവര്‍ത്തനമാണ്. അതു ഗ്രഹിച്ചംഗീകരിക്കുവാന് ചരിത്രബോധത്തിലുപരി ദൈവത്തിന്റെ ഫലവത്തായ വിളി കൂടാതെ കഴിയുകയില്ല. ചരിത്രസംഭവങ്ങളെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലാത്തതുപോലെ പുനരുത്ഥാനം വിശ്വസിക്കാത്തവരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവരെ ബന്ധിച്ചിട്ടിരിക്കുന്ന ലോകവീക്ഷണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ വഴിയൊരുക്കുകയാണാവശ്യം. അതുപോലെ പുനരുത്ഥാനത്തിന്റെ ചരിത്രസാധുത അംഗീകരിക്കുവാന്‍ കഴിഞ്ഞവരെ സംബന്ധിച്ചിടത്തോളം അവരുടെ ബുദ്ധിവൈഭവത്തില്‍ ഊറ്റംകൊള്ളുകയല്ല, അത് ദൈവത്തിന്റെ മഹാകൃപയാണെന്നറിഞ്ഞ് വിനയപ്പെടുകയാണ് ആവശ്യം. കാരണം “ദൈവം തന്നെ സനേഹിക്കുന്നവര്‍ക്ക് ഒരുക്കിയിരിക്കുന്നത് കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, മനുഷ്യഹൃദയത്തില്‍ തോന്നീട്ടുമില്ല എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ. നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു.” (1കൊരി2: 9-10)