സത്യത്തില്‍ ആരാണ് കുറ്റക്കാര്‍?

ജീവിതത്തില്‍ പരാജയപ്പെടുന്നവരെ കുറ്റം വിധിക്കുന്നതിലല്ല അവരെ വിജയിക്കുവാന്‍ പ്രാപ്തരാക്കുന്നതിലാണ് ക്രിസ്തുശിഷ്യരുടെ മികവ് തെളിയേണ്ടത്.              

   മനുഷ്യര്‍ ഏറ്റവും ആസ്വദിക്കുന്ന വിനോദങ്ങളിലൊന്ന് മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറഞ്ഞു രസിക്കലാണെന്ന് ആരോ പറഞ്ഞതില്‍ അല്പം കാര്യമില്ലാതില്ല. വീട്ടിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും നാലുപേര്‍ കൂടിയാല്‍ പിന്നെ കീറിമുറിക്കാന്‍  ആരുടെയെങ്കിലും ജീവിതങ്ങള്‍ കാണും. അവരുടെ അബദ്ധങ്ങളും പ്രശ്നങ്ങളും കഴിവുകേടുകളും തെറ്റുകളുമെല്ലാം സംസാരവിഷയമാകും. ഇനി മറ്റൊരു കൂട്ടര്‍ കുറ്റങ്ങള്‍ നേരിട്ടു പറയുന്നതില്‍ ഊറ്റംകൊള്ളുുന്നവരാണ്. “ഞാന്‍ കണ്ടത് പറയും. അതെന്‍റെ സ്വഭാവമാണ്.” മറ്റുള്ളവരുടെ കുറ്റങ്ങള്‍ തുറന്ന് പറയാന്‍ കഴിയുന്നത് ഒരു വലിയ കഴിവാണ് എന്നാണവരുടെ ചിന്ത. എന്നാല്‍ ജീവിതത്തില്‍ കുറ്റങ്ങളും കുറവുകളുള്ള മനുഷ്യരോടുള്ള കുലീനമായ പ്രതികരണം ഇതാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. 

കുറ്റങ്ങളും കുറവുകളും കാണാനുള്ള കഴിവ് നല്ലതാണ്. അതെല്ലാവര്‍ക്കും ഒരുപോലെയില്ലെന്നതും ശരിയാണ്. ജീവിതങ്ങളെ ശരിയായി നിരീക്ഷിക്കാനും വിലയിരുത്താനും പറ്റുന്നവര്‍ക്കേ കുറ്റങ്ങളും കറവുകളും ശരിയായി കാണാന്‍ കഴിയൂ. ഒരു നല്ല മെക്കാനിക്കിനല്ലേ  വാഹനത്തിന്‍റെ തകരാര്‍   മനസ്സിലാകുകയുള്ളു. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ത്തന്നെ അയാള്‍ പറയും ഇന്നതാണ് തകരാര്‍ എന്ന്.  അതുപോലെ ഒരാളുടെ ജീവിതം നിരീക്ഷിച്ച് അയാളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞാല്‍ അത് ഒരു നല്ലകാര്യംതന്നെയാണ്.  എന്നാല്‍ ആ അറിവുകൊണ്ട് അയാള്‍ എന്തുചെയ്യുന്നു എന്നതാണ് പ്രധാനം.  കുറ്റക്കാരനെ പരിഹസിക്കാനും കുറ്റങ്ങള്‍ പരസ്യമാക്കാനും അയാളെ വിമര്‍ശിക്കാനുമൊക്കെയാണ് തുനിയുന്നതെങ്കില്‍ ആ അറിവുകോണ്ട് ദോഷമല്ലാതെ ഗുണമൊന്നുമില്ല. ഒരു ഡോക്ടര്‍ നന്നായി രോഗനിര്‍ണ്ണയം ചെയതിട്ട്    രോഗിയെ കുറെ കുറ്റപ്പെടുത്തുകമാത്രം ചെയ്താല്‍ എന്തു ഗുണമാണുണ്ടാവുക? അയാളെ ചികത്സിച്ച് സൗഖ്യമാക്കുകയാണ് വേണ്ടത്.കുറവുകള്‍ കണ്ടെത്തിയാല്‍ അത് അയാളുടെ നന്മക്കുതകണം. അതെങ്ങനെ സാധിക്കുമെന്നാണ് ദൈവവചനത്തില്‍ നാം പഠിക്കുന്നത്. 

കാര്യമറിയാതെ വിധി

കുറ്റം പറയുന്ന പ്രവണതയുള്ളവര്‍ ആദ്യമായി ശ്രദ്ധിക്കേണ്ടത്  കാര്യമറിയാതെ വിധിപ്രസ്താവിക്കരുത് എന്നാണ്.  ഹന്നയുടെ പ്രാര്‍ത്ഥനയെ ഏലിപുരോഹിതന്‍ വിലയിരുത്തിയതിലെ അബദ്ധം ഉദാഹരണമായെടുക്കാം. “ഇങ്ങനെ അവള്‍ യഹോവയുടെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചികൊണ്ടിരിക്കുമ്പോള്‍ ഏലി അവളുടെ വായ് സൂക്ഷിച്ചുനോക്കി. ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാല്‍ അവളുടെ അധരം  അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നു. ആകയാല്‍ അവള്‍ക്കു ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി. ഏലി അവളോട് നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും. നിന്‍റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.”(1ശമു 1:12-14)    ഒരു സ്ത്രീയുടെ മനോവ്യസനത്തോടെയുള്ള പ്രാര്‍ത്ഥനയെ മദ്യപയുടെ പുലമ്പലായി പുരോഹിതശ്രേഷ്ഠന്‍ തെറ്റിദ്ധരിക്കുന്നു! കാര്യമറിയാതെയുള്ള വിധിപ്രസ്താവം!

കാര്യം  വിശദമായി അറിയാതെ ആരുടെയും വാക്കുകളെയോ പ്രവര്‍ത്തികളെയോ  വിധിക്കുവാന്‍ നാം തുനിയരുത്. നിഗമനങ്ങളിലെത്തുന്നതിനുമുമ്പ് വിശദാംശങ്ങള്‍ അന്വേഷിച്ചറിയുക. അറിയാത്ത കാര്യങ്ങളും നാമറിയുവാന്‍ ആവശ്യമില്ലാത്ത കാര്യങ്ങളും സംബന്ധിച്ച് ഹൃദയത്തില്‍പോലും ഒരു വിധി രൂപപ്പെടുത്തരുത്.  നമ്മുടെ അറിവിനതീതമായ എന്തെല്ലാം കാര്യങ്ങളുണ്ട്. ഒരു വാഹനം മറിഞ്ഞു കിടക്കുന്നതു കണ്ടാലുടന്‍ പറയും “ങ്ഹാ കണ്ടില്ലേ; മര്യാദക്ക് വണ്ടിയോടിക്കാത്തതിന്‍റെ ഫലം!” എന്നാല്‍ ആ വണ്ടി മറിഞ്ഞതിന്‍റെ കാരണം അതാണെന്ന് നമുക്കെങ്ങനെ അറിയാം?  ആരെങ്കിലും പരീക്ഷക്ക് തോറ്റാല്‍ പറയും:  ഉഴപ്പിയാലിങ്ങനെ വരും;  യോഗത്തിന് താമസിച്ചു വരുകയോ നേരത്തെ പോവുകയോ ചെയ്താല്‍: ഒട്ടും കൃത്യനിഷ്ഠയില്ല;  മക്കള്‍ വഴിതെറ്റിയാല്‍:  വളര്‍ത്തിയതു ശരിയായില്ല.  ബൈബിള്‍ ക്ലാസ്സില്‍ ഉറങ്ങിയാല്‍: വെറുതെ ഉറങ്ങാന്‍ വരുന്നവര്‍.  എല്ലാറ്റിലും നമുക്കു റെഡിമെയഡ് കാരണങ്ങള്‍ സ്റ്റോക്കുണ്ട്. പക്ഷെ ശരിയായിരിക്കണമെന്നില്ല. ജോബിന്‍റെ കഷ്ടതയുടെ കാരണങ്ങളെ സംബന്ധിച്ച ജോബിന്‍റെ ബുദ്ധിമാന്മാരായ സ്നേഹിതന്മാര്‍ക്ക് ഒരേ അഭിപ്രായമായിരുന്നു. പക്ഷേ തെറ്റായിരുന്നു എന്നു മാത്രം. വ്യക്തമായി അറിയുന്ന കാര്യങ്ങളെക്കുറിച്ചുമാത്രം മതി അഭിപ്രായം പറയല്‍. നാമറിയാത്ത ന്യായങ്ങള്‍ പലതും അവര്‍ക്കുണ്ടായിരിക്കാം.

ഒരിക്കല്‍ ട്രെയിനില്‍ ദീര്‍ഘയാത്ര ചെയ്യുന്ന സമയം; എതിര്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ശ്രദ്ധിച്ചു.  മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അവര്‍ നിര്‍വികാരയായി പുറത്തേക്ക് നോക്കിയിരിക്കുന്നു. ഭക്ഷണസമയത്തു വേറെ ഏതോ കംപാര്‍ട്ടുമെന്‍റില്‍നിന്നും ഒരാള്‍ വന്ന് അവര്‍ക്കെന്തോ ഭക്ഷണം നല്‍കിയിട്ട്  പോയി. അയാളോടും അവര്‍ ഒന്നും മിണ്ടിയില്ല. എന്തൊരു സ്ത്രീ എന്നു മനസ്സില്‍ ചിന്തിച്ചു. ഭാഗ്യത്തിന് പുറത്താരോടുമങ്ങനെ പറഞ്ഞില്ല. പിറ്റെ ദിവസമാണറിയുന്നത്, പശ്ചിമബംഗാളില്‍നിന്ന് മകന്‍റെ ചികത്സക്കായി വെല്ലൂരില്‍ വന്നശേഷം  മടങ്ങിപ്പോവുന്നവരാണവര്‍. ചികത്സക്കിടെ മരിച്ച അവരുടെ പ്രിയമകന്‍റെ ചേതനയറ്റ ശരീരം ട്രെയിനില്‍ മറ്റെവിടെയോ ഉണ്ട്. ഒരു പാഠം ഞാനന്ന് ഹൃദയത്തില്‍ എഴുതിയിട്ടു:”കാഴ്ചപ്രകാരം വിധിക്കരുത്.”(യോ ഹ.7:24)

മറ്റുള്ളവരുടെ ഭാഗത്തുനിന്ന് നോക്കുക

നമ്മുടെ കണ്ണടവെച്ചുമാത്രം മറ്റുള്ളവരുടെ പ്രതികരണങ്ങളെ അളക്കരുത്,  പ്രത്യേകിച്ചു ധാര്‍മ്മിക വിവക്ഷകളില്ലാത്ത കാര്യങ്ങളില്‍.   മറ്റുള്ളവരെ കുറ്റം വിധിക്കുന്നതിനു മുമ്പ് അവരെ മനസ്സിലാക്കുവാന്‍ നമുക്കു കഴിയണം. അവരുടെ കണ്ണുകളിലൂടെ നോക്കിയാല്‍ പ്രശ്നത്തിന് മറ്റൊരു മുഖമുണ്ടെന്ന് വരാം. അവരുടെ സ്ഥാനത്ത് നാമാണെങ്കിലും അതുപോലെ തന്നെ പെരുമാറുവാന്‍ സാധ്യതയുണ്ടെന്ന് നമുക്കു മനസ്സിലാകും.You cannot judge  another’s  walk  until  you  walk  a mile  in his moccasins . എന്ന ചൊല്ല് കേട്ടിട്ടുണ്ടാകും. അപരന്‍റെ ചെരിപ്പിട്ട് ഒരു മൈല്‍ നടക്കാതെ അവന്‍റെ നടപ്പിനെ നീ കുറ്റം പറയരുത്. അവന്‍റെ ചെരിപ്പിടുമ്പോഴേ അവന്‍റെ പ്രയാസം മനസ്സിലാകൂ. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മറ്റുള്ളവരുടെ ചെരുപ്പിടല്‍ നമുക്കിഷ്ടമല്ലല്ലോ. 

നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവരെ അളക്കാനുള്ള അളവുകോലുകളാകരുത്. നമുക്കു നമ്മുടേതായ രീതികളുള്ളതുപോലെ അവര്‍ക്ക് അവരുടേതായ രീതികളുണ്ട്. ഭക്ഷണരീതികള്‍, ജീവിതരിതികള്‍, വസ്ത്രധാരണരീതികള്‍, സംസാരരീതികള്‍ എന്നുതുടങ്ങി ഏതെല്ലാം കാര്യങ്ങളില്‍ ആളുകള്‍ വ്യത്യസ്തരാണ്.  എന്‍റെ രീതിവെച്ച് അവരെ കുറ്റം വിധിക്കുമ്പോള്‍ ഓര്‍ക്കുക അവരുടെ രീതിവെച്ച് നാമും ശരിയായിരിക്കയില്ല.

മറ്റുള്ളവരുടെ രീതികളില്‍ ഒരു തിരുത്തലും വരുത്തുവാന്‍ ശ്രമിക്കരുതെന്നല്ല പറയുന്നത്. വെറും കുറ്റപ്പെടുത്തല്‍ ഒരിക്കലും അതിനുള്ള വഴിയല്ല.  കര്‍ത്താവ് സ്വര്‍ഗ്ഗത്തില്‍നിന്ന് നമ്മെ കുറ്റപ്പെടുത്തുകയായിരുന്നില്ല. അവിടുന്ന് മനുഷ്യത്വമെടുത്ത് നമ്മുടെ വശത്തുനിന്ന് നമ്മെ കണ്ടു.”നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല. പാപം ഒഴികെ സര്‍വ്വത്തിലും നമുക്കു തുല്ല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.”(എബ്രാ.4:15)         ഇംഗ്ലീഷില്‍  empathy   എന്നൊരു പദമുണ്ട്. അത് വെറുംsympathy അഥവാ സഹതാപമല്ല. മറ്റള്ളവരുടെ ഭാഗത്തു നിന്ന് അവരോട് താദാത്മ്യപ്പെടുമ്പോഴുണ്ടാകുന്ന സഹാനുഭൂതിയാണത്. അതാണ് കര്‍ത്താവ് ചെയ്തത്. “മക്കള്‍ ജഡരക്തങ്ങളോടുകൂടിയവര്‍ ആയതതുകൊണ്ട് അവനും ജഢരക്തങ്ങളോടുകൂടിയവനായി ……..”(എബ്രാ.2:14)   നമ്മെ കുറ്റപ്പെടുത്താനല്ല അവിടുന്ന് ലോകത്തില്‍ വന്നതും.  കുറ്റങ്ങളും കുറവുകളുമുള്ള നമ്മുടെ ഭാഗത്ത്  അവിടുന്ന് നിന്നു. നിസ്സഹായനായ പാപിയെ വീണ്ടും കുറ്റപ്പെടുത്തുകയല്ല അവന്‍റെ പാപത്തിന് പരിഹാരം വരുത്തുന്നതാണ് ആവശ്യമെന്നറിഞ്ഞ് അവിടുന്ന് നമുക്കുവേണ്ടി മരിക്കുകയാണ് ചെയതത്.  നമുക്കും മറ്റുള്ളവരുടെ  വീക്ഷണകോണിലൂടെ അവരുടെ വീഴ്ചകളെ കാണാന്‍ ശ്രമിക്കാം. അപ്പോള്‍ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ അവരോടൊപ്പം നില്‍ക്കാന്‍  നമുക്കും കഴിഞ്ഞേക്കാം, ക്രിസ്തുവിനെപ്പോലെ.  

അയ്യോഭാവം

ആത്മഹത്യാശ്രമത്തില്‍ വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയിലായ ഒരു സ്ത്രീയെക്കുറിച്ചു കേട്ടപ്പോള്‍ അവരെ പരിചയമുള്ള മറ്റൊരാളുടെ കമന്‍റ് ഇപ്രകാരമായിരുന്നു: “ഭയങ്കരി! കുറച്ചുകൂടി വിഷം  അവളുടെ വായിലൊഴിച്ചു കൊടുക്കുകയാണ് വേണ്ടത്.” എന്തൊരു വാക്ക്!  അവള്‍ വിഷം കഴിച്ചത് തെറ്റു തന്നെ. എന്നാല്‍ ജീവിക്കാന്‍ കൊതിക്കുന്ന ഒരു വ്യക്തി മരിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ ദുരിതത്തെയോര്‍ത്ത് സഹതപിക്കാന്‍ കഴിയാത്ത മനസ്സിലെ വിഷത്തിനും ചികത്സ ആവശ്യമാണെന്നുറപ്പാണ്.

മറ്റുള്ളവരുടെ പരാജയങ്ങളെയും വീഴ്ചകളെയും നോക്കി  അവര്‍ക്കതു വരണം, വന്നില്ലെങ്കിലേ അത്ഭുതമുള്ളു, ഞാന്‍ പണ്ടേ അതു പറഞ്ഞതാണ്, നേരത്തേ ചിന്തിക്കണമായിരുന്നു, ഇപ്പോള്‍ കരഞ്ഞിട്ട് എന്തു കാര്യം, എന്നൊക്കൊയുള്ള ദയയില്ലാത്ത പ്രതികരണങ്ങള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ മുറിവിന് ഒരു കുത്തുകൂടി കൊടുക്കാമെന്നല്ലാതെ ഈ സാരോപദേശങ്ങള്‍ പറഞ്ഞതുകൊണ്ട്  യാതൊരു പ്രയോജനവും കുറ്റക്കാര്‍ക്കോ വിമര്‍ശകര്‍ക്കോ ലഭിക്കുകയില്ല.  എന്നാല്‍ “അയ്യോ, കഷ്ടമായിപ്പോയല്ലോ” എന്നൊരു വാക്കു പറഞ്ഞാല്‍ അത് കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും എന്താശ്വാസമാണ്! പക്ഷേ  എല്ലാവരേയും വിധിക്കാനിരിക്കുന്ന ജഡ്ജിമാര്‍ക്ക് അത് പറഞ്ഞിട്ടില്ലല്ലോ.  

യോനാപ്രവാചകന്‍റെ പുസ്തകം ദൈവത്തിന്‍റെ അയ്യോഭാവത്തിന്‍റെ ഒരു ചരിത്രപാഠമാണ്.  യോന നിനവെക്കാരോട് പ്രസംഗിക്കാതെ  താര്‍സോസിലേക്ക് കപ്പല്‍ കയറിയത് ഭയംകൊണ്ടായിരുന്നില്ല;    

അവര്‍ ശിക്ഷയില്‍നിന്ന് ഒഴിവാകരുത് എന്ന നിര്‍ബന്ധം നിമിത്തമാണ്. നിനെവെയെ നശിപ്പിക്കാനാണ് ദൈവത്തിന് പദ്ധതിയെങ്കില്‍ പ്രസംഗത്തിന്‍റെ ആവശ്യമില്ലല്ലൊ. മാത്രമല്ല നാശത്തെക്കുറിച്ചുള്ള ദൈവീകമുന്നറിയിപ്പ് മാനസാന്തരത്തിനായുള്ള ക്ഷണവുമാണെന്ന് വ്യക്തം.   നിഷ്ഠൂരന്മാരായ നിനെവേക്കാര്‍ തന്‍റെ പ്രസംഗംകേട്ട്  മാനസാന്തരപ്പെട്ടാല്‍ ദൈവം അവരോട് കരുണകാണിക്കും എന്ന് യോനാക്കറിയാമായിരുന്നു. ദൈവത്തിന്‍റെ ഈ അയ്യോഭാവമാണ്  യോനാക്ക് അനിഷ്ടമായത്.(യോന 4:1-2)”വലംകൈയ്യും ഇടംകൈയും തമ്മില്‍ തിരിച്ചറിയാത്ത ഒരുലക്ഷത്തിരുപതിനായിരത്തിച്ചില്ല്വാനം മനുഷ്യരും മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അയ്യോഭാവം തോന്നരുതോ” എന്നദൈവത്തിന്‍റെ ചോദ്യം യോനയോട് മത്രമല്ല വീഴുന്നവരോട് കരുണ തോന്നാത്ത ഓരോരുത്തരോടുമുള്ളതാണ്. 

മറ്റുള്ളവരുടെ തെറ്റുകളെ കാണുമ്പോള്‍ അവരെ തെറ്റിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുടി അറിയാന്‍ ശ്രമിച്ചാല്‍ നമുക്കും ഈ അയ്യോഭാവം നഷ്ടമാവുകയില്ല.   മനപ്പൂര്‍വ്വം തെറ്റുചെയ്യുന്നവരോടുപോലും സഹതാപത്തിന്‍റെ ഒരു നോട്ടം നമുക്കുവേണം.  ഒരുപക്ഷേ ആ തെറ്റിന്‍റെ പ്രത്യാഘാതം, ഈ ലോകത്തിലല്ലെങ്കില്‍ വരുവാനുള്ളതിലെങ്കിലും,  അവര്‍ അറിഞ്ഞിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നോ? കുത്തിയവരെ നോക്കി പിതാവിനോടു പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവില്‍ നാം കാണുന്ന ഹൃദയം അതാണ്: “പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോടു ക്ഷമിക്കേണമേ”

എന്തുകൊണ്ട് തെറ്റുകള്‍?

എല്ലാതെറ്റുകള്‍ക്കും അതിലേക്കു നയിക്കുന്ന കാരണങ്ങള്‍ ഉണ്ട്.  അവകൂടി പരിഗണിച്ചുവേണം തെറ്റുകാരെ കുറ്റം വിധിക്കാന്‍. തെറ്റുകാരോട് അമര്‍ഷം പ്രകടിപ്പിക്കുന്ന പലരും എന്തുകൊണ്ട് അവര്‍ അത് ചെയ്യാനിടവരുന്നു എന്ന് ചിന്തിക്കാന്‍ മെനക്കെടാറില്ല. ഉദാഹരണത്തിന് മദ്യപനായ  വ്യക്തി   എന്തുകൊണ്ട് അങ്ങനെയായി എന്ന ചിന്തിച്ചാല്‍ അമര്‍ഷത്തിനു പകരം സഹതാപമായിരിക്കും ഒരുപക്ഷേ നമുക്കവരോട് തോന്നുക. രോഗത്തിനടിപ്പെട്ട ഒരാളോട് നാം അമര്‍ഷംകാണ്ടിട്ടെന്താണ് കാര്യം? സഹതാപപൂര്‍വ്വം അവനെ അതില്‍നിന്ന് രക്ഷപെടുത്തുകയാണ് വേണ്ടത്. തെറ്റുകളും കുറ്റങ്ങളും പലപ്പോഴും രോഗങ്ങള്‍ പോലെയാണ്. കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. എന്തുകൊണ്ട് അവര്‍ അതു ചെയ്യുന്നു എന്ന് ചിന്തിച്ച് അതിനൊരു പരിഹാരം വരുത്താനാണ് ശ്രമിക്കേണ്ടത്. 

“ആ കാലത്ത് യേശു ശബ്ബത്തില്‍ വിളഭൂമിയില്‍ക്കൂടി കടന്നുപോയി; അവന്‍റെ ശിഷ്യന്മാര്‍ വിശന്നിട്ട് കതിര്‍ പറിച്ചു തിന്നുതുടങ്ങി. പരീശന്മാര്‍ അതു കണ്ടിട്ട് ഇതാ ശബ്ബത്തില്‍ വിഹിതമല്ലാത്തത് നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നു എന്നു പറഞ്ഞു. “(മത്താ12:1,2) ശബ്ബത്തില്‍ കതിര്‍ പറിച്ചുതിന്നതിലെ നിയമലംഘനം  ചികഞ്ഞ് കണ്ടുപിടിച്ച പരീശന്മാര്‍ക്ക്,  പക്ഷേ, ശിഷ്യന്മാരെ ആ “തെറ്റി”ലേക്കു നയിച്ച വിശപ്പ് കാണാനുള്ള   കണ്ണുണ്ടായിരുന്നില്ല. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ മരണയോഗ്യയായി കണ്ടവര്‍  ഹീനജീവിതത്തിലേക്ക് അവളെ തള്ളിവിട്ടത് എന്താണ് അല്ലെങ്കില്‍ ആരൊക്കെയാണ് എന്ന്  ചിന്തിച്ചില്ല.  മറ്റുള്ളവരുടെ കുറ്റങ്ങളെ വിമര്‍ശനവിധേയമാക്കുമ്പോള്‍ അതിലേക്കവരെ നയിച്ച കാരണങ്ങള്‍കൂടി നാം കണക്കിലെടുക്കണം. 

നാമും കുറ്റക്കാര്‍

തെറ്റ് ആരു ചെയ്താലും തെറ്റുതന്നെ. എന്നാല്‍ അതിലൊരു പങ്ക് നേരിട്ടോ അല്ലാതെയോ നമുക്കും ഉണ്ടാകാമെന്നതും ചിന്തിച്ചാല്‍ മനസ്സിലാകും.  സ്വന്തം വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസില്‍ തോറ്റു എന്നെഴുതുമ്പോള്‍ തോല്‍ക്കുന്നത് അവര്‍ മാത്രമല്ല അവരെ പഠിപ്പിക്കുന്നതില്‍ പരാജയപ്പെട്ട  അദ്ധ്യാപകനും കൂടിയാണ്. നാം പഠിപ്പിക്കാത്തതുകൊണ്ടല്ലേ അവര്‍ പഠിക്കാത്തത്? നാം പ്രസംഗിക്കാത്തതുകൊണ്ടല്ലേ അവര്‍ കേള്‍ക്കാത്തത്? നാം കൂട്ടു കൊടുക്കാത്തതു കൊണ്ടല്ലേ അവര്‍ തെറ്റായ കൂട്ടുകെട്ടുകളിലേക്ക് തിരിയുന്നത്? നല്ല മാതൃകകള്‍ കാണാത്തതുകൊണ്ടല്ലേ അവര്‍ ദുര്‍മാതൃകകളെ പിന്‍തുടരുന്നത്? നാം ചെയ്യേണ്ടത് ചെയ്തിരുന്നുവെങ്കില്‍ ഒരുപക്ഷേ അവര്‍ ഇതുപോലെ ചെയ്യുമായിരുന്നില്ല. ആടുകള്‍ ചിതറിപ്പോകുന്നുവെങ്കില്‍ അത് ഇടയനില്ലാത്തതുകൊണ്ടാണ് എന്ന കര്‍ത്താവിന്‍റെ നിരീക്ഷണം നമുക്കും വേണം.  അതുകൊണ്ട് കുറ്റപ്പെടുത്തുമ്പോള്‍ ഓര്‍ക്കുക; ഒരു വിരല്‍ അങ്ങോട്ടു ചൂണ്ടുമ്പോള്‍ നാലുവിരല്‍ നമ്മുടെ നേരെയും തിരിഞ്ഞിരിക്കുന്നുവെന്നത് വെറും പഴമൊഴിയല്ല. അവരുടെ കുറ്റങ്ങള്‍ ഒരളവോളമെങ്കിലും നമ്മുടെയും കുറ്റങ്ങളാണ്. ഒന്നുകില്‍ ചെയ്യരുതാത്തത് ചെയ്ത കുറ്റം; അല്ലെങ്കില്‍ ചെയ്യേണ്ടത് ചെയ്യാത്ത കുറ്റം.   കുറ്റപ്പെടുത്തല്‍ അവസാനിപ്പിച്ച് നമുക്ക് ആത്മപരിശോധനക്ക് തയ്യാറാകാം. അല്ലെങ്കില്‍ അത് ബൂമറാംഗ് പോലെ നമ്മുടെ നേരെ തന്നെ മടങ്ങിയെത്തുവാന്‍ സാധ്യതയുണ്ട്. 

“വിധിക്കപ്പെടാതിരിക്കേണ്ടതിന് നിങ്ങള്‍ വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും……. സ്വന്ത കണ്ണിലെ കോല്‍ ഓര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്? അല്ല സ്വന്ത കണ്ണില്‍ കോല്‍ ഇരിക്കെ നിന്‍റെ സഹോദരനോട് നില്ല് നിന്‍റെ കണ്ണില്‍നിന്ന് കരട് എടുത്തു കളയട്ടെ എന്ന് പറയുന്നതെങ്ങനെ? കപടഭക്തിക്കാരാ മുമ്പേ സ്വന്ത കണ്ണില്‍നിന്ന് കോല്‍ എടുത്തു കളക. പിന്നെ സഹോദരന്‍റെ കണ്ണില്‍നിന്ന് കരട് എടുത്തു കളയുവാന്‍ വെടിപ്പായി കാണും.”(മത്താ 7: 1-5) മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതില്‍ ശുഷ്കാന്തി കാട്ടുന്നവര്‍ പൊതുവേ സ്വന്ത തെറ്റുകള്‍ കാണാന്‍ കഴിവില്ലാത്തവരാണ്. കാരണം സ്വന്തം ഹൃദയത്തെ ശരിക്ക് വിലയിരുത്തിയാല്‍ മറ്റള്ളവരെ കുറ്റംവിധിക്കുവാന്‍  യോഗ്യരല്ലെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കും മനസ്സിലാകാതിരിക്കില്ല. 

എനിക്കെന്ത് ചെയ്യാന്‍ കഴിയും? 

കുറ്റം പറയുന്നതിനേക്കാള്‍ നല്ലത് അതു പരിഹരിക്കാന്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് അന്വേഷിക്കുന്നതാണ്. വഴിയിലൊരു കമ്പ് കിടന്നാല്‍ യാത്രക്കാര്‍ തിരുവനന്തപുരത്തിരിക്കുന്ന പൊതുമാരാമത്ത് മന്ത്രിയെവരെ പഴിക്കും. വണ്ടി നിര്‍ത്തി അതങ്ങു മാറ്റിക്കളയാന്‍ നമ്മുടെ തിരക്കൊട്ടു സമ്മതിക്കുകയുമില്ല. സഭയിലെ അനൈക്യത്തിനും ലോകസ്നേഹത്തിനുമൊക്കെ നേതാക്കന്‍മാര്‍   “അകൃത്യം വഹിക്കണം.”  ഈ പാപികളെയൊക്കെ കൂട്ടി സഭ പണിത കര്‍ത്താവിനെ പഴിക്കാത്തതു ഭാഗ്യം! നമുക്ക്  പഴി പറയുന്നത് നിര്‍ത്തി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ ശ്രമിക്കാം. പഴമക്കാര്‍ പഠിപ്പിച്ചതും അതാണ്; ഇരുട്ടിനെ പഴിക്കുന്നതിലും നല്ലത് ഒരു തിരിയെങ്കിലും കത്തിക്കുന്നതാണ്. 

അന്ധനായിപ്പിറന്ന യാചകനെ കണ്ടപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചതുപോലെയാണ് പലരും; “റബ്ബീ ഇവന്‍ കുരുടനായി പിറക്കത്തക്കവണ്ണം ആര്‍ പാപം ചെയ്തു? ഇവനോ ഇവന്‍റെ അമ്മയപ്പന്മാരോ? അതിന് യേശു പറഞ്ഞു ڇഇവനെങ്കിലും ഇവന്‍റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല. ദൈവത്തിന്‍റെ പ്രവര്‍ത്തി അവനില്‍ വെളിവാകേണ്ടതിനത്രേ.” (യോഹ 9:2-3) അവന്‍റെ അന്ധതയുടെ കുറ്റം ആരുടെമേല്‍ വെക്കണമെന്ന് അറിയുന്നതിലായിരുന്നു ശിഷ്യന്മാരുടെ താല്‍പ്പര്യം.  ആ നിസ്സഹായമനുഷ്യന്‍റെ  അന്ധതക്ക് പരിഹാരം വരുത്തുന്നതിലായിരുന്നു കര്‍ത്താവിന്‍റെ ശ്രദ്ധ. കാരണം ഇനി അന്ധതയുടെ ധാര്‍മ്മിക ഉത്തരവാദികളെ  അന്വേഷിച്ച് പിടികൂടിയാല്‍ത്തന്നെ  അവരെക്കൂടി ക്രൂശിക്കാമെന്നല്ലാതെ ആ അന്ധന് എന്ത് പ്രയോജനം? എന്നാല്‍ അവന്‍റെ കണ്ണുതുറന്നതു വഴി അവന് ലഭിച്ചത് ദൈവപുത്രനെ കണ്ടു വീശ്വസിക്കാനുള്ള മഹാഭാഗ്യമാണ്.  തെറ്റുകുറ്റങ്ങളുടെ ഭൂതകാലംതേടി മനസ്സ് മലിനമാക്കാതെ അതിന്‍റെ ദുര്‍ഫലങ്ങള്‍ പരിഹരിക്കുന്നതിന് ഒരു അധികനാഴിക നടക്കുവാന്‍ നമുക്കു പരിശ്രമിക്കാം.         മറ്റുള്ളവരെ കുറ്റം വിധിക്കുമ്പോള്‍ ഓര്‍ക്കുക: സത്യത്തില്‍ ആരാണ് കുറ്റക്കാര്‍?  മനുഷ്യരോ, സകല മനുഷ്യരെയും വഞ്ചിക്കുന്ന അപവാദിയോ?  ദൈവീകമായ തിരിച്ചറിവുകളില്ലാത്ത മനുഷ്യനെ തിന്മയിലേക്ക് വലിച്ചിഴക്കുന്ന ഇരുട്ടിന്‍റെ ശക്തിയെയല്ലേ നാം പ്രതിരോധിക്കേണ്ടത്? അവനോടല്ലേ നാം പോരാടേണ്ടത്? അതിനുള്ള ആയുധങ്ങളല്ലേ നാം അണിയേണ്ടത്? ജഡരക്തങ്ങള്‍ അവനൊരു  മനുഷ്യമറമാത്രമാണ്.  അതിനാല്‍ ബലിയാടുകളെ വേട്ടയാടുന്നത് നിര്‍ത്തി, യഥാര്‍ത്ഥ ശത്രുവിനെതിരെ നമുക്ക് പടപൊരുതാം.  അതാണ് കര്‍ത്താവ് ചെയ്യുന്നതും നമ്മെ സഹകാരികളാക്കുന്നതുമായ ആത്മീയപോരാട്ടം. 

സമുഹത്തിലും സഭയിലും കുടുംബത്തിലും  വ്യക്തികളിലും തിന്മയുടെ ഇരുട്ടു കാണുമ്പോള്‍ ഉത്തരവാദികളെത്തേടിപ്പിടിച്ച് അപഹസിക്കുന്ന ജോലി അതില്‍ പ്രാഗത്ഭ്യംതെളിയിച്ച വിമര്‍ശകര്‍ക്ക് തന്നെ നമുക്ക് നല്‍കാം. അതിന്  കര്‍ത്താവിന്‍റെ ഹൃദയമോ പരിശുദ്ധാത്മാവിന്‍റെ ശക്തിയോ ആവശ്യമില്ല. എന്നാല്‍ തിന്മയുടെ ഇരുട്ട് നീക്കാന്‍  വെളിച്ചത്തിന്‍റെ ഒരു കൈത്തിരിയെങ്കിലും കത്തിക്കുവാനാണ് നാം നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതിന് ആവശ്യമായിരിക്കുന്നത് ബലഹീനരെ ഉള്‍ക്കൊള്ളുന്ന ഒരു വലിയ ഹൃദയമാണ്. അതാണ് ക്രിസ്തുവിന്‍റെ വാഗ്ദാനം. 

**********

“ഞാന്‍ നിങ്ങള്‍ക്ക് പുതിയൊരു ഹൃദയം തരും. പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളിലാക്കും. കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്ന് നീക്കി മാംസമായുള്ള ഹൃദയം ഞാന്‍ നിങ്ങള്‍ക്കു തരും.”(Ezekiel . 36:26)

Editorial Desk
Editorial Deskhttps://vazhiyumsathyavum.com/
വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular