പാലായിൽ നിന്നുള്ള അരുംകൊലയുടെ വാർത്ത കേട്ട് മലയാളികൾ ഞെട്ടി. പരീക്ഷ എഴുതാൻ വന്ന ഒരു ഡിഗ്രി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരിക്കുന്നു. അതും കഴുത്തറത്തുള്ള ക്രൂരമായ കൊല. കൊന്നത് സഹപാഠി ആണെന്നും കൊലയ്ക്കുപിന്നിൽ പ്രണയത്തിന്റെ കഥ ഉണ്ടെന്നും കേൾക്കുമ്പോൾ ഞെട്ടൽ അസ്വസ്ഥതയ്ക്ക് വഴിമാറുന്നു. എന്തൊക്കെയാണ് ഈ നടക്കുന്നത്? എന്തുകൊണ്ടാണിത് നടക്കുന്നത്? പ്രണയമെന്നത് ജീവൻ കൊണ്ടൊരു കളിയാണോ? ചോദ്യങ്ങൾ ഒന്നിനുപുറകെ ഒന്നായി ഓടിയെത്തുന്നു.
ആവർത്തിക്കപ്പെടുന്ന ക്രൂരത
ഈ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്ന് നമുക്കറിയാം. ഈ വർഷം തന്നെ നിരവധി സമാന സംഭവങ്ങൾ രാജ്യത്ത് നടന്നിട്ടുണ്ട്. പ്രേമനൈരാശ്യവും നിരാസവും കൊല്ലാനുള്ള പ്രതികാര ചിന്തയിലേക്ക് നയിച്ച നിരവധി സംഭവങ്ങൾ മറ്റു പലയിടങ്ങളിലും നടന്നിട്ടുണ്ട്. 2016 ൽ അമേരിക്കയിൽ മാത്രം 14 പെൺകുട്ടികൾ ഇങ്ങനെ കൊല്ലപ്പെട്ടു.
ഒരു നിരാസത്തേക്കാൾ ഉൾക്കൊള്ളാനാകുന്നത് ഒരു അരുംകൊല ആണെന്ന് ചിന്തിക്കുന്ന പുരുഷന്മാർ വർദ്ധിച്ചു വരുന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ട കാര്യം തന്നെയാണ്. പുരുഷന്റെ പ്രണയാഭ്യർഥനയോ ലൈംഗിക മുന്നേറ്റങ്ങളോ നിഷേധിക്കാനോ നിരസിക്കാനോ സ്ത്രീക്ക് അവകാശമില്ല എന്ന് അവൻ തീരുമാനിക്കുന്നത് എങ്ങനെ?
“എന്റെ പ്രണയം നിരസിക്കാൻ നിനക്ക് അവകാശമില്ല; ഇനി നിഷേധിക്കാനാണ് ഭാവം എങ്കിൽ നീ വലിയ വില കൊടുക്കേണ്ടി വരും” എന്ന് പ്രഖ്യാപിക്കാൻ പുരുഷന് എന്താണ് അവകാശം?
എലിയട്ട് റോഡ്ജെറിന്റെ പ്രതികാരം
2014 മെയ് മാസം ഒരു വൈകുന്നേരം.കാലിഫോർണിയ യൂണിവേഴ്സിറ്റിക്ക് സമീപത്ത് ഒരു ചെറുപ്പക്കാരൻ ആറുപേരെ കൊല്ലുന്നു. 14 പേർക്ക് ഗുരുതരമായി പരിക്കേൽക്കുന്നു. അവസാനം അയാൾ തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്യുന്നു. വെടിവെച്ചും കത്തിക്കുത്ത് നടത്തിയും വാഹനം ഇടിപ്പിച്ചും ആണ് ഈ അക്രമങ്ങൾ നടത്തിയത്. 22 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അക്രമിയാണ് എലിയറ്റ് റോഡ്ജർ. സ്വന്തം അപ്പാർട്ട്മെന്റിൽ പതിയിരുന്ന് 3 പുരുഷന്മാരെ കുത്തിക്കൊന്നശേഷം സമീപത്തുള്ള ഒരു പാർട്ടി വേദിയിലേക്ക് പോയ അയാൾ അവിടെവച്ച് രണ്ട് സ്ത്രീകളെ വെടിവെച്ചു കൊന്നു. മറ്റൊരാളെ മാരകമായി പരിക്കേൽപ്പിച്ചു. പിന്നീട് വാഹനത്തിൽ സഞ്ചരിച്ച് തലങ്ങും വിലങ്ങും വെടിവെച്ചു. വാഹനം ഇടിപ്പിച്ച് ചിലരെ പരിക്കേൽപ്പിച്ചു. അവസാനം കീഴടക്കാൻ എത്തിയ പോലീസുമായുള്ള വെടിവെപ്പിൽ പരിക്കേറ്റ അയാൾ പോലീസിന്റെ പിടിയിൽ ആകുന്നതിനുമുമ്പ് തലയിലേക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു.
എന്നാൽ ഈ സംഭവം ശ്രദ്ധയാകർഷിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അക്രമത്തിന് ഏതാനും മിനിറ്റുകൾ മുമ്പ് റോഡ്ജെർ അപ്ലോഡ് ചെയ്ത യൂട്യൂബ് വീഡിയോയിൽ ഈ അരും കൊലകൾക്ക് പിന്നിലെ ചേതോവികാരം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. തികഞ്ഞ മാന്യനും വളരെ കേമനുമായ തന്നെ തടയുകയും അവഗണിക്കുകയും ചെയ്ത സമൂഹത്തോടുള്ള പ്രതികാരമായിരുന്നു എലിയറ്റിന്റെ ചെയ്തികൾ. തന്റെ ലൈംഗികമോഹങ്ങളോട് അനുകൂലമായി പ്രതികരിക്കാത്തതാണ് സ്ത്രീകളെ കൊല്ലാൻ കാരണം. തന്നെ തഴഞ്ഞ സ്ത്രീകളുടെ ഇഷ്ടക്കാരായി മാറിയതിൽ ഉള്ള അസൂയയാണ് പുരുഷ കൊലകളുടെ പിന്നിൽ.
“ഞാൻ ഒരു നല്ല കുട്ടിയാണ്, സമൂഹത്തിൽ നടക്കുന്ന ഇത്തരം സംഭവങ്ങളുടെ ഇരയാണ് ഞാൻ” റോഡ്ജർ വിലപിക്കുന്നു! പുരുഷന്റെ താൽപര്യങ്ങളെ അവഗണിക്കാനും നിരസിക്കാനും സ്ത്രീക്ക് അനുവാദം ഇല്ലെന്ന റോഡ്ജെറിന്റെ നിലപാട് തന്നെയാണ് പ്രണയനൈരാശ്യ കൊലകളുടെ എല്ലാം പിന്നിൽ.
തെറ്റിദ്ധരിക്കപ്പെട്ട സ്നേഹം
ഇത്തരം സംഭവങ്ങളുടെ കാരണം തെരയുമ്പോൾ ഒരു കാര്യം പകൽ പോലെ വ്യക്തമായി കാണാം. വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമായി സ്നേഹം മാറി എന്നുള്ളതാണത്. ആവശ്യപ്പെട്ടാൽ ഉടനെ ലഭിക്കുന്ന ഒരു ഉപഭോഗ വസ്തുവാണ് സ്നേഹം എന്ന് പലരും ധരിക്കുന്നു. ചോദിച്ചു വാങ്ങാനും നിർബന്ധം പിടിക്കാനും പറ്റും വിധം സ്നേഹം അവകാശമാണെന്ന് ചിലർ ചിന്തിക്കുന്നു. സ്നേഹം വെറും ഇഷ്ടം മാത്രമാണെന്നും അത് ആലോചനയോ അപഗ്രഥനമോ ആവശ്യമില്ലാത്ത ഒരു തോന്നൽ മാത്രമാണെന്നും കരുതുന്നവർ ധാരാളമുണ്ട്.
“പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു… ” എന്ന യൂസഫലി കേച്ചേരിയുടെ വരികൾ പോലെ ഊരും പേരുമില്ലാത്ത, വിവരണത്തിന് അസാധ്യമായ വിശകലനത്തിന് അതീതമായ ഒരു നൊമ്പരം മാത്രമായി മാറുന്ന സ്നേഹത്തെക്കുറിച്ചാണ് മിക്കവരും ചിന്തിക്കുന്നത്.
ഇപ്പറഞ്ഞതാണ് സ്നേഹം എങ്കിൽ അതിനോടുള്ള രൂക്ഷപ്രതികരണങ്ങൾ നമ്മെ ഒരുപാട് ആശ്ചര്യപ്പെടുത്തേണ്ടതില്ല. എന്നാൽ സ്നേഹം ഒരു തീരുമാനം ആണെന്നും അതിൽ വലിയൊരു അളവ് ത്യാഗം ആവശ്യമാണെന്നും തിരിച്ചറിയുമ്പോൾ, സ്നേഹം അതിന്റെ ശരിയായ ശ്രേണിയിലേക്ക് ഉയരുന്നു.സ്നേഹിക്കപ്പെടുന്നയാളുടെ ആത്യന്തിക നന്മയ്ക്കായി നിരുപാധികം ചെയ്യുന്ന കാര്യങ്ങളാണ് സ്നേഹത്തെ ഉദാത്തമാക്കുന്നത്. പ്രഥമ ദൃഷ്ടിയിൽത്തന്നെ ഉടലെടുക്കുന്ന കാമനകളെ പ്രണയം എന്ന് പേരിട്ട് മഹത്വവൽക്കരിക്കുമ്പോൾ യഥാർത്ഥ സ്നേഹം തമസ്കരിക്കപ്പെടുന്നു. കാമചോദിത അഭ്യർത്ഥനകൾ തിരിച്ചറിയാൻ കഴിയാതെ അതിനോട് അനുഭാവപൂർവ്വം പ്രതികരിക്കുന്ന പെൺകുട്ടികൾ സ്നേഹത്തെ വികലമാക്കുന്നു.
സ്നേഹം വളരെ വിലയുള്ള ഒന്നാണ്. ‘ വെറും സ്നേഹം’ എന്നൊന്നില്ല. ഗൗരവമായ ഒരു തീരുമാനമാണത്. ത്യാഗത്തിനുള്ള മനസ്സാണത്. ചെലവഴിക്കാനുള്ള തയ്യാറാകലാണത്. സ്നേഹം മനസ്സോടെ ആയിരിക്കണം. സ്നേഹം ചരടുകൾ ഇല്ലാത്തതാകണം. സ്വതന്ത്രമായ മനസ്സോടും ഭയരഹിതമായ ചിന്തയോടും കൂടെ സ്നേഹിക്കുമ്പോൾ ആണ് സ്നേഹം, സ്നേഹം ആകുന്നത്. സ്വാതന്ത്ര്യമാണ് സ്നേഹത്തെ ഉത്തമം ആക്കുന്നത്. സ്വീകരിക്കാനും നിരസിക്കാനും ഒരുപോലെ അനുവാദം തരുന്നുണ്ട് സ്നേഹം. ആ സ്വാതന്ത്ര്യമില്ലെങ്കിൽ സ്നേഹം ഒരു ബന്ധനമായി മാറും. മനുഷ്യരോടുള്ള ബന്ധം ആഗ്രഹിക്കുന്ന ദൈവം പോലും ആ ബന്ധം നിർബന്ധമാക്കിയിട്ടില്ല എന്നോർക്കണം സ്വതന്ത്ര ഇച്ഛയിൽ നിന്നുത്ഭവിക്കുന്ന സ്നേഹമാണ് ദൈവം മനുഷ്യനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് നടിക്കുന്ന നടീനടന്മാരെ പോലെയോ പ്രോഗ്രാം ചെയ്ത റോബോട്ടുകളെ പോലെയോ ഉള്ള മനുഷ്യരാകും ഭൂമിയിൽ ഉണ്ടാവുക!
വികലമായ പുരുഷ സങ്കല്പം
പുരുഷൻ ആര് എന്ന ചോദ്യത്തിന് ഇന്ന് സമൂഹം നൽകുന്ന തെറ്റായ ഉത്തരങ്ങളും ഇത്തരം സംഭവങ്ങളുടെ പിന്നിൽ സ്വാധീനം ചെലുത്തുന്നുണ്ട്.ആൺപെൺ വ്യത്യാസത്തെക്കുറിച്ചും ആൺകുട്ടികളുടെ മേൽക്കോയ്മയെക്കുറിച്ചും കുഞ്ഞുന്നാൾ മുതൽ തെറ്റായ ധാരണകളാണ് സമൂഹം നൽകുന്നത്.അനുജത്തിയുടെ പാവക്കുട്ടിയെ ബലാൽക്കാരേണ തട്ടിയെടുക്കാൻ അവകാശമുള്ള ചേട്ടൻ, ചോദിച്ചു വാങ്ങാനും കയ്യൂക്ക് കാണിക്കാനും അധികാരമുള്ള ചെറുക്കൻ, സങ്കടം വന്നാൽ കരയാൻ അവകാശമില്ലാത്ത ആണ് ! ഇതൊക്കെയാണ് ചെറുപ്പംമുതൽ ലഭിക്കുന്ന പുല്ലിംഗ സൂചനകൾ. വളരുന്നതിനനുസരിച്ച് ഉശിരും ഉഗ്രതയും കുറച്ചൊക്കെ കയ്യൂക്കും കാണിച്ചില്ലെങ്കിൽ പുരുഷത്വത്തിനു എന്തോ കുഴപ്പം ഉണ്ട് എന്ന് കരുതിപ്പോകുന്നു. മയമുള്ള പ്രതികരണങ്ങൾ സ്ത്രീസഹജമായി വിശേഷിപ്പിക്കപ്പെടുന്നു. ആവശ്യമുള്ളത് നേടിയെടുക്കാനും സേവനങ്ങൾ ചോദിച്ചു വാങ്ങാനും പുരുഷനെ സമൂഹം നിർബന്ധിക്കുന്നു.
ശക്തവും പ്രതികാരവാഞ്ഛയുള്ളതും കോപിഷ്ഠവുമായ പ്രതികരണമാണ് പുരുഷന് ഇണങ്ങുന്നത് എന്ന് സമൂഹം കരുതി പോകുന്നു. സിനിമകൾ പോലുള്ള പോപ്പുലർ മാധ്യമങ്ങളിൽ സ്ത്രീവിരുദ്ധതയും പുരുഷമേധാവിത്വവും വിറ്റ് കാശാക്കുന്നു. സ്ത്രീയെ അധിക്ഷേപസ്വരത്തിൽ വിളിക്കുന്നതും ലൈംഗിക ചുവയോടെ അവളോട് സംസാരിക്കുന്നതും പുരുഷനെ എതിർത്താൽ പാഠം പഠിപ്പിക്കും എന്ന് ഭീഷണി മുഴക്കുന്നതും ഇപ്പോഴും നായകന്മാർക്ക് ചേരുന്ന ‘ഗുണങ്ങൾ’ തന്നെയാണ്!
ഇതിന്റെ ഫലമായി പുരുഷത്വത്തെക്കുറിച്ച് വികലവും അപക്വവുമായ ധാരണകൾ ചെറുപ്പക്കാരിൽ ഉറയ്ക്കുന്നു. ചിലരിൽ അത് വിഷലിപ്തമായ ഒരു പുരുഷത്വം(Toxic Masculinity) ആയി പരിണമിക്കുന്നു. അത്തരം വിഷമയമായ പുരുഷ രൂപങ്ങളാണ് ദാരുണമായ ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ ഉള്ളത്. അടപടലം പുരുഷമേധാവിത്ത ധാരണകൾ പുലർത്തുന്ന ഇന്നിന്റെ പൊതു ചിന്തകൾ ഇത്തരക്കാർക്ക് ശക്തിപകരുന്നു.
‘തേപ്പിന് ഇരയായാൽ പിന്നെ തേച്ചവളെ വെച്ചേക്കില്ല, അല്ലെങ്കിൽ പിന്നെ ഞാനൊരു ആണെന്ന് പറഞ്ഞു നടന്നിട്ടെന്ത് കാര്യം’ എന്ന മട്ടിലാണ് വിഷലിപ്ത പുരുഷ ചിന്തകൾ പോകുന്നത്.
ജുഡീഷ്യൽ ഓഫീസർമാർക്കായി നടന്ന ഒരു ശില്പശാലയെക്കുറിച്ചുള്ള റിപ്പോർട്ട് ഇത്തരുണത്തിൽ ശ്രദ്ധേയമായി തോന്നുന്നു. ഗാർഹിക അന്തരീക്ഷത്തിൽ തർക്കത്തിന്റെ ഭാഗമായി ഭർത്താവ് ഭാര്യയെ ഒന്ന് തല്ലിയാൽ തെറ്റുണ്ടോ എന്ന് ചോദിച്ചപ്പോൾ 64 ശതമാനം പേരും തെറ്റില്ല എന്ന് മറുപടി നൽകിയത്രേ! ഗാർഹികപീഡനം അടക്കമുള്ള കേസുകളിൽ വിചാരണ നടത്തി വിധി പറയേണ്ട ന്യായാധിപരാണ് ഇത്തരം ഉത്തരം നൽകിയതെന്നത് വിസ്മരിക്കരുത്.
തിരിച്ചറിവിലേക്ക്
സ്നേഹത്തിന്റെ പേരിൽ സ്നേഹരഹിതമായ ക്രൂരതകൾ അരങ്ങേറുന്നത് അത്യന്തം സ്തോഭജനകമാണ്. ഇതിന് പരിഹാരം ഉണ്ടാകണമെങ്കിൽ പുരുഷത്വത്തെക്കുറിച്ചും സ്ത്രീത്വത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ഉള്ള വികലമായ ധാരണകളുടെ ബന്ധനത്തിൽ നിന്നും നാം പുറത്തുവരണം. ക്യാമ്പസുകളിൽ മൊട്ടിടുന്ന പ്രണയങ്ങളുടെ ആഴമില്ലായ്മയും ആപത്തും തിരിച്ചറിഞ്ഞ് ഒഴിഞ്ഞുനിൽക്കാൻ യുവതയ്ക്ക് ആവണം. വെറുതെ ഒന്ന് പ്രണയിച്ചാൽ കുഴപ്പമൊന്നുമില്ലല്ലോ എന്ന ചോദ്യം അത്ര നിഷ്കളങ്കമല്ല എന്ന് തിരിച്ചറിയണം. നിരാസങ്ങളെയും തിരസ്കരണങ്ങളെയും ഉൾക്കൊള്ളാൻ കാമ്പുള്ളവരായി മക്കൾ വളരണം. എല്ലായിടത്തും യെസ് എന്ന് ഉത്തരം കിട്ടും എന്ന് കരുതുന്നത് മൗഢ്യമാണെന്ന് ബോധ്യപ്പെടണം.
ഇനിയും സ്നേഹത്തിന്റെ പേരിൽ വെറുപ്പിന്റെ രക്തച്ചൊരിച്ചിൽ ഉണ്ടാകാതിരിക്കട്ടെ.
PCB🌸🎉