ദുരന്തങ്ങള്‍: ആരാണ് ഉത്തരവാദി?

“മലയാളികളുടെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയം.”ലക്ഷക്കണക്കിനാളുകള്‍ ബുദ്ധിമുട്ടിലായ പ്രളയദുരന്തത്തെക്കുറിച്ച് കേട്ട ഒരു അഭിപ്രായമാണിത്.  പ്രളയത്തെക്കുറിച്ച് മാത്രമല്ല ഏതു പ്രകൃതിദുരന്തം വരുമ്പോഴും പല ദൈവവിശ്വാസികളുടെയും പ്രതികരണമിങ്ങനെയാണ്. അപകടങ്ങളോ പരാജയങ്ങളോ പ്രതിസന്ധികളോ ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ തെറ്റുകള്‍ കണ്ടെത്തി അതിനുള്ള ദൈവശിക്ഷയായി അതിനെ വ്യാഖ്യാനിക്കും. ജോബിന്‍റെ സ്നേഹിതന്മാരുടെ  ദൈവശാസ്ത്രം ഇതായിരുന്നു. ദൈവത്തിന്‍റെ സര്‍വ്വാധികാരവും നീതിനിര്‍വ്വഹണവ്യവസ്ഥയും ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം ഇതിലുണ്ടെന്നത് ശരിയാണ്. എന്നാല്‍ പ്രസാദിപ്പിച്ചില്ലെങ്കില്‍ ഉപദ്രവിക്കുന്ന  പ്രതികാര ദേവതകളുടെ നിരയിലേക്ക് ദൈവത്തെ തരംതാഴ്ത്തുകയല്ലേ  ഇതുവഴി ചെയ്യുന്നത്?

ദൈവാസ്തിത്വത്തിനെതിരെയുള്ള ഒരു പ്രധാനവെല്ലുവിളിയായാണ് ദൈവനിഷേധികള്‍ ദുരന്തങ്ങളെ കണക്കാക്കുന്നത്. സ്നേഹവാനും സര്‍വ്വശക്തനുമായ ഒരു ദൈവമുണ്ടെങ്കില്‍ എന്തുകൊണ്ട് ദുരന്തങ്ങള്‍ സംഭവിക്കുന്നു? ഒന്നുകില്‍ ദൈവം സ്നേഹവാനല്ല. അല്ലെങ്കില്‍ സര്‍വ്വശക്തനല്ല. അതുമല്ലെങ്കില്‍ അങ്ങനെയൊരു ദൈവമില്ല. ആല്‍ബെര്‍ട്ട്  കമ്യൂവിന്‍റെ (അഹയലൃേ ഇമാൗെ) പ്രസിദ്ധമായ നോവല്‍ څപ്ളേഗ്چ ഇത് ചര്‍ച്ച ചെയ്യുന്നു. ഒറാന്‍ നഗരത്തില്‍ പ്ളേഗ് പടര്‍ന്നു പിടിച്ചു. നഗരവാസികളുടെ അധര്‍മ്മത്തിനുള്ള ദൈവശിക്ഷയാണിതെന്ന് ഫാദര്‍ പാനെലോക്സ് പ്രസംഗിക്കുന്നു. പ്ളേഗ് ദൈവത്തിന്‍റെ പദ്ധതിയെങ്കില്‍ അതിനെതിരെയുള്ള ജീവകാരുണ്യ പ്രവര്‍ത്തികള്‍ ദൈവത്തിനെതിരെയുള്ളവയല്ലേ എന്ന സംശയം ന്യായമായും ഉയര്‍ന്നു. എന്നാല്‍ ഒരു ചെറിയകുട്ടിയുടെ മരണത്തിനു ദൃക്സാക്ഷിയായ പാനെലോകസ് അഭിപ്രായം തിരുത്തി; പ്ളേഗ്  ദൈവത്തിന്‍റെ പരിശോധനയാണ്. ദൈവശാസ്ത്രം എന്തുതന്നെയായാലും ഒറാനിലെ മനുഷ്യര്‍ക്ക് ദുരന്തം വിതച്ച പ്ളേഗിനെ നിയന്ത്രണവിധേയമാക്കുന്നത് ഡോക്ടര്‍ റോക്സിന്‍റെ നേതൃത്വത്തിലുള്ള മനുഷ്യസ്നേഹികളുടെ നിസ്വാര്‍ത്ഥ പരിശ്രമമാണ്. ക്രിസ്ത്യാനികള്‍ പ്രസംഗിക്കുന്ന ദൈവം മനുഷ്യന്‍റെ പക്ഷത്തല്ല എന്നു സ്ഥാപിക്കാനാണ് കമ്യുവിന്‍റെ ശ്രമം.  സത്യത്തില്‍ കമ്യുവിന്‍റെ വെല്ലവിളി ബൈബിളിലെ ദൈവത്തിനെതിരെയല്ല, വികലമായ ദൈവശാസ്ത്രത്തിനെതിരെയുള്ളതാണ്. 

രക്ഷിക്കുന്ന ദൈവം

ഇഷ്ടമില്ലാത്തവ ചെയ്യുന്നവരുടെ മേല്‍ അനര്‍ത്ഥങ്ങള്‍ വരുത്തുന്ന പ്രതികാരദാഹിയായല്ല അനര്‍ത്ഥങ്ങളില്‍ നിപതിക്കുന്ന മനുഷ്യനോട് സഹതപിക്കുന്ന സ്നേഹവാനായാണ് ബൈബിള്‍ ദൈവത്തെ കാണിച്ചുതരുന്നത്. “നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പിന്‍; സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന് പുത്രന്മാരായിത്തിരേണ്ടതിനു തന്നെ; അവന്‍ ദുഷ്ടന്മാരുടെ മേലും നല്ലവരുടെ മേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെ മേലും നീതികെട്ടവരുടെ മേലും  മഴപെയ്യിക്കുകയും ചെയ്യുന്നുവല്ലോ” (മത്താ. 5:44-45). മനുഷ്യരുടെ കഷ്ടതകളില്‍ കൂടെയിരിക്കുന്നവനും അതു പരിഹരിക്കുന്നവനുമായാണ് യേശുക്രിസ്തുവിനെ നാം കാണുന്നത്. രോഗികളെ സൗഖ്യമാക്കുകയും വിശപ്പുള്ളവര്‍ക്ക് അപ്പം നല്‍കുകയും, പാപികളോട് ക്ഷമിക്കുകയും, കരയുന്നവരുടെ കണ്ണുനീര്‍ ഒപ്പുകയും ചെയ്ത ക്രിസ്തു ലോകത്തിനു  പരിചയപ്പെടുത്തിയ ദൈവം സ്നേഹവാനായ പിതാവാണ്. ദുരിതങ്ങളുമായി അവിടുത്തെ അടുക്കലേക്ക് വന്നവരെ കുറ്റപ്പെടുത്തുകയല്ല അവരോട് സഹതപിക്കുകയും അവരെ ആശ്വസിപ്പിക്കുയും വിടുവിക്കുകയുമാണ് അവിടുന്ന് ചെയ്തത്. 

ദൈവം ദുരന്തങ്ങളുടെ ഉത്തരവാദിയല്ല, അതിനെ പരിഹരിക്കുന്നവനാണ്. ഈ ദുരന്തഭൂമിയെ വാസയോഗ്യമായി നിലനിര്‍ത്തുന്ന പരിപാലകനാണ് ദൈവം. പ്രളയം വരുമ്പോഴും ഭൂമികുലുങ്ങുമ്പോഴും പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോഴും അവയുടെ കാരണക്കാരനായിട്ടല്ല അവ പരിഹരിക്കുന്നവനായിട്ടാണ് ബൈബിള്‍ ദൈവത്തെ കാണിച്ചുതരുന്നത്.  ദൈവം തിന്മയുടെ ഉപജ്ഞാതാവല്ല; സര്‍വ്വ നന്മകളുടെയും ഉറവിടമാണ്. പ്രളയത്തിന് ഉത്തരവാദികളുടെ കൂടെയല്ല പ്രളയത്തെ തടയുന്നവരുടെ കൂടെ, പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ജീവനര്‍പ്പിച്ചവരുടെ കൂടെയാണ് ദൈവം ഉള്ളത്. ദൈവം നന്മയുടെ ഭാഗത്താണ്; തിന്മയുടെ ഭാഗത്തല്ല. അതുകൊണ്ട് രക്ഷകനായ ദൈവത്തെക്കാള്‍ ശിക്ഷകനായ ഒരു ദൈവത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വ്യഗ്രത വിശ്വാസികളില്‍ നിന്നായാലും അവിശ്വാസികളില്‍ നിന്നായാലും അത് ബൈബിളിന്‍റെ ചിന്തയോട് പൊരുത്തപ്പെടുന്നില്ല. 

പ്രതികാരത്തിന്‍റെ ദൈവം!   

തെറ്റിന് ശിക്ഷയില്ലെന്നല്ല ഇതിനര്‍ത്ഥം. ദൈവം പ്രതികാരം ചെയ്യും എന്നത് ബൈബളില്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന ഒരു സത്യമാണ്. ക്രിസ്തീയവേദശാസ്ത്രത്തിന്‍റെ ഏറ്റവും പ്രൗഢമായ പ്രസ്താവനയായ റോമലേഖനത്തില്‍ പൗലോസ് അക്കാര്യം ഇങ്ങനെ എഴുതുന്നു:”അവന്‍ ഓരോരുത്തന് അവനവന്‍റെ പ്രവര്‍ത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവര്‍ത്തിക്കു വേണ്ടുന്ന സ്ഥിരതപൂണ്ട് തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്ക് നിത്യജീവനും ശാഠ്യംപൂണ്ട് സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്ക് കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യഹൂദനും പിന്നെ യവനനും വരും. നന്മ പ്രവര്‍ത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യഹൂദനും പിന്നെ യവനനും വരും. ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷമില്ലല്ലോ” (റോമ 2:6-10). 

ദൈവത്തിന്‍റെ പ്രതികാരം അഥവാ ദൈവകോപം എന്നത് നമ്മുടെ പ്രതികാരവാഞ്ചപോലെ തെറ്റുകാരനോടുള്ള അമര്‍ഷത്തിന്‍റെ പ്രകടനമല്ല; ദൈവനീതിയുടെ തനതായ സ്വഭാവമാണ്. നന്മയുടെ ഫലം നന്മയാണെന്നുള്ള സുസ്ഥിരമായ വ്യവസ്ഥപോലെ തിന്മയുടെ സുനിശ്ചിതമായ ഫലം നാശമാണ് എന്ന മാറ്റമില്ലാത്ത ദൈവവ്യവസ്ഥയാണ് ദൈവത്തിന്‍റെ പ്രതികാരം. ഭൗതീക കാര്യമായാലും മാനസിക കാര്യമായാലും ധാര്‍മ്മികകാര്യമായാലും ഇതാണ് ദൈവവ്യവസ്ഥ: മനുഷ്യന്‍ വിതക്കുന്നത് കൊയ്യും. നന്മ വിതച്ചാല്‍ നന്മ കൊയ്യും; തിന്മ വിതച്ചാല്‍ തിന്മ കൊയ്യും. അതിനു വിപരീതമായി നന്മ ചെയ്യുന്നവര്‍ക്ക് തിന്മയും തിന്മ ചെയ്യുന്നവര്‍ക്ക് തിന്മയുമെന്നായാല്‍ അത് അനീതിയാണ് എന്നു മാത്രമല്ല അത് ആര്‍ക്കും ഗുണകരവുമല്ല. മാനുഷികമായ എല്ലാ ശിക്ഷാനിയമങ്ങളെയും (ജലിമഹ ഇീറലെ) നിയന്ത്രിക്കുന്ന അടിസ്ഥാനനിയമവും ദൈവനീതിയില്‍ അടിസ്ഥാനപ്പെട്ട ഈ പ്രതികാര വ്യവസ്ഥിതിയാണ്. 

കുറ്റക്കാരെ ശിക്ഷിക്കുന്നത് ന്യായാധിപന്‍റെ അമര്‍ഷമോ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ അല്ല.,  നീതിയുടെ നിര്‍ബന്ധമാണ്. അതുപോലെ ദൈവത്തിന്‍റെ വ്യവസ്ഥകളെ അതിലംഘിക്കുന്നവര്‍ക്ക് നാശം വരുന്നതും ദൈവത്തിന്‍റെ വ്യക്തിപരമായ ഇഷ്ടമോ വിദ്വേഷമോ അല്ല, നീതിവ്യവസ്ഥയുടെ നടപ്പിലാകലാണ്. ദൈവത്തിന്‍റെ മുന്നറിയിപ്പുകളെ അവഗണിച്ച് സ്വയം നാശത്തിലേക്കു നിപതിക്കുന്ന മനുഷ്യനോടുള്ള ദൈവത്തിന്‍റെ ഭാവം അമര്‍ഷമല്ല. സഹതാപവും മഹാമനസ്കതയുമാണ്. ആ മഹാമനസ്കതയുടെ പരമമായ പ്രദര്‍ശനമാണ് പാപിയെ രക്ഷിക്കാന്‍ സ്വയം ശിക്ഷ ഏറ്റെടുത്ത ദൈവപുത്രന്‍റെ യാഗമരണം.

സഹായത്തിന്‍റെ കൈ

ദുരന്തങ്ങള്‍ സംഭവിച്ചാല്‍ അതിന്‍റെ കുറ്റം ആരുടെ മേല്‍ ചുമത്തും എന്നതാണ് മനുഷ്യന്‍റെ പൊതുവേയുള്ള ചിന്ത. എന്നാല്‍ പ്രശ്നത്തിന്‍റെ കാരണക്കാരെ തെരഞ്ഞ് ആരോപണ പ്രത്യാരോപണങ്ങളുമായി പരസ്പരം ഏറ്റുമുട്ടുകയല്ല പ്രശ്നത്തില്‍നിന്ന് കരകയറാന്‍ കഴിയുന്നതെല്ലാം ചെയ്യുകയാണ് വേണ്ടത്.          ദുരന്തങ്ങളുടെ കാരണങ്ങള്‍ തിരഞ്ഞുപോയാല്‍ സഹായിക്കാനുള്ള മനസ്സുപോലും ചിലപ്പോള്‍ ഇല്ലാതായേക്കാം. കഴിഞ്ഞ ദിവസം കണ്ട ഒരുസംഭവം തന്നെ ഉദാഹരണം. ബൈക്ക് മറിഞ്ഞ് ബോധരഹിതനായി റോഡിലേക്കു വീണ യുവാവിനെ  രക്ഷിക്കാന്‍ ആളുകള്‍ ഓടിക്കൂടി. മഹാമനസ്കതകാട്ടിയ ഒരാളുടെ കാറില്‍ കയറ്റി മെഡിക്കല്‍ കോളേജിലേക്ക് അതിശീഘ്രം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഒരാള്‍ക്കൊരു സംശയം: ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഗന്ധം പിടിച്ച് മറ്റൊരാള്‍ പറഞ്ഞു: നല്ല പൂസാ, വേറെ കുഴപ്പമൊന്നുമില്ല. അതുകേട്ടതൊടെ വന്നവരെല്ലാം പുറകോട്ടു വലിഞ്ഞു. അവനെ വണ്ടിയില്‍ കയറ്റി കുടുങ്ങിയ മഹാമനസ്കന്‍ അലറി: ڇഇറങ്ങടാ വണ്ടിയില്‍നിന്ന്.ڈ സാവധാനം സ്ഥലകാല ബോധം വന്ന യുവാവ് റോഡിലേക്ക് നിരങ്ങിയിറങ്ങി. അപകടമൊന്നും പറ്റാത്തത് അവന്‍റെ ഭാഗ്യം. കാരണം അപകടം മദ്യം നിമിത്തമെങ്കില്‍ മദ്യപന്‍റെ പുറകേ പോകാന്‍ മെനക്കെടുന്നവര്‍ ചുരുക്കമായിരിക്കും. 

അസ്ഥാനത്തുള്ള കാര്യകാരണ വിചാരം ദുരന്തബാധിതരോടുള്ള സഹതാപം പോലും ഇല്ലാതാക്കിയേക്കാം. എന്തുകൊണ്ട് എന്നതിന് മുമ്പ് ‘എന്തു ചെയ്യാന്‍ കഴിയും’ എന്നാണ് ചിന്തിക്കേണ്ടത്. യോഹ 9:1-7 ലെ സംഭവത്തിലൂടെ കര്‍ത്താവ് പഠിപ്പിച്ച ഒരു പാഠം അതാണ്. 

“അവര്‍ കടന്നുപോകുമ്പോള്‍ ജന്മനാ കുരുടനായൊരു മനുഷ്യനെ കണ്ടു. അവന്‍റെ ശിഷ്യന്മാര്‍ അവനോട്: റബ്ബീ, ഇവന്‍ കുരുടനായി പിറക്കത്തക്കവണ്ണം ആര്‍ പാപം ചെയ്തു? ഇവനോ ഇവന്‍റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു”

ശിഷ്യന്മാരുടെ ചോദ്യം തന്നെയാണ് പലപ്പോഴും നമ്മുടെയും ചോദ്യം. ആരുടെ പാപമാണ് ദുരന്തങ്ങള്‍ക്കു കാരണം? അന്ധതയുടെ ദൈവശാസ്ത്രകാരണം ചികയുന്ന ശിഷ്യന്മാര്‍ക്ക് കര്‍ത്താവ് നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്:  

“അവനെങ്കിലും അവന്‍റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല. ദൈവപ്രവര്‍ത്തി അവനില്‍ വെളിവാകേണ്ടതിനത്രേ.” 

തുടര്‍ന്ന് കര്‍ത്താവ് അവന് അത്ഭുതകരമായി കാഴ്ച നല്‍കി ദുരിതത്തിന് അറുതി വരുത്തി. പ്രശ്നം   എന്തുകൊണ്ട് എന്നതല്ല  എങ്ങനെ പരിഹരിക്കാം എന്നാണ് കര്‍ത്താവ് അന്വേഷിച്ചത്. അന്ധത വരുത്തിയതല്ല ദൈവപ്രവൃത്തി, അന്ധന് കാഴ്ചകൊടുക്കുന്നതാണ്. മരിപ്പിക്കുന്നതല്ല ദൈവപ്രവര്‍ത്തി;  ജീവിപ്പിക്കുന്നതാണ്. നശിപ്പിക്കുന്നതല്ല ദൈവപ്രവര്‍ത്തി; രക്ഷിക്കുന്നതാണ്. “മനുഷ്യപുത്രന്‍ വന്നത് മനുഷ്യരുടെ പ്രാണനെ നശിപ്പിക്കാനല്ല രക്ഷിക്കാനത്രേ” (ലൂക്കോ 9:56).

തിന്മകളുടെ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. വേദനിക്കുന്ന മനുഷ്യരാണ് നമുക്കു ചുറ്റുമുള്ളത്. വ്യക്തിജീവിതങ്ങളിലും, കുടുംബങ്ങളിലും, സമൂഹത്തിലും രോഗങ്ങളും ക്ഷാമങ്ങളും അനീതിയും അരക്ഷിതത്വവും അടക്കിവാഴുന്നതു കാണുമ്പോള്‍ ഉത്തരവാദികളെ തെരഞ്ഞു നടക്കുന്നതിന് മുമ്പ്, നമുക്കെങ്ങനെ ആശ്വാസത്തിന്‍റെ ഒരു കൈത്താങ്ങായിത്തീരുവാന്‍ കഴിയും എന്നു ചിന്തിക്കാം. ഒരു പ്രോത്സാഹന വാക്കായി, ഒരു സാമ്പത്തിക സഹായമായി, ഒരു സ്നേഹ സന്ദര്‍ശനമായി വേദനിക്കുന്ന ലോകത്തിന് നന്മയുടെ സ്പര്‍ശനമായിരിക്കാന്‍ നമുക്ക് കഴിയും. അപ്പോഴാണ് നാം ദൈവപക്ഷത്ത് നില്‍ക്കുന്നത്. 

പ്രകൃതി നിയമങ്ങള്‍

ദുരന്തങ്ങളുടെ ഉത്തരവാദിത്തം ദൈവത്തെ ഏല്‍പ്പിക്കുന്നതിനുമുമ്പ് അതിന്‍റെ ശാസ്ത്രീയകാരണങ്ങള്‍ പരിശോധിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. ഒരു കെട്ടിടം നിലംപതിച്ച് മനുഷ്യര്‍ മരിച്ചാല്‍ അത് ദൈവം തള്ളിയിട്ടതാണ് എന്നല്ലല്ലോ പറയേണ്ടത്. അതിന്‍റെ നിര്‍മ്മാണത്തിലെ പിഴവുകള്‍ അന്വേഷിക്കുകയാണ് വേണ്ടത്. ടൈറ്റാനിക്കിനെ ദൈവം മുക്കിക്കളഞ്ഞു എന്നല്ല അതു മഞ്ഞുമലയില്‍ തട്ടിത്തകര്‍ന്നുപോയി എന്നാണ് പറയേണ്ടത്. കപ്പലുകള്‍ മുക്കിക്കളയലല്ല ദൈവത്തിന്‍റെ പ്രവര്‍ത്തി, കപ്പലുകള്‍ മുങ്ങാതിരിക്കാനുള്ള പ്രകൃതിനിയമങ്ങളും ധാര്‍മ്മിക നിയമങ്ങളും കല്‍പ്പിച്ചുനല്‍കി മനുഷ്യജീവിതം സുസാധ്യമാക്കുകയാണ്. വാഹനാപകടങ്ങള്‍ വരുത്തുന്നവനല്ല ദൈവം, വാഹനനിര്‍മ്മാണം സാധ്യമക്കുന്ന ശാസ്ത്രനിയമങ്ങള്‍ സ്ഥാപിക്കുകയും മനുഷ്യന് ബുദ്ധിനല്‍കുകയും ചെയ്തവനാണ് ദൈവം. അതുകൊണ്ട് ഒരു ദുരന്തം സംഭവിച്ചാല്‍ അതിനി ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അതിലേക്ക് നയിച്ച സ്വാഭാവിക കാരണങ്ങളിലേക്കാണ് ശ്രദ്ധ തിരിക്കേണ്ടത്. 

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കേരളത്തില്‍ ചൊരിയിച്ച പെരുമഴവെള്ളത്തെ ഉള്‍ക്കൊള്ളാന്‍ നാം ഉണ്ടാക്കിയ ഡാമുകള്‍ക്കും നാം ഞെക്കിഞെരുക്കിയ നദിയോരങ്ങള്‍ക്കും കഴിയാത്തതു പ്രളയത്തിനു കാരണമായി എന്നതാണ് അതിന്‍റെ ശാസ്ത്രീയ ഉത്തരം. അതുപോലെ ഏതു പ്രകൃതിദുരന്തത്തിനു പിന്നിലും എന്തെങ്കിലും പ്രകൃതിജന്യ കാരണങ്ങള്‍ ഉണ്ടായിരിക്കും. വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് അതു വിശ്വാസിയുടേതായാലും അവിശ്വാസിയുടേതായാലും, ദൈവം വരുത്തിയതല്ല. അഭക്തന്‍റെ വാഹനം അപകടത്തില്‍ പെട്ടാല്‍ അത് ദൈവശിക്ഷ; അത് ഭക്തന്‍റെ വാഹനമാണെങ്കില്‍ വിശ്വാസത്തിന്‍റെ പരിശോധന എന്നൊക്കെ തരംതിരിക്കുന്നത് ബാലിശമായ ചിന്തകള്‍മാത്രം. എല്ലാ അപകടങ്ങളുടെയും പിന്നില്‍ ഡ്രൈവറുടെ അശ്രദ്ധയോ, വാഹനത്തിന്‍റെ തകരാറോ റോഡിന്‍റെ സ്ഥിതിയോ  എന്തെങ്കിലും കാരണം കാണും. അതന്വേഷിച്ച് കണ്ടെത്തുകയാണ് ഇനിയും അവ ആവര്‍ത്തിക്കാതിരിക്കാനും അവയില്‍ നിന്ന് രക്ഷപെടാനുമെല്ലാം ആവശ്യം. അല്ലാതെ ദൈവത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. 

ഈ ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിനിയമങ്ങള്‍ക്കനുസൃതമായി നടക്കും വിധമാണ് ദൈവം അതിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ വ്യവസ്ഥകളെ തിരിച്ചറിഞ്ഞ് അവയുടെ അപാരമായ സാധ്യതകളെ ചുഷണം ചെയ്യുന്നതാണ് എല്ലാ പുരോഗതികളുടെയും അടിസ്ഥാനം. അതേസമയം ദൈവസ്ഥാപിതമായ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതാണ് ദുരന്തങ്ങളായി പരിണമിക്കുന്നത്. ലോകത്തില്‍ നടക്കുന്ന പല മഹാദുരന്തങ്ങളും മനുഷ്യന്‍റെ സൃഷ്ടിയാണെന്നതാണ് വസ്തുത. പലതും പ്രകൃതിയുടെ പ്രവര്‍ത്തനരിതികളെ മനുഷ്യന്‍ മനസ്സിലാക്കുന്നതിലെ പരിമിതികളം കണക്കുകൂട്ടലുകളുടെ പിഴവുകളും നിമിത്തം സംഭവിക്കുന്നു (ഉദാ: അപകടങ്ങള്‍, രോഗങ്ങള്‍). മറ്റു പലതും മനുഷ്യന്‍റെ മനപ്പൂര്‍വ്വമായ സൃഷ്ടികളാണ്. മഹായുദ്ധങ്ങളുും ക്ഷാമങ്ങളും അക്രമങ്ങളുമെല്ലാം മനുഷ്യന്‍ മനുഷ്യനെതിരെ ആസൂത്രണം ചെയ്യുന്ന ദുരന്തങ്ങളാണ്. 

മനുഷ്യദുരന്തങ്ങള്‍ 

മനുഷ്യന്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ക്ക് ഒരുദാഹരണമാണ് ദാരിദ്ര്യം. ഭൂമിയിലെ സകല മനുഷ്യര്‍ക്കും സുഖസമൃദ്ധമായി ജീവിക്കാനുള്ള സമ്പത്ത് ഈ ലോകത്തുണ്ട്. എന്നാല്‍ അതിന്‍റെ തെറ്റായ ഉപയോഗവും നീതിരഹിതമായ വിതരണവുമാണ് ദാരിദ്ര്യത്തിന് കാരണം. യുദ്ധായുധങ്ങള്‍ക്കും സൈന്യസന്നാഹങ്ങള്‍ക്കും ഓരോ രാജ്യവും ചെലവഴിക്കുന്ന കോടാനുകോടികള്‍ മനുഷ്യക്ഷേമത്തിന് ഉപയോഗിച്ചാല്‍ ഈലോകം സാമ്പത്തികമായി ഒരു പറുദീസയാകുമെന്നതിന് സംശയമില്ല. എന്നാല്‍ മനുഷ്യന്‍റെ സ്വാര്‍ത്ഥതയും ഭിന്നതകളും അമിത ദേശീയതകളും അതു സമ്മതിക്കുകയില്ല. രാജ്യാതിര്‍ത്തികള്‍ക്കതീതമായി എല്ലാവരേയും സഹോദരീ സഹോദരന്മാരായി കണ്ട് നിസ്വാര്‍ത്ഥമായി സ്നേഹിക്കുവാന്‍ കഴിയാത്തതാണ് എല്ലാ സാമ്പത്തിക ദുരന്തങ്ങളുടെയും കാരണം. അതുപോലെ അനേക ദുരന്തങ്ങളെയും ഒഴിവാക്കാനുള്ള പ്രായോഗിക നടപടി ദൈവംവെച്ച പ്രകൃതിവ്യവസ്ഥകളെയും ധാര്‍മ്മിക വ്യവസ്ഥകളെയും അതിലംഘിക്കാതെ സൂക്ഷിക്കുക എന്നതാണ്. എന്നാല്‍ പാപഗ്രസ്തമായ ഈ ലോകത്തില്‍ പാപസ്വഭാവമുള്ള മനുഷ്യന് അതെത്രത്തോളം സാധ്യമാണ് എന്നത് വലിയൊരു ചോദ്യം തന്നെ.

അനേക ദുരന്തങ്ങളും മനുഷ്യസ്വഭാവം നന്നായാല്‍ ശരിയാക്കുവാന്‍ കഴിയുന്നവയാണ്. എന്നാല്‍ മറ്റനേക പ്രശ്നങ്ങള്‍ക്കും മനുഷ്യന് പരിഹാരമില്ലെന്നതാണ് സത്യം. മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടിയാല്‍ അണക്കെട്ടുപൊട്ടുമെന്ന മഹാഭീതി ഒഴിവാക്കാം. പ്ലാസ്റ്റിക് ഒഴിവാക്കിയാല്‍ മണ്ണിന്‍റെ ഫലപുഷ്ടി കുറച്ചൊക്കെ കാത്തുസുക്ഷിക്കാം. എന്നാല്‍ കൊടുങ്കാറ്റും പേമാരിയും അഗ്നിപര്‍വ്വതങ്ങളും സുനാമിയും ഭൂമികുലുക്കവുമെല്ലാം തടഞ്ഞുനിര്‍ത്തുവാന്‍ മനുഷ്യകരങ്ങള്‍ അശക്തമാണ്.  ഒന്നിനു പുറകേ ഒന്നെന്നവിധം മനുഷ്യനെ കടന്നാക്രമിക്കുന്ന കാന്‍സര്‍പോലുള്ള രോഗങ്ങളുടെ മുമ്പില്‍ മനുഷ്യന്‍ നിസ്സഹായനായി നില്‍ക്കുകയാണിന്നും. മനുഷ്യന്‍റെ യാതൊരു പരിശ്രമം കൊണ്ടും ശരിയാക്കാന്‍ കഴിയാത്തവിധം തകര്‍ച്ച ബാധിച്ച ഒരു ഭൂമിയാണിതെന്ന് നാം തിരിച്ചറിയണം. പരിസ്ഥിതിസംരക്ഷണംകൊണ്ടും രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ ശ്രമങ്ങള്‍കൊണ്ടും ഈ ഭൂമിയെ രക്ഷിക്കാമെന്ന് നാം വ്യാമോഹിക്കരുത്. രോഗങ്ങളെ പരമാവധി ചികത്സിക്കാമെങ്കിലും മരണത്തെ തടഞ്ഞുനിര്‍ത്തുവാന്‍ മനുഷ്യനാല്‍ അസാധ്യമായിരിക്കുന്നത് പോലെ, ദുരിതങ്ങളെ പരമാവധി തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കാമെങ്കിലും ഇതൊരു ദുരന്തഭൂമിയാണെന്ന് നാം മറക്കരുത്. മാത്രമല്ല ഒരു ദുരന്തം എല്ലവരേയും കാത്തുനില്‍ക്കുന്നുണ്ട്. 

ആരും ദുരന്തങ്ങള്‍ക്കതീതരല്ല.

 ഈ ദുരന്ത ലോകത്തില്‍ ജീവിക്കുന്നതിലെ വിവേകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വേദഭാഗമാണ് ലൂക്കോ 13:1-5. “ആ സമയത്ത് തന്നെ അവിടെ ഉണ്ടായിരുന്ന ചിലര്‍ പീലാത്തോസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലര്‍ത്തിയ വര്‍ത്തമാനം അവനോട് അറിയിച്ചു. അതിന് അവന്‍ ഉത്തരം പറഞ്ഞത്:  ആ ഗലീലക്കാര്‍ ഇത് അനുഭവിക്കയാല്‍ എല്ലാ ഗലീലക്കാരിലും പാപികള്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോട് പറയുന്നു. അല്ല  ശീലൊഹാമില്‍ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേര്‍ യെരൂശലേമില്‍ പാര്‍ക്കുന്ന സകല മനുഷ്യരിലും കുറ്റക്കാര്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നെ നശിച്ചു പോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.” മരണത്തിന്‍റെ നിഴല്‍വീണ ഈ ദുരന്തലോകത്തില്‍ ജീവിക്കുന്ന മനുഷ്യന്‍റെ ഏറ്റവും വിവേകപൂര്‍വ്വമായ  തീരുമാനം നിത്യജീവന്‍ നല്‍കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നതാണ് എന്ന് കര്‍ത്താവ് ഇവിടെ നമ്മെ പഠിപ്പിക്കുന്നു.   

ഈ ലോകത്തിന്‍റെ  ദുരന്തസാധ്യതകളിലേക്കാണ് ഒന്നാമതായി കര്‍ത്താവ് വിരല്‍ചൂണ്ടുന്നത്.   ദുരന്തങ്ങളുടെ പിടിയില്‍നിന്ന് ലോകത്തില്‍ ജീവിക്കുന്ന ആരും സ്വതന്ത്രരല്ല. സത്യത്തില്‍ ദുരന്തങ്ങള്‍  ആത്യന്തിക ദുരന്തമായ മരണത്തിലേക്കുള്ള വഴികള്‍ മാത്രമാണ്. എങ്ങനെ മരിച്ചാലും എത്രപേരൊടൊപ്പം മരിച്ചാലും ഒരു വ്യക്തിക്ക് ഒരു മരണമേയുള്ളു. അത് ശിലോഹാമിലെ ഗോപുരം വീണതുപോലെ അപകടങ്ങളാകാം; പിലാത്തോസിന്‍റെ നിഷ്ഠൂരതകള്‍പോലെ അന്യായങ്ങളാകാം. ഒരു പക്ഷ സ്വാഭാവിക മരണങ്ങളാകാം. അതില്‍ പാപിയെന്നോ വിശുദ്ധനെന്നോ വ്യത്യാസമില്ല. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ല. മരണം ആരെയും എവിടെയും ഏതുവിധേനയും കീഴ്പ്പെടുത്താം.  അതുകൊണ്ടു തന്നെ ദുരന്തങ്ങളില്‍പെടുന്നവരെ അവരുടെ നീതിയും അനീതിയും വെച്ചളക്കുന്നതില്‍ അര്‍ത്ഥമില്ല. ഇന്ന് അവരാണെങ്കില്‍ നാളെ ഞാനായിരിക്കാം. ജി. ശങ്കരക്കുറുപ്പിന്‍റെ വാക്കുകളില്‍: ഇന്നു ഞാന്‍, നാളെ നീ.

മാനസാന്തരപ്പെടുക

ദൂരന്തങ്ങളെ അതിജീവിക്കുവാനുള്ള സുനിശ്ചിതമായ മാര്‍ഗ്ഗം നിത്യജീവന്‍ നല്‍കുന്ന ദൈവത്തിങ്കലേക്ക് മാനസാന്തരപ്പെട്ടുതിരിയുക എന്നതാണ്. മാനസാന്തരപ്പെടുക എന്നാല്‍ പാപവഴികളെ ഉപേക്ഷിച്ച് ദൈവത്തിങ്കലേക്ക് തിരിയുക എന്നാണ്. മാനസാന്തരത്തിന്‍റെ നിഷേധാത്മകമായ വശമാണ് പാപജീവിതത്തെ വിട്ടുപേക്ഷിക്കല്‍. അതിന്‍റെ ക്രിയാത്മകവശമാണ് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കല്‍. ഒരുനാണയത്തിന്‍റെ രണ്ടു വശങ്ങള്‍ പോലെ ഈ രണ്ടു കാര്യങ്ങളും ചേര്‍ന്നതാണ് മാനസാന്തരം. ചുരുക്കത്തില്‍ മാനസാന്തരപ്പെടുക എന്നാല്‍ രക്ഷ പ്രാപിക്കുക എന്നാണ് അര്‍ത്ഥം. 

“അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങളെല്ലാവരും അങ്ങനെതന്നെ നശിച്ചുപോകും” എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം മാനസാന്തരപ്പെടുന്നവര്‍ ദുരന്തങ്ങളില്‍ അകപ്പെടുകയില്ല  എന്നല്ല, ദുരന്തങ്ങള്‍ അവരെ നിത്യനാശത്തിലേക്ക് നയിക്കുകയില്ല എന്നാണ്. സത്യത്തില്‍ ദുരന്തങ്ങളല്ല അതിന്‍റെ ഫലമായ മരണം ഒരുവനെ എവിടെ എത്തിക്കുന്നു എന്നതാണ് അതീവഗൗരവമേറിയ വിഷയം. മാനസാന്തരപ്പെടാത്ത ഒരു പാപിയെ സംബന്ധിച്ചിടത്തോളം മരണം മരണമാണ്. അതവര്‍ക്ക് നിത്യനാശത്തിലേക്കുള്ള തിരോധാനമാണ്. എന്നാല്‍ മാനസാന്തരപ്പെടുന്നവര്‍ക്ക്, അതായത് പാപവഴികളെ ഉപേക്ഷിച്ച് ദൈവത്തിങ്കലേക്ക് തിരിയുന്നവര്‍ക്ക് മരണം നിത്യജീവനിലേക്കുള്ള പ്രവേശനമാണ്.  നമ്മുടെ മരണവാതില്‍ എങ്ങോട്ടാണ് തുറക്കുന്നത് എന്ന് നിശ്ചയിക്കുന്നത് നാം മാനസാന്തരപ്പെട്ടവരാണോ അല്ലയോ എന്നതാണ്. മാനസാന്തരപ്പെട്ടര്‍ക്ക് മരണം ക്രിസ്തുവിനോടൊപ്പമുള്ള അനശ്വരജീവിതത്തിന്‍റെ നാന്ദിയാകുമ്പോള്‍  ക്രിസ്തുവിനെ തിരസ്കരിച്ചുള്ള മരണം നാശമാണ്. അതുകൊണ്ട് ഈ ദുരന്തലോകത്ത് ജീവിക്കാനുള്ള ഏറ്റവും നല്ല തയ്യാറെടുപ്പ് യേശുക്രിസ്തുവില്‍ വിശ്വസിച്ച് നിത്യജീവന്‍ ഉറപ്പാക്കുന്നതാണ്. 

മരണം നമ്മെ എത്തിപ്പിടിക്കുന്ന ദുരന്തവഴികള്‍ ഏതെന്ന് നമുക്കാര്‍ക്കും മുന്നമേ നിര്‍ണ്ണയിക്കാനാവുകയില്ല. അത് എപ്പോള്‍ സംഭവിക്കുമെന്നും നമുക്കറിയില്ല.  ഈ അജ്ഞത മുതലെടുത്താണ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കോടിക്കണക്കിനു രൂപ ലാഭമുണ്ടാക്കുന്നത്. എന്നാല്‍ മരിക്കുന്നവരുടെ അവകാശികള്‍ക്ക് കൊടുക്കാമെന്നേറ്റ പണത്തിന്‍റെ ഉറപ്പല്ലാതെ അവരാരും ജീവന് ഒരു ഉറപ്പും തരുന്നില്ലെന്നതാണ് വാസ്തവം. ദുരന്തസാധ്യതകളെ വരുമാനമാര്‍ഗ്ഗമാക്കുന്നൊരു  കച്ചവടമാഗ്ഗം മാത്രമണത്. എന്നാല്‍ ജീവന് ഉറപ്പ് നല്‍കുന്ന ലൈഫ് അഷ്വറന്‍സ് യേശുക്രിസ്തു മാത്രമാണ് നല്‍കുന്നത്.  ڇഎന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.ڈ മാനസാന്തരപ്പെടുന്നവര്‍ക്ക് ക്രിസ്തു തരുന്ന നിത്യജീവന്‍റെ ഈ ഉറപ്പാണ് ദുരന്തങ്ങളെ അഭിമുഖീകരിക്കുവാനുള്ള ക്രിസ്തുശിഷ്യരുടെ ധൈര്യം. 

അതുകൊണ്ട് ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന്‍റെ കാരണക്കാരെ തെരഞ്ഞ് നടക്കുന്നത് നമുക്ക് അവസാനിപ്പിച്ച് അതിന്‍റെ പരിഹാരത്തിന്‍റെ വശത്ത് നില്‍ക്കാന്‍ നമുക്ക് ശ്രമിക്കാം. അതാണ് ക്രിസ്തു നമുക്ക് കാണിച്ചു തന്ന വഴി. മാത്രമല്ല ദുരന്തങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മെയും എത്തിപ്പിടിക്കുമെന്നറിഞ്ഞ് മരണത്തിനതീതമായ നിത്യജിവിതം ഉറപ്പാക്കാന്‍ ക്രിസ്തുവിലേക്ക് തിരിയാം. “പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ “(റോമ 6:23).   

തിന്മയുടെ പ്രശ്നം 

ദുരന്തങ്ങളെ എങ്ങനെ നേരിടുമെന്നുള്ളത് ഒരു പ്രായോഗികപ്രശ്നം മാത്രമല്ല.  ആ യാഥാര്‍ത്ഥ്യത്തെ എങ്ങനെ വിശദീകരിക്കുമെന്ന താത്വിക പ്രശ്നവും അതീവഗൗരവമുള്ളതാണ്. മനുഷ്യന്‍റെ സുസ്ഥിതിക്ക് ദോഷകരമായ എല്ലാവിധ ദുരിതങ്ങള്‍ക്കുമുള്ള താത്വിക പദമാണ് തിന്മ (ല്ശഹ). അതില്‍ ഭൗതികദുരന്തങ്ങളും, സാമൂഹ്യദുരന്തങ്ങളും, ധാര്‍മ്മികദുരന്തങ്ങളും എല്ലാം അടങ്ങിയിരിക്കുന്നു. തിന്മ എന്ന ഈ യാഥാര്‍ത്ഥ്യത്തെ എങ്ങനെ വിശദീകരിക്കുമെന്നത് ദൈവവിശ്വാസികളുടെ മുമ്പിലുള്ള വലിയ പ്രശ്നങ്ങളിലൊന്നായാണ്   കണക്കാക്കപ്പെടുന്നത്. തിന്മയുടെ അത്യന്തിക ഉറവിടം എവിടെയാണ്? അതിന്‍റെ പരിഹാരം എന്ത്?  നിരീശ്വരചിന്തകര്‍ ദൈവവിശ്വാസികള്‍ക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളിയും ഇതുതന്നെയാണ്. 

മനുഷ്യന്‍റെ പരിശ്രമങ്ങള്‍ക്ക് തിന്മയെ പൂര്‍ണ്ണമായി പരിഹരിക്കാന്‍ പ്രായോഗികമായി  കഴിയാത്തതുപോലെ മനുഷ്യബുദ്ധിക്ക് തിന്മയെന്ന പ്രശ്നത്തെ പൂര്‍ണ്ണമായി വിശദീകരിക്കലും എളുപ്പമല്ല.    എങ്കിലും തിന്‍മയോടള്ള ക്രിസ്തീയ സമീപനമാണ് മറ്റു സമീപനങ്ങളേക്കാള്‍ സ്വീകാര്യം. തിന്മക്കുള്ള ഏറ്റവും നല്ല വിശദീകരണം അതാണെന്നു മാത്രമല്ല തിന്മയെ ക്രിയാത്മകമായി നേരിടാനും ബൈബിളന്‍റെ ചിന്താഗതി ഒരുവനെ ശക്തിപ്പെടുത്തുന്നു. 

ലോകത്തിന്‍റെ ഉത്തരങ്ങള്‍

പൗരസ്ത്യ മതദര്‍ശനങ്ങള്‍ തിന്‍മയെ ജീവിതത്തിന്‍റെ അനിവാര്യതയായി കാണുന്നവരാണ്. ജീവിതത്തിന്‍റെ സ്ഥായീഭാവമായ ദുഖത്തില്‍നിന്നുള്ള വിടുതല്‍ അവര്‍ക്ക് ജീവിതത്തില്‍നിന്നു തന്നെയുള്ള വിടുതലാണ്. ക്രിസ്തീയ വീക്ഷണത്തിലെ രക്ഷാപൂര്‍ണ്ണതയായ വൈയക്തിക നിത്യജീവിതത്തിന്‍റെ എതിര്‍ഭാവമാണ് ഫലത്തില്‍ പൗരസ്ത്യതയിലെ മോക്ഷം. സുഖദുഖങ്ങള്‍ക്കതീതമായ നിര്‍ഗുണ സ്ഥിതിയില്‍ ജീവിതംതന്നെ ഇല്ലാതാകുന്നതാണ് ജന്മബന്ധനങ്ങളില്‍നിന്ന് വിടുതല്‍ പ്രാപിക്കുന്ന ഒരു ഭക്തന്‍റെ ഭാഗധേയമായി അവര്‍ കണക്കാക്കുന്നത്. 

ദൈവനിഷേധ ചിന്താഗതി തിന്മയെ ഈ ലോകത്തിന്‍റെ സ്വതസിദ്ധമായ സ്വഭാവമായി കണക്കാക്കുന്നു. മനുഷ്യന്‍റെ പരിശ്രമംകൊണ്ട് അതെത്രമാത്രം     ഒഴിവാക്കാമോ അത്രയും ഒഴിവാക്കാമെന്നുമാത്രം. എന്നാല്‍ അവസാനം മരണമെന്ന ആത്യന്തികതിന്മക്കു കിഴടങ്ങാമെന്നല്ലാതെ അതില്‍നിന്നുള്ള വിമോചനം അസാധ്യമാണ്. ജീവിക്കുന്നിടത്തോളംകാലം പരമാവധി ആളുകള്‍ക്ക് പരമാവധി തിന്മ ഒഴിവാക്കി ജീവിക്കുന്നതിനുള്ള പരിശ്രമമാണ് അവരുടെ നോട്ടത്തില്‍ ഒരു നല്ല ജീവിതം. അതിലപ്പുറം ജീവിതത്തിനൊരു അര്‍ത്ഥവുമില്ല.  ചുരുക്കത്തില്‍ നിരീശ്വരന്‍റെ തിന്‍മയോടുള്ള പ്രായോഗിക സമീപനത്തിന്‍റെ സംഗ്രഹം ഇതാണ്:  തടയാന്‍ പറ്റുന്ന തിന്‍മയെ തടയുക, അല്ലാത്തവയെ സഹിക്കുക, ആത്യന്തികമായി തിന്മക്ക് അടിയറവു പറയുക.  

ഇവിടെ ഒരു കാര്യം വ്യക്തമാകുന്നു; തിന്‍മയുടെ പേരില്‍ ദൈവാസ്തിത്വത്തെ നിഷേധിച്ചാലും അതുകൊണ്ട്  തിന്മയെന്ന യാഥാര്‍ത്ഥ്യത്തില്‍നിന്ന് രക്ഷപെടുന്നില്ല. ദൈവം ഇല്ല എന്നു വിശ്വസിച്ചാലും തിന്മക്ക് അതുകൊണ്ട് കുറവൊന്നും വരുന്നില്ല. ചില ദൈവവീക്ഷണങ്ങള്‍ വ്യക്തിപരമായ അസഹിഷ്ണുതക്ക് കാരണമാകുന്നുവെന്നത് ശരിയാണ്. എന്നാല്‍ യഥാര്‍ത്ഥമായ ക്രിസ്തീയ ദൈവവീക്ഷണം യാതൊരു വിധ തിന്മയെയും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.  തടയാന്‍ പറ്റുന്നിടത്തോളം തടയുക, അല്ലാത്തവയെ പ്രയോജനപ്പെടുത്തുക, ആത്യന്തികമായി തിന്മയെ അതിജീവിക്കുക എന്ന ക്രിസ്തീയസമീപനമാണ് തിന്മയോടുള്ള നിരീശ്വര സമീപനത്തെക്കാള്‍ എന്തുകൊണ്ടും ശ്രേഷ്ഠം. 

തിന്മയെന്ന ശത്രു

ക്രിസ്തീയ വിക്ഷണത്തില്‍ തിന്മ മനുഷ്യജീവിതത്തിന്‍റെ അനിവാര്യതയല്ല. അത് മനുഷ്യ ജീവിതത്തിലേക്ക് നുഴഞ്ഞുകയറിയ ഒരു ശത്രുവാണ്. അതാണ് ഏദന്‍ തോട്ടത്തിന്‍റെ സന്ദേശം. ദൈവം നല്ലതായി സൃഷ്ടിച്ച ലോകത്തിലേക്ക് തിന്മ കടന്നു വന്ന ചരിത്രം. പൗലോസിന്‍റെ വാക്കുകളില്‍: ڇഇങ്ങനെ ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നുڈ (റോമ5:12). മനുഷ്യന്‍ ദൈവവ്യവസ്ഥയോട് മത്സരിച്ച് പാപവഴികളെ തെരഞ്ഞെടുത്തതാണ് ഈ ലോകത്തെ ഒരു ദുരന്തലോകമാക്കിയത്.  

തിന്മ ദൈവസൃഷ്ടിയാണ് എന്നല്ല ദൈവസൃഷ്ടിയുടെ അപജയം എന്നാണ് പറയേണ്ടത്. സെന്‍റ് അഗസ്റ്റിന്‍ ചൂണ്ടിക്കാട്ടിയതുപോലെ ഒരത്ഥത്തില്‍ എല്ലാ തിന്മകളും നന്മയുടെ അഭാവമാണ് . ആരോഗ്യത്തിന്‍റെ അഭാവമാണ് രോഗം. ആരോഗ്യമുള്ള മനുഷ്യനെയാണ് ദൈവം സൃഷ്ടിച്ചത്; എന്നാല്‍ ആ ആരോഗ്യത്തിന്‍റെ തിരോധാനമാണ് രോഗം. ധനമാണ് ദൈവം സൃഷ്ടിച്ചത്; അതില്ലാതാകുന്നതാണ് ദാരിദ്ര്യം. പ്രകൃതിയുടെ ക്രമമാണ് ദൈവം സൃഷ്ടിച്ചത്; ക്രമം ഇല്ലാതാകുന്നതാണ് പ്രകൃതിദുരന്തങ്ങള്‍. ജീവനാണ് സൃഷ്ടിച്ചത്; മരണം ജീവന്‍ ഇല്ലാതാകുന്നതാണ്. വെളിച്ചമാണ് സൃഷ്ടി; ഇരുട്ട് വെളിച്ചത്തിന്‍റെ അഭാവമാണ്. ഇരുട്ട് സത്യത്തില്‍ ഒന്നുമല്ലാത്തതിനാല്‍ അതിനെ സൃഷ്ടിക്കാന്‍ തന്നെ കഴിയുന്നതെങ്ങനെ? 

    എങ്കിലും ദൈവം എന്തുകൊണ്ട് തിന്മയെ അനുവദിച്ചു എന്നൊരു ചോദ്യം ന്യായമാണ്. വ്യക്തമായ ഉത്തരങ്ങള്‍ ലഭിക്കാത്ത ജീവിതത്തിന്‍റെ എല്ലാ മേഖലകളിലുമുള്ള അനേകമായ ചോദ്യങ്ങളുടെ കൂട്ടത്തിലാണ്  ഈ ചോദ്യത്തിന്‍റെയും സ്ഥാനം. എന്നാല്‍ സ്നേഹവാനും സര്‍വ്വശക്തനുമായ ഒരു ദൈവവും തിന്മയും ഒരുമിച്ചു നിലക്കുന്നതെങ്ങനെ എന്നതിനുത്തരം ദൈവമില്ല എന്നോ, തിന്‍മയില്ല എന്നോ ആയിരിക്കണമെന്നില്ല. നമുക്ക് ഉത്തരമില്ല എന്നതുകൊണ്ട് ഉത്തരമേയില്ല എന്നും വരുന്നില്ല. ദൈവാസ്തിത്വം അനിഷേധ്യമാണെങ്കില്‍, തിന്മ എന്തുകൊണ്ട് എന്നതിനുള്ള പൂര്‍ണ്ണമായ ഉത്തരം നമുക്കറിയില്ല എന്നതും ന്യായമായ ഒരുത്തരം തന്നെ. നമ്മുടെ അറിവിനതീതമായ എന്തോ കാരണങ്ങളാലാണ് ദൈവം തിന്മയെ അനുവദിച്ചത് എന്ന് ചിന്തിക്കുന്നത് څഎന്തുകൊണ്ട് തിന്മچ എന്നചോദ്യത്തിന് ഉത്തരമാകുന്നില്ല എങ്കിലും അത്  യുക്തിസഹമായ ഒരു മറുപടി തന്നെയാണ്.

തിന്മയുടെ ഉത്ഭവം

ക്രിസ്തീയവേദശാസ്ത്രപ്രകാരം മനുഷ്യന്‍റെ പാപമാണ് സകല തിന്മകളുടെയും മൂലകാരണം. മനുഷ്യരെ സ്വതന്ത്ര ഇച്ഛയുള്ള വ്യക്തികളായി സൃഷ്ടിച്ചതാണ് പാപത്തിന്‍റെ ആവിര്‍ഭാവത്തിന് കാരണം. ആ സാധ്യത ഒഴിവാക്കുക എന്നാല്‍ വ്യക്തിത്വത്തിന്‍റെ അനിവാര്യതയായ ഇച്ഛയുടെ സാധുതയെ ഒഴിവാക്കുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ ദുര്‍വിനിയോഗത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പിശാചിന്‍റെ ആവിര്‍ഭാവത്തിനു മേലും തിന്മയുടെ കാര്യത്തിലെന്നപോലെ ദുരൂഹതയുടെ മുടുപടമുണ്ടെന്നതാണ് വസ്തുത. മനുഷ്യനെ പാപത്തിലേക്ക് നയിച്ച കാരണം എന്തുതന്നെയായാലും, പ്രപഞ്ചത്തിന്‍റെയും മനുഷ്യജിവിതത്തിന്‍റെയും നിലനില്‍പ്പിനനിവാര്യമായ ദൈവവ്യവസ്ഥകളോടുള്ള മനുഷ്യന്‍റെ ധാര്‍മ്മികമായ മത്സരമാണ് സ്വാഭാവികമായും ഭൂമിയിലെ അരക്ഷിതത്വത്തിന് കാരണമായത്. 

പാപം ചെയുക വഴി മനുഷ്യന്‍ മരണവിധേയനായി എന്നു മാത്രമല്ല മനുഷ്യനുവേണ്ടി നിര്‍മ്മിക്കപ്പെട്ട പ്രപഞ്ചത്തിന്‍റെ ജീര്‍ണ്ണതയും അവിടെ ആരംഭിച്ചു. യാതൊരു മാനുഷിക പരിശ്രമത്തിനും യഥാസ്ഥാനപ്പെടുത്തുവാന്‍ കഴിയാത്തവിധം ഈ ലോകവും അതിലുള്ള സമസ്തവം നാശോന്മുഖമായിത്തീര്‍ന്നു. ജീര്‍ണ്ണതയും, രോഗങ്ങളും, മരണവും, ധാര്‍മ്മിക ദുരന്തങ്ങളും, പ്രകൃതി ദുരന്തങ്ങളുമെല്ലാം ആ നാശത്തിന്‍റെ ഭാഗമാണ്. ജരാനരകള്‍ ബാധിച്ച മനുഷ്യശരീരം പോലെ മരണാസന്നമാണ് നാം അധിവസിക്കുന്ന ഈ പ്രപഞ്ചം.

പ്രപഞ്ചത്തിന്‍റെ ഈ നാശത്തെപ്പറ്റി പത്രോസ് എഴുതി: ڇഇപ്പോഴത്തെ ആകാശവും ഭൂമിയും അതേവചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിക്കാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു… അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും. മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിലുളള പണികളും വെന്തുപോകയും ചെയ്യും. ഇങ്ങനെ ഇവയൊക്കെയും അഴിവാനുള്ളതാകയാല്‍… (2പത്രോ 3:7-11)  

ഈലോകം ഇങ്ങനെ നശിക്കുമെന്നത് ബൈബിളിന്‍റെ മാത്രം വീക്ഷണമല്ലെന്ന് നമുക്കറിയാം. ആധുനിക ശാസ്ത്രവും പ്രപഞ്ചത്തിന്  ഒരാരംഭമുണ്ടെന്നും അത് ക്രമാനുഗതമായി നശിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് വാദിക്കുന്നത്. അതുകൊണ്ട് ഈ പാപത്തിന്‍റെ പരിണിതഫലമായ സര്‍വ്വനാശത്തെ ആത്യന്തികമായി അതിജീവിക്കുക എന്നത് മനുഷ്യസാധ്യമല്ല. മരിക്കുന്നിടത്തോളം ജീവിക്കുവാന്‍ നാം ശ്രമിക്കുന്നതുപോലെ പൂര്‍ണ്ണമായി നശിക്കുന്നിടത്തോളം ഭൂമിയെ സംരക്ഷിച്ചു നിലനിര്‍ത്താനേ മനുഷ്യന് കഴിയൂ.  

തിന്മയുടെ പരിഹാരം 

എന്നാല്‍ ക്രിസ്തീയതയുടെ മഹത്വം ഈ നശിക്കുന്ന പ്രപഞ്ചത്തിന്‍റെ സ്ഥാനത്ത് ദൈവം ഒരു പുതിയ പ്രപഞ്ചം സൃഷ്ടിക്കുന്നു എന്നതാണ്. അതായത് പാപം ഗ്രസിച്ച ഈ പ്രപഞ്ചവും അതിലുള്ള സമസ്തവും ഇല്ലാതാകുമ്പോള്‍ പാപമില്ലാത്ത ഒരു പ്രപഞ്ചം ദൈവം ക്രിസ്തുവില്‍ സൃഷ്ടിക്കുന്നു എന്നാണ് ദൈവത്തിന്‍റെ സദ്വാര്‍ത്ത. പാപഗ്രസ്തമായ ഈ നശ്വരശരീരം മരിച്ച് അതിന്‍റെ സ്ഥാനത്ത് ദൈവം നമുക്ക് അനശ്വരമായ പുതിയ ശരീരം തരുന്നതുപോലെ ഈ നശ്വരമായ ലോകത്തിന്‍റെ സ്ഥാനത്ത് അനശ്വരമായ മറ്റൊരു ലോകം നിലവില്‍ വരും. ڇഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു. ഒന്നാമത്തെ ആകാശവും ഭൂമിയും കഴിഞ്ഞുപോയിڈ (വെളി 21:1). 

ആസന്നമായ വിനാശംമാത്രം ഭയപ്പെടുന്ന മനുഷ്യവര്‍ഗ്ഗത്തിന് പ്രതീക്ഷ നല്‍കുന്ന ഒരു സന്ദേശമുണ്ടെങ്കില്‍ അത് ക്രിസ്തീയ സന്ദേശം മാത്രമാണ്. ഈ നശിക്കുന്ന ലോകത്തിന്‍റെ സ്ഥാനത്ത് ദൈവം ഒരു പുതിയ ലോകം സൃഷ്ടിക്കുന്നു. അതിലേക്കുള്ള പ്രവേശനം എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു.   എന്നാല്‍ അതിന്‍റെ പൂര്‍ണ്ണമായ വെളിപ്പെടല്‍ ക്രിസ്തുവിന്‍റെ പ്രത്യക്ഷതയും അതോടൊപ്പമുള്ള ദൈവമക്കളുടെ തേജസ്സിന്‍റെ വെളിപ്പെടലുമാണ്. റോമാലേഖനത്തില്‍ പൗലോസ് ഇപ്രകാരം എഴുതുന്നു: ڇസൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍നിന്ന് വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കുമെന്നുള്ള ആശയോടെ മായക്കു കീഴ്പെട്ടിരിക്കുന്നു. മനപ്പൂര്‍വ്വമാായിട്ടല്ല. അതിനെ കീഴ്പ്പെടുത്തിയവന്‍റെ കല്‍പന നിമിത്തമത്രെڈ (റോമ 8:19-20).

ഈ പുതിയ ലോകത്തിന്‍റെ വിളംബരമാണ് ക്രിസ്തു നടത്തിയത്. ڇകാലം തികഞ്ഞു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ڈ (മക്കോ 1:15).  പാപത്തിന്‍റെ ശിക്ഷയായ മരണത്തിലേക്കു നയിക്കുന്ന ദുരന്തങ്ങളാല്‍ എന്നേക്കുമായി നശിച്ചുപോകുമായിരുന്ന നമുക്ക് പാപത്തിന് പരിഹാരം വരുത്തിയ ക്രിസ്തുവില്‍ വിശ്വസിച്ചു ദൈവത്തിന്‍റെ നിത്യരാജ്യത്തില്‍ എന്നേക്കും ജീവിക്കുവാന്‍ കഴിയും. ആ ദൈവരാജ്യത്തിന്‍റെ വെളിപ്പാടിനായാണ് ദൈവമക്കള്‍ പ്രത്യാശയോടെ കാത്തിരിക്കുന്നത്. അതുകൊണ്ടാണ് താല്കാലികമായ ഈ ലോകത്തിലെ കഷ്ടതകള്‍ സാരമില്ല എന്ന് ബൈബിള്‍ പഠിപ്പിക്കുന്നത്. ” നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്ന് എണ്ണുന്നു” (റോമ 8:18). ഗര്‍ഭിണി പ്രസവവേദനയിലെന്നപോലെ, ഈ ലോകത്തിന്‍റെ ദുഖങ്ങള്‍ക്കപ്പുറം ഒരു പുതുലോകത്തിന്‍റെ പ്രത്യക്ഷതയാണ് അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

തിന്മ എന്ന പ്രശ്നത്തിന് ഇത്രത്തോളം സമഗ്രവും പ്രത്യാശനിര്‍ഭരവുമായ മറ്റൊരു ഉത്തരമില്ല. എന്നാല്‍ ഈ ഉത്തരം ശരിയാണ് എന്നതിന്‍റെ  ഉറപ്പ് യേശുക്രിസ്തു എന്ന വ്യക്തിയാണ്.  ക്രിസ്തു ശരിയാണെങ്കില്‍ ക്രിസ്തീയ പ്രത്യാശയും ഉറപ്പുള്ളതാണ്. അതുകൊണ്ട് തിന്മയെ അഭിമുഖീകരിക്കുന്ന മനുഷ്യനോടള്ള  ആത്യന്തികചോദ്യം ഇതാണ്: യേശുക്രിസ്തുവിനെ ആര്‍ എന്നു പറയുന്നു?  യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് വിശ്വസിക്കുന്നെങ്കില്‍ ഭാവിയെസംബന്ധിച്ച് നമുക്ക് പ്രതീക്ഷക്കു വകയുണ്ട്. ഇല്ലെങ്കില്‍  നമ്മുടേതെന്നല്ല ആരുടെയും, ഈ പ്രപഞ്ചത്തിന്‍റെതന്നെയും ഭാവി ഒട്ടും ശുഭോദര്‍ക്കമല്ല.

Joseph Panachiyil
Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular